ഡാളസ്‌ സെന്റ്‌ മേരീസ്‌ ദേവാലയകുദാശ പ.കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു

Published on 21 May, 2011
ഡാളസ്‌ സെന്റ്‌ മേരീസ്‌ ദേവാലയകുദാശ പ.കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു
ബിനോയി സെബാസ്റ്റ്യന്‍
ഡാളസ്‌: സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌, ഫാമേഴ്‌സ്‌ ബ്രാഞ്ച്‌, ദേവാലയത്തിന്റെ കൂദാശാകര്‍മ്മം മെയ്‌ 13,14,15(വെള്ളി, ശനി, ഞായര്‍) തീയതികളില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വീതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ ഭക്ത്യാഡംബരപൂര്‍വ്വം നടത്തപ്പെട്ടു. സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌, തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, സുല്‍ത്താന്‍ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍ എപ്പിപ്പാനിയോസ്‌, നിലയ്‌ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ്‌, വൈദീകശ്രേഷ്‌ഠര്‍ എന്നിവര്‍ സഹകാര്‍മ്മീകരായിരുന്നു. റവ.ഫാ.ഡോ.എ.പി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണ്‌ കൂദാശാ ഗാനങ്ങളാലപിച്ചത്‌.

1973ല്‍ ആരംഭിച്ച സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയാണ്‌ ദൈവമാതാവിന്റെ നാമഥേയത്തിലുള്ള ഡാലസിലെ പ്രഥമ ഇന്‍ഡ്യന്‍ ദേവാലയം. നാല്‌ ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പുതിയ ദേവാലയസമുച്ചയത്തിന്റെ നിര്‍മ്മാണചിലവ്‌ നാലര മില്ല്യന്‍ ഡോളറാണ്‌.

മെയ്‌ 13ാം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ പരിശുദ്ധ ബാവായ്‌ക്കും മെത്രാന്മാര്‍ക്കും നല്‍കിയ വമ്പിച്ച സ്വീകരണഘോഷയാത്രയില്‍ ശിങ്കാരിമേളം, താലപ്പോലിയേന്തിയ ബാലികമാര്‍, പ്രതിബദ്ധതാപൂര്‍വ്വം കാതോലിക്കാ പതാകയേന്തിയ ബാലന്മാര്‍, മുത്തുക്കുടകള്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വാസികള്‍, പുരോഹിതന്മാര്‍, ശെന്മാശന്മാര്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു.

മെയ്‌ 14 ശനിയാഴ്‌ച രാവിലെ നടന്ന കൂദാശാ ചടങ്ങിനുശേഷം ആരംഭിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പരിശുദ്ധ കാതോലിക്കാ ബാവാ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അഭിമാനമാണ്‌ മനോഹരമായ സെന്റ്‌ മേരിീസ്‌ ദേവാലയമെന്ന്‌ വിശേഷിപ്പിച്ചു. സൗത്ത്‌വെസ്റ്റ്‌ ഭദ്രാസനാധിപന്‍ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ അദ്ധ്യക്ഷനായിരുന്നു. വിവിധ ഭദ്രാസന മെത്രാപ്പോലീത്തമാര്‍, ഫാമേഴ്‌സ്‌ ബ്രാഞ്ച്‌ സിറ്റി മേയര്‍ റ്റിം ഒഹയര്‍, നിര്‍മ്മാണകമ്പനിക്കുവേണ്ടി റിക്ക്‌ ചബ്രേട്ട്‌, കേരള എക്യുമെനിക്കല്‍ ക്ലര്‍ജി ഫെല്ലോഷിപ്പ്‌ പ്രസിഡന്റ്‌ റവ.ഫാ. രാജേഷ്‌ ജോണ്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ദേവാലയ ബില്‍ഡിംഗ്‌ കമ്മിറ്റിയംഗങ്ങള്‍ക്കും ഗാരന്റിയേഴ്‌സിനും,മുന്‍ കാല വികാരിമാര്‍ക്കും, പഴയകാല അംഗങ്ങള്‍ക്കും പരിശുദ്ധ കാതോലിക്ക ബാവാ ഫലകം നല്‍കിയാദരിച്ചു. കാതോലിക്ക ബാവ ചര്‍ച്ച്‌ സുവനീറിന്റെ ഉദ്‌ഘാടനം ചീഫ്‌ എഡിറ്റര്‍ സിബി തങ്കച്ചനു നല്‍കിക്കൊണ്ട്‌ നിര്‍വ്വഹിച്ചു.

ദേവാലയ നിര്‍മ്മാണത്തിനു നേതൃത്വമേകിയ വികാരി റവ.ഫാ.തമ്പാന്‍ വര്‍ഗീസിനു ദേവാലയത്തിന്റെ പേരില്‍ പാരിതോഷികം നല്‍കിയും ബില്‍ഡിംഗ്‌ കമ്മിറ്റി കണ്‍വീനര്‍ ജയിംസ്‌ തേക്കുങ്കലിനെയും ദ്രഷററര്‍ പ്രിന്‍സ്‌ സഖറിയയെയും പൊന്നാടയണിയിച്ചും ആദരിച്ചു. കൂദാശാ കണ്‍വീനര്‍ റസ്‌ക്ക്‌ ജേക്കബ്‌ ആയിരുന്നു അവതാരകന്‍. റവ.ഫാ.തമ്പാന്‍ വര്‍ഗീസ്‌ സ്വാഗതവും സെക്രട്ടറി റോയി തോമസ്‌ നന്ദിയും രേഖപ്പെടുത്തി. പതിനഞ്ചാം തീയതി വൈകിട്ട്‌ ദേവാലയംഗങ്ങള്‍ അവതരിപ്പിച്ച ഹൃദ്യമായ കലാപരിപാടിയും ഉണ്ടായിരുന്നു.
ഡാളസ്‌ സെന്റ്‌ മേരീസ്‌ ദേവാലയകുദാശ പ.കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക