Image

മെയ്ഡ് ഇന്‍ തുര്‍ക്കി (ഫീച്ചര്‍ - സാം നിലമ്പള്ളില്‍)

സാം നിലമ്പള്ളില്‍ Published on 13 May, 2015
മെയ്ഡ് ഇന്‍ തുര്‍ക്കി (ഫീച്ചര്‍ - സാം നിലമ്പള്ളില്‍)
 ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ചക്രങ്ങളില്‍ ഉരുട്ടി വലിയഭാരം വഹിച്ചുകൊണ്ടുപോകാമെന്ന് മനസിലാക്കിയതാണ് മനുഷ്യന്റെ കണ്ടുപിടുത്തങ്ങളില്‍ ഏറ്റവും മഹത്തായിട്ടുള്ളതെന്ന് കാണാം. ഭാരമുള്ള വസ്തുക്കള്‍ തടികൊണ്ടും കല്ലുകൊണ്ടുമുള്ള ചക്രങ്ങളില്‍ കയറ്റി ഒരുസ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് ആയാസംകൂടാതെ നീക്കാമെന്ന് അവന്‍ മനസിലാക്കി. ഇന്നും ആദിമമനുഷ്യന്റെ പ്രസ്തുത കണ്ടുപിടുത്തമാണല്ലോ നമ്മുടെയൊക്കെ ജീവിതത്തെ സുതാര്യമാക്കി തീര്‍ത്തിരിക്കുന്നത്. അഗ്നി അവന്റെ കണ്ടുപിടുത്തമായിരുന്നില്ല. അത് പ്രകൃതിയില്‍തന്നെ ഉണ്ടായിരുന്നതാണ്. ഇടിമിന്നലിന്റെ ഫലമായിട്ടും മറ്റും ഉണ്ടാകുന്ന കാട്ടുതീകണ്ട് അവന്‍ അത്ഭുതപ്പെട്ടിരുന്നു. തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് ആദിമമനുഷ്യന്‍ തീയുടെ സമീപത്തിരുന്ന് ചൂടുകൊണ്ടിരുന്നു. പച്ചമാംസംതിന്നിരുന്ന അവന്‍ ചൂടുകാഞ്ഞിരുന്നപ്പോള്‍ കയ്യിലിരുന്ന ഒരുകഷണംമാംസംതെറിച്ച് തീയില്‍വീണു. അതെടുത്ത് വീണ്ടും ഭക്ഷിച്ചപ്പോള്‍ കൂടുതല്‍ രുചികരമാണ് ചുട്ടമാംസമെന്ന് അവന് മനസിലായി. അതോടുകൂടിയാണ് ആഹാരം പാചകംചെയ്ത് കഴിക്കാന്‍ അവന്‍ പഠിച്ചത്. ഈ കണ്ടുപിടുത്തങ്ങള്‍ക്ക് അവാര്‍ഡുകള്‍ ഒന്നുംകൊടുത്തില്ലെങ്കിലും മനുഷ്യന്റെ ആധുനികതയിലേക്കുള്ള പ്രയാണത്തിന്റെ ആദ്യത്തെ ചവിട്ടുപടികള്‍ കയറിയ പിതാമഹനെയോര്‍ത്ത് നമുക്ക് അഭിമാനിക്കാം.

 പിന്നീടുണ്ടായ ആയിരക്കണക്കിന് കണ്ടുപിടുത്തങ്ങളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നമ്മുടെ ജീവിതം ആയാസരഹിതവും അതേസമയം അപകടകരവുമാക്കിത്തീര്‍ത്തത്. അപകടകരമെന്ന് പറയാന്‍ കാരണം ആധുനികതയുടെ ഫലമായ റോഡപകടങ്ങളും, മതമൗലികവാദികള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളും മറ്റുമാണ്. സ്‌ഫോടകവസ്തുക്കാള്‍ കണ്ടുപിടിച്ചിട്ട് കാലംകുറെ ആയെങ്കിലും അതൊക്കെ ദൈവവിശ്വാസത്തിന്റെ പേരില്‍ പ്രയോഗിക്കാമെന്ന് അവന്‍ മനസിലാക്കിയത് അടുത്തകാലത്താണ്. 

 കേരളത്തിലെ റോഡുകളില്‍ ഓരോദിവസവും മരിച്ചുവീഴുന്ന ചെറുപ്പക്കാരുടെ കഥവേറെ. സ്‌കൂളില്‍പോകുന്ന കുഞ്ഞുങ്ങളെ ഇടിച്ചുതെറിപ്പിക്കുന്ന വാഹനങ്ങളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ സാക്ഷാല്‍ ഋിഷിരാജ് സിങ്ങിനുപോലും സാധിച്ചില്ല.  അമ്മയുടെ കണ്‍മുന്‍പില്‍ പിഞ്ചുകുഞ്ഞ് ബസ്സുകയറി മരിച്ചെന്നും, അച്ഛന്റെ ബൈക്കിനുപിന്നില്‍ സഞ്ചരിച്ചിരുന്ന പതിന്നാലുകരനെ ടിപ്പറിടിച്ച് കൊന്നെന്നും മറ്റുമുള്ള വാര്‍ത്തകള്‍ ഞാനിപ്പോള്‍ വായിക്കാറില്ല. എന്തിന് മനസിനെ വെറുതെ വിഷമിപ്പിക്കുന്നു? ഈ ദൂഷ്യങ്ങളെല്ലാം ആധുനിക കണ്ടുപിടുത്തങ്ങളുടെ ഫലമായിട്ട് ഉണ്ടായിട്ടുള്ളതാണെന്ന് പറഞ്ഞാല്‍ ആരും ഘണ്ഡിക്കത്തില്ലെന്നറിയാം.

തുര്‍ക്കിയെന്ന രാജ്യത്ത് ഒരുവൃക്തി പുതിയൊരു സമരമുറ കണ്ടുപിടിച്ചെന്ന വാര്‍ത്തയാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അയാള്‍ തന്റെ സമരരീതി സ്വയംപ്രായോഗികമാക്കി അവതരിപ്പിച്ചത് ഫോട്ടോസഹിതം പത്രങ്ങളില്‍ കാണുകയുണ്ടായി. ആദ്യം വായിച്ചപ്പോള്‍ അത്ര ഇംപ്രസ്സീവായി തോന്നിയില്ലെങ്കിലും പിന്നീടാലോചിച്ചപ്പോള്‍ മഹത്തായ ഒരു കണ്ടുപിടുത്തമാണ് അതെന്ന് മനസിലായി. ആധുനികതയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന കേരളീയര്‍ പഴഞ്ചന്‍ സമരരീതികളായ ഹര്‍ത്താലും, റോഡേപോകുന്ന വാഹനങ്ങള്‍ക്ക് കല്ലേറോടുകൂടി ആരംഭിക്കുന്ന പണിമുടക്കുകളും ഉപേക്ഷിക്കേണ്ട സമയംകഴിഞ്ഞിരിക്കുന്നു. എല്‍.ഡി.എഫ് കഴിഞ്ഞവര്‍ഷം നടത്തിയ ഉപരോധസമരവും രാപ്പകല്‍ സമരവും പരാജയപ്പെട്ടത് നാം കണ്ടതാണല്ലോ. അതിനുപകരം തുര്‍ക്കിക്കാരന്‍ ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ സമരരീതി പരീക്ഷിച്ചുനോക്കിയിരുന്നെങ്കില്‍ തിരുവനന്തപുരം നിവാസികളെങ്കിലും രക്ഷപെട്ടേനെ.

 സര്‍ക്കാരിന്റെ നയങ്ങളിലും പ്രവര്‍ത്തനരീതികളിലും പ്രതിക്ഷേധിക്കാന്‍, അല്ലെങ്കില്‍ ഏതെങ്കിലുംമന്ത്രി ഫോണ്‍വിളിച്ചെന്നോ പ്രേമലേഖനം എഴുതിയെന്നോ പറഞ്ഞ് പൊതുമുതല്‍ നശിപ്പിക്കുന്നതിന് പകരം പൊതുസ്ഥലങ്ങളില്‍ നാലുപേര് കൂടുന്നിടത്തുപോയി വെറുതെ നില്‍ക്കുക. കേരളത്തിലാണെങ്കില്‍ സെക്രട്ടറിയേറ്റിന്റെയോ കളക്ട്ടറേറ്റിന്റെയോ പടിക്കലാണ് പറ്റിയ സ്ഥലം.

 തുര്‍ക്കിക്കാരന്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ കയ്യിട്ട് വടിപോലെ ഇരുപത്തിനാല് മണിക്കൂര്‍ ഒറ്റനില്‍പുനിന്നു. അതുകാണാന്‍ അനേകര്‍ അവന്റെചുറ്റും കൂട്ടംകൂടി. പിറ്റേന്ന് അവനോടൊപ്പം അവരും പോക്കറ്റില്‍ കയ്യിട്ട് ഒരേനില്‍പുനിന്നു. പോക്കറ്റില്‍ കപ്പലണ്ടിയോ ഉപ്പേരിയെ മറ്റോ ഉണ്ടെങ്കില്‍ ഇടക്കിടെ എടുത്തുഭക്ഷിക്കാമെന്നുള്ളതാണ് ഇതിന്റെ മറ്റൊരുഗുണം, പതുജനത്തിന് ആശങ്കകൂടാതെ യാത്രചെയ്യാമെന്നുള്ളത് വേറെയും.

ജനജീവിതം ദുഷ്‌കരമാക്കുന്ന സമരരീതികള്‍ ഉപേക്ഷിച്ചിട്ട് തുര്‍ക്കിക്കാരന്റെ പുതിയ പരീക്ഷണം കേരളത്തിലും പ്രായോഗികമാക്കുകയാണെങ്കില്‍ എത്രനന്നായിരുന്നെന്ന് ആലോചിച്ചുനോക്കൂ. ഉമ്മന്‍ ചാണ്ടിയോ അല്ലെങ്കില്‍ ഏതെങ്കിലും മന്ത്രിമാരോ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  സെക്രട്ടേറിയറ്റിന്റെപടിക്കല്‍ ജൂബ്ബയുടെ, പാന്റ്‌സാണെങ്കില്‍ അതിന്റെ, പോക്കറ്റില്‍ , കയ്യിട്ടുകൊണ്ട് ഒറ്റനില്‍പ് നില്‍ക്കുക, ഇരുപത്തിനാല് മണിക്കൂര്‍നേരം. ഇടക്കൊക്കെ പോക്കറ്റില്‍നിന്ന് പരിപ്പുവടയോ പപ്പടംചുട്ടതോ എടുത്തുകഴിക്കുന്നതില്‍ വിരോധമില്ല. ഉഴുന്നുവട വേണ്ട; അത് ബൂര്‍ഷ്വ മുതലാളിവര്‍ഗ്ഗത്തിന്റെ ഇഷ്ടാഹാരമാണ്. കട്ടന്‍കാപ്പി കൊക്കക്കോളയുടെ കുപ്പിയില്‍, ലേബലെടുത്ത് മാറ്റിയിട്ട,് കൊണ്ടുപോകാവുന്നതാണ്. അഥവാ കൊക്കക്കോള തന്നെയായാലും കട്ടന്‍കാപ്പിയാണന്നേ അനുയായികള്‍ വിചാരിക്കത്തുള്ളു. ഇരുപത്തിനാല് മണിക്കൂറിനിള്ളില്‍ ഉമ്മന്‍ചാണ്ടിയോ മാണിയോ രാജിവെച്ചില്ലെങ്കില്‍ വിലവേണ്ട. ഇനി രാജിവെച്ചില്ലെങ്കില്‍തന്നെ ഒന്ന് പരീക്ഷിച്ചുനോക്കുന്നത് കേരളജനതയുടെ സുരക്ഷിതത്വത്തിന് ഗുണകരമായിരിക്കത്തില്ലേ? നിരപരാധികളായ വഴിയാത്രക്കാര്‍ക്ക് സമരക്കാരുടേയും പോലീസിന്റേയും ഏറും അടിയുകൊള്ളാതെ വീടുപൂകാമല്ലോ. 

അടുത്തിടെ ആദിവാസികള്‍ പ്രസ്തുത സമരരീതി ആവിഷ്‌ക്കരിച്ചതായി പത്രത്തില്‍ വായിച്ചു; മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ നോണ്‍സ്റ്റോപ്പ് നില്‍പുസമരം. സമരം ചെയ്തവരുടെ കാല്‍നക്കാന്‍വരെ ചില ചുംബനവിരോധികള്‍ ചെന്നെന്നാണ് കേട്ടത്. സമരം അവസനിപ്പിക്കാന്‍ എന്ത് വിട്ടുവീഴ്ച്ച ചെയ്യാനും മുഖ്യമന്ത്രി തയ്യാറായി; വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞ് സമരം അവസാനിപ്പിച്ചു. ഇനിയത് നടപ്പാക്കുന്ന കാര്യമല്ലേ? അത് പിന്നീട് ആലോചിക്കാം. പാലംകടക്കുവോളം ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി; അതുകഴിഞ്ഞാല്‍പിന്നെ ചെന്നിത്തല, ചെന്നിത്തല. സുധീരനിപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് കിടപ്പിലായതുകൊണ്ട് അദ്ദേഹത്തോട് ചോദ്യംവേണ്ട. താന്‍ ഈനാട്ടുകാരന്‍ അല്ലാത്തതുകൊണ്ട് അഭിപ്രായമില്ലെന്നാണ് എ. കെ. ആന്റണി പറഞ്ഞത്.

സമരങ്ങള്‍മൂലം പൊതുജനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അനിവാര്യമാണെന്ന് സാഖാവ് പിണറോയി പറയുകയുണ്ടായി. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉന്നതിക്കുവേണ്ടിയും കേരളത്തിലെ ഉച്ചനീചത്തം അവസാനിപ്പിക്കാനും കമ്മ്യൂണിസ്റ്റുപാര്‍ട്ടി ചെയ്തിട്ടുള്ള സമരങ്ങള്‍ അഭിനന്ദനീയമായിരുന്നു. എന്നാല്‍ ജോലിചെയ്യാതെ അവകാശങ്ങള്‍ക്കുവേണ്ടി  സമരംചെയ്യുന്ന ഇന്നത്തെ തൊഴിലാളിയെ നയിക്കുന്ന പാര്‍ട്ടിയെ പന്‍താങ്ങാന്‍ സാധ്യമല്ല. അവനുവേണ്ടി കമ്മ്യൂണിസ്റ്റുപാര്‍ട്ടിയല്ല ഏത് രാഷ്ട്രീയപ്പാര്‍ട്ടി സമരംചെയ്താലും സഹതപിക്കാനാവില്ല. നിത്യസമരങ്ങള്‍കൊണ്ട് കേരളത്തെ ഒരു നരകമാക്കിമാറ്റിയ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ എരിഞ്ഞടങ്ങിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്.

തുര്‍ക്കിലെ സമരക്കാരന്റെപേര് സമാധാനത്തിനുളള നോബല്‍സമ്മാനം നല്‍കാന്‍ ആരെങ്കിലും നിര്‍ദ്ദേശിക്കണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം ഗാന്ധിജിയേക്കാള്‍ സമാധാനപ്രിയനാണ്. ഗാന്ധിജിയാണല്ലോ ഹര്‍ത്താല്‍, ബന്ദ് മുതലായ വേണ്ടാതീനങ്ങള്‍ നമ്മുടെ രാഷ്ടീയക്കാരെ പഠിപ്പിച്ചത്. അവരത് കുറച്ചുകൂടി പരിഷ്‌കരിച്ച് കല്ലേറ്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ 'ദേശസ്‌നേഹപരമായ' ഘടകങ്ങള്‍ അതിനോടു കൂട്ടിചേര്‍ത്തെന്നേയുള്ളു.


മുറിവാല്.

ജനാധിപത്യത്തിന്റെ ദൂഷ്യവശങ്ങളാണ് ഇന്‍ഡ്യയില്‍, പ്രത്യകിച്ചും കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നുത്. ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായ പാര്‍ലമെന്റും അസംബ്‌ളിയും സുഗമമായി പ്രവൃത്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ സമരരീതി. ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെയ്ക്കുന്ന പ്രവൃത്തിയാണ് തങ്ങള്‍ചെയ്യുന്നതെന്ന് അവരെ മനസിലാക്കിക്കാന്‍ ആര്‍ക്കാണ് കഴിയുക? ഒരുദിവസം പാര്‍ലമെന്റ് സമ്മേളിക്കാന്‍ കോടിക്കണക്കിന്‌രൂപാ ചിലവാകുമെന്നാണ് അറിയുന്നത്. തങ്ങളെ തിരഞ്ഞെടുത്തുവിട്ടവരുടെ ചിലവിലാണ് സതംഭിപ്പിക്കല്‍ പരിപാടി ആവിഷ്‌കരിക്കുന്നതെന്ന് അവര്‍ ഒരിക്കലും മനസിലാക്കുമെന്ന് തോന്നുന്നില്ല. മനസിലാകത്തവരെ മനസിലാക്കിക്കുയല്ലേ വേണ്ടത്; അതിനാര്‍ക്കാണ് ധൈര്യമുണ്ടാകുക? അനെങ്ങയൊരാള്‍ വരാന്‍ നമുക്ക് കാത്തിരിക്കാം. വരാതിരിക്കില്ല; ചരിത്രം പഠിപ്പിക്കുന്നത് അങ്ങനെയൊരാള്‍ വരുമെന്നാണ്.

സാം നിലമ്പള്ളില്‍
sam3nilam@yahoo.com

മെയ്ഡ് ഇന്‍ തുര്‍ക്കി (ഫീച്ചര്‍ - സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക