
ആരാവും 2028ൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി? ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടയിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനൊരു കുതിപ്പ്. ഇതാദ്യമായി റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയുടെ ചെയർ ആവുന്ന ആദ്യ വി പി ആയി വാൻസ് (40).
പാർട്ടി ഉന്നതരുമായും അണികളുമായും ഡോണർമാരുമായും കൂടുതൽ ഇടപെടാനുള്ള അവസരമാണിത്. അതിന്റെ പ്രായോഗിക വിജയം പരീക്ഷിക്കപ്പെടുന്നത് 2026 ഇടക്കാല തെരഞ്ഞെടുപ്പിലാണ്.
ട്രംപിന്റെ ഉറച്ച പിന്തുണയോടെ മികച്ച ഫലങ്ങൾ നേടാൻ കഴിഞ്ഞാൽ 2028ലേക്കുള്ള കുതിപ്പാവും അത്.
റിപ്പബ്ലിക്കൻ തന്ത്രങ്ങൾ മെനയുന്ന ഡെനിസ് ലെനോക്‌സ് പറയുന്നത് 2028ൽ പാർട്ടി കോക്കസോ പ്രൈമറിയോ നടത്തേണ്ട കാര്യമില്ല എന്നാണ്. "വാൻസ് സ്ഥാനാർഥിയാവില്ല എന്നു ചിന്തിക്കുന്നത് അസംബന്ധമാണ്."
ആരും പ്രഖ്യാപിച്ചിട്ടില്ല
റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് സ്ഥാനാർഥികൾ ആരും രംഗത്തു വന്നിട്ടില്ല. നിക്കി ഹേലി ഒരു റിപ്പബ്ലിക്കൻ സാധ്യതയാണ്. മൈക്ക് പോംപിയോയും. ഡെമോക്രാറ്റിക് സാധ്യത അന്വേഷിച്ച സർവേയിൽ കമലാ ഹാരിസ് 36% പിന്തുണ നേടി മുന്നിൽ നിൽക്കുന്നു. കാലിഫോർണിയ ഗവർണർ സ്ഥാനം ഒഴിയുന്ന ഗവിൻ ന്യൂസം മറ്റൊരു സാധ്യതയാണ്.
ആരും പക്ഷെ പ്രഖ്യാപിച്ചിട്ടില്ല.
വാൻസ് തന്റെ പിൻഗാമിയാവും എന്നു പ്രഖ്യാപിക്കാൻ ട്രംപ് തയാറായിട്ടില്ല. അദ്ദേഹം വളരെ മികച്ചയാൾ ആണെന്നു പറയാൻ പക്ഷെ പ്രസിഡന്റ് മടിച്ചില്ല.
മ്യൂണിക്കിൽ യൂറോപ്പിന്റെ നേതൃത്വത്തെ കടന്നാക്രമിച്ചു തലക്കെട്ടുകൾ പിടിച്ച വാൻസ് വൈറ്റ് ഹൗസിൽ വച്ചു യുക്രൈൻ നേതാവിനെ അപമാനിച്ചും വാർത്തകളിൽ നിറഞ്ഞു. അദ്ദേഹം പ്രസിഡന്റാവുന്ന സാധ്യത പാർട്ടി എങ്ങിനെ കാണുന്നു, ജനം എങ്ങിനെ കാണുന്നു എന്നതൊക്കെ വിലയിരുത്താൻ ഏറെ സമയമുണ്ട്.
2026 അക്കാര്യത്തിൽ ഏറെ പ്രധാനമാണ്. ഭരണകൂടത്തിന്റെ വിലയിരുത്തൽ കൂടിയാവുന്ന തിരഞ്ഞെടുപ്പിൽ ഹൗസിലും സെനറ്റിലും ഭൂരിപക്ഷം വർധിപ്പിച്ചു ശക്തമാക്കുക എന്നതാണ് പാർട്ടിയുടെ ആവശ്യം. $600 മില്യൺ കൈയ്യിലുണ്ടെന്നു ട്രംപ് പറയുന്നു.
Vance gets key party role, seen unrivalled for 2028