Image

ദാസേട്ടന്റെ ആദ്യ അമേരിക്കന്‍ ഗാനമേള.... വെള്ളക്കാരുടെ സദസില്‍ (ബി . ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 06 January, 2017
ദാസേട്ടന്റെ ആദ്യ അമേരിക്കന്‍ ഗാനമേള.... വെള്ളക്കാരുടെ സദസില്‍ (ബി . ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
ജനുവരി 10, നമ്മുടെയെല്ലാം പ്രിയ ഗായകന്‍ പദ്മഭൂഷണ്‍ ഡോ.കെ.ജെ. യേശുദാസിന്റ്‌റെ ജന്മദിനമാണ്. ഇതൊരു പിറന്നാള്‍ കുറിപ്പും ഓര്‍മ്മ പുതുക്കലുമാകട്ടെ.

അദ്ദേഹത്തിന് എല്ലാ നല്ല ആശംസകളും. ആ അനുഗ്രഹീത മാസ്മര ശബ്ദം ഇനിയും അനേക നാളുകള്‍ നമ്മോടൊപ്പം ഉണ്ടായിരിക്കട്ടെ.

യേശുദാസ് അമേരിക്കയില്‍ ആദ്യമായി ഗാനമേള അവതരിപ്പിച്ചത് വെള്ളക്കാരുടെ സദസില്‍ ആയിരുന്നു. ഈയാഥാര്‍ഥ്യം ഒരുപാടു പേര്‍ക്ക് അറിയാമെന്നു തോന്നുന്നില്ല .

1973 ജൂലൈ. യേശുദാസ് ആദ്യമായി അമേരിക്കയില്‍ വരുമ്പോള്‍ തന്റെ ആദ്യ ഗാനമേള വെള്ളക്കാരുടെ സദസില്‍ അവതരിപ്പിക്കണമെന്ന ഉദ്ദേശത്തില്‍ അല്ല വരുന്നത്. എന്നാല്‍ അങ്ങനെയാണു സംഭവിച്ചത്. അതിന്റെ കാരണവും അദ്ധേഹത്തിന്റ്‌റെ ആദ്യ അമേരിക്കന്‍ പര്യടനവും ആണ് ഈ ലേഖകന്‍ ഓര്‍മകളില്‍ നിന്നും എഴുതുന്നത്.

ഈ ഗാനമേള നടന്നത് 1973 സെപ്റ്റംബര്‍ മാസം. അപ്രതീക്ഷിതമായി നടന്ന പരിപാടിയാണ്. ഇതിന്റ്‌റെ പ്രധാന കാരണക്കാരന്‍പരേതനായ എന്റ്‌റെ ചിറ്റപ്പന്‍ ഫാ. ജോസഫ് കുന്തറ, ഞാന്‍ അപ്പച്ചനച്ചന്‍ എന്നുവിളിച്ചിരുന്ന സ്‌നേഹനിധി.

അമേരിക്കയില്‍ ഞാന്‍ ജീവിതം ആരംഭിച്ചിട്ടു ഏതാണ്ട് മൂന്നു മാസങ്ങള്‍ ആകുന്നു. 1973 ജൂണില്‍ ഞാന്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തുള്ള ഓസ്‌വീഗോ എന്ന പട്ടണത്തില്‍ വരുന്നത് കോളേജില്‍ പഠിക്കുന്നതിനാണ്. അങ്കിള്‍ ഫാ. ജോസഫ് കുന്തറ ഈ കോളേജില്‍ അന്ന് അഭ്യസനം നടത്തുന്ന കാലം. കൂടാതെ അദ്ദേഹം, സെന്ര്‌ മേരീ'സ് എന്നു പേരുള്ള ഒരു കാത്തലിക് പള്ളിയിലെ സഹായി അച്ഛന്‍ കുടി ആയി പ്രവര്‍ത്തനം നടത്തിയിരുന്നു.

എനിക്കു പഠനത്തിന് എല്ലാ സജ്ജീകരണങ്ങളും അച്ചന്‍ ആണ് ഏര്‍പ്പെടുത്തിത്തന്നത്. അപ്പച്ചനച്ഛന്‍, മുകളില്‍ സൂചിപ്പിച്ച പള്ളിയോടു ബന്ധപ്പെട്ട ജനസമൂഹത്തില്‍ ഒരുപാടു ആദരണീയന്‍ ആയിരുന്നു.

ഒരു സാധാരണ ദിവസം ഞാന്‍ അന്നത്തെ ക്ലാസ്സുകള്‍ കഴിഞ്ഞു താമസിച്ചിരുന്ന വീട്ടില്‍ എത്തി ഒരു ചായ ഉണ്ടാക്കി കുടിക്കുന്ന സമയം. താമസം മറ്റു മൂന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കൂടെ ആയിരുന്നു. പൊടുന്നനവെ, ഒരു ഫോണ്‍ വന്നു. അപ്പച്ചനച്ചന്റ്‌റെ വിളി. അച്ചന്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് വരുവാന്‍ എന്നോട് ആവശ്യപ്പെട്ടു . ഏതാനും ബ്ലോക്കുകള്‍ നടന്നാല്‍ എനിക്കു പള്ളിമേടയില്‍ എത്താം.

ഞാന്‍ പള്ളിമേടയിലെത്തി, അച്ഛന്റ്‌റെ മുഖഭാവം ശ്രദ്ധിച്ചപ്പോള്‍ തോന്നി എന്തോ ഗൗരവമുള്ള കാര്യം പറയുവാന്‍ ഒരുങ്ങുകയാണ് എന്ന് . അച്ചന്‍ സംസാരം തുടങ്ങി.
'ബേബിച്ച' (എന്റെ വീട്ടിലെ വിളിപ്പേര്‍.) അതാണ് അച്ചനും എന്നെ വിളിച്ചിരുന്നത്. മറ്റു സംസാരങ്ങളിലേക്കൊന്നും കടക്കാതെ മുഖവുര ഒന്നും കൂടാതെ പറഞ്ഞു, 'യേശുദാസും കുടുംബവും നാളെ ഇവിടെ എത്തുന്നു' ഞാന്‍ ആദ്യം കരുതിയത് അച്ഛന്‍ തമാശ പറയുന്നു എന്നാണ്. എന്റെ മറുപടി ഇതായിരുന്നു 'ചുമ്മാ തമാശ പറയാതച്ചോ നാട്ടിലെ വലിയ പാട്ടുകാരന്‍ യേശുദാസ് രണ്ട്   മലയാളികള്‍ ഉള്ള സ്ഥലത്ത് എന്തി നു വരുന്നു?'

ആ കാലഘട്ടത്തില്‍ ഞങ്ങള്‍ രണ്ടു മലയാളികള്‍ മാത്രമേ ആ ആസ്ഥലത്തു താമസിച്ചിരുന്നുള്ളു. എന്നാല്‍ നോര്‍ത്ത് ഇന്ത്യന്‍സ് പലരും അവിടെ ഉണ്ടായിരുന്നു. കോളേജിനോട് ബന്ധപ്പെട്ടു അധ്യാപകരും പിന്നെ ഏതാനും വിദ്യാര്‍ത്ഥികളും . ആസമയം ഞാന്‍ മറ്റു മൂന്നു ഇന്ത്യാക്കാരുടെകുടെ ഒരു വീട്ടിലാണല്ലൊ താമസം.

അങ്കിള്‍ സംസാരം തുടര്‍ന്നു 'എടാ ഞാന്‍ തമാശ പറയുകയല്ല നാളെ വൈകുന്നേരം സിറക്കുസ് എയര്‍പോര്‍ട്ടില്‍ പോകണം അവരെ കൂട്ടിക്കൊണ്ടു വരുവാന്‍' . ഏതാണ്ട് നാല്‍പ്പതു മെയില്‍ അകലെ ആണ് ഈ എയര്‍പോര്‍ട്ട് . ഞാനും ഈ വിമാനത്താവളത്തിലാണ് വന്നത്. അപ്പച്ചനച്ചന്‍ വന്നു പിക്ക് ചെയ്യുക ആയിരുന്നു. അച്ഛന്റ്‌റെ മുഖത്തെഗൗരവം കണ്ടപ്പോള്‍ എനിക്കു തോന്നി ഇതൊരു തമാശയല്ല എന്ന്.

എന്നിട്ടും എന്റ്‌റെ ജിജ്ഞാസ അടങ്ങിയില്ല ഞാന്‍ ചോദിച്ചു 'ഇവിടെ അവര്‍ വരുന്നതിന്റെ കാരണം എന്താണച്ചോ?'അച്ഛന്‍ അന്നു പറഞ്ഞ മറുപടി ഇപ്പോള്‍ ഓര്‍ക്കുന്ന രൂപത്തില്‍ പറയാം. 'യേശുദാസും കുടുംബവും ജര്‍മ്മനിയില്‍ പ്രോഗ്രാം കഴിഞ്ഞു ഇന്നലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തി. ഇവരെ അമേരിക്കയില്‍ സഹായിക്കാം എന്നു മാത്യൂ അച്ചനും ഏറ്റിരുന്നു. മാത്യൂ അച്ചന്‍ ന്യൂയോര്‍ക്കു സിറ്റിയിലുള്ള ഒരു പള്ളിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. അദ്ദേഹം അങ്കിള്‍ അച്ഛന്റെ ഒരുത്തമ സ്‌നേഹിതനാണ്. കൂടാതെ ജര്‍മ്മനിയില്‍ ഉള്ള ഒരു സിറിയക്ക് അച്ചനും, ഇതുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹമാണ് ഇവര്‍ക്ക് ജര്‍മ്മനിയില്‍ വേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തത്

യേശുദാസ്സ്വയമെടുത്ത തീരുമാനത്തിലാണ് ടൂറിനു വരുന്നത്. അല്ലാതെ ഇവിടെ ഇന്നത്തെ മാതിരി പ്രോഗ്രാംസ് എല്ലാം മുന്‍കൂട്ടി തീരുമാനിച്ചു നടത്തുന്ന സംഘാടകരൊന്നുമില്ല. ഒരു പരിപാടിയും എങ്ങും തീരുമാനിച്ചു ബുക്കു ചെയ്തിട്ടില്ല . യൂറോപ്പില്‍ വന്നു, എന്നാല്‍പ്പിന്നെ അമേരിക്കയില്‍ കൂടി പോയിട്ടു തിരികെ നാട്ടിലേക്കു മടങ്ങാം, ഇതായിരുന്നു ഉദ്ദേശം.

കേരളത്തിലുള്ള സി.എം.ഐ കത്തോലിക്കാ അച്ചന്മാര്‍ പലരും പുറം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാലം. അങ്കിളച്ചനും മുകളില്‍ പറഞ്ഞ അച്ചന്മാരും എല്ലാം ഈസഭയിലെ അംഗങ്ങള്‍ ആണ്. കൂടാതെ ഒരുമിച്ചു പട്ടത്തിനു പഠിച്ചവരും. അമേരിക്കയിലും കാനഡയിലും പലേ പട്ടണങ്ങളില്‍ അച്ചന്ഇതുപോലെ സ്‌നേഹിതര്‍ ഉണ്ടായിരുന്നു.

എന്തായാലും, ഇപ്പോള്‍ ഇവര്‍ ഓസ്‌വെഗോയില്‍ വരുന്നതിന്റെ കാരണമെന്തന്നത് ഞാനന്നു കണ്ടതും കേട്ടതുമായ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഏഴുതുന്നത്.. യേശുദാസിന്റെ ട്രൂപ്പിനു കൊടുത്ത അമേരിക്കന്‍ വിസക്ക് എന്തോ കുഴപ്പം എയര്‍പോര്‍ട്ടിലെ ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ചു. ഈ വിസ ജര്‍മ്മനിയില്‍ എടുത്തതാണ്. ഇവരുടെ വിസ ഇന്ത്യയില്‍ എടുക്കേണ്ടതായിരുന്നു എന്നായിരുന്നു ന്യൂയോര്‍ക്ക് ജെ.ഫ്.കെ എയര്‍പൊര്‍ട്ടിലെ ഇമ്മിഗ്രേഷന്‍ ഓഫീസര്‍ പറയുന്നത്.

മദ്രാസ്സില്‍ ഉള്ള അമേരിക്കന്‍ കോണ്‍സുലെറ്റില്‍ നിന്നും എന്തോ പേപ്പറുകള്‍ ശരിയാക്കി ഇവിടെ കിട്ടണം ഈ പ്രശ്‌നം തീരണമെങ്കില്‍. അതിനു സമയം എടുക്കും. ഇന്നത്തെപ്പോലെ ഫാക്‌സും ഇന്റ്‌റര്‍നെറ്റും ഒന്നും ഇല്ലല്ലോ അന്ന്. ഇമ്മിഗ്രേഷന്‍ ഓഫീസെര്‍ക്ക് മനസ്സിലായി ഇതൊരു സത്യസന്ധമായ അബദ്ധം ആയിരുന്നു എന്ന്..

എന്തായാലും അവസാനം, ഇവരെ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തു പോകുവാന്‍ അനുവദിച്ചു. എന്നാല്‍ ഈ കടലാസുകള്‍ ന്യൂയോര്‍ക്കില്‍ എത്തുന്നതുവരെ ഇവരോട് ന്യൂയോര്‍ക്ക് സംസ്ഥാനം വിട്ടു എങ്ങും പോകരുത് എന്നു പറഞ്ഞു.

ഈ നിബന്ധന എല്ലാവര്‍ക്കും ഒരു പ്രശ്‌നമായിത്തീര്‍ന്നു. യേശുദാസിനു അമേരിക്കയിലും കാനഡയിലും പലേ പട്ടണങ്ങള്‍ കാണണമെന്നും മലയാളികള്‍ക്കായി ഗാനമേളകള്‍ നടത്തണം എന്നും ആഗ്രഹം ഉണ്ടായിരുന്നു.

വിസ പ്രശ്‌നം തീരുവാന്‍ എത്ര നാളുകള്‍ എടുക്കും എന്നതിനാര്‍ക്കും ഒരുറപ്പുമില്ല. കാത്തിരിപ്പു ദിവസങ്ങളിലെ താമസ സൗകര്യങ്ങള്‍. ഇതെല്ലാം മാത്യൂ അച്ചനെ ഒരു ധര്‍മ്മസങ്കടത്തില്‍ എത്തിച്ചു. അച്ചന്‍ കരുതിയിരുന്നത്, യേശുദാസും കൂട്ടരും ന്യൂയോര്‍ക്കു സിറ്റിയില്‍ ഒരു ഗാനമേള നടത്തി പിന്നെ മാറ്റു നഗരങ്ങളിലേക്കു പോകും എന്നായിരുന്നു..

ആ കാലയളവില്‍ ഒട്ടു മുക്കാല്‍ മലയാളികളും വാടക പാര്‍പ്പിടങ്ങളിലും മുഖ്യമായി അപ്പാര്‍ട്ടുമെന്റ്‌റുകളിലും താമസിക്കുന്നവരാണ്. ഇവരെ എല്ലാവരേയും ഹോട്ടലില്‍ കുറഞ്ഞത് രണ്ടാഴ്ച്ച എങ്കിലും താമസിപ്പിക്കേണ്ടി വരും. അതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട്. ഇതെല്ലാം ഓര്‍ത്തു മാത്യു അച്ചന്‍ ഒന്നു പേടിച്ചു. യേശുദാസിനു ആരെയും ബുദ്ധിമുട്ടിപ്പിക്കുന്നതിനും ഇഷ്ടമില്ല, അമേരിക്ക കാണാതെ നാട്ടിലേക്കു തിരികെ പോയാലോ എന്നും യേശുദാസ് ആലോചിച്ചു. മാത്യു അച്ചന്‍,  അപ്പച്ചനച്ചനെ വിളിച്ചു തന്റെ ധര്‍മ്മസങ്കടം അറിയിച്ചു.

അപ്പച്ചനച്ചന്‍ ഒരു കൂസലും കൂടാതെ പറഞ്ഞു, യേശുദാസിനു സമ്മതമെങ്കില്‍, അവരെ എല്ലാവരേയും ഇങ്ങോട്ടു വിട്ടേക്കു ഞാന്‍ നോക്കികൊള്ളാം.

അച്ചനു പള്ളിയുമായി ബന്ധപ്പെട്ടു ഒരുപാടു വെള്ളക്കാരെ അറിയാം. പലര്‍ക്കും വലിയ വീടുകളുമുണ്ട്. പിന്നെ ഞാന്‍ താമസിക്കുന്ന വീട്ടിലും രണ്ടുപേരെ വേണമെങ്കില്‍ കിടത്താം. ഈ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായി. അങ്ങനെ പിറ്റെന്ന് വൈകുന്നേരം യേശുദാസും കുടുംബവും ഓസ്‌വെഗോയില്‍ എത്തി.

യേശുദാസ് താന്‍ താമസിക്കുന്ന സ്ഥലത്തു വരുന്നു, നേരില്‍ കാണുവാന്‍ പറ്റുന്നു എന്നതെല്ലാം ഒരു വലിയ സംഭവം ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. അതൊരു സ്വപ്നം പോലെ. കേരളത്തിലെ എന്നു മാത്രമല്ല ഇന്ത്യയിലെ ഒരു പ്രമുഖ ഗായകന്‍, എല്ലാവരും ഒന്നു അടുത്തു കാണുവാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍ പൊടുന്നനവെ എന്റെ മുന്‍പില്‍ എത്തുന്നു

ഞാന്‍ നാട്ടില്‍ പഠിക്കുന്ന കാലം രണ്ടു തവണ യേശുദാസിന്റെ ഗാനമേള കേട്ടിട്ടുണ്ട്. ഒന്ന് ചേര്‍ത്തല അമ്പലത്തില്‍. മറ്റൊന്ന് പാലാ സെന്റ് തോമസ് കോളേജില്‍. അന്നൊക്കെ അദ്ധേഹത്തെ സ്‌റ്റേജില്‍ കാണുന്നതല്ലാതെ അടുത്തു ചെല്ലുവാന്‍ പോലും പറ്റിയിട്ടില്ല. ഞാനും സംഗീതം ഒരുപാടു ഇഷ്ടമുള്ള ഒരാളാണ് .

പിറ്റേ ദിവസം വൈകുന്നേരം ഞാന്‍ കോളേജില്‍ നിന്നും വന്ന ഉടനെ പള്ളിമേടയിലേയ്ക്കു പോയി. പള്ളിയോടു കൂടിയൂള്ള ഒരു വലിയ വീട്ടില്‍ ആയിരുന്നു അച്ചന്മാരും മറ്റും താമസിച്ചിരുന്നത്. മുകളിലത്തെ നിലയില്‍ രണ്ടുമൂന്നു മുറികള്‍ ഉണ്ട് അതില്‍ ഒന്നിലായിരുന്നു അപ്പച്ചനച്ചന്‍.

ഏതാണ്ട് ആറു മണിക്ക് അച്ചന്‍ എല്ലാവരുമായി, വിമാനത്താവളത്തില്‍ നിന്നും എത്തിച്ചേര്‍ന്നു. യേശുദാസിനെ അടുത്തു കാണുക ഷേക്ക് ഹാന്‍ഡ് ചെയ്യുക, ഞാന്‍ കോരിത്തരിച്ചുപോയി. യേശുദാസു ചേട്ടന്‍ എന്നാണ് ഞാന്‍ വിളിച്ചത്. പിന്നീടത് ദാസേട്ടന്‍ ആയി. കൂടെയുണ്ടായിരുന്നവര്‍ ഭാര്യ പ്രഭ, പെങ്ങള്‍ ജയ, അനുജന്‍ മണി, കൂടാതെ തബലിസ്റ്റ് ആന്റ്‌റണി , കീ ബോര്‍ഡ്പ്ലയര്‍ പീറ്റര്‍ എന്നിവര്‍.

അന്ന് രാത്രി യേശുദാസും കുടുംബവും പള്ളി മുറികളില്‍ ഉറങ്ങി. മറ്റു മൂന്നുപേര്‍ എന്റ്‌റെ കൂടെ പോന്നു. ഞങ്ങളുടെ വീട്ടില്‍ ഉള്ള സൗകര്യത്തില്‍ മറ്റുള്ളവരും ഉറങ്ങി. എന്റെ കൂടെ താമസിച്ചിരുന്ന നോര്‍ത്ത് ഇന്ത്യന്‍സ് യേശുദാസിന്റെ ഹിന്ദി പാട്ടുകള്‍ കേട്ടിട്ടുണ്ട് അവര്‍ക്ക് ഒരുപാടു താല്പര്യമായി അദ്ധേഹത്തെ കാണുന്നതിനും പാട്ടുകള്‍ കേള്‍ക്കുന്നതിനും .

അപ്പച്ചനച്ചനു അറിയാമായിരുന്നു, ഇവരെ ഒന്നോ രണ്ടോ ദിവസങ്ങളില്‍ കൂടുതല്‍ പള്ളയില്‍ താമസിപ്പിക്കുന്നത് ശരിയല്ല എന്ന്,  സ്ത്രീകള്‍ കൂടെയൂള്ളതിനാല്‍.

അച്ചനും എനിക്കും ഒക്കെ വളരെ വേണ്ടപ്പെട്ട ഒരു അമേരിക്കന്‍ സ്‌നേഹിതന്‍, ജോസഫ് ബാരറ്റ്, ഓസ്‌വെഗോയില്‍ ഒരു പ്രമുഖ ബിസ്സിനസുകാരന്‍.. അച്ചന്‍, ഇദ്ധേഹത്തെക്കണ്ടു എല്ലാം വിശദീകരിച്ചു പറഞ്ഞു കൊടുത്തു. ഒരു മടിയും കൂടാതെ ജോസഫ് ബാരറ്റ് ഇവരെ താമസിപ്പിക്കുന്ന ചുമതല ഏറ്റെടുത്തു.

അദ്ദേഹത്തിന് താമസിക്കുന്ന വീടിനു പുറമെ മറ്റൊരു വീട് ഓസ്‌വെഗോയില്‍, ഒന്റാര്യോ കായല്‍ത്തീരത്തുണ്ട് . അധികം ദൂരമില്ല. ഇത് അദ്ധേഹത്തിന്റെ വേനല്‍ക്കാല വീക്കെന്‍ഡ് വസതി ആയിരുന്നു. ചെറുതെങ്ങ്ങ്കിലും നാലുപേര്‍ക്ക് താമസിക്കാം. എല്ലാ സൗകര്യങ്ങളും ഉണ്ട്. ഇതേപ്പറ്റി അച്ചന്‍ ദാസേട്ടനോട് പറഞ്ഞു. സ്ഥലവും കാണിച്ചു. അവര്‍ക്കെല്ലാം ഇഷ്ട്ടപ്പെട്ടു. അന്നുതന്നെ ആ വീട്ടിലേക്കു താമസവും മാറ്റി. എങ്കിലും ആന്റ്‌റണിയും പീറ്ററുംഎന്റെ കൂടെത്തന്നെ താമസിച്ചു

പിന്നെ അങ്ങോട്ടു ഓരോ ദിവസവും ക്ലാസ്സ് കഴിഞ്ഞാല്‍ ഞാന്‍ നേരെ പോകുന്നത് ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്ക്. അവിടെ ചെന്ന് സഹായിക്കുക എന്തെങ്കിലും വേണമെങ്ക്ങ്ങില്‍ പോയി വാങ്ങിക്കൊണ്ടുവരുക, ഭക്ഷണം ഒരുക്കുവാന്‍ സഹായിക്കുക എന്നിങ്ങനെ. മിക്കവാറും ദാസേട്ടനും കൂടും കുക്ക് ചെയ്യുവാന്‍. ഈ സമയത്ത് അച്ഛനും എത്തും വൈകുന്നേരത്തെ പള്ളിക്കാര്യങ്ങള്‍ കഴിഞ്ഞ്.

ഇന്നു അമേരിക്കയില്‍ എല്ലാ പട്ടണങ്ങളിലും ഇന്ത്യന്‍ മസാല സുലഭമായി കിട്ടും. അതുപോലായിരുന്നില്ല ആ കാലങ്ങളില്‍ ചെറിയ സിറ്റികളില്‍. ആകെ കൈവശമുണ്ടായിരുന്നത് ഞങ്ങള്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന കുറച്ചു മല്ലിപ്പൊടി, മുളകുപൊടി. ഇതെല്ലാം മാത്രമേ ഇന്ത്യന്‍ കറികൂട്ടായി കൈവശമുള്ളു. ചിക്കന്‍ കറിയും ഗോതമ്പു ചപ്പാത്തിയും,  ഇതു രണ്ടും ആയിരുന്നു പ്രധാന വിഭവങ്ങള്‍ പീസാ, കെന്റ്‌റക്കി െ്രെഫഡ് ചിക്കന്‍ ഇവയും ചില ദിവസങ്ങളില്‍ .

ദാസേട്ടന്‍ എന്നും, ആ ചെറിയ വീട്ടിലിരുന്നു പാട്ടുകള്‍ പ്രാക്ടീസ് ചെയ്യുന്നതു കാണുക കേള്‍ക്കുക ഇതെല്ലാം ഒരിക്കലും മറക്കില്ല. എല്ലാ രാത്രികളും പാട്ടും തമാശകളും ആയി പോയ്‌ക്കൊണ്ടിരുന്നു . ദാസേട്ടന്‍ തമാശകള്‍ പറയുന്നതിനും കേള്‍ക്കുന്നതിനും ഒരുപാടിഷ്ട്ടമുള്ള ആളാണ് അന്നും ഇന്നും. ഉറങ്ങാന്‍ സമയത്ത്ഞങ്ങള്‍ മൂന്നുപേരും ഞാന്‍ താമസിക്കുന്ന വീട്ടിലേക്കു പോരും.

അപ്പച്ചനച്ചന് ഈ അവസരത്തില്‍ ഒരാശയം മനസ്സില്‍ വന്നു,  എന്തു കൊണ്ടു യേശുദാസിന്റ്‌റെ ഒരു ഗാനമേള പള്ളയില്‍ നടത്തിക്കൂടാ? ഇത് യേശുദാസിന്റെ മുന്‍പില്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന് അതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പള്ളയിലും അതിനു ഒരു തടസവും ഇല്ലായിരുന്നു.

ഒരു ശനിയാഴ്ച്ച വൈകുന്നേരം ആയിരുന്നു ഗാനമേള. ദാസേട്ടന്‍ അമേരിക്കയില്‍ നടത്തുന്ന ആദ്യഗാനമേള ഓസ്‌വെഗോ എന്ന ചെറിയ പട്ടണത്തില്‍. അതും മുഖ്യമായും വെള്ളക്കാരുടെ സദസില്‍.

അപ്പച്ചനച്ചന്‍ ഈ പ്രോഗ്രാം പള്ളിയില്‍ അന്‍ണ്‍സ് ചെയ്തു. ഏതാണ്ട് ഇരുന്നൂറില്‍ പരം ആളുകള്‍എത്തി. ഒട്ടുമുക്കാല്‍ പേരും വെള്ളക്കാര്‍ ആയിരുന്നു. ഇന്ത്യക്കാര്‍  ഒരു ഡോക്ടര്‍, രണ്ടു കോളേജ്  അധ്യാപകര്‍ അവരുടെ കുടുംബം പിന്നെ നാലു വിധ്യാര്‍ഥികള്‍ . വെള്ളക്കാരില്‍ ചിലര്‍ പ്രശസ്ഥ ഇന്ത്യന്‍ സിറ്റാറിസ്റ്റ് രവി ശങ്കെറെക്കുറിച്ചു കേട്ടിരുന്നു.

പരിമിതികള്‍ ഉള്ള ഒരു സൗണ്ട് സിസ്റ്റം. ഗാനമേളക്ക് താളം കൊടുത്തവര്‍ ദാസേട്ടന്റെ പെങ്ങള്‍ ജയ, ഗിത്താര്‍ അനുജന്‍ മണി, തബല അന്റണി, കീബോര്‍ഡ് പീറ്റര്‍. ഓരോ പാട്ടും തുടങ്ങുന്നതിനു മുന്‍പ് അപ്പച്ചനച്ചന്‍ പാട്ടിനെക്കുറിച്ച് ഒരു ആമുഖം കൊടുത്തിരുന്നു ഇംഗ്ലീഷില്‍.

അന്ന് കൂടുതലും ഹിന്ദി പാട്ടുകള്‍ ആണ് പാടിയത് , നോര്‍ത്ത് ഇന്ത്യന്‍ ശ്രോതാക്കള്‍ക്കു വേണ്ടി. ദാസേട്ടന്‍ രണ്ടു മണിക്കൂറോളം പാടി . ഗാനമേള വളരെ നന്നായിരുന്നു. വെള്ളക്കാര്‍ പലരും ഗാനമേളക്കു ശേഷം യേശുദാസിനെ അന്നത്തെ പ്രസിദ്ധ ഗായകന്‍, ഫ്രാങ്ക് സിനാട്രയോടു ഉപമപ്പെടുത്തി സംസാരിച്ചു.

ആ കാലത്ത് അമേരിക്കയില്‍ കുടിയേറി വന്നിരുന്ന മലയാളികള്‍ അധികവും നേഴ്‌സ് ജോലി ഉള്ളവര്‍ ആയിരുന്നു. ഇവര്‍ എല്ലാവരും തന്നെ ഇവിടെ ഒരു ജീവിതം കെട്ടിപ്പെടുക്കുന്ന പരിശ്രമത്തില്‍ . പലരും അവിവാഹിതര്‍ . അപ്പാര്‍റ്റ്‌മെന്റ്‌റുകളില്‍ രണ്ടും മൂന്നും പേര്‍ ഒരുമിച്ചു താമസിക്കുന്ന കാലം. കേരളാ അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ അതുപോലുള്ള സംഘടനകള്‍അമേരിക്കയില്‍ വളരെ വിരളം. കേരളത്തില്‍ നിന്നും സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ ആരും തന്നെ പരിപാടികളുമായി ഇന്നത്തെ പോലെ വന്നിരുന്നില്ല. ദാസേട്ടന്‍ ആയിരിക്കണം തുടക്കം ഇടുന്നത്.

അമേരിക്കയിലും കാനഡയിലും വലിയ പട്ടണങ്ങളില്‍ താമസിച്ചിരുന്ന മലയാളികള്‍ യേശുദാസ് ഇവിടെയൂള്ള വിവരം കേട്ടറിയുവാന്‍ തുടങ്ങി. അപ്പച്ചനച്ചനെ പലരും വിളിക്കുവാന്‍ തുടങ്ങി. അവര്‍ക്കെല്ലാം യേശുദാസിനെ കാണണം, പാട്ടു കേള്‍ക്കണം. എന്തായാലും വിസയുടെ പ്രശ്‌നങ്ങള്‍ തീര്‍ന്നു കിട്ടിയാല്‍ പ്രധാന പട്ടണങ്ങളില്‍ ഗാനമേള നടത്തുന്നതിനു യേശുദാസിനു ആഗ്രഹം ഉണ്ടായിരുന്നു. അച്ചന്‍ എല്ലാവരേയും ആശ കൊടുത്തു നിറുത്തി.

ഓസ്‌വെഗോ എന്ന പട്ടണം കാനഡായില്‍ ഉള്ള രണ്ടു മേജര്‍ പട്ടങ്ങള്‍ ആയ ടൊറന്റോ, മോണ്ട്‌റിയല്‍ ഇവക്ക് അടുത്താണ്. ടൊറന്റോയില്‍നിന്നും രണ്ടുപേര്‍ ഒരു ദിവസം വന്നു. യേശുദാസിനെ കാണുന്നതിനും ഗാനമേള ബുക്കു ചെയ്യുവാനും. ഇതില്‍ ഒരാളെ അച്ചനു നേരത്തെ അറിവുള്ളതാണ്.

രണ്ടാഴ്ച്ച തികയുന്നതിനു മുന്‍പേ ന്യൂയോര്‍ക്കില്‍ നിന്നും അച്ചന് ഫോണ്‍ കാള്‍ വന്നു വിസ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നു, ദാസേട്ടന് എവിടെ വേണമെങ്കിലും യാത്ര നടത്താം. എല്ലാവര്‍ക്കും സന്തോഷമായി.

പിന്നെ അങ്ങോട്ടു പ്രോഗ്രാമുകള്‍ എവിടെ ഒക്കെ നടത്തണം എന്ന ആലോചന തുടങ്ങി. അങ്ങനെ രണ്ടാമത്തെ പ്രോഗ്രാം ടൊറന്റോയില്‍നടത്തുവാന്‍ തീരുമാനിച്ചു.

പലേ സ്ഥലങ്ങളില്‍ നിന്നും ഫോണ്‍ വിളികള്‍ വരുന്നു. തല്‍ക്കാലം കാനാഡാ രണ്ടു പ്രോഗ്രാം, ന്യൂ യോര്‍ക്ക് സിറ്റി , ചിക്കാഗോ, ഈ പട്ടണങ്ങളില്‍ ഓരോ ഗാനമേള. ഇതില്‍ കൂടുതല്‍ നടത്തുന്നതിനു പറ്റാത്തൊരു സാഹചര്യമായിരുന്നു യേശുദാസിന് ഉണ്ടായിരുന്നത്. അപ്പോള്‍ത്തന്നെ രണ്ടാഴ്ചക്കു മേല്‍ നഷ്ട്ടപ്പെട്ടു അദ്ദേഹത്തിനു നാട്ടില്‍ തിരുകെ എത്തണം, പലേ സിനിമകളും പൂര്‍ത്തിയാക്കുന്നതിനു തന്നെ നോക്കി ഇരിക്കുന്നു . ദാസേട്ടന്‍ അല്‍പ്പം തമാശ ചേര്‍ത്തു പറഞ്ഞതോര്‍ക്കുന്നു 'എന്റ്‌റ വയറ്റിപ്പിഴപ്പ് അങ്ങാണ് കേട്ടോ '.

ഇന്നത്തെ മാതിരി, അമേരിക്കയില്‍ പ്രോഗ്രാം നടത്തുന്നവര്‍ വിമാനത്തില്‍ സഞ്ചരിക്കുന്നതു പോലെ,അന്ന് അതത്ര എളുപ്പമായിരുന്നില്ല.  പണപരവും മറ്റു സാങ്കേതികമായും ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു . എല്ലാ സ്ഥലങ്ങളിലും കാറില്‍ യാത്ര ചെയ്‌തെത്തുക എന്നു തീരുമാനിച്ചു. പണം ആഗ്രഹിച്ചല്ല അന്നു പരിപാടികള്‍ നടത്തിയത്. റ്റിക്കറ്റുകള്‍ അടിച്ചും പലേ തട്ടുകളില്‍ പ്രേക്ഷകരെ ഇരുത്തിയൊന്നും അല്ലായിരുന്നു പരിപാടികള്‍. എല്ലാവരും സഹകരിച്ചു. യേശുദാസിനെ കാണണം പാട്ടു കേള്‍ക്കണം അതായിരുന്നു എല്ലാവരുടേയും അന്നത്തെ ആഗ്രഹം.

അന്നൊക്കെ ഇന്നു കാണുന്ന പോലെ വലിയ വണ്ടികള്‍ വിരളം. പിന്നെ ഉണ്ടായിരുന്നതു സ്‌റ്റേഷന്‍ വാഗന്‍ എന്ന വാഹനം. അതും ഒരുപാടു പേര്‍ക്കൊന്നും ഇല്ലാതാനും. അന്നത്തെ സാഹചര്യത്തില്‍ ഈ വണ്ടികള്‍ സംഘടിപ്പിക്കുക വളരെ വളരെ പണച്ചിലവുണ്ടാക്കുന്ന വിഷയവും ആയിരുന്നു.

ജോസഫ് അച്ചന്റെ ഒരു അമേരിക്കന്‍ സ്‌നേഹിതന് ഒരു സ്‌റ്റേഷന്‍ വാഗന്‍ ഉണ്ടായിരുന്നു, അത്അച്ചന്‍ കടംവാങ്ങി. കൂടാതെ ഗാനമേളകള്‍ സ്‌പോന്‍സര്‍ ചെയ്ത സ്ഥലങ്ങളില്‍ നിന്നും ഒരു കാര്‍ വരണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ ആണ് യാത്രകള്‍ നടത്തിയത്.

ഞാന്‍ സഹായി എന്ന നിലയില്‍ പലേ സ്ഥലത്തും പോയി. അച്ചനു തന്നെ മുഴുവന്‍ െ്രെഡവിങ്ങും പറ്റുമായിരുന്നില്ല. ഒരു സംഭവം ഓര്‍ത്തു പോവുന്നു. എല്ലാവരും കൂടി രണ്ടു വണ്ടികളില്‍ ആയി ഓസ്‌വെഗോയില്‍ നിന്നും ടൊറന്റോയ്ക്കു യാത്ര തിരിച്ചു. വഴിക്കു വൈച്ചു ടോരോന്റ്‌റോയില്‍ നിന്നും വന്ന കാര്‍, ബ്രേക്ക്ഡൗണ്‍ ആയി. ഏതാണ്ട് ഒരു മണിക്കൂര്‍ കൂടി യാത്ര ഉണ്ടായിരുന്നു സ്ഥലത്ത് എത്തുവാന്‍. മണിഅഞ്ചര. ഗാനമേള ആറു മണിക്കു തുടങ്ങുകയും വേണം.

മൊബൈല്‍ ഫോണ്‍ ഒന്നും അന്നില്ലല്ലോ, വിവരങ്ങള്‍ മറ്റുള്ളവരെ വിളിച്ചറിയിക്കുവാന്‍ . എല്ലാവര്‍ക്കും പരിഭ്രമം അയി. ഓഡിറ്റോറിയത്തില്‍ ആളുകള്‍ യേശുദാസിനെ പ്രതീക്ഷിച്ചിരിക്കുന്നു. ഒരു വഴിയെ കണ്ടുള്ളൂ. ഞാനും ടോറന്റോയില്‍ നിന്നും വന്ന ഒരാളും കേടായ കാറുമായി വഴിയില്‍ കിടന്നു. മറ്റുള്ളവര്‍ എല്ലാവരുംകൂടി വലിയ വണ്ടിയില്‍ ഇടിച്ചു കയറി യാത്ര തുടര്‍ന്നു .ഗാനമേള ഒരുമണിക്കൂര്‍ താമസിച്ചു തുടങ്ങി. എന്തായാലും എല്ലാം നന്നായി നടന്നു.

ഗാനമേള കഴിഞ്ഞു ടൊറന്റോയില്‍  രണ്ടു ദിവസം താമസിച്ചു കാഴ്ച്ചകള്‍ കാണുന്നതിന്. താമസമെല്ലാം സംഘാടകരുടെ അപ്പാര്‍റ്റുമെന്റ്‌റുകളില്‍. അക്കാലത്ത് പരിചയപ്പെട്ട പല മലയാളികളും ഇന്നും ദാസേട്ടന്റെ സ്‌നേഹിതര്‍ ആണ്. തിരിച്ചു വരും വഴി ഞങ്ങള്‍ നയാഗ്ര ഫാള്‍സില്‍ഏതാനും മണിക്കൂറുകള്‍ ചിലവിട്ടു.

അതിനു ശേഷം ഗാനമേളകള്‍ അമേരിക്കയില്‍ നടത്തിയത് ന്യൂയോര്‍ക്കിലുള്ള സിറാക്യൂസ് എന്ന പട്ടണത്തില്‍, ന്യൂയോര്‍ക്ക് സിറ്റി പിന്നെ ഷിക്കാഗോ. എല്ലാ സ്ഥലത്തും മലയാളികള്‍ നല്ല സ്വീകരണമാണു നല്‍കിയത് . വീണ്ടും അമേരിക്കയില്‍ വരണം എന്നു യേശുദാസ്ആശ പ്രകടിപ്പിച്ചു. അപ്പച്ചനച്ചനേയും അഭിനന്ദിച്ചു ഇങ്ങനെ ഒരു അവസരം ഉണ്ടാക്കി കൊടുത്തതിന്.

അമേരിക്കയില്‍ സമ്മര്‍ കഴിഞ്ഞു ശീതകാലം ആരംഭിക്കുന്നു. ഒക്ടോബര്‍ മാസമായി . ദാസേട്ടന് തിരികെ പോവുകയും വേണം. ഏതാണ്ട് അഞ്ചു ഗാനമേളകള്‍ ഇതോടകം നടത്തി കൂടാതെ വാഷിംഗ്ടണ്‍ ഡി.സി. പോലുള്ള സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി. ലാസ്റ്റ് ഗാനമേള നടത്തിയതു മോണ്ട്രിയാല്‍. ഈ സിറ്റിയില്‍ മലയാളികള്‍ കുറവായിരുന്നു എന്നാല്‍ത്തന്നെയും അവിടെ അച്ചനു വളരെ വേണ്ടപ്പെട്ട ഒന്നുരണ്ടു മലയാളികള്‍ ഉണ്ടായിരുന്നു. അവരുടെ സമ്മര്‍ദ്ദത്തിലാണ് അവിടെ പ്രോഗ്രാം തീരുമാനിച്ചത്.

ഈ പട്ടണത്തില്‍ ഇന്റ്‌റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടുള്ളതിനാല്‍ അവിടെ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രയും ഇവര്‍ക്ക് എളുപ്പമായിരുന്നു. ഇവിടെ നിന്നും ഗാനമേളക്കു ശേഷം തിരികെ മദ്രാസ്സിനു പൊകുന്നതിനു ടിക്കറ്റുകളും ബുക്കു ചെയ്തു.

വിചാരിച്ചതു പോലെ മടക്കയാത്ര നടന്നില്ല.

ഗാനമേളക്കു ശേഷം പിറ്റേ ദിവസം ദാസേട്ടന് ഒരു പനി. ഒരു ദിവസം കൂടി കഴിഞ്ഞു ഇന്ത്യക്കുള്ള നീണ്ട യാത്രയും. എല്ലാവര്‍ക്കും ഭയം. യാത്ര ചെയ്യേണ്ടദിവസം വന്നു, പനിക്കൊരു കുറവുമില്ല . ഡോക്ടറുടെ അഭിപ്രായം യാത്ര മാറ്റുവാന്‍ ആയിരുന്നു. ഞങ്ങളും ആയി കുറച്ചു ബന്ധമുള്ള ഒരു ഫാമിലിയുടെ കൂടെ ആയിരുന്നു താമസം . മേരികുട്ടിയും, ഐപ്പും.  ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റ്‌റില്‍എല്ലാവര്‍ക്കുംകൂടി കൂടുതല്‍ നാള്‍ താമസിക്കുവാന്‍ സൗകര്യവും ഇല്ല. ഒരു പോംവഴി കണ്ടത് ദാസേട്ടനും പ്രഭയും ഉടനെ തിരുകെ പോകേണ്ടാ മറ്റുള്ളവര്‍ തല്‍ക്കാലം പോകട്ടെ. .ദാസേട്ടന്റെ പനി മാറുന്നതിനു ഒരാഴ്ച്ച എടുത്തു. കുറെ ഒക്കെ ബുദ്ധിമുട്ടുകള്‍ അവര്‍ സഹിച്ചു എങ്കിലും ഒരിക്കലും ദാസേട്ടന്‍, ഒരമര്‍ഷം ഒന്നിനോടും പ്രകടിപ്പിക്കുന്നതു ഞാന്‍ കണ്ടിരുന്നില്ല. അവര്‍ സന്തുഷ്ടരായിട്ടാണു ഇന്ത്യയിലേയ്ക്കുമടങ്ങിയത്.

അങ്ങനെ, തികച്ചും അപ്രതീക്ഷിതമായി എനിക്കു കിട്ടിയ ഒരവസരം. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ പ്രമുഖ  ഗാനഗന്ധര്‍വനെ പരിചയപ്പെടുന്നതിനും കൂടെ കുറച്ചു ദിവസങ്ങള്‍ താമസവും, യാത്രയും ഒക്കെ ആയി ചിലവഴിക്കുന്നതിനോരവസരം. ഇതെല്ലാംഇന്നും മധുരമുള്ള ഓര്‍മ്മകളായി സൂക്ഷിക്കുന്നു .

ദാസേട്ടന് തമാശു പറയുന്നതും കേള്‍ക്കുന്നതും വളരെ ഇഷ്ടമായിരുന്നു. താന്‍ എങ്ങിനെ ഒരു സിനിമാ പാട്ടുകാരന്‍ ആയി ഇതെല്ലാം നര്‍മ്മ രസത്തോടെ പറഞ്ഞിരുന്നു.  പിതാവ്  ദാസേട്ടന്റെ ചെറു പ്രായത്തില്‍ സംസാരിക്കുമ്പോള്‍ അക്ഷരശുദ്ധി വേണം എന്നു നിര്‍ബന്ധിച്ചിരുന്നു. അത് പിന്നീടു തന്നെ ഒരുപാടു സഹായിച്ചു എന്നെല്ലാം എന്നോടു പറഞ്ഞിട്ടുണ്ട്.

ഇതിനെല്ലാം ഉപരി ഒരു സ്‌നേഹബന്ധം . ഇപ്പോഴും ആ സ്‌നേഹ ബന്ധം ഞങ്ങള്‍ സൂഷിക്കുന്നു. അതിനുശേഷം ദാസേട്ടനെ ഇന്ത്യയിലും അമേരിക്കയിലും ആയി പലേ തവണ കണ്ടുമുട്ടിയിട്ടുണ്ട്. ഞങ്ങള്‍ സിയാറ്റില്‍ വാഷിങ്ങ്റ്റനില്‍ താമസിക്കുന്ന സമയം മൂന്നു തവണ ദാസേട്ടന്റ്‌റെ ട്രൂപ്പ് ഗാനമേളകള്‍ക്കു വന്നിട്ടുണ്ട്.  അപ്പോഴൊക്കെ ഞങ്ങളുടെ ആതിഥ്യം സ്വീകരിച്ചിരുന്നു. ഞങ്ങളുടെ മൂത്ത മകളുടെ വിവാഹത്തിന് ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു സകുടുംബം ഹൂസ്റ്റണില്‍ വന്നു.

എന്നാല്‍ ഒരു ദുഃഖ സംഭവം ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പു സംഭവിച്ചു. എന്റ്‌റെ അങ്കിള്‍  അച്ചന്‍ പെട്ടന്നു മരണപ്പെട്ടു. അങ്കിള്‍ മരിക്കുംവരെ ദാസേട്ടനും കുടുംബവുമായി എപ്പോഴും ബന്ധപ്പെട്ടിരുന്നു.

കേരളത്തില്‍ തലയോലപറമ്പിനടുത്തുള്ള പൊതി എന്ന സ്ഥലത്ത് കുട്ടികള്‍ക്കുള്ള ഒരു അനാഥാലയതിന്റെ ചുമതലയില്‍ ഫാ. ജോസഫ് കുന്തറ വളരെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ആ നാളുകളില്‍ ദാസേട്ടന്‍ യാതൊരു പ്രതിഭലവും കൂടാതെ ഈ അനാഥാലയത്തിന്റ്‌റെ ധനശേഖരണാര്‍ദ്ധം പലേ പരിപാടികളും നടത്തിക്കൊടുത്തിട്ടുണ്ട്.

യേശുദാസിന്റെ ആദ്യ നോര്‍ത്ത് അമേരിക്കന്‍ പര്യടനത്തിനും, ഗാനമേളകള്‍ക്കും ദൃക്‌സാക്ഷികള്‍ ആയിരുന്ന പലരും ഇന്നു അമേരിക്കയിലും കാനഡയിലും ഉണ്ട്. അവരില്‍ പലരേയും ഇന്നും എനിക്കറിയാം. ഈലേഖനം ഇവരില്‍ ആരെങ്കിലും വായിച്ചെങ്കില്‍ ദയവായി അവരുടെ അന്നത്തെ അനുഭവങ്ങള്‍ അറിയിക്കുക .

ഇന്നു താരങ്ങള്‍ അണിനിരത്തുന്ന മെഗാ ഷോകള്‍ കാണുമ്പോള്‍ ഞാന്‍ പലപ്പോഴും ഓര്‍ത്തു പോകും ആ പഴയകാല സംഭവങ്ങള്‍. ഒരു തബലിസ്റ്റും, ഒരു കീബോര്‍ഡ് പ്ലെയറും മാത്രം ആയി ദാസേട്ടന്‍   തന്റെ അവിസ്മരണീയ ശബ്ദത്തിന്‌ ശ്രോതാക്കളെ മണിക്കൂറുകള്‍ അടിമപ്പെടുത്തി. എല്ലാ താളമേളങ്ങളേയും അതിജീവിക്കുന്ന ശബ്ദം . എനിക്കറിയാം, ഈ പരിപാടികളില്‍നിന്നും യേശുദാസിനു സാമ്പത്തിക മുതല്‍ക്കൂട്ടൊന്നും ഉണ്ടായില്ല. എന്നാല്‍ അദ്ദേഹം പോയ എല്ലാ സ്ഥലങ്ങളിലും മധുരിപ്പിക്കുന്ന ഓര്‍മ്മകള്‍ മലയാളികള്‍ക്കു നല്‍കി. കൂടാതെ , അദ്ദേഹം, കേരളത്തില്‍ നിന്നുമുള്ള മറ്റു കലാകാരന്മാര്‍ക്ക്അമേരിക്കയില്‍ വന്നു പരിപാടികള്‍ നടത്തുന്നതിന് വഴി തുറന്നു കൊടുത്തു.
ദാസേട്ടന്റെ ആദ്യ അമേരിക്കന്‍ ഗാനമേള.... വെള്ളക്കാരുടെ സദസില്‍ (ബി . ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)ദാസേട്ടന്റെ ആദ്യ അമേരിക്കന്‍ ഗാനമേള.... വെള്ളക്കാരുടെ സദസില്‍ (ബി . ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)ദാസേട്ടന്റെ ആദ്യ അമേരിക്കന്‍ ഗാനമേള.... വെള്ളക്കാരുടെ സദസില്‍ (ബി . ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)ദാസേട്ടന്റെ ആദ്യ അമേരിക്കന്‍ ഗാനമേള.... വെള്ളക്കാരുടെ സദസില്‍ (ബി . ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)ദാസേട്ടന്റെ ആദ്യ അമേരിക്കന്‍ ഗാനമേള.... വെള്ളക്കാരുടെ സദസില്‍ (ബി . ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)ദാസേട്ടന്റെ ആദ്യ അമേരിക്കന്‍ ഗാനമേള.... വെള്ളക്കാരുടെ സദസില്‍ (ബി . ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)ദാസേട്ടന്റെ ആദ്യ അമേരിക്കന്‍ ഗാനമേള.... വെള്ളക്കാരുടെ സദസില്‍ (ബി . ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)ദാസേട്ടന്റെ ആദ്യ അമേരിക്കന്‍ ഗാനമേള.... വെള്ളക്കാരുടെ സദസില്‍ (ബി . ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
Join WhatsApp News
john 2017-01-06 11:07:14
Very good one John Sir. Appreciate it. I travelled thru  1970s while reading.....with my imagination. please write more....
saiju vijayan 2017-01-10 23:19:02
very nice , Thanks. The one and only our Dasettan.......
Fred Cochin 2022-02-13 20:51:10
True incidents from John Kunthara
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക