Image

വാക്കുകളില്‍ നിറയുന്നത് ഹ്രുദയത്തിലെ സൗന്ദര്യം (ഇ-മലയാളിയുടെ കവിതക്കുള്ള അവാര്‍ഡ് നേടിയ സീന ജോസഫുമായുള്ള അഭിമുഖം)

Published on 29 February, 2020
വാക്കുകളില്‍ നിറയുന്നത് ഹ്രുദയത്തിലെ സൗന്ദര്യം  (ഇ-മലയാളിയുടെ കവിതക്കുള്ള അവാര്‍ഡ് നേടിയ സീന ജോസഫുമായുള്ള അഭിമുഖം)
( കണ്ണൂര്‍ സ്വദേശിനിയായ ഡോ. സീന ജോസഫ്, മാസച്ചുസെറ്റ്‌സില്‍ ദന്തിസ്റ്റായി പ്രാക്ടീസ് ചെയ്യുന്നു)

1. അവാര്‍ഡ് ജേതാവിനു അഭിനന്ദനം. ഇ-മലയാളിയുടെ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ വികാരം.

പുരസ്‌കാരം ലഭിച്ചതില്‍ ഉള്ളു നിറഞ്ഞ സന്തോഷം. കിട്ടുമെന്നുള്ള പ്രതീക്ഷ തീരെയുണ്ടായിരുന്നില്ല.

2. ഇ-മലയാളി പതിവായി വായിക്കുന്നുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ.

ഇപ്പോള്‍ പതിവായി വായിക്കാറുണ്ട്. ഇ-മലയാളിയെ ഞാന്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ.

3. അമേരിക്കന്‍ മലയാളസാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു. നിങ്ങളുടെ രചനകള്‍ അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയെ എങ്ങനെ സഹായിക്കും.

ഞാന്‍ ഈ മേഖലയില്‍ പുതിയ ആള്‍ ആണ്. അമേരിക്കന്‍ മലയാളസാഹിത്യത്തെക്കുറിച്ച് എനിക്കു കാര്യമായ ഗ്രാഹ്യമില്ല.

4. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ ? ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നു നിങ്ങള്‍ വിശ്വസിക്കുന്നോ? ഇ-മലയാളിയുടെ താളുകള്‍ അതിനു നിങ്ങള്‍ക്ക് സഹായകമായോ? അറിയപ്പെടുന്ന ഒരെഴുത്തുകാരന്‍ എന്നതാണോ നിങ്ങളുടെ സ്വപ്നം? എന്തുകൊണ്ട് നിങ്ങള്‍ എഴുതുന്നു?

ഹൈസ്‌ക്കൂള്‍ കാലങ്ങളില്‍ അങ്ങനെ ഒരു സ്വപ്നം ഉണ്ടായിരുന്നു എന്നതു സത്യമാണ്. ''എത്ര മനോഹരമായ നടക്കാത്ത സ്വപ്നം'' എന്നൊരു ധാരണ വന്നപ്പോഴായിരിക്കണം പിന്നീട് എഴുത്ത് നിന്നു പോയതും വായന ചുരുങ്ങിയതും. എന്നെ ഒരു എഴുത്തുകാരി എന്നു വിളിക്കാന്‍ എനിക്കിപ്പോഴും ധൈര്യം വന്നിട്ടില്ല.

5. എഴുത്തുകാര്‍ക്ക് അവാര്‍ഡ്/അംഗീകാരം കൊടുക്കുന്നതിനെ അമേരിക്കന്‍ മലയാളികള്‍ എതിര്‍ക്കുകയോ, പരിഹസിക്കുകയോ ചെയ്യുന്നുണ്ടല്ലോ? അതേക്കുറിച്ച് എന്ത് പറയുന്നു? പ്രസ്തുത മനോഭാവമുള്ള ഒരു സമൂഹത്തില്‍ ഇത്തരം അംഗീകാരങ്ങള്‍ നിരസിക്കണമെന്നു തോന്നിയിട്ടുണ്ടോ?

പുരസ്‌കാരം ഒരു അനുഗ്രഹമായാണ് ഞാന്‍ കരുതുന്നത്. തിരസ്‌കരിക്കണം എന്നു തോന്നിയിട്ടില്ല.

6. എഴുത്തുകാരിയാകണമെന്ന് സ്വയം തോന്നിയതെപ്പോള്‍? ആദ്യത്തെ രചന എപ്പോള്‍, എവിടെ പ്രസിദ്ധീകരിച്ചു ?

ഹൈസ്‌ക്കൂള്‍ / കോളേജ് കാലത്തിനുശേഷം വീണ്ടും എഴുതിത്തുടങ്ങിയത് ഒന്നര വര്‍ഷം മുന്നെയാണ്. ചില കവിതകള്‍ ആത്മ ഓണ്‍ലൈന്‍, ഇ-മലയാളി, മനോരമ ഓണ്‍ലൈന്‍, ഓണ്‍ലൈന്‍ കലാകൗമുദി എന്നിവിടങ്ങളില്‍ വന്നിട്ടുണ്ട്.
7. നിങ്ങള്‍ക്കിഷ്ടമുള്ള സാഹിത്യകൃതി? ഏതു എഴുത്തുകാരന്‍? നിങ്ങളുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ മലയാളസാഹിത്യം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പുരോഗതി എവിടെ എത്തിനില്‍ക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ആരുടെ രചനയൊക്കെ നിങ്ങള്‍ വായിച്ചിട്ടുണ്ട്. അവയില്‍ നിങ്ങള്‍ക്കിഷ്ടമായവ. ഒരു ദിവസത്തെ ആയുസ്സില്‍ അവയെല്ലാം വിസ്മരിക്കപ്പെട്ടുപോകാതെ എങ്ങനെ അവയെ അമേരിക്കന്‍ മലയാള സാഹിത്യ ഭണ്ടാരത്തില്‍ സൂക്ഷിക്കാം.

ഇപ്പോള്‍ വായന വളരെക്കുറവാണ്. എന്നലും, കെ. ആര്‍. മീര എഴുതുന്നതൊക്കെയും ഇഷ്ടമാണ്. ആരാച്ചാര്‍ പ്രത്യേകിച്ചും. അമേരിക്കന്‍ രചനകള്‍ ആരുടേയും വായിച്ചിട്ടില്ല.

8. നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരന്‍. എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളില്‍ ഉണ്ടായി. ഇപ്പോള്‍ ആ സ്വാധീനത്തില്‍ നിന്നും മുക്തനായി സ്വതന്ത്രമായി ഒരു ശൈലി രൂപപ്പെടുത്തിയെടുത്തുവെന്ന് കരുതുന്നുണ്ടോ.

ചെറുപ്പത്തില്‍ ഒരുപാടു വായിക്കുമായിരുന്നു. മാതാപിതാക്കള്‍ അദ്ധ്യാപകരായിരുന്നു. അവര്‍ വായന പ്രോല്‍സാഹിപ്പിച്ചിരുന്നു. വായിച്ചതു അധികവും നോവലുകളും ചെറുകഥകളുമായിരുന്നു. ഇപ്പോള്‍ എഴുതാന്‍ ശ്രമിക്കുന്നത് കവിതകളും! അതുകൊണ്ട്, ആരുടെയെങ്കിലും ശൈലി സ്വാധീനിച്ചു എന്നു പറയാന്‍ കഴിയില്ല.

9. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ടോ? അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ക്രിയേറ്റിവ് ക്രിട്ടിസിസം വളര്‍ച്ചയ്ക്ക് ആവശ്യമാണെന്നു കരുതുന്നു.

10. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ എഴുതണം. എങ്കില്‍ മാത്രമേ സാഹിത്യത്തില്‍ ഒരു സ്ഥാനം ലഭിക്കുവെന്ന ചില എഴുത്തുകാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളോട് യോജിക്കുന്നോ .

ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ഞാന്‍ ആളല്ല. പറഞ്ഞല്ലോ, ഈ മേഖലയില്‍ ഞാന്‍ വളരെ പുതിയ ആള്‍ ആണ്. എഴുതുന്നത് വായിക്കപ്പെടണം എന്ന ആഗ്രഹം എഴുത്തുകാര്‍ക്ക് ഉണ്ടാവുക സ്വാഭാവികം, അതു ഇവിടെ ആയാലും നാട്ടില്‍ ആയാലും.

11. ഇതുവരെ എത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അല്ലെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ പൂര്‍ണ്ണസമയ എഴുത്തുകാരിയോ അതോ സമയമുള്ളപ്പോള്‍ കുത്തിക്കുറിക്കുന്നയാളോ? എഴുത്തിനെ ഗൗരവമായി കാണുന്നുണ്ടോ? അതോ ജോലിത്തിരക്കില്‍ നിന്നും വീണുകിട്ടുന്ന സമയം സാഹിത്യത്തിനുപയോഗിക്കാമെന്ന ചിന്തയാണോ?

ഇതുവരെ പുസ്തകങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. ഞാന്‍ മുഴുസമയ എഴുത്തുകാരിയല്ല. എഴുതണം എന്നൊരു ഉള്‍വിളി വരുമ്പോള്‍ മാത്രം എന്തെങ്കിലും കുത്തിക്കുറിക്കുന്ന ആള്‍ ആണ്.

12. പ്രതിദിനം അമേരിക്കന്‍ മലയാളികളില്‍ പുതിയ പുതിയ എഴുത്തുകാര്‍ ചിലരൊക്കെ അറുപതും എഴുപതും കടന്നവര്‍ പ്രത്യക്ഷപ്പെടുന്നു. അവരൊക്കെ ശരിക്കും സര്‍ഗ്ഗപ്രതിഭയുള്ളവരായിരിക്കുമോ? അത്തരക്കാരുടെ കടന്നാക്രമണം സാഹിത്യത്തെ ദുഷിപ്പിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും.

അതു തീരുമാനിക്കേണ്ടത് വായനക്കാരും നിരൂപകരും ആണ്. അറുപതും എഴുപതും കഴിഞ്ഞതുകൊണ്ടു മാത്രം അവര്‍ക്കു പ്രതിഭയില്ല എന്നു പറയാന്‍ കഴിയുമോ? അനുഭവങ്ങള്‍ ആണല്ലോ എഴുത്തിന് ഇന്ധനം. അവരോളം അനുഭവസമ്പത്ത് ആര്‍ക്കുണ്ടാവും?

13. നിങ്ങള്‍ ഒരു നല്ല വായനക്കാരിയാണോ? ഒന്നില്‍ കൂടുതല്‍ പ്രാവശ്യം നിങ്ങള്‍ വായിച്ച കൃതിയേത്? ഒരു പുസ്തകത്തെപ്പറ്റി ഒരു നിരൂപകനും ഒരു കൂട്ടം വായനക്കാരും പറയുന്ന അഭിപ്രായം നിങ്ങളെ സ്വാധീനിക്കാറുണ്ടോ? അതോ നിങ്ങള്‍ നിങ്ങളുടേതായ അഭിപ്രായം രൂപീകരിക്കാറുണ്ടോ?

നല്ല വായനക്കാരി ആയിരുന്നു എന്നു വേണം പറയാന്‍. രണ്ടാമൂഴവും ഖസാക്കിന്റെ ഇതിഹാസവും ബഷീറിന്റെ സമ്പൂര്‍ണ്ണകൃതികളും നീര്‍മ്മാതളം പൂത്ത കാലവും ഒന്നിലധികം തവണ വായിച്ചിട്ടുണ്ട്.

ആരെങ്കിലും ഒരു കൃതി നല്ലതാണെന്നു പറഞ്ഞാല്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ, വായനയില്‍ എന്റെ സ്വന്തം അഭിപ്രായം രൂപപ്പെടാറുണ്ട്.

14. അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍, അനുമോദനങ്ങള്‍ ഇവ നേടിയവരെ മാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നു. അതവര്‍ അര്‍ഹിക്കുന്നില്ല. അര്‍ഹിക്കുന്നവര്‍ വേറെ ചിലരാണു എന്നു തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാര്‍ഡ്.

ആരാണ് ഒരു അവാര്‍ഡിനു യോഗ്യതയുള്ള ആള്‍ എന്നു വിധിക്കാന്‍ മാത്രം സാഹിത്യത്തില്‍ പരിജ്ഞാനമോ അത്രമാത്രം ആഴവും പരപ്പുമുള്ള വായനയോ എനിക്കില്ല.

15. ഇവിടത്തെ വെള്ളക്കാരുടെയും, കറുത്തവരുടെയും, സ്പാനിഷ്‌കാരുടെയും ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെയെന്ന ഒരു ധാരണ മലയാളികള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അതേക്കുറിച്ച് പൊടിപ്പും, തൊങ്ങലും, വച്ച് എഴുതുന്നതാണോ അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതുന്ന കഥകള്‍. സംസ്‌കാരസംഘര്‍ഷമനുഭവിക്കുന്ന പുതിയ തലമുറയുടെ ധര്‍മ്മസങ്കടങ്ങള്‍ ഒരു എഴുത്തുകാരനോ അല്ലെങ്കില്‍ ഒരു ചിത്രകാരനോ അവരുടെ ഭാവനയില്‍ പകര്‍ത്താന്‍ മാത്രമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

മനസ്സില്‍ തട്ടുന്ന സംഭവങ്ങളില്‍ നിന്ന് എഴുത്ത് രൂപപ്പെടുന്നു എന്നാണ് എന്റെ വിശ്വാസം. അത് സ്വാനുഭവങ്ങളോ, കണ്ടോ കേട്ടോ അറിഞ്ഞ ജീവിതാനുഭവങ്ങളോ ആവുന്നതു തീര്‍ത്തും സ്വാഭാവികം.

16. നിങ്ങള്‍ ആദ്യമെഴുതിയ രചന ഏതു, എപ്പോള്‍?. അതേക്കുറിച്ച് ചുരുക്കമായി പറയുക. ഒരു എഴുത്തുകാരനാകാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക.

ആദ്യ രചന എന്നൊന്നും പറയാനില്ല. ചെറുപ്പകാലത്ത്, ഡയറിത്താളുകളില്‍ കുറിച്ചിട്ട നുറുങ്ങു കവിതകള്‍(?). ഞാനല്ലാതെ മറ്റാരും വായിച്ചിട്ടില്ലാത്തവ..

17. ഒരു എഴുത്തുകാരന്റെ വളര്‍ച്ചക്ക് അവന്റെ കുടുംബവും സമൂഹവും കൂട്ടുനില്‍ക്കണമെന്നു പറയാറുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരെ നിര്‍ദ്ദയം പുഛിക്കുന്ന അമേരിക്കന്‍ മലയാളി സമൂഹം എഴുത്തുകാര്‍ക്ക് ദ്രോഹം ചെയ്യുന്നുവെന്ന് ചിന്തിക്കുന്നുണ്ടോ?

എഴുത്തിന്റെ ലോകത്ത് പിച്ചവയ്ക്കുന്ന ഒരാളാണ് ഞാന്‍. അമേരിക്കന്‍ എഴുത്തുകാരെക്കുറിച്ചോ അനുവാചകരെക്കുറിച്ചോ എനിക്ക് കാര്യമായൊന്നും അറിയില്ല.

18. എഴുത്തുകാര്‍ അവരുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു.

നല്ല പ്രവണത ആണോ എന്നറിയില്ല. എഴുതുന്ന ഏതൊരാള്‍ക്കും അതു കൂടുതല്‍ ആളുകള്‍ വായിക്കണം എന്ന ആഗ്രഹം ഉണ്ടാകും. ഈ ആഗ്രഹമാവണം ആ പ്രവണതയ്ക്കു പിന്നില്‍.

19. അംഗീകാരങ്ങള്‍/വിമര്‍ശനങ്ങള്‍/നിരൂപണങ്ങള്‍/ പരാതികള്‍/ അഭിനന്ദനങ്ങള്‍ ഇവയില്‍ ഏതാണു നിങ്ങളുടെ അഭിപ്രായത്തില്‍ ഒരു എഴുത്തുകാരന് പ്രോത്സാഹനമാകുക. എന്തുകൊണ്ട്?

ഒരു പരിധി വരെ ഇവയെല്ലാം സഹായകമാവാം. ക്രിയേറ്റീവ് ക്രിട്ടിസിസം വളര്‍ച്ചയ്ക്കുപകരിക്കുമല്ലോ. നല്ലതു സ്വീകരിക്കാനും അങ്ങനെയല്ലാത്തത് അവഗണിക്കാനും ഓരൊരുത്തരും പരിശീലിക്കണം എന്നു തോന്നുന്നു.

20. അമേരിക്കന്‍ മലയാളികള്‍ ഇവിടത്തെ കഥകള്‍ എഴുതണം. അവര്‍ വിട്ടിട്ട് പോന്ന നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വമല്ല എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ?

എഴുത്ത് സ്വാഭാവികമായി വരേണ്ട ഒന്നാണ് എന്ന അഭിപ്രായമാണ് എനിക്ക്. ''അതിനെക്കുറിച്ചു എഴുതരുത്, ഇതിനെക്കുറിച്ച് എഴുതൂ ' എന്നൊക്കെ ആരെങ്കിലും എന്നോട് പറഞ്ഞാല്‍ എനിക്ക് എഴുതാന്‍ കഴിയുമോ എന്നു സംശയമാണ്. അഥവാ എഴുതിയാല്‍ത്തന്നെ അതിനു ഭംഗിയുണ്ടാവില്ല എന്നു തോന്നുന്നു.
വാക്കുകളില്‍ നിറയുന്നത് ഹ്രുദയത്തിലെ സൗന്ദര്യം  (ഇ-മലയാളിയുടെ കവിതക്കുള്ള അവാര്‍ഡ് നേടിയ സീന ജോസഫുമായുള്ള അഭിമുഖം)വാക്കുകളില്‍ നിറയുന്നത് ഹ്രുദയത്തിലെ സൗന്ദര്യം  (ഇ-മലയാളിയുടെ കവിതക്കുള്ള അവാര്‍ഡ് നേടിയ സീന ജോസഫുമായുള്ള അഭിമുഖം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക