Image

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ സിനഡും ദീപികയും (ജോസഫ് പടന്നമാക്കല്‍)

Published on 29 January, 2019
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ സിനഡും ദീപികയും (ജോസഫ് പടന്നമാക്കല്‍)
ബിഷപ്പ് ഫ്രാങ്കോ ജയില്‍ വിമുക്തനായപ്പോള്‍ അദ്ദേഹത്തിന് ജലന്ധറില്‍ അതിവിപുലമായ സ്വീകരണമാണ് ഒരുക്കിയത്. പൂച്ചെണ്ടുകളുമായി കന്യാസ്ത്രികളും മറ്റു സ്ത്രീകളും പുരോഹിതരും അല്മായ ജനങ്ങളോടൊപ്പം സ്വീകരിക്കാന്‍ മുമ്പിലുണ്ടായിരുന്നു. എന്നാല്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സ്ഥിതിഗതി അതി ദുഃഖകരമായിരുന്നു. സഭയ്ക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്നവരെ വിശുദ്ധ പദവിലേക്ക് നാമകരണ ചടങ്ങുകള്‍ ആരംഭിക്കും. അതേസമയം, സഭയിലെ പുരോഹിതരോ ബിഷപ്പോ സ്ത്രീകളെയോ കുട്ടികളെയോ പീഡിപ്പിച്ചാല്‍ ബലിയാടാവുന്നവരെ ചവുട്ടി താഴ്ത്തുകയും ചെയ്യും. ബിഷപ്പ് ഫ്രാങ്കോയില്‍നിന്ന് കന്യാസ്ത്രികള്‍ക്കെതിരെ വന്ന പീഡന സംഭവങ്ങള്‍ അതിനുദാഹരണമാണ്. കത്തോലിക്ക സഭ പണിതീര്‍ത്തിരിക്കുന്നത് പുരുഷ മേധാവിത്വ ചിന്തകളിലാണ്. ഒരു പുരോഹിതനോ ബിഷപ്പോ തെറ്റുചെയ്താല്‍ കാനോന്‍ നിയമമനുസരിച്ച് അവരെ ശിക്ഷിക്കണമെങ്കില്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. പുരോഹിതരുടെ തെറ്റുകള്‍ ഒരു കന്യാസ്ത്രി ചൂണ്ടി കാണിച്ചാല്‍ സഭയ്ക്കു നേരെയുള്ള വെല്ലുവിളിയും ശത്രുതയുമായി കണക്കാക്കും. അനുസരണക്കേടിന്റെ പേരില്‍ ശിക്ഷണ നടപടികള്‍ ഉടന്‍തന്നെ ഉണ്ടാവുകയും ചെയ്യും. ലോകത്തിന്റെ മുമ്പില്‍ പുരോഹിതര്‍ നിത്യം ബ്രഹ്മചാരികളായി ചമയും. ദാരിദ്ര്യം അനുസരണം വ്രതം മുതലായ നൂലാമാലകള്‍ കന്യാസ്ത്രികള്‍ക്കു മാത്രമായി വിധിക്കപ്പെട്ടിരിക്കുന്നു. നിരവധി പുരോഹിതരും ബിഷപ്പുമാരും ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നതൊന്നും ഇവര്‍ക്ക് പ്രശ്‌നമല്ല. സ്ത്രീത്വത്തെ ചവുട്ടി മെതിക്കുന്ന നയങ്ങളാണ് പുരോഹിതരും സഭയും കൈക്കൊണ്ടിരിക്കുന്നത്. സ്ത്രീയുടെ മാനം പോയാല്‍ അവര്‍ക്ക് പ്രശ്‌നമല്ല.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പേരില്‍ സഭ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ കേട്ടാല്‍ വിസ്മയം തോന്നും. അവര്‍ ചെയ്ത പാപങ്ങളുടെ ലിസ്റ്റില്‍ അനുസരണക്കേടാണ് പൊന്തി നില്‍ക്കുന്നത്. എന്താണ് അവര്‍ ചെയ്ത തെറ്റ്? നിരാലംബയായ ഒരു കന്യാസ്ത്രിയെ അഭിവന്ദ്യനെന്നു കരുതിയിരുന്ന ഒരു ബിഷപ്പ് ലൈംഗിക പീഡനം നടത്തിയപ്പോള്‍ സിസ്റ്റര്‍ ലൂസി ഏതാനും കന്യാസ്ത്രികളോടൊപ്പം ഇരയായ കന്യാസ്ത്രിയെ പിന്താങ്ങി. മാനം നഷ്ടപ്പെട്ട കന്യാസ്ത്രിക്കു വേണ്ടി മറ്റു കന്യാസ്ത്രികള്‍ സമരം ചെയ്തപ്പോള്‍ അവരോടൊപ്പം ലൂസിയും സമര പന്തലിലുണ്ടായിരുന്നു. അവര്‍ ചൂരിദാര്‍ ധരിച്ചുകൊണ്ട് സ്ത്രീകളുടെ ഒരു പ്രകടനത്തില്‍ പങ്കുകൊണ്ടതും സ്വന്തം ചിലവില്‍ ഒരു കവിതാ പുസ്തകം പ്രസിദ്ധീകരിച്ചതും സ്വന്തമായി കാറ് മേടിച്ചതും കുറ്റങ്ങളായിരുന്നു. അദ്ധ്യാപിക എന്ന നിലയില്‍ അവര്‍ നേടിയ ശമ്പളം മുഴുവന്‍ കന്യാസ്ത്രി മഠം തട്ടിയെടുത്തതൊന്നും പാപമല്ല. ദരിദ്രയായി ജീവിക്കണമെന്നാണ് മഠം നിയമം. പുരോഹിതര്‍ക്കും ബിഷപ്പുമാര്‍ക്കും ആര്‍ഭാടമായി ജീവിക്കുകയും ചെയ്യാം.

ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ വലുതാണോ പൗരാഹിത്യ കാനോന്‍ നിയമം! ഒരു സാധാരണ പൗരന് കൊടുക്കുന്ന അവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്കു നിഷേധിക്കുന്ന സഭയുടെ മേലാളന്മാര്‍ സ്ത്രീത്വത്തെ ചവുട്ടി മെതിക്കാന്‍ ശ്രമിക്കുന്നു. മഠത്തിനുള്ളില്‍ തന്നെ ദുഷിച്ച മാമൂലുകളെയെതിര്‍ക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള കുത്തുവാക്കുകള്‍ ധാരാളം. അച്ചടക്കം ലംഘിച്ചെന്ന കുറ്റാരോപണങ്ങള്‍ ചാര്‍ത്തി ലൂസിയോട് സഹകന്യാസ്ത്രികള്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നു. കൂട്ടത്തിലുള്ള മറ്റു കന്യാസ്ത്രികള്‍ അവരോട് സംസാരിക്കില്ല. അതൊന്നും ലൂസി വകവെക്കാതെ എന്തും കല്‍പ്പിച്ചു തന്നെ ശക്തമായ പ്രതികരണങ്ങളോടെ പോരാട്ടം നടത്തുന്നു. 'ഇന്നിന്റേയും നാളയുടെയും സന്യസ്തരായ ആയിരക്കണക്കിന് കന്യാസ്ത്രികള്‍ക്കുവേണ്ടിയുമാണ് താന്‍ ഒറ്റയാന്‍ യുദ്ധം നടത്തുന്നതെന്നും' അവര്‍ പറഞ്ഞു. 'ഒന്നുമറിയാത്ത പ്രായത്തില്‍ സര്‍വ്വതുമുപേക്ഷിച്ച്, മാതാപിതാക്കളെയും ത്യജിച്ച് മഠത്തില്‍ വന്നെത്തുന്ന ഒരു കുട്ടിയും ഇനിമേല്‍ മഠം ക്രൂരതകള്‍ അനുഭവിക്കാന്‍ ഇടയാകരുതെന്നും' ലൂസിയാഗ്രഹിക്കുന്നു.

പുരോഹിതര്‍ കാണിക്കുന്ന സകല വൃത്തികേടുകള്‍ക്കും കുടപിടിച്ചുകൊണ്ട് ഒപ്പം കന്യാസ്ത്രികളും നില്‍ക്കണം. പതിന്നാലുകാരിയില്‍ അവിഹിത ഗര്‍ഭമുണ്ടാക്കിയ പുരോഹിതന്‍ റോബിനെവരെ സഭ സംരക്ഷിക്കുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നു. അയാളുടെ കുഞ്ഞിന്റെ പിതൃത്വം പീഡിപ്പിക്കപ്പെട്ട പതിനാലുകാരിയുടെ പിതാവിന്റെ മേലും ചുമത്താന്‍ ശ്രമിച്ചു. റോബിനച്ചനുവേണ്ടി കുട പിടിക്കാന്‍ ഹോസ്പിറ്റലിലെ ഡോക്ടറായ കന്യാസ്ത്രി മുതല്‍ നിരവധി മറ്റു കന്യാസ്ത്രികളുമുണ്ടായിരുന്നു. പുരോഹിതരെന്തു പറഞ്ഞാലും അല്‌മെനികളും കന്യാസ്ത്രികളും 'അതേയതേയച്ചോ, തിരുമേനി, പിതാവേ' എന്നെല്ലാം ഉരുവിട്ടുകൊണ്ടു അവരുടെ മുമ്പില്‍ കുമ്പിട്ടു നില്‍ക്കണമെന്നുള്ള ധാരണകളുണ്ട്. കാലം മാറിയത് പുരോഹിത ലോകം അറിയുന്നില്ല. ഇന്ന് പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ഒരു കൊച്ചുകുട്ടിക്കുപോലും വിവരവും വിദ്യാഭ്യാസവുമുണ്ട്. എന്നാല്‍ അത്തരം വിവര സാങ്കേതിക വിദ്യകളെ തടസപ്പെടുത്തുന്ന തീരുമാനങ്ങളാണ് കേരളത്തിലെ ബിഷപ്പ് സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നത്. അന്യന്റെ വിയര്‍പ്പിന്റെ മുതലുകൊണ്ടു ആഡംബര കാറില്‍ സഞ്ചരിക്കുന്ന പുരോഹിതര്‍ ഒരു കന്യാസ്ത്രി ചെറിയൊരു കാര്‍ സ്വന്തമായ പണം കൊണ്ട് മേടിച്ചതിനു കുറ്റപ്പെടുത്തുന്നു. സഭയുടെ ചിന്തകള്‍ എത്രമാത്രം ഇടുങ്ങിയതും വൈവിദ്ധ്യങ്ങളെന്നും ചിന്തിക്കൂ!

സഭയുടെ അകത്തളത്തിലുള്ള അധര്‍മ്മങ്ങളെ ലൂസി പുറം ലോകത്തെ അറിയിച്ചപ്പോള്‍ സഭയും മറ്റു കന്യാസ്ത്രികളും അവരെ തേജോവധം ചെയ്യാന്‍ തുടങ്ങി. അവര്‍ സഭയ്ക്കു നാണക്കേടുണ്ടാക്കിയെന്ന ആരോപണങ്ങളും ഉന്നയിച്ചു. കേരളമെന്നു പറയുന്നത് ഇന്ത്യയിലെ തന്നെ സാംസ്‌കാരികമായി ഉയര്‍ന്ന സംസ്ഥാനമാണ്. നൂറു കണക്കിന് പുരോഹിതര്‍ ഇവിടെ പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൂസി പുസ്തകം പ്രസിദ്ധീകരിച്ചത് സഭയുടെ അനുവാദമില്ലാതെയാണുപോലും! ഉള്ളൂര്‍ മഹാകവി പോലും പാടി പുകഴ്ത്തിയ കവിയായ 'സിസ്റ്റര്‍ ബനീഞ്ഞ', ലൂസി സിസ്റ്ററിന്റെ ആന്റിയായിരുന്നു. അമ്പതുകൊല്ലം മുമ്പുപോലും കഥയും കവിതകളും എഴുതാന്‍ കന്യാസ്ത്രികള്‍ക്ക് വിലക്കില്ലായിരുന്നു. സിസ്റ്റര്‍ ലൂസിയെ സഭയില്‍നിന്നു പുറത്താക്കാനായി അല്ലെങ്കില്‍ സ്വയം പിരിഞ്ഞുപോവുന്നതിനായി അവരെ പരമാവധി പീഡിപ്പിക്കുന്നുവെന്നതാണ് സത്യം. നഷ്ടപരിഹാരങ്ങള്‍ കൊടുക്കാതെ വെറും കയ്യോടെ സഭയ്ക്കുള്ളില്‍നിന്നും പുറത്തു ചാടിക്കാനുള്ള തന്ത്രങ്ങളാണ് നെയ്തു കൊണ്ടിരിക്കുന്നത്. തെറ്റു ചെയ്യാതെ ധരിച്ചിരിക്കുന്ന കുപ്പായം ഊരുന്ന പ്രശ്‌നമില്ലെന്ന് ലൂസി തുറന്നു പറഞ്ഞു.

ചൂരിദാറിടുന്ന കാര്യങ്ങളെ സംബന്ധിച്ചും സിസ്റ്റര്‍ ലൂസി വിശദീകരിക്കുന്നുണ്ട്. ലൂസി ഒരു വര്‍ഷത്തോളം സഭാ കോഴ്സിന് പഠിക്കുന്ന സമയം മഠം തന്നെ അവര്‍ക്ക് ചൂരിദാര്‍ മേടിച്ചു കൊടുത്തിരുന്നു. അവിടെ മറ്റു സഹോദരികളുമൊത്ത് ചൂരിദാറും ധരിച്ചുകൊണ്ടായിരുന്നു ക്ളാസില്‍ പോയിരുന്നത്. യോഗ പരിശീലിക്കുമ്പോഴും കായിക പരിപാടികളില്‍ പങ്കെടുക്കുമ്പോഴും കലാപരിപാടികളില്‍ സംബന്ധിക്കുമ്പോഴും ചൂരിദാര്‍ തന്നെയായിരുന്നു വേഷം. അന്ന് ക്ളാസുകളില്‍ പുരോഹിതരുമുണ്ടായിരുന്നു. ഇതൊന്നും സാധാരണ ആഡംബര വസ്ത്രങ്ങളായി കണക്കാക്കാന്‍ സാധിക്കില്ല. ഒരു സ്ത്രീ സാധാരണയായി ധരിക്കുന്ന വേഷങ്ങളാണ്.

പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രിയെ ഇന്ന് കൂട്ടമായി മറ്റു കന്യാസ്ത്രികള്‍ ഒറ്റപ്പെടുത്തിയിരിക്കുന്നപോലെയുള്ള അനുഭവങ്ങളാണ് ലൂസി ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മറ്റു കന്യാസ്ത്രികള്‍ ആരും അവരോട് സംസാരിക്കുകയില്ല. ഭക്ഷണ മുറികളിലും ആരാധന സമയത്തും അവര്‍ ലൂസിയില്‍നിന്നും അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അധികാരികളുടെ ശാസനകള്‍ക്ക് വിധേയമാകുമെന്നു കൂടെയുള്ള കന്യാസ്ത്രികള്‍ ഭയപ്പെടുന്നുണ്ടാകാം.

ലൂസി ചോദിക്കുന്നു, 'പുരോഹിതര്‍ തങ്ങളുടെമേല്‍ കാണിക്കുന്ന സകല വൃത്തികേടുകളും പീഡനങ്ങളും ഞങ്ങള്‍ സഹിക്കണോ! അതിനെ ചോദ്യം ചെയ്താല്‍ അതെങ്ങനെ അനുസരണക്കേടാകും? 'പവിത്രമായ കുപ്പായത്തിനുള്ളില്‍ പിശാചിനെപ്പോലെ പെരുമാറുന്ന പുരോഹിത വര്‍ഗത്തിന്റെ മുമ്പില്‍ കന്യാസ്ത്രികള്‍ അടിമകളെപ്പോലെ എന്തിനു കഴിയണം? പുരോഹിതര്‍ കാണിക്കുന്ന വൃത്തികേടുകള്‍ക്കെല്ലാം കന്യാസ്ത്രികള്‍ കുടപിടിക്കുന്നതെന്തിന്? തരം കിട്ടുമ്പോള്‍ അവര്‍ തങ്ങളുടെ കന്യാകത്വം നഷ്ടപ്പെടുത്താന്‍ ശ്രമിക്കും.'

ബിഷപ്പ് ഫ്രാങ്കോയുടെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ കന്യാസ്ത്രികള്‍ സമരത്തില്‍ പങ്കെടുക്കുകയും സിസ്റ്റര്‍ ലൂസി ചൂരിദാര്‍ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമായി ദീപികയുടെ മുഖപ്രസംഗത്തില്‍ എഴുതിയിരിക്കുന്നു. 'കത്തോലിക്ക സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍' എന്ന ലേഖനത്തില്‍ക്കൂടിയാണ് വാസ്തവ വിരുദ്ധങ്ങളായ വ്യക്തിഹത്യ നടത്തിയിരിക്കുന്നത്. മാനന്തവാടി രൂപത വികാരിയായ ഫാദര്‍ നോബിള്‍ പാറയ്ക്കലാണ്' ലേഖന കര്‍ത്താവ്! പുരോഹിതരെപ്പോലെ ജീവിക്കാന്‍ കന്യാസ്ത്രികള്‍ക്ക് ആകില്ലെന്നും അത് വ്രതങ്ങളുടെ ലംഘനമെന്നും ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. ലൂസി കത്തോലിക്കാ സഭയെ അപഹസിക്കാനുള്ള പുറപ്പാടിലെന്നാണ് നോബിള്‍ പാറക്കല്‍ എഴുതിയിരിക്കുന്നത്. ലേഖനത്തിലെ ആരോപണങ്ങളും ശ്രദ്ധേയമാണ്. '2015-ല്‍ സിസ്റ്റര്‍ ലൂസിക്ക് മദര്‍ സുപ്പീരിയര്‍ നല്‍കിയ സ്ഥലമാറ്റം അവര്‍ അംഗീകരിച്ചില്ലെന്നും സഭയുടെ അനുവാദമില്ലാതെ ഒരു കവിതാ പുസ്തകം പ്രസിദ്ധീകരിച്ചെന്നും കാര്‍ ഓടിക്കാന്‍ പഠിച്ചെന്നും ഡ്രൈവിങ് ലൈസന്‍സെടുത്ത് ഒരു കാര്‍ വാങ്ങിയെന്നുമാണ് കുറ്റങ്ങള്‍. സിസ്റ്റര്‍ ലൂസിയോട് വിശദീകരണങ്ങള്‍ നല്‍കാനും മദര്‍ സുപ്പീരിയറിന്റെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.' സത്യമല്ലാത്ത കാര്യങ്ങള്‍ പ്രസംഗിക്കുകയും ചരിത്രം എഴുതുകയും കള്ളങ്ങള്‍ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുകയെന്നത് ഒരു സാധാരണ പുരോഹിതന്റെ നിത്യ പതിവുകളാണ്. അസത്യത്തെ വളച്ചൊടിച്ചു സത്യമാക്കി അവര്‍ വിശ്വാസികളുടെ തലയില്‍ ചാര്‍ത്തും. ഇഷ്ടമില്ലാത്തവരെ അപഹസിക്കാന്‍ സാമൂഹിക്ക മാധ്യമങ്ങള്‍ കരുവാക്കും. പ്രത്യേകിച്ച് നിഷ്‌കളങ്കരായവരെ തേജോവധം ചെയ്യുന്ന പുരോഹിതര്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ദീപിക പത്രവുമുണ്ട്.

സിസ്റ്റര്‍ ലൂസിയുടെ വാക്കുകള്‍ ഇങ്ങനെ 'ഒരാളുടെ പ്രസക്തി അളക്കുന്നത് വസ്ത്രധാരണത്തില്‍ കൂടിയോ? തിരുവസ്ത്രമണിഞ്ഞുകൊണ്ട് പാവപ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിത വര്‍ഗം വിശുദ്ധിയുടെ കാവല്‍ക്കാരോ?' കര്‍മ്മ മാര്‍ഗ്ഗേണ ഒരുവന്റെ വിശുദ്ധി പ്രകടിപ്പിക്കുന്നതിനു പകരം ആണ്‍പെണ്‍ വിത്യാസമില്ലാതെ കൊച്ചുകുട്ടികളെവരെ കുപ്പായത്തിനുള്ളില്‍ നിന്നുകൊണ്ട് പുരോഹിത വര്‍ഗം പീഡിപ്പിക്കുന്ന വാര്‍ത്തകളാണ് ലോകമാകമാനം കേള്‍ക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും ബില്യണ്‍ കണക്കിന് ഡോളര്‍ സഭ നഷ്ടപരിഹാരമായി കൊടുത്തുകൊണ്ടിരിക്കുന്നു. കേരളത്തില്‍ നടക്കുന്ന പീഡനങ്ങളെല്ലാം ഒളിച്ചു വെക്കും. സ്വാധീനത്തിന്റെ മറവില്‍ കേസുകളില്ലാതെയാക്കും. ഭീഷണികള്‍ മുഴക്കി ബലഹീനരെയും സ്ത്രീകളെയും ഒതുക്കും.

പുരോഹിതര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമില്ലെന്നും ദീപികയില്‍ നോബിള്‍ പാറക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സഭയുടെ താത്ത്വികമായ ഈ നിലപാടിന്റെ വെളിച്ചത്തില്‍ റോബിനച്ചനും ഫ്രാങ്കോയ്ക്കും വ്യപിചാരം തുടരാമെന്നുള്ള ധ്വാനിയും ലേഖനത്തില്‍ക്കൂടി വ്യക്തവുമാണ്. അതായിരിക്കാം സഭ ഫ്രാങ്കോയുടെയും റോബിന്റെയും പേരില്‍ മൗനം പാലിക്കുന്നത്. ബ്രഹ്മചര്യവ്രതം വളരെ കുറച്ചു പുരോഹിതര്‍ മാത്രം കാത്തു സൂക്ഷിക്കുന്നതും സഭയുടെ പാരമ്പര്യവിശ്വാസമോ?

ദീപികയിലെ ലേഖനത്തില്‍ക്കൂടി സിസ്റ്ററെ അധിക്ഷേപിച്ച ഈ പുരോഹിതന്‍ കുറെ നാളായി അവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ടായിരുന്നു. 'ഒരു കുടുംബത്തില്‍ ഒരു അംഗം ദു:ഖിതയാകുമ്പോള്‍ കുടുംബത്തിലുള്ള മറ്റുള്ളവരും ദുഃഖത്തില്‍ പങ്കു ചേരാറുണ്ട്. അതുപോലെ താനും പീഢിതയായ ഒരു സഹോദരിയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. വാസ്തവത്തില്‍ അവരുടെ ദുഖങ്ങളില്‍ പങ്കുചേരാത്തവരാണ് കുറ്റക്കാരിയെന്നും' ലൂസി പറഞ്ഞു. എന്തുകൊണ്ട് മഠത്തിലുള്ള മറ്റു കന്യാസ്ത്രികള്‍ സിസ്റ്ററെ രക്ഷിക്കാന്‍ വന്നെത്തിയില്ല? ബ്രഹ്മചര്യം നിര്‍ബന്ധമില്ലെന്ന് പറയുന്ന ഈ വൈദികന്‍ വിവാഹിതനാവാത്തത് എന്തുകൊണ്ടെന്നും സ്വയം ആത്മ പരിശോധന നടത്തുന്നതു നന്നായിരിക്കും.

റോമന്‍ കത്തോലിക്കാ പുരോഹിതര്‍ ബ്രഹ്മചരികളായിരിക്കണമെന്ന്' പ്രത്യേകമായ ഒരു നിയമം സഭയ്ക്കില്ല. ശരി തന്നെ. എങ്കിലും സഭയെ നയിച്ച മാര്‍പാപ്പാമാര്‍ എല്ലാവരും തന്നെ പുരോഹിതര്‍ ബ്രഹ്മചര്യം പാലിക്കണമെന്ന നിയമം കര്‍ശനമായി പുലര്‍ത്തുന്നവരായിരുന്നു. പോള്‍ ആറാമന്‍, ജോണ്‍ പോള്‍ 2, ബെനഡിക്റ്റ് മാര്‍പാപ്പ മുതല്‍പേര്‍ പുരോഹിതരില്‍ ബ്രഹ്മചര്യം നിഷ്‌ക്കര്‍ഷിച്ചിരുന്നു. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനു ശേഷം ഫ്രാന്‍സീസ് മാര്‍പാപ്പാ തന്നെ ബ്രഹ്മചര്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. 'പുരോഹിതര്‍ ബ്രഹ്മചരികളായിരിക്കണമെന്നുള്ള കീഴ്വഴക്കം സഭയ്ക്ക് എന്നുവേണമെങ്കിലും മാറ്റാനുള്ളതേയുള്ളൂവെന്നും' ഫ്രാന്‍സീസ് മാര്‍പാപ്പാ പറഞ്ഞു. എങ്കിലും ബ്രഹ്മചര്യത്തെ മാര്‍പാപ്പാ അഭിനന്ദിക്കുന്നുമുണ്ട്. 'ബ്രഹ്മചര്യമെന്നത് ഒരു പുരോഹിതന്‍ സഭയ്ക്ക് കൊടുക്കുന്ന സമ്മാനമെന്നും അത് പുരോഹിത ജീവിതത്തില്‍ പാലിക്കേണ്ട ഒരു നിയമമെന്നും' അദ്ദേഹം പറഞ്ഞു. മാറ്റങ്ങള്‍ക്കായി സഭ കാത്തിരിക്കുന്നു. ഇതേ അഭിപ്രായം തന്നെ പുരോഹിതരുടെ ബ്രഹ്മചര്യത്തെപ്പറ്റി ഇതിനുമുമ്പും മാര്‍പാപ്പ സംസാരിച്ചിട്ടുണ്ട്. 'പുരോഹിതര്‍ക്ക് വിവാഹം കഴിക്കാമെന്നുള്ള ഒരു വ്യവസ്ഥിതിക്കുവേണ്ടി, ഭാവിയിലെ മാറ്റങ്ങള്‍ക്കായി സഭയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു' മാര്‍പാപ്പാ പറഞ്ഞു. ക്രിസ്തുവിനെപ്പോലെ ബ്രഹ്മചരിയായി ജീവിക്കണമെന്നാണ് സഭ ഉദ്ദേശിക്കുന്നത്. ബ്രഹ്മചര്യം എടുത്തു കളഞ്ഞാല്‍ പുരോഹിതരുടെ അന്തസ് ഇടിഞ്ഞു പോവുമെന്നും ഭയപ്പെടുന്നു.

ലോകം മുഴുവന്‍ പുരോഹിത ക്ഷാമമുണ്ട്. വിവാഹിതരെ പുരോഹിതരാക്കുന്നുവെങ്കില്‍ സഭയിലുള്ള പുരോഹിത ക്ഷാമം പരിഹരിക്കാന്‍ സാധിക്കുമായിരുന്നു. ക്രിസ്തുമതത്തിന്റെ മദ്ധ്യകാലങ്ങള്‍ വരെ പുരോഹിതര്‍ വിവാഹിതരായിരുന്നു. എന്നാല്‍ പൗരാഹിത്യം സ്വീകരിച്ച ശേഷം വിവാഹം പാടില്ലായിരുന്നു. അതുപോലെ ഭാര്യ മരിച്ച ഒരു പുരോഹിതന് പുനര്‍വിവാഹം അനുവദനീയമായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിനുശേഷമാണ് ലാറ്റിന്‍ സഭയില്‍ ബ്രഹ്മചര്യം നിര്‍ബന്ധമാക്കിയത്. ഇന്നും കത്തോലിക്കാ സഭയില്‍ രണ്ടു ശതമാനത്തോളം വിവാഹിതരായ പുരോഹിതരുണ്ട്. അവരെല്ലാം റോമുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. അവരില്‍ പൗരസ്ത്യ സഭകളായ ഓര്‍ത്തോഡോക്‌സ് കത്തോലിക്കരുമുണ്ട്. 1980 നു ശേഷം വിവാഹിതരായ പ്രൊട്ടസ്റ്റന്റ് പുരോഹിതരും കത്തോലിക്കാ സഭയില്‍ ചേര്‍ന്നിരുന്നു. സ്ത്രീകള്‍ക്ക് പ്രൊട്ടസ്റ്റന്റ് സഭയില്‍ പൗരാഹിത്യം അനുവദിച്ചതിലുള്ള പ്രതിക്ഷേധം കൊണ്ടായിരുന്നു അവര്‍ കത്തോലിക്കാ സഭയില്‍ ചെക്കേറിയത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പുരോഹിതര്‍ക്ക് വിവാഹം കഴിക്കാമെന്ന് ചര്‍ച്ച വന്നപ്പോള്‍ അത്തരം നിലപാടുകളില്‍ എതിര്‍ക്കുന്ന ചിന്തകളാണ് മാര്‍പ്പാമാര്‍ക്കുണ്ടായിരുന്നത്. പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ക് പതിനാറാമന്‍ മാര്‍പാപ്പാമാര്‍ എല്ലാവരും തന്നെ വിവാഹിതരായവര്‍ക്ക് പൗരാഹിത്യം കൊടുക്കുന്നതില്‍ എതിര്‍ത്തിരുന്നു.

2019 ജനുവരി ഏഴുമുതല്‍ ജനുവരി പതിനെട്ടു വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെ 52 മെത്രാന്മാര്‍ ഒന്നിച്ച് സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിലുള്ള കെട്ടിടത്തില്‍വെച്ച് സിനഡ് കൂടിയിരുന്നു. സിനഡില്‍ പാസായ തീരുമാനങ്ങള്‍ ഇടയ ലേഖനമായി കേരളത്തിലുള്ള പള്ളികളില്‍ വായിക്കുകയും ചെയ്തു. വാസ്തവത്തില്‍ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുന്ന രീതിയിലായിരുന്നു ഇടയലേഖനം. അടുത്തകാലത്തെ സഭയിലെ ഭൂമിയിടപാടു ക്രമക്കേടുകള്‍ സീറോ മലബാറില്‍ തലപ്പത്തിരിക്കുന്നവരെ ഞെട്ടിച്ചിരുന്നു. കേരളത്തിലെ പത്ര മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയാകളും വിവാദപരമായ ഭൂമിയിടപാടിലിനെപ്പറ്റി വ്യത്യസ്തമായ നിരവധി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അത് സഭയ്ക്ക് അപമാനവും പല വാര്‍ത്തകളും സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുമായിരുന്നു. സഭയുടെ വിഷയങ്ങളുമായി പരസ്യ പ്രസ്താവങ്ങള്‍ നടത്തുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് അഭ്യത്ഥിച്ചിട്ടുണ്ട്. അതുപോലെ മാദ്ധ്യമങ്ങളില്‍ ദുഷ്പ്രചരണം നടത്തുന്നവരില്‍ നിന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമീപകാലത്ത് ചില വൈദികരും കന്യാസ്ത്രികളും നടത്തിയ പരസ്യ പ്രസ്താവനകള്‍ സഭയുടെ അന്തസ്സിന് കോട്ടം തട്ടിയതായി വിലയിരുത്തി. അവര്‍ സഭാ വിരുദ്ധരുടെ പാവകളായോ സജീവ സഹകാരികളായോ മാറുന്നതായി സഭയ്ക്ക് തോന്നി.

അച്ചടക്കം ലംഘിക്കുന്ന വ്യക്തികള്‍ക്ക് 'കാരണം കാണിക്കല്‍ നോട്ടീസ്' കൊടുക്കാനും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമാനുസ്രതമായ നടപടികള്‍ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചു. സഭയെയും സഭാധ്യക്ഷന്മാരെയും നിരന്തരം അപമാനിക്കുന്ന ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കെതിരെയും വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെയും ജാഗ്രത പുലര്‍ത്താനും സിനഡ് ആവശ്യപ്പെട്ടു. സഭ നിര്‍ദേശിക്കുന്ന മാദ്ധ്യമങ്ങളില്‍ക്കൂടി മാത്രമേ സഭാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാവൂയെന്നും തീരുമാനമെടുത്തു. സഭയുടെ വക്താക്കളല്ലാത്തവരുടെ വാര്‍ത്തകള്‍ ആരും തെറ്റി ധരിക്കരുതെന്നും നിര്‍ദേശിച്ചു. ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും സംബന്ധിക്കാന്‍ രൂപതാ അദ്ധ്യക്ഷന്റെ അനുവാദവും ആവശ്യമാണ്. പൊതുസമരങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്ന പുരോഹിതരും സന്യസ്തരും കാനോനിക നിയമം ലംഘിക്കുന്നു. ഇക്കാര്യത്തില്‍ വരുത്തുന്ന വീഴ്ച അച്ചടക്ക ലംഘനമായി കരുതുമെന്നും ഇടയലേഖനത്തിലുണ്ട്. സഭയിലെ എന്തെങ്കിലും ആശയത്തിന്റെ പേരിലോ വ്യക്തിയുടെ പേരിലോ വിഭാഗിയത സൃഷ്ടിക്കുന്നവരും ചേരി തിരിഞ്ഞു ആരോപണം ഉന്നയിക്കുന്നവരും അച്ചടക്ക ലംഘനത്തിനു വിധേയമായിരിക്കുമെന്നും ഇടയലേഖനം ചൂണ്ടികാണിക്കുന്നു. അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചു. ചില സംഘടനകള്‍ സഭയുടെ സ്വത്തുക്കള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന് വാദിക്കുന്നു. അത്തരക്കാരുടെ ആവശ്യങ്ങളെ സിനഡ് പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുവെന്നും ലേഖനത്തിലുണ്ട്. ഔദ്യോഗിക സംഘടനയെന്നു തോന്നത്തക്ക വിധം ചിലര്‍ സംഘടനകള്‍ക്ക് പേരുകള്‍ നല്‍കി സഭാമക്കളെ തെറ്റി ധരിപ്പിക്കുന്നുണ്ട്. സഭാ വിരുദ്ധത നടത്തുന്ന അത്തരം വ്യക്തികളെയും സംഘടനകളെയും തിരിച്ചറിഞ്ഞു ജാഗ്രത പുലര്‍ത്തണമെന്നും സിനഡ് നിര്‍ദേശിച്ചു.

പുരോഹിത ലോകം സ്മാര്‍ട്ട് ഫോണുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും വിവരങ്ങള്‍ ലോകം മുഴുവന്‍ അറിയിക്കുന്നു. ഫാദര്‍ നോബിള്‍ പാറക്കലിന്റെ നിരവധി വീഡിയോകള്‍ നെറ്റ്വര്‍ക്കില്‍ കാണാം. പുരോഹിത വേഷത്തിലും അല്ലാതെയും അദ്ദേഹം ചാനലുകാരോടൊപ്പം ഇരിക്കാറുണ്ട്. അതിനൊന്നും ആരും പരാതിയുമായി മുമ്പോട്ട് വരുന്നതു കാണുന്നില്ല. ലോകം മുഴുവന്‍ സ്മാര്‍ട്ട് ഫോണും കൊണ്ട് നടക്കുന്ന സമയത്താണ് പഴഞ്ചന്‍ കാലത്തേക്ക് കന്യാസ്ത്രികള്‍ പോവണമെന്നു സഭ നിര്‍ദേശിക്കുന്നത്. ചിലര്‍ക്കു മാത്രം ടെക്കനോളജിക്കല്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നുള്ള സഭയുടെ നിയമം തീര്‍ത്തും വിവേചനമാണ്. വിചിത്രവുമായിരിക്കുന്നു.

സിനഡിന്റെ തീരുമാനങ്ങള്‍ക്കു വില നല്‍കില്ലെന്നും അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തുമെന്നും എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചുകൊണ്ട് ചില വൈദികര്‍ പ്രസ്താവനകളിറക്കിയിട്ടുണ്ട്. വിരലില്‍ എണ്ണാവുന്ന വൈദികരുടെയും വിശ്വാസികളുടെയും പ്രവര്‍ത്തികള്‍ പോലും സഭ ഭയപ്പെടുന്നു. സഭാംഗങ്ങളായ കന്യാസ്ത്രികള്‍ക്ക് നീതി കിട്ടാനുള്ള അവകാശങ്ങള്‍ വരെ ഇടയലേഖനം വഴി തടയാനുള്ള ശ്രമത്തിലാണ് കെസിബിസി സംഘടന. നീതിക്കായി പൊരുതുന്ന കന്യാസ്ത്രികളും ഏതാനും പുരോഹിതരും സമരത്തില്‍ പങ്കെടുത്താല്‍ വിശ്വാസം ഇടിഞ്ഞുപോകുമെന്നും ഇവര്‍ ഭയപ്പെടുന്നു. ക്രിസ്തുവിന്റെ കാലത്ത് കാനോനിക നിയമങ്ങള്‍ ഉണ്ടായിരുന്നില്ല. ക്രിസ്തുവിന്റെ വാക്കുകള്‍ ശ്രവിക്കുന്നതിനുപകരം കാനോനിക നിയമങ്ങളോ സിനഡ് തീരുമാനങ്ങളോ അനുസരിച്ച് ഒരുവന്‍ ജീവിക്കണമോയെന്ന ചോദ്യങ്ങളും ഉയര്‍ന്നു വന്നിരിക്കുന്നു.

സിസ്റ്റര്‍ ലൂസി തനിക്കെതിരെ മദര്‍ സുപ്പീരിയര്‍ നല്‍കിയ ആരോപണങ്ങളെ പാടെ തള്ളിക്കളഞ്ഞു. ജീവിതം മുഴുവന്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി അടിയറ വെച്ച അവര്‍ തന്റെ ജോലി ഭാരത്തിന് അല്‍പ്പം അയവു വരുത്താന്‍ ഒരു കാര്‍ മേടിച്ചതില്‍ സഭക്ക് പിടിച്ചിട്ടില്ല. സിസ്റ്റര്‍ പ്രസിദ്ധീകരിച്ചത് ക്രൈസ്തവ മൂല്യങ്ങള്‍ നിറഞ്ഞ ഒരു പുസ്തകമായിരുന്നു. അതെങ്ങനെ കുറ്റമാകുമെന്ന് അവര്‍ ചോദിക്കുന്നു. പുസ്തകം പ്രസിദ്ധീകരിക്കാനായി അനുവാദം ചോദിച്ചപ്പോള്‍ മഠം അനുവദിച്ചില്ല. ഇവിടെ കുറ്റക്കാര്‍ മഠം ആണെന്ന് സിസ്റ്റര്‍ പറയുന്നു. സാങ്കേതിക വിദ്യ അങ്ങേയറ്റം പുരോഗമിച്ച ഒരു ലോകത്ത് ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കുന്നത് എങ്ങനെ തെറ്റാകും? ഇതെല്ലാം കുറ്റമാക്കി അവരുടെ മേല്‍ പീഡനങ്ങള്‍ തൊടുത്തുവിടുന്ന സഭയുടെ നയങ്ങളെയും മനസിലാകുന്നില്ല. 'കുറ്റം ചെയ്യാത്ത ഒരാള്‍ മനഃപൂര്‍വം കുറ്റമാണെന്ന് ആരോപിക്കുമ്പോള്‍ അവരോട് വിശദീകരണം നല്‍കാന്‍ താല്പര്യമില്ലെന്നും' സിസ്റ്റര്‍ പറഞ്ഞു.

സഭയുടെ ചരിത്രം തെറ്റുകളുടെ കൂമ്പാരം കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. അതെല്ലാം മറച്ചുവെച്ചുകൊണ്ട് തെറ്റ് ചെയ്യാത്ത ഈ സഹോദരിയെ ശിക്ഷിക്കാനാണ് സഭയുടെ ഭാവമെങ്കില്‍ അവര്‍ ഒരിക്കലും തളരുകയില്ലെന്നും പറഞ്ഞു. നീതിക്കായുള്ള ഈ പോരാട്ടങ്ങള്‍ കന്യാസ്ത്രികള്‍ക്കു സമൂഹത്തിന്റെ മുമ്പില്‍ ഭാവിയിലും മാന്യതയോടെ ജീവിക്കാനുള്ള വഴികളൊരുക്കുമെന്നു കരുതുന്നു. വൈദികരും കന്യാസ്ത്രികളും തെറ്റുചെയ്താല്‍ സഭയ്ക്ക് പ്രശ്‌നമില്ല. ബ്രഹ്മചര്യം തെറ്റിച്ചാലും കുഴപ്പമില്ല. പൊതുജനം അറിയാതെ രഹസ്യമായിരിക്കണമെന്ന് മാത്രം. സിസ്റ്റര്‍ പറയുന്നു, 'അനീതിക്കെതിരെ പ്രതികരിക്കരുതെന്ന് യേശു ക്രിസ്തു പറഞ്ഞിട്ടില്ല. അധികാര വര്‍ഗത്തിനെതിരെ യേശു ക്രിസ്തു പ്രതികരിച്ചിരുന്നു. യേശുവിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് താനിന്നുവരെ ജീവിച്ചിരുന്നതെന്നും ദൈവ സന്നിധിയില്‍ ചെയ്ത പ്രതിജ്ഞ പാലിക്കുമെന്നും' അവര്‍ വെളിപ്പെടുത്തി.
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ സിനഡും ദീപികയും (ജോസഫ് പടന്നമാക്കല്‍)
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ സിനഡും ദീപികയും (ജോസഫ് പടന്നമാക്കല്‍)

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ സിനഡും ദീപികയും (ജോസഫ് പടന്നമാക്കല്‍)

Join WhatsApp News
Catholic 2019-01-29 17:17:46
ലേഖകന്‍എവിടെ എങ്കിലും ജോലി ചെയ്തിട്ടുണ്ടാവുമല്ലോ. ആ സ്ഥാപനത്തിലെ മേലധികാരികള്‍ പറയുന്നത് അനുസരിക്കാതെയും അവിടത്തെ നിയമം പാലിക്കാതെയുമാണൊ അവിടെ പ്രവര്‍ത്തിച്ചത്?
സിസ്റ്റര്‍ അതോ കുമാരി ലൂസിക്ക് സഭാ നിയമം ഒന്നും ബാധകമല്ലേ? ചുരിദാറുമിട്ടു നടക്കുന്ന ഒരു സിസ്റ്ററെ ജനം എങ്ങനെ നോക്കും? സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ ഒരു കൈലി ഉടുത്തു വന്നാല്‍ എങ്ങനെ ഇരിക്കും? ഓരോ സ്ഥാനത്തിനും ഓരോവേഷവും പദവിയുമുണ്ട്. അതു മറക്കരുത്.
വൈദികന്‍ സാധാരണ വേഷം ധരിക്കാമെങ്കില്‍ കന്യാസ്ത്രിക്കായിക്കൂടെ എന്നു ചോദ്യം? രണ്ടു പേരെയും ഒരെ പോലെയാണൊ ജനം വീക്ഷിക്കുക? തിരുവസ്ത്രം ധരിച്ചസ്ത്രീയെ നോക്കുന്ന കണ്ണുകളോടെയല്ല ചുരിദാറിട്ട സ്ത്രീയെ നോക്കുന്നതെന്നു ആര്‍ക്കാണറിയാത്തത്?
7000 കന്യാസ്ത്രികല്‍ പാലിക്കുന്ന നിയമങ്ങള്‍ ഒരാള്‍ക്കു വേണ്ടി മാറ്റണമോ?
ചട്ടങ്ങള്‍ പാലിക്കാന്‍ പറ്റാത്തവര്‍ക്ക് മഠം വിടാം.അതല്ലെ മര്യാദ?
പുസ്തകം പ്രസിദ്ധീകരിച്ചതിനെ എതിര്‍ക്കുന്നുവെങ്കില്‍ അതിനു കാരണം കാണും. സിസ്റ്റര്‍ മേരി ബെനിഞ്ഞ എഴുതിയത് തടഞ്ഞില്ലല്ലൊ.
ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനും കാര്‍ വാങ്ങുന്നതിനുമൊക്കെ അനുവാദം വേണ്ടേ? നാളെ എല്ലാവരും ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ എന്തു മഠം? എന്തു കന്യാസ്ത്രി? മദര്‍ സുപ്പീരിയര്‍ നിയമം അനുസരിച്ചു ജീവിക്കുന്നയാളല്ലെ?
ഫ്രാങ്കൊയോ റോബിനോ ---...തരം കാണിച്ചുവെന്നതു കൊണ്ട് ഞങ്ങള്‍ക്കും കാണിക്കാം എന്നു പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. കന്യസ്ത്രി മഠം തന്നെ വേണ്ട എന്നു തോന്നുന്നവര്‍ ഉണ്ടാകാം.
പുരോഹിതര്‍ ബ്രഹ്മചര്യം കാക്കുകയും വിശുദ്ധമായി ജീവിക്കുകയും ചെയ്തതു കൊണ്ടാണു കത്തോലിക്കാ സഭ ഇത്രയും വളര്‍ന്നത്. സഭ വളരേണ്ടതില്ല എന്നു കരുതുന്നവര്‍ ഉണ്ടെന്നു മറക്കുന്നില്ല.
ഈ സഹോദരിയെ ആരും ശിക്ഷിക്കുന്നില്ല. അവര്‍ക്ക് പുറത്തെക്കു പോകാനുള്ള വാതില്‍ തുറന്നു കിടക്കുന്നു. അവരുടെ കാശു വാങ്ങിയിട്ടുള്ളതു സഭ തിരിച്ചു കൊടുക്കുകയും വേണം.
ആരോപണം ഉണ്ടാകുംപ്പോല്‍ തന്നെ ഫ്രാങ്കോമരെയും റോബിന്മാരെയും പുറത്തു നിര്‍ത്താതെ സഭ ചുമ്മക്കുന്നതു കൊണ്ടാണു ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നത്. ആരോപണതിനിരയാകുന്നവര്‍ അതില്‍ നിന്നു മോചിത്രാകുന്നതു വരെ സഭാ ശുശ്രൂഷകളില്‍ നിന്നു മാറി നില്ക്കണം.അതിനായി സഭാ മക്കള്‍ മുന്നോട്ടു വരണം 
Joseph 2019-01-30 13:38:37
ജോർജ്, എന്റെ ലേഖനത്തിന് നല്ല കമന്റെഴുതിയതിൽ സന്തോഷം. ജോണിന്റെ അഭിപ്രായത്തെയും മാനിക്കുന്നെങ്കിലും യോജിക്കാൻ സാധിക്കുന്നില്ല. കേരളത്തിലെ സീറോ മലബാർ വിശ്വസികളിൽ 95 ശതമാനവും ജോണിന്റെ വിശ്വാസം പുലർത്തുന്നവരാണ്. അദ്ദേഹം പറഞ്ഞതുപോലെ, പട്ടാളത്തെ സംബന്ധിച്ച് അനുസരണ ആവശ്യമാണ്. കാരണം അവർ രാജ്യം കാക്കുന്നു. ഓഫിസിൽ ചിട്ടയായി ജോലിചെയ്യാനും മേലാധികാരികളെ അനുസരിക്കണം. ഓഫിസുകൾ പ്രവർത്തിച്ചില്ലെങ്കിൽ രാജ്യം അരാജകത്തിലാകും. അതുപോലെ കന്യാസ്ത്രികളും അനുസരണ ശീലമുള്ളവരായിരിക്കണമെന്നാണ് ജോൺ പറയുന്നത്. അനുസരിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമെന്നു  അദ്ദേഹം പറഞ്ഞില്ല! ഒന്നും സംഭവിക്കില്ലെന്നുള്ളതാണ് സത്യം. കന്യാസ്ത്രികളും പുരോഹിതരുമില്ലെങ്കിലും മനുഷ്യർക്ക് ഒന്നും സംഭവിക്കാൻ പോവുന്നില്ല. സ്വർഗവും നരകവും  താഴോട്ടു വീഴാനും പോവുന്നില്ല. 

അമേരിക്ക ഒരു അടിമ രാജ്യമായിരുന്നു. അടിമകൾ പട്ടികളെപ്പോലെ യജമാനന്മാരെ അനുസരിക്കണമായിരുന്നു. അനുസരണത്തിന്റെ പ്രയോജനം അടിമ മുതലാളിമാർക്കും. അടിമകളായ കന്യാസ്ത്രികളും അതുപോലെ നിലനിൽപ്പിനായി ബിഷപ്പിനെയും പുരോഹിതരെയും തൊഴുത്തുകൊണ്ടിരിക്കണം. കന്യാസ്ത്രീകളുടെ വിയർപ്പിന്റെ ഫലം ലഭിക്കുന്നത് പൗരാഹിത്യ വർഗത്തിനും അവരുടെ ആഡംബര ജീവിതത്തിനും സുഖസൗകര്യത്തിനുമാണ്. 

നൂറ്റാണ്ടുകളായി ആദ്ധ്യാത്മികതയുടെ പേരിൽ പുരോഹിത സുഖത്തിനായി കന്യാസ്ത്രീകളെ വെച്ച് അടിമ വ്യവസായം ചെയ്യുന്നു. അത്തരമുള്ള സഭയുടെ വ്യവസ്ഥിതിക്ക് മാറ്റം വരണം. ചെറുപ്രായം മുതൽ അവരുടെ സന്തോഷത്തെ തല്ലിത്തകർക്കാനുള്ളതുമല്ല. 

സ്ത്രീയെ കുപ്പായത്തിനുള്ളിലോ പർദ്ദയിലോ മൂടി നടത്താനുള്ളതുമല്ല. ഒരിക്കലുള്ള കൗമാരത്തിന്റെയും യൗവനത്തിന്റെയും അഴകാർന്ന ജീവിതം പിന്നീടൊരിക്കലും അവർക്കു മടക്കിക്കിട്ടില്ല. രക്ഷകർത്താക്കൾ കുട്ടികളെ കന്യാസ്ത്രിയാകാൻ അയക്കുന്നത് അവരെ അറവു ശാലകളിൽ കൊടുക്കുന്നതിന് തുല്യമാണ്. 
ജോർജ് 2019-01-30 10:33:44
ശ്രി ജോസഫ് നല്ലൊരു ലേഖനം. അഭിനന്ദനങ്ങൾ. എപ്പോഴൊക്കെ കേരളത്തിലെ കന്യാസ്ത്രീയ്ക്ക് നീതി വേണം എന്ന തരത്തിൽ വാർത്ത വരുന്നോ അപ്പോഴെല്ലാം ഒരു വ്യാജ പെരുകാരൻ ഉറഞ്ഞു തുള്ളുന്നത് പതിവാണ്. മറുപടി അർഹിക്കുന്നില്ല ഇത്തരക്കാർ എന്നറിയാം. എന്നാലും, 
പുരോഹിതർ ഷർട്ടും പാന്റ്സും അല്ലെങ്കിൽ മുണ്ടും ഷർട്ടും ഇട്ടു പൊതു സ്ഥലങ്ങളിൽ ധാരാളം കണ്ടിട്ടുണ്ട് എന്തിനു ബർമുഡയും ടീ ഷർട്ടും ധരിച്ചാണ്  പിക്നിക് തുടങ്ങിയ പരിപാടിയിൽ അല്ലെങ്കിൽ നാടകം എന്നിവയിൽ പങ്കെടുക്കുന്നത്. അവർക്കു ബുള്ളറ്റ് ഓടിക്കാം. ട്രെക്കിങ്ങ് നടത്താം. എലെക്ഷൻ സമയത്തു ജീപ്പിന്റെ മുകളിൽ കയറി ആഹ്ലാദ പ്രകടനം നടത്താം. കുഴപ്പം ഇല്ല ഒരു കന്യാസ്ത്രീ ചുരിദാർ ഇട്ടപ്പോ വ്യാജ ന്റെ  'കുരു പൊട്ടി'. സ്ത്രീകളെ അടിമകൾ ആയി കാണുന്ന പ്രാകൃത ഗോത്ര മതങ്ങളുടെ പിൻഗാമി ആണ് ഇദ്ദേഹത്തെപോലുള്ളവർ. ഇവരെയൊക്കെ പണ്ട് പിണറായി വിജയൻ ഒരു പേര് ചൊല്ലി വിളിച്ചിട്ടുണ്ട്. അതാണ് ഇവർക്കൊക്കെ യോജിക്കുന്നത് 
Catholic 2019-01-30 16:01:16
പ്രതികരണത്തില്‍ നിന്നു കന്യാസ്ത്രികളെ ഉണ്ടാവാന്‍ പാടില്ല എന്നു ധ്വനിയുണ്ട്. അതു പോലെ സ്വന്തം കാര്യം തീരുമാനിക്കാന്‍ കഴിയാത്തവിഡ്ഡികളാണു അവരെന്നും. അതു ശരിയല്ല. മഠത്തില്‍ ചെറുപ്പത്തില്‍ ചേര്‍ന്നാലും അവര്‍ പഠിക്കുകയും ജോലിക്കാരാവുകയുമൊക്കെ ചെയ്യുന്നു. അവര്‍ക്ക് പിന്നീടും മഠം വിടാം. പലരും വിട്ടു പോകുന്നുമുണ്ട്.
കന്യാസ്ത്രിയകളുടെ പണം എടുത്ത് ബിഷപ്പും കത്തനാരുമൊന്നും കഴിയുന്നില്ല. അതാതു മഠങ്ങള്‍ തന്നെയാണു അത് കൈകാര്യം ചെയ്യുന്നത്.
കന്യാസ്ത്രികള്‍ ഇല്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. കത്തോലിക്ക സഭ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല. അതെന്താണു പറയാത്തത്?
ഇടയ ലേഖനത്തെ വിമര്‍ശിച്ച് മറ്റൊരു ലേഖനവും കണ്ടു. ഇടയ ലേഖനം കത്തോലിക്കാ വിശ്വാസികള്ക്കുള്ളതാണ്. സഭയില്‍ വിശ്വസിക്കുന്നവര്‍ അതു പാലിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക