സാൻ ഫ്രാൻസിസ്കോ: ശ്യാം നായരെ കണ്ടെത്താൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റിയിലെ സന്നദ്ധപ്രവർത്തകർ സാൻ ഫ്രാൻസിസ്കോ പ്രദേശത്ത് തിരയൽ ദൗത്യം നടത്തി. രാവിലെ 9 മണിക്ക് ഭവനരഹിതർക്ക് ഭക്ഷണം നൽകുന്ന സെൻ്റ് ആൻ്റണീസ് ഡൈനിംഗ് റൂം സന്ദർശിച്ചുകൊണ്ടായിരുന്നു ദൗത്യം തുടങ്ങിയത്. ഫോട്ടോ പരിശോധിച്ച ശേഷം ശ്യാമിനോട് സാമ്യമുള്ള ഒരാളെ കണ്ടതായി സ്ഥാപനത്തിലെ ജീവനക്കാർ അറിയിച്ചു. സന്നദ്ധപ്രവർത്തകർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ശ്യാമിനും വാഹനത്തിനും വേണ്ടി പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും അതുകൊണ്ട് ഫലമൊന്നുമുണ്ടായില്ല.
സെൻ്റ് ആൻ്റണീസ് ഡൈനിംഗ് റൂമിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ശ്യാം ഇപ്പോഴും സമീപപ്രദേശത്ത് എവിടെയെങ്കിലും തന്നെ ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. തിരച്ചിൽ തുടരുന്നതിനായി ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ വീണ്ടും ഒത്തുചേരും. ഇതിൽ പങ്കെടുത്ത എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി ശ്യാമിനെ സ്നേഹിക്കുന്നവർ അറിയിച്ചു. ശ്യാമിനെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.
see also : https://emalayalee.com/vartha/329771