ശ്രീ. ജെ. മാത്യൂസ്, അമേരിക്കയിലെ സാഹിത്യ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍ക്ക്
മാര്‍ഗദര്‍ശനം നല്‌കിയ ഒരു മുതിര്‍ന്ന നേതാവാണ്. സംഘടനകളുടെ ജയവും അപചയവും
നേരില്‌ക്കണ്ട ശ്രീ. മാത്യൂസ്, അമേരിക്കയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാഹിത്യ മാസികയായ
ജനനിയുടെ പത്രാധിപരായി തുടരുന്നു. അദ്ദേഹം, പ്രൊഫസ്സര്‍ കുഞ്ഞാപ്പുവിന്റെയ
പ്രശസ്‌ത, വിവാദ ലേഖനസമാഹാരമായ `ആരാണ് വിദ്യാധരനും സാമൂഹ്യപാഠങ്ങളും' എന്ന
ഗ്രന്ഥത്തിലെ `സംഘടനകള്‍ വിഘടിക്കുന്നതെന്തു കൊണ്ട്?' എന്ന ലേഖനത്തെ ഇവിടെ
വിലയിരുത്തുന്നു.
`പൂവു ചോദിച്ചു ഞാന്‍ വന്നു പൂക്കാലമല്ലോ എനിക്കു തന്നു.'
എന്ന പ്രതീതിയാണ് പ്രൊഫസര്‍ ജോയ് ടി. കുഞ്ഞാപ്പുവിന്റെ `സംഘടനകള്‍
വിഘടിക്കുന്നതെന്തുകൊണ്ട്?' എന്ന ലേഖനം വായിച്ചപ്പോള്‍ എനിക്കുണ്ടായത്. `സംഘടന
എന്ന ജൈവ വസ്‌തുവിന്റെ സങ്കോച വികാസങ്ങളെ ആത്മനിഷ്‌ഠമായും വസ്‌തുനിഷ്‌ഠമായും
വിലയിരുത്താനുള്ള ശ്രമത്തില്‍, അദ്ദേഹം പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. കാട്ടിലെ
വേട്ടക്കാരനായിരുന്ന മനുഷ്യന്‍ കാലക്രമത്തില്‍ നാഗരികതയിലേക്ക് പരിണമിച്ചത്
ലേഖനത്തിന്റെ ആരംഭത്തില്‍ തന്നെ അദ്ദേഹം സൂചിപ്പിക്കുന്നു. ഈ പ്രയാണത്തില്‍
`കൂട്ടുകുടുംബമായി ആരംഭിച്ച്, വിഘടിച്ച് അണു കുടുംബത്തോളമെത്തി' നില്‍ക്കുന്ന
സാമൂഹ്യഘടന അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. `ഭയം എന്ന വികാരത്തില്‍ നിന്ന്
ഉത്ഭവിച്ച മതം' വിഘടിച്ചതിന്റെയും ഇന്നും ആ ചരിത്രം ആവര്‍ത്തിക്കുന്നതിന്റെയും സൂചന
ഈ ലേഖനത്തിലുണ്ട്.
`വിഘടിക്കാനുള്ള കാരണം തേടുന്നതിനു മുമ്പ്
സംഘടിക്കാനുള്ള കാരണം' ലേഖകന്‍ അന്വേഷിക്കുന്നു. ഏതൊരു വിഷയം ചര്‍ച്ച
ചെയ്യുന്നതിനും ഫലപ്രദമാണീ സമീപനം. പൊതുശത്രുവിനെ നേരിടുക, വളരാന്‍ അനുയോജ്യമായ
പൊതുവേദി ഒരുക്കുക, ഒത്തുചേരലിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുക എന്നീ മുഖ്യ
കാരണങ്ങളാണ് സംഘടിക്കാന്‍ പ്രേരണ നല്‍കുന്നതെന്ന് ലേഖകന്‍
കണ്ടെത്തുന്നു.
സംഘടനകള്‍ വിഘടിക്കാനുള്ള കാരണങ്ങള്‍ 17 ഇനങ്ങളായി തരം
തിരിച്ചിട്ടുണ്ട്. അവയില്‍ ചിലതിന് വിഘടനവുമായി നേരിട്ടു ബന്‌ധമില്ലെങ്കില്‍
പോലും ആ പട്ടികയില്‍ പിളര്‍പ്പിനുള്ള എല്ലാ കാരണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
തികച്ചും പഠനാര്‍ഹമാണവ. സംഘടനാ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യേണ്ടതാണ് അതില്‍
ഓരോന്നും.
വിവിധതരം സംഘടനകളില്‍ ഉണ്ടായിട്ടുള്ള പിളര്‍പ്പിന്റെ സ്വന്തം
അനുഭവങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ലേഖകന്‍ വായനക്കാരോട് ആവശ്യപ്പെടുന്നുണ്ട്.
മനുഷ്യന്റെ സ്വാതന്ത്ര്യാഭിലാഷം ഏകാധിപത്യരാജ്യങ്ങളെ ശിഥിലീകരിക്കുമെന്ന് സമീപകാല
സംഭവങ്ങള്‍ തെളിയിക്കുന്നതായി അദ്ദേഹം കണ്ടെത്തുന്നു.
Entropy, big bang
theory, Radio activity, പരിണാമം, കോശ വിഭജനം, അര്‍ബ്ബുദം തുടങ്ങിയ വിഷയങ്ങള്‍
ഉദ്ധരിച്ചുകൊണ്ട് പ്രകൃതിപോലും വിഘടന പ്രക്രിയക്ക് വിധേയമാണെന്ന് ലേഖകന്‍
സമര്‍ദ്ധിക്കുന്നു.
കര്‍ണാടക സംഗീതത്തിലെ യതിയോടു കടപ്പാടുള്ള രസകരമായ ഒരു
ടിപ്പണിക്കവിതയോടുകൂടി ഈ ലേഖനം ഉപസംഹരിക്കുന്നു. സാമൂഹ്യ ബന്‌ധങ്ങളുടെ ആരംഭം മുതല്‍
ആവര്‍ത്തിക്കുന്ന പ്രതിഭാസമാണ് യോജിപ്പും വിയോജിപ്പും, വിയോജിപ്പിലൂടെ വിഘടിക്കലും.
സമൂഹത്തിലെ വിവിധതരം സംഘടനകളിലുണ്ടായ വിഘടനങ്ങളുടെ കാരണങ്ങള്‍ തരം തിരിച്ച് ലേഖകന്‍
വിവരിക്കുന്നു. അതിസൂക്ഷ്‌മമായ നിരീക്ഷണവും നിഷ്‌പക്ഷമായ നിഗമനവും ഇത്തരമൊരു
ലേഖനത്തിന്റെ പൂര്‍ണ്ണതയ്‌ക്ക് ആവശ്യമാണ്. പ്രൊഫ. കുഞ്ഞാപ്പു അക്കാര്യത്തില്‍
തികച്ചും വിജയിച്ചിട്ടുണ്ട്. ലേഖനത്തിന്റെ ആരംഭത്തിലും അവസാനത്തിലും
പ്രകൃതി നിയമങ്ങളും ശാസ്‌ത്ര സിദ്ധാന്തങ്ങളും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.
ശാസ്‌ത്ര വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള പാണ്‌ഡിത്യവും സാമൂഹ്യ സ്വഭാവങ്ങളില്‍ അവ
എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് കാണിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ യുക്‌തിചിന്തയും
അഭിനന്ദനാര്‍ഹമാണ്. വളരെ വിസ്‌തൃതമായ ഒരു ക്യാന്‍വാസിലാണ് ഈ ലേഖനം
ചിത്രീകരിച്ചിരിക്കുന്നത്. തലക്കെട്ട് ഒന്നു പരിഷ്‌കരിച്ച് `സംഘടനകള്‍: വികാസം,
വിഭജനം, വിഘടനം - ഒരു പഠനം' എന്നാക്കിയ ശേഷം, കൂടുതല്‍ ഉദാഹരണങ്ങളും വിശദാംശങ്ങളും
ചേര്‍ത്ത് വിപുലപ്പെടുത്തിയാല്‍ ഇത് ഒരൊന്നാന്തരം പ്രബന്‌ധമാകും.
അച്ച്
നിരത്താതെയുള്ള അച്ചടിയായതിനാല്‍, അണിയറയില്‍ ഒളിച്ചിരിക്കുന്ന അക്ഷരങ്ങളെ
കണ്ടെത്തി യഥാസ്‌ഥാനം പ്രവേശിപ്പിക്കണം. ശ്രദ്ധയോടെയുള്ള പ്രൂഫ് റീഡിംഗ്
ആവശ്യമാണ്. ആവര്‍ത്തനങ്ങളും ആവശ്യമില്ലാത്ത വിവരണങ്ങളും ഒഴിവാക്കണം. 10 പേജില്‍
നിന്ന് 4 പേജില്‍ സംഗ്രഹിച്ചെഴുതിയാല്‍, `സംഘടനകള്‍ വിഘടിക്കുന്നതെന്തുകൊണ്ട്?'
എന്ന ഈ ലേഖനം പഠനാര്‍ഹവും കാലിക പ്രസക്‌തവുമായ ഒരൊന്നാന്തരം ലേഖനമാകും!
അഭിനന്ദനങ്ങളോടെ,
ജെ. മാത്യൂസ്.