Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍: 29-കൊല്ലം തെല്‍മ, ടെക്‌സാസ്)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 09 May, 2015
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍: 29-കൊല്ലം തെല്‍മ, ടെക്‌സാസ്)
അദ്ധ്യായം 29
എസ്തപ്പാന്റെ വലിയ ബംഗ്ലാവിന്റെ മുറ്റം. നനുത്ത പുല്‍നാമ്പുകള്‍ പച്ചവിരിച്ച മുറ്റത്ത്, മുഷിഞ്ഞുകീറിയ സാരി വാരിച്ചുറ്റിയ ആ സ്ത്രീ തന്റെ മകനെ ചേര്‍ത്തുപിടിച്ചുനിന്നു. എണ്ണമയമില്ലാത്ത ചെമ്പന്‍മുടിയിഴകള്‍ അനുസരണയില്ലാതെ ഊര്‍ന്നുവീണുകൊണ്ടിരുന്നു. ഇടയ്ക്കിടെ അവ മാടിഒതുക്കാന്‍ അവള്‍ വിഫലശ്രമം നടത്തുന്നു.
ചെറുക്കന്‍ പഴകിയ ഒരു നീല ട്രൗസര്‍ ഇട്ടിരിക്കുന്നു. അതിന്റെ പോക്കറ്റില്‍നിന്നും നൂലിഴകള്‍ ഞാന്നു കിടക്കുന്നു. അവിടിവിടെ വെള്ളപ്പാണ്ടുപോലെ എന്തൊക്കെയോ പറ്റിപ്പിടിച്ച് ഉണങ്ങിയിരിക്കുന്നു. കോളര്‍ കീറിത്തുടങ്ങിയ മുറിക്കൈയ്യന്‍ ചെക്ക് ഷര്‍ട്ടാണ് ഇട്ടിരിക്കുന്നത്. കണ്ടാലറിയാം ഏതോ സ്‌കൂള്‍ കുട്ടിയുടെ പഴയ യൂണിഫോം കിട്ടിയതാണെന്ന്. അവന് ഏകദേശം എട്ടുവയസ് പ്രായം!
ആ സ്ത്രീയുടെയും പയ്യന്റെയും മെലിഞ്ഞ ശരീരവും കരുവാളിച്ച മുഖവും കണ്ടാല്‍തന്നെ അവരുടെ ദാരിദ്ര്യത്തിന്റെ ആഴം വ്യക്തമാക്കും. സ്ത്രീയുടെ കണ്ണുകളുടെ തീഷ്ണതയറ്റുപോയിരിക്കുന്നു.
എസ്തപ്പാന്‍ ജോലിക്കാരിയെ വിളിച്ച് അവര്‍ക്കുവേണ്ട ആഹാരം കൊടുത്ത് പറഞ്ഞു വിടാന്‍ ചട്ടംകെട്ടി....
'കെല്‍സി..... കുട്ടികളെ ശ്രദ്ധിച്ചോണേ....' എസ്തപ്പാന്‍ അവര്‍ കേള്‍ക്കാതെ കെല്‍സിയോട് നിര്‍ദ്ദേശിച്ചു.
'ഉം....ശരി....' കെല്‍സി തലയാട്ടി സമ്മതിച്ചു.
ഞാന്‍ ഒരു അരമണിക്കൂറിനുള്ളില്‍ വരാം.... കെല്‍സി ഇവിടെ വിശ്രമിക്ക്.... 'ഞാന്‍ അര്‍ജന്റ് കോളുകള്‍ ഒന്നുരണ്ടെണ്ണം വിളിച്ചിട്ട് ദാ.... ഇപ്പം എത്തിയേക്കാം.... എന്താ?' എസ്തപ്പാന്‍ അനുവാദം ചോദിച്ച് മുകളിലേയ്ക്കു കയറി.
മുറ്റത്ത് തന്നെയും നോക്കി നില്‍ക്കുന്ന സ്ത്രീയെയും കുട്ടിയെയും കെല്‍സി ഒന്നു നോക്കി. സ്ത്രീക്ക് 40 വയസ്സ് തോന്നിക്കും..... അവരുടെ കണ്ണുകളിലെ പ്രതീക്ഷകളുടെ ആഴം കെല്‍സി അളന്നു.
'ചേച്ചി സാറിന്റെ ഭാര്യയാ?' സ്ത്രീ ചിലമ്പിച്ച ശബ്ദത്തില്‍ ചോദിച്ചു. അവളുടെ കണ്ണുകളില്‍ ജിജ്ഞാസ നിറഞ്ഞുതുളുമ്പി. അവള്‍ കെല്‍സിയെ അടിമുടി വീക്ഷിക്കുകയായിരുന്നു.
'ഏയ്.... അല്ല....അല്ല....ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഇന്ന് സാറിന്റെ പിറന്നാളാണ് അതിന് പങ്കുകൊള്ളാന്‍ വന്നതാണ് ഞാന്‍' കെല്‍സി വിശദമാക്കി. അവളുടെ കണ്ണുകള്‍ എല്ലായിടത്തും ഓടി നടന്നു. കണ്ണുകള്‍ നിറഞ്ഞുനില്‍ക്കുന്നതായി കെല്‍സി കണ്ടു. വേഷവിഭൂഷകള്‍ക്കപ്പുറം ഏതോ ഒരു കുലീനത അവളില്‍ കെല്‍സി കണ്ടെത്തി.
ഒന്നുകില്‍ എല്ലാം തകര്‍ന്ന് നിരാലംബരായിത്തീര്‍ന്ന രണ്ടു ജ•ങ്ങള്‍! ്്അല്ലെങ്കില്‍ തട്ടിപ്പും വഞ്ചനയും നിറഞ്ഞ മുഖം മറച്ചുവച്ച് കൊള്ളയടിക്കിറങ്ങിയ സംഘത്തിലെ ഒരു സ്ത്രീയും കുട്ടിയും! അതുമല്ലെങ്കില്‍ ശാപത്തില്‍നിന്നും ശാപത്തിലേയ്ക്ക് കൂപ്പുകുത്തിയ ഒരുപെണ്ണിന്റെ ജീവിതചിത്രം.... ആ..... എന്താകിലും തനിക്കെന്ത്....
'നിങ്ങളുടെ നാടെവിടെയാ....' കെല്‍സി തിരക്കി.
'കുറെ ദൂരെയാ.... ഞാനും എന്റെ ഈ ഒരു മകനും മാത്രം....' അവള്‍ ദയനീയമായി പറഞ്ഞു.
'പിന്നെ നിങ്ങള്‍ ഇവിടെ എങ്ങിനെ എത്തി....'
'എന്റെ ഒരു അകന്ന ബന്ധുവിനെത്തേടി എത്തിയതാ.... അവര്‍ ഇവിടെനിന്നും കുറച്ചകലെയായി താമസിച്ചിരുന്നത്. പക്ഷെ ഞാനിപ്പഴാണ് അവര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയതായി അറിയുന്നത്....'
'വേറെ ആരും ഇവിടെ നിക്കില്ലേ?'
'ആ ബന്ധുവിന്റെ മക്കളും ബന്ധുജനങ്ങളും ഉണ്ട്. ഞാനവരുടെ അടുത്തേയ്ക്ക് പോയില്ല. എനിക്ക് വേണ്ടപ്പെട്ട ആള്‍ പോയില്ലെ?' അവളില്‍ നിരാശയുടെ ലാഞ്ചന.
'ഇനി നീ എങ്ങോട്ടു പോവും.... ഇത്രനാളും എവിടെയായിരുന്നു?' കെല്‍സി കാര്യം തിരക്കി.
'ഇനി.... ഇനി.... അറിയില്ല...ഇത്രയുംകാലം ജോലി ചെയ്ത് ഞാന്‍ എന്റെ മകനെ ഇത്രത്തോളം വളര്‍ത്തി.... ഇനി എനിക്കുവയ്യ.' 
'അവന്റെ അച്ഛന്‍.....എവിടെ? നിങ്ങള്‍ക്ക് അയാളുടെ കൂടെ പോയിക്കൂടെ? എന്താ പിണങ്ങി ഇറങ്ങിയതാണ് എന്നുണ്ടോ?
'അവരെവിടെയാണെന്ന് എനിക്കറിയില്ല....' കെല്‍സി ചോദ്യം അവളില്‍ ഒരു നീറ്റലായി പടര്‍ന്നുകയറി.
'ഉം.... ഒരു കാര്യം ചെയ്യ് പിന്നിലെ ഷെഡ്ഡില്‍ ചെന്നിരുന്നോളൂ. നിങ്ങള്‍ക്കുള്ള ഭക്ഷണം അവിടേയ്‌ക്കെത്തും....ങഅങാ.... നിന്റെ പേരെന്താ?'
'സ്റ്റെല്ലാ....' അവള്‍ യാന്തികമായി പറഞ്ഞു. പക്ഷെ ആ പേരു പറയേണ്ടിയിരുന്നില്ല എന്നവള്‍ക്കുതോന്നി. ഇനി മാറ്റിപ്പറഞ്ഞാല്‍ ശരിയാവില്ല.
'ഓ....നസ്രാണിയാ....അല്ലേ? ഉം....ശരി.... എന്നാല്‍ അങ്ങോട്ടേയ്ക്ക് ചെല്ല്....'
കെല്‍സി പറഞ്ഞതനുസരിച്ച് അവളും കുട്ടിയും പിന്നാമ്പുറത്തെ ഷെഡിലേയ്ക്ക് നടന്നു. അവള്‍ ഇടയ്ക്കിടെ പ്രതീക്ഷയോടെ വീടിനുള്ളിലേയ്ക്കു നോക്കുന്നുണ്ടായിരുന്നു.
ഇവയ്ക്കിനി ഭക്ഷണം മാത്രം പോരാ; വല്യവീടല്ലേ എന്തെങ്കിലും ഒരു നോട്ട് കിട്ടും എന്നു വിചാരിച്ചായിരിയ്ക്കും..... എസ്തപ്പാനെ പ്രതീക്ഷിച്ചായിരിക്കാം നോട്ടം.... കെല്‍സി കിച്ചണിലേയ്ക്ക് ചെന്ന് സ്‌റ്റെല്ലയ്ക്കും കുട്ടിക്കും ഉള്ള ഭക്ഷണം കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്തു.
കുറച്ചുകഴിഞ്ഞപ്പോള്‍ ഭക്ഷണംകഴിച്ച് രണ്ടുപേരും വീടിന്റെ പോര്‍ട്ടിക്കോവിലെത്തി. കെല്‍സി അവളുടെ കൈയ്യിലേയ്ക്ക് ഒരു അന്‍പതുരൂപാ നോട്ട് വച്ചുകൊടുത്തു. സംശയിച്ചുനിന്നിട്ട് അവള്‍ ആ രൂപ വാങ്ങി കീറിത്തുടങ്ങിയ ഒരു കറുത്ത മടിശീലയിലേയ്ക്ക് തിരുകി. സൂക്ഷിച്ചുനോക്കിയപ്പോള്‍ മനസ്സിലായി വിയര്‍പ്പുപറ്റി മുഷിഞ്ഞ കളറാണ് മടിശീലയുടെതെന്ന്. അവളുടെ അദ്ധ്വാനത്തിന്റെയും കണ്ണുനീരിന്റെയും ഉപ്പുരസം പടര്‍ന്ന് മുഷിഞ്ഞു കറുത്ത മടിശീല!
അവള്‍ കുട്ടിയെയും കൂട്ടി പിന്തിരിഞ്ഞു നോക്കിക്കൊണ്ട് ഇറങ്ങി നടന്നു. ഇവളെന്താ ഇങ്ങനെ? എന്തോ പന്തിയില്ലായ്മ ഉണ്ട്. കെല്‍സിയില്‍ സംശയം ഉടലെടുത്തു. എന്തെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച് വന്നവരാണോ? കെല്‍സിയില്‍ ഭയം അരിച്ചുകയറി. 'ഏയ്.... അങ്ങനെ ആവില്ലായിരിക്കാം' അവള്‍ സ്വയം ആശ്വസിച്ചു. ആ സ്ത്രീയും കുട്ടിയും ഗേറ്റുകടന്നു മറഞ്ഞു.
എസ്തപ്പാന്‍ ഇറങ്ങി വന്നപ്പോഴേയ്ക്കും ആ സ്ത്രീയും കുട്ടിയും പോയിക്കഴിഞ്ഞു. എസ്തപ്പാന്‍ ചുറ്റുംനോക്കി കെല്‍സിയോടായി ചോദിച്ചു.
'ആ സ്ത്രീ പോയോ?'
'ഉം.... അവള്‍ ഇപ്പോള്‍ പോയതെ ഉള്ളൂ....'
'എന്തെങ്കിലും കഴിക്കാന്‍ കൊടുത്തോ?'
'കൊടുത്തു. പക്ഷെ, അവര്‍ കുട്ടിക്ക് കുറച്ചുഭക്ഷണം കൊടുത്തു ആ സ്ത്രീ കാര്യമായൊന്നും കഴിക്കാന്‍ കൂട്ടാക്കിയില്ല.'
'നാടോടികളായി ജീവിക്കുന്നവര്‍ക്ക് ഇതൊന്നും പിടിക്കത്തില്ലായിരിക്കും.' എസ്തപ്പാന്‍ തമാശയെന്നോണം പറഞ്ഞു.
'ശരിയായിരിക്കാം....' കെല്‍സി അനുകൂലിച്ചു.
'അവളെ കണ്ടപ്പോള്‍ സ്‌റ്റെല്ലയുടെ മുഖം ഓര്‍മ്മവന്നു....'
എസ്തപ്പാന്‍ ഒരു സ്വപ്‌നത്തിലെന്നവണ്ണം പറഞ്ഞു.
'സ്റ്റെല്ല....?' കെല്‍സിയുടെ ഉള്ളില്‍ ഒരു മിന്നായം. പക്ഷെ അവളതു പുറത്തു കാട്ടിയില്ല....
'ഉം...സ്റ്റെല്ലാ.... അവളുടെ മുഖഭാവവും കണ്ണുകളും ഏകദേശം ഇതുപോലെയായിരുന്നു..... തമ്പുരാന്റെ ഓരോ തമാശകള്‍.... ഒരാളെപ്പോലെ ഏഴെന്നാണല്ലോ ചൊല്ല്..... ഇവളെങ്ങനെ ഇവിടെതന്നെ വന്നു.....? ഇന്നിപ്പം സ്റ്റെല്ലയെക്കുറിച്ച് ഓര്‍ക്കാന്‍ ഒരു വഴിയായി.'
ആ വന്ന സ്ത്രീയില്‍ എന്തെല്ലാമോ അസ്വസ്ഥതകളും പ്രതീക്ഷകളും നിഴലിട്ടത് കെല്‍സി ശ്രദ്ധിച്ചിരുന്നു.... ഇതിലെന്തോ യാഥാര്‍ത്ഥ്യം മറഞ്ഞുകിടപ്പുണ്ട്.
'സ്റ്റെല്ലാ ഇപ്പോ എവിടെ ഉണ്ടെന്ന് അറിയാമോ എസ്തപ്പാന്‍ ചേട്ടാ.....'
ഓ.... ആര്‍ക്കറിയാം ഞാനിവിടെ ഉണ്ടെന്നുള്ളത് അവള്‍ക്കറിയാമായിരിക്കും... അവള്‍ ഏതോ നാട്ടിലിരുന്ന് എന്നെയും എന്റെ സിനിമകളും വീക്ഷിക്കുന്നുണ്ടാവും... കുറെക്കാലത്തെ പ്രണയം. ആരും അറിയാതെ കാത്തുസൂക്ഷിച്ചു ഞങ്ങള്‍. ഒടുവില്‍ ഫീല്‍ഡില്‍ സ്റ്റാന്‍ഡായപ്പോള്‍ ഒരു ജീവിതത്തിനായി ഒരുങ്ങി ഞങ്ങള്‍ക്കുവേണ്ടി ഈ വലിയ ബംഗ്ലാവ് പണികഴിപ്പിച്ചു. ഒരു കൊച്ചു സ്വര്‍ഗ്ഗമായിതന്നെ....! പിന്നെ ഒടുവില്‍ അവള്‍ ഒരു മുന്നറിയിപ്പുമില്ലാതെ എന്നെ വിവാഹം കഴിക്കുന്നില്ല എന്നു നിഷ്‌ക്കരുണം പറഞ്ഞ് വേറൊരു വിവാഹം കഴിച്ചുപോയി. അതിനുശേഷം ഞാന്‍ മറ്റാരെയും സ്‌നേഹിച്ചിട്ടുമില്ല; വിവാഹജീവിതം ആഗ്രഹിക്കുന്നുമില്ല.... കെല്‍സിക്കറിയുമോ.... വിവാഹം കഴിക്കാം എന്ന ഇരുപേരുടെയും ഉറച്ച തീരുമാനത്തില്‍ മൂന്നുനാലുവര്‍ഷം ഇടപഴകി ജീവിച്ചവരാണ് ഞങ്ങള്‍. വിവാഹശേഷമുള്ള സ്‌നേഹത്തിന്റെ ത്രില്ലും അതിനുമുമ്പ് പ്രണയത്തിന്റെ തീവ്രതയും സ്വപ്‌നം കണ്ട് അടുത്തിടപഴകിയവരായിരുന്നു ഞങ്ങള്‍..... എന്നിട്ടും അവള്‍ നിര്‍ലജ്ജം മറ്റൊരുവന്റെ ഭാര്യയായി ജീവിക്കുന്നുണ്ടാവാം.... ഉം....' എസ്തപ്പാന്റെ മിഴികള്‍ സജലങ്ങളായി. ഒരു ദീര്‍ഘനിശ്വാസത്തോടെ സെറ്റിയിലേയ്ക്ക് ചാഞ്ഞിരുന്നു.
എന്തുപറയണം എന്ന് കെല്‍സിക്കറിയില്ല. എടുത്തുചാടി ഒരു തീരുമാനമോ അഭിപ്രായമോ പറഞ്ഞാല്‍, തെറ്റായ നിഗമനമെങ്കില്‍ ആകെ മാനക്കേടാവും....ഒരു നാടോടിപ്പെണ്ണിനെ ചേര്‍ത്തുവച്ച് സംശയിച്ചാല്‍....ഛെ.... അതുവേണ്ട. എന്നാലും അവള്‍ പറഞ്ഞപേരും സ്റ്റെല്ല എന്നാണല്ലോ? സത്യം എന്തെന്ന് ഉറപ്പിച്ചിട്ടു മതി തീരുമാനങ്ങള്‍ എടുക്കാന്‍. ഏതായാലും അവളെ ഒന്നുകൂടി കണ്ടെത്തി സംസാരിച്ച് യാഥാര്‍ത്ഥ്യം ഉറപ്പിക്കണം.
'എസ്തപ്പാന്‍ ചേട്ടാ.... എന്നാല്‍ ഞങ്ങള്‍ വീട്ടിലേയ്ക്ക് പോവുകയാ.... അജിക്ക് വൈകുന്നേരം കുളിക്കാനും ഫിസിയോതെറാപ്പിയും ഉണ്ട്. ഞങ്ങള്‍ വേഗം തന്നെ പോയേക്കാം എന്താ....?' കെല്‍സി യാത്രക്കായി എഴുന്നേറ്റു.
'ഓ....ശരി കെല്‍സി, ഏതായാലും വന്നതിലും സഹകരിച്ചതിലും നന്ദി..... കുട്ടികളെന്തിയേ.... അവരെ വിളി....'
കെല്‍സി കുട്ടികളെയും ഒരുക്കി ഇറങ്ങി. കുട്ടികള്‍ എസ്തപ്പാന് ഓരോ മുത്തം നല്‍കി യാത്രപറഞ്ഞിറങ്ങി. അവര്‍ കാറില്‍കയറി പോയി....
വഴിയിലുടനീളം കെല്‍സി സ്‌റ്റെല്ലായെ തിരയുകയായിരുന്നു. അവള്‍ വീടുകള്‍ കയറി ഇറങ്ങാന്‍ വന്നതായിരുന്നു എങ്കില്‍ ഇത്രയും വീടുകളുള്ള ഈ ഭാഗത്ത്, ഏതാനും വീടുകള്‍ കയറി ഇറങ്ങിയാല്‍പ്പോലും അധികദൂരം പിന്നിടാന്‍ വഴിയില്ല. വീടുകളുടെ മുറ്റത്തോ, വഴിയിലോ അവളെ കണ്ടതുപോലും ഇല്ല, അങ്ങനെയെങ്കില്‍ എസ്തപ്പാന്റെ വീട്ടില്‍നിന്നിറങ്ങിയ അവള്‍ നേരെ പോയിരിക്കാനാണ് സാധ്യത. കെല്‍സി കാര്‍ കുറച്ചുകൂടി വേഗം ഓടിച്ചു.
കുറെ അധികം പിന്നിട്ടുകഴിഞ്ഞപ്പോള്‍ അകാലത്തായി ആ സ്ത്രീയും കുട്ടിയും അലസം ലക്ഷ്യമില്ലാതെ നടന്നുപോവുന്നത് കെല്‍സി കണ്ടു. കാര്‍ അവരുടെ മുന്നിലായി കൊണ്ടു നിര്‍ത്തി. തങ്ങോടു ചേര്‍ന്നു വന്നുനിന്ന കാര്‍ കണ്ട് ഭയന്ന അവള്‍ കുട്ടിയെയും കൂട്ടി റോഡരുകിലെ കാട്ടുപടലുകള്‍ക്കിടയിലേയ്ക്ക് ഭയന്നിറങ്ങി നിന്നു.
'സ്റ്റെല്ലാ....' കെല്‍സി സൈഡ്ഗ്ലാസ് താഴ്ത്തി വിളിച്ചു. അവള്‍ അന്തിച്ച് കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന സ്ത്രീയെ നോക്കി. താന്‍ ആ ബംഗ്ലാവില്‍ കണ്ട സ്ത്രീ.... ഇവരെന്തിനാണ് തന്നെ പിന്തുടരുന്നത്. അവളില്‍ ഭയാശങ്കകള്‍ നിറഞ്ഞു.
'എന്താ?' കുട്ടിയെ തന്നോട് കൂടുതല്‍ ചേര്‍ത്തുപിടിച്ച് അവള്‍ തെല്ലു പതറിയ ശബ്ദത്തില്‍ അന്വേഷിച്ചു.
'സ്റ്റെല്ലാ..... ഇങ്ങുവന്നേ ഞാനൊരു കാര്യം ചോദിക്കട്ടെ....' കെല്‍സി അവളെ തന്റെ അരികിലേയ്ക്ക് വിളിച്ചു. പക്ഷെ, അവള്‍ അതു ഗൗനിക്കാതെ അവിടെ തന്നെനിന്നു.
'എന്തു ചോദിക്കാനാ.... എന്താ നിങ്ങള്‍ക്ക് അറിയേണ്ടത്?'
'സത്യംപറ നീ ആരാ.... എവിടാ നിന്റെ വീട്?'
'സത്യം പറയാന്‍ ഞാനെന്തോ നിങ്ങളോട് കള്ളം പറഞ്ഞെന്നപോലുണ്ടല്ലോ.... ഇതെല്ലാം നിങ്ങളെന്തിനാ അന്വേഷിക്കുന്നത്. അറിഞ്ഞിട്ട് എന്തുകാര്യം?' നീരസത്തോടെ അവള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
കെല്‍സി തെല്ലു നിയന്ത്രിച്ച് പിന്നെയും ശാന്തമായിത്തന്നെ കാര്യം തിരക്കി... 'നീ പറ.... നമുക്ക് വഴിയുണ്ടാക്കാം. എല്ലാം നല്ലതിനാണെന്ന് കൂട്ടിക്കോ....' കെല്‍സി സൗമ്യത ഭാവിച്ചു.
'ഇവിടെ ആരെല്ലാം അലഞ്ഞു തിരിഞ്ഞു നടക്കുന്നു. അവര്‍ക്കെല്ലാം പരിഹാരം നിശ്ചയിക്കുന്നത് നിങ്ങളാണോ?' അവള്‍ ഒഴിവുകഴിവു പറഞ്ഞു. മുന്നോട്ടു നീങ്ങി നടന്നു.
കെല്‍സിക്ക് അവളുടെ തറുതല പറച്ചിലില്‍ നീരസം തോന്നി. എങ്കിലും അതു മറച്ചുവച്ചു. എസ്തപ്പാന്‍ പറഞ്ഞതുവച്ചുനോക്കിയപ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്ളതായി തോന്നി.
കുറച്ചു ക്ഷമയോടെ നിന്നാല്‍, ഇവളെ ഒന്നു സൗമ്യതപ്പെടുത്തി തന്നെ വിശ്വാസംവരുത്തിയാല്‍ ചിലപ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ അറിയുവാന്‍ കഴിഞ്ഞേക്കും. കെല്‍സി കാര്‍ അവളുടെ കൂടെ ഓടിച്ചു.
'നീ വന്ന് കാറില്‍ കയറ്.... നമുക്ക് സംസാരിക്കുകയും ചെയ്യാം നിന്നെ ഇറങ്ങേണ്ടിടത്ത് ഇറക്കുകയും ചെയ്യാം' കെല്‍സി പറഞ്ഞു.
അവള്‍ ഒന്നും കേള്‍ക്കാത്ത കുട്ടിയേയും കൂട്ടി ഭയന്ന് എന്നപോലെ മുന്നോട്ട് ഓടിത്തുടങ്ങി. കെല്‍സി കാര്‍ വഴി ചേര്‍ത്തു നിര്‍ത്തി. കുട്ടികളോട് കാറില്‍തന്നെ ഇരിക്കണമെന്നും പുറത്തേയ്ക്ക് ഇറങ്ങരുതെന്നും നിര്‍ദ്ദേശിച്ചു. കാറില്‍നിന്നിറങ്ങി അവര്‍ക്കു പിന്നാലെ ഓടിച്ചെന്നു. അവളുടെ സമീപത്തെത്തി അവളെ തടഞ്ഞു നിന്നു.
'നില്‍ക്ക്.... ഞാന്‍ പറയുന്നത് കേള്‍ക്കൂ.... നിങ്ങള്‍ കാറില്‍ കയറി ഇരിക്ക്....'
അവള്‍ ദേഷ്യത്തോടെ കെല്‍സിയെ നോക്കി പറഞ്ഞു നിങ്ങള്‍ക്കിതെന്തിന്റെ കേടാ..... നിങ്ങള്‍ നിങ്ങളുടെ വഴിക്ക് പോ.... കാറിലൊന്നും ഞാന്‍ കയറില്ല... നിങ്ങളുടെ മനസിലിരുപ്പ് നടക്കത്തില്ല.... ഞാന്‍ അമ്മാതിരി പെണ്ണൊന്നും അല്ല.... നിങ്ങള് വേറെ ആളെ നോക്കിക്കോ.... എന്റെ മുന്നില്‍നിന്ന് മാറ്.... അല്ലേ ഞാന്‍ ബഹളംവച്ച് ആളെ കൂട്ടും പറഞ്ഞേക്കാം....' അവള്‍ അറുത്തുമുറിച്ചെന്നപോലെ തുറന്നടിച്ചു.
കെല്‍സി അവളുടെ വാക്കുകളില്‍ അമ്പരന്നുപോയി. മുന്നോട്ടുവച്ച കാല്‍ അറിയാതെ പിന്നോട്ടെടുത്തു. അവള്‍ പറഞ്ഞതിലും തെറ്റില്ല. ഇന്നത്തെ ലോകത്ത് ഏതൊരു പെണ്ണും ആരെയും സംശയും. നിരാലംബയായ ഒരു പെണ്ണ് പ്രത്യേകിച്ചു. ആണിനെയായാലും പെണ്ണിനെയായാലും. പെണ്ണുങ്ങള്‍ തന്നെയാണിന്ന് പെണ്ണിന്റെ ഒറ്റുകാര്‍! അവളങ്ങനെ ചിന്തിച്ചതിലും തെറ്റില്ല.
തന്നെ അവഗണിച്ച് നടന്നുപോകുന്ന ആ സ്ത്രീയോടായി കെല്‍സി പിന്നില്‍നിന്നും വിളിച്ചു പറഞ്ഞു. സ്റ്റെല്ല എന്ന ഗേള്‍ ഫ്രെണ്ടിനെയോര്‍ത്ത് ഇപ്പോഴും ആ ബംഗ്ലാവില്‍ ഒറ്റയ്ക്കു കഴിയുകയാണ് എസ്തപ്പാന്‍.... ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. ഇനി കഴിക്കുകയുമില്ല..... നിങ്ങള്‍ ആ സ്റ്റെല്ലയാണെങ്കില്‍ തിരികെ വരണം.... ഇന്നു നിങ്ങളെ കണ്ടപ്പോള്‍ സ്‌റ്റെല്ലയുടെ മുഖഭാവമാണ് ആ സ്ത്രീക്കെന്ന് എസ്തപ്പാന്‍ എന്നോടു പറഞ്ഞു. അതുകൊണ്ട് കൂടിയാണ് ഞാന്‍ പുറകെ വന്നത്. അല്ലാതെ.... നീ പറഞ്ഞപോലെ..... പോ... നീ.... എങ്ങോട്ടാന്നാ പോ.... എനിക്കെന്താ....' കെല്‍സി സങ്കടവും അപമാനവും പുറത്തുകാട്ടി നിന്നു. കിതയ്ക്കുകയായിരുന്നു. പാല്‍പ്പിറ്റേഷന്‍ കൂടിയ രോഗിയെപ്പോലെ; ക്രമാതീതമായി മിടിക്കുകയാണ് ഹൃദയം....
ആ സ്ത്രീ പെട്ടെന്ന് ഷോക്കേറ്റപോലെ നിന്നു. പാതി പിന്തിരിഞ്ഞ് നോക്കി എന്തോ ആലോചിച്ചെന്ന പോലെ..... പിന്നെ വെട്ടിത്തിരിഞ്ഞ് ചോദിച്ചു:
'നിങ്ങള്‍ എന്താ പറഞ്ഞോ....?' ഒരു ഭ്രാന്തമായ ആവേശത്തോടെ അവള്‍ തിരിഞ്ഞോടിവന്നു. 
അതെ; ഇന്നും സ്‌റ്റെല്ലായെയും കാത്ത് ഇരിക്കയാണ് എസ്തപ്പാന്‍.... പക്ഷെ, തന്നെ വഞ്ചിച്ചുപോയ സ്‌റ്റെല്ലയെയേ എസ്തപ്പാന് അറിയൂ..... എന്നിട്ടും അയാള്‍ കാത്തിരിക്കുന്നു. എന്നെങ്കിലും മനസുതിരിഞ്ഞ് യാഥാര്‍ത്ഥ്യം മനസിലാക്കി അവള്‍ വന്നെങ്കിലോ എന്നു കരുതി. ഞാന്‍ പറഞ്ഞത് സത്യമാണ്.... ഞങ്ങള്‍ കുടുംബസുഹൃത്തുക്കളാണ്. എന്റെയും പ്രശ്‌നങ്ങളില്‍ എന്നെ സഹായിച്ചിട്ടുള്ള അദ്ദേഹത്തോട് എനിക്ക് അത്രയ്ക്ക് കടപ്പാടുണ്ട്. അതുകൊണ്ടാണ്, തെല്ലു സംശയം തോന്നി ഞാന്‍ നിങ്ങളെ അന്വേഷിച്ചുവന്നത്. എസ്തപ്പാനോട് ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുമില്ല....' കെല്‍സി വിശദീകരിച്ചു.
അവളുടെ കണ്ണുകള്‍ അണമുറിഞ്ഞൊഴുകി.... അവളുടെ മുഖാവരണം അഴിഞ്ഞുവീണു. കെല്‍സി സന്തോഷാധിക്യത്താല്‍ ദീര്‍ഘമായി നിശ്വസിച്ചു. അവളുടെ വേര്‍പ്പുഗന്ധം നിറഞ്ഞ ശരീരം കെല്‍സി തന്നോടു ചേര്‍ത്തു നിര്‍ത്തി. കുട്ടിയെ സ്‌നേഹത്തോടെ തലോടി.
'ഇവിടെ നിന്നിങ്ങനെ കരയണ്ടാ.... വാ.... വന്ന് കാറില്‍ കയറ്.... ഇവിടെ സ്‌റ്റെല്ലയ്ക്ക് വേറെ ആരെങ്കിലും ബന്ധുക്കള്‍ ഉണ്ടോ?'
'ഇല്ല.... ഞങ്ങള്‍ രണ്ടുപേരും മാത്രം....'
'ഓ.... അതുശരി.... ഏതായാലും കാറില്‍ കയറ്.... നമുക്ക് എന്റെ വീട്ടിലേക്ക് പോവാം.... പേടിക്കാനൊന്നുമില്ല.... വേണ്ടതു ഞാന്‍ ചെയ്തുതരാം....' കെല്‍സി ഉറപ്പു നല്‍കി.
അവള്‍ കെല്‍സിയോടൊപ്പം മകനെയും കൂട്ടി കാറിന്റെ പിന്നിലേയ്ക്ക് കയറി. കെല്‍സി കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് യാത്ര തുടര്‍ന്നു.
കെല്‍സി ടൗണില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി.
'ഇങ്ങനെ ഈ വേഷത്തില്‍ വീട്ടില്‍ ചെന്നു കയറിയാല്‍ ശരിയാകില്ല. നിങ്ങള്‍ രണ്ടുപേരും കാറില്‍ ഇരുന്നോളൂ ഞാനും കുട്ടികളുംപോയി നിങ്ങള്‍ക്കുവേണ്ട ഡ്രസ് എടുത്തുവരാം.'
അവള്‍ സമ്മതഭാവത്തില്‍ കെല്‍സിയെ നോക്കി. കെല്‍സി കാര്‍ ഒരു വലിയ ടെക്‌സ്റ്റയില്‍സിന്റെ കോമ്പൗണ്ടില്‍ നിര്‍ത്തി. കാറിന്റെ സൈഡ്ഗ്ലാസുകള്‍ ഉയര്‍ത്തി. എ.സി.ഓണാക്കി തന്നെ ഇട്ടു.
'കുട്ടിക്ക് എത്ര വയസായി....?' കെല്‍സി തിരക്കി.
'എട്ടു വയസ്....'
'ശരി ഞങ്ങള്‍ വരാം ഇറങ്ങി എങ്ങും പോയേക്കരുത്....' കെല്‍സി നിര്‍ദ്ദേശം നല്‍കി.
'ശരി....പോകില്ല....' അവള്‍ ഉറപ്പു നല്‍കി.
കെല്‍സി കുട്ടികളെയും കൂട്ടി ടെക്സ്റ്റയില്‍സില്‍ കയറി. മുക്കാല്‍ മണിക്കൂറിനുശേഷം മൂന്നാലു കവര്‍നിറയെ തുണിത്തരങ്ങളുമായി ഇറങ്ങിവന്നു. സ്റ്റെല്ലയ്ക്കുവേണ്ട നൈറ്റ് വെയറുകളും വീട്ടില്‍ ഉപയോഗിക്കാനുള്ളതും പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കാനുള്ളതും തുടങ്ങി എല്ലാം എല്ലാം ഒന്നുരണ്ട് ജോടി വീതം വാങ്ങിച്ചു. അതുപോലെതന്നെ അവളുടെ കുട്ടിക്ക് വേണ്ടതെല്ലാം.
പിന്നീട് സ്റ്റോറില്‍ കയറി ഫാന്‍സി, സ്റ്റേഷനറി, ബ്യൂട്ടി ഐറ്റംസ് തുടങ്ങി അത്യാവശ്യത്തിനുള്ളതെല്ലാം വാങ്ങി. ഒരു വലിയ ട്രാവല്‍ബാഗും വാങ്ങി. അങ്ങനെ അടിമുടി പുതിയൊരു ഗെറ്റപ്പിനുവേണ്ടതെല്ലാം രണ്ടുപേര്‍ക്കുമായി വാങ്ങി. കാര്‍ യാത്രാമധ്യേ ഒരു അരുവിക്കരയില്‍ നിര്‍ത്തി. സ്റ്റെല്ലയും കുട്ടിയും ഫ്രഷായി വന്ന് അവരുടെ പഴയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പുതിയവ ധരിച്ചു. അണിഞ്ഞൊരുങ്ങി അവര്‍ കാറില്‍ കയറി. കെല്‍സി അവരെ അടിമുടി നോക്കി. ആകെ മാറിയിരിക്കുന്നു. സുന്ദരിയായ സ്‌റ്റെല്ല; ;ചെറിക്കാനാണെങ്കില്‍ പുതിയൊരു ഉന്‍മേഷം
വീണ്ടുകിട്ടിയതുപോലെ.... അവരിരുവരും വീണ്ടും കെല്‍സിയോടൊപ്പം യാത്രതുടര്‍ന്നു..... നവമൊരു പ്രതീക്ഷയോടെ....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക