
ന്യു യോർക്ക്: സ്റ്റേറ്റിലെ പ്രമുഖ കൗണ്ടികളിലൊന്നായ വെസ്റ്ചെസ്റ്റർ കൗണ്ടി ലെജിസ്ളേറ്ററായി മലയാളിയായ ആനന്ദ് നമ്പിയാർ ഡിസ്ട്രിക്ട് ഏഴിൽ മത്സരിക്കുന്നു. നവംബറിൽ വിജയിച്ചാൽ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യാക്കാരനാകും. ഡെമോക്രാറ്റിക് പാർട്ടി എൻഡോർസ്സ് ചെയ്തതിനാൽ പ്രൈമറി ഇല്ല. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ ഇതേ വരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എതിരില്ലാതെ ജയിക്കാൻ ഏറെ സാധ്യതകളുണ്ട്.
ലാർച്ച്മോണ്ട്, മാമറോനെക്ക്, റൈ, റൈ നെക്ക്, ഹാരിസൺ എന്നീ ടൗണുകൾ അടങ്ങിയതാണ് ഡിസ്ട്രിക്ട് 7.
വ്യത്യസ്തനായ ഒരു സ്ഥാനാർത്ഥിയാണ് അദ്ദേഹം. 12 പേറ്റന്റുകൾ ഉള്ള അപൂർവ വ്യക്തിത്വം. ജനിച്ചത് കേരളത്തിൽ. വളർന്നത് ബാംഗളൂരിൽ. അതിനാൽ കന്നഡ നന്നായി പറയും. ജോലി ആരംഭിച്ചത് ഡൽഹിയിൽ. പിനീട് കാനഡ വഴി അമേരിക്കയിൽ.
ഇപ്പോൾ മാമറോനെക്ക് ടൗൺ കൗൺസിൽമാനാണ്. നേരത്തെ മാമറോനെക്ക് സ്കൂൾ ബോർഡ് അംഗമായിരുന്നു. ഡിസ്ട്രിക്ട് ഏഴിൽ ഒഴിവു വന്നപ്പോൾ പലരും സ്ഥാനാര്ഥിത്വത്തിനായി ശ്രമിച്ചതാണെങ്കിലും ഏറ്റവും അർഹനായ വ്യക്തി എന്ന നിലയിൽ റൈ സിറ്റി ഡെമോക്രാറ്റിക് കമ്മിറ്റി ഏകകണ്ഠമായി അദ്ദേഹത്തെ പിന്തുണക്കുകയായിരുന്നു.
ഇന്ത്യൻ അമേരിക്കൻ, ദക്ഷിണേഷ്യൻ സമൂഹങ്ങളുടെ ശക്തമായ വക്താവാണ് 55 കാരനായ നമ്പ്യാർ. അദ്ദേഹവും ഭാര്യയും ദീപാവലി വെസ്റ്റ്ചെസ്റ്ററിൽ സ്കൂൾ അവധി ദിനമായി പ്രഖ്യാപിക്കുന്നതുനുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി ലാർച്ച്മോണ്ടിൽ താമസിക്കുന്നു. അമേരിക്കൻ എക്സ്പ്രസ്, മാസ്റ്റർകാർഡ്, സിൻക്രൊണി ഫിനാൻഷ്യൽ എന്നിവയിൽ സീനിയർ എക്സിക്യൂട്ടീവായി 25 വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള സാമ്പത്തിക വൈദഗ്ധ്യവും പരിഹാരങ്ങൾ കണ്ടെത്താനുള്ള കഴിവും പൊതുപ്രവർത്തനത്തിലും മുതൽക്കൂട്ടാണ്.

ഡിസ്ട്രക്ടിലെ പ്രധാന പ്രശ്നങ്ങളായ വെള്ളപ്പൊക്കം, ഭവന ലഭ്യത കുറവ്, സാമ്പത്തിക അച്ചടക്കം തുടങ്ങിയ പ്രധാന വിഷയങ്ങൾക്ക് മുൻഗണന നൽകുന്നതാണ് അദ്ദേഹത്തിന്റെ പ്രചാരണം. വെസ്റ്റ്ചെസ്റ്റർ കൗണ്ടിയുടെ 2.5 ബില്യൺ ഡോളറിന്റെ ബജറ്റ് കൈകാര്യം ചെയ്യുന്നതിൽ നിർണായക പങ്കുവഹിക്കാൻ തനിക്കാവുമെന്ന് തന്റെ സാമ്പത്തിക വൈദഗ്ധ്യം ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.
ഒരു മില്യൺ ജനസംഖ്യയുള്ള വെസ്റ്റ്ചെസ്റ്റർ സങ്കീർണ്ണമായ വെല്ലുവിളികൾ നേരിടുന്നു. ശക്തവും നേട്ടങ്ങൾ ഉണ്ടാക്കുന്നതുമായ നേതൃത്വം ആവശ്യമാണ്, നമ്പ്യാർ ചൂണ്ടിക്കാട്ടുന്നു . സാമ്പത്തിക പ്രതിസന്ധികളിൽ സ്കൂൾ ജില്ലയെ നയിക്കുന്നതിനും ടൗൺ ബോർഡിലെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നത്തിനുമൊക്കെ തനിക്ക് ഒരു ട്രാക്ക് റെക്കോർഡ് ഉണ്ടെന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മാനസികാരോഗ്യ സേവനങ്ങൾ, ഭാഷാ സേവനങ്ങൾ, വിവേചനത്തിനെതിരായ നടപടികൾ തുടങ്ങിയവയാണ് വെസ്റ്റ്ചെസ്റ്ററിലെ ഏഷ്യൻ അമേരിക്കക്കാരുടെ മുൻഗണനകൾ എന്ന് 2022 ലെ ഒരു പഠനത്തിലെ കണ്ടെത്തലുകളിലേക്കും അദ്ദേഹം വിരൽ ചൂണ്ടുന്നു. കൗണ്ടി വിഭവങ്ങളുടെ ന്യായമായ വിഹിതം ഡിസ്ട്രിക്ട് 7 ന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ വിഷയങ്ങൾ സംരക്ഷിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുക്കുന്നു. ഡിസ്ട്രിക്ടിൽ 65,000 ൽ പരമാണ് ജനസംഖ്യ.
2021 ൽ കോർപ്പറേറ്റ് മേഖലയിൽ നിന്ന് വിരമിച്ചതിനുശേഷം, നമ്പ്യാർ പൊതുസേവനത്തിനായി സ്വയം പൂർണ്ണമായും സമർപ്പിച്ചിരിക്കുന്നു. പ്രവർത്തനനത്തിൽ സുതാര്യതയും കമ്മ്യൂണിറ്റി ഇടപെടലും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ജനം ശ്രദ്ധിക്കുമ്പോഴാണ് സർക്കാർ ഏറ്റവും നന്നായി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വെസ്റ്ചെസ്റ്റർ നിവാസിയും കേൾക്കപ്പെടുകയും വിലമതിക്കപ്പെടുകയും പ്രതിനിധീകരിക്കപ്പെടുകയും ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നു.
പ്രമുഖ യൂണിയനുകൾ പലറതും അദ്ദേഹത്തെ എൻഡോഴ്സ് ചെയ്തിട്ടുണ്ട്. പ്രചാരണ ചെലവ് 100,000 ഡോളറെങ്കിലും വരുമെന്ന് കരുതുന്നു. ഇന്ത്യൻ സമൂഹത്തിൽ നിന്നും പാർട്ടി അനുഭാവികളിൽ നിന്നും ഈ തുക കണ്ടെത്താനാകുമെന്ന് അദ്ദേഹം കരുതുന്നു.
ഗുജറാത്തിയായ ഭാര്യ ഹേമയെ വിവാഹം കഴിച്ചിട്ട് 29 വർഷമായി. മൂന്ന് മക്കൾ: കുമാർ (26), സച്ചിൻ (24), സിമ്രാൻ (23)
നാളെ (മാർച്ച് 23 ഞായർ) അദ്ദേഹത്തിനായി ഫണ്ട് റെയ്സർ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ ഒന്ന് വരെ ഇന്ത്യ സെന്റർ ഓഫ് വെസ്റ്റ് ചെസ്റ്റർ, 174 ബ്രാഡ്‌ലി അവന്യു, ഹാത്തോൺ, ന്യു യോർക്ക്-10532
ബന്ധപ്പെടുക: ഭാവന പാഹ്വാ, സുപ്രിയ ദോഷി