Image

മണ്ണിൽ നിന്നും മണ്ണിലേക്ക് - നോയമ്പുകാല ചിന്തകൾ (ഇ- മലയാളിയുടെ നോയമ്പ്കാല രചനകൾ - 2 )

സ്വന്തം ലേഖകൻ Published on 07 March, 2021
മണ്ണിൽ നിന്നും മണ്ണിലേക്ക് - നോയമ്പുകാല ചിന്തകൾ (ഇ- മലയാളിയുടെ നോയമ്പ്കാല രചനകൾ - 2 )


“നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉൽപ്പത്തി 3:9).  ക്ഷാരബുധനാഴ്ച നാൾ  നെറ്റിയിൽ ചാരം പൂശുമ്പോൾ വൈദികൻ ഓർമ്മിപ്പിക്കുന്ന വചനമാണിത്.  തുടർന്ന് നാൽപ്പതു ദിവസത്തോളം പൂർണ്ണമായ ഭക്തിയോടെ ഓരോ വിശ്വാസിയും അവന്റെ വ്രതാനുഷ്ഠാനം തുടരുന്നു.  പുരോഗതിയുടെ പാതയിൽ വെന്നിക്കൊടി പാറിച്ച് അന്യ ഗ്രഹങ്ങളിലേക്ക് പറന്നു നടക്കുന്ന മനുഷ്യർ പക്ഷെ ഈശ്വരവിശ്വാസം കൈവെടിയുന്നില്ല. അന്ധമായ ഭക്തിയിൽ നിന്നും അവൻ വിട്ടുനിൽക്കുന്നെങ്കിലും ദൈവീകമായ ശക്തിയിൽ വിശ്വാസമർപ്പിക്കുന്നു.

കേരളത്തിലെ ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്നത് ആര്യാ-ദ്രാവിഡ സംസ്കാരങ്ങളുടെ മിശ്രിതമാണ്. ആര്യവിശ്വാസ പ്രകാരം (ബ്രാഹ്‌മണ) മരിച്ച ആളുടെ ആത്മാവ് (പ്രേതം) കുറച്ച് നാളിനുള്ളിൽ എല്ലാ ബന്ധങ്ങളും വിഛേദിച് സ്വതന്ത്രമായി പുനരവതരിക്കാൻ തയാറാകുമെന്നാണ്. എന്നാൽ ദ്രാവിഡ് വിശ്വാസപ്രകാരം മരിച്ചവരുടെ ആത്മാവ് പ്രിയമുള്ളവർക്ക് രക്ഷയായി അവർക്ക് ചുറ്റുമുണ്ടാകുമെന്നാണ്. അതുകൊണ്ടത്രേ മരിച്ച ആളിനെ ദഹിപ്പിച്ച് ഭസ്മം അസ്ഥിത്തറയൊക്കെ ഉണ്ടാക്കി സൂക്ഷിച്ച് വയ്ക്കുന്നത്. കൃസ്തീയമതം സ്വീകരിച്ചവരും ആര്യ-ദ്രാവിഡ സംസ്കാരങ്ങൾ കുറച്ചൊക്കെ പിന്തുടർന്നു.

കൃസ്തുമതക്കാർ ശവം മറവു ചെയ്യുമ്പോൾ ഹിന്ദുക്കൾ ശവത്തെ ദഹിപ്പിക്കുന്നു. അവരുടെ വിശ്വാസപ്രകാരം ശരീരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്.  അവ  ആകാശം  ഭൂമി, വെള്ളം, അഗ്നി, വായു എന്നിവയാണ്. അഗ്നിപൂജ ഹിന്ദുക്കളെ സംബന്ധിച്ചെടത്തോളം ദൈവവുമായുള്ള സമ്പർക്കമാണ്. ശവശരീരം അവർ അഗ്നിക്ക് കൊടുത്ത് ശുദ്ധിയാക്കുന്നു. ഇത് ഹിന്ദുക്കളുടെ നാൽപത്തിയൊന്ന് ആത്മീയ ശുശ്രുഷയുള്ളതിൽ അവസാനത്തെയാണ്.  

മരണത്തപ്പറ്റി കൃസ്തുമതത്തിൽ തന്നെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുണ്ടെന്നാണ്  ഈ ലേഖകൻറെ അറിവ്. ചിലർ
വിശ്വസിക്കുന്നത് മരിച്ച ആൾ ഉറങ്ങുകയാണ് കൃസ്തുദേവൻ രണ്ടാമതും വരുമ്പോൾ അവർ ഉണരും. മരിച്ചവർക്ക് വേണ്ടി റോമൻ കാത്തോലിക് വിശ്വാസികൾ പ്രാർത്ഥിക്കുന്നു.  അങ്ങനെ കൃസ്തുമതവിശ്വാസികളിൽ തന്നെ വ്യത്യസ്തരായവർ വ്യത്യസ്തമായി ചിന്തിക്കുന്നു. പക്ഷെ വിശ്വാസങ്ങൾ എന്തായാലും മരണം നിശ്ചയമാണ്.  മരണാന്തരജീവിതത്തെപ്പറ്റി ആശങ്കപ്പെടുന്നതിനേക്കാൾ ജീവിക്കുമ്പോൾ നല്ലവരായി  ജീവിക്കുക.

ക്ഷാരബുധനാഴ്‌ച്ച നമ്മെ ഓർമ്മിപ്പിക്കുന്നത് ജീവിതത്തിന്റെ നശ്വരതയെയും ദൈവത്തിൽ മനുഷ്യർ അർപ്പിക്കേണ്ട വിശ്വാസത്തെയുമാണ്. അതുകൊണ്ടാണ് അന്നുമുതൽ നാൽപ്പത് ദിവസത്തെ വ്രതാനുഷ്ഠാനം പറഞ്ഞിരിക്കുന്നത്.  ദൈവം ആരെന്ന മൂഢ വാദ പ്രതിവാദങ്ങൾക്ക്   പോകാതെ നന്മയിൽ വിശ്വസിക്കുക. യേശുദേവൻ പറഞ്ഞപോലെ അയൽക്കാരനെ സ്നേഹിക്കുക.  ദൈവം നന്മയാണ്, സ്നേഹമാണ്.  ആ ദൈവത്തെ നിങ്ങൾക്ക് കാണാം. നിങ്ങൾക്ക് കാണാൻ കഴിയാത്ത ഒരു ദൈവമില്ലെന്നു വിശ്വസിക്കുക. അവൻ നമുക്ക് ചുറ്റിലുമുണ്ട്.  അവനെ വിൽക്കുന്നവർ പൊതിഞ്ഞുകൊണ്ടുവരുന്ന കെട്ടുകളിലേക്ക് നോക്കാതിരിക്കുക.

ഹിന്ദുമതത്തിൽ ഭസ്മം നെറ്റിയിൽ ചാർത്തുന്നത് വളരെ പ്രാധാന്യമായി കരുതുന്നു. ലലാട ശൂന്യം ശ്മശാന തുല്യം എന്നാണു പറയുന്നത്. ശിവഭക്‌തരാണ് കൂടുതൽ ഭസ്മം ഉപയോഗിക്കുന്നത്. എട്ടാം  നൂറ്റാണ്ടിനോടടുത്ത് മരണാസന്നരായ മനുഷ്യർ ദേഹത്തിൽ ഭസ്മം പൂശി ചാക്ക് തുണിയുടെ മേലെ കിടന്നിരുന്നു. അവർക്ക് കൂദാശ അർപ്പിച്ചിരുന്ന പുരോഹിതൻ "നിന്നെ മണ്ണിൽ നിന്നെടുത്ത് നീ മണ്ണിലേക്ക് ചേരുന്നു" എന്നറിയിച്ചതിനു ശേഷം അവരോട് ചോദിച്ചിരുന്നു : അന്ത്യവിധിക്ക് മുമ്പ് ദൈവ സന്നിധിയിൽ നിന്റെ പാപപരിഹാരത്തിനായി നീ ചെയ്യുന്ന ഈ ത്യാഗത്തിൽ നീ സംതൃപ്‌തനാണോ? ഇതിൽ നിന്നും ആദ്യകാലങ്ങളിൽ പാപപരിഹാരാര്ഥം ജനങ്ങൾ പ്രായശ്ചിത്തം ചെയ്തിരുന്നുവെന്ന് കാണാം. നിങ്ങൾ പാപം ചെയ്തോ ഇല്ലയോ എന്നതിനേക്കാൾ സത്ഗുണസമ്പന്നരാകുന്നതും എളിമയോടെ ജീവിക്കുന്നതും നന്മയാണ്. ഇത്തരം ആചാരങ്ങൾ ഒരു പക്ഷെ ഇന്നത്തെ മനുഷ്യരെ അവരുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ചിന്തിപ്പിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക