ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ നിയമോപദേശം തേടി തമിഴ്നാട് സര്‍ക്കാര്‍. നിയമത്തെ ചോദ്യം ചെയ്ത് ഡിഎംകെയും മുസ്ലിം ലീഗും അടുത്ത ആഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും.
ഭരണഘടന വിദഗ്ധരില്‍ നിന്ന് ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തമിഴ്‌നാട് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക. തമിഴ്‌നാട് നിയമസഭയിലെ ബിജെപി ഇതര അംഗങ്ങള്‍ വഖഫ് നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തിനെ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് തമിഴ്‍നാട് സര്‍ക്കാര്‍ തന്നെ നിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നത്.
വഖഫ് നിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാനെയാണ് കേസ് നടത്തിപ്പിന്റെ ഏകോപനത്തിന് ലീഗ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മുസ്ലിം ലീഗ് അടുത്ത ആഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആണ് സാധ്യത. ഡിഎംകെയും നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലോക്സഭയും രാജ്യസഭയും പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഇന്ന് രാഷ്ട്രപതി ഭവന് കൈമാറും. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമാകും.