സ്വപ്‌നഭൂമിക(നോവല്‍: 25- മുരളി ജെ. നായര്‍)

മുരളി ജെ. നായര്‍ Published on 16 May, 2015
സ്വപ്‌നഭൂമിക(നോവല്‍: 25- മുരളി ജെ. നായര്‍)
ഇരുപത്തിയഞ്ച്
'ഞാന്‍ ആറുമണിക്കെത്താം. തയ്യാറായി നില്ക്കണം.' ഫോണിലൂടെ ഒഴുകിയെത്തുന്ന ജോബിയുടെ വാക്കുകളില്‍ ഉല്ക്കണ്ഠയുടെ ലാഞ്ഛന.
'ശരി, ഞാന്‍ റെഡിയായിരിക്കും.'
'ഓക്കേ, സീ യൂ.' അങ്ങേത്തലയ്ക്കല്‍ ഫോണ്‍ വയ്ക്കുന്ന ശബ്ദം.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ജോബി മനപ്പൂര്‍വ്വം ഒഴിഞ്ഞുമാറുകയാണെന്നു തോന്നിയിരുന്നു. ഇന്നും ഏഴുമണി കഴിഞ്ഞ് വരാമെന്നാണ് അയാള്‍ ആദ്യം പറഞ്ഞത്. അപ്പോള്‍ സന്ധ്യ വീട്ടിലുണ്ടാവും. പിന്നെ ചോദ്യവും പറച്ചിലും ഒക്കെയാകും. ജോബിയോടൊപ്പം പുറത്തേക്കു പോകുന്നത് ബാറിലേക്കാണ് എന്നവള്‍ക്ക് ഊഹിക്കാന്‍ കഴിയും.
'ഹായ് വിനൂ.'
ഞെട്ടിപ്പോയി.
ചിരിച്ചുകൊണ്ട് പൂനം കൗണ്ടറിന്റെ സൈഡില്‍ നില്‍ക്കുന്നു. അവര്‍ വന്നത് താന്‍ അറിഞ്ഞതേയില്ലല്ലോ.
'ജസ്റ്റ് ചെക്കിങ് ഓണ്‍ യൂ,' പൂനം ചിരിക്കുന്നു. 'നോ, വെറുതെ തമാശ പറഞ്ഞതാ.'
'ഹൗ ഈസ് എവ്‌രിതിങ്?' ജാള്യത മറയ്ക്കാന്‍ ചോദിച്ചു.
'ഫൈന്‍,' പൂനം വാച്ചില്‍ നോക്കി. 'ഐ വില്‍ ബീ റൈറ്റ് ബാക്ക്.'
സ്‌ത്രൈണത വിഴിഞ്ഞൊഴുകുന്ന രീതിയില്‍ പൂനം നടന്നകലുന്നത് കൗതുകത്തോടെ നോക്കി നിന്നു. ഒരു പ്രഹേളികതന്നെ ഈ സ്ത്രീ!
വീണ്ടും ചിന്ത ജോബിയുമായുള്ള സംഭാഷണത്തിലേക്കു പോയി. ഇന്നലെയും മിനിഞ്ഞാന്നും അയാളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ബാറില്‍ പോകുന്ന കാര്യം പറയുമ്പോള്‍ മട്ടു മാറുന്നു. മാത്രമല്ല, താന്‍ ഉദ്ദേശിക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങളൊന്നുമില്ല എന്നു വരുത്തിത്തീര്‍ക്കാന്‍ കഠിനമായി പ്രയന്തിക്കുന്നുമുണ്ട്.
'ലാലുവിനോട് ഞാന്‍ സംസാരിച്ചു.' ഇന്നലെ ജോബി പറഞ്ഞു. 'അവന്റെ  ഒരു സ്വഭാവമാണത്. കള്ളുകുടിച്ചാല്‍പ്പിന്നെ പറയുന്നത് എന്താണെന്ന് അവനുതന്നെ അറിയില്ല.'
എന്തോ അത്ര വിശ്വാസം വരുന്നില്ല. വെറുതെ ലഹരിയില്‍ പറഞ്ഞതാണോ അതൊക്കെ?
സംഭവം നടന്നിട്ടു മൂന്നു നാലു ദിവസങ്ങളായി. എങ്കിലും അതില്‍ നിന്നുണ്ടായ ഞെട്ടലില്‍ നിന്ന് മോചനം കിട്ടിയിട്ടില്ല.
ആദ്യമായി റിസപ്ഷനില്‍ ഒറ്റയ്ക്കു ജോലി ചെയ്ത ദിവസം. ആദ്യ ദിവസം തന്നെ ജോലിയുമായി നല്ലവണ്ണം പൊരുത്തപ്പെടാനും കാര്യങ്ങള്‍ ഒരുവിധം ഭംഗിയായി നിര്‍വഹിക്കാനും കഴിഞ്ഞതില്‍ വളരെ സന്തുഷ്ടനായിരുന്നു. ഫ്രാഞ്ചൈസ് ഫുഡ്‌സ്റ്റോറിലെ പണിയും മോട്ടലിലെ ജോലിയുമായി രാവും പകലും പോലത്തെ വ്യത്യാസം!
അതിനും പുറമെ പൂനംപട്ടേലിന്റെ സ്‌നേഹം വിഴിഞ്ഞൊഴുകുന്ന പെരുമാറ്റവും. ആകെ ഉ•േഷമായിരുന്നു.
ആ ഉ•േഷത്തിന്റെ തുടര്‍ച്ചയായിട്ടാണ് അന്നു വൈകുന്നേരം താനും ജോബിയും ബാറിലെത്തിയത്.
രണ്ടു ഡ്രിങ്കുകള്‍ക്കു ശേഷം ലാലുവും സംഘവും തങ്ങളുടെ അടത്തു വന്നു സ്ഥാനം പിടിച്ചു.
മുന്‍പരിചയം വച്ച് സൗഹൃദപൂര്‍വ്വം ചിരിച്ചു.
എങ്ങനെയാണു സംഭാഷണം തന്റെ ജോലിയുടെ വിഷയത്തിലേക്ക് എത്തിയതെന്നു വ്യക്തമായി ഓര്‍ക്കുന്നില്ല. ഒരു കാര്യം ഓര്‍ക്കുന്നുണ്ട്. ലാലു നല്ലവണ്ണം കുടിച്ചിരുന്നു. സംസാരിക്കുമ്പോള്‍ നാവു കുഴഞ്ഞിരുന്നു.
'ആ മോട്ടലിലെ മുതലാളിച്ചി നല്ല ചരക്കാ.' ലാലു ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. സേട്ടുത്തിയെ വേണ്ടപോലെ കൈകാര്യം ചെയ്തു കൊള്ളണം.'
അന്തംവിട്ടുപോയി. എങ്ങനെയാണു പ്രതികരിക്കേണ്ടതെന്ന് ഒരു നിമിഷം ചിന്താക്കുഴപ്പത്തിലായി.
ജോബിയാണ് മറുപടി പറഞ്ഞത്.
'തമാശകള ലാലു, വേറെ വല്ലതും സംസാരിക്കാം.'
'എന്തടോ, തനിക്ക് സുഖിച്ചില്ലേ?'
ലാലു ജോബിയുടെ നേരെ തിരിഞ്ഞു.
സംഗതി പന്തിയല്ലെന്നു തോന്നി. ജോബിയെ തോണ്ടി സ്വരം താഴ്ത്തി പറഞ്ഞു: 'നമുക്കു പോകാം.'
'എന്താ കാര്യം പറഞ്ഞപ്പോ തനിക്കും സുഖിച്ചില്ലേ?'
ലാലു വിടാനുള്ള മട്ടു കണ്ടില്ല. 'കൂടുതല്‍ കേമനാകാനൊന്നും നോക്കണ്ട.'
ലാലുവിന്റെ പൊട്ടിചിരിയില്‍ കൂട്ടാളികളും പങ്കുകൊണ്ടു.
'ലാലു, അല്പം കൂടി മര്യാദയോടെ സംസാരിക്കണം. സഹികെട്ടാണത്രയും പറഞ്ഞത്.
'എന്താ പറഞ്ഞെ? മര്യാദയോ?' ലാലു അട്ടഹസിച്ചു.
'ലാലു!' ജോബി താക്കീതിന്റെ സ്വരത്തില്‍ വിളിച്ചു.
'മര്യാദ പഠിപ്പിക്കാന്‍ വന്ന ആളെക്കണ്ടില്ലേ?' ലാലു സ്റ്റൂളില്‍ നിന്ന് എഴുന്നേറ്റു, തന്റെ നേരെ കൈചൂണ്ടി. 
'ആദ്യം നിന്റെ ഭാര്യയെ മര്യാദ പഠിപ്പിക്കാന്‍ നോക്ക്, എന്നിട്ടു മതി ഞങ്ങളെയൊക്കെ.'
അയാളുടെ അട്ടഹാസത്തില്‍ കൂട്ടുകാരും പങ്കുചേര്‍ന്നു.
ചാടി എഴുന്നേല്‍ക്കാന്‍ തുടങ്ങിയ തന്നെ ജോബി തടഞ്ഞു.
'എടാ നിന്റെ ഭാര്യ ഇതുവരെ ആരെടെ കൂടെയാരുന്നെന്ന് ഞങ്ങള്‍ക്കൊക്കെ അറിയാം,' ലാലു വീണ്ടും. നീ അത്രയങ്ങു മാന്യനാകാനൊന്നും നോക്കേണ്ടാ.'
സഹിച്ചില്ല. ജോബിയെ തട്ടിമാറ്റി ചാടിയെഴുന്നേറ്റ് ലാലുവിന്റെ കോളറില്‍ കയറിപ്പിടിച്ചു.
'എടാ....'
പിന്നെ ഒരു ബഹളമായിരുന്നു. അയാളുടെ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ എഴുന്നേറ്റ് അടുത്തു വന്നു. ഉന്തും തള്ളും പരസ്പരം തെറിവിളിയുമായി.
ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം നിയോഗിക്കപ്പെട്ട കാവല്‍ക്കാര്‍ ഉടന്‍ സ്ഥലത്തെത്തി.
ജോബി, ലാലുവിനെ എങ്ങനെയോ അനുനയിപ്പിച്ച് പുറത്തേക്കു കൊണ്ടുപോയി. അയാളുടെ സംഘക്കാരും ഓരോരുത്തരായി പുറത്തേക്കു പോയി. തന്റെ അടുത്തായി ബാറിലെ സമാധാനപാലകര്‍ കാവല്‍ നിന്നു.
കുറേ നേരം കഴിഞ്ഞാണ് ജോബി തിരികെ വന്നത്.
'അതത്ര കാര്യമാക്കാനില്ല,' ഒരു ഡ്രിങ്കിനു കൂടി ഓര്‍ഡര്‍ കൊടുത്തുകൊണ്ട് ജോബി പറഞ്ഞു. ഇത് അവന്റെ ഒരു സ്ഥിരം പണിയാ. ലഹരി ഇറങ്ങുമ്പോള്‍ വന്നു മാപ്പു പറയും.' 
ജോബി പറഞ്ഞതുമുഴുന്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി. എന്തായിരിക്കും ലാലു ഉദ്ദേശിച്ചത്? ജോബിയോട് എങ്ങനെ നേരിട്ടു ചോദിക്കും?
അടുത്ത ഡ്രിങ്ക് ഒറ്റവലിക്കു കുടിച്ചു തീര്‍ത്തു.
ആത്മസംഘര്‍ഷത്തിന്റെ ഉമിത്തീയില്‍ മനസു നീറാന്‍ തുടങ്ങി. വീട്ടിലെത്തി സന്ധ്യയെ അഭിമുഖീകരിച്ചപ്പോള്‍ വല്ലാത്തൊരു വികാരമായിരുന്നു മനസില്‍. എന്തു ചോദിക്കണം? അഥവാ ചോദിച്ചാല്‍ തന്നെ എന്തു പ്രയോജനം?
അങ്ങനെയൊരു സംഭവം നടന്നതായി തന്റെ പെരുമാറ്റത്തില്‍ നിന്നും ആര്‍ക്കും മനസിലാകാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചു. ചോദ്യങ്ങള്‍ക്കൊക്കെ ഒറ്റവാക്കില്‍ മറുപടി.
തീരെ ഉറക്കം വന്നില്ല.
അടുത്ത് സുഖനിദ്രകൊള്ളുന്ന സന്്ധ്യയെ വളരെ നേരം നോക്കിക്കിടന്നു. എത്രയെത്ര രഹസ്യങ്ങളായിരിക്കും ഇവള്‍ ഒളിപ്പിക്കുന്നത്?
ചിലപ്പോള്‍ തന്റെ സംശയങ്ങളൊക്കെ അസ്ഥാനത്താകാനും മതി. ആളുകള്‍ക്ക് എന്താണു പറയാനാവാത്തത്? വിശേഷിച്ചും മദ്യലഹരിയില്‍.
എങ്കിലും....
'എടാ നിന്റെ ഭാര്യ ഇതുവരെ ആരുടെ കൂടെയായരുന്നെന്ന് ഞങ്ങള്‍ക്കൊക്കെ അറിയാം,' ലാലുവിന്റെ വാക്കുകള്‍ വീണ്ടും വീണ്ടും ചെവിയില്‍ മുഴങ്ങി.
എന്തെങ്കിലും സത്യാവസ്ഥയില്ലാതെ ആരെങ്കിലും അങ്ങനെ പറയുമോ?
സന്ധ്യയുടെ പെരുമാറ്റത്തിലും ചില അപാകതകളൊക്കെയില്ലേ? തന്നില്‍ നിന്ന് എന്തൊക്കെയോ ഒളിക്കുന്നതുമാതിരിയുള്ള ഭാവം. ഫോണ്‍ ചെയ്യുന്നത് ആരെന്നു ചോദിച്ചാല്‍ 'എ ഫ്രണ്ട് ഓഫ് മൈന്‍' എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടി. തന്നെ പരിഹസിക്കുന്നപോലെയുള്ള സംസാരരീതി....
ഇനിയിപ്പോള്‍ ഇതൊക്കെ ആലോചിച്ചിട്ട് എന്തു കാര്യം?
അമേരിക്കയില്‍ വളര്‍ന്ന പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് ആലോചിക്കേണ്ടതായിരുന്നു. തന്റെ ചിലവ് കൂട്ടുകാര്‍ ഇക്കാര്യത്തിലേക്കു ശ്രദ്ധ തിരിക്കാനും ശ്രദ്ധിച്ചിരുന്നു.
'അമേരിക്കയാ സ്വര്‍ഗ്ഗം.' നമ്പൂതിരിയായ മധുവാണ് പറഞ്ഞത്. 'ഞങ്ങടെ വര്‍ഗ്ഗത്തിന് പഴയ കാലത്തുണ്ടായിരുന്ന അവകാശങ്ങള്‍ അമേരിക്കയില്‍ എല്ലാവര്‍ക്കും എല്ലാക്കാലത്തും, ഹായ്!'
തന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. താന്‍ തറപ്പിച്ചുനോക്കുന്നതു കണ്ട് മധു തുടര്‍ന്നു.
'ങാ, പിന്നെ ഞങ്ങളുടെ ജാതിയില്‍ പെണ്ണുങ്ങള്‍ക്ക് അത്തരം അവകാശങ്ങളൊന്നുമില്ല കേട്ടോ,' മധു ചിരിച്ചു. 'അമേരിക്കയില്‍ അതല്ല.' 
അസഹ്യത തോന്നി.
'വിനുവിനെ വിഷമിപ്പിക്കാനൊന്നും പറഞ്ഞതല്ല.' മധു വീണ്ടും. 'പിന്നെ താനും അത്ര പുണ്യവാളനൊന്നുമല്ലല്ലോ?'
അതു തന്നെ. താനും അത്ര പുണ്യവാളനൊന്നുമല്ലല്ലോ. എങ്കിലും സ്വന്തം ഭാര്യയ്ക്ക് ഇങ്ങനെ പരിഹാസ്യമായ ഒരു ഭൂതകാലമുണ്ടെന്നു കേള്‍ക്കുമ്പോള്‍....
എങ്ങനെയാണ് സത്യാവസ്ഥ ഒന്നറിയുക? ജോബിയോട് എങ്ങനെ ചോദിക്കും?
ഒരു പക്ഷേ ലാലുവുമായി ചങ്ങാത്തം കൂടിയാല്‍ അറിയാന്‍ പറ്റിയേക്കും. സ്വന്തം ഭാര്യയുടെ പൂര്‍വ്വചരിത്രം അറിയാനുള്ള വഴിയാലോചിക്കുന്ന തന്നോടു തന്നെ പുച്ഛം തോന്നി.
ഒരു കാര്യം ഉറപ്പാണ്. ബാര്‍ വഴിയുള്ള സമ്പര്‍ക്കം മുഖേനയേ കാര്യങ്ങള്‍ അറിയാന്‍ കഴിയൂ.
സത്യാവസ്ഥ അറിയുന്നതുവരെ മനഃസംയമനം പാലിക്കയേ നിവൃത്തിയുള്ളൂ. പെട്ടുപോയില്ലേ?
ബാറിലേക്ക് ഒറ്റയ്ക്കു പോകാനൊരു മടി. അതിന് ജോബിയെത്തന്നെ ആശ്രയിക്കണം.
എന്തായാലും ഇന്ന് പോകാമെന്നു സമ്മതിച്ചല്ലോ.
ആരോടും വഴക്കടിക്കാന്‍ പോകാതെ കാര്യങ്ങള്‍ സാവധാനം മനസിലാക്കിയെടുക്കണം....
രണ്ടുപേര്‍ കൗണ്ടറിലേക്കു നടന്നടുക്കുന്നു. ഒരു യുവാവും യുവതിയും. യുവാവ് മലയാളിയാണെന്നു തോന്നുന്നു. ഇയാളെ മുമ്പ് എവിടെയോ കണ്ട പരിചയമില്ലേ? ബാറില്‍ വച്ചായിരുന്നോ?
അമേരിക്കയില്‍ വളര്‍ന്ന പല മലയാളി ചെറുപ്പക്കാരുടേയും വേഷവുമായി സമാനത. ഒരു കാതില്‍ കമ്മല്‍. പ്രത്യേക രീതിയില്‍ പറ്റെവെട്ടിയ മുടി.
കൂടെയുള്ള പെണ്‍കുട്ടി മലയാളിയാണെന്നു തോന്നുന്നില്ല. വടക്കേയിന്ത്യക്കാരിയായിരിക്കാം. അതോ ഹിസ്പാനിക്കോ?
'ക്യാന്‍ ഐ ഹെല്‍പ്പ് യൂ?'
അവര്‍ കൗണ്ടറിലെത്തിയപ്പോള്‍ ചോദിച്ചു.
'ഡു യൂ ഹാവ് എ റൂം!'
തനി അമേരിക്കന്‍ ഇംഗ്ലീഷില്‍ യുവാവിന്റെ ചോദ്യം. എങ്കിലും മറ്റൊരു മലയാളിയെക്കണ്ടതിന്റെ ജാള്യത മറയ്ക്കാനയാള്‍ക്കു കഴിയാത്തതു പോലെ.
റൂം ഉണ്ടെന്നു പറഞ്ഞു.
ചെക്ക് ഇന്‍ ചെയ്യാന്‍ വേണ്ട വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഫോറം എടുത്തു കൊടുത്തു.
'ഹൗ മച്ച് ഈസ് ഇറ്റ്?'
വിവിധ റൂമുകളുടെ റേറ്റുകള്‍ വിവരിച്ചു കൊടുത്തു. ഏറ്റവും ചെലവുകുറഞ്ഞതു മതിയെന്നു പറഞ്ഞു.
'വീ നീഡ് ഇറ്റ് ഒണ്‍ലി ഫോര്‍ എ ഫ്യൂ അവേഴ്‌സ്,' കൂടെയുള്ള പെണ്‍കുട്ടിയെ നോക്കി കണ്ണിറുക്കി അയാള്‍ പറഞ്ഞു.
 ഡ്രൈവേഴ്‌സ് ലൈസന്‍സ് ചോദിച്ചു. നമ്പര്‍ എഴുതിയെടുത്തു.
അഡ്വാന്‍സിന് അവന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കി. ഏതാനും മണിക്കൂറെന്നു പറഞ്ഞെങ്കിലും മൂന്നു ദിവസത്തേക്കുള്ള തുക അതില്‍ ബ്ലോക്ക് ചെയ്തു.
മുറിയുടെ താക്കോല്‍ കൊടുത്തു.
'ഹാവ് ഐ നൈസ് സ്റ്റേ!'
'താങ്ക് യൂ.'
അവര്‍ നടന്നകന്നു.
പെട്ടെന്ന് കാലത്ത് റൂംബോയി കാപ്പിയും കൊണ്ടുവന്നപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിക്കും പേടിപ്പിച്ചു. തലേ രാത്രി റെയ്ഡ് നടന്നിരുന്നുവത്രെ. റൂം ബോയ് തന്റെ റൂം പുറത്തു നിന്നു പൂട്ടിയതു കൊണ്ട് താന്‍ രക്ഷപ്പെട്ടു. അവന്‍ പോക്കറ്റില്‍ നിന്നും 'പാണ്ടിപ്പൂട്ട്' എടുത്തു കാണിച്ചു. തലേന്ന് കനത്ത ടിപ്പുകൊടുത്തതിന്റെ പ്രതിഫലം.
ഇവിടെ കാര്യങ്ങള്‍ എത്ര സുഖകരം!
'ഹലോ വിനോദ്.'
പീറ്റര്‍ ദൊരൈസ്വാമി, ഈവനിങ് ഡ്യൂട്ടിയുള്ളയാള്‍ എത്തിയിരിക്കുന്നു.
മണി മൂന്നാകാറായി.
ക്യാഷ് ഉണ്ടായിരുന്നത് നേരത്തേ എണ്ണി വച്ചിരിക്കയായിരുന്നു. മൂന്നൂറു ഡോളര്‍. ദൊരൈസ്വാമിയെ ഏല്‍പിക്കണം. ബാക്കിയുള്ളത് ഒരു സഞ്ചിയിലാക്കി അകത്തുള്ള സേഫില്‍ വച്ചു. അതിന് ദൊരൈസ്വാമി ദൃക്‌സാക്ഷിയായിരുന്നെന്നും ഉറപ്പു വരുത്തി.
തന്നെ ഡ്രോപ്പു ചെയ്യാന്‍ പൂനം വരാമെന്നു പറഞ്ഞിരുന്നതാണ്. കാണുന്നില്ലല്ലോ.
കൗണ്ടര്‍ ദൊരൈസ്വാമിയെ ഏല്‍പിച്ച് ലൗഞ്ചിലെ സോഫയില്‍ ഇരുന്നു.
അതാ വരുന്നു പൂനം. പുഞ്ചിരി, വശ്യത.
'കം, ലെറ്റസ് ഗോ.'
ദൊരൈസ്വാമിയെ നോക്കി അഭിവാദ്യം ചെയ്തിട്ട് പൂനം പറഞ്ഞു.
പാര്‍ക്കിങ് ലോട്ടിലേക്ക് അവരെ അനുഗമിച്ചു.
പുതിയൊരു ടൊയോട്ടാ കാര്‍.
'അദ്ദേഹത്തിന്റെ കാറാണ്. ഇന്ന് ഇവിടെ ഇ്ട്ടിട്ടു പോയി. പഴയ ഹോണ്ടായാണ് പുള്ളിക്ക് പ്രിയം.' പൂനം ചിരിച്ചു.
'എന്താ ഓടിച്ചു നോക്കുന്നോ?' കാറിന്റെ ചാവി നീട്ടിക്കൊണ്ട് വീണ്ടും.
'വേണ്ട, ലൈസന്‍സ് എടുത്തിട്ടില്ല.' മനസില്ലാമനസോടെ പറഞ്ഞു.
പൂനം വിസ്തരിച്ചു ചിരിച്ചു. എന്നിട്ട് പാസഞ്ചര്‍ ഡോര്‍ തുറന്നു പിടിച്ചു.
മനസില്‍ വല്ലാത്തൊരു വിങ്ങല്‍ എ്‌ന്തൊക്കെയോ തട്ടിമറിയുന്നു....

സ്വപ്‌നഭൂമിക(നോവല്‍: 25- മുരളി ജെ. നായര്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക