പെംബ്രൂക്ക്‌ പൈന്‍സ്‌ സിറ്റി ഉപദേശക സമിതി ചെയര്‍മാനായി സേവി മാത്യു തെരഞ്ഞെടുക്കപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 11 September, 2011
പെംബ്രൂക്ക്‌ പൈന്‍സ്‌ സിറ്റി ഉപദേശക സമിതി ചെയര്‍മാനായി സേവി മാത്യു തെരഞ്ഞെടുക്കപ്പെട്ടു
മയാമി (ഫ്‌ളോറിഡ): സൗത്ത്‌ ഫ്‌ളോറിഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും വലുതുമായ പെംബ്രൂക്ക്‌ പൈന്‍സ്‌ സിറ്റിയുടെ ഹെറിറ്റേജ്‌ ആന്‍ഡ്‌ ഡൈവേഴ്‌സിറ്റി കമ്മിറ്റിയിലേക്ക്‌ സേവി മാത്യുവിനെ മേയര്‍ ഫ്രാങ്ക്‌ ഓര്‍ട്ടിസ്‌ നിയമിക്കുകയും, കഴിഞ്ഞ ഓഗസ്റ്റ്‌ 16-ന്‌ നടന്ന വാര്‍ഷിക യോഗത്തില്‍ അദ്ദേഹത്തെ ചെയര്‍മാനായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കുകയും ചെയ്‌തു. ഇതിനുമുമ്പ്‌ തുടര്‍ച്ചയായി മൂന്നുവര്‍ഷം ഇദ്ദേഹം ഈ കമ്മിറ്റിയില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

52 രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും അനുഷ്‌ഠിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒന്നരലക്ഷത്തിലധികം ജനതതികള്‍ വസിക്കുന്ന ഈ മുനിസിപ്പല്‍ പട്ടണത്തില്‍ പ്രവാസികളുടെ തനത്‌ പൈതൃകവും സംസ്‌കാരങ്ങളും ആഘോഷിക്കുന്നതിനും, കാത്തു പരിപാലിക്കുന്നതിനുമായിട്ടാണ്‌ ഈ സിറ്റി ഹെറിറ്റേജ്‌ ഡൈവേഴ്‌സിറ്റി കമ്മിറ്റി സ്ഥാപിച്ചിരിക്കുന്നത്‌.

ഇതിനുമുമ്പ്‌ ഏതാനും തവണ സിറ്റിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച്‌ തന്റെ നേതൃത്വത്തില്‍ നടത്തിയ നിരവധി രാജ്യങ്ങളുടെ സാംസ്‌കാരിക പരിപാടികള്‍ മേയറുടേയും ഭാരവാഹികളുടേയും പ്രേക്ഷകരുടേയും പ്രത്യേക ശ്രദ്ധ നേടിയിരുന്നുവെന്ന്‌ സേവി മാത്യു അനുസ്‌മരിച്ചു. ഇതില്‍ ഇന്ത്യന്‍ വംശജരുടെ ചെണ്ടമേളം, കുട്ടികളുടെ ഡാന്‍സ്‌ തുടങ്ങിയവ വളരെ മികവുറ്റതായിരുന്നു.

പുതിയ കമ്മിറ്റിയില്‍ ചൈന, ആഫ്രിക്ക, ഹിസ്‌പാനിക്‌, ഇന്ത്യന്‍, ലാറ്റിനോ തുടങ്ങി നിരവധി സാംസ്‌കാരിക കൂട്ടായ്‌മകളുടെ പ്രാതിനിധ്യം ഉണ്ടെന്നും, അവരെയെല്ലാം കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുമെന്നും ഇതിനായി ഇന്ത്യന്‍ വംശജരുടെ സഹകരണം പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നതായും സേവി മാത്യു അറിയിച്ചു.

ഈ പ്രദേശത്ത്‌ ഇതുപോലൊരു സ്‌തുത്യര്‍ഹ പദവിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ്‌ സേവി മാത്യു. ഫൊക്കാനയുടെ ജോയിന്റ്‌ സെക്രട്ടറി, ഫോമാ കണ്‍വെന്‍ഷന്‍ കോ ചെയര്‍മാന്‍, കേരള സമാജം പ്രസിഡന്റ്‌, ബോര്‍ഡ്‌ ചെയര്‍മാന്‍, ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി, ഫ്‌ളോറിഡ എസ്‌.എം.സി.സിയുടെ സ്ഥാപക പ്രസിഡന്റ്‌, സൗത്ത്‌ ഫ്‌ളോറിഡ വള്ളംകളിയുടെ ഉപജ്ഞാതാവ്‌, എസ്‌.എം.സി.സിയുടെ ദേശീയ ബോര്‍ഡ്‌ ചെയര്‍മാന്‍ തുടങ്ങി നിരവധി രംഗങ്ങളില്‍ നേതൃപാടവം തെളിയിച്ചിട്ടുള്ള സേവി മാത്യുവിന്റെ ഈ പുതിയ നിയമനം വളരെ പ്രതീക്ഷകളോടെയാണ്‌ ഇന്ത്യന്‍ വംശജര്‍ നോക്കിക്കാണുന്നത്‌.
പെംബ്രൂക്ക്‌ പൈന്‍സ്‌ സിറ്റി ഉപദേശക സമിതി ചെയര്‍മാനായി സേവി മാത്യു തെരഞ്ഞെടുക്കപ്പെട്ടു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക