ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ഫോമ ജനമധ്യത്തില്‍

Published on 21 May, 2011
ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ഫോമ ജനമധ്യത്തില്‍
ജോയിച്ചന്‍ പുതുക്കുളം
സിയാറ്റില്‍ (വാഷിംഗ്‌ടണ്‍): ഇന്ത്യന്‍ എംബസിയേയും, എംബസിയുടെ കീഴിലുള്ള കോണ്‍സുലേറ്റുകളേയും ജനമധ്യത്തിലെത്തിക്കുന്ന ഫെഡറഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ)യുടെ ജനസമ്പര്‍ക്ക പദ്ധതിയുടെ ഭാഗമായി, സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുല്‍ ജനറല്‍ സുസ്‌മിത തോമസും, കമ്യൂണിറ്റി അഫയേഴ്‌സിന്റെ കോണ്‍സുല്‍ ആയ അശോക്‌ സിന്‍ഹയും മെയ്‌ പത്തിന്‌ സിയാറ്റിലിലെത്തി.

ഏപ്രില്‍ 16-ന്‌ വാഷിംഗ്‌ടണില്‍ നടന്ന `ആസ്‌ക്‌ ദ എംബസി' എന്ന വിജയകരമായ പ്രോഗ്രാമിന്റെ ചുവടുപിടിച്ച്‌, സിയാറ്റിലില്‍ നടന്ന ടൗണ്‍ഹാള്‍ മീറ്റിംഗില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഫോമയുടെ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ നേതൃത്വം നല്‍കി. വാഷിംഗ്‌ടണില്‍ നടന്ന `ആസ്‌ക്‌ ദി എംബസി' പ്രോഗ്രാം ഇതിനോടകം വന്‍ ജനശ്രദ്ധ നേടിയിരുന്നു.

മെയ്‌ പത്തിന്‌ സിയാറ്റിലിലെ റെഡ്‌മോണ്ട്‌ സിറ്റിയിലെ മെമ്മോറിയല്‍ ഹാളില്‍ നടന്ന ടൗണ്‍ഹാള്‍ മീറ്റിംഗില്‍ കേരളാ അസോസിയേഷന്‍ ഓഫ്‌ വാഷിംഗ്‌ടണും മറ്റ്‌ അനവധി ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളും ഫോമയുടെ സഹകാരികളായിരുന്നു.

ഫോമയുടെ വെസ്റ്റേണ്‍ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ഓജസ്‌ ജോണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടൗണ്‍ഹാള്‍ മീറ്റിംഗിന്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്‍സ്‌ ഓഫ്‌ വിഷിംഗ്‌ടണിന്റെ ചെയര്‍മാന്‍ സുധീപ്‌ ഗോരക്‌ശകാര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ നടന്ന ആദ്യ സെഷനില്‍ കോണ്‍സുല്‍ ജനറല്‍ സുസ്‌മിത തോമസ്‌ കോണ്‍സുല്‍ പ്രവര്‍ത്തനങ്ങളേയും, വിസ, പാസ്‌പോര്‍ട്ട്‌, റീ എന്‍ട്രി പെര്‍മിറ്റ്‌ തുടങ്ങിയ വിഷയങ്ങളേയും, നിയമങ്ങളിലെ ഭേദഗതികളേയുംകുറിച്ച്‌ വിശദമായി സംസാരിച്ചു. ഒ.സി.ഐ, പി.ഐ.ഒ കാര്‍ഡ്‌, ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ തുടങ്ങിയ വിഷയങ്ങളും സുസ്‌മിത തോമസ്‌ പ്രതിപാദിച്ചു.

തുടര്‍ന്ന്‌ നടന്ന രണ്ടാമത്തെ സെഷന്‍ ഫോമ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ഓജസ്‌ ജോണ്‍ മോഡറേറ്ററായി പ്രവര്‍ത്തിച്ചു. വിവിധ വിഷയങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള സംശയങ്ങള്‍ ചോദിക്കുവാനും, ആശയവിനിമയത്തിനും അവസരമൊരുങ്ങി. കോണ്‍സുല്‍ അശോക്‌ സിന്‍ഹയും, കോണ്‍സുല്‍ ജനറല്‍ സുസ്‌മിത തോമസ്‌ എന്നിവര്‍ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കി.

ഓജസ്‌ ജോണിനുപുറമെ ഫോമയുടെ നേതൃനിരയിലുള്ള പി.എം. മാത്യു, രാജ്‌ മാര്‍ഗ്ഗശ്ശേരി തുടങ്ങിയവരും ടൗണ്‍ഹാള്‍ മീറ്റിംഗിന്‌ നേതൃത്വം നല്‍കാന്‍ സജീവമായി ഉണ്ടായിരുന്നു. തുടര്‍ന്ന്‌ നടന്ന ഡിന്നറിലും, സ്വീകരണ യോഗത്തിലും ഇത്തരത്തിലൊരു ജനസമ്പര്‍ക്ക പരിപാടിയൊരുക്കിയ ഫോമയെ കോണ്‍സുല്‍ ജനറല്‍ മുക്തകണ്‌ഠം അഭിനന്ദിച്ച്‌ സംസാരിച്ചു.
ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ഫോമ ജനമധ്യത്തില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക