Image

നീയും ഞാനും (കവിത: ജോസഫ്‌ നമ്പിമഠം)

Published on 24 May, 2015
നീയും ഞാനും (കവിത: ജോസഫ്‌ നമ്പിമഠം)
മനോഹരമായ പുറംചട്ട കണ്ടാണ്‌
ഞാനാ പുസ്‌തകം വാങ്ങിയത്‌
യുവത്വത്തിന്റെ കണ്ണാടിക്കു
നിറങ്ങള്‍ എഴാണല്ലോ!!

അനേകരെ സാക്ഷിയാക്കി,
പുരോഹിതന്‍
അതെനിക്ക്‌ വെഞ്ചെരിച്ചു തന്നു
ഒരിക്കലും ഉപേക്ഷിക്കില്ലെന്ന്‌
പരസ്യമായി സത്യം ചെയ്യിച്ചു

പക്ഷെ,
തുറന്നു നോക്കിയപ്പോഴാണ്‌
തികച്ചും അജ്ഞാതമായ
ഒരു ലിപിയിലാണ്‌, അത്‌
എഴുതപ്പെട്ടിരിക്കുന്നതെന്നു
ബോധ്യമായത്‌
ഓരോ മനുഷ്യന്റെയും
ഹൃദയം പോലെ

അത്‌ വായിച്ചെടുക്കാന്‍
അറിവിന്റെ ലോകത്തിലുള്ള
ലിപികളെല്ലാം ഞാന്‍ ഞാന്‍ തിരഞ്ഞു
പുതിയ ലിപികള്‍ പഠിച്ചു

കാലമേറെ ചെന്നപ്പോള്‍
ധാരാളം ലിപികളറിയാവുന്ന
ഒരു ജ്ഞാനിയായി ത്തീര്‍ന്നു,ഞാന്‍
ഒരു പുരുഷായുസ്സു മുഴുവന്‍ ശ്രമിച്ചിട്ടും
ഈ ലിപികള്‍
ഇപ്പൊഴുമെനിക്കജ്ഞാതം

പുറംചട്ടയുടെ നിറം മങ്ങിയിട്ടും
അച്ചടി മഷിയുടെ തിളക്കം കുറഞ്ഞിട്ടും
പുസ്‌തകം ഞാനിന്നും സൂക്ഷിക്കുന്നു
നിധി കാക്കുന്ന ഭൂതം പോലെ.

(1998 ല്‍ മള്‍ബറി പ്രസിദ്ധീകരിച്ച നിസ്വനായ പക്ഷി എന്ന കവിതാ സമാഹാരത്തില്‍ നിന്ന്‌)
നീയും ഞാനും (കവിത: ജോസഫ്‌ നമ്പിമഠം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക