തുടക്കം കൊള്ളാം പക്ഷെ....

Published on 21 May, 2011
തുടക്കം കൊള്ളാം പക്ഷെ....
ജി.കെ
തുടക്കം നന്നായാല്‍ പകുതി നന്നായെന്നാണ്‌ ചൊല്ല്‌. ചില ജനപക്ഷ തീരുമാനങ്ങളിലൂടെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ നല്ല തുടക്കമിട്ടിരിക്കുന്നു. യുഡിഎഫ്‌ മന്ത്രിസഭയുടെ ആദ്യ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ വാര്‍ത്താസമ്മേളനം മുന്നണിയുടെ ജനപക്ഷ നിലപാട്‌ വ്യക്തമാക്കുന്നതാണെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിനുപോലും രണ്ടു പക്ഷമുണ്ടാവിനിടയില്ല. പെട്രോളിന്റെ അധിക നികുതി പിന്‍വലിക്കാനുള്ള തീരുമാനം വന്‍വിലവര്‍ധനയില്‍ കാര്യമായ കുറവുണ്ടാക്കില്ലെങ്കിലും ജനങ്ങള്‍ക്ക്‌ നേരിയതോതിലെങ്കിലും ആശ്വാസം നല്‍കാനുതകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള നഷ്‌ടപരിഹാരത്തുക ഒരു ലക്ഷമാക്കി ഉയര്‍ത്തി വി.എസ്‌.അച്യുതാനന്ദന്‌ മറുപടി പറയാനും ഉമ്മന്‍ ചാണ്ടി മന്ത്രിസഭ തീരുമാനിച്ചത്‌ നല്ലകാര്യം തന്നെ.

എന്നാല്‍ തുടക്കത്തിലേ ഈ മനോഭാവവും ദിശാബോധവും മന്ത്രിസഭയുടെയും മുന്നണിയുടെയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും ഉണ്ടാകുമോ എന്നാണ്‌ കേരള ജനത ഉറ്റുനോക്കുന്നത്‌. കടുത്ത മത്സരത്തിനുശേഷം നേരിയ ഭൂരിപക്ഷത്തിലാണു യുഡിഎഫ്‌ അധികാരത്തിലേറിയിരിക്കുന്നതെങ്കിലും ആദ്യ മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ചപ്പോള്‍ തികഞ്ഞ ആത്മവിശ്വാസമാണ്‌ മുഖ്യമന്ത്രിയില്‍ പ്രകടമായത്‌. നിശ്ചയദാര്‍ഢ്യവും ജനപക്ഷ ഭരണത്തിനുള്ള ആര്‍ജവവും മുഖ്യമന്ത്രിയുടെ മുഖത്തും വാക്കുകളിലും ദൃശ്യമായിരുന്നു.

ആദ്യ മന്ത്രിസഭായോഗമെടുത്ത നാലു പ്രധാനപ്പെട്ട തീരുമാനങ്ങളും സംസ്ഥാനത്തെ വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ അടിയന്തരപരിഹാരം കാണാനുള്ള ശ്രമമായി. സംസ്ഥാനത്തെ ഓരോ പൗരനും നേരിട്ട്‌ പ്രയോജനം ലഭിക്കുന്നതായിരുന്നു പെട്രോളിന്റെ വില്‍പനനികുതി ഒഴിവാക്കാനുള്ള ആദ്യ തീരുമാനം. യാത്രക്കൂലിയിലുണ്ടാകാവുന്ന വര്‍ധനയും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റവും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഈ ഇളവു സഹായകമാവും.

രാഷ്‌ട്രീയക്കാരും സാമൂഹ്യ പ്രവര്‍ത്തകരും കുറെക്കാലമായി സജീവമാക്കി നിര്‍ത്തിയിരുന്ന എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രവും കോണ്‍ഗ്രസും ഏറെ പഴികേള്‍ക്കേണ്ടിവന്നെങ്കിലും ഇക്കാര്യത്തില്‍ ശക്തമായ ചില തീരുമാനങ്ങളാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കത്തിലേ കൈക്കൊണ്ടത്‌. വരാനിരിക്കുന്ന ദിവസങ്ങളില്‍ വി.എസ്‌.അച്യുതാനനന്ദന്‍ തുറക്കാനിരിക്കുന്ന പോര്‍മുഖം എന്‍ഡോസള്‍ഫാനായിരിക്കുമെന്ന തിരിച്ചറിവും ഈ തീരുമാനത്തിന്‌ പിന്നിലുണ്ട്‌.

ഒപ്പം 2006 ഒക്‌ടോബര്‍ 31ന്‌ കേന്ദ്ര ഗവണ്മെന്റ്‌ ഏര്‍പ്പെടുത്തിയ എന്‍ഡോസല്‍ഫാന്‍ നിരോധനം കേരളത്തില്‍ കര്‍ശനമായി നടപ്പാക്കുമെന്ന പ്രഖ്യാപനം വി.എസ്‌ സര്‍ക്കാരിനുള്ള മറുപടിയും കൂടിയാണ്‌. അധികാരമുണ്ടായിട്ടും ഇക്കാലമത്രയും ഇതു നടപ്പാക്കാന്‍ ശ്രമിക്കാതെ ഒച്ചപ്പാടുണ്ടാക്കി നടക്കുകയായിരുന്നു വി.എസും കൂട്ടരുമെന്നാണ്‌ ഉമ്മന്‍ ചാണ്ടി പറയാതെ പറയുന്നത്‌.

കര്‍ഷകര്‍ക്ക്‌ നേരിട്ട്‌ പ്രയോജനം ലഭിക്കുന്ന മറ്റൊരു തീരുമാനമാണ്‌ കുട്ടനാട്ടില്‍ വേനല്‍ മഴയില്‍ കൃഷി പൂര്‍ണമായി നശിച്ചവര്‍ക്കുള്ള സഹായധനം ഹെക്‌ടറിന്‌ ഇരുപതിനായിരം രൂപയാക്കാനുമുള്ള തീരുമാനം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും യുഡിഎഫ്‌ കരുതലോടെ കൈകാര്യം ചെയ്യുമെന്നും പ്രസക്തമായ പ്രശ്‌നങ്ങള്‍ക്ക്‌ സത്വര പരിഹാരം ഉണ്ടാകുമെന്നുമുള്ള സന്ദേശമാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ തീരുമാനങ്ങളിലൂടെ നല്‍കിയിരിക്കുന്നത്‌. പ്രസ്‌താവനകളിറക്കിയും സമരമുഖങ്ങള്‍ തുറന്നുമല്ല ഭരണം നയിക്കേണ്ടതെന്നും അതിവേഗം കാര്യങ്ങള്‍ നീക്കിയാല്‍ മാത്രമേ ബഹുദൂരം മുന്നോട്ടു പോകാനാകൂ എന്നും ഉമ്മന്‍ ചാണ്ടി ഓര്‍മിപ്പിക്കുന്നു.

ഒരു രൂപയ്‌ക്ക്‌ അരി നല്‍കാനുള്ള യുഡിഎഫ്‌ പ്രകടനപത്രികയിലെ പ്രഖ്യാപനമാണ്‌ ഏവരും ഇനി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പ്രധാന പ്രഖ്യാപനം. ഇതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഭക്ഷ്യസിവില്‍ സപ്ലൈസ്‌ മന്ത്രിക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടടന്ന്‌ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്‌. അരി നല്‍കാനുള്ള പ്രഖ്യാപനം ഒരു തെരഞ്ഞെടുപ്പ്‌ സ്റ്റ്‌ണ്ടായിരുന്നില്ലെന്ന്‌ തെളിയാക്കാനുള്ള ബാധ്യത യുഡിഎഫ്‌ സര്‍ക്കാരിനുണ്ട്‌. ഒരു രൂപയ്‌ക്ക്‌ അരി നല്‍കാനുള്‌ തീരുമാനമായിരുന്നു ആദ്യം കൊക്കൊള്ളേണ്ടതെന്ന പ്രഖ്യാപനത്തോടെ കോടിയേരി ബാലകൃഷ്‌ണന്‍ രംഗത്തുവന്നത്‌ വരാനിരിക്കുന്ന ദിവസങ്ങളില്‍ പ്രതിപക്ഷത്തിന്റെ ആക്രമണം ഏതു ദിശയിലായിരിക്കുമെന്നതിന്റെ സൂചനയും മുന്നറിയിപ്പുമാണ്‌.

ജനക്ഷേമ പ്രഖ്യാപനങ്ങള്‍ക്കും നടപടികള്‍ക്കുമൊപ്പം രാഷ്‌ട്രീയ മാനങ്ങളുള്ള തീരുമാനങ്ങളും ആദ്യ മന്ത്രിസഭായോഗം കൈക്കൊണ്ടുവെന്നതും ശ്രദ്ധേയമാണ്‌. 2011 ജനുവരി ഒന്നു മുതലുള്ള എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കാനുള്ള തീരുമാനം പിന്‍വാതില്‍ നിയമനത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കു വിരാമമിടുക മാത്രമല്ല, അനധികൃതമായ നടപടികളോടു ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പും നല്‌കുന്നു. വി.എസ്‌.അച്യുതാനന്ദന്റെ മകനെതിരായ നിയമനടപടികള്‍ തുടരുമെന്ന പ്രഖ്യാപനം പ്രതികാര രാഷ്‌ട്രീയത്തിന്റെ വഴിയേ യുഡിഎഫും പോകുമോ എന്ന ആശങ്കയും ജനങ്ങള്‍ക്ക്‌ നല്‍കുന്നുണ്ട്‌.

പതിമൂന്നാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുഫലത്തില്‍ ഒരു മുന്നറിയിപ്പുകൂടി അടങ്ങുന്നു എന്ന്‌ ഐക്യജനാധിപത്യ മുന്നണിക്ക്‌ നല്ലബോധ്യമുള്ളതുകൊണ്ടാവാം ആദ്യയോഗത്തില്‍തന്നെ ഇതുള്‍പ്പെടെയുള്ള ചില നല്ല തീരുമാനങ്ങള്‍ അവര്‍ കൈക്കൊണ്ടത്‌. ജനതാത്‌പര്യങ്ങള്‍ മാനിച്ച്‌ വളരെ കരുതലോടെ, അതിസൂക്ഷ്‌മതയോടെ വേണം ഓരോ കാല്‍വെപ്പും എന്നതാണ്‌ ജനവിധി എന്ന്‌ അവര്‍ തിരിച്ചറിയുന്നുവെന്നാണ്‌ മന്ത്രിസഭയുടെ ആദ്യ താരുമാനങ്ങള്‍ വ്യക്തമാക്കുന്നത്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക