Image

വിമോചന സമരവും പറയപ്പെടാത്ത കഥകളും (ജോസഫ് പടന്നമാക്കല്‍)

Published on 02 June, 2017
വിമോചന സമരവും പറയപ്പെടാത്ത കഥകളും (ജോസഫ് പടന്നമാക്കല്‍)
1956 നവംബര്‍ ഒന്നാംതീയതി, പഴയ തിരുകൊച്ചിയുടെ ഭൂരിഭാഗം പ്രദേശങ്ങളും മലബാറും കൂട്ടിയോജിപ്പിച്ച്, കേരള സംസ്ഥാനം രൂപീകരിച്ചു. അരി വിളയുന്ന നെല്‍പ്പാടങ്ങള്‍ നിറഞ്ഞ ഫലഭൂയിഷ്ടമായ നാഞ്ചനാടന്‍ ഭൂപ്രദേശങ്ങള്‍ തിരുകൊച്ചിയില്‍നിന്നും അടര്‍ത്തി തമിഴ്‌നാടിന്റെ ഭാഗമായും ചേര്‍ക്കപ്പെട്ടു. 1957ല്‍ ചരിത്രത്തിലാദ്യമായി കേരള സംസ്ഥാനത്ത് ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടന്നു. 127 അംഗങ്ങളുള്ള അസംബ്ലിയിലേയ്ക്ക് ഭരിക്കാന്‍ വേണ്ട നേരീയ ഭൂരിപക്ഷം നേടിയാണ്, അന്ന് കമ്മ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത്. അഞ്ചു സ്വതന്ത്രമാരുള്‍പ്പടെ പാര്‍ട്ടി 65 സീറ്റുകള്‍ കരസ്ഥമാക്കിയിരുന്നു.ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് കേരളസംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു.

'നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാവും പൈങ്കിളിയേ' എന്ന കമ്മ്യുണിസ്റ്റു മുദ്രാവാക്യം കര്‍ഷകത്തൊഴിലാളികളെ ആവേശം കൊള്ളിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1957ല്‍ അധികാരത്തില്‍ വന്നത് ഒരു വ്യക്തമായ പ്രകടന പത്രികയില്‍ക്കൂടിയായിരുന്നു. അതിനുമുമ്പുള്ള തിരുകൊച്ചിയിലും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ പ്രകടന പത്രികകളൊന്നും അവതരിപ്പിച്ചിരുന്നില്ല. ഭൂപരിഷ്ക്കരണം, തൊഴിലാളി ക്ഷേമം, വിദ്യാഭ്യാസ പരിഷ്ക്കരണം എന്നിവകളെല്ലാം പത്രികയില്‍ ഉള്‍പ്പെട്ടിരുന്നു. ഭരണത്തിലിരിക്കവേ ദേവികുളത്തു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേടിയ വിജയം കേരള ജനതയില്‍ നല്ല മതിപ്പുണ്ടാക്കുകയും ഭരണം സുഗമമായി തുടരുകയും ചെയ്തു. സാധാരണക്കാരെ സംബന്ധിച്ച് ഭരണം തൃപ്തികരമായിരുന്നെങ്കിലും അധികാരഭ്രമം ബാധിച്ച ചില രാഷ്ട്രീയ പാര്‍ട്ടികളെയും മതമേധാവികളെയും ഭരണം വിറളി പിടിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

ജനക്ഷേമകരമായ പ്രവര്‍ത്തന പദ്ധതികളുമായി സര്‍ക്കാര്‍ മുമ്പോട്ടു പോവുന്ന സന്ദര്‍ഭത്തിലാണ് കത്തോലിക്കാ സഭയ്ക്കും മന്നത്തു പത്മനാഭനും ഭരണകൂടത്തിനെതിരെ പ്രതികാര ബുദ്ധി ജനിച്ചത്. അതുവരെ കത്തോലിക്കാ സഭയുമായി അഭിപ്രായവിത്യാസത്തില്‍ കഴിഞ്ഞിരുന്ന മന്നത്തു പത്ഭനാഭനെ പുരോഹിതരും ബിഷപ്പുമാരും തോളിലേറ്റിയും രഥത്തില്‍ എഴുന്നള്ളിച്ചും അലങ്കരിച്ച വണ്ടികളിലും നാടു ചുറ്റിക്കാന്‍ തുടങ്ങി. വിമോചന സമര മുന്നണിയുടെ നേതാവായി മന്നത്തിനെ തെരഞ്ഞെടുക്കുകയും ചെയ്തു. സഭയും അന്നത്തെ രാഷ്ട്രീയക്കാരും മന്നത്തു പത്മനാഭന്! ഭാരത കേസരിയെന്ന സ്ഥാനവും നല്‍കി ബഹുമാനിച്ചു. സര്‍വ്വശ്രീ പി.റ്റി. ചാക്കോ, ആര്‍.ശങ്കര്‍, പട്ടംതാണുപിള്ള എന്നിവരും മുന്നണി പോരാളികളായിരുന്നു.

ഇ.എം.എസ് മന്ത്രിസഭ അധികാരത്തില്‍ വന്നതും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പരാജയവും നെഹ്രുവിനും കേന്ദ്ര മന്ത്രിസഭയ്ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലായിരുന്നു. എങ്കിലും ഭരണഘടനയുടെ ചട്ടക്കൂട്ടില്‍തന്നെ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമ്മതിച്ചു. അന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ നയിച്ചിരുന്നത് ഇന്ദിരാ ഗാന്ധിയായിരുന്നു. ഇ.എം.എസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ മന്ത്രിസഭ ഇന്‍ഡ്യ കണ്ടതില്‍ വെച്ച് ഏറ്റവും പ്രഗത്ഭന്മാര്‍ ഉള്‍പ്പെട്ടതായിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജി വി.ആര്‍. കൃഷ്ണയ്യര്‍, കൊച്ചിന്‍ യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലാറായിരുന്ന ജോസഫ് മുണ്ടശേരി, ഡോക്ടര്‍ എ.ആര്‍.മേനോന്‍, ഗൗരിയമ്മ, ടി.വി. തോമസ്, അച്യുതമേനോന്‍ എന്നിങ്ങനെ പ്രഗത്ഭരായവര്‍ ഭരണത്തിലെ ഓരോ വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു. മന്ത്രി സഭയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ സ്വതന്ത്രന്മാരെ ചാക്കിടാന്‍ കേന്ദ്രം ഭരിച്ചിരുന്ന പാര്‍ട്ടി ശ്രമിച്ചിരുന്നെങ്കിലും ആദര്‍ശം മുറുകെ പിടിച്ചിരുന്ന പ്രശസ്തരായ ഈ സാമാജികര്‍ ആരും തന്നെ ഒരു കുതികാല്‍ വെട്ടിനു തയ്യാറായിരുന്നില്ല.അങ്ങനെ മന്ത്രിസഭയെ താഴെയിടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വിമോചനസമരത്തിനു മുമ്പേ പരാജയപ്പെട്ടിരുന്നു.

സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് ഭരണകാലത്തിലെ ഭൂനയ നിയമമനുസരിച്ച് ഇന്ത്യയില്‍ ജന്മി സമ്പ്രദായമായിരുന്നു നിലവിലുണ്ടായിരുന്നത്. അതായത് ഭൂമി കൈവശം വെക്കാനുള്ള അവകാശം ഏതാനും വ്യക്തിഗത ജന്മി മുതലാളിമാര്‍ക്കുള്ളതായിരുന്നു. സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയിലെ പല സ്‌റ്റേറ്റുകളിലും സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം ഭൂപരിഷ്ക്കരണ ബില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വെസ്റ്റ് ബംഗാളിലെയും കേരളത്തിലെയും ഭൂപരിഷ്ക്കരണ ബില്ലായിരുന്നു അതില്‍ ഏറ്റവും പ്രസിദ്ധമായിരുന്നത്. ഇ.എം.എസ്. മന്ത്രിസഭയില്‍ അന്ന് ഭൂനിയമം അവതരിപ്പിച്ചത്! റവന്യൂ മന്ത്രിയായിരുന്ന ശ്രീ മതി ഗൗരിയമ്മയായിരുന്നു.

കമ്മ്യുണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നയുടന്‍ അവര്‍ വാഗ്ദാനം ചെയ്തതുപോലെ ഭൂപരിഷ്ക്കരണ നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. താമസിയാതെ വിദ്യാഭ്യാസവും തൊഴില്‍ ക്ഷേമ പദ്ധതികളും പരിഷ്ക്കരിക്കാനുള്ള പദ്ധതിയിട്ടു. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അഖിലേന്ത്യാ തലത്തില്‍ ഭൂപരിഷ്ക്കരണ നിയമങ്ങള്‍ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നെങ്കിലും പരിഷ്ക്കാരങ്ങള്‍ ഇന്ത്യയില്‍ ഒരു സ്ഥലത്തും ഒരിക്കലും പ്രായോഗികമാക്കിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഭൂപരിഷ്ക്കരണത്തിനായുള്ള ബില്ല് അസംബ്ലിയില്‍ കൊണ്ടുവന്നയുടന്‍ ആദ്യം എതിര്‍ത്തത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയായിരുന്നു. ഒപ്പം ജന്മി മുതലാളിമാരും വര്‍ഗീയ ശക്തികളും ബില്ലിനെ ശക്തിയായി എതിര്‍ത്തു. അവര്‍ക്ക് കൃഷി പരിഷ്കാരങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസ നയത്തിലും പ്രത്യേകമായ സ്വാര്‍ത്ഥ താല്പര്യങ്ങളുണ്ടായിരുന്നു.

ഭൂനയ പരിഷ്ക്കരണ ബില്‍ സഭയില്‍ അവതരിപ്പിച്ചത് സാധാരണക്കാരായ കര്‍ഷകരുടെ ക്ഷേമ താല്പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. 'കാലാകാലങ്ങളായി ജന്മിയുടെ പുരയിടത്തില്‍ കിടക്കുന്ന കുടിയാനെ അതുമൂലം പത്തു സെന്റ് ഭൂമിക്ക് അവകാശിയാക്കിയിരുന്നു. ജന്മിത്വം അവസാനിപ്പിച്ചുകൊണ്ടു കൃഷിക്കാരന് കൃഷി ചെയ്യാനുള്ള അവസരം നല്‍കുക, ഭൂമിക്ക് പരിധി നിര്‍ണ്ണയിക്കുക, മിച്ച ഭൂമി ഭൂരഹിതരായ കൃഷിക്കാര്‍ക്ക് വിതരണം ചെയ്യുക, കൃഷിയിടങ്ങളില്‍ കാണുന്ന അനീതി അവസാനിപ്പിക്കുക, സമൂഹത്തില്‍ പയ്യെ പയ്യെ പുരോഗമനം കൈവരിക്കുക മുതലായ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ വകുപ്പുകള്‍ ഭൂനയ ബില്ലിലുണ്ടായിരുന്നു.

'ഭൂമി അദ്ധ്വാനിക്കുന്നവനെന്നുള്ള' പുരോഗമന വിപ്ലവകാരികളുടെ മുദ്രാവാക്യങ്ങള്‍! രാജ്യത്തുള്ള ജന്മി മുതലാളിമാരില്‍ ഞെട്ടലും കോളിളക്കങ്ങളും സൃഷ്ടിച്ചിരുന്നു. ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയും നിശ്ചയിക്കപ്പെട്ടു. കുടികിടപ്പുകാരും കുടിലില്‍ താമസിക്കുന്നവരും മിച്ചഭൂമി ലഭിക്കാനുള്ള അവകാശവും നേടി. അവര്‍, നൂറ്റാണ്ടുകളോളം പൂര്‍വിക തലമുറകള്‍ മുതല്‍ ജന്മിമുതലാളിത്ത വ്യവസ്ഥിതിയില്‍ അതേ ഭൂമിയില്‍ പണിയെടുത്തവരായിരുന്നു. കൂടാതെ കുടികിടപ്പവകാശവും കുടിയാനെ ഭൂമിയില്‍നിന്ന് ഇറക്കി വിടാതിരിക്കാനുള്ള അവകാശവും ലഭിച്ചു. ചരിത്രപരമായ ആ ഭൂനിയമം കാരണം ജന്മിത്വം അവസാനിക്കുകയും കുടിയാന്‍മാര്‍ താമസിക്കുന്ന വീടും പത്തു സെന്റ് പുരയിടവും ജന്മിയില്‍നിന്നു അവര്‍ സ്വന്തമാക്കുകയും ചെയ്തു. ഈ നിയമം ഇ.എം.എസിന്റെ ആദ്യമന്ത്രിസഭയുടെ കാലത്ത് തുടങ്ങിയെങ്കിലും പൂര്‍ണ്ണാവകാശത്തോടെ പ്രാബല്യത്തിലായത് 1970 ജനുവരി ഒന്നാം തിയതിയായിരുന്നു. എങ്കിലും നാണ്യവിള നേടുന്ന ഏലം, കുരുമുളക്, തേയില, റബര്‍ പോലുള്ള എസ്‌റ്റേറ്റുകള്‍ ഭൂപരിധിയില്‍ നിന്നു ഒഴിവാക്കപ്പെട്ടിരുന്നു.

കൃഷി ഭൂമികള്‍ ആധുനിവല്‍ക്കരിക്ക വഴി സാമ്പത്തിക പുരോഗതി സംസ്ഥാനമാകെ നേടിയിരുന്നു. ഒപ്പം ജന്മിത്വം അവസാനിപ്പിക്കാനും ഈ ബില്ലുമുഖേന സാധിച്ചു. ഭൂമി പാട്ടത്തിനു കൊടുത്ത് പണം ശേഖരിക്കുന്ന വ്യവസ്ഥകള്‍ അവസാനിപ്പിച്ചു. ആയിരക്കണക്കിന് ജനങ്ങള്‍ തങ്ങള്‍ക്കു താമസിക്കാനുള്ള ഭൂമി സ്വന്തമാക്കി. അക്കാലത്ത് ഭൂമിയുള്ളവനെ അന്തസുള്ളവനായും ഭൂമിയില്ലാത്തവനെ അടിമയെപ്പോലെയും സമൂഹം കരുതിയിരുന്നു. കേരള ഭൂപരിഷ്ക്കരണനിയമം മനുഷ്യന്റെ ചിന്താഗതികള്‍ക്കും മാറ്റം വരുത്തി. ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ പരിഷ്ക്കാരങ്ങള്‍ വന്നപ്പോള്‍ ദരിദരനും അതിലൊരു പങ്കുപറ്റി. ആ നിയമം കൊണ്ട് സമൂഹത്തില്‍! പല പ്രതിഫലനങ്ങളുമുണ്ടായി. സാമൂഹിക ബന്ധങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. സമത്വത്തിനും സ്വാതന്ത്ര്യത്തിനും ജനങ്ങളില്‍ പുത്തനായ ആവേശം പകരാന്‍ കാരണമായി. ഭൂമിയില്ലാത്ത ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടാന്‍ തുടങ്ങി.

'ഇ.എം.എസ്' മന്ത്രിസഭ പോലീസ് നയങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിരുന്നു. പോലീസ്, തൊഴിലാളികളോട് മാന്യമായും നയമായും പെരുമാറണമെന്നും നിര്‍ദ്ദേശിച്ചു. അവരുടെ അവകാശങ്ങളെ മാനിക്കണമെന്നും അവരെ മാനസികമായി ഉപദ്രവിക്കുകയോ പീഡിപ്പിക്കുയോ പാടില്ലാന്നും ഉത്തരവ് കൊടുത്തു. പാരമ്പര്യമായി മുതലാളിമാരെ മാത്രം സഹായിക്കുന്ന പോലീസിന്റെ നയപരിപാടികളിലും മാറ്റങ്ങള്‍ വരുത്തിയിരുന്നു. ട്രേഡ് യൂണിയനെയും കൃഷിക്കാരെയും പാവങ്ങളെയും പീഢിപ്പിക്കല്‍ അവസാനിപ്പിക്കാനും സര്‍ക്കാരില്‍നിന്നും ഓര്‍ഡര്‍ കൊടുത്തിരുന്നു. കുറ്റകൃത്യങ്ങള്‍ മാത്രം ചെയ്യുന്നവരെ പിടിക്കുകയെന്നതു മാത്രമേ പോലീസിന്റെ ചുമതലയില്‍പ്പെട്ടതുള്ളൂവെന്നും ഓര്‍മ്മിപ്പിച്ചു. ഈ നിയമങ്ങളും ബൂര്‍ഷാ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നു.

1957 ജൂലൈ പതിമൂന്നാം തിയതി വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കേരളാ അസംബ്ലിയില്‍ വിവാദപരമായ വിദ്യാഭ്യാസ ബില്‍ അവതരിപ്പിച്ചു. പിന്നീട് ബില്‍ പാസ്സാക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രസിഡന്റ് ഒപ്പിടുന്നതിനു മുമ്പ് 'ബില്‍' സുപ്രീം കോടതിയുടെ പരിഗണനയിലും വന്നിരുന്നു. 1958 ജൂണ്‍ മാസത്തില്‍ ബില്ലിനെ കോടതി അംഗീകരിക്കുകയും ചെയ്തു. അദ്ധ്യാപകരുടെ ക്ഷേമം മുന്‍നിര്‍ത്തി തയ്യാറാക്കിയ ഒരു ബില്ലായിരുന്നു അത്. അദ്ധ്യാപക നിയമനത്തില്‍! െ്രെപവറ്റ് സ്കൂളിലും സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന വ്യവസ്ഥ ബില്ലിലുണ്ടായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തോടെ അര്‍ഹരായ അദ്ധ്യാപകരെ നിയമിക്കണമെന്നുള്ള വ്യവസ്ഥ പുരോഹിതരെ ചൊടിപ്പിച്ചു. െ്രെപവറ്റ് മാനേജ്‌മെന്റിലെ അദ്ധ്യാപകര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍ കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു. കാര്യക്ഷമതയോടെ സ്കൂള്‍ പരിപാലിക്കാത്ത പക്ഷം അഞ്ചു വര്‍ഷത്തേയ്ക്ക് സ്കൂളുകള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള വകുപ്പുമുണ്ടായിരുന്നു. നിയമനത്തില്‍ ജാതിയും മതവും റിസര്‍വേഷനും ഉള്‍പ്പെടുന്നതില്‍ സഭയുടെ എതിര്‍പ്പിന് കാരണമായി. സ്കൂളുകളും കോളേജുകളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന കിംവദന്തികള്‍! സഭയും, രാഷ്ട്രീയക്കാരും ഒന്നുപോലെ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.

െ്രെപമറി സ്കൂള്‍ ലെവല്‍വരെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിത വിദ്യാഭ്യാസം നടപ്പാക്കണമായിരുന്നു. സൗജന്യ വിദ്യാഭ്യാസത്തിനു പുറമെ സൗജന്യ ഭക്ഷണവും ബില്ലില്‍ നിര്‍ദ്ദേശിച്ചിരുന്നു. പതിനാലു വയസുവരെ സൗജന്യമായി പഠിക്കാനുള്ള ടെക്സ്റ്റ് ബുക്കുകളും സര്‍ക്കാര്‍ നല്‍കും. ഓരോ ക്ലാസിലും പഠിക്കേണ്ട പുസ്തകങ്ങള്‍ ഒരു വിദഗ്ദ്ധ കമ്മറ്റിയുടെ പരിഗണനയ്ക്കു ശേഷം തീരുമാനിക്കണമായിരുന്നു. കമ്മറ്റി നിശ്ചയിക്കുന്ന പുസ്തകങ്ങള്‍ കുട്ടികളെ ബ്രെയിന്‍ വാഷിങ് നടത്താനെന്നും പുരോഹിതര്‍ ആരോപണം ഉന്നയിച്ചു. മതം പഠിപ്പിക്കുന്നതു മറ്റൊരു തരത്തിലുള്ള മസ്തിഷ്ക്ക പ്രഷാളനമെന്ന വസ്തുത പുരോഹിതര്‍ മനസിലാക്കിയുമില്ല. കൂടാതെ ജോസഫ് മുണ്ടശേരി കമ്മ്യൂണിസ്റ്റനുഭാവമുള്ള ഒരു സഭാ വിരോധിയെന്നും പുരോഹിതര്‍ വിധിയെഴുത്തും നടത്തിയിരുന്നു.

ക്രിസ്ത്യാനികളില്‍ വലിയൊരു വിഭാഗം ഭൂസ്വത്തുള്ളവരും എസ്‌റ്റേറ്റ് ഉടമകളുമായിരുന്നു. ഭൂനയ ബില്ലിനെ അവര്‍ ഭയപ്പെട്ടു. ചൈനയിലെപ്പോലെ ഭൂമി മുഴുവന്‍ കര്‍ഷകനാകുമെന്നുള്ള പ്രചരണവും ശക്തമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്ലൊരു പങ്ക് ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റ കീഴിലായിരുന്നു. സ്കൂളുകളും കോളേജുകളും കയ്യടക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ വഹിച്ചിരുന്നത് നായന്മാരായിരുന്നു. ഭൂരിഭാഗം ഡോക്ടര്‍മാരും വക്കീലന്മാരും എഞ്ചിനീയര്‍മാരും അവരുടെ സമുദായത്തിലുള്ളവരായിരുന്നു. അവരിലെ ബുദ്ധിജീവികളില്‍ നല്ലൊരു ശതമാനം കമ്മ്യുണിസത്തെ വെറുക്കുകയും ചെയ്തിരുന്നു. ശ്രീ നാരായണ ധര്‍മ്മ പരിപാലന സംഘങ്ങളിലുള്ള (ടചഉജ)അനേകരും വിമോചന സമരത്തിനെ അനുകൂലിച്ചിരുന്നു. ആര്‍. ശങ്കറായിരുന്നു എസ്.എന്‍.ഡി.പി. സംഘടനകള്‍ നയിച്ചിരുന്നത്. മുസ്ലിം ലീഗും വിമോചനസമരത്തിനു പിന്തുണ കൊടുത്തു. മുസ്ലിമുകളും അക്കാലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിപുലീകരിക്കുന്ന കാലമായിരുന്നു. സര്‍ക്കാരിനെതിരെ ക്രിസ്ത്യാനികളും നായന്മാരും എസ്.എന്‍.ഡി.പി യും മുസ്‌ലിം ലീഗും ഒന്നുപോലെ, ഐക്യദാര്‍ഢ്യത്തോടെ സമരങ്ങള്‍ നയിക്കാനും തീരുമാനിച്ചു.

ഭൂനയബില്ലും വിദ്യാഭ്യാസ ബില്ലും ഖണ്ഡിച്ചുകൊണ്ട് ശ്രീ മന്നത്തു പത്ഭനാഭന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസപ്രക്ഷോപണമെന്ന പേരില്‍ വിമോചന സമരത്തിനു തുടക്കമിട്ടു. മന്ത്രി സഭ താഴെയിടുന്നതിനായി സ്വതന്ത്രന്മാരെ ചാക്കിട്ടു പിടിക്കാനുള്ള ഇന്ദിരാ ഗാന്ധിയുടെ ശ്രമങ്ങള്‍ പരാജയമായപ്പോള്‍ കമ്മ്യുണിസ്റ്റ് വിരോധികളെ നയതന്ത്രങ്ങളില്‍ക്കൂടി ഒന്നടങ്കം യോജിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. കോണ്‍ഗ്രസിലെ നേതാക്കന്മാരായ ആര്‍. ശങ്കര്‍, പി.റ്റി .ചാക്കോ എന്നിവരോടൊപ്പം സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ പട്ടം താണുപിള്ളയുടെ പിന്തുണയും വിമോചന സമരത്തിനുണ്ടായിരുന്നു. മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ മതപുരോഹിതരുടെയും നായര്‍ സര്‍വീസ് സൊസൈറ്റിയുടെയും പിന്തുണയോടെ വിമോചന സമരം കേരളം മുഴുവന്‍ ശക്തിയായി പൊട്ടിപ്പുറപ്പെട്ടു. കേരളത്തിലെ പ്രബലമായ മതങ്ങള്‍ ഒന്നിച്ചുകൂടി കമ്മ്യുണിസത്തിനെതിരെ സമരം ചെയ്തതും ചരിത്ര സംഭവമായിരുന്നു. ക്രിസ്ത്യാനികളില്‍ സുറിയാനി കത്തോലിക്കര്‍ സമരത്തിനു ചുക്കാന്‍ പിടിച്ചു. മനോരമ, ദീപിക പോലുള്ള പത്രങ്ങള്‍ സമരക്കാരില്‍ ആവേശവും നല്‍കിക്കൊണ്ടിരുന്നു.

ബിഷപ്പുമാര്‍ ഇടയലേഖനങ്ങളിറക്കിയാല്‍ അജഗണങ്ങള്‍ നന്മതിന്മകള്‍ ചിന്തിക്കാതെ കുറുവടികളുമായി പടയ്ക്ക് പുറപ്പെടുന്ന കാലവുമായിരുന്നു. ഇടയ ലേഖനങ്ങളുടെ പ്രവാഹവും സമരത്തിന് ആവേശം നല്‍കിക്കൊണ്ടിരുന്നു. കമ്മ്യുണിസ്റ്റുകാര്‍ ഭൂസ്വത്തുക്കള്‍ മുഴുവന്‍ പിടിച്ചെടുക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ കയ്യടക്കാന്‍ പോകുന്നുവെന്നും പറഞ്ഞുകൊണ്ട് മതവും ക്രിസ്ത്യന്‍ മാധ്യമങ്ങളും പ്രചരണം ആരംഭിച്ചു. മതവും രാഷ്ട്രീയവും ഒത്തു ചേര്‍ന്നുള്ള അര്‍ദ്ധ സത്യങ്ങളടങ്ങിയ പ്രചരണങ്ങളില്‍ക്കൂടി ക്രിസ്ത്യാനികളിലും നായന്മാരിലും ഭയമുണ്ടാക്കികൊണ്ടിരുന്നു. കാരണം, ഈ രണ്ടു പ്രബല ജാതികളായിരുന്നു സാമ്പത്തികമായി മെച്ചപ്പെട്ട സമുദായക്കാര്‍. വിമോചന സമരം വിജയിക്കാന്‍ ഈ സമുദായങ്ങളുടെ സഹകരണങ്ങളും ആവശ്യമായിരുന്നു.

അക്രമണ മാര്‍ഗങ്ങളോടെയുള്ള സമരം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭരണത്തെ സ്തംഭിപ്പിക്കാന്‍ സാധിച്ചു. കേരളമാകെയുള്ള സ്കൂളുകള്‍ അടച്ചുപൂട്ടിച്ചു. ഇരുപത്തിനാലു മണിക്കൂറും ഓഫീസുകള്‍ക്കു മുമ്പില്‍ പിക്കറ്റിങ് നടത്തുകയെന്നതും സമരക്കാരുടെ അടവായിരുന്നു. 1959 ജൂണ്‍ പന്ത്രണ്ടാം തിയതി കെ.പി.സി.സി. യും സമരത്തിന് ആഹ്വാനം ചെയ്തു. പിക്കറ്റിങ്ങും പ്രകടനങ്ങളും നാടാകെ കൊടുമ്പിരി കൊണ്ടു. 1959 ജൂണ്‍ ഇരുപത്തിരണ്ടാം തിയതി നെഹ്‌റു തിരുവനന്തപുരത്തെത്തി ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സമരക്കാര്‍ക്ക് നിരുപാധികം മന്ത്രിസഭയുടെ രാജി മാത്രം മതിയായിരുന്നു.

ഇതിനിടയില്‍ സമരത്തിന്റെ തീവ്രതയില്‍ ജനങ്ങള്‍ അക്രമാസക്തരായപ്പോള്‍ അങ്കമാലിയിലും വലിയതുറയിലും വെടിവെപ്പുണ്ടായി. വെടിവെപ്പില്‍ ഫ്‌ലോറിയെന്ന ഗര്‍ഭിണി വെടിയേറ്റു മരിച്ചത്! നാടാകെ കോളിളക്കം സൃഷ്ടിക്കുകയും സ്ത്രീ പുരുഷന്മാരും അബാല വൃദ്ധ ജനങ്ങളും സമര മുന്നണിയില്‍ ഇറങ്ങുകയും ചെയ്തു. ജനങ്ങളുടെ വൈകാരികത മുതലെടുക്കാന്‍ ഫ്‌ലോറിയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിലപിക്കുന്ന ഫോട്ടോകളടങ്ങിയ ലക്ഷക്കണക്കിന് പോസ്റ്ററുകള്‍ നാടുനീളെ പതിപ്പിച്ചുകൊണ്ടിരുന്നു. വനിതകളുടെ കുറ്റിച്ചൂലും കര്‍ഷകരുടെ തൊപ്പിപ്പാളയും ധരിച്ചുള്ള സമരം നിത്യ സംഭവങ്ങളായിരുന്നു. കേരളം മുഴുവന്‍ സമരാഗ്‌നി ജ്വലിച്ചുകൊണ്ടിരുന്നു. "തെക്കു തെക്കൊരു ദേശത്ത് ഫ്‌ലോറിയെന്നൊരു ഗര്‍ഭിണിയെ വെടിവെച്ചു കൊന്നൊരു സര്‍ക്കാരെ, ഞങ്ങളുടെ ചങ്കിലെ ചോരയ്ക്ക് നിങ്ങളുടെ കൊടിയുടെ നിറമാണെങ്കില്‍ പകരം ഞങ്ങള്‍ ചോദിക്കുമെന്ന" മുദ്രാവാക്യങ്ങളും വിളിച്ച് ദീപശിഖകളുമേന്തി നാടാകെ പ്രകടനങ്ങളുമുണ്ടായിരുന്നു.

1959 ജൂലൈ മുപ്പത്തിയൊന്നാംതിയ്യതി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ഇ.എം.എസ് മന്ത്രിസഭയെ ഭരണഘടന 356 പ്രകാരം പിരിച്ചുവിടുകയുണ്ടായി. സംസ്ഥാനത്തുണ്ടായ അരാജകത്വവും ആക്രമണങ്ങളും നിയമരാഹിത്യവും ജനവിപ്ലവങ്ങളും കാരണങ്ങളാല്‍ കേന്ദ്ര സര്‍ക്കാരിനു ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നു. വാസ്തവത്തില്‍ അന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെ കളങ്കം ചാര്‍ത്തിയ ഒരു ദിനമായിരുന്നു. ജനാധിപത്യത്തില്‍ക്കൂടി തെരഞ്ഞെടുത്ത സര്‍ക്കാരിനെ വിമോചന സമരം വഴി താഴെയിറക്കിയതില്‍ അന്നു പങ്കെടുത്ത കോണ്‍ഗ്രസുകാര്‍പോലും തെറ്റായിരുന്നുവെന്നു വിചാരിക്കുന്നു. ജനാധിപത്യം സ്ഥാപിക്കുന്നതിനും സ്വാതന്ത്ര്യ സമരത്തിനുവേണ്ടിയും സമരം ചെയ്ത കോണ്‍ഗ്രസ്സ് ഒരു ജനാധിപത്യ വിരുദ്ധ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

കമ്മ്യുണിസം ഇന്ത്യന്‍മണ്ണില്‍ വേരു പിടിക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ അമേരിക്കയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നില്ല. കേരളത്തില്‍ തുടങ്ങിവെച്ച കമ്മ്യുണിസ്റ്റു പ്രസ്ഥാനങ്ങള്‍ കാലക്രമത്തില്‍ ഇന്‍ഡ്യ മുഴുവനായി കീഴ്‌പ്പെടുത്തുമെന്നു പാശ്ചാത്യ ശക്തികളും കണക്കുകൂട്ടിയിരുന്നു.1973 മുതല്‍ 1978 വരെ അമേരിക്കയുടെ ഇന്ത്യന്‍ അംബാസഡറായിരുന്ന ഡാനിയല്‍ പാട്രിക്ക് മോയിനിഹാന്റെ (ഉമിശലഹ ജമേൃശരസ ങീ്യിശവമി) ഡേഞ്ചറസ് പ്ലേസ് (അ റമിഴലൃീൗ െുഹമരല) എന്ന ഗ്രന്ഥത്തില്‍ കേരളത്തിലെ വിമോചനസമരത്തില്‍ സി.ഐ.എ യുടെ പങ്കിനെപ്പറ്റി വിവരിച്ചിട്ടുണ്ട്. മോയിനിഹാന്‍റെ അഭിപ്രായങ്ങളെ പ്രസിദ്ധ എഴുത്തുകാരനായ ഹൊവാര്‍ഡ് ഷെഫേര്‍ (ഒഛണഅഞഉ ആ. ടഇഒഅഎഎഋഞ) തന്റെ 'എല്‍സ് വോര്‍ത് ബങ്കര്‍' (ഋഹഹംെീൃവേ ആൗിസലൃ) എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ക്കൂടിയും വ്യക്തമാക്കിയിട്ടുണ്ട്. ബങ്കര്‍ 1956 മുതല്‍ 1961 വരെ അമേരിക്കയുടെ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിരുന്നു. അമേരിക്ക ഇന്ത്യയില്‍ കമ്മ്യുണിസം വ്യാപിക്കാതിരിക്കാന്‍ കേരളത്തിലെ ഇ.എം.എസ്. മന്ത്രിസഭയ്‌ക്കെതിരെ 'ഫണ്ട്' (എൗിറ) നല്‍കിയിരുന്നുവെന്നും ബങ്കര്‍ പറഞ്ഞിരുന്നതായി ആ പുസ്തകത്തിലുണ്ട്.കേരളത്തില്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ കമ്മ്യുണിസം വേരൂന്നിയപ്പോള്‍ അന്ന് ഇന്‍ഡ്യ മുഴുവന്‍ കമ്മ്യുണിസം വ്യാപിക്കുമെന്ന് പാശ്ചാത്യ ശക്തികള്‍ ഭയപ്പെട്ടിരുന്നു. റക്ഷ്യയോടും ചൈനായോടുമൊപ്പം ഇന്ത്യയും കമ്മ്യുണിസത്തില്‍ വീണാല്‍ അത് അമേരിക്കയ്ക്ക് ഭീഷണിയായിരിക്കുമെന്നും കരുതി.

വിമോചന സമരത്തിന്റെ ശരിയും തെറ്റും വിലയിരുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ ഇന്നും നടക്കുന്നു. സമരം അധാര്‍മ്മികമായിരുന്നുവെന്നും സമരത്തില്‍ പങ്കെടുത്തതില്‍ ഖേദിക്കുന്നുവെന്നും ചിന്തിക്കുന്നവര്‍ അനവധിയുണ്ട്. വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റം വരുത്തി വിദ്യാഭ്യാസത്തില്‍ കമ്മ്യുണിസ്റ്റു ചിന്താഗതികള്‍ സ്കൂളുകളില്‍ പാഠ പുസ്തകമാക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നു സഭ ഇന്നും കുറ്റപ്പെടുത്തുന്നുണ്ട്. കമ്മ്യുണിസത്തിന്റെ പ്രത്യേയ ശാസ്ത്രം കേരളജനതയുടെ മേല്‍ അടിച്ചമര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് വിമോചന സമരത്തിന് ഒരുമ്പെട്ടതെന്നും അവകാശപ്പെടുന്നു. പാകതയും ചിന്തിക്കാനും കഴിവില്ലാത്ത കാലത്തായിരുന്നു വിമോചനസമരത്തില്‍ പങ്കു ചേര്‍ന്നതെന്നും എന്നാല്‍ അന്നത്തെ തന്റെ നടപടി അധാര്‍മ്മികമായിരുന്നുവെന്നു പില്‍ക്കാലത്തു ബോദ്ധ്യപ്പെട്ടുവെന്നും വിമോചന സമരത്തില്‍ പങ്കെടുത്ത സുപ്രീം കോടതി ജഡ്ജിയായിരുന്ന കെ.ടി. തോമസ് അഭിപ്രായപ്പെട്ടു.

ഭൂപരിഷ്കരണം കൊണ്ട് ഇരുപത്തിയഞ്ചു ലക്ഷം കുടിയാന്മാരെ ഭൂമിക്കവകാശികളാക്കി. എങ്കിലും ഭൂപരിഷ്ക്കരണ നിയമങ്ങള്‍, കോര്‍പറേറ്റ് വ്യവസായങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല. തൊഴിലാളികള്‍ കൂടുതലും കമ്മ്യൂണിസ്റ്റ് അനുയായികളായിരുന്നു. ട്രേഡ് യൂണിയന്‍ സംഘടനകള്‍ കൂടുതല്‍ തൊഴില്‍ വേതനത്തിനായി മുതലാളിമാരുമായി വിലപേശലുകളും ആരംഭിച്ചു. കമ്മ്യുണിസ്റ്റ് തത്ത്വങ്ങള്‍ പ്രചാരത്തില്‍ വന്നതുകൊണ്ട് മുതലാളിമാര്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ തയ്യാറായി വന്നിരുന്നില്ല. െ്രെപവറ്റ് വ്യവസായങ്ങളെ തഴഞ്ഞുകൊണ്ടു സ്‌റ്റേറ്റ് ലെവലില്‍ ബിസിനസ്സ് തുടങ്ങിയതും വ്യവസായ വളര്‍ച്ചക്ക് അനുകൂലമായിരുന്നില്ല.

തൊഴിലാളികള്‍ക്ക് മിനിമം കൂലി സ്ഥിരപ്പെടുത്തിയതും ഇ.എം.എസ്. മന്ത്രിസഭയുടെ തീരുമാനമായിരുന്നു. കേരളത്തിലെ വ്യവസായങ്ങളും ഫാക്ടറികളും 1957നു മുമ്പുള്ള നിലവാരത്തില്‍ നിന്നും മൂന്നു വര്‍ഷംകൊണ്ട് മുപ്പതു ശതമാനം വര്‍ദ്ധിച്ചു. വിമോചന സമരം മൂലം അന്ന് വിദ്യാഭ്യാസ നയം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇന്നും വ്യക്തമായ ഒരു നിയമം ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഴിമതികള്‍ തുടരുന്നു. കോഴ കോളേജുകള്‍ പടുത്തുയര്‍ത്താന്‍ വിദ്യാഭ്യാസക്കച്ചവടക്കാര്‍ തമ്മില്‍ മത്സരത്തിലാണ്. വര്‍ഗീയതയോടൊപ്പം കേരളത്തില്‍ മൂല്യങ്ങള്‍ കുറഞ്ഞ കോളേജുകളുടെ എണ്ണവും പെരുകി വരുന്നതായി കാണാം.

1959ല്‍ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ നേതാവായിരുന്ന ബാലചന്ദ്ര രണദേവ (Balchandra Trimbak Ranadive) എഴുതി, "കേരളത്തിലെ പതനമേറ്റ മന്ത്രിസഭ ലക്ഷ്യമില്ലാതെ സമുദ്രത്തില്‍ യാത്ര ചെയ്ത ഒരു കപ്പലിനു സമാനമായിരുന്നു. ബൂര്‍ഷാ മനഃസ്ഥിതിയുള്ള പ്രഭുക്കന്മാര്‍ നിയന്ത്രിക്കുന്ന ഒരു കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ അവര്‍ക്ക് അന്ന് പ്രവര്‍ത്തിക്കേണ്ടി വന്നു. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ ഏതാനുംപേരുടെ നിയന്ത്രണത്തില്‍ മാത്രമായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ കേരള ജനത കമ്മ്യൂണിസത്തെ തെരഞ്ഞെടുത്തു. ഇടതുപക്ഷ ചിന്താഗതിയുള്ള ഒരു ഭരണകൂടം അധികാരത്തിലും വന്നു. കാരണം, അത് ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങളുടെ തീരുമാനമായിരുന്നു. സോഷ്യലിസമോ സോഷ്യലിസ്റ്റ് മാറ്റങ്ങളോ ആയിരിക്കില്ല ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. ജനങ്ങള്‍ക്ക് ആവശ്യമായിരുന്നത്, ഭൂപരിഷ്ക്കാരമുള്‍പ്പടെ സാമൂഹിക മാറ്റങ്ങളായിരിക്കാം. ഭരണഘടന വാഗ്ദാനം നല്‍കിയവിധം എല്ലാ പൗരാവകാശങ്ങളും ഉള്‍ക്കൊണ്ട സത്യസന്ധമായ ഒരു ഭരണകൂടത്തെയും പ്രതീക്ഷിച്ചിരിക്കാം."
വിമോചന സമരവും പറയപ്പെടാത്ത കഥകളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക