
ആമസോൺ സ്ഥാപകനും ലോകത്തെ ഏറ്റവും സമ്പന്നരിൽ രണ്ടാമനുമായ ജെഫ് ബെസോസ് (61) ഒടുവിൽ വിവാഹം പ്രഖ്യാപിച്ചു. രണ്ടു വർഷം മുൻപ് മുൻ മാധ്യമ പ്രവർത്തക ലോറൻ സാഞ്ചസുമായി (55) വിവാഹനിശ്ചയം നടത്തിയ 'വാഷിംഗ്‌ടൺ പോസ്റ്റ്' ഉടമ വരുന്ന വേനൽക്കാലത്തു ജൂണിൽ ഇറ്റലിയിലെ വെനീസിൽ അവരെ വിവാഹം കഴിക്കും.
ധനിക ദമ്പതിമാരുടെ $500 മില്യൺ യോട്ട് 'കോരു' വിലാണ് വെനീസ് തീരത്തു നിന്നകലെ മാറി വിവാഹം നടക്കുക. ക്ഷണക്കത്തുകൾ ഇരുവരും അയച്ചു തുടങ്ങിയെന്നു 'പേജ് സിക്‌സ്' പറയുന്നു.
ബെസോസ് 2019ൽ മക്കൻസി സ്കോട്ടുമായുള്ള 25 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചിരുന്നു. സാഞ്ചസ് അതേ വർഷമാണ് ഭർത്താവു പാട്രിക് വൈറ്റ്സെല്ലുമായി പിരിഞ്ഞത്.
ബെസോസ് വിവാഹം നിർദേശിച്ചത് 20 കാരറ്റ് ഉള്ള $2.5 മില്യൺ വജ്രം കൊണ്ടാണെന്നു സാഞ്ചസ് 'വോഗ്' മാസികയോട് പറഞ്ഞിരുന്നു. "ഞാൻ ബോധം കെട്ടു പോയി," അവർ പറഞ്ഞു.
വിവാഹ നിശ്ചയം കഴിഞ്ഞു ഇറ്റലിയിൽ മെഗാ യോട്ട് പോസിറ്റാനോയിൽ ആഘോഷം നടത്തിയപ്പോൾ ബിൽ ഗേറ്റ്സ്, ആരി ഇമ്മാനുവൽ, ലിയനാർഡോ ഡി കാപ്രിയോ, ടോബി മഗ്‌വയർ, ആൻഡ്രൂ ഗാർഫീൽഡ്, ജോർദാൻ രാജ്ഞി റാണിയ തുടങ്ങിയവർ അതിഥികളായെത്തി.
ജനുവരി 20നു വാഷിംഗ്‌ടണിൽ പ്രസിഡന്റ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ബെസോസും സാഞ്ചസും എത്തിയിരുന്നു.
വരുന്ന ശരത്കാലത്തു സാഞ്ചസ് ബെസോസിന്റെ ബ്ലൂ ഒറിജിൻ ബഹിരാകാശ പേടകത്തിൽ ഓപ്ര വിൻഫ്രി, കേറ്റി പെറി, ഗെയ്ൽ കിംഗ് എന്നിവർക്കൊപ്പം വനിതകൾ മാത്രം ഉൾപ്പെട്ട ക്രൂവിന്റെ പറക്കലിൽ പങ്കെടുക്കും. ബെസോസിന്റെ ന്യൂ ഷെപ്പേർഡ് റോക്കറ്റ് കമ്പനിയുടെ മനുഷ്യരെ വഹിച്ചുള്ള 11ആം ദൗത്യം.
Bezos, Sanchez set summer wedding