പാമ്പിനേം പട്ടിയേം ആയിരുന്നു ചെറുപ്പത്തില്‍ എനിക്ക് ഏറ്റവും ഭയമുണ്ടായിരുന്നത്.
ഇന്നും ആ ഭയം പൂര്‍ണ്ണമായി മാറിയിട്ടില്ല. പാമ്പിന്റെ വിഷംചീറ്റുന്ന മനുഷ്യരേയും
പട്ടിയുടെ സ്വഭാവമുള്ളവരേയും എനിക്ക് ഇപ്പോഴും ഭയംതന്നെയാണ്.
അങ്ങനെയുള്ളവരുമായിട്ട് സഹകരിക്കാതിരിക്കുക എന്നുള്ളതാണ് എന്റെ നയം.
മതമൗലികവാദികളേയും അഹങ്കാരികളേയും സംസ്‌കാരമില്ലത്തവരേയും കപടസദാചാരക്കാരേയും
എനിക്ക് വെറുപ്പാണ്. അവരില്‍നിന്ന് അകന്നുതെന്നെ ഞാന്‍
ജീവിക്കുന്നു.
വിഷമില്ലത്ത ചേരയെ കണുന്നതുപോലും ഉള്‍ക്കിടിലം
ഉണ്ടാക്കിയിരുന്നു ചെറുപ്പത്തില്‍. ഒരിക്കല്‍ വില്ലൂന്നി എന്ന നിരപരാധിയായ പാമ്പിനെ
കപ്പത്തണ്ടുകൊണ്ട് അടിച്ചതും തണ്ട് രണ്ടായിട്ട് ഒടിഞ്ഞതല്ലാതെ പാമ്പിന്
കൊണ്ടില്ലെന്നതുമാണ് എന്റെ സാഹസികകഥകളിലെ ഒരേട്. എന്താണ് സംഭവിച്ചതെന്നറിയാതെ
പാമ്പ് തലയുയര്‍ത്തിനോക്കി പരിഹസിച്ചിട്ട് വന്നവഴിക്ക് പോയി. സംഭവത്തിന്
ദൃക്‌സാക്ഷിയായ ലളിതപ്പെങ്ങള്‍ പാമ്പ് പ്രതികാരം ചെയ്യാന്‍ വരുമെന്നും രാത്രിയില്‍
ഉറങ്ങിക്കിടക്കുമ്പോള്‍ ഇഴഞ്ഞുവന്ന് പുക്കിളില്‍ കടിക്കുമെന്നും പറഞ്ഞ് എന്റെ
മനഃസമാധാനം നഷ്‌ടപ്പെടുത്തി. അതുകൊണ്ട് കുറെദിവസങ്ങളോളം പുക്കിളില്‍
പൊത്തിപ്പിടിച്ചുകൊണ്ടാണ് ഉറങ്ങാന്‍ കിടന്നിരുന്നത്. ഒരു ധൈര്യത്തിനുവേണ്ടി
ഉറക്കം വല്ല്യമ്മച്ചിയുടെ കൂടെയാക്കി. `എന്താടാ ഇപ്പോഴൊരു സ്‌നേഹം?' എന്നുചോദിച്ച
വല്ല്യമ്മച്ചിയെ കെട്ടിപ്പിടിച്ച് സുഹമായി ഉറങ്ങി.
ഞങ്ങളുടെ അയല്‍വാസിയായ
വര്‍ക്കിച്ചേട്ടനായിരുന്നു പാമ്പിനെ തല്ലിക്കൊല്ലാന്‍ വിദഗ്‌ധന്‍. എട്ടടി നീളമുള്ള
മൂര്‍ഖന്‍ പാമ്പിനെവരെ അദ്ദേഹം നിഷ്‌പ്രയാസം വകവരുത്തിയിട്ടുണ്ട്. പാമ്പിനെ
കൊല്ലാന്‍വേണ്ടിമാത്രം നല്ലൊരു പുളിവടി ഏതുനിമിഷവും എടുക്കാന്‍തക്കവണ്ണം
ഉത്തരത്തില്‍ തിരുകിവെച്ചിരുന്നു. ആ വടി കാണുന്നതുപോലും എന്നില്‍ വല്ലാത്തൊരുഭയം
സൃഷ്‌ട്ടിച്ചിരുന്നു. വര്‍ക്കിച്ചേട്ടന്റെ മകനും എന്റെ സഹപാഠിയുമായ കെ.വി.ചാക്കോ
പ്രസ്‌തുത വടികാണിച്ച് എന്നെ ഭയപ്പെടുത്തിയിട്ടുണ്ട്. പാമ്പനെകൊന്ന വടിയില്‍പോലും
വിഷം അടങ്ങിയിട്ടുണ്ടെന്നായിരുന്നു എന്റെ വിചാരം.
കെ.വി. ചാക്കോയെപ്പറ്റി
പറയുകയാണെങ്കില്‍ അവനും അപ്പന്റെകൂട്ട് ധൈര്യശാലി ആയിരുന്നു. സ്‌കൂളില്‍
പോകുന്നതും വരുന്നതും ഞങ്ങള്‍ ഒന്നിച്ചായിരുന്നതിനാല്‍ അവന്റെ ധീരകൃത്യങ്ങള്‍ പലതും
നേരിട്ട് കാണാനുള്ള സൗഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. വര്‍ക്കിച്ചേട്ടന്‍കൊന്ന
പാമ്പിന്റെ സമീപത്തുപോലും ഞാന്‍ നിന്നിരുന്നില്ല. അത് ജീവന്‍വെച്ചുവന്ന് എന്നെ
കടിക്കിമോ എന്നായിരുന്നു ഭയം. എന്നാല്‍ കെ.വി.ചാക്കോ അതിന്റെ അടുത്ത് ചെല്ലുന്നതും
കയ്യില്‍ എടുക്കുന്നതും അത്ഭുതത്തോടെയാണ് കണ്ടിട്ടുള്ളത്. അവനോടുളള എന്റെ ആരാധന
വര്‍ദ്ധിച്ചതിന്റെ ഒരുകാരണം അതായിരുന്നു. അവന്റെ അകമ്പടിയായിട്ട് നടക്കുന്നതിനാല്‍
എന്നോടും മറ്റുകുട്ടികള്‍ക്ക് ബഹുമാനം ഉണ്ടായിരുന്നു.
പാമ്പിനെ കൊല്ലാന്‍
പാടില്ലെന്നും അത് ശിവന്റെ കഴുത്തിലെ ആഭരണമാണെന്നും എന്റെ ക്‌ളാസ്സിലെ എം.
നാരായണപിള്ള പറഞ്ഞത് അവിശ്വാസത്തോടെയാണ് കേട്ടത്.
ഹിന്ദുക്കള്‍ പാമ്പിനെ
കൊല്ലത്തില്ലെന്ന് അവന്‍ പറഞ്ഞു. ക്രിസ്‌താനികളും മുസ്‌ളീങ്ങളും ആണത്രെ പാമ്പിനെ
ഉപദ്രവിക്കുന്നത്. അതിന്റെ ശാപം അവര്‍ക്ക് കിട്ടുമെന്ന് അവന്‍ പറഞ്ഞത്
കെ.വി.ചാക്കോ അവജ്ഞയോടെ തള്ളി.
`ശാപം, തേങ്ങാക്കൊല. ഞങ്ങളങ്ങ് സഹിച്ചു.'
ചാക്കോ നാരായണപിള്ളയുടെ വായടച്ചു..
ഒരുദിവസം സ്‌കൂളുവിട്ട് വരുമ്പോളാണ്
നാലുംകൂടുന്ന വഴിയില്‍ ആള്‍കൂട്ടം കണ്ടത്. എന്താണെന്നറിയാന്‍ ചെന്നുനോക്കുമ്പോള്‍
ഒരു പാമ്പാട്ടി മൂന്നാല് മൂര്‍ഖന്‍പാമ്പുകളെ കൂടയില്‍നിന്ന് പുറത്തിറക്കി
കളിപ്പിക്കുന്നു. അതിലൊരെണ്ണം ഇടക്കിടക്ക് അയാളെ കൊത്താന്‍ ശ്രമിക്കുന്നുണ്ട്.
അയാള്‍ വിദഗ്‌ധമായി ഒഴിഞ്ഞുമാറുന്നതുകൊണ്ട് പാമ്പിന്റെ കടികൊള്ളാതെ രക്ഷപെടുന്നത്
അതിശയത്തോടും ഭയത്തോടുംകൂടിയാണ് ഞാന്‍ നോക്കിനിന്നു. കെവി.ചാക്കോ പനിയായതുകൊണ്ട്
അന്ന് സ്‌കൂളില്‍ വരാഞ്ഞതിനാല്‍ സംഭവം അല്‍പം അതിശയോക്തി കലര്‍ത്തി അടുത്തദിവസം
അവനോട് വര്‍ണ്ണിച്ചു. എന്നാല്‍ എന്റെ വര്‍ണ്ണന അവനില്‍ യാതൊരു ഭാവഭേദവും
വരുത്താഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു. ഇതാണോ വലിയകാര്യം എന്ന ഭാവമായിരുന്നു അവന്.
പാമ്പാട്ടികള്‍ പാമ്പിന്റെ വിഷപ്പല്ല് ഊരിക്കളയുമെന്നും അതുകൊണ്ട് കടിച്ചാലും
വിഷമേല്‍ക്കില്ലെന്നും അവന്‍ പറഞ്ഞത് ഞാന്‍ വിശ്വസിച്ചു.
ഞാനിപ്പോള്‍
അമേരിക്കയിലായതിനാല്‍ പാമ്പിനെ ഭയപ്പെടാതെ ജീവിക്കാം. വടക്കേ അമേരിക്കയില്‍
വിഷമുള്ള പാമ്പുകള്‍ അപൂര്‍വ്വമാണത്രെ. എന്നാല്‍ തെക്കെ അമേരിക്കയിലെ
റാറ്റില്‍സ്‌നേക്ക് ഭയങ്കര വിഷമുള്ള പാമ്പാണ്. ഭാഗ്യം അത് വടക്കോട്ട്
വരാത്തത്. നോര്‍ത്ത് കരോളിനായിലെ ഷാര്‍ലറ്റില്‍ ആയിരുന്നപ്പോള്‍ എന്റെ വീടിന്റെ
ബാക്ക്യാര്‍ഡില്‍ കറുത്തുനീണ്ട പാമ്പിനെ ഒരിക്കല്‍ കാണുകയുണ്ടായി. എന്റെ
അയല്‍ക്കാരനായിരുന്ന മാര്‍ക്കിനെ വിളിച്ച് ഞാനതിനെ കാണിച്ചു. അത് ബ്‌ളാക്ക്
സ്‌നേക്ക് എന്നൊരു നിരുപദ്രവിയായ പാമ്പാണെന്നും ചെറിയവിഷമുള്ള പാമ്പുകളെതിന്ന്
നശിപ്പിക്കുതുകൊണ്ട് മനുഷ്യന് ഉപകാരിയാണെന്നും അയാള്‍ പറഞ്ഞു. നോര്‍ത്ത്
കരോളിനയില്‍ വിഷമുള്ള പാമ്പുകളൊന്നും ഇല്ലെന്ന് അയാളില്‍നിന്ന് ഞാന്‍
മനസിലാക്കി.
സ്‌കൂളില്‍ പോകുന്നവഴിയില്‍ കാണുന്ന പട്ടികളെയെല്ലാം
കല്ലെറിഞ്ഞ് ഓടിക്കുക എന്നുള്ളതായിരുന്നു ഞങ്ങടെ ചെറുപ്പത്തിലെ മറ്റൊരു വിനോദം.
അന്ന് ഇന്നത്തെപ്പോലെ പട്ടിസംഘ്യപ്പെരുപ്പം ഇല്ലാതിരുന്നതിനാല്‍ വഴിയില്‍
ചിലപ്പോള്‍ ഒന്നോരണ്ടോ പട്ടികളെ മാത്രമേ കണ്ടിരുന്നുള്ളു. അങ്ങനെയുള്ള ഒരുപട്ടിയെ
കല്ലെറിഞ്ഞതിന് അതിന്റെ ഉടമസ്ഥയുടെവക തെറി വേണ്ടുവോളം കേട്ടത് ഇപ്പോഴും
ഓര്‍മ്മയുണ്ട്.
മുറിവാല്.
ഇന്നിപ്പോള്‍ മനേക ഗാന്ധിയുടെ
മൃഗസ്‌നേഹംകൊണ്ടും സുപ്രീകോടതി ജഡ്‌ജിമാരുടെ ശുംഭത്തരത്തിന്റെ ഫലമായിട്ടും (സഖാവ്
ജയരാജന്റെ ഭാഷയില്‍) പട്ടികളുടെ എണ്ണം മനുഷ്യരുടേതിനേക്കാള്‍
പെരുകിക്കൊണ്ടിരിക്കുകയാണല്ലോ ഇന്‍ഡ്യയിലും കേരളത്തിലും. പട്ടികളെ വന്ധ്യംകരിച്ച്
സംഘ്യകുറക്കണമെന്നാണ് അവരുടെ വിദഗ്‌ധാഭിപ്രായം. നടപ്പുള്ള കാര്യമാണോ?
ഒരുനൂറ്റാണ്ട് വന്ധ്യംകരിച്ചാലും അവയുടെ എണ്ണം കുറയാന്‍ പോകുന്നില്ല. കൊക്കിനെ
പിടിക്കാന്‍ ഒരു വിദഗ്‌ധന്‍ നിര്‍ദ്ദേശിച്ച മാര്‍ക്ഷമാണ് ഓര്‍മവരുന്നത്. കൊക്കിനെ
പിടിക്കാന്‍ അതിന്റെ തലയില്‍ അല്‍പം വെണ്ണ പുരട്ടി വെയിലത്ത് നിറുത്തുക.
ചൂടുകൊണ്ട് വെണ്ണ ഉരുകി കണ്ണില്‍ പതിക്കുമ്പോള്‍ അതിന്റെ കാഴ്‌ച്ച നഷ്‌ടപ്പെടും.
അപ്പോള്‍ ഓടിച്ചെന്ന് പിടിക്കുക. മേല്‍പറഞ്ഞ വിദഗ്‌ധന്റെ അഭിപ്രായം തന്നെയല്ലേ
സുപ്രീംകോടതി ജഡ്‌ജിമാരുടേതും എന്ന് തോന്നിപ്പോകുന്നു. കാറില്‍ സഞ്ചരിക്കുകയും
ചുറ്റുമതിലും ഗേറ്റുമുള്ള വീട്ടില്‍നിന്ന് പുറത്തിറങ്ങതെ ജീവിക്കുകയും ചെയ്യുന്ന
ജഡ്‌ജിമാര്‍ക്ക് എങ്ങനെയാണ് കാല്‍നടയാത്രക്കാരനായ പാവപ്പെട്ടവന്റെ
ബുദ്ധിമുട്ടുകള്‍ മനസിലാവുക?
മൃഗസ്‌നേഹികള്‍ക്ക് ചെയ്യാവുന്നകാര്യം:
വഴിയില്‍കാണുന്ന പട്ടികളെ പിടിച്ചുകൊണ്ടപോയി അവരുടെ വീടുകളില്‍ കൂടുകെട്ടി
ആഹാരവുംകൊടുത്ത് സംരക്ഷിക്കുക. അല്ലാതെ വെറുതെ വാചകംഅടിക്കാന്‍ ആരെക്കൊണ്ടാണ്
സാധിക്കാത്തത്? ഇന്‍ഡ്യാക്കാരെക്കാളും മൃഗങ്ങളെ, പ്രത്യകിച്ചും പട്ടികളെ,
സ്‌നേഹിക്കുന്നവരാണ് അമേരിക്കക്കാരും യൂറോപ്യന്‍ രാജ്യക്കാരും. അവിടങ്ങളില്‍
വഴിയില്‍ അലഞ്ഞുനടക്കുന്ന പട്ടികളെ കാണുക അപൂര്‍വ്വം. അഥവാ കണ്ടാല്‍ ഉടനെ
പിടിച്ചുകൊണ്ടുപോയി ഷെല്‍റ്ററില്‍ അടച്ച് സംരക്ഷിക്കും. അതാണ് മൃഗസ്‌നേഹം. അല്ലതെ
വാചകം അടിച്ചിട്ട് കാറില്‍ സഞ്ചരിച്ചാല്‍ വഴിനടക്കുന്ന പാവപ്പെട്ട കുട്ടികളെ
പട്ടികള്‍ കടിച്ചുകീറുന്നത് കാണാന്‍ അവര്‍ക്ക് സാധിക്കുമോ?
സാം
നിലമ്പള്ളില്‍.
sam3nilam@yahoo.com
