Image

നിരൂപണത്തിന്റെ നിഴലുകള്‍ (ലേഖനം-ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 02 May, 2015
നിരൂപണത്തിന്റെ നിഴലുകള്‍ (ലേഖനം-ജോണ്‍ വേറ്റം)
സാഹിത്യനിരൂപണത്തിന്റെ നീതിബോധം മങ്ങുന്നു, വിമര്‍ശനത്തിന്റെ വഴി പിഴയ്ക്കുന്നു എന്ന ചിന്ത പൊന്തിവന്നിരിക്കുന്നു. ഇതു അര്‍ത്ഥമാക്കുന്നത് എന്താണ്?

അസഭ്യം വ്യര്‍ത്ഥഭാഷണം അശ്ലീലഫലിതം എന്നിവ പാടില്ലെന്ന് വേദോപദേശം ഉണ്ട്. എന്നിട്ടും, സാഹിത്യത്തില്‍ അവ പെരുകുന്നു. സാഹിത്യസൃഷ്ടികളില്‍ ഫലിതം അവശ്യമെന്നു കരുതുന്നവരുണ്ട്. ഏതുവിധമായാലും, പരിഹാസത്തിനും പ്രതികാരത്തിലും വ്യക്തിഹത്യക്കും വേണ്ടി ഫലിതം ഉപയോഗിക്കുമ്പോള്‍ അതിന്റെ തേനും സുഗന്ധവും നഷ്ടപ്പെടും. ഡോ.ജോയ് .ടി.കുഞ്ഞാപ്പു പ്രസിദ്ധീകരിച്ച 'ആരാണ് വിദ്യാധരനും സാമൂഹ്യപാഠങ്ങളും' എന്ന ശീര്‍ഷകത്തിലുള്ള പുസ്തകം സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പരസ്പരഭിന്നങ്ങളായ വീക്ഷണങ്ങളോടുകൂടിയ വിമര്‍ശനങ്ങളായിരുന്നു അതിന്റെ കാരണം. പരിജ്ഞാനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന വിദ്യാസമ്പന്നന്‍ മലയാളഭാഷ കയ്യടക്കിയ അദ്ധ്യാപകന്‍, ശാസ്ത്രജ്ഞന്‍ , ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ച അനവധി സാഹിത്യകൃതികളുടെ രചയിതാവ്, നിരൂപകന്‍ എന്നീ നിലകളില്‍ പരിചിനാണ് പ്രൊഫസ്സര്‍ കുഞ്ഞാപ്പു.

ആരാണ് വിദ്യാധരനും സാമൂഹ്യപാഠങ്ങളും എന്ന പുസ്തകം ഇരുപത്തി ഒന്ന് ലേഖനങ്ങളുടെ സമാഹാരമാണ്. പ്രയോജനകരമായ ആശയങ്ങള്‍ ഈ സമയന്വയത്തില്‍ സംയോജിച്ചിട്ടുണ്ട്. മിതത്വം പാലിക്കുന്ന ശൈലിയും ശ്രദ്ധേയമായ പ്രമേയങ്ങളും രചനയുടെ പ്രൗഢിയും ഗ്രന്ഥത്തില്‍ വ്യക്തമാണ്. വ്യക്തിത്വവികാസങ്ങളിലേക്കും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ വര്‍ണ്ണഭേദങ്ങളിലേക്കും നിരന്തരം തുടരുന്ന സാമൂഹ്യപരിവര്‍ത്തനങ്ങളിലേക്കും ശ്രദ്ധയാകര്‍ഷിക്കുന്ന പ്രസ്തുത സമാഹാരത്തിലെ രണ്ട് ലേഖനങ്ങളാണ്, 03-08-2015 -ല്‍ വിചാരവേദിയില്‍ നടത്തപ്പെട്ട ചര്‍ച്ചാസമ്മേളനത്തില്‍ അവതരിപ്പിക്കുവാന്‍, എനിക്കു ലഭിച്ചത്. അതില്‍ ഒന്നാമത്തേതാണ് 'മുട്ടത്തുവര്‍ക്കിക്കൊരു സ്മാരകശില' എന്ന ലേഖനം,. മലയാളസാഹിത്യമണ്ഡലത്തില്‍ ഉണ്ടായ വഴിത്തിരിവിന്റെ ഘട്ടത്തെയും ന്യൂനപക്ഷ എഴുത്തുകാരെ തടഞ്ഞു നിര്‍ത്തി നിയന്ത്രിച്ച പാരമ്പര്യത്തെയും അതു ഓര്‍മ്മിപ്പിക്കുന്നു.
  
കേരളത്തിന്റെ മണ്ണില്‍ ജീവിച്ചുമരിച്ചുവെങ്കിലും, ആസ്വാദകഹൃദയങ്ങളില്‍ ജീവിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ അനുസ്മരണമാണ് പ്രസ്തുത ലേഖനത്തിന്റെ ഉള്ളടക്കം. അനുരാഗത്തിന്റെ മധുരാനുഭവങ്ങളിലേക്കും സ്‌നേഹവാത്സല്യങ്ങളുടെ ഇമ്പങ്ങളിലേക്കും വേദനയുടെ ആഴങ്ങളിലേക്കും നയിക്കുന്ന കഥകളെഴുതിയ അദ്ദേഹത്തിന്റെ കാല്പനികതയുടെ കാന്തഗുണം ഇപ്പോഴും വായനക്കാരെ ആകര്‍ഷിക്കുന്നുണ്ട്. സ്മൃതിമധുരം ചൊരിയുന്ന അഥവാ ചേലും ചന്തവും ചേര്‍ന്ന കഥകള്‍ തേന്‍ തുള്ളിയില്‍ മുക്കിയെടുത്ത വാക്കുകള്‍ കൊണ്ട് നെയ്‌തെടുത്തതാണെന്നു തോന്നാം. മനുഷ്യമനസ്സ് എന്ന അത്ഭുതപ്രതിഭാസത്തില്‍ മായാസ്വപ്നങ്ങളും വേറിട്ട വികാരങ്ങളും കോരിയിടുന്ന ഓജസ്വിയായ കൃതികളെ മറക്കാനാവില്ല.

മുട്ടത്തു വര്‍ക്കിയുടെ കഥാപാത്രങ്ങളിലധികവും ദരിദ്രവര്‍ഗ്ഗത്തിന്റെ ബിംബങ്ങളും സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ ആരാധകരും ഗ്രാമീണസൗന്ദര്യത്തിന്റെ സുഗന്ധങ്ങളില്‍ ജീവിക്കുന്നവരും ജീവിതഭാരമേന്തി ദുരന്തസാന്നിദ്ധ്യത്തില്‍ സഞ്ചരിക്കുന്നവരും യൗവ്വനഹൃദയങ്ങളില്‍ കുളിരണിഞ്ഞു തളിര്‍ക്കുന്ന പ്രണയത്തിന്റെ ചൂടും സുഖവും അനുഭവിക്കുന്നവരുമാണ്. ഒര ഗതകാലഘട്ടത്തില്‍ ഏറ്റവും കൂടുതലായി വായിക്കപ്പെട്ട മലയാളം പുസ്തകം മുട്ടത്തുവര്‍ക്കിയുടെതായിരുന്നു. അസാധാരണമായ സര്‍ഗ്ഗഭാവനയും പവിത്രമായ ആശയപ്രവാഹവും ആകര്‍ഷകശൈലിയും, അദ്ദേഹത്തെ സഹായിച്ചു. എന്നിട്ടും, സഹൃദയങ്ങളില്‍ നിറഞ്ഞുനിന്ന സ്‌നേഹാദരങ്ങളോടെ ബഹുമാനിക്കപ്പെട്ട എഴുത്തുകാരനെ നിരൂപണം കുത്തിനോവിച്ചു. അസൂയയും വിഭാഗീയതയും പരിഹസിച്ചു. എങ്കിലും മുട്ടത്തു വര്‍ക്കിയുടെ രചനയുടെ രംഗത്ത് പ്രകടമാകുന്ന സര്‍ഗ്ഗത്മകതയും ആസ്വാദനത്തിന്റെ വശീകരണശക്തിയും ഉജ്ജ്വലമെന്ന് ഡോ.കുഞ്ഞാപ്പു രേഖാമൂലം സ്ഥിരീകരിക്കുന്നു. ആദ്ധ്യാത്മികതയില്‍ നിന്നു നിര്‍ഗ്ഗളിക്കുന്ന ധന്യതയും അനുരാഗത്തിന്റെ മാസ്മരികമായ അഭിനിവേശവും, വേര്‍പാടിന്റെ കദനപൂര്‍ണ്ണമായ കണ്ണീര്‍ത്തുള്ളികളും സമ്മാനിക്കുന്ന, മുട്ടത്തുവര്‍ക്കിയുടെ കഥകളില്‍ ഒന്നെങ്കിലും കാലഘട്ടങ്ങളെ അതിജീവിക്കുന്ന കൃതിയെന്നു തിരിച്ചറിഞ്ഞു തിരഞ്ഞെടുക്കപ്പെടുമെന്നും മലയാളസാഹിത്യലോകം അദ്ദേഹത്തിന്റെ സ്മരണയെ ആഘോഷിക്കുമെന്നും ഡോ.കുഞ്ഞാപ്പു പ്രവചിക്കുന്നു. അത് അതിവേഗം സഫലമാകട്ടെയെന്ന് ഞാനും ആഗ്രഹിക്കുന്നു.

അനുഭവജ്ഞാനത്തിലും മതരാഷ്ട്രീയമേഖലകളിലും മനുഷ്യജീവിതഗതികളിലും ശാസ്ത്രപുരോഗതിയിലും സാമ്പത്തികമണ്ഡലങ്ങളിലും ഉല്‍പാദിപ്പിക്കുന്ന പുതിയ സിദ്ധാന്തങ്ങളും അതിന്റെ ഫലങ്ങളും സംബന്ധിച്ചു ഗുണാഗുണബോധം പ്രകടമാക്കുന്ന പ്രവണത സാധാരണമായി. എന്നാല്‍, ലോകത്ത് അംഗമായി അറിയപ്പെടുന്ന മലയാളത്തിന് വിശ്വദര്‍ശനം നല്‍കുന്ന ഒരു നിരൂപണവേദി ഉണ്ടെന്നും അതു കുറ്റമറ്റതെന്നും പറയുവാന്‍ ആര്‍ക്ക് കഴിയും? ജനസംഖ്യാശാസ്ത്രം നിയമം മിസ്റ്റിസിസം റിയലിസം വ്യോമശാസ്ത്രം  സിംബെളിസം സ്പിരിച്വെലിസം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച നിരൂപണം മലയാളഭാഷയില്‍ അപൂര്‍വ്വമാണ്.

വ്യക്തിപരമായ ജ്ഞാനശക്തിയും പ്രവര്‍ത്തനപരിചയവുമുള്ള നിരൂപകരുടെ അഭാവവുമാണ് അതിന്റെ കാരണം. സാഹിത്യം കലയാണെന്നു കരുതുന്നവരും വിദ്യയാണെന്നു വിശ്വസിക്കുന്നവരും ഉള്ളതിനാല്‍ നിരൂപണത്തിന്റെ ആവശ്യമെന്തെന്ന് സംശയിക്കുന്നവരും വിരളമല്ല. ഒന്നിലധികം ഭാകഷകളില്‍ എഴുതുകയും വായിക്കുകയും, ചെയ്യുന്നവരും, അഭിപ്രായപ്രകടനം നടത്തുവാന്‍ പടുത്വമുള്ളവരും, കേരളത്തിലും പ്രവാസി സമൂഹത്തിലും ഉണ്ട്. എങ്കിലും, ചെറുകഥയും നോവലും ചരിത്രവും ആസ്വദിക്കുന്ന ജനതയില്‍ നിരൂപണലേഖനം വായിക്കുന്നവര്‍ താരതമ്യേന കുറവാണ്. സാഹിത്യനിരൂപണം ജ്ഞാനമാര്‍ഗ്ഗമാണെന്നും സാഹിത്യകാരന്മാര്‍ക്കുമാത്രം വേണ്ടതാണെന്നും അഭിപ്രായമുണ്ട്.

ഇന്നത്തെ നിരൂപണത്തിന്റെ നിര്‍വ്വചനങ്ങളിലും ഭിന്നത കാണാം. എഴുതുന്നതും പറയുന്നതും വേണ്ടാതീനമെന്നറിയാതെ എഴുത്തുവഴിയിലൂടെ യാത്ര ചെയ്യുന്നവര്‍ക്കു ശരിയായ ദിശയിലെത്താന്‍ മാര്‍ഗ്ഗദര്‍ശനം വേണം. സാഹിത്യസൃഷ്ടിക്കു ആവശ്യമുള്ളതും ഇല്ലാത്തതും എന്തെന്നു തിരിച്ചറിയണം. അതിനു മൂല്യബോധത്തോടുകൂടിയ നിരൂപണം ആവശ്യമാണ്. അധമകൃതികളെയും അതിലുള്ള വികലതകളെയും ഉത്തമകൃതികളെയും അതിന്റെ നന്മകളെയും വേര്‍തിരിച്ചറിയുന്നതിന് നിഷ്പക്ഷ നിരീക്ഷണത്തിന് സാധിക്കും. നിരൂപണം നിരൂപകന്റെ നിയാമകസാക്ഷ്യമാണ്. എന്നിരുന്നാലും സ്വകാര്യതാല്പര്യത്തോടും വിഭാഗീയചിന്തയോടും മാരകപ്രവണതളോടും കൂടി നിരൂപണം ചെയ്തു സാഹിത്യകാരന്മാരെയും ഇതര പ്രവര്‍ത്തകസ്ഥാപനങ്ങളെയും തരം താഴ്ത്തുന്ന രീതിയും നിരൂപണത്തിലുണ്ട്. വായനക്കാരന്റെ സഹജാവബോധം ഉണര്‍ത്തി വിചാരവിപ്ലവം പകര്‍ന്നു നന്മയിലേക്കു നയിക്കുന്ന നിരൂപണം പ്രേരകശക്തിയുമാണ്.

സാഹിത്യസംസ്‌കാരത്തെ ശുദ്ധീകരിക്കുന്ന കര്‍മ്മമാണ് നിരൂപണമെന്നും, ഒന്നിന്റെ ഗുണദോഷങ്ങളെപ്പറ്റി പറയുന്ന പര്യാലോചനയാണ് വിമര്‍ശനമെന്നും രണ്ട് ആശയങ്ങള്‍. സാഹിത്യത്തെ സംബന്ധിച്ച അഭിപ്രായവും നിരൂപണവും വിമര്‍ശനവും ഒന്നുതന്നെയെന്ന് വ്യത്യസ്തവിശ്വാസം. അഭിപ്രായം പറയുന്നതിനു അറിവും ആലോചനയും മതിയെങ്കില്‍, വിമര്‍ശനത്തിനു കാര്യകാരണസഹിതമുള്ള വിവരണവും വിജ്ഞാനവും വേണമെന്നും, എടുക്കുന്ന വിഷയത്തെക്കുറിച്ചുള്ള കാര്യവിചാരവും സാഹിത്യത്തിലുള്ള പാണ്ഡിത്യവും നിരൂപണത്തിനു അത്യന്താപേക്ഷിതമെന്നും മറ്റൊരു സിദ്ധാന്തം. കടച്ചില്‍ യന്ത്രം പോലെ പ്രവര്‍ത്തിക്കേണ്ട കര്‍ത്തവ്യം നിരൂപണത്തിനുണ്ടെന്നും വേറൊരു വിചാരം. ഗതകാലസാഹിത്യസംസ്‌കാരം ഇന്നത്തെ സാമൂഹ്യസ്ഥിതിക്കു പിന്നിലായതുപോലെ , വായനക്കാരന്റെ അഭിരുചിക്കും നിരൂപണശൈലിക്കും മാറ്റമുണ്ടാകും. സാഹിത്യം നവീകരണത്തിലൂടെ ഒഴുകുന്ന ജീവിതാനുഭവങ്ങളുടെ സത്തയാണ്. സ്വയം ബോധത്തിന്റെ ഉറവയാണ്.

ഇന്നത്തെ സാഹിത്യ നിരൂപണത്തിന്റെ സമ്പ്രദായങ്ങളില്‍ കലര്‍പ്പുണ്ട്. അനുഭവജ്ഞാനവും മതരാഷ്ട്രീയശക്തികളുടെ സ്വാധീനതയും ഭൗമികപരമാധികാരത്തിന്റെ ശക്തിയും അടിമവര്‍ഗത്തിന്റെ അസഹിഷ്ണുതയും മതേതരസ്‌നേഹത്തിന്റെ ആന്ദോളനവുമുണ്ട്. അടിച്ചുതളര്‍ത്താനും പിടുച്ചുനടത്താനും നിരൂപണത്തിനു സാധിക്കും. അതുകൊണ്ട്, ധനികതക്കും, വ്യവസായപുരോഗതിക്കും മതരാഷ്ട്രീയവികസനത്തിനും പരസ്യത്തിനുപോലും നിരൂപണം ഉപകരണമായി. അനിയതമായ നിരൂപണത്തെ നിയന്ത്രിക്കാന്‍ കുറെ തത്വങ്ങളും ഉരുവായി. 

ഭാഗികമായ ചിന്തകളോടുകൂടിയ നിരൂപണം ഒഴിവാക്കുന്നതിന്, സുഹൃത്തിന്റെയോ ശത്രുവിന്റെയോ കൃതികള്‍ വിമര്‍ശനത്തിന് എടുക്കരുത്. നിരൂപകന് സുപരിചിതമല്ലാത്ത വിഷയങ്ങളും, മറ്റുള്ളവര്‍ അംഗീകരിച്ചതോ നിരാകരിച്ചിട്ടുള്ളതോ ആയ ഗ്രന്ഥങ്ങളും നിരൂപണത്തിന് ഉപയോഗിക്കരുത്. ഒരു പുസ്തകത്തിന്റെ അവതാരികയും, പുറംതാളിലെ കുറിപ്പും, ഏതാനും ഏടുകളും വായിച്ചശേഷം മുഴുനിരൂപണത്തിന് തുനിയരുത്. ഒരു ഗ്രന്ഥകാരന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ നിലവാരം മാനദണ്ഢമാക്കി അതേ എഴുത്തുകാരന്റെ പുതിയ കൃതികളെ വിധിക്കരുത്. ഗ്രന്ഥനിര്‍ണ്ണയം ഒരു ഗ്രന്ധത്തിന്റെ കഥാസംഗ്രഹമല്ല പിന്നയോ അതിന്റെ മൂല്യം സംബന്ധിച്ച നിശ്ചമാണ്. രചനയുടെ ശ്രേഷ്ഠത കണ്ടെത്തണം. പുതിയ എഴുത്തുകാരുടെ സാഹിത്യസൃഷ്ടികളെ വിലകുറച്ചുകാണരുത്. അവരെ മൂളയിലെ നുള്ളുന്ന പ്രവണത പാടില്ല. 

സാഹിത്യത്തെ സാഹ്യത്തിന്റേതുമാത്രമായ സാമഗ്രികള്‍ ഉപയോഗിച്ചും കലയെ അതിന്റെ സംഗതികള്‍ പ്രയോഗിച്ചും നിരൂപണം നിര്‍വ്വഹിക്കണം. സാഹിത്യത്തിന്റെ ഭൂതവര്‍ത്തമാനഭാവികാലങ്ങളെ ബന്ധപ്പെടുത്തുന്ന ജ്ഞാനവഴികള്‍ നിരൂപണ രംഗത്ത് ചേരണം. ഒരു സാഹിത്യസൃഷ്ടിയില്‍ ഉള്ളതും ഇല്ലാത്തതും എന്തെന്ന് വ്യക്തമാക്കുവാന്‍ നിരൂപകനു സാധിക്കണം. അധിഭാവുകത്വവും ആവര്‍ത്തന വിരസതയും അമിതവര്‍ണ്ണനയും പോരായ്മയും കൃതിയിലുണ്ടെങ്കില്‍ അവ എങ്ങനെ ഒഴിവാക്കാമെന്നു നിര്‍ദ്ദേശിക്കാം. ഒരു പുസ്തകം ധാര്‍മ്മികൗന്നത്വമുള്ളതെന്നു പറയുമ്പോള്‍ അതില്‍ ധാര്‍മ്മികത ഉണ്ടായിരിക്കണം. ഒരു ഗ്രന്ഥത്തിന്റെ ഒരു ഭാഗം നല്ലതെന്നും മറുഭാഗം ചീത്തയെന്നു പൊതുവെ തരക്കേടില്ലെന്നും, പറയാതെ, പൂര്‍ണ്ണമായും നല്ലതെന്നോ ചീത്തയെന്നോ അസന്ദിഗ്ദ്ധമായി പ്രസ്താവിക്കണം. ഒരു സാഹിത്യസൃഷ്ടിയുടെ വസ്തുനിഷ്ഠമായ ശ്രേഷ്ഠത കണ്ടെത്താനുള്ള പടുത്വം നിരൂപകന് ഉണ്ടായിരിക്കണം. എന്നിരുന്നാലും , നിരൂപകര്‍ അവരവരുടെ സമ്പ്രദായങ്ങളും ചിട്ടകളുമായി മുന്നേറുകയാണ്. ധര്‍മ്മബോധവും മതവിശ്വാസവും രാഷ്ട്രീയബന്ധവും ആചാരാനുഗതമായ വീക്ഷണവും ഉപജീവനസുരക്ഷയും പരിഗണിച്ച്  അവര്‍ വ്യത്യസ്തനിലകളില്‍ നില്‍ക്കുന്നു. പറയേണ്ടതുമാത്രം പറയേണ്ടതുപോലെ പറയണമെന്ന നിര്‍ബന്ധവും അവര്‍ക്കില്ല.

സാഹിത്യവിമര്‍ശനം അഴീക്കോടന്‍ ശൈലിയില്‍ എന്ന തലവാചകത്തില്‍ ഡോ.കുഞ്ഞാപ്പു എഴുതിയ ലേഖനം നിരൂപണസാഹിത്യത്തിന്റെ ശാസ്ത്രതലങ്ങളിലേക്കു നയിക്കുന്നു. നിരൂപകര്‍ അറിയേണ്ടതും ഓര്‍ത്തിരിക്കേണ്ടതുമായ സംഗതികളെ ഓര്‍മ്മിപ്പിക്കുന്നു. സുപ്രസിദ്ധ എഴുത്തുകാരനും പ്രഗത്ഭനായ വാഗ്മിയും ഭാരതീയദര്‍ശനങ്ങളുടെ വ്യാഖ്യാതാവുമായിരുന്ന സുകുമാര്‍ അഴീക്കോട് നല്‍കിയ നിരൂപണങ്ങളുടെ മുഖമുദ്രയും പ്രത്യേകതകളും എന്തെല്ലാമായിരുന്നുവെന്നും, രചിച്ച വിമര്‍ശനകൃതികള്‍ ഏതെല്ലാമെന്നും പ്രസ്തുതലേഖനം പരിചയപ്പെടുത്തുന്നു. സാഹിത്യവിമര്‍ശകനം പ്രഭാഷകനും ഗാന്ധിയനുമായി അഴീക്കോടിനെ ഏതല്‍ക്കാല ജനത കാണുന്നുണ്ടെങ്കിലും പത്ത് കൊല്ലം കഴിയുമ്പോള്‍ ഒരു സാഹിത്യവിമര്‍ശകനായിരുന്നു എന്നു മാത്രമേ ഭാവിജനത ഓര്‍ക്കുകയുള്ളൂവെന്നും അതിന്റെ അര്‍ത്ഥവത്തായ കാരണമെന്തെന്നും ലേഖനം വ്യക്തമാക്കുന്നു. 

മലയാള സാഹിത്യവിമര്‍ശനമേഖലയില്‍, കാലഭേദമനുസരിച്ചു ഭാരതീയ പാശ്ചാത്യമാനദണ്ഡങ്ങള്‍ നിലനിന്നിരുന്നുവെന്നും ആദ്യകാല നിരൂപണങ്ങള്‍ ഗ്രന്ഥങ്ങളുടെ അവതാരികകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നുവെന്നും പിന്നീട് വിമര്‍ശനത്തിന്റെ വാക്താക്കളിലൂടെ വളരുകയായിരുന്നുവെന്നും ലേഖനം ഓര്‍മ്മപ്പെടുത്തുന്നു. ആസ്വാദനം ജീവിതാനുഭവം ഭാവം വിലയിരുത്തല്‍ ശോഭ സംവേദനം എന്നിവ സാഹിത്യവിമര്‍ശനത്തിന്റെ ഘടകങ്ങളായിരിക്കണമെന്നു നിര്‍ദ്ദേശിക്കുന്നു. നിരൂപണധര്‍മ്മങ്ങളെ പ്രമുഖമാക്കിക്കാട്ടുന്ന ലേഖനം ഒരു പഠനസഹായി എന്ന പോലെ പ്രയോജനകരമാണ്.

ആരാണ് വിദ്യാധരനും സാമൂഹ്യപാഠങ്ങളും എന്ന പുസ്തകവും അതില്‍ ഉള്‍പ്പെടുത്തിയ, രണ്ട് പ്രതിഭകളുടെ ഓര്‍മ്മയില്‍ കുറിച്ചിട്ട, ലേഖനങ്ങളും ഡോ.കുഞ്ഞാപ്പുവിന്റെ സര്‍ഗ്ഗശക്തിയുടെ വ്യക്തമായ ദൃഷ്ടാന്തമാണ്. ആധുനികതയുടെ അഗാധമായ ആശയങ്ങളെ അതിസൂക്ഷ്മതയോടെ ആവിഷ്‌ക്കിരിക്കുന്ന പ്രൊഫസ്സര്‍ കുഞ്ഞാപ്പൂന് അഭിനന്ദനം. വിജയാശംകള്‍!


നിരൂപണത്തിന്റെ നിഴലുകള്‍ (ലേഖനം-ജോണ്‍ വേറ്റം)
Join WhatsApp News
വിദ്യാധരൻ 2015-05-02 21:47:37
"ഒരു ജനതയുടെ സാഹിത്യം, തനതനുഭവങ്ങളിൽ നിന്ന് ഭിന്നമായി തനതാവശ്യങ്ങൾക്കുതകും മട്ടിൽ തനതു രൂപഘടനാ രുചിയനുസരിച്ചു നടത്തുന്ന രചനകൾ" (മാനദണ്ഡം -  മുണ്ടശ്ശേരി ), മനുഷ്യ സമൂഹത്തിനു പ്രയോചനം ഇല്ലാതെ, സ്വാർത്ഥ താത്പര്യങ്ങളുടെ പ്രതീകമായി വേറിട്ട്‌ നില്ക്കുന്നു.  സമവാക്ക്യങ്ങൾ പോലെയുള്ള കവിതകളും, കഥാകവിതകളും,  ഇരുമ്പുലക്ക വിഴുങ്ങിയത് പോലെ ദഹിക്കാതെ  ഷെൽഫുകളിൽ ആരാലും വിഷയീകരിക്കാതെ മൃതമായി കിടക്കുന്നു. ഇത്തരം ശവങ്ങളെ നിർബന്ധ പൂർവ്വം വായനക്കാരന്റെ തുണ്ടയിൽ കുത്തി കയറ്റാൻ ശ്രമിക്കുമ്പോൾ, അവൻ പ്രതികരിച്ചെന്നിരിക്കും, അത് നിങ്ങൾ ഇവിടെ നിരത്തികാണിക്കുന്ന എത്ര കൊമ്പുള്ളവനായാലും , രാവണനായാലും.  

വായനക്കാരൻ വായിക്കാനിരിക്കുമ്പോൾ അവന്റെ മാനസീക ശക്തിയിൽ പരിമിതമായോരംശമെ പ്രവർത്തന സന്നദ്ധമായിരിക്കുന്നുള്ളൂ. അപ്പോൾ കഠിന പദങ്ങളും സങ്കേതങ്ങളും കണ്ണികളില്ലാതെ ചേർത്ത് വച്ച് രചിക്കുന്ന കൃതികളും കവിതകളും അവന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുത്ത് കുരങ്ങു കളിപ്പിക്കുന്നവരെ വായനക്കാരൻ പച്ച തെറിവിളിക്കുന്നതിൽ തെറ്റുകൾ ഇല്ല.  അശ്ലീലം, വ്യർത്ഥ ഭാഷണം, ഇതൊന്നും പാടില്ലാ എന്ന് വേദ ഉപദേശം ഉണ്ട് എന്നാൽ ഇവർ സൗകര്യപൂർവ്വം മറന്നു പോകുന്ന ഒന്നാണ് സോദോം ഗോമോറായിലെ സ്വവർഗ്ഗ രതിവീരന്മാരെയും അവരുടെ കൊച്ചുമക്കളായ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ പുരോഹിത വർഗ്ഗത്തേയും.  മദ്യംകൊണ്ട് ലോത്തിനെ മയക്കി ലൈഗംഗികാസക്തി തീർത്ത പെണ്‍ മക്കളേയും, സേനാനിയുടെ ഭാര്യേയുമായി രതിക്രീഡയിലേർപ്പെട്ട ദാവിദ് രാജാവിന്റെയും കഥകൾ നിങ്ങൾ വായിച്ചു രസിക്കുന്നത് വായനക്കാരായ ഞങൾക്കറിയാം, കൂടാതെ നിങ്ങളുടെ രതി സങ്കല്പങ്ങൾക്ക് വർണ്ണം നല്കി രസിക്കാൻ ഉത്തമഗീതവും. ഉത്തമഗീതം ഞങ്ങളെപ്പോലുള്ള വായനക്കാരിൽ നിന്ന് തട്ടിയെടുത്ത്, നിങ്ങളുടെ വേദപുസ്തകങ്ങളിൽ കയറ്റി, രാത്രിയുടെ യാമങ്ങളിൽ വായിച്ചു പൂക്കുറ്റിയാകുന്നത് വായനക്കാരായ ഞങ്ങൾ കാണുന്നുണ്ട്. നിങ്ങൾ എഴുതികൊള്ളൂ ഉത്തമഗീതങ്ങൾ എഴുതികൊള്ളൂ. ഒരു വിമർശനവും കൂടാതെ ഞങ്ങൾ വായിച്ചുകൊള്ളാം അല്ലാതെ നിങ്ങൾ എഴുതുന്ന ചവറു വായിച്ചു വായിൽ പഴം തള്ളി മിണ്ടാതിരിക്കണം എന്ന് മാത്രം പറയരുത്. മുണ്ടാശേരിയെയും, എസ ഗുപ്തൻനായരെയും, എം പി പോളിനെയും, സുകുമാർ അഴിക്കോടിനെയും കണ്ടും കെട്ടും വളർന്നിട്ടുള്ളവരാണ് ഞങ്ങൾ.  അതുംകൊണ്ട് ആ പരിജ്ഞാനം ഇവിടെ വിളമ്പി ആള് കളിക്കാം എന്ന് നോക്കണ്ട.  വിമർശനത്തിനും 'നിരൂപണത്തേയും' നേരിടാൻ കഴിയുന്നില്ലാ എങ്കിൽ എഴുത്ത് നിറുത്തുക.  ആരും ആരെയും  നിര്ബന്ധിക്കുന്നില്ലല്ലോ?  

ഇന്ന് രാത്രി ഇക്കിളിപ്പെടുത്തുന്ന ഓർമ്മകളെ ഉണർത്താൻ , ഈ എളിയ വായനക്കാരന് ഇഷ്ടമുള്ള ഒരു ഭാഗം ഉത്തമഗീതം (ദിവ്യഗീതം)അങ്ങക്കായി ചേർക്കുന്നു .

അതിരുചിര സൗരഭവമെഴുമൊരു രസഗന്ധ -
പ്പൊതിയാണെനിക്കെന്റെ ജീവനാഥൻ 
രജനിയിൽ മുഴുവനെൻ കുളിർമുലകൾക്കിടയിലെൻ 
രമണന് സസുഖം ശയിക്കാമെല്ലോ 

വടിവിലെൻ ഗേദി* യിലെ മുന്തിരി തോപ്പുകളിൽ
വളരുമക്കർപ്പൂര ത്തൈച്ചെടികൾ 
ഒരുമിച്ചു ചേർത്തൊരു കുലയാക്കിയപോലയാ 
ണറിയുകെനിക്കെന്ന്റെ ജീവിദേശൻ 

രതി സദൃശയാണിതാ നോക്കൂ, നീയോമനെ 
രതി  സദൃശരമണിരൂപിണി നീ !
അയി നിനക്കുണ്ടല്ലോ കുഞ്ഞരിപ്രാവിനു 
ള്ളഴകോലുമാ രണ്ടു തെളിമിഴികൾ ( ദിവ്യഗീതം -ചങ്ങമ്പുഴ -ഉത്തമഗീതത്തെ ആധാരമാക്കി )

(*ഗേദി എന്ന പർവ്വതം ഇവിടെ വമ്പിച്ച കാടുകളും താഴ്വരകളും കായ്കനിതോപ്പുകളും മഹാഗ്വഹരങ്ങളും ഉണ്ട് . ദാവിദ് ഒളിച്ചിരുന്നത്‌ ഈ പര്വ്വത നിരകളിലെ ഒരു ഗുഹയിലാണ് ")

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക