Image

എന്‍ഗേജ്‌മെന്റ്‌ റിങ്ങ്‌ (ചെറുകഥ: റീനി മമ്പലം)

Published on 20 March, 2015
എന്‍ഗേജ്‌മെന്റ്‌ റിങ്ങ്‌ (ചെറുകഥ: റീനി മമ്പലം)
വര്‍ഷ അടച്ചിട്ട മുറിയില്‍ കമഴ്‌ന്ന്‌ കിടന്ന്‌ കരഞ്ഞു. അമ്മ വന്ന്‌ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പലതവണ കേട്ടിട്ടുള്ള വിവരണം വീണ്ടും നടത്തി. വര്‍ഷ ചെയ്യുന്നതൊന്നും മലയാളികള്‍ക്ക്‌ ചേര്‍ന്നതല്ല പോലും.

അന്ന്‌ രാവിലെയാണ്‌ പ്രോം ഡേറ്റ്‌ ആകാമോ എന്ന്‌ കെവന്‍ ചോദിച്ചത്‌. സ്‌കൂളില്‍ പോപ്പുലര്‍ ആയ അവന്‍ ചോദിച്ചപ്പോള്‍ സന്തോഷം തോന്നി. അഛനോട്‌ അനുവാദം ചോദിച്ചാലോ എന്ന്‌ ആലോചിച്ചത്‌ അപ്പോഴാണ്‌.

വളരെ മടിച്ചും പേടിച്ചുമാണ്‌ വര്‍ഷ ചോദ്യം എറിഞ്ഞത്‌. പ്രതീക്ഷിച്ച പോലെയൊരുത്തരം കിട്ടുകയും ചെയ്‌തു.

`സായിപ്പു പിള്ളാര്‍ ഓരോന്ന്‌ കാട്ടിക്കൂട്ടുന്നതിനൊക്കെ നീയെന്തിനാ കൂടെ തുള്ളുന്നത്‌? ഇതൊന്നും നമ്മുടെ കുട്ടികള്‍ക്ക്‌ ചേര്‍ന്നതല്ലെന്ന്‌ അറിഞ്ഞുകൂടെ?'

കേരളത്തിലെപ്പോലെ തന്നെ ഈ നാട്ടിലും ജീവിക്കുവാന്‍ ശ്രമിക്കുന്ന അഛനോട്‌ വാദിക്കണമെന്ന്‌ തോന്നിയില്ല. താന്‍ വളര്‍ന്നത്‌ ഈനാട്ടില്‍ ആണന്നും ഇവിടെ ജീവിക്കേണ്ടവള്‍ ആണന്നും അവര്‍ മറക്കുന്നു. ഇതെല്ലാം അവര്‍ക്ക്‌ പുതിയ കാര്യങ്ങള്‍ അല്ലേ?

പിറ്റെ ദിവസം കെവനെ സ്‌കൂളില്‍ കണ്ടപ്പോള്‍ മാറിനടക്കുവാന്‍ ശ്രമിച്ചു.

`താന്‍ ഉത്തരം തന്നില്ലല്ലോ' കെവന്‍ ചോദിച്ചു.

`പ്രോമിന്റെ പിറ്റേന്ന്‌ എന്റെ കസിന്റെ വിവാഹമാണ്‌. പ്രോമിന്റെയന്നാണ്‌ ഫ്‌ളൈറ്റ്‌.' വര്‍ഷക്ക്‌ കളവ്‌ പറയേണ്ടി വന്നു. കളവ്‌ പറഞ്ഞില്ലെങ്കില്‍ പോകാന്‍ കഴിയാത്തതിന്റെ കാരണം വിവരിക്കണം. കുട്ടികളുടെ കളിയാക്കലും കേള്‍ക്കേണ്ടിവരും.

`കെവന്‌ വേറെ ആരോടെങ്കിലും ചോദിച്ചുകൂടെ?' വര്‍ഷ മടിച്ചാണ്‌ ചോദിച്ചത്‌.

`എനിക്ക്‌ വേറെ ആരുടെയുംകൂടെ പോവണമെന്നില്ല, ആരോടും ചോദിക്കുന്നുമില്ല.' വര്‍ഷയുടെ കണ്ണുകളിലേക്ക്‌ നോക്കി കെവന്‍പറഞ്ഞു. അവള്‍ മുഖം തിരിച്ചു.

ലഞ്ച്‌ സമയം കെവന്‍ മേശയില്‍ അടുത്ത്‌ വന്നിരുന്നു. അവന്‍ ഈയിടെയായി അടുക്കുവാന്‍ ശ്രമിക്കുന്നു. `നീ പ്രോമിന്‌ വന്നിരുന്നെങ്കില്‍!' അവന്‍ പറഞ്ഞു. അവള്‍ ലഞ്ച്‌ കഴിച്ച്‌ വേഗത്തില്‍ എഴുന്നേറ്റു, അടുത്ത ക്‌ളാസ്സിലേക്ക്‌ അല്‍പം ജോലി തീര്‍ക്കുവാനുണ്ടന്ന കാരണം പറഞ്ഞ്‌.

സിനിമക്ക്‌ കൂടെ ചെല്ലുവാന്‍ കെവന്‍ ക്ഷണിക്കുമ്പോള്‍ അവന്റെ കണ്ണുകളില്‍ കത്തിനിന്ന പ്രേമം അവള്‍ കണ്ടു. ഈ ബന്ധത്തിന്‌ വളം വെക്കുന്നത്‌ ശരിയല്ല എന്ന്‌ വര്‍ഷക്ക്‌ അറിയാമായിരുന്നു. അഛനറിഞ്ഞാല്‍ കൊല്ലും. അമ്മ താക്കീത്‌ നല്‍കും. കേരളത്തില്‍ നിന്നുള്ള ഒരു ഭര്‍ത്താവാണ്‌ അവരുടെ മനസ്സിലുള്ളത്‌. അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ ഇവിടെ പ്രസക്തിയില്ല, അവള്‍ക്കൊരു നല്ല ഭാവി കൊടുക്കണമെന്നു കരുതിയാണ്‌ അമേരിക്കയിലേക്ക്‌ കുടിയേറിയത്‌ എന്നു പറയുമെങ്കിലും.

സ്‌കൂളാകെ പ്രോമിനൊരുങ്ങി.

ആണ്‍കുട്ടികള്‍ പ്രോമിന്‌ ഇടുവാനുള്ള ടക്‌സീടോ വാടകക്കെടുത്തു. പെണ്‍കുട്ടികള്‍ കൂട്ടുകാരൊന്നിച്ച്‌ ഗൗണ്‍ വാങ്ങുന്നതിന്‌ കടകളിലേക്ക്‌ യാത്രയായി. അവര്‍ തലമുടിയും നഖവും ചെയ്യുന്നതിനായി ബ്യൂട്ടി സലോണില്‍ കാലെകൂട്ടിത്തന്നെ അപ്പോയ്‌ന്റ്‌മെന്റ്‌ എടുത്തു. കുട്ടികളില്‍ ആകെക്കൂടെ ഉത്സാഹത്തിമര്‍പ്പ്‌. വര്‍ഷയില്‍ പ്രതേകിച്ചൊരു ഉത്സാഹവും കണ്ടില്ല.

`കസിന്റെ കല്യാണത്തിന്‌ പോയില്ലേ? ഇനിയെങ്കിലും നുണകള്‍ നിര്‍ത്തി സത്യം പറഞ്ഞുകൂടെ വര്‍ഷേ?' അവന്‍ ഓര്‍ത്തിരിക്കുമെന്ന്‌ ചിന്തിച്ചില്ല.

പ്രോമിന്റെയന്ന്‌ രാവിലെ കെവന്‍ അവളെ നോക്കി കുശ്രുതിയോടെ ചോദിച്ചു. കെവന്‍ ചാരിനിന്നിരുന്ന ഭിത്തിയുടെ വെള്ളനിറംപോലെ അവള്‍ വിളറി.

`സ്‌കൂള്‍ കഴിഞ്ഞിട്ടാ ഫ്‌ളൈറ്റിന്റെ സമയം' അവള്‍ക്ക്‌ വീണ്ടും നുണ പറയേണ്ടി വന്നു.

കെവന്‍ പോവുന്ന കോളജില്‍ത്തന്നെ വര്‍ഷയ്‌ക്കും അഡ്‌മിഷ്യന്‍ കിട്ടി.

ഹൈസ്‌കൂള്‍ ജീവിതം അവസാനിക്കാറായി. അവര്‍ രണ്ടുപേരും ക്യാപ്പും ഗൗണും അണിഞ്ഞു, ഗ്രാഡുവേറ്റ്‌ ചെയ്‌തു.

`അറിയുന്ന ഒരാളെങ്കിലും അടുത്തുണ്ടല്ലോ' മൈലുകള്‍ക്ക്‌ അകലെയുള്ള കോളജില്‍ ചെന്നപ്പോള്‍ അവളാശ്വസിച്ചു.

അവരുടെ പരിചയം വളര്‍ന്ന്‌ അവര്‍ ആത്മസുഹൃത്തുക്കളായി. ആദ്യത്തെ വര്‍ഷം കഴിയും മുമ്പ്‌ കമിതാക്കളായി. അവര്‍ അവരുടെ മനസുകളുടെ വിളി കേട്ടു. കാണാമറയത്താവുമ്പോള്‍ വര്‍ഷയുടെ മാതാപിതാക്കള്‍ക്ക്‌ അവളുടെ ജീവിതം നിയന്ത്രിക്കാന്‍ പറ്റില്ലല്ലോ! അച്ഛനുമമ്മയും അവളെ ഉപദേശിച്ചു, ഭീഷണിപ്പെടുത്തി നോക്കി. കെവനെ വിവാഹം ചെയ്‌താല്‍ അവര്‍ ആത്മഹത്യ ചെയ്യുമെന്നുവരെ പറഞ്ഞു.

`എന്തുചെയ്യാം, പതിനെട്ട്‌ വയസ്സിന്‌ മേലായില്ലെ? നിയമം അവളുടെ കൂടെയല്ലേ?' സ്വന്തം മനസിന്റെ പിന്നാലെപോയ അവരെക്കുറിച്ച്‌ അഛന്‍ അമ്മയോട്‌ പറഞ്ഞു.

അവര്‍ പ്രണയ മഴ നനഞ്ഞു, സ്‌നേഹക്കൊടുമുടി കയറി. ആകാശത്തിലെ നക്ഷത്രങ്ങള്‍ കയ്യെത്തും ദൂരത്തിലാണെന്നവര്‍ക്ക്‌ തോന്നി, ഭൂമി തങ്ങളുടെ കാല്‍ക്കീഴിലാണെന്നും. നിലാവ്‌ നിറഞ്ഞ രാത്രികളില്‍ അവരുടെ നിഴലും നിലാവും കെട്ടുപിണഞ്ഞ്‌ ചിത്രങ്ങള്‍ തീര്‍ത്തു.

`നിന്റെ വീട്ടുകാര്‍ക്ക്‌ ഒരു ഇന്ത്യക്കാരനെ മരുമകനായി കിട്ടണമെന്ന്‌ ആഗ്രഹമുണ്ടല്ലേ?' അവന്‍ ചോദിച്ചു.

`എന്റെ ജീവിതത്തിന്റെ വിധികര്‍ത്താവും ഉടമയും ഞാനല്ലേ?' അവള്‍ മറുപടി നല്‍കി

നാലുവര്‍ഷം നൃത്തമാടി കടന്നുപോയതവര്‍ അറിഞ്ഞില്ല. അവരുടെ കോളജ്‌ദിനങ്ങള്‍ അവസാനിക്കാറായി.

പരസ്യങ്ങളില്‍ കാണുമ്പോലെ `വീറ്റിഷ്‌' നിറമുള്ള വരനെ വര്‍ഷക്കുവേണ്ടി മാതാപിതാക്കള്‍ അന്വേഷിച്ചു. അവര്‍ക്ക്‌ വര്‍ഷയുടെ പ്രണയമൊന്നും പ്രശ്‌നമായിരുന്നില്ല.

`കുട്ടികളല്ലെ ഇതൊക്കെ ഒരു തമാശയായി കണ്ടാല്‍ മതി' എന്നായിരുന്നു അവരുടെ ചിന്ത.

`കെവനെ വിവാഹം കഴിച്ചാല്‍ നിന്റെ കുട്ടികളെ ഏതു മതത്തില്‍ വളര്‍ത്തും?' അമ്മ അതൊരു പ്രശ്‌നമായിക്കണ്ടു. കെവന്‍ കൃസ്‌ത്യാനിയാണന്ന്‌ അമ്മക്ക്‌ അറിയാമായിരുന്നു.

`സ്‌നേഹമല്ലേ ഞങ്ങളുടെ മതം? ഒരു ദൈവത്തിനെ പലപേരില്‍ വിളിക്കുന്ന മതങ്ങളില്‍ എനിക്ക്‌ വിശ്വാസമില്ല.' വര്‍ഷ പറഞു.

അമ്മ ചെവിപൊത്തി. താന്‍ പറയുന്നത്‌ എന്തെന്ന്‌ അറിയാത്ത വര്‍ഷക്കു വേണ്ടി ഈശ്വനോട്‌ ക്ഷമ യാചിച്ചു.

`കുടുംബപാരമ്പര്യം കളഞ്ഞു കുളിച്ചവള്‍' അച്ഛന്‍ ഇടക്കിടെ വര്‍ഷയെക്കുറിച്ച്‌ പറഞ്ഞു. ഒരിക്കല്‍ താരാട്ട്‌ പാടിയ നാവില്‍ നിന്നും പൊള്ളുന്ന വാക്കുകളും വരുമെന്ന്‌ വര്‍ഷ അറിഞ്ഞിരുന്നില്ല.

വര്‍ഷക്ക്‌ ജോലി കിട്ടിയത്‌ മാതാപിതാക്കളുടെ വീടിന്‌ അടുത്തുതന്നെ. കെവന്‌ ജോലി ലഭിച്ചത്‌ അകലെയും. തങ്ങളോടൊപ്പം താമസിച്ചുകൊള്ളുവാന്‍ അച്ഛന്‍ പറയുമെന്ന്‌ വര്‍ഷ വിചാരിച്ചു. അവളുടെ ചിന്തകള്‍ അസ്ഥാനത്തായി. കെവനെക്കുറിച്ച്‌ അവളെടുത്ത തീരുമാനങ്ങളില്‍ അച്ഛന്റെ ദേഷ്യം വര്‍ദ്ധിക്കുന്നതെയുള്ളു. വര്‍ഷ സ്വന്തമായി അപ്പാര്‍ട്ട്‌മെന്റ്‌ എടുത്തു. അമ്മയുടെയും അഛന്റെയും വേദനിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കേണ്ടല്ലോ.

പ്രേമിക്കുന്നയാളെ എപ്പോഴും കണ്ടുകൊണ്ടിരിക്കണമെന്നും സ്വന്തമാക്കണമെന്നുമുള്ള സ്വാര്‍ഥത പ്രണയത്തിനുണ്ടല്ലോ! ജീവിതത്തിന്‌ അര്‍ഥവും താളവും നല്‍കുന്നയാള്‍ എപ്പോഴും അടുത്തുവേണമെന്ന്‌ അവര്‍ക്ക്‌ തോന്നി. ആ ദിവസങ്ങളൊന്നില്‍ കടയില്‍ അയാളെ നോക്കിച്ചിരിച്ച വജ്രമോതിരം കെവന്‍ വാങ്ങി. വര്‍ഷയോട്‌ പ്രോപ്പോസ്‌ ചെയ്യണം എന്നുള്ളചിന്തയില്‍ മനസ്സില്‍ കുളിര്‍മഴ പെയ്‌തു. വീട്ടിലേക്ക്‌ പോകുവാന്‍ കെവന്‍ ഫ്‌ളൈറ്റ്‌ ബുക്ക്‌ ചെയ്‌തു.

ശിശിരം ചേല ഭൂമിയില്‍ വിരിച്ചിരുന്നു. ഭൂമിക്കാകെ മാദകത്വമാര്‍ന്ന സൗന്ദര്യം. പ്രണയം വായുവില്‍ തങ്ങി നിന്നിരുന്ന ഒരു ദിവസം , കെട്ടിടങ്ങളെയും മനുഷ്യരെയും ചെറുപൊട്ടുകളാക്കിക്കൊണ്ട്‌ കെവനെ വഹിച്ച വിമാനം പറയുന്നുയര്‍ന്നു. എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയപ്പോള്‍ കലാവസഥ പ്രവചനം ആകെ മാറിമറിഞ്ഞത്‌ ലിമോസിന്‍ െ്രെഡവര്‍ പറഞ്ഞറിഞ്ഞു. ഒരു കൊടുങ്കാറ്റാണ്‌ പ്രതീക്ഷിക്കുന്നത്‌. കൊടുങ്കാറ്റിന്‌ `സാന്‍ഡി' എന്നു കാലാവസ്ഥനിരൂപകര്‍ പേരിട്ടു. മടക്ക യാത്രക്ക്‌ വിമാനത്താവളം തുറന്നിരിക്കുമോ എന്ന്‌ െ്രെഡവര്‍ ശങ്കിച്ചു.

കാറ്റ്‌ വീശിത്തുടങ്ങിയിരുന്നു. രാത്രി കൊളുത്തിയ ഇരുട്ടില്‍ കെവന്‍ വീട്ടിലെത്തി. തിരമാലകള്‍ ഉയര്‍ന്ന്‌ തീരത്ത്‌ വെള്ളം കയറുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തുതാമസിക്കുന്നവരോട്‌ വീട്‌ വിടുവാന്‍ പട്ടണത്തിലെ അധികാരികള്‍ ആവശ്യപ്പെട്ടു. കെവന്റെ മാതാപിതാക്കള്‍ താമസിച്ചിരുന്നത്‌ തീരത്തിനോട്‌ അടുത്താണെങ്കിലും ടൗണ്‍ പ്‌ളാനിന്റെ പരിധിക്ക്‌ പുറത്തായിരുന്നതിനാല്‍ മാറിത്താമസിക്കേണ്ടി വന്നില്ല.

വീട്ടില്‍ വന്നയുടന്‍ കെവന്‍ വര്‍ഷയോട്‌ ഫോണില്‍ സംസാരിച്ചു, പിറ്റെ ദിവസം ഹോട്ടലില്‍ ഡിന്നറിന്‌ കാണാം എന്നപ്ലാന്‍ കാലാവസ്ഥ കാരണം സധ്യമാവുമോ എന്നായിരുന്നു അവരുടെ സംശയം. ഡിന്നര്‍ സമയത്ത്‌ വര്‍ഷയോട്‌ സര്‍െ്രെപസ്‌ ആയി പ്രൊപ്പോസ്‌ ചെയ്യണം. കെവന്‍ മോതിരത്തിന്റെ ചെറിയപെട്ടിനോക്കി. ആചാരമനുസരിച്ച്‌ ആദ്യം വര്‍ഷയുടെ മാതാപിതാക്കളോട്‌ ചോദിച്ച്‌ അനുവാദം വാങ്ങേണ്ടതാണ്‌. അവര്‍ പൂണ്ണ ഹൃദയത്തോടെ സമ്മതിക്കില്ല എന്നറിയാം.

`സാന്‍ഡി' ആരോടോ രോക്ഷം കൊണ്ടു. കാറ്റ്‌ ശ്‌ക്തമായി വീശി. മരങ്ങള്‍ താണ്ഡവനൃത്തമാടി. ഇലക്ട്രിസിറ്റി മിന്നിമറഞ്ഞ്‌ ഇല്ലാതെയായി. സമുദ്രത്തില്‍ തിരമാലകളുയര്‍ന്നു. പുറം കാഴ്‌ചകളെ ഇരുട്ട്‌ തടഞ്ഞു. കടലിന്റെ ഇരമ്പല്‍ വളരെ ദൂരത്തുനിന്നുതന്നെ കേട്ടു.

പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ദൂരം വെള്ളം കയറി. കാലാവസ്ഥ നിരീക്ഷരുടെ കണക്കുകള്‍ തെറ്റിച്ചുകൊണ്ട്‌ ആവേശത്തോടെ കരയിലേക്ക്‌ കയറിയ തിരമാലകള്‍ തീരത്തെ വീടുകള്‍ പറിച്ചെടുത്തു. വെള്ളം കുടിച്ച്‌ വീര്‍ത്ത ഭൂമി വന്മരങ്ങളെ കടപുഴക്കി. കാറ്റ്‌ ആവേശത്തോടെ വിടിന്റെ മേല്‍ക്കൂരകള്‍ പറിച്ചെടുത്ത്‌ വീടിനെ വെള്ളത്തിലൊഴുക്കി, അതിനുള്ളില്‍ ഉറങ്ങിക്കിടന്നവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ രക്ഷിക്കുവാന്‍ അവസരം കൊടുക്കാതെ.

ഒടുവില്‍ എല്ലാം ശാന്തമായപ്പോള്‍ വര്‍ഷയുടെ അപ്പാര്‍ട്ട്‌മെന്റിന്‌ മുന്നിലെ റോഡിനുകുറുകെ ഗതാഗതം തടഞ്ഞ്‌ ഒരു മരം കടപുഴകിക്കിടന്നു. പിടിച്ചുപറിച്ച്‌ കൊണ്ടുപോയതിന്റെ അവശിഷ്ടങ്ങള്‍ തിരമാലകള്‍ തീരത്തിന്‌ തിരികെക്കൊടുത്തു. തീരത്തുകൂടി നാശനഷ്ടങ്ങള്‍ കാണുവാന്‍ നടന്ന ആരോ ഒരാള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ട ആഭരണപ്പെട്ടി എടുത്ത്‌ തുറന്നു നോക്കി. അതില്‍ വജ്രത്തിന്റെ ഒരു മോതിരം ഉണ്ടായിരുന്നു.

റീനി മമ്പലം

reenimambalam@gmail.com
എന്‍ഗേജ്‌മെന്റ്‌ റിങ്ങ്‌ (ചെറുകഥ: റീനി മമ്പലം)
Join WhatsApp News
വിദ്യാധരൻ 2015-03-20 21:26:19
ഓരോ മലയാളി പെണ്കുട്ടികളും കറുത്ത വർഗ്ഗക്കാരനോടോ, മെക്സിക്കനോടോ, വെളുത്ത വർഗ്ഗക്കാരനോടോ പ്രണയബന്ധത്തിലോ  ആകുമ്പോൾ അവരുടെ മാതാപിതാക്കൾ ആഗ്രഹിക്കുന്നതാണ്, ഒരു 'സാൻഡി' (മലയാളത്തിൽ അവന്റെ തലേൽ ഇടി തീ വീഴണേ എന്ന്) ആഞ്ഞടിച്ചിട്ടവനെ കൊണ്ട് പോയിരുന്നെങ്കിൽ എന്ന് -  ഒരു യഥാർത്ഥ കഥയെക്കാൾ അങ്ങനെ കരുതാനാണ്‌ എനിക്കിഷ്ടം. എന്തായാലും 'അക്ക്ബ്ർ കട്ടിക്കലിന്റെ അടി മേടിക്കാതെ രക്ഷപെട്ട് . 
വായനക്കാരൻ 2015-03-21 10:52:16
വർഷയുടെ മാതാപിതാക്കൾ നടത്തിയ വഴിപാടിന്റെ ശക്തിയായിരുന്നിരിക്കണം. സപ്തം‌ബർ 11ൻ പൊലിഞ്ഞ സ്വപ്നങ്ങൾ പോലെ സാൻഡിയിൽ പൊലിഞ്ഞ ഒരു സ്വപ്നം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക