വാഷിംഗ്ടൺ: താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഡീൽ മേക്കർ തന്റെ അച്ഛനാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ഒരിക്കൽ പറഞ്ഞിരുന്നു. ആദ്യ ഭരണത്തിലെ നാല് വർഷങ്ങൾക്കുള്ളിൽ ധാരാളം ഡീൽ മേക്കിങ് ട്രംപ് നടത്തി ഈ വാദം ശരിയാണെന്നു തോന്നിപ്പിച്ചു. ഡീൽ മേക്കിങ് മറ്റു പല നിർണായക പ്രശ്നങ്ങളിൽ നടത്താനാവാതെ പിൻവാങ്ങേണ്ടിയും വന്നു.
തന്റെ രണ്ടാം ഊഴത്തിൽ ആദ്യ ദിവസം തന്നെ മധ്യ പൂർവ ഏഷ്യയിലും യുക്രൈൻ-റഷ്യ സമരമുഖത്തും സമാധാനം കൊണ്ട് വരും എന്ന് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. ഗാസയിൽ വെടി നിർത്തൽ നടപ്പിലാക്കാൻ ട്രംപിന് കഴിഞ്ഞപ്പോൾ യുക്രൈൻ യുദ്ധത്തിലും പ്രസിഡന്റിന് അത് കഴിയുമെന്ന് പലരും പ്രതീക്ഷിച്ചു.
യു എസ് ഭരണ സിരാകേന്ദ്രത്തിൽ സെലിൻസ്കിയും, ട്രംപും വൈസ് പ്രസിഡന്റും തമ്മിൽ നടന്ന ചർച്ച എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അലസി പിരിഞ്ഞു. ഇത് ന്യായമായും ട്രംപിനെ ക്ഷുഭിതനാക്കി എന്നാണ് മനസിലാക്കേണ്ടത്. തുടർ ചർച്ചകൾ സെലിൻസ്കി മുൻകൈ എടുത്താൽ നടക്കും എന്ന പ്രസ്താവനയും ഇപ്പോൾ സമാധാനശ്രമങ്ങൾ യുക്രൈൻ വിചാരിച്ചാൽ വിജയിക്കും എന്ന പ്രസ്താവനയും ട്രംപ് ഈ വിഷയത്തിൽ വിരക്തനാണെന്നു തെളിയിക്കുന്നു.
"സാമ്പത്തിക സമ്മർദ്ദങ്ങൾ റഷ്യയുടെ മേൽ ചുമത്താൻ കഴിയും, ഉക്രൈൻ വ്യത്യസ്തമാണെന്ന" മറുപടിയും ട്രംപിന്റെ നിലപാട് വ്യക്തമാക്കി. ഇപ്പോൾ നടത്തുന്ന ശ്രമങ്ങൾ റഷ്യ-യുക്രൈൻ യുദ്ധത്തിൽ താത്കാലിക യുദ്ധ വിരാമത്തിന് വേണ്ടിയാണു. ഇതിനു പോലും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു രാജ്യങ്ങളും ഇതു വരെ യോജിച്ചിട്ടില്ല.
"റഷ്യക്കു സാമ്പത്തികമായി വളരെ അധികം നഷ്ടം ഉണ്ടാക്കുന്ന നടപടികൾ എനിക്ക് സ്വീകരിക്കുവാൻ കഴിയും. പക്ഷെ അങ്ങനെ നീങ്ങുന്നതിൽ നിന്ന് ഞാൻ എന്നെ വിലക്കിയിരിക്കുകയാണ്. കാരണം സമാധാനം നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," ട്രംപ് പറയുന്നു.
ജന പ്രതിനിധി സഭ പാസ്സാക്കിയ ഫണ്ടിംഗ് ബില്ലിനെ സെനറ്റിൽ തങ്ങൾ എതിർക്കുമെന്ന് ന്യൂന പക്ഷ നേതാവ് ചക് ഷൂമെർ പറഞ്ഞു. ഫണ്ടിംഗ് ചർച്ചകളിൽ നിന്ന് ഡെമോക്രറ്റുകളെ ഒഴിച്ച് നിർത്തിയതാണ് കാരണം എന്നും കൂട്ടിച്ചേർത്തു. ഡെമോകറ്റുകളുടെ പിന്തുണ ഇല്ലാതെ ബിൽ സെനറ്റിൽ പാസ്സാക്കാൻ വേണ്ട സംഖ്യ ബലം റിപ്പബ്ലിക്കനുകൾക്കു ഉണ്ട് (51 വോട്ടുകൾ). ഇതിനു പുറമെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ കാസ്റ്റിംഗ് വോട്ടും ഉണ്ട്.
ഫണ്ടിംഗ് ഉഭയ കക്ഷി വിഷയമാണെന്നും ഡെമോക്രറ്റുകളെ ഒഴിച്ച് നിർത്തി ഈ വിഷയത്തിൽ ബിൽ അവതരിപ്പിക്കാനാവില്ലെന്നും ഷൂമെർ പറയുന്നു. കൊട്ടിയടച്ച വാതിലിനുള്ളിൽ ഡെമോക്രറ്റുകൾ ചർച്ചകൾ നടത്തിയിരുന്നു. അവർ കൈക്കൊണ്ട തീരുമാനങ്ങൾ മാധ്യമങ്ങൾ അറിയാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരിക്കുകയാണെന്നു അറിയുന്നു. 30 ദിവസത്തേക്ക് ഒരു സ്റ്റോപ്പ് ഗാപ് ബിൽ അവതരിപ്പിച്ചു കൂടുതൽ സമയം നേടാനാണ് അവർ ഉദ്ദേശിക്കുന്നത്.
ഇതിനിടയിൽ നാറ്റോയെ വിമർശിക്കുന്നത് ട്രംപ് തുടർന്നു. "ഈ സഖ്യം യു എസ്സിനോട് മറ്റു രാഷ്ട്രങ്ങളോട് പെരുമാറുന്ന പോലെ പെരുമാറണമെന്നും മറ്റു രാഷ്ട്രങ്ങൾ അവരുടെ ബില്ലുകൾ പേ ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും" ട്രംപ് പറഞ്ഞു.
വളരെ വലിയ പിരിച്ചു വിടൽ സ്റ്റാറ്റിസ്റ്റിക്കൽ വിവരങ്ങൾ ശേഖരിക്കുന്ന നാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ ജീവനനക്കാർ ഒന്നടങ്കം തൊഴിൽ വിട്ടു പോകേണ്ട അവസ്ഥയിൽ എത്തി. ഈ ഏജൻസിയാണ് രാജ്യമൊട്ടാകെയുള്ള അക്കാഡമിക് ജയ പരാജയങ്ങൾ, പ്രോക്ടിവിറ്റി, ക്രൈം ആൻഡ് സേഫ്റ്റി തുടങ്ങിയ ഒട്ടനവധി വിവരങ്ങൾ ശേഖരിക്കുകയും ഈ ഡാറ്റായെ ആശ്രയിച്ചു മറ്റു ഡിപ്പാർട്‌മെന്റുകളും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത്. 1860 മുതൽ ഈ പ്രക്രിയ ഏജൻസി നടത്തി വരികയായിരുന്നു.
യു എസ് കോൺഗ്രസ് നിർബന്ധിതമാക്കിയ നാഷണൽ അസ്സെസ്സ്മെന്റ് ഓഫ് എഡ്യൂക്കേഷൻ പ്രോഗ്രസ്സ്, 'നേഷൻസ് റിപ്പോർട്ട് കാർഡ്' എന്നും അറിയപ്പെടുന്നു. 1969 മുതൽ ഏവരും കൂടുതലായി ആശ്രയിച്ചു വരുന്ന ഈ റിപ്പോർട്ടിനെ 'അക്കാഡമിക് പെർഫോമൻസ് ആൻഡ് പ്രോഗ്രസ്സ് ഓഫ് സ്റ്റുഡന്റസ് ഇൻ ഓൾ 50 സ്റ്റേറ്റ്സ്' എന്ന് സാധാരണയായി വിശേഷിപ്പിക്കാറുണ്ട്. 'ദി ഗോൾഡ് സ്റ്റാൻഡേർഡ് ഓഫ് ടെസ്റ്റിംഗ്' എന്ന് മറ്റു ചിലർ ഇതിനെ വിളിക്കുന്നു.