MediaAppUSA

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍ : 30- കൊല്ലം തെല്‍മ, ടെക്‌സാസ്)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 16 May, 2015
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍ : 30- കൊല്ലം തെല്‍മ, ടെക്‌സാസ്)
അദ്ധ്യായം 30
അത്താഴവും കഴിഞ്ഞ് മകനുമൊത്ത് സിറ്റൗട്ടില്‍ ഇരിക്കുകയാണ് സ്‌റ്റെല്ല. നാളിതുവരെ അലഞ്ഞുനടന്ന അവര്‍ക്ക് ആ രാത്രി സ്വസ്ഥതയുടെ ഒരു കൂരയ്ക്കു കീഴെയുള്ള ഉല്ലാസവേളയാണ്. തങ്ങളുടെ ആരും അല്ലെങ്കിലും അഞ്ചാറാളുകളുടെ ഒച്ചയും അനക്കവും കൂട്ടുമുള്ളപ്പോള്‍ ഒന്നിനെയും ഭയപ്പെടാതെ കുറച്ചുസമയം ചെലവഴിക്കാന്‍ പറ്റുന്നതിന്റെ സന്തോഷം. വിലകൂടിയ വസ്ത്രങ്ങളും അവയുടെ പുതുഗന്ധവും!
തന്റെ സുഹൃത്തിന്റെ ബന്ധുവായിട്ടാണ് സ്റ്റെല്ലയെ വീട്ടില്‍ എല്ലാവരെയും കെല്‍സി പരിചയപ്പെടുത്തിയത്. സ്റ്റെല്ലയും മകന്‍ ലാസറും!
കെല്‍സി അജിയുടെ മരുന്നും മറ്റും എടുത്തു നല്‍കുന്ന തിരക്കിലാണ്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി അവരെ കിടത്തി. പകലത്തെ മേളവും ആഘോഷവും കുട്ടികളെ നന്നെ തളര്‍ത്തി. ആ ക്ഷീണത്തില്‍ തന്നെ അവര്‍ ഉറക്കം പിടിച്ചു.
സമയം ഒന്‍പതര ആയിരിക്കുന്നു. കെല്‍സി എല്ലാം കഴിഞ്ഞ് ഇറങ്ങിവന്നപ്പോള്‍ സ്‌റ്റെല്ലയും ലാസറും തനിയെ സിറ്റൗട്ടില്‍ ഇരിക്കുന്നതാണ് കണ്ടത്.
'അല്ല ഇതെന്താ രണ്ടുപേരും മാറി ഒരിടത്തിരിക്കുന്നത്.... അകത്തുവന്ന് ടി.വി. കാണാമായിരുന്നില്ലേ..... ഉറക്കം വരുന്നെങ്കില്‍ ഉറങ്ങാമായിരുന്നല്ലോ?'
'ഓ....ഇല്ല. ഉറക്കം വന്നില്ല.... ഞങ്ങള്‍ വെറുതെ ഇവിടെ വന്നിങ്ങനെ ഇരുന്നു എന്നെ ഉള്ളൂ.... ഈ ഒരു മേളവും എല്ലാം കണ്ടപ്പോള്‍ ഞാന്‍ എന്റെ വീടിനെയും അപ്പന•യെയുംകുറിച്ച് ഓര്‍ത്തുപോയി....'
'ങ്ങാ.... അതുപോട്ടെ സ്‌റ്റെല്ലാ.... അതോര്‍ത്തിനി വിഷമിക്കണോ? സ്‌റ്റെല്ലായുടെ കാര്യങ്ങളൊന്നും എന്നോടു പറഞ്ഞില്ല....' കെല്‍സി സാന്ത്വനപൂര്‍വ്വം അവള്‍ക്കരുകില്‍ വന്നിരുന്നു. ലാസര്‍ അമ്മയുടെ മടിയില്‍ തലവച്ച് നീണ്ടുനിവര്‍ന്നു കിടപ്പായി.
'സ്റ്റെല്ലയുടെ പഠനമൊക്കെ എവിടെവരായായിരുന്നു....' കെല്‍സി തിരക്കി.
'ഞാന്‍ ഡിഗ്രി കംപ്ലീറ്റുചെയ്തു. എസ്തപ്പാന്‍ ഞാന്‍ പഠിച്ചിരുന്ന കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഞാന്‍ പി.ഡി.സി. ആദ്യവര്‍ഷം വരുമ്പോള്‍ എസ്തപ്പാന്‍ ഡിഗ്രി ഫസ്റ്റ് ഇയര്‍ ആണ്. ഞാന്‍ വിവാഹം കഴിഞ്ഞ് ഇവിടെനിന്നും പോയിട്ട് പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞു. ഞങ്ങള്‍ മൂന്നാലുവര്‍ഷം പ്രണയിച്ചിട്ടാണ് വിവാഹത്തിന് നിശ്ചയിച്ചത്.... അതുവരെയ്ക്കും എന്റെ വീട്ടിലോ എസ്തപ്പാന്റെ വീട്ടിലോ കൂട്ടുകാര്‍ക്കുപോലുമോ അറിയില്ലായിരുന്നു.'
'അതു കൊള്ളാമല്ലോ....' കെല്‍സി ജിജ്ഞാസയോടെ ഇരുന്നു.
'ആ കാലഘട്ടില്‍ എസ്തപ്പാന്‍ സിനിമാ മോഹവുമായി നടക്കുന്ന സമയം.... ചില സുഹൃത്തുക്കള്‍ വഴിയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. ഇടയ്ക്കിടെ ചെറിയ ചെറിയ സിനിമകള്‍ കിട്ടിത്തുടങ്ങി.... പിന്നെപിന്നെ അവരുടെ ടീം ക്ലിക്കായിത്തുടങ്ങി.... അതിനിടയ്ക്ക് തന്നെ എസ്തപ്പാന്റെ ഡിഗ്രി പഠനവും കഴിഞ്ഞ് സിനിമയില്‍ കൂടുതല്‍ സജീവമാകുകയും ചെയ്തു. പിന്നെ രണ്ടുവര്‍ഷത്തിനുള്ളില്‍ ഞാനും ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. അപ്പോഴേയ്ക്കും എന്റെ വീട്ടില്‍ വിവാഹ ആലോചനകള്‍ നടന്നു തുടങ്ങി. എസ്തപ്പാന്‍ വെള്ളിത്തിരയിലെ താരമായിത്തീര്‍ന്നു. പണവും പ്രശസ്തിയും എല്ലാം വര്‍ദ്ധിച്ചു.'
'എന്നിട്ട്?'
'ഞാന്‍ വിവാഹാലോചനകളുടെ കാര്യം എസ്തപ്പാനെ അറിയിച്ചു. എസ്തപ്പാന്‍ ഞങ്ങളുടെ പ്രണയം ഇരുവീട്ടുകാരെയും അറിയിക്കാം എന്ന് സമ്മതിച്ചു. പണിതുപൂര്‍ത്തിയാക്കിയ ബംഗ്ലാവിലെ 'വാസ്‌തോലിയും' വിവാഹവും ഒന്നിച്ച് നടത്താം എന്ന നിശ്ചയത്തിലായിരുന്നു ഞങ്ങള്‍.... എസ്തപ്പാന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. എന്നാല്‍ എന്റെ വീട്ടുകാര്‍ ഈ വിവാഹത്തിന് സമ്മതിച്ചതില്ല. പുരാതന ക്രൈസ്തവകുടുംബത്തിലെ പെണ്ണിനെ ഒരു സിനിമാക്കാരന് കെട്ടിച്ചു കൊടുക്കേണ്ടെന്ന് വല്ല്യമ്മ ശഠിച്ചു. അപ്പനും അതിന് താല്പര്യമില്ലായിരുന്നു.'
'പക്ഷെ, സ്റ്റെല്ലയാണ് എസ്തപ്പാനെ ഇഷ്ടമില്ലെന്നും വിവാഹത്തിന് തയ്യാറെല്ലെന്നും പറഞ്ഞതെന്നുമാണല്ലോ ഞാനറിഞ്ഞത്?' കെല്‍സി സംശയം പ്രകടിപ്പിച്ചു.
'ഉം....ശരിയാണ്. പക്ഷേ യാഥാര്‍ത്ഥ്യം അതല്ലായിരുന്നു.'
'പിന്നെ.... എന്തിനാണ് അങ്ങനെ പറയാന്‍ സ്റ്റെല്ല തയ്യാറായത്?'
്'അതിനുമുമ്പ് ചില കാര്യങ്ങള്‍കൂടി കെല്‍സി അറിയണം...'
'എന്തായാലും സ്റ്റെല്ല പറഞ്ഞോളൂ....' കെല്‍സി പ്രോത്സാഹിപ്പിച്ചു.
എന്റെ ചാച്ചന്‍ കള്ളുകച്ചവടത്തില്‍ ഒരു മന്ത്രിയുടെ ബിനാമിയായിരുന്നു. ചാച്ചന്‍ സമ്പാദിച്ചുകൂട്ടിയതും പ്രതാപവും എല്ലാം മന്ത്രിയുടെ ഔദാര്യവും സഹായങ്ങളും കൊണ്ടാണ്. ലേലത്തിന്റെ തുക മുന്‍കൂട്ടിയറിഞ്ഞ് റേഞ്ച് പിടിച്ചടക്കുവാന്‍ ചാച്ചന് സഹായി മന്ത്രിയുമാണ്. അവര്‍ പരസ്പരം ബന്ധപ്പെടാതെ വേറിട്ടുനിന്ന് കരുക്കള്‍ നീക്കി. ചാച്ചന്റെ വളര്‍ച്ചയും മന്ത്രിയുടെ പിടിപാടും തന്ത്രങ്ങളും കള്ളുവ്യവസായത്തിലെ കുത്തക മുതലാളയാക്കി ചാച്ചനെ.... ഇതിനിടയില്‍ പിന്നാമ്പുറത്തിരുന്ന് കാര്യങ്ങള്‍ നീക്കുന്നതില്‍ നിന്നും ഒരുപടി മുന്നില്‍ നില്‍ക്കാന്‍ മന്ത്രിയൊരു വിദ്യപ്രയോഗിച്ചു! തന്റെ മകനെക്കൊണ്ട് എന്നെ കെട്ടിക്കുക!'
'അപ്പോള്‍ പിന്നെ കൂടുതല്‍ ബന്ധുത്തംവരും എന്നല്ലാതെ മറ്റെന്തു ഗുണമാണവിടെ....' കെല്‍സി സംശയാലുവായി.
'വിവാഹം വഴി മന്ത്രിക്ക് ചാച്ചനുമായി അടുത്തിടപഴകാം ആരും ചോദിക്കയില്ല, സംശയിക്കയില്ല. പിന്നെ മകളൊരുത്തി ജീവിക്കുന്ന വീട്ടുകാരുമായി ചാച്ചന്‍ തര്‍ക്കത്തിനോ മത്സരത്തിനോ പോകില്ല എന്ന് മന്ത്രിയും ചിന്തിച്ചു..... അങ്ങനെ ചാച്ചന്‍ തന്റെ ബിനാമിയായിതന്നെ നിലയ്ക്കുനിര്‍ത്താം എന്ന ബുദ്ധി. കൂലികൊടുക്കണ്ടാത്ത ജോലിക്കാരന്‍! അത്രതന്നെ....'
'എന്നിട്ട്..... സ്‌റ്റെല്ലായുടെ ചാച്ചന്‍ നിസംശയം സമ്മതിക്കുകയായിരുന്നോ?'
അല്ല, ചാച്ചന്‍ പ്ലാനിട്ടത് മന്ത്രിപുത്രനെ കൈയ്യിലെടുത്ത് അവനിലൂടെ എല്ലാം കൈയ്യിലൊതുക്കാം എന്നുമാണ്. ജോണി, അതാണ് അദ്ദേഹത്തിന്റെ പേര്. ഒരു ഗുണ്ടാഗ്യാങ്ങിനെ നിയന്ത്രിച്ചിരുന്നത് ജോണിയാണ്. രാഷ്ട്രീയത്തിലും ബിസിനസിലും ശക്തിപ്രകടനത്തിന് ജോണിയുടെ ഗ്യാങ്ങിനെയാണ് ഉപയോഗിച്ചിരുന്നത്.'
'ഇതൊക്കെ അറിഞ്ഞിട്ടാണോ സ്‌റ്റെല്ലാ ഒരു ഗുണ്ടാനേതാവായിരുന്ന ജോണിയെ വിവാഹം ചെയ്യാന്‍ തയ്യാറായത്?'
'അവന്‍ ഗുണ്ടാനേതാവാണെന്നുള്ളത് അറിയാമായിരുന്നു. അതുമല്ല, കഞ്ചാവിന് അഡിക്റ്റാണെന്നും അറിയാമായിരുന്നു. അങ്ങനെ എന്റെ ജീവിതത്തില്‍ ഇടപെടാതെ ഭര്‍ത്താവും ഭാര്യയുമാണെന്നുളള തരത്തില്‍ അങ്ങിനെ ജീവിച്ചുപോകും എന്നേയുള്ളൂ എന്ന് എനിക്ക് അറിയാമായിരുന്നു. ജോണിക്ക് എന്നോടുള്ള സ്‌നേഹത്തെ പ്രതിയായിരുന്നില്ല കല്ല്യാണത്തിന് മുതിര്‍ന്നത്. അവന്റെ അപ്പനെ പിണക്കാതിരിക്കാന്‍ മാത്രം.'
'സ്റ്റെല്ലയുടെ ചാച്ചനോടുള്ള വൈരാഗ്യബുദ്ധിയില്‍ കല്ല്യാണത്തിന് സമ്മതിക്കുകയായിരുന്നോ? അറിഞ്ഞുകൊണ്ട് സ്വന്തം ജീവിതം ഹോമിക്കാന്‍ തയ്യാറായത് എന്തിനാണ് സ്‌റ്റെല്ലാ?'
'ഞാന്‍ അറിഞ്ഞുകൊണ്ട് ജീവിതം നശിപ്പിക്കുകയായിരുന്നില്ല. രണ്ടുജീവിതങ്ങളെ രക്ഷിക്കുകയായിരുന്നു.....'
'ഉം ശരിയാ...കല്യാണത്തിന് സമ്മതിച്ചില്ലേല്‍ ചത്തുകളയും എന്നുപറഞ്ഞ ചാച്ചനേയും അമ്മയേയും രക്ഷിക്കാന്‍ അവര്‍ക്കു വഴങ്ങി....അല്ലേ?'
'അല്ല....' അവള്‍ തീര്‍ത്തുപറഞ്ഞു.
'കെല്‍സിയില്‍ അത്ഭുതം ഉളവായി. പിന്നെ ആരെ രക്ഷിക്കാന്‍?'
ഒരു നിമിഷം നിശബ്ദയായി ഇരുന്നു സ്റ്റെല്ലാ....താന്‍ ഇനിയും പറയുന്ന മറുപടി മറ്റൊരു അഗ്നിപരീക്ഷയാവുമോ? അതോ താന്‍ പരിഹാസ്യയായിത്തീരുമോ? അതോ വഞ്ചനയുടെ പേരില്‍ ക്രൂശിക്കപ്പെടുമോ? അവള്‍ നിശബ്ദം കെല്‍സിയെ നോക്കി ഇരുന്നു.... മറുപടി ഒന്നും പറഞ്ഞില്ല....
'സ്റ്റെല്ലാ ഞാന്‍ ചോദിച്ചത് കേട്ടില്ല എന്നുണ്ടോ അതോ എന്നില്‍നിന്ന് സത്യം മറച്ചുവയ്ക്കുവാന്‍ ശ്രമിക്കുകയാണോ?'
'ഇല്ല....സത്യം എന്തായാലും വെളിവാകും.... അങ്ങനെയല്ലേ കാലം തെളിയിച്ചിട്ടുള്ളതും'
'എങ്കില്‍ പിന്നെ അവര്‍ ആരെന്ന് എന്നോടു പറയരുതോ?'
'പറയാം.... എന്റെ മകന്‍ ലാസറിനെയും എസ്തപ്പാനെയും'
'ലാസറിനെയും എസ്തപ്പാനെയുമോ?'
'അതെ....'
'എസ്തപ്പാന്റെ ജീവന്‍ രക്ഷിക്കാനാണെന്ന് പറഞ്ഞതു വിശ്വസിക്കാം....പക്ഷെ, ലാസറിന്റെ കാര്യം?'
'ശരിയാണ്....ലാസറിനെയും രക്ഷിച്ചു....'
'എങ്ങിനെ....' കെല്‍സി ഒന്നുകൂടി കാതുകൂര്‍പ്പിച്ചു.
'ലാസര്‍....എസ്തപ്പാന്റെ മകനാണ്....' നിര്‍വികാരം സ്റ്റെല്ലാ ആ സത്യം പറഞ്ഞു.
കെല്‍സി പിന്നാക്കം നീങ്ങി നിന്നു.... അവളില്‍ ഒരു വെള്ളിടി വെട്ടിയ അനുഭവം. അന്ധാളിപ്പില്‍ വാ തുറന്ന് നിന്നു കെല്‍സി. സ്ഥലകാലബോധം നഷ്ടപ്പെട്ടു. തലയ്ക്ക് അടിയേറ്റപോലൊരു നില്‍പ്പ്.... എന്തുപറയണം എന്നറിയില്ല. സ്റ്റെല്ല പറഞ്ഞത് വിശ്വസിക്കണമോ മുഖവിലയ്‌ക്കെടുക്കണമോ എന്ന് നിശ്ചയമില്ല.... ലാസര്‍ എസ്തപ്പാന്റെ മകനാണത്രേ!!! എസ്തപ്പാന്‍ ഇതറിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും ആവോ? വഴിയെ പോയ വയ്യാവേലി വിളിച്ചുകൊണ്ടുവന്ന പോലെയാകുമോ....ഇനി എസ്തപ്പാന്റെ സ്വസ്ഥതകെടുത്തി അതിന്റെ കാരണക്കാരിയാവേണ്ടി വരുമോ.... ആകെപ്പാടെ പുലിവാലായി...
'വിവാഹത്തിന് നിശ്ചയിച്ചപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു....ജോണിയെപ്പോലെ ഒരുത്തനെ വിവാഹം ചെയ്താല്‍ മകന്റെ കാര്യത്തില്‍ ചോദ്യവും പറച്ചിലും ഉണ്ടാകില്ല എന്നു ഞാന്‍ കരുതി. ഗുണ്ടായിസം കൊണ്ട് നടക്കുന്നയാളുടെ ജീവന്‍ എപ്പോള്‍ വേണമെങ്കിലും പോകാം; അപ്പോള്‍ ഞാന്‍ സ്വതന്ത്രയാകും എന്നും ഞാന്‍ മുന്‍കൂട്ടി കണ്ടു.'
'അതുശരിയാണ് എസ്തപ്പാന്റെ കാര്യമോ?' കെല്‍സി തിരക്കി.
'ഞാന്‍ കല്ല്യാണത്തിന് സമ്മതിക്കുന്നില്ല എങ്കില്‍ എസ്തപ്പാനെ തട്ടിക്കളയുക എന്നും എസ്തപ്പാന്‍ ഇല്ലാതായിട്ടും കല്ല്യാണത്തിന് സമ്മതിക്കാതിരുന്നാല്‍ എന്നെത്തന്നെയും തട്ടിക്കളഞ്ഞേക്കാന്‍ ജോണിയോട് പ്രതിഫലമടക്കം ചട്ടംകെട്ടുന്നത് ഞാന്‍ കേട്ടു. എങ്ങനെയും വിവാഹത്തിന് സമ്മതിച്ചില്ല എങ്കില്‍ ഞങ്ങള്‍ മൂന്നുപേരും ഇല്ലാതാവും എന്ന് എനിക്ക് ഉറപ്പായി. അതുകൊണ്ടാണ് ഞാന്‍ എസ്തപ്പാനെ ഇഷ്ടമല്ലെന്ന് പറഞ്ഞതും വിവാഹത്തിന് തയ്യാറായതും.'
'എന്നിട്ട് പിന്നീട് എന്തുണ്ടായി?'
'പിന്നീട് ലാസര്‍ ജനിക്കുന്നതിനു മുമ്പേതന്നെ, അതായത് കല്യാണത്തിനുശേഷം ആറുമാസം കഴിഞ്ഞ് രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ ജോണി കൊല്ലപ്പെട്ടു.'
'എന്നിട്ട്....'
'പിന്നെ ലാസറുണ്ടായി. അവന് ഒരു വയസായപ്പോള്‍ എനിക്കവിടെ നില്‍ക്കാനാവില്ല എന്നായി. മന്ത്രി പ്രമുഖന്‍ തന്റെ മേലാള•ാര്‍ക്ക് എന്നെ കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു... ഞാനതിന് തയ്യാറാവില്ലെന്നു പറഞ്ഞ് അവിടെനിന്നും ഇറങ്ങി എന്റെ വീട്ടില്‍ വന്നു...'
'വീട്ടുകാര്‍ എന്തു പറഞ്ഞു'
'ഭര്‍ത്താവിനെ ശത്രുപക്ഷത്തിന് ഒറ്റുകൊടുത്തത് ഞാനാണെന്നും സ്വന്തം ജീവിതം തുലച്ചവള്‍ ഇനി ഇങ്ങോട്ടേയ്ക്ക് വരേണ്ടെന്നും പറഞ്ഞ് ചാച്ചന്‍ എന്നെ കൈഒഴിഞ്ഞു. ചാച്ചന്റെ ഈ ഒരു തീരുമാനത്തിന്റെ പിന്നില്‍ മന്ത്രിയുടെ കഴുകന്‍ കണ്ണുകളായിരുന്നിരിക്കാം. എവിടെയും ഇടമില്ലാതെ അലയുന്ന എന്നെ കുരുക്കാം എന്നായിരിക്കാം അയാള്‍ കരുതിയത്....'
'എങ്കില്‍പിന്നെ എസ്തപ്പാന്റെ അരികിലേയ്ക്ക് പോയ്ക്കൂടായിരുന്നോ?'
'അതു ഞാന്‍ പറഞ്ഞല്ലോ....ഞാനിവിടെ നിന്നാല്‍ ഞങ്ങളെ അവര്‍ ഇല്ലായ്മ ചെയ്യും എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ....'
'അതിന് ജോണി കൊല്ലപ്പെട്ടിരുന്നല്ലോ? പിന്നെ ആരെപേടിക്കണം....'
'ഒരു ജോണി പോയാല്‍ മറ്റൊരാള്‍...പണമുള്ളവര്‍ക്ക് എന്തിനാണ് പഞ്ഞം...പിന്നെ അയാളുടെ കൈയ്യില്‍നിന്ന് വഴുതിപ്പോയ ഒരു ഇരയെ അയാള്‍ മുന്നില്‍ വച്ചുകൊണ്ടിരിക്കുമോ?' അതുകൊണ്ട് ഞാന്‍ ഇവിടെവിട്ട് പോയി കുഞ്ഞിനെ വളര്‍ത്തിയെടുക്കാന്‍ നിശ്ചയിച്ചു. അങ്ങനെ ഗുജറാത്തിലുള്ള ഒരു മിഷന്‍ സ്‌ക്കൂളിലേയ്ക്ക് ഇവിടുത്തെ ഒരു കന്യാസ്ത്രീയുടെ സഹായത്താല്‍ ഞാന്‍ പോയി. അവിടെ രണ്ടുമൂന്നുവര്‍ഷം ജോലി ചെയ്തു.... തൂപ്പും കുട്ടികളെ പരിപാലനവും എല്ലാമായി കുറെക്കാലം....പിന്നെ അവിടെ നിന്നും നാലുവയസായ മകനെയുംകൊണ്ട് ഇറങ്ങിത്തിരിച്ചു. പിന്നീട് കണ്‍സ്ട്രഷന്‍ കമ്പനികളില്‍ സിവില്‍വര്‍ക്കിന് പോയി.... അവിടെയാവുമ്പോള്‍ ഭക്ഷണവും താമസവും കൂലിക്കു പുറമേ കിട്ടുമായിരുന്നു....'
'മിഷന്‍സ്‌ക്കൂളില്‍ താമസവും ഭക്ഷണവും കിട്ടിയിരുന്നില്ലേ...'
'കൊച്ചുകുട്ടി കൂടെ ഉണ്ടായിരുന്നതിനാല്‍ മഠത്തില്‍ താമസിക്കുവാന്‍ പറ്റുമായിരുന്നില്ല.... പിന്നെ ടീച്ചര്‍മാരുടെ കൂടെ താമസിച്ചു. അവര്‍ക്കും ബുദ്ധിമുട്ടായപ്പോഴാണ് അവിടെനിന്നും പോയത്. ഇപ്പോള്‍ എനിക്കു വയ്യാതായി.... അങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിയത്.'
'അപ്പോള്‍ വീട്ടുകാര്‍ ചാച്ചന്‍ ക്യാന്‍സര്‍ വന്ന് 3 വര്‍ഷം മുമ്പ് മരിച്ചുപോയി. അമ്മ ബാക്കിവന്ന സ്വത്തു വകകളെല്ലാം വിറ്റ് എന്റെ ഏകസഹോദരിയുടെയും ഭര്‍ത്താവിന്റെയും കീടെ കാനഡായിലാണെന്നാണ് അറിഞ്ഞത്.'
'അമ്മയും സഹോദരിയും സ്‌റ്റെല്ലയ്ക്ക് അനുകൂലമായിരുന്നോ? ചാച്ചന്‍ മരിച്ചശേഷം സ്‌റ്റെല്ലായെ അന്വേഷിച്ചില്ലേ....'
'ഏകാധിപതിയായ ചാച്ചനെ മറികടന്ന് അവര്‍ക്ക് ഒന്നും പ്രവര്‍ത്തിക്കുവാന്‍ അന്ന് സാധിച്ചില്ല. അപ്പന്റെ മരണശേഷം എന്നെ അന്വേഷിച്ചു കാണുമായിരിക്കും...പിന്നെ ചാച്ചന്റെ ചികിത്സയ്ക്കായി ഉള്ളതെല്ലാം വിറ്റെന്നാണ് എനിക്കുതോന്നുന്നത്. ചാച്ചന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ ഉണ്ടാക്കിയ സമ്പാദ്യമെല്ലാം ബിസിനസിന് മത്സരിച്ചിറക്കി നശിപ്പിച്ചും കാണും. ഞാനേതായാലും ആ വഴി ഇനി ചിന്തിക്കുന്നില്ല.'
'പിന്നെ എന്തുകൊണ്ടാണ് സ്റ്റെല്ല അവിടെ വന്നിട്ട് ഒന്നുപറയാതെ ഇറങ്ങിപ്പോന്നത്? ഇനി എങ്ങോട്ട് പോവുമായിരുന്നു....'
'എനിക്കവിടെ വന്നിട്ട് എന്തോ കാര്യങ്ങള്‍ പറയുവാന്‍ തോന്നിയില്ല.... പിന്നെ എങ്ങോട്ട് പോവണം എന്നത് ഞാന്‍ നിശ്ചയിച്ചതുമില്ലായിരുന്നു....' അവള്‍ പറഞ്ഞുനിര്‍ത്തി.
'ഏതായാലും കാര്യങ്ങള്‍ കുഴഞ്ഞമട്ടാണ്.... കുട്ടി എസ്തപ്പാന്റേതാണെന്നും സ്റ്റെല്ലയാണ് നീയെന്നുമുള്ള കാര്യം അറിയുമ്പോള്‍ എന്തായിരിക്കും എസ്തപ്പാന്റെ പ്രതികരണം. എങ്ങനെയും തഞ്ചത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണം.... ശരി ഞാന്‍ നോക്കട്ടെ....'
സ്‌റ്റെല്ലാ പ്രത്യാശയോടെ കെല്‍സിയെ നോക്കി. ലാസര്‍ അവളുടെ മടിയില്‍കിടന്ന് ഉറങ്ങിപ്പോയി. കുട്ടിയെയും എടുത്ത് റൂമില്‍ചെന്ന് കിടക്കുവാന്‍ സ്‌റ്റെല്ലയെ പറഞ്ഞയച്ചു.
സമയം ഏറെ വൈകിയിരുന്നു. അജി ഉറക്കം പിടിച്ചുകഴിഞ്ഞിരുന്നു. ബാക്കിയുള്ളവരും കിടന്നിരുന്നു. കെല്‍സി ചിന്തകളുമായി എഴുന്നേറ്റു. മുന്‍വാതില്‍ അടച്ച് കുറ്റിയിട്ടു.
ഇനി ഈ കാര്യങ്ങളൊക്കെയും എസ്തപ്പാനെ പറഞ്ഞു ധരിപ്പിക്കേണം. ലാസറിനെയും സ്റ്റെല്ലായെയും എസ്തപ്പാന്‍ സ്വീകരിക്കും എന്നാണ് തോന്നുന്നത്. കാരണം തന്നോട് ഇന്ന് അവളെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചതെങ്കിലും എസ്തപ്പാന്റെ ഉള്ളില്‍ അവളോടൊരു വാത്സല്യവും അവള്‍ക്കായുള്ള പ്രതീക്ഷ നിറഞ്ഞു നില്‍ക്കുന്നതായി തോന്നിയിരുന്നു....
ഏതായാലും ശ്രമിച്ചു നോക്കാം. വിജയം ഉണ്ടാകുമെങ്കില്‍ നല്ലൊരു കാര്യത്തിനാണ് എന്ന് ആശ്വസിക്കാമല്ലോ.... ഒരു ദൃഢനിശ്ചയത്തോടെ കെല്‍സി കുട്ടുകള്‍ക്കരികിലേയ്ക്ക് നടന്നു. അവര്‍ നല്ല ഉറക്കിലാണ്. കെല്‍സിയും ലൈറ്റ് ഓഫ് ചെയ്ത് അവരോടൊപ്പം കിടന്നു. അങ്ങനെ കിടന്നുകൊണ്ട് പ്ലാനും പദ്ധതികളും ആവിഷ്‌ക്കരിച്ചു. പിന്നെ എപ്പോഴോ അറിയാതെ ഉറക്കത്തിലേയ്ക്ക് ആഴ്ന്നിറങ്ങി.

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍ : 30- കൊല്ലം തെല്‍മ, ടെക്‌സാസ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക