അദ്ധ്യായം 25
ഞായറാഴ്ച! മംഗലത്തുവീട്. കെല്‍സിയും സുഭദ്രാമ്മയും ചിന്താഭാരത്താല്‍ ഇരിക്കുന്നു. മാധവമേനോന്‍ കാര്യഗൗരവമായ തീരുമാനത്തിനായി ഉലാത്തുകയാണ്. തന്റെ തീരുമാനം എന്തെന്നറിയുവാന്‍ കാതോര്‍ത്തിരിക്കയാണ് സുഭദ്രാമ്മയും കെല്‍സിയും.
ഉലാത്തുന്നതിനിടയില്‍ പെട്ടെന്ന് തിരിഞ്ഞ് കെല്‍സിയോടായി മാധവമേനോന്‍ ചോദിച്ചു: 'കെല്‍സി നിന്റെ അഭിപ്രായം എന്താണ്? ഞങ്ങളുടെ തീരുമാനം എന്തായാലും അവസാന വാക്ക് നിന്റേതാണല്ലോ?' മാധവമേനോന്‍ കെല്‍സിയെ പ്രതീക്ഷയോടെ നോക്കി.
കെല്‍സിയില്‍ ഒരു വേലിയേറ്റത്തിന്റെ തിരയിളക്കം.... ആകെ ആശങ്കമുറ്റിയ ചിന്തകള്‍ക്കു മധ്യേ താനെന്തുപറയാനാണ്. എന്നിരുന്നാലും അച്ഛന്‍ സൂചിപ്പിച്ചതുപോലെ തീരുമാനത്തെ കൊള്ളേണ്ടതും തള്ളേണ്ടതും താന്‍ തന്നെയാണ്..... ജീവിതം തന്റേതാണ്. അച്ഛന്റെയും അമ്മയുടെയും തണല്‍ ഇപ്പോള്‍ മാത്രമേ തനിക്കുമേല്‍ ഉണ്ടാവുകയുള്ളൂ. അവരുടെ കാലശേഷം താനും മക്കളും ഒരു പുരുഷാശ്രയമില്ലാതെ എങ്ങനെ ജീവിതം മുന്നോട്ടു നയിക്കും. ആശയങ്ങളും ആദര്‍ശങ്ങളും നല്ലതുതന്നെ. പക്ഷേ പ്രാക്ടിക്കല്‍ലൈഫില്‍ സ്ത്രീസമത്വവാദികള്‍ ഒരു കുടുംബത്തിനു കീഴില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണ്. അവര്‍ക്കും ബന്ധവും ബന്ധുത്വങ്ങളും ഉണ്ട്. അവരാരും തന്നെ ഒരു വനിതാരാഷ്ട്രത്തില്‍ ജീവിക്കുന്നവരുമല്ല.
'അച്ഛന്‍ അജിയോട് കാര്യങ്ങള്‍ സംസാരിച്ച് തീരുമാനമാക്കിക്കൊള്ളുക. ഇനിയൊരു ജീവിതം തുടങ്ങിയാല്‍ എന്റെ പ്രൊഫഷനെ അജി അംഗീകരിച്ചുതരണം. ഞാന്‍ എന്റെ കുറവുകള്‍ പരിഹരിച്ച് ജീവിക്കാന്‍ തയ്യാറുമാണ്. അഭിനയമേഖലയില്‍നിന്ന് മാറി നില്‍ക്കാന്‍ ഇനി എനിക്കാവില്ല. സിനിമയില്‍ നിന്നു വിട്ടുനിന്ന കാലത്തെ കുറവുകള്‍ പരിഹരിച്ച് ഇപ്പോള്‍ പോപ്പുലര്‍ ആയിരിക്കുന്ന എനിക്ക് ഞാന്‍ സൈന്‍ ചെയ്ത എഗ്രിമെന്റുകളുമായി തുടരേണ്ടതുണ്ട്. അമേരിക്കയില്‍ ചെന്നാല്‍തന്നെ തുടര്‍ന്നും ലഭിക്കുന്ന നല്ല റോളുകളുമായി മുന്നോട്ടുപോകും എന്നതും എന്റെ ഡിമാന്റാണ്. പിന്നെ കുട്ടികളുടെ കാര്യം. അവര്‍ ഇവിടെത്തന്നെ ബേസിക് എഡ്യൂക്കേഷന്‍ പൂര്‍ത്തിയാക്കട്ടെ. വളരെ അധ്വാനം ചെയ്താണ് ഇവിടെ അവരുടെ അഡ്മിഷനുകളും പഠനക്രമീകരണങ്ങളും നടത്തിയത്. ഇവിടെനിന്ന് അങ്ങോട്ടേയ്‌ക്കൊരു പറിച്ചു നടല്‍ അവര്‍ക്കും ബുദ്ധിമുട്ടായിത്തീരും.... ഇങ്ങനെ ഈ കാര്യങ്ങളൊക്കെ അച്ഛന്‍ അജിത്തിനെ ധരിപ്പിച്ച് അഭിപ്രായം ചോദിക്ക്, എന്നിട്ട് നമുക്കൊരു തീരുമാനം എടുക്കാം....' കെല്‍സിയുടെ തീരുമാനത്തിന് ഒരു ദൃഢതയുണ്ടായിരുന്നു. ഇനി ഒരു പരീക്ഷണത്തിന് അവള്‍ തയ്യാറായിരുന്നില്ല എന്ന് അവളുടെ വാക്കുകളില്‍ ധ്വനിച്ചുനിന്നു.
സുഭദ്രാമ്മയുടെ മനസ് ചുട്ടുപൊള്ളുകയായിരുന്നു. ഒരപ്പനെക്കാളും മകളുടെ ഹൃദയത്തെ അടുത്തറിയാവുന്ന അമ്മയുടെ ആകുലത! ഏതായാലും തന്റെ പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടിരിക്കുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുവാന്‍ ജീവിതത്തില്‍നിന്ന് ഒറ്റയാള്‍ പോരാട്ടത്തിനായി ഇറങ്ങി മകള്‍ വന്നപ്പോള്‍ ഒരഭയമായി നിന്നെങ്കിലും, ആ അമ്മയുടെ ഉള്ള് നീറുകയായിരുന്നു. കുടുംബജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ കണ്ടു പരിചയിച്ച അവര്‍ മകളുടെ ഭാവിയെപ്പറ്റി ആശങ്കപ്പെട്ടതില്‍ അതിശയവുമില്ല.
ഏതായാലും എല്ലാം ഒരു കരയ്ക്കടുക്കുന്നതിന്റെ ശുഭസൂചനകളായി ഇവയൊക്കെയും കണ്ട് സ്വയം ആശ്വസിച്ചു അവര്‍. മാധവമേനോന്‍ അജിയോട് കാര്യങ്ങള്‍ സംസാരിച്ച് ബോധ്യപ്പെടുത്താം എന്ന തീരുമാനം എടുത്തു.
ഏതായാലും തങ്ങള്‍ വേര്‍പിരിഞ്ഞ് പോന്നകാര്യം ആരോടും പറയാതിരുന്നത് നന്നായി എന്ന് കെല്‍സിക്ക് തോന്നി. സിനിമയില്‍ തുടരേണ്ടതിനാണ് താനിവിടെ വന്നുനില്‍ക്കുന്നത് എന്നാണ് എല്ലാവരും കരുതിയിരിക്കുന്നതുതന്നെ.
***** ******* ******** ****** ******* ******** ******* ******
കെല്‍സി തന്റെ സെല്‍ എടുത്തു. എസ്തപ്പാന്റെ നമ്പറിലേക്ക് ഡയല്‍ ചെയ്തു. നമ്പര്‍ ബിസിയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ കെല്‍സിയുടെ മൊബൈലിലേയ്ക്ക് എസ്തപ്പാന്റെ വിളി വന്നു. കെല്‍സി ഫോണ്‍ അറ്റന്‍ഡ് ചെയ്തു....
'ഹലോ.... എസ്തപ്പാന്‍ ചേട്ടാ.....'
'കെല്‍സി, എന്നെ വിളിച്ചിരുന്നു അല്ലേ? ഞാന്‍ എസ്റ്റേറ്റിലെ വര്‍ഗീസ് അച്ചായനുമായി സംസാരിക്കുകയായിരുന്നു. ഈ ആഴ്ച ആ വഴിക്ക് ചെല്ലാന്‍ പറ്റിയില്ല. എസ്റ്റേറ്റിലെ കാര്യങ്ങള്‍ അറിയാന്‍ വിളിച്ചതാണ്.... ങ്ങാ.... പിന്നെ എന്തുണ്ട് കെല്‍സി വിശേഷങ്ങള്‍....' എസ്തപ്പാന്‍ ജിജ്ഞാസയോടെ തിരക്കി.
'ങ്ങാ.... വിശേഷമുണ്ട് പറയാം.... എസ്തപ്പാന്‍ ചേട്ടന്‍ വീട്ടില്‍ തന്നെയാണോ അതോ പുറത്താണോ? തിരക്കിലൊന്നുമല്ലല്ലോ?'
'ഞാനിവിടെ വീട്ടില്‍ തന്നെയുണ്ട്.... ഇന്ന് തിരക്കുകളൊന്നും ഇല്ലായിരുന്നു....' എസ്തപ്പാന്‍ മറുപടി പറഞ്ഞു.
'അത് ഞാന്‍ വിളിച്ചതേ.... അജി ഈ ഇടയ്ക്ക് അമേരിക്കയില്‍നിന്ന് വിളിച്ചിരുന്നു. ഈ മാസാവസാനം കേരളത്തിലേയ്ക്ക് വരുന്നുമുണ്ട്.... പിന്നെ അച്ഛനുമായും കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനാണ് വിളിച്ചത്. കാര്യങ്ങള്‍ വേറൊന്നുമല്ല.... ഞാന്‍ തിരിച്ച് അമേരിക്കയില്‍ ചെല്ലണമെന്ന്. പഴയതെല്ലാം മറന്ന് ഞങ്ങളുടെ ജീവിതം പുനരാരംഭിക്കണമെന്ന് ആഗ്രഹം പറഞ്ഞു....'
'ഓ.... അതുശരി.... എന്നിട്ട് കെല്‍സിയുടെ തീരുമാനം എന്തായിരുന്നു....' എസ്തപ്പാന്‍ തിരക്കി.
'ഞാന്‍ അച്ഛനോടും അമ്മയോടും ആലോചിച്ചു. അവരുടെ അഭിപ്രായം, എല്ലാം നല്ലതിനുവേണ്ടിയാണെന്നാ, പിന്നെ ഞാന്‍ കുറെ ആലോചിച്ചു. എന്റെ ആഗ്രഹങ്ങളും തീരുമാനങ്ങളും അജിയെ അറിയിച്ചു.'
'എന്തായിരുന്നു കെല്‍സിയുടെ തീരുമാനങ്ങള്‍?'
'ഞാന്‍ പറഞ്ഞു എനിക്ക് എന്റെ പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ പറ്റുകയില്ലെന്ന്, അത് തുടര്‍ന്നുകൊണ്ടു പോകാന്‍ അനുവദിക്കണം എന്ന്. പിന്നെ കുട്ടികള്‍ ഇവിടെനിന്ന് പഠിക്കട്ടെ എന്നും നിര്‍ദ്ദേശിച്ചു. ഈ ഫീല്‍ഡുമായി ബന്ധപ്പെട്ട എല്ലാ തെറ്റിദ്ധാരണകളും മുന്‍വിധികളും വച്ചു പുലര്‍ത്തികൊണ്ട് ഒരു ജീവിതം സാധ്യമല്ലെന്നും പറഞ്ഞു....'
'എന്നിട്ട്.... അജിയുടെ തീരുമാനം എന്തായിരുന്നു?'
'അജി എതിരൊന്നും പറഞ്ഞില്ല.... കാര്യങ്ങള്‍ ആ വിധംതന്നെ നടക്കട്ടെ എന്നുള്ള മനസാണ്. പിന്നെ വന്നു പോയ പിഴവുകള്‍ക്ക് എന്നോട് ക്ഷമാപണവും നടത്തി....'
'അജിത്തിന്റെ വീട്ടുകാരോട് സംസാരിച്ചിരുന്നോ? അവരുടെ നിലപാട് എന്തെന്ന് അറിയാമോ? അവര്‍ക്ക് സിനിമയില്‍ തുടരുന്നതില്‍ താല്‍പര്യം ഇല്ലായിരുന്നല്ലോ?' എസ്തപ്പാന്‍ ചോദിച്ചു.
'ഞങ്ങള്‍ അവരുമായി സംസാരിക്കാന്‍ മുതിര്‍ന്നില്ല. അജിയാണ് കാര്യങ്ങള്‍ സംസാരിച്ചത്. അവര്‍ക്ക് എതിര്‍പ്പായിരുന്നു നീ വേറെ കല്യാണം കഴിക്കാന്‍ നോക്ക് എന്നാണ് അവര്‍ ഉപദേശിച്ചതെന്നു പറഞ്ഞു.... അജി അവരോട് തന്റെ കാര്യത്തില്‍ ഇടപെടേണ്ട എന്നു പറഞ്ഞുവെന്നാണറിഞ്ഞത്. മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഉള്ളബന്ധം തുടര്‍ന്നുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞത്രേ. ഏതായാലും ആ ഭാഗത്തുനിന്ന് പിന്നെ ഒരു പ്രതികരണവും കണ്ടില്ല....' കെല്‍സി ഒന്നു ദീര്‍ഘമായി നിശ്വസിച്ചു.
അപ്പോള്‍ അജിത്ത് എല്ലാം മറന്ന് ഒരു അനുരഞ്ജനത്തിന് തയ്യാറായി എന്നര്‍ത്ഥം! ങ്ങാ... ഒരു തരത്തില്‍ നല്ലതുതന്നെയാ കെല്‍സി. എത്ര പ്രതാപവും ഉണ്ടെങ്കിലും ബന്ധങ്ങള്‍ വിലകൊടുത്തു വാങ്ങാനൊക്കില്ല.... സ്‌നേഹം പകരാന്‍ ഒരു ജീവിതപങ്കാളിയേയും....' എസ്തപ്പാന്‍ വേദനയോടെ തന്റെ അഭിപ്രായം തുറന്നുപറഞ്ഞു.
'അതു ശരിയാണ് എസ്തപ്പാന്‍ ചേട്ടാ... ജീവിതം ആഘോഷവും ആരവവും മാത്രം ഉള്ള ഉത്സവപ്പറമ്പല്ല; കണ്ണീരും വേദനയും കഠിനാദ്ധ്വാനവും നിറഞ്ഞ യാഥാര്‍ത്ഥ്യങ്ങളുടെ മറുവശംകൂടിയുണ്ട്. പാളിച്ചകള്‍ ആരംഭിക്കുന്നത് മനസില്‍ നിന്നാണ്.'
'കെല്‍സി ഏതായാലും നല്ലൊരു തീരുമാനം തന്നെയാണ് എടുത്തത്, നന്നായി. പ്രൊഫഷനും വേണ്ടെന്നു വയ്ക്കുന്നില്ലല്ലോ? ആവശ്യത്തിന് വന്നു പോകാവുന്നതേ ഉള്ളൂ. കുട്ടികള്‍ ഇവിടെ ആയതിനാല്‍ രണ്ടുപേര്‍ക്കും സൗകര്യംപോലെ വന്നുപോകാം.... പിന്നെ യൂ കാന്‍ എന്‍ജോയ് ലൈഫ് എലോണ്‍! രണ്ടു യുവമിഥുനങ്ങളായി വീണ്ടും ടെക്‌സാസിലെ മണ്ണില്‍ വിഹരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. മുമ്പത്തെക്കാളുമധികം സന്തോഷവും സമാധാനവും എന്റെ സുഹൃത്തുക്കളായ നിങ്ങളുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കട്ടെ.... നന്നായി കെല്‍സി... വളരെ നന്നായി....' എസ്തപ്പാന്റെ സന്തോഷാധിക്യം വാക്കുകളായി പ്രവഹിച്ചു...
'താങ്ക് യൂ ചേട്ടാ.... നന്ദിയുണ്ട്.... പ്രതിസന്ധികളില്‍ ചേട്ടനും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് മുഖ്യമായ തീരുമാനങ്ങള്‍ എടുക്കുമ്പോഴും ചേട്ടന്റെ അഭിപ്രായം ആരായുന്നതുതന്നെ.' കെല്‍സി നന്ദി പ്രകടിപ്പിച്ചു.
'താങ്ക് യൂ.... കെല്‍സി താങ്ക് യൂ.... ഇനിയും ഇനിയും ഈ സൗഹൃദം നമുക്ക് കാത്തുസൂക്ഷിക്കാം..... അമേരിക്കയില്‍ ചെല്ലുമ്പോള്‍ ഇവിടുത്തെ കാര്യങ്ങള്‍ക്കായി എന്നെ വിളിക്കാന്‍ മറക്കണ്ട എന്തുസഹായം വേണമെങ്കിലും തിരക്കിനിടയിലായാലും സമയം കണ്ടെത്തി വേണ്ടതുപോലെ ചെയ്തുതരും കേട്ടോ കെല്‍സി.... മടിവിചാരിക്കേണ്ടതില്ല....ഓക്കെ.'
'ഓ.... തീര്‍ച്ചയായും.... ശരി എന്നാല്‍ ഞാന്‍ വയ്ക്കട്ടെ നേരം ഏറെയായില്ലേ... ബൈ...' കെല്‍സി പറഞ്ഞു.
'എന്നാല്‍ ശരി കെല്‍സി.... തീരുമാനങ്ങള്‍ അറിയിക്കണം കേട്ടോ...ബൈ...'
'തീര്‍ച്ചയായും...'കെല്‍സി കോള്‍ കട്ടാക്കി.
ജീവിതം അഭിനയമല്ല. അഭിനയരംഗം ജീവിതവുമല്ല. യുക്തമായ തീരുമാനങ്ങളിലൂടെ ഇവ രണ്ടും പ്രശ്‌നം സൃഷ്ടിക്കാത്തവിധം മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് തന്റെ വിജയവും. തനിക്കിപ്പോള്‍ ഇവ രണ്ടും പ്രധാനപ്പെട്ടതായിരിക്കുന്നു. ഒന്നിനുവേണ്ടി മറ്റൊന്ന് വേണ്ട എന്നു വെയ്ക്കുന്നതില്‍ കാര്യവുമില്ല. ജീവിതവും പ്രൊഫഷനും ഒരേപോലെ കൊണ്ടുപോകുവാന്‍ തനിക്കാവും എന്ന് കെല്‍സി ഉറച്ചു വിശ്വസിച്ചു. കാരണം ഇതുവരെയുള്ള അനുഭവങ്ങളില്‍നിന്നും താന്‍ പാഠംപഠിച്ചിരിക്കുന്നു. അഭിനയത്തിനുവേണ്ടി ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കരുത്; കുടുംബജീവിതത്തിന്റെ സന്തോഷങ്ങളെയും സങ്കല്‍പ്പങ്ങളെയും ഇല്ലായ്മചെയ്ത് സ്വയം ഒരു ലോകം കെട്ടിപ്പടുക്കാം എന്നു നിശ്ചയിച്ചത് വിഡ്ഢിത്തമായിപ്പോയി.
താനെത്രയധികം പോപ്പുലറായാലും കുടുംബത്ത് താന്‍ ഒരമ്മയും ഭാര്യയും ആണ്. പിടിവാശിക്കാരിയായ ഭാര്യയെ ഒരു ഭര്‍ത്താവും അംഗീകരിച്ചെന്നും വരില്ല. മേയ്ക്കപ്പിന്റെയും ഗ്ലാമറിന്റെയും ലോകം, സ്‌നേഹബന്ധത്തില്‍ ഇഴ ചേര്‍ക്കരുത്. കെല്‍സി ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ ലയിച്ചിരുന്നു.
***** ****** ***** ***** ****** ******* ******
ഒരു പുതിയ ജീവിതത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെട്ടു. ഇരുപാതകളിലൂടെ സഞ്ചരിച്ചവര്‍ വീണ്ടും സ്‌നേഹത്തിന്റെ മുന്തിരിത്തോപ്പില്‍ ഒത്തുചേര്‍ന്നു. മേപ്പിള്‍ ചില്ലകളില്‍ പ്രണയത്തിന്റെ തളിരുകള്‍ മൊട്ടിട്ടു. വീണ്ടും കെല്‍സി വര്‍ഷങ്ങള്‍ക്കുശേഷം ടെക്‌സാസിന്റെ മണ്ണില്‍ പാദമൂന്നി. അജിത്തിന്റെ ഭാര്യയായി ആ വലിയ ബംഗ്ലാവിന്റെ വാതിലുകള്‍ കടന്ന് വന്നു. നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലെന്നവണ്ണം അജിത്തിന്റെ ബെഡ്‌റൂം അലങ്കരിക്കപ്പെട്ടിരുന്നു. പുതിയ മണവാളനും മണവാട്ടിക്കും വേണ്ടി എന്ന പോലെ....
നാന്‍സിയെ വീണ്ടും അപ്പോയിന്റ് ചെയ്തു. നാന്‍സി വളരെയധികം സന്തോഷത്തോടെ ഇരുവരെയും സ്വീകരിച്ചു. അജിത്തിന്റെയും കെല്‍സിയുടെയും തമ്മിത്തല്ലും പിണക്കവും കണ്ട് മൂകം നിന്നിരുന്ന നാന്‍സിയല്ല ഇപ്പോള്‍.... തന്റെ യജമാനന്റെയും യജമാനത്തിയുടെയും ഒത്തുചേരലില്‍ അത്യധികം സന്തോഷിക്കുന്ന പുതിയ നാന്‍സി. കാരണം ഇനി അവള്‍ക്ക് ഡൈനിംഗ് ടേബിളിനിരുപുറം സന്തോഷപൂര്‍വ്വം ഇരിക്കുന്ന ദമ്പതികള്‍ക്ക് മനംനിറഞ്ഞ് വിളമ്പാം. കണ്ണീരൊഴുക്കി പാതി രുചിച്ച ഭക്ഷണത്തിനു മുമ്പില്‍ നിന്നെഴുന്നേറ്റു പോകുന്ന യജമാനനെയും യജമാനത്തിയെയും ഓര്‍ത്ത് ദുഃഖിക്കേണ്ട.... അവള്‍ നിറഞ്ഞ മനസ്സോടെ ഉത്സാഹപൂര്‍വ്വം വിഭവങ്ങള്‍ തയ്യാറാക്കി.
അത്താഴം കഴിഞ്ഞ് കെല്‍സി മുകളില്‍ അജിത്തിന്റെ റൂമിലേയ്ക്ക് ചെന്നു. അജിത്തിന്റെ മുറിയിലേയ്ക്ക് കാലെടുത്തുവച്ചപ്പോള്‍ കെല്‍സിയുടെ കണ്ണുകള്‍ നിറഞ്ഞു. എത്രയോ നാളുകള്‍ താന്‍ ഏകയായി ഈ ബംഗ്ലാവില്‍ കിടന്നുറങ്ങി.... ആ ഓര്‍മ്മകള്‍ ഇനിയും തന്നെ ശല്യപ്പെടുത്താതിരിക്കട്ടെ എന്നവള്‍ ആഗ്രഹിച്ചു.
വാതിലുകള്‍ അടച്ച് കെല്‍സി അജിത്തിന്റെ അരുകില്‍ വന്നു നിന്നു. അജിത്ത് ജനാലയ്ക്കരുകില്‍നിന്ന് ടെക്‌സാസ് നഗരത്തിന്റെ വിദൂരക്കാഴ്ചകള്‍ ആസ്വദിക്കുകയായിരുന്നു. ഇളം മാരുതനില്‍ മേപ്പിള്‍മരത്തിന്റെ ഇലകള്‍ കിലുകിലാരവം മുഴക്കി. അകലെ ഒരു രാപ്പാടി ചിലച്ചു. തൊട്ടകലത്തുനിന്നും അതിന്റെ ഇളക്കിളി മധുരമായി ചിലച്ചുകൊണ്ട് അവള്‍ക്കരികിലേയ്ക്ക് പറന്നണഞ്ഞു.
കെല്‍സി ജനാലയ്ക്കരുകിലെത്തി അജിത്തിന്റെ പിന്നില്‍നിന്നും തോളില്‍ പിടിച്ച് അവനോട് ചേര്‍ന്നു നിന്നു. അകലേയ്ക്കു നോക്കിനിര്‍മേഷം നില്‍ക്കുന്ന അജിത്തിന്റെ താടിക്കുപിടിച്ച് തനിക്കഭിമുഖമായി തിരിച്ചു. അജിത്തിന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി നില്‍ക്കുന്നു. നിറനിലാവിന്റെ നീലിമയില്‍ കണ്ണീര്‍ത്തുള്ളികള്‍ വജ്രമുത്തുകളായി ഉതിര്‍ന്നുവീണു.
കെല്‍സി തന്റെ പതുപതുത്ത നീളന്‍ വിരലുകള്‍കൊണ്ട് അജിത്തിന്റെ കവിളുകള്‍ തുടച്ചു.... അജിത്തിന്റെ ഹൃദയം തുടിക്കുകയായിരുന്നു.... പശ്ചാത്താപ വിവശനായി അവന്‍ അവള്‍ക്കരുകില്‍ നിന്നു....
'അജി.... കരയുകയായിരുന്നു അല്ലേ' കെല്‍സി ഒരു മന്ത്രണംപോലെ അവന്റെ കാതില്‍ ചോദിച്ചു.
അജി കണ്ണുകള്‍ ഇറുകെ അടച്ച് ശിരസിളക്കി.
'അജിയേട്ടാ.... കണ്ണീരിനുശേഷമുള്ള പുഞ്ചിരിക്ക് വളരെ വളരെ വിലയുണ്ട് അല്ലേ? കെല്‍സി അജിയോട് ആരാഞ്ഞു. അജി കെല്‍സിയെ കെട്ടിപ്പിടിച്ച് അവളുടെ മൂര്‍ദ്ദാവില്‍ ഒരു ചുടുചുംബനം നല്‍കി. കെല്‍സി അജിയെയും ഇറുകെ പുണര്‍ന്നു. ഇരുവരുടെയും ഹൃദയം ആനന്ദത്താല്‍ വിങ്ങിപ്പൊട്ടിപ്പോവും എന്ന നിലയില്‍ ത്രസിച്ചു.... എല്ലാം മറന്ന്..... എല്ലാം ക്ഷമിച്ച്....ഹൃദയങ്ങള്‍ ഒന്നായി അവരങ്ങനെ ദീര്‍ഘനേരം നിന്നു..... അവര്‍ ഇരുവരും പരസ്പരം അംഗീകരിക്കുകയായിരുന്നു. അവര്‍ തമ്മില്‍ ഒരു മുഖാവരണങ്ങളും വേര്‍തിരിവും ഇല്ലാതായി. ഇനി മുതല്‍ അജിയുടെ ഇഷ്ടമാണ് കെല്‍സിക്ക്; കെല്‍സിയുടെ സന്തോഷമാണ് അജിക്ക് പ്രധാനം. ഇനി മുതല്‍ അവര്‍ക്കിടയില്‍ ഇഷ്ടാനിഷ്ടങ്ങളുടെ കുറുമ്പും വാശിയും ഉണ്ടാവില്ല. പരസ്പരം അറിയുന്ന ഇരുഹൃദയങ്ങള്‍ ഒന്നായിച്ചേരുവാന്‍ ഒരു പുഴയായ് ഒഴുകുവാന്‍ തുടങ്ങി. ഒരേ ലക്ഷ്യത്തിലേയ്ക്ക്....
കെല്‍സി രാവിലെതന്നെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഒരു കപ്പ് കാപ്പിയുമായി എത്തിയപ്പോഴും അജിത്ത് കിടക്കയില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. കാപ്പി ടേബിളില്‍ വച്ചിട്ട് കെല്‍സി അജിത്തിന്റെ സമീപത്തായി ചേര്‍ന്നിരുന്ന് അജിത്തിന്റെ വലതുചെവിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് വിളിച്ചു.... 'അജിയേട്ടാ.... എഴുന്നേല്‍ക്ക് നേരം വളരെ വൈകി....' അജിത്ത് ഒന്നു മൂളി ഒന്നുകൂടി ചുരുണ്ടുകൂടി. കെല്‍സി അജിയുടെ കാതില്‍ ചെറുതായി ഇക്കിളിപ്പെടുത്തി കടിച്ചു. അജിത്ത് ചാടി ഉണര്‍ന്നു..... കെല്‍സി പൊട്ടിച്ചിരിച്ചുകൊണ്ട് അജിയുടെ അരികില്‍ ചേര്‍ന്നിരുന്നു. കുളികഴിഞ്ഞ് ടൗവ്വല്‍ മുടിയില്‍ കെട്ടിവച്ച് അരികില്‍ ഇരിക്കുന്ന കെല്‍സിയെ അജി കണ്‍നിറയെ നോക്കി. അജി ചുണ്ടുകള്‍ കോട്ടി കെല്‍സിയുടെ കവിളില്‍ മുത്തമിടാന്‍ ശ്രമിക്കേ കെല്‍സി വലതുകൈ വിരലുകളാല്‍ അജിയുടെ ചുണ്ടുകള്‍ അടച്ചമര്‍ത്തി തള്ളിമാറ്റിക്കൊണ്ട് 'പോടാ' എന്നു കുസൃതിയോടെ പറഞ്ഞ് എഴുന്നേറ്റുപോയി ടേബിളില്‍ വച്ചിരുന്ന കാപ്പി എടുത്ത് അജിക്കു നേരെ നീട്ടി.
അജി കാപ്പിവാങ്ങി രുചിച്ചു നോക്കെ കെല്‍സി സൂത്രത്തില്‍ അജിയുടെ കവിളില്‍ ഒരു ചുംബനം നല്‍കി വെട്ടിത്തിരിഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി....
അജി പിന്നില്‍നിന്നും വിളിച്ചു പറഞ്ഞു: 'കാപ്പിക്ക് ഇരട്ടി ടേസ്റ്റ് ഉണ്ട് കേട്ടോ....'
'പഞ്ചാര കൂടിയതുകൊണ്ടാ...' കെല്‍സി പിന്തിരിഞ്ഞ് മറുപടി പറഞ്ഞ് കണ്ണിറുക്കി.... കെല്‍സി പടികളിറങ്ങി താഴേയ്ക്ക് പോയി. അജി കാപ്പി കുടിച്ചുകഴിഞ്ഞ് എഴുന്നേറ്റ് ഫ്രഷ് ആകുവാനുള്ള തയ്യാറെടുപ്പില്‍ മുഴുകി.
അജി കുളികഴിഞ്ഞിറങ്ങിയപ്പോഴേയ്ക്കും കെല്‍സി മുകളിലേയ്ക്ക് കയറിവന്നു.
'അജി റെഡിയായില്ലേ.... ഓഫീസില്‍ പോകാന്‍ സമയം വൈകുന്നു....' കെല്‍സി ഓര്‍മ്മിപ്പിച്ചു.
'ഞാനിന്ന് ഓഫീസില്‍ പോകുന്നില്ലെടാ... ലീവെടുക്കുവാ....' അജി മുഖം ചുളുക്കി കെഞ്ചിപ്പറഞ്ഞു....
'ആ.... ആ.... അതുപറ്റില്ല കുട്ടാ... വേഗം ഒരുങ്ങി പോകാന്‍ നോക്ക്.... ഇത്രയും ദിവസം ലീവെടുത്തു ഇനി എക്‌സ്റ്റന്‍ഡ് ചെയ്യണ്ട.... വേഗം ഇറങ്ങി വാ... ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കൊഞ്ചാതെ പോവാന്‍ നോക്ക് അജി....'
'നീ വന്ന് ഈ സ്യൂട്ടിന്റെ ബട്ടണ്‍ ഇട്ടുതാടി കെല്‍സി.... നീയെന്താ ഒരു സ്‌നേഹമില്ലാതെ നില്‍ക്കുന്നത്?'
കെല്‍സി ചെന്ന് അജിക്ക് സ്യൂട്ടിന്റെ ബട്ടണ്‍ ഇട്ടുകൊടുത്തു. താഴേയ്ക്ക് പോവാന്‍ തിരിഞ്ഞ കെല്‍സിയെ വട്ടംചുറ്റിപ്പിടിച്ച് അവളുടെ ചെമന്ന അധരങ്ങളില്‍ തുരുതുരെ ചുംബനം നല്‍കി അജി. അപ്രതീക്ഷിത ചുംബനങ്ങളില്‍ വിവശയായ കെല്‍സി അജിയുടെ ഇരുമാറിടങ്ങളിലും മുഷ്ടിചുരുട്ടി ചറപറാ ഇടിച്ചുകൊണ്ട് ചിണുങ്ങിനിന്നു.....