അദ്ധ്യായം 18
'എസ്തപ്പാന്‍ സാര്‍ ഷോട്ട് റെഡിയായി....'
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്നറിയിച്ചു. മേക്കപ്പുകഴിഞ്ഞ് ഷോട്ടിനായി കാത്തിരിക്കുകയായിരുന്നു എസ്തപ്പാന്‍.
മൂന്നാര്‍ മലനിരകളിലെ ഉച്ചതിരിഞ്ഞ സമയം. മലയാളസിനിമയിലെ പ്രശസ്ത സംവിധായകന്‍ മനു സുന്ദറിന്റെ സിനിമയുടെ ഗാനചിത്രീകരണമാണ് പശ്ചാത്തലം. എസ്തപ്പാനും നായികയും തമ്മിലുള്ള റെമാന്റിക് പാട്ടുസീനാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.
സിനിമയിലെ പ്രധാന സിറ്റുവേഷന്‍ സോങ്ങാണിത്. ഇതുകൂടാതെ നാലുഗാനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗാനരചന കൈതവനം വിഷ്ണുവാണ്. സംഗീതം ബോംബെ ദാസ്.... സിനിമാരംഗത്തെ ഹിറ്റ് മേക്കര്‍മാരാണ്.... മനു സുന്ദറിന്റെ മിക്ക സിനിമകളിലും ഈ ജോടികളാണ് ഗാനരംഗം കൈകാര്യം ചെയ്യുന്നത്. അല്ലെങ്കിലും മനുസുന്ദറിന്റെ സിനിമയിലെ ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ഹിറ്റുകളും ഓഡിയോ വിപണിയില്‍ ബെസ്റ്റ് സെല്ലറുകളുമാണ്.
എസ്തപ്പാന്‍ ഫൈനല്‍ ടച്ച് നടത്തി റെഡിയായി എഴുന്നേറ്റു. യൂണിറ്റ് റെഡിയായി. കോറിയോഗ്രാഫര്‍ സപ്പോര്‍ട്ടിംഗ് ഡാന്‍സേഴ്‌സിന് പ്രാക്ടീസ് നല്‍കുകയായിരുന്നു. നായിക നീനാകുമാരി വെട്ടിത്തിളങ്ങുന്ന കോസ്റ്റിയൂംസില്‍ റെഡിയായിരിക്കുന്നു.
'എസ്തപ്പാന്‍ റെഡിയല്ലേ...' മനു സുന്ദര്‍ ചോദിച്ചു. 'ഓകെ...അയാം റെഡി....' എസ്തപ്പാന്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. 'മാസ്റ്റര്‍ എസ്തപ്പാന് സ്റ്റെപ്പ് പറഞ്ഞുകൊടുക്കൂ....' മനു സുന്ദര്‍ കോറിയോഗ്രാഫര്‍ കൃപയ്ക്ക് നിര്‍ദ്ദേശംകൊടുത്തു.
കൃപ മാസ്റ്റര്‍ നീനാകുമാരിക്കും എസ്തപ്പാനും കോമ്പിനേഷന്‍ ഷോട്ടിന്റെ സ്‌റ്റെപ്പുകള്‍ പറഞ്ഞുകൊടുത്തു....
'സാര്‍.... റെഡിയല്ലേ....ഓക്കെ...'
'യെസ് മാസറ്റര്‍' എസ്തപ്പാന്‍ ചുറുചുറുക്കോടെ മറുപടി പറഞ്ഞു. 'നീന മാഡം.... ഓക്കെയല്ലേ.' കൃപ മാസറ്റര്‍ തിരക്ക്.
'ഓക്കെ ഞാന്‍ റെഡി...' നീനാ കുമാരി പുഞ്ചിരിയോടെ പറഞ്ഞു.
'ശരി നമുക്ക് ഗ്രൂപ്പിലൊന്നു പ്രാക്ടീസ് ചെയ്യാം. ഓക്കെ.... ഗ്രൂപ്പ് റെഡി.... വണ്‍ ടൂ ത്രീ ഫോര്‍, വണ്‍ ടൂ ത്രീ ഫോര്‍, വണ്‍ ടൂ.... ത്രീ ഫോര്‍....' മാസ്റ്റര്‍ കൈയ്യില്‍ താളം ചേര്‍ത്ത് നൃത്തരംഗത്തിന്റെ സ്‌റ്റെപ്പുകള്‍ ക്രമപ്പെടുത്തി....
'ഓക്കെ സാര്‍ റെഡി....' കൃപ മാസറ്റര്‍ മനു സുന്ദറിനോടായി പറഞ്ഞു.
'ഓക്കെ....' മനു സുന്ദര്‍ റെഡിയായി സ്‌ക്രിപ്റ്റ് കൈയ്യിലെടുത്തു ക്യാമറയ്ക്ക് പിന്നിലെത്തി. ക്യാമറയിലൂടെ ഫ്രെയിം നോക്കി ക്രമീകരിച്ചു. ക്യാമറമാന്‍ രഞ്ജന്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.
'ഓക്കെ ഫീല്‍ഡ് ക്ലിയര്‍....'
ഫ്രെയിമിലുണ്ടായിരുന്ന ആര്‍ട് ഡയറക്ടറും കൂട്ടാളികളും മേയ്ക്കപ്പ്മാനും ലൈറ്റ് ബോയിസും മറ്റും ഫീല്‍ഡില്‍ നിന്ന് മാറിനിന്നു.
'ക്യാമറ ഓക്കെയല്ലേ....' മനു സുന്ദര്‍ ക്യാമറാമാനോട് ചോദിച്ചു.
'ക്യാമറ റെഡി...' ക്യാമറമാന്‍ രഞ്ജന്‍ അറിയിച്ചു.
'ലൈറ്റ്‌സ്....'
ലൈറ്റുകളെല്ലാം കണ്‍തുറന്നു. പാല്‍നിലാവുപോലെ പ്രകാശം പരന്നൊഴുകി.... റിഫഌക്ടറുകള്‍ പ്രകാശപൂരിതമായി....
'സിച്ച് ഓണ്‍ ഫാന്‍....'
ഫ്രെയിമില്‍ ക്രമീകരിച്ചിരുന്ന ഫാനുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി.... തൂക്കിയിട്ടിരുന്ന റിബണുകള്‍ കാറ്റിലിളകി....
ബലൂണുകള്‍ പല വര്‍ണ്ണജാലങ്ങളായി പറന്നുയര്‍ന്നു.
'സ്റ്റാര്‍ട്ട് ക്യാമറ....' ക്യാമറകള്‍ കണ്‍തുറന്നു ചലിച്ചു....
'ഓക്കെ പ്ലേ സോങ്ങ്....' മധുരമായ സംഗീതം റിക്കോര്‍ഡറിലൂടെ സെറ്റില്‍ മുഴങ്ങിത്തുടങ്ങി....
'റെഡി ക്ലാപ്പ്....'
'ആക്ഷന്‍.....' മനു സുന്ദര്‍ പ്രഖ്യാപിച്ചു.
എസ്തപ്പാനും നായികയും മനോഹരമായ ആ ലൗസോങ്ങിന്റെ താളാനുസൃതം ചുവടുവച്ചു. ക്യാമറകള്‍ അവര്‍ക്കു ചുറ്റിലുമായി സഞ്ചരിച്ചു തുടങ്ങിയിരുന്നു.... ക്ലോസപ്പ് ഷോട്ടുകളും ലോങ്ങ് ഷോര്‍ട്ടുകളും ക്യാമറയിലെ ഫിലിമില്‍ വര്‍ണ്ണമുദ്രകളായി....
********* ******* ******** ******* ****** ****** ****** ******
രാത്രി സമയം പത്തുമണി. പകലത്തെ ഷൂട്ടിംഗ് തിരക്കു കഴിഞ്ഞ് വിശ്രമത്തിലായിരുന്നു എസ്തപ്പാന്‍. വൈകുന്നേരത്തെ ആഹാരം കഴിഞ്ഞ് ഡയറക്ടറുമായി ഡിസ്‌കഷനിലിരിക്കുമ്പോഴായിരുന്നു എസ്തപ്പാന് ഫോണ്‍ കോള്‍ വന്നത്.
എസ്തപ്പാന്‍ ഡയറക്ടറോട് അനുവാദം വാങ്ങി കോഡ്‌ലസ് ഫോണുമായി സിമ്മിംഗ് പൂളിന്റെ മറുവശത്തേയ്ക്ക് നീങ്ങി.... ഡയറക്ടറും സ്‌ക്രിപ്റ്റ് റൈറ്ററും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചര്‍ച്ച തുടരുന്നു....
'ഹലോ..... എസ്തപ്പാന്‍ സ്പീക്കിംഗ്....'
'ഹലോ എസ്തപ്പാന്‍ ചേട്ടാ.... കെല്‍സിയാ....'
'ഹലോ കെല്‍സി.... എന്തൊക്കെയുണ്ട് അമേരിക്കേല് വിശേഷം.....'
'എസ്തപ്പാന്‍ ചേട്ടന്‍ എവിടെയാ....? തിരക്കിലായിരുന്നോ?' കെല്‍സി തിരക്കി.
'ഓ..... ഇല്ലില്ല..... ഞാനും മനു സുന്ദര്‍സാറും കൂടി ഹോട്ടലിന്റെ ലോണിലിരിക്കുകയായിരുന്നു. ചില ഡിസക്ഷനിലായിരുന്നു.... സാരമില്ല....'
'ശരി.... ഞാന്‍ ഒരു കാര്യം പറയാനാണ് വിളിച്ചത്....' കെല്‍സി തുടങ്ങിവച്ചു....
'എന്താ കെല്‍സി കാര്യം പറഞ്ഞോളൂ....'
'ഞങ്ങള്‍ തിരിച്ച് കേരളത്തിലേയ്ക്ക് വരികയാണ്....'
'ആര് അജിത്തും കെല്‍സിയുമോ....?'
'അല്ല എസ്തപ്പാന്‍ചേട്ടാ.... ഞാനും പിള്ളേരും മാത്രം....' കെല്‍സി പ്രതിവചിച്ചു.
'ഇങ്ങനെയൊരു തീരുമാനം....?' എസ്തപ്പാന്‍ സംശയം ഉന്നയിച്ചു.
'അത് എസ്തപ്പാന്‍ ചേട്ടനറിയാവുന്നതുപോലെ ഞാനും അജിയും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ ഈ ഒരു അവസ്ഥയോളം എത്തി. ഞാനേതായാലും കുട്ടികളോടൊപ്പം നാട്ടിലേയ്ക്ക് വരാന്‍ തീരുമാനിച്ചു. കൂടാതെ തുടര്‍ന്ന് സിനിമയില്‍ സജീവമാകാനുമാണ് തീരുമാനം. അജിത്ത് ജോലിയുമായി അമേരിക്കയില്‍ നില്‍ക്കുന്നു.'
'എന്താ രണ്ടുപേരും രണ്ടുവഴിക്കായി ജീവിക്കാനാണോ നിശ്ചയിച്ചിരിക്കുന്നത്?' എസ്തപ്പാന്‍ ശബ്ദം താഴ്ത്തി അന്വേഷിച്ചു.
'തല്ക്കാലം അങ്ങിനെതന്നെ.... പിന്നെ ഞാനീ സംഭവങ്ങള്‍ ആരോടും പറയുന്നില്ല.... എസ്തപ്പാന്‍ ചേട്ടനും സരളാന്റിയും എന്റെ വീട്ടുകാരും മാത്രമേ യഥാര്‍ത്ഥകാര്യങ്ങള്‍ അറിയുന്നുള്ളൂ.... ബാക്കി എല്ലാവരോടും സിനിമയില്‍ അഭിനയിക്കാനാണ് വരുന്നതെന്ന് പറയാനാണ് നിശ്ചയിച്ചിരിക്കുന്നത്.' കെല്‍സി പറഞ്ഞു.
'അതു ശരി.... അപ്പോള്‍ അജിത്ത് വഴി ഇത് പുറത്തറിയില്ലേ?' എസ്തപ്പാന്‍ കെല്‍സിയോട് തന്റെ ആശങ്ക അറിയിച്ചു.
'ഇല്ല.... അജിത്ത് അതിനിപ്പോള്‍ മുതിരുമെന്നു തോന്നുന്നില്ല. കാരണം കുട്ടികള്‍ എന്റെ ഒപ്പമാണല്ലോ ഉണ്ടാവുക. അതിനാല്‍ എനിക്ക് വിരോധമായി ഒന്നും പ്രവര്‍ത്തിക്കുകയില്ലെന്ന് ഞാന്‍ ചിന്തിക്കുന്നു' കെല്‍സി വിശദീകരിച്ചു.
'ങ്ങാ.... അതേതായാലും നന്നായി.... എന്നത്തേയ്ക്കാണ് വരുന്നത്.... വരുമ്പോള്‍ അറിയിക്കേണം കേട്ടോ.... ഞാന്‍ പിക്ക് ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം....'
'തീര്‍ച്ചയായും. ഏതായാലും ഒരു മാസത്തെ സാവകാശം വേണ്ടിവരും. എല്ലാം ഒന്നു റെഡിയാക്കി യാത്ര തിരിക്കേണ്ടതുണ്ടല്ലോ? കുട്ടികളും കൂടെയുണ്ട്. തനിയെ ഫഌയിറ്റു കയറി വരികയും വേണമല്ലോ?' കെല്‍സിയില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ന്നു.
ഏതായാലും കെല്‍സി; മുറപോലെ കാര്യങ്ങള്‍ നടക്കട്ടെ.... വിഷമിക്കേണ്ടതില്ല.... എല്ലാം നല്ലതിനാണെന്നു കരുതിയാമതി.... ധൈര്യമായിരിക്ക്.... പിന്നെ ഫീല്‍ഡിലെ കാര്യങ്ങള്‍ അതിന് ഞങ്ങളൊക്കെയില്ലേ; എല്ലാം വേണ്ടതുപോലെ ക്രമീകരിക്കാം.... താന്‍ ധൈര്യമായിട്ട് പോന്നോളൂ.... ഞാനല്ലേ പറയുന്നത്....' എസ്തപ്പാന്‍ കെല്‍സിക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നു നല്‍കി.
ങാ.... അതുമതി....വളരെ നന്ദിയുണ്ട്..... നിങ്ങളൊക്കെയുള്ളതാണ് എന്റേയും ധൈര്യം. എല്ലാം നന്നായി വരുമെന്ന് ഞാനും കരുതുന്നു. ഈശ്വരന്‍ തുണ....' കെല്‍സി സ്വയം ആശ്വസിച്ചു. അവര്‍ അങ്ങനൈ ഫോണില്‍ സംസാരം തുടര്‍ന്നു.
****** ****** ******* ****** ******* ****** ****** ******* *******
അജിത്തിനെ സംബന്ധിച്ച് യാതൊരു ആശങ്കയും ഇല്ലായിരുന്നു. ഒരു വലിയ പ്രശ്‌നത്തില്‍നിന്ന് നിസാരമായി തലയൂരിയ അനുഭവം. ഉത്തരം കിട്ടാതിരുന്ന ഒരു സമസ്യക്ക് പെട്ടൊന്നൊരുദിനം ഉത്തരംകിട്ടി എന്നൊരു അവസ്ഥ!
കെല്‍സി ഏതായാലും അവളുടെ നാട്ടിലേയ്ക്ക് പോകട്ടെ. തനിക്ക് തന്റെ ജോലികളുമായി സ്വതന്ത്രമായി ജീവിക്കാം. ആരേയും ബോധിപ്പിക്കേണ്ടതുമില്ല. മേലില്‍ ആരുടെയും പരിഹാസങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മുഖം കൊടുക്കേണ്ടതില്ല, എന്തൊരു സുഖം....
തനിക്കിനി തന്റെതന്നെ വ്യക്തിത്വത്തില്‍ കഴിയാം, കെല്‍സി നാട്ടിലേയ്ക്കു പോയികഴിഞ്ഞാല്‍പിന്നെ ഇവിടെ ആരും അവളെപ്പറ്റി തന്നോട് അന്വേഷിക്കാന്‍ വരില്ല. ഒറ്റയ്ക്ക് എതിലെയും സഞ്ചരിച്ചാലും ഏതു പാര്‍ട്ടിക്കും ഏതു ഗെറ്റ് റ്റു ഗതറിനും പങ്കെടുത്താലും ആരും ഇനിമേലില്‍ തന്നോട് വിശദീകരണം ചോദിക്കുകയില്ല.... സിനിമാക്കാരിയുടെ വിശേഷം ഇനി തനിക്കു പറഞ്ഞു നടക്കയും വേണ്ട....
ആവശ്യംപോലെ ജീവിതം ആസ്വദിക്കാം. ഇനി ആരുടെയും ദുര്‍മുഖം കാണുകയും വേണ്ട. തനിക്ക് ഇഷ്ടമുള്ളതുപോലെ തന്റെ വീട്ടില്‍ കഴിയാം. അജിത്തില്‍ ആനന്ദം നിറഞ്ഞുനിന്നു.
വൈകുന്നേരം അജിത്ത് നേരെ പ്രഭാകരവര്‍മ്മയുടെ അടുത്തേയ്ക്കാണ് പോയത്. പ്രഭാകരവര്‍മ്മ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്തുവരുന്നു. തന്നെക്കാള്‍ ആറുവയസ് മൂത്തയാളാണ് പ്രഭാകരവര്‍മ്മ. പ്രഭാകരവര്‍മ്മയുടെ കുടുംബം വഴിയാണ് താന്‍ അമേരിക്കയില്‍ സെറ്റില്‍ഡായതും ജോലിസമ്പാദിച്ചതും.
അന്നുമുതല്‍ പ്രഭാകരവര്‍മ്മ തന്റെ സുഹൃത്തും വഴികാട്ടിയുമാണ്. കൂടാതെ തന്റെ ഉത്തമ മനസാക്ഷി സൂക്ഷിപ്പുകാരനും, ഏതൊരു കാര്യങ്ങളെക്കുറിച്ചും ആദ്യം ആലോചിക്കുക പ്രഭാകരവര്‍മ്മയോടായിരിക്കും. പ്രതിസന്ധികളിലെല്ലാം സഹായിയായി നിന്നിട്ടുണ്ട്.
തന്റെ വിവാഹജീവിതത്തിലെ പാളിച്ചകളെക്കുറിച്ച് അജിത്ത് പ്രഭാകരവര്‍മ്മയുമായി സംസാരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ജീവിതത്തെ പോസിറ്റീവായി സമീപിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ആദ്യമാദ്യം തന്റെ ചിന്തകളെ എതിര്‍ക്കുകയായിരുന്നു പ്രഭാകരവര്‍മ്മ ചെയ്തത്. പിന്നീട് തന്റെ ജീവിതം താളപ്പിഴകളില്‍ തകരുമെന്നു മനസിലാക്കിയപ്പോള്‍ രണ്ടാമതൊരു ചിന്തയ്ക്ക് തയ്യാറാവുകയായിരുന്നു വര്‍മ്മസാര്‍.
ഡിവോഴ്‌സ് എന്ന അന്തിതീരുമാനത്തില്‍ ഇപ്പോള്‍ എത്തേണ്ടതില്ലെന്ന് ഉപദേശിച്ചതും വര്‍മ്മസാര്‍ തന്നെയാണ്. കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കളുടെ പരസ്പര വൈരാഗ്യം അവരെ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയുള്ളൂ എന്നും അവര്‍ക്കു ഒരമ്മയുടെ തണലാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ എതിര്‍ക്കാനും തോന്നിയില്ല. പറഞ്ഞതില്‍ വളരെയധികം യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്നും തോന്നി.
രണ്ടുപേരും രണ്ടുദേശത്ത് അകന്നുകഴിയുമ്പോള്‍ പര്‌സപരം മനസിലാക്കുവാന്‍ കഴിയും എന്ന യാഥാര്‍ത്ഥ്യം പ്രഭാകരവര്‍മ്മയ്ക്ക് അറിയാമായിരുന്നു. 'കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വലിയറിയില്ല' എന്ന ചൊല്ലിന്റെ പൊരുള്‍ അറിയാമായിരുന്നു. പ്രഭാകരവര്‍മ്മയുടെ തന്ത്രമാണ് ഈ തീരുമാനത്തെ സപ്പോര്‍ട്ട് ചെയ്തതിനു പിന്നിലെന്ന് അജിത്തും അറിഞ്ഞില്ല.
അജിത്ത് ചെന്നു കയറിയപ്പോള്‍ പ്രഭാകരവര്‍മ്മ ഓഫീസില്‍നിന്നും എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അജിത്ത് കാര്‍ പാര്‍ക്കുചെയ്ത് ഇറങ്ങി. പ്രഭാകരവര്‍മ്മ നിറഞ്ഞചിരിയുമായി ഇറങ്ങിവന്നു.
'ഹലോ അജി... വാ... വരൂ... എന്താടോ....രണ്ടുദിവസമായല്ലോ നേരില്‍ കണ്ടിട്ട്.... തന്റെ പ്രശ്‌നങ്ങളൊക്കെ തീര്‍ന്നില്ലേടോ....?'
'വര്‍മ്മസാര്‍, എന്താ ഇന്നു നേരത്തെ എത്തിയല്ലോ.... ഞാന്‍ അന്വേഷിച്ചപ്പോള്‍ നേരെ വിട്ടിലേയ്ക്കു പോന്നിട്ടുണ്ടെന്ന് അറിഞ്ഞു. അതല്ലെ ഞാനിങ്ങു നേരെ വച്ചുപിടിപ്പിച്ചത്' അജിത്ത് പറഞ്ഞു.
'ഇന്നു വലിയ ബിസിയല്ലായിരുന്നു. പിന്നെ വലിയ ഇഷ്യൂസ് ഇല്ലാതിരുന്നതിനാല്‍ ഓവര്‍ടൈം ഇല്ലാതെ നേരെ ഇങ്ങ് പോന്നു....'
'എന്താ വല്ല ആഘോഷത്തിനും വകയുണ്ടോ?' അജിത്ത് തിരക്കി....
'ഓ....നീ കയറി വാ.... നമുക്ക് എന്റെ പേഴ്‌സണ്‍ കളക്ഷനില്‍ ഒന്നു തിരഞ്ഞുനോക്കാം.... ഇന്ന് ആഘോഷിക്കാന്‍ എന്തെങ്കിലും ബാക്കി കാണുമോ എന്ന്?' വര്‍മ്മസാര്‍ അജിത്തിനെ സമാശ്വസിപ്പിച്ചു.
'എന്തെങ്കിലും പോരാ... പൊടിപൂരത്തിനുള്ളതുതന്നെ പുറത്തെടുക്കണം...' അജിത്തും പ്രഭാകരവര്‍മ്മയും അപ്‌സ്റ്റെയര്‍ കയറി.
'ചന്ദ്രാന്റി എവിടെ? കണ്ടില്ലല്ലോ?....' അജിത്ത് തിരക്കി.
'അവളും നിവേദിതയുംകൂടി പഴ്‌സണല്‍ പര്‍ച്ചേസിംഗിന് പോയതാണ്....'
ചന്ദ്രാന്റി.... വര്‍മ്മസാറിന്റെ മിസിസ് ചന്ദ്രമതിയെ അജിത്ത് ചന്ദ്രയാന്റിയെന്നാണ് വിളിക്കുന്നത്. അവരുടെ ഒരേയൊരു മകളാണ് നിവേദിത...
അജിത്തും വര്‍മ്മയും മുകളിലത്തെ റൂമില്‍ എത്തി. വര്‍മ്മസാറിന്റെ സ്വകാര്യശേഖരത്തില്‍നിന്ന് 'ശിവാസ്‌റീഗല്‍' വോഡ്കയുടെ ഒരു ബോട്ടില്‍ എടുത്ത് മേശപ്പുറത്തുവച്ചു. രണ്ട് ഗ്ലാസുകളും എടുത്ത് റെഡിയാക്കി. ഇരുവരും മുഖാമുഖം ഇരുപ്പുറപ്പിച്ചു....
'അജിത്തേ, തീരുമാനങ്ങള്‍ എന്തായി?' വര്‍മ്മസാര്‍ അന്വേഷിച്ചു.
'സാര്‍, ഏതായാലും ഒടുവില്‍ ഞാനാ തീരുമാനത്തിലെത്തി. ഞങ്ങള്‍ രണ്ടുപേരും വേര്‍പിരിഞ്ഞ് ജീവിക്കുക എന്ന്. കെല്‍സി അവളുടെ ഹിതംപോലെ നാട്ടില്‍ ജീവിക്കട്ടെ. ഞാനെന്റെ കാര്യങ്ങളുമായി ഇവിടെയും. കുഞ്ഞുങ്ങള്‍ വര്‍മ്മസാര്‍ നിര്‍ദ്ദേശിച്ചതുപോലെ തന്നെ കെല്‍സിയോടൊപ്പം വളരട്ടെ എന്ന് ഞാനും നിശ്ചയിച്ചു; അത്രതന്നെ...'
'ഉം...ശരി.... അതേതായാലും നല്ലതുതന്നെ....' വോഡ്കയുടെ ബോട്ടില്‍ ചരിച്ച് ഗ്ലാസിലേയ്ക്ക് പകരുമ്പോള്‍ തന്റെ അഭിപ്രായം പ്രഭാകരവര്‍മ്മ അറിയിച്ചു.
'ങ്ങാ... എല്ലാം വരുന്നിടത്തുവച്ചു കാണാം....' അജിത്ത് ദീര്‍ഘമായൊന്നു നിശ്വസിച്ചു.... രണ്ടുപേരും ഗ്ലാസുയര്‍ത്തി ചിയേഴ്‌സ് പറഞ്ഞ്.... ഗ്ലാസ് ചുണ്ടോടടുപ്പിച്ചു.
'കെല്‍സിയുടെ പ്രതികരണം എന്തായിരുന്നു.... അവള്‍ എന്തെടുക്കുന്നു....' വര്‍മ്മ അജിയോട് തിരക്കി.
'കെല്‍സി എല്ലാം പായ്ക്ക് ചെയ്ത് ടെക്‌സസ് വിടാനുള്ള തയ്യാറെടുപ്പിലാണ്. ഇനിയിങ്ങോട്ട് തിരികെയില്ല എന്ന ഉറച്ച തീരുമാനത്തിലാണ്. പിന്നെ അവള്‍ ആഗ്രഹിച്ചിരുന്നതും ഇതൊക്കെയാണല്ലോ? വലിയ സന്തോഷമൊന്നും ഇല്ല...'
എങ്ങനെ സന്തോഷിക്കാനാ അജി.... എന്തായാലും അവള്‍ക്ക് കുടുംബജീവിതത്തെക്കുറിച്ച് കാഴ്ചപ്പാടുകള്‍ ഉണ്ടാകില്ലേ.... വെസ്റ്റേണ്‍ കള്‍ച്ചറില്‍ ഇതു വലിയ പുതുമയല്ലെങ്കിലും നമ്മള്‍ മലയാളികള്‍ക്ക് ഇവയൊന്നും അംഗീകരിക്കാനാകില്ല എന്നത് സത്യം.... പിന്നെ ഒരോരുത്തരുടെയും ജീവിതത്തില്‍ വിധി വൈപരിത്യംകൊണ്ട് ഓരോന്ന് സംഭവിക്കുന്നു. അല്ലാതെന്ത്?'
ശരിയായിരിക്കാം.... എന്നാല്‍ എല്ലാം വിധിയെന്ന് പഴിച്ച് എങ്ങനെയും ജീവിതം തള്ളിനീക്കിയാ മതിയോ? എല്ലാവരും പരാശ്രയമില്ലാതെ സ്വന്തം കാലില്‍നില്‍ക്കുവാനല്ലേ ശ്രമിക്കൂ... ഒരേ ആശയവും ശൈലിയും ഉള്ളവര്‍ ഒന്നിച്ചാല്‍ ഒരു പ്രശ്‌നങ്ങളും ഇല്ലാതെ ജീവിതം മുന്നോട്ടു പോയേക്കാം... പക്ഷെ എല്ലാവരും ഒരേപോലെയല്ലല്ലോ? പരാജയം ജീവിതത്തിലെ അവസാനവാക്കും അല്ല.' അജിത്ത് തന്റെ ആദര്‍ശം വ്യക്തമാക്കി.
അജിത്ത് വോഡ്ക പകര്‍ന്ന് ലെമണെയിഡ് ചേര്‍ത്തിളക്കി പരുവപ്പെടുത്തി. ഒറ്റവലിക്ക് തന്നെ രണ്ടാമത്തെ പെഗ്ഗും അകത്താക്കി. രണ്ടുപേരും സംസാരിച്ചിരുന്ന് നേരം പോയത് അറിഞ്ഞിരുന്നില്ല. ഷോപ്പിംഗിന് പോയ ചന്ദ്രമതിയും നിവേദിതയും മടങ്ങിയെത്തി.
അജിത്തും പ്രഭാകരവര്‍മ്മയും വോഡ്കയുടെ ബോട്ടില്‍ കാലിയാക്കിക്കഴിഞ്ഞിരുന്നു. ഡിന്നറിനായി അജിത്തിനെ പ്രഭാകരവര്‍മ്മ ക്ഷണിച്ചെങ്കിലും ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു അജിത്ത്. ഒടുവില്‍ അജിത്ത് തന്റെ റോള്‍സ് റോയിസ് കാറില്‍ വീട്ടിലേയ്ക്ക് മടങ്ങി.