
ക്യൂബ, ഹെയ്ത്തി, നിക്കരാഗ്വ, വെനസ്വേല ഇനീ രാജ്യങ്ങളിൽ നിന്നുള്ള 532,000 അനധികൃത കുടിയേറ്റക്കാർക്കു ലഭിച്ചിരുന്ന പ്രത്യേക സംരക്ഷണം അവസാനിപ്പിക്കുന്നുവെന്നു ഹോംലാൻഡ് സെക്യൂരിറ്റി (ഡി എച് എസ്) അറിയിച്ചു.
ഇത് ഒരു മാസത്തെ നോട്ടീസാണെന്നു സെക്രട്ടറി ക്രിസ്റ്റി നോയം പറഞ്ഞു. ഫെഡറൽ റജിസ്റ്ററിൽ നോട്ടീസ് പ്രസിദ്ധീകരിച്ചു 30 ദിവസമാവുന്ന ഏപ്രിൽ 24നു അവർക്കുള്ള നിയമ പരിരക്ഷ അവസാനിക്കും. നിയമപരമായി തുടരാൻ ന്യായമില്ലാത്തവർ ആ തീയതിക്കു മുൻപ് രാജ്യം വിടണം.
"പരോൾ അടിസ്ഥാനപരമായി താത്കാലിക ഏർപ്പാടാണ്. അത് കുടിയേറ്റത്തിനു ന്യായമാവില്ല."
മാനുഷിക പരോൾ പരിപാടി അനുസരിച്ചാണ് ഇവർ യുഎസിൽ കഴിയുന്നത്. യുദ്ധമോ രാഷ്ട്രീയ അരാജകത്വമോ ഉള്ള രാജ്യങ്ങളിൽ നിന്ന് ഓടിയെത്തുന്നവർക്കു സംരക്ഷണം നൽകാൻ പല പ്രസിഡന്റുമാരും നൽകിയിട്ടുള്ള ഈ ഇളവ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ് പ്രസിഡന്റ് ട്രംപ് ആരോപിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുക എന്ന നയത്തിന്റെ ഭാഗമായി ഇവരെയും നീക്കം ചെയ്യുമെന്നു ട്രംപ് പ്രചാരണകാലത്തു തന്നെ ഉറപ്പു നൽകിയിരുന്നു.
വിഷയം കോടതിയിൽ എത്തിയിട്ടുണ്ട്.
DHS ends humanitarian parole