
കോവിഡ്-19 മഹാമാരിക്കു കാരണമായ കൊറോണ വൈറസ് ചൈനയിലെ ഒരു ലാബിൽ നിന്നു ചോർന്നതാണെന്ന വാദം ട്രംപ് ഭരണകൂടം സ്ഥിരീകരിച്ചു. മഹാമാരിയുടെ 'യഥാർഥ' ഉത്ഭവത്തിലേക്കു വിരൽ ചൂണ്ടി വൈറ്റ് ഹൗസ് അതിന്റെ കോവിഡ് വെബ്സൈറ്റ് പുതുക്കി.
ലോകത്തു ഏറ്റവുമധികം മരണം സംഭവിച്ച യുഎസിലെ മഹാമാരി കൈകാര്യം ചെയ്ത രീതിക്കു കുറ്റക്കാരായി പ്രസിഡന്റ് ട്രംപിന് അനഭിമതരായ ഒട്ടേറെപ്പേരെ പുതുക്കിയ വെബ്സൈറ്റിൽ ചൂണ്ടിക്കാട്ടുന്നു: മുൻ പ്രസിഡന്റ് ജോ ബൈഡൻ, സി ഡി സി മുൻ മേധാവി ഡോക്ടർ ആന്തണി ഫൗച്ചി, ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കൽ, മുൻ ഗവർണർ ആൻഡ്രൂ കോമോ എന്നിങ്ങനെ നീളുന്നു ആ നിര.
കോവിഡ് പരിശോധന, ചികിത്സ, പ്രതിരോധ കുത്തിവയ്പ് തുടങ്ങിയ വിവരങ്ങൾ നൽകിയിരുന്ന വെബ്സൈറ്റിൽ ഇപ്പോൾ പുതിയൊരു ലിങ്ക് വന്നിട്ടുണ്ട്: 'Lab Leak: True Origins of COVID-19.'
ചൈനയിലെ വുഹാനിൽ നിന്നാണ് വൈറസ് ചോർന്നതെന്ന വാദം തെളിയിക്കാൻ അഞ്ചു കാര്യങ്ങൾ പറയുന്നു: ഒന്ന്, പ്രകൃതിയിൽ കാണാത്ത ജൈവ സ്വഭാവങ്ങൾ ഈ വൈറസിനുണ്ട്. രണ്ട്, സാധാരണ മഹാമാരികളിൽ ഒന്നിലേറെ ഉറവിടങ്ങൾ കാണാമെങ്കിലും ഇവിടെ ഒരെണ്ണം മാത്രമേയുള്ളു. മൂന്ന്, ചൈനയുടെ മുഖ്യ സാർസ് ഗവേഷണ ലാബായ വുഹാനിൽ ജീൻ മാറ്റം വരുത്താനുള്ള ഗവേഷണം നടന്നിട്ടുണ്ട്. നാല്, ലാബിലെ ഗവേഷകർക്ക് 2019ൽ മഹാമാരിക്ക് വളരെ മുൻപേ കോവിഡ് പോലുള്ള ലക്ഷണങ്ങൾ കണ്ടിരുന്നു. അഞ്ച്, പ്രകൃതിയിൽ നിന്നാണ് കൊറോണ വൈറസ് ഉണ്ടായതെന്നു തെളിയിക്കുന്ന യാതൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല.
കൊറോണ വൈറസ് മഹാമാരിയെ കുറിച്ചു അന്വേഷണം നടത്തിയ യുഎസ് ഹൗസിന്റെ സബ് കമ്മിറ്റി ശേഖരിച്ച വിവരങ്ങളാണ് വെബ്സൈറ്റിൽ ചേർത്തിട്ടുള്ളത്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാവാം വൈറസ് ചോർന്നതെന്നു കമ്മിറ്റി കണ്ടെത്തിയിരുന്നു. എഫ് ബി ഐ, നാഷനൽ ലാബ് , സി ഐ എ ഡയറക്റ്റർ ജോൺ റാറ്റ്ക്ലിഫ് എന്നിങ്ങനെ പലരും അതേ വാദം തന്നെ ഉയർത്തി.
ബൈഡൻ ഭരണകാലത്തെ ആരോഗ്യ വകുപ്പും ഇക്കോ അലയൻസും ഫൗച്ചിയുടെ ഉപദേഷ്ടാവ് ഡേവിഡ് മോറൻസും കാത്തി ഹോക്കലുമൊക്കെ സത്യം കണ്ടെത്താനുള്ള അന്വേഷണത്തിനു തടസം നിന്നുവെന്നു വൈറ്റ് ഹൗസ് ആരോപിക്കുന്നു.
White House revamps Covid-19 website with 'truth' link