Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:32- കൊല്ലം തെല്‍മ, ടെക്‌സാസ്)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 30 May, 2015
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:32- കൊല്ലം തെല്‍മ, ടെക്‌സാസ്)
അദ്ധ്യായം 32
ആനന്ദാതിരേകത്താല്‍ തന്റെ ഹൃദയം തകര്‍ന്നുപോകും എന്നുതോന്നി എസ്തപ്പാന്. എന്തായിരിക്കും തന്റെ പ്രതികരണം എന്നറിയാതെ അന്തിച്ചുനിന്ന കെല്‍സിയും സ്റ്റെല്ലയും എസ്തപ്പാന്റെ സന്തോഷത്തില്‍ പങ്കുകൊണ്ടു.... തന്നെയും സ്റ്റെല്ലായെയും ഒന്നിച്ചുകൊണ്ടുവരുവാന്‍ യത്‌നിച്ച കെല്‍സിയോട് എസ്തപ്പാന് എന്തെന്നില്ലാത്ത സ്‌നേഹം തോന്നി. എസ്തപ്പാന്‍ കെല്‍സിയുടെ ഇരുകരങ്ങളിലും ചേര്‍ത്തുപിടിച്ചു. നന്ദിപൂര്‍വ്വം അവളുടെ കൈകള്‍ തന്റെ കണ്ണിണകളോടു ചേര്‍ത്തു. കണ്ണുകളില്‍നിന്നും ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു.
കെല്‍സി എസ്തപ്പാന്റെ തോളില്‍തട്ടി ആശ്വസിപ്പിച്ചു. ഇതെല്ലാം കണ്ട് വിസ്മയഭരിതനായി നില്‍ക്കുകയായിരുന്നു ലാസര്‍. എസ്തപ്പാന്‍ അവനെ തന്നോടുചേര്‍ത്തുനിറുകയില്‍ ചുംബനം നല്‍കി. അപ്പന്റെ സ്‌നേഹാര്‍ദ്രമായ ചുടുചുംബനം.
'ഇവന്റെ പേരെന്താണ് സ്‌ററെല്ലാ....?' എസ്തപ്പാന്‍ ചോദിച്ചു.
'ലാസര്‍....' ചില സെക്കന്റുകളുടെ ഇടവേളയ്‌ക്കൊടുവില്‍ അവള്‍ അഭിമാനത്തോടെ പറഞ്ഞു....
'ലാസര്‍?' എസ്തപ്പാന്റെ കണ്ണുകള്‍ വിടര്‍ന്നു..... ഹൃദയത്തില്‍നിന്നും ഒരായിരം വെണ്‍പിറാവുകള്‍ പറന്നുയര്‍ന്നു. ഹൃദയവും അവയോടൊപ്പം പറന്നുയര്‍ന്നു.... ഭാരമില്ലാതെ....
'എന്താ പേരിഷ്ടമായില്ലേ?' സ്റ്റെല്ലാ ചെറുചിരിയോടെ ചോദിച്ചു.
'ഉം.... അതു നീയെന്നെ പരീക്ഷിക്കാന്‍ ചോദിച്ചതാണെന്നെനിക്കറിയാം....' എസ്തപ്പാന്‍ ചിരിയോടെ മറുപടി പറഞ്ഞു. തന്റെയും സ്റ്റെല്ലായുടെയും ആഗ്രമായിരുന്നു തങ്ങള്‍ക്ക് ആദ്യമായി ഉണ്ടാകുന്ന ആണ്‍കുട്ടിക്ക് എസ്തപ്പാന്റെ അപ്പന്റെ പേരും പെണ്‍കുട്ടിക്ക് അമ്മയുടെ പേരും നല്‍കണം എന്ന്. സ്റ്റെല്ലാ തന്റെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റി.....
എസ്തപ്പാന്റെയും സ്റ്റെല്ലായുടെയും പുനര്‍സമാഗമം ഭംഗിയാകുവാന്‍ കെല്‍സി മുന്‍കൈ എടുത്ത് വിഭവസമൃദ്ധമായ സദ്യ ഒരുക്കി.
മാധവമേനോനും സുഭദ്രാമ്മയ്ക്കും എസ്തപ്പാന്റെ ജീവിതത്തില്‍ ഒരര്‍ത്ഥം കൈവന്നു എന്നതില്‍ അതിയായ ആനന്ദം.... കെല്‍സി ഉചിതമായ നീക്കങ്ങളിലൂടെ കാര്യങ്ങള്‍ ഭംഗിയില്‍ ഏകോപിപ്പിച്ചു എന്ന അഭിപ്രായമായിരുന്നു അവര്‍ക്ക്...
ഉച്ചതിരിഞ്ഞസമയത്ത് എസ്തപ്പാനും സ്റ്റെല്ലയും ലാസറും വീട്ടിലേയ്ക്ക് യാത്രതിരിച്ചു. ഏറ്റവും അടുത്തനാളില്‍ നിയമാനുസൃതം വിവാഹം രജിസ്റ്റര്‍ ചെയ്യാം എന്നവര്‍ നിശ്ചയിച്ചു.
***** ***** *****  ****** ******
സെല്‍ഫോണ്‍ റിംഗ് ചെയ്യുന്നതു കേട്ടുകൊണ്ടാണ് കെല്‍സി റൂമിലേയ്‌ക്കെത്തിയത്. സെല്‍ എടുത്ത് നമ്പര്‍ ശ്രദ്ധിച്ചപ്പോള്‍ തന്നെ കോള്‍ സരളാന്റിയുടേതാണ് എന്ന് ബോധ്യമായി. സെല്‍ ചെവിയോടു ചേര്‍ത്തു....
'ഹലോ..... ആന്റി....'
'കെല്‍സിയെ.... നീ തിരക്കിലായിരുന്നോടി.... ' സരളാന്റി തിരക്കി.
'തനിയേ എഴുന്നേറ്റു നടക്കാനൊന്നും ആയില്ല.... പക്ഷെ ഞങ്ങള്‍ എഴുന്നേല്‍പ്പിച്ച് പിടിച്ചു നടത്തുന്നുണ്ട്.... പിടിവിട്ടാല്‍ വേച്ച് വീണുപോവും....'
'ങ്ങാ.... അതു സാരമില്ലെടി.... വേഗം സുഖം പ്രാപിക്കും എന്നാണ് എനിക്കു തോന്നുന്നത്്.'
'അത്യാവശ്യകാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്നാണ് തോന്നുന്നത്.... ഓര്‍മ്മയും ലക്കും ഇല്ലാത്ത ഒരു രീതിയാ.... പിന്നെ സംസാരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്....'
'പിള്ളേരെന്തിയെ കെല്‍സി? പഠിത്തമൊക്കെ നന്നായി പോവുന്നില്ലേ?'
'പിന്നെ.... കുഴപ്പമൊന്നും ഇല്ല.... എല്ലാം ഭംഗിയായി നടക്കുന്നു.... എല്ലാവര്‍ക്കും സുഖംതന്നെ....'
'എസ്തപ്പാന്‍ എന്തുപറയുന്നു.... പുള്ളിക്കാരന്‍ വീടും കുടുംബവുമായി ഒതുങ്ങി നില്‍ക്കുവാണെന്നാ തോന്നുന്നത്.... അല്ലെ കെല്‍സി?'
'ങ്ങാ.... നല്ല കുറെ കാലങ്ങള്‍ ജീവിതത്തില്‍നിന്ന് നഷ്ടപ്പെട്ടതല്ലേ....? ഇനി ഉള്ള നാളുകള്‍ നന്നായി ആഘോഷിക്കാന്‍ സമയം കണ്ടെത്തുന്നു..... അത്രതന്നെ....
'
'ഏതായാലും എസ്തപ്പാന്റെ കാത്തിരിപ്പിന് ഒരു പര്യവസാനം ആയി.... ഇപ്പോ വളരെ സന്തോഷവും ഉണ്ട്. എല്ലാം ഈശ്വരന്റെ നിശ്ചയം....'
'എന്തുണ്ട് ആന്റി അവിടെ വിശേഷങ്ങള്‍..... സിനിമ പുതിയതും വല്ലതും ഉണ്ടോ?.... നിശാന്ത് എന്തു പറയുന്നു....'
'ഇപ്പം എനിക്ക് ഉടനെയൊന്നും വര്‍ക്കില്ല കെല്‍സി. പിന്നെ നിശാന്ത് അച്ഛന്റെ പഴയൊരു പടം റീമേക്ക് ചെയ്യാനുള്ള പുറപ്പാടിലാ.... സംവിധാനവും പ്രധാനവേഷവും നിശാന്താണ്. അതിന്റെ തിരക്കുമായിട്ട് നടക്കുന്നു.'
'എന്റെ അന്വേഷണം പറഞ്ഞേക്കണേ ആന്റി....'
'ഓ....പിന്നെ.... പറഞ്ഞേക്കാമേ....'
'മറ്റു വിശേഷങ്ങളെന്തൊക്കെയാ ആന്റി....'
'ഓ..... എന്തുവിശേഷം എല്ലാം നന്നായി പോവുന്നു. മറ്റുവിശേഷം ഒന്നും ഇല്ലല്ലോ കെല്‍സി?'
'ഓ.....ഇല്ല....'
'എങ്കില്‍പിന്നെ കാണാം.... ഞാനിപ്പം ഫോണ്‍ വയ്ക്കുവാ.... കേട്ടോ....'
'ഓ....ശരി ആന്റി.... ബൈ...'
'ബൈ....'
*****     *****   *****   ******   ******
നാളുകള്‍ അതിവേഗം കടന്നുപോയി. എസ്തപ്പാന്റെയും സ്റ്റെല്ലായുടെയും ജീവിതം സുഖസുന്ദരമായി മുന്നോട്ടു നീങ്ങി. സ്‌റ്റെല്ലായുടെ അനാരോഗ്യവും ക്ഷീണവും എല്ലാം മാറി. സന്തോഷവതിയായ സ്‌റ്റെല്ല മനഃസുഖം പ്രാപിച്ചു.... ദുഃഖങ്ങളും ആകുലതകളും എസ്തപ്പാനെന്ന സ്‌നേഹമേരുവിന്‍ മുമ്പില്‍ ഇല്ലാതായി. ലാസറിനും മാറ്റങ്ങളുണ്ടായി. അവന്റെ പഠനത്തിനുള്ള ക്രമീകരണങ്ങള്‍ എല്ലാം ഭംഗിയായി നിറവേറി. ലാസര്‍ പഠനത്തില്‍ നല്ല നിലവാരം പുലര്‍ത്തി....
എസ്തപ്പാനെയും കുടുംബത്തെയും കെല്‍സിയും കുട്ടികളും സമയം കിട്ടുമ്പോള്‍ സന്ദര്‍ശിച്ചിരുന്നു. തന്റെ ജീവിതത്തിന് ഒരു വഴിത്തിരിവു നല്‍കിയ കെല്‍സിയെ എസ്തപ്പാന്‍ ഒരു സഹോദരിയെന്നപോലെ സ്‌നേഹിച്ചു. അവര്‍ വളരെയധികം വ്യക്തിപരമായി അടുത്തിടപഴകുവാനുള്ള സ്വാതന്ത്ര്യംകാട്ടി. അത്രയധികം കടപ്പാടും  ബഹുമാനവും എസ്തപ്പാന്‍ കെല്‍സിയോട് പ്രകടിപ്പിച്ചു.
അജിയുടെ എന്താവശ്യത്തിനും സഹായവുമായി എസ്തപ്പാന്‍ ഓടിയെത്തും.... അപ്പുവിനെയും മിന്നുവിനെയും സ്വന്തം മകനായ ലാസറിനെയെന്നപോലെ ലാളിച്ചു. മൂന്നുപേര്‍ക്കും തുല്യമായിതന്നെ എന്തും വാങ്ങിയിരുന്നു. കെല്‍സിയും ലാസറിനെ വളരെയധികം സ്‌നേഹിച്ചു.
അന്ന് അവധിദിവസമായിരുന്നതിനാല്‍ കുട്ടികള്‍ക്ക് ക്ലാസും ഉണ്ടായിരുന്നില്ല. കെല്‍സി അപ്പുവിനെയും മിന്നുവിനെയും കൂട്ടി വന്നു കയറിയപ്പോള്‍ അജി ബെഡ്ഡില്‍ ഇല്ലായിരുന്നു. തങ്ങള്‍ പോയിട്ട് തിരികെ വന്നപ്പോള്‍ ഏറെ വൈകിയിരുന്നു. പ്രതീക്ഷിച്ച നേരത്ത് തിരികെ എത്തുവാന്‍ സാധിച്ചിരുന്നില്ല.
അത്യാവശ്യം സ്വയം എഴുന്നേറ്റ് നടക്കുവാനും മറ്റും ആവും എന്നതിനാല്‍ അങ്കിള്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി ടോയ്‌ലറ്റില്‍ലോ മറ്റോ പോയതാവാം. കെല്‍സി വേഗംതന്നെ എല്ലാം ഒരിടത്ത് ഒതുക്കി വച്ചു. അപ്പോഴേയ്ക്കും അജി റൂമിലേയ്ക്ക് പതിയെ പിച്ചവച്ചു വന്നെത്തി. അപ്പുവും മിന്നുവും തങ്ങള്‍ക്ക് വാങ്ങിയ പുതിയ ഡ്രസുമായി അജിയുടെ സമീപത്തേയ്ക്ക് ഓടി എത്തി. അജിയെ വട്ടം കെട്ടിപ്പിടിച്ച് നിന്നു മിന്നു...... പെട്ടെന്ന് അജി മിന്നുവിനെ തള്ളിമാറ്റി. വെട്ടിത്തിരിഞ്ഞു മാറി. മിന്നു ആകെ പരിഭ്രമത്താല്‍ പിന്നാക്കം മാറി മറിഞ്ഞുവീണു....
അജിയുടെ പ്രവൃത്തി കെല്‍സിയെ പ്രകോപിപ്പിച്ചു.
'എന്താ.... അജി? കുഞ്ഞുങ്ങളോടിങ്ങനെയാണോ പെരുമാറുന്നത്?' കെല്‍സി മിന്നുവിനെ എഴുന്നേല്‍പ്പിച്ച് ചേര്‍ത്തുപിടിച്ചു തലോടി ആശ്വസിപ്പിച്ചു. അവള്‍ തുടര്‍ന്നു:
'നേരത്തെ മടങ്ങിവരണമെന്ന് വിചാരിച്ചാണ് പോയത്. തിരക്കും ബ്ലോക്കും എല്ലാം കടന്ന് ഓരോന്ന് വാങ്ങി വന്നപ്പോഴേയ്ക്കും സമയം ഏറെയായി.... അതിന് ദേഷ്യം കൊച്ചുങ്ങളോട് തീര്‍ത്തിട്ട് എന്താകാര്യം?'
'നക്ക്....എന്തിനും....നാ...യം... ഉണ്ടല്ലോ'
അവ്യക്തമായ വാക്കുകള്‍ പൊടുന്നനവെ അജിയുടെ ചുണ്ടുകളില്‍നിന്നും അടര്‍ന്നുവീണു.... കെല്‍സി അന്ധാളിച്ചുനിന്നു....
സന്തോഷവും അവിശ്വസനീയതയുടെ പകപ്പും എല്ലാം വ്യക്തം.... വര്‍ഷവും മാസങ്ങള്‍ക്കും ഇപ്പുറം അജിയുടെ ചുണ്ടില്‍നിന്നും ശബ്ദകണങ്ങള്‍ ചിതറിവീണിരിക്കുന്നു! അജി സംസാരിച്ചു തുടങ്ങിയിരിക്കുന്നു.... ആദ്യമായി ഒരു കൊച്ചുകുട്ടി അമ്മേ എന്ന് വിളിക്കുമ്പോള്‍ ഉണ്ടാവുന്ന സന്തോഷത്തിന്റെ വേലിയേറ്റവും നിര്‍വൃതിയും കെല്‍സില്‍ നിറഞ്ഞു.
കെല്‍സി ഓടിച്ചെന്ന് അജിയുടെ കവിളുകളില്‍ മാറി മാറി ചുംബിച്ചു. കണ്ണുകളില്‍നിന്ന് ആനന്ദാശ്രുക്കള്‍ തുരുതുരാ ഒഴുകി.... പെട്ടെന്നാണ് അതു സംഭവിച്ചത്..... അവിചാരിതമായ അജി കെല്‍സിയെ പിന്നാക്കം തള്ളിയകറ്റി....
'മാറി നില്‍ക്ക് എന്റെ മുന്നില്‍നിന്ന്.... നിന്റെ കണ്ണീരെനിക്ക് കാണണ്ട.... ഞാനിവിടെ നിര്‍വികാരനായി നിശ്ചേഷ്ഠനായി കിടക്കുമ്പോള്‍ നീയതു മുതലാക്കി എന്നെ വഞ്ചിക്കുകയായിരുന്നു....'

'അജി....' ഒരു വിലാപം കെല്‍സിയില്‍നിന്നുയര്‍ന്നു.... എന്താണു താന്‍ കേള്‍ക്കുന്നതെന്നും ഇവ യാഥാര്‍ത്ഥ്യം തന്നെയോ എന്നും കെല്‍സിക്കു തോന്നി. എന്താണിങ്ങനെ അജി സംസാരിക്കുന്നത്?
'അജി എന്താണ് ഈ പറയുന്നത്? ഞാന്‍ എന്തുവഞ്ചന ചെയ്‌തെന്നാ? സുഖമില്ലാതെകിടന്ന അജിയെ ഇവിടെ കൊണ്ടുവന്ന് രാപകലില്ലാതെ പരിചരിച്ചതാണോ എന്റെ തെറ്റ്? പറ.... പറയൂ അജി.... പിന്നേയും എന്നെ അധിക്ഷേപിക്കാനും കുറ്റപ്പെടുത്താനും തന്നെയാണോ അജി മുതിരുന്നത്?
'അജി ആവശ്യമില്ലാത്ത കാര്യങ്ങള്‍ സംസാരിച്ച് തൊണ്ടയ്ക്ക് സ്‌ട്രെയിന്‍ ഉണ്ടാക്കേണ്ട.... സംസാര ശക്തി വീണ്ടുകിട്ടിയതല്ലേ ഉള്ളൂ. ഗുണത്തേക്കാളേറെ ദോഷം ആയെന്നിരിക്കും.... വോയ്‌സ് റെസ്റ്റ് എടുത്ത് പതിയെ പതിയെ സംസാരശേഷി വീണ്ടെടുക്കുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു....'
നീ എന്റെ നന്മയെ കൂടുതല്‍ കാര്യമാക്കേണ്ട. എനിക്ക് ഇപ്പോഴാണ് സംസാരിക്കാന്‍ പറ്റിയതെന്ന് നീ കരുതുന്നതെങ്കില്‍ തെറ്റി. മാസങ്ങള്‍ക്കു മുന്നമേ തന്നെ എനിക്ക് ഓര്‍മ്മയും വിവേചനവും സംസാരശേഷിയും കിട്ടിയിരുന്നു. ഞാന്‍ മനഃപൂര്‍വ്വം ഇത്രകാലം അനങ്ങാതെ കിടന്നതാണ്.... നിങ്ങളില്‍ സംസാരവും ഇടപെടലുകളും എല്ലാം ഞാന്‍ വീക്ഷിക്കുകയായിരുന്നു.... എനിക്കന്നേ സംശയമുണ്ടായിരുന്നു നിങ്ങളെ..... ഒന്നും അറിയാതെയും പ്രതികരിക്കാതെയും കിടക്കുന്ന എന്നെ മുന്‍നിര്‍ത്തി നിങ്ങള്‍ അഴിഞ്ഞാടാന്‍ അവസരം കണ്ടെത്തി.... എല്ലാം ഞാന്‍ കണ്ടുംകേട്ടും കിടക്കുകയായിരുന്നു....' അജി ബെഡില്‍ ഇരുന്ന് കിതയ്ക്കുകയാണ്. വികാരവിക്ഷോഭത്താല്‍ സംസാരത്തിന് തടസം അനുഭവപ്പെട്ടു....

കെല്‍സി നിറഞ്ഞ കണ്ണുകളുമായി നിന്നു. ശരീരം തളരുന്നു. ദൈവമേ താന്‍ വീണ്ടും പാമ്പിനാണല്ലോ പാല്‍ കൊടുത്തു പരിചരിച്ചതെന്നുള്ള ചിന്ത ഉള്ളില്‍ പുകഞ്ഞു നീറി.

'അജി.... അജി ഈ പറഞ്ഞ വാക്കുകളെ പ്രതി പിന്നീട് ദുഃഖിക്കേണ്ടിവരും.... എന്തറിഞ്ഞിട്ടാണ് അജി വീണ്ടും എന്നെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്? എന്തുവിവേകവും അവിശ്വസ്തതയുമാണ് ഞാന്‍ കാണിച്ചത്? ഞാന്‍ ഇവിടെ അഴിഞ്ഞാടുകയായിരുന്നെന്ന് അജി പറഞ്ഞത് എന്റെ ഹൃദയത്തിലാണ് തറച്ചത്...'

'നിനക്ക് നന്നായി അഭിനയിക്കാന്‍ അറിയാം. നിന്നെ പഠിപ്പിക്കേണ്ടതില്ലല്ലോ? നീയും ആ എസ്തപ്പാനെന്ന നീചനും കൂടി എന്നെ വഞ്ചിക്കുകയായിരുന്നു.... നിന്നെയുംകൊണ്ട് അവന്‍ ഉലകം ചുറ്റുന്നത് എന്തു കണ്ടിട്ടാ? മറ്റാര്‍ക്കുമില്ലാത്ത സ്‌നേഹവും സേവനവും അവന്‍ കാണിക്കുന്നത് എന്തിനാണ്? നീ എന്നെ മാത്രമല്ല നിന്റെ അച്ഛനെയും അമ്മയെയും കൂടി വഞ്ചിക്കുകയാണ്. എന്റെ പേരും പറഞ്ഞ് കയറിയിറങ്ങി നടന്നാല്‍ ആരും സംശയിക്കുകയില്ല... ശ്രദ്ധിക്കുകയുമില്ല....'

'അജി....അനാവശ്യം പറയരുത്...' കെല്‍സി കൈചൂണ്ടി ആക്രോശിച്ചു. അവളുടെ സ്ത്രീത്വം തന്നെ അപമാനിക്കപ്പെടുന്നതായിട്ടാണ് അവള്‍ക്ക് തോന്നിയത്....
'എന്തനാവശ്യം.... നീ എന്നെ ഭരിക്കാന്‍ വരേണ്ട....'
'അജി എന്നെക്കൊണ്ട് കൂടുതലൊന്നും പറയിക്കരുത്.... സ്വസ്ഥമായി ജീവിച്ച എന്നെ.... എന്റെ കരിയറുപേക്ഷിപ്പിച്ച് തിരികെ വിളിപ്പിച്ചതും വീണ്ടും ഒരുബന്ധത്തിന് പ്രേരിപ്പിച്ചതും അജിയാണ്.... ഞാനായിട്ട്് കെട്ടിക്കയറിവന്നതല്ല.... അവിഹിതബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നെങ്കില്‍, ഒഴിവായിപ്പോയ അജിയെ വീണ്ടും ജീവിതത്തിലേയ്ക്ക് കൊണ്ടുവരാതെ ഞങ്ങള്‍ക്ക് അങ്ങനെയങ്ങ് ജീവിക്കാമായിരുന്നല്ലോ?'

'അതെങ്ങനെ നടക്കും ഒരു മറയായി ഭര്‍ത്തൃസ്ഥാനത്ത്് ഞാന്‍ ഉണ്ടാവുന്നതല്ലേ നിങ്ങള്‍ക്കും നല്ലത്..... അസുഖം വന്ന് നിര്‍വികാരം കിടന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉപകാരമായി എന്നല്ലേ നിങ്ങള്‍ കരുതിയത്..... അങ്ങനെയല്ലെന്ന് ആരു കണ്ടു....'

അജി കുഞ്ഞുങ്ങള്‍ ഇവിടെ ഉണ്ട്..... അനാവശ്യകാര്യങ്ങള്‍ വിളിച്ചുപറഞ്ഞ് മാനക്കേട് ഉണ്ടാക്കരുത്... നമ്മുടെ കുഞ്ഞുങ്ങളെ പ്രതിയെങ്കിലും നിശബ്ദതപാലിച്ചു.... അച്ഛനും അമ്മയും കേട്ടുവന്നാല്‍ പിന്നെയും നമുക്ക് നാണക്കേടാവും.... അവര്‍ക്കതു വിഷമമാവും....'
'എനിക്ക് കുഞ്ഞുങ്ങളുടെ കാര്യത്തിലും സംശയം ഉണ്ട്.... വളരെ നേരത്തെ കുഞ്ഞുങ്ങള്‍ ഉണ്ടായപ്പോഴെ എനിക്ക് സംശയം ഉണ്ടായിരുന്നു.... നീ വിവാഹനാളിലേ കാരിയിംഗായിരുന്നു.... നിന്റെ നാടകങ്ങളെല്ലാം അതായിരുന്നു.... നീ മനപൂര്‍വ്വം കുഞ്ഞുങ്ങളെ അബോര്‍ട്ടുചെയ്യാന്‍ ശ്രമിച്ചത്; അവിഹിതസന്തതി പിറന്നാല്‍ അതു നിനക്കെന്നും മനക്കുത്തിനു കാരണമാവും എന്നതുകൊണ്ടാണ്.... പക്ഷെ ഞാനതിനു വഴങ്ങിയില്ല..... ഞാന്‍ നിനക്കു കൂട്ടുനില്‍ക്കില്ല എന്നായപ്പോള്‍ നീ അടവുമാറ്റി. ഇവര്‍ എന്റെ കുഞ്ഞുങ്ങളാണെന്ന് മനസിലുറപ്പിക്കാന്‍ പിന്നീട് നീ എനിക്കു വിധേയപ്പെട്ടവളായി അഭിനയിച്ചു. നിന്റെ ഫോണ്‍ വിളികളും പ്ലാനിഗുകളും ജോലിത്തിരക്കിനിടയില്‍ ശ്രദ്ധിക്കാതെ പോയെന്നത് എന്റെ തെറ്റ്.... വീണ്ടും നിന്നെ എന്റെ ജീവിതത്തിലേയ്ക്ക് ഒരു വിഡ്ഢിയെപ്പോലെ തിരിച്ചുകൊണ്ടുവന്നതും എന്റെ തെറ്റ്.... പക്ഷെ.... ആ തെറ്റ് കുറച്ചുനാളായി ഞാന്‍ കണ്ടു മനസ്സിലാക്കി.... ഇനിമേല്‍ വിഡ്ഡിവേഷം കെട്ടി ഒരു അഭിസാരികയെയും അവളുടെ മക്കളെയും ചുമക്കില്ല.... തീര്‍ച്ച....'
ഭൂമി പിളര്‍ന്ന് താഴേയ്ക്ക് താണുപോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു കെല്‍സി. ഈ അപവാദങ്ങളും അപമാനവും ഏറ്റുവാങ്ങാന്‍ എന്തിനാണ് ഇനി ഒരു ജീവച്ഛവമായി നിന്നു കൊടുക്കുന്നത്.

താനൊരു പെണ്ണായിപ്പോയി.... മുന്നില്‍ നില്‍ക്കുന്നയാള്‍ ഭര്‍ത്താവും തന്റെ മക്കളുടെ അപ്പനും; അല്ലായിരുന്നെങ്കില്‍ മുഖമടച്ച് ഒന്നുകൊടുക്കുമായിരുന്നു..... അത്രയ്ക്ക് അധിക്ഷേപം താന്‍ കേട്ടിരിക്കുന്നു.... നിന്ന് കത്തുന്ന ഒരു പച്ച വൃക്ഷം പോലെയായി കെല്‍സിയുടെ മനസ് ആ പാദാചൂഢം രോഷം കൊണ്ടു നിറഞ്ഞു.

തന്റെ സ്ത്രീത്വത്തെയും മാതൃത്വത്തെയും നിന്ദ്യമായ അപവാദങ്ങളാല്‍ മുറിപ്പെടുത്തി. തന്റെ പാതിവ്രത്യത്തെ നിഷ്‌കരുണം ദുഷിച്ചു.... കൈമെയ്യ് മറന്ന് മുന്‍പില്‍ നോക്കാതെ സ്‌നേഹത്തോടെ മാസങ്ങളോളം പരിചരിച്ചതൊക്കെയും ഒരൊറ്റ നിമിഷംകൊണ്ട് വ്യര്‍ത്ഥമെന്നാക്കി. ഇനി താന്‍ വീട്ടുകാരോടും സുഹൃത്തുക്കളോടും എസ്തപ്പാനോടും എന്തുപറയും? ഇവയ്‌ക്കൊക്കെയും എങ്ങിനെ ഞാന്‍ പ്രത്യുത്തരം നല്‍കേണം.... വീണ്ടും ബന്ധം തകര്‍ന്ന് പെരുവഴിയിലാവുമ്പോള്‍ ആരുടെയെല്ലാം പരിഹാസങ്ങള്‍ ഏറ്റു വാങ്ങണം..... ഈശ്വരാ.... ഈ ശപിക്കപ്പെട്ട നിമിഷത്തിലേയ്ക്ക് എന്തിനെന്നെ വലിച്ചിഴച്ചു. കെല്‍സിയുടെ ഹൃദയം ദുഃഖഭാരത്താല്‍ വീര്‍പ്പുമുട്ടി.
'നീ...ഇനി....കണക്കുകള്‍കൂട്ടി വിഷമിക്കേണ്ട. നിനക്കു ചെലവായതിന്റെയും നിന്റെ കെയറിങ്ങിന്റെയും തുക എത്രയാണെങ്കിലും ശരി നീ എടുത്തോ....അതു ഞാന്‍ നിനക്കു തന്നേക്കാം.... എന്റെ ചെക്ക്‌ലീഫ് തുകയെഴുതാതെ തന്നെ നിനക്ക് സൈന്‍ ചെയ്തു തന്നേക്കാം.... നീ എത്രയാന്നുവച്ചാല്‍ എടുത്തുകൊള്ളുക... ഞാന്‍ തടയില്ല.... ഇനി ഒരു കാലത്ത് അതിന്റെ കണക്ക് പറയാന്‍ നില്‍ക്കരുത്...'

അജി എന്തു പ്രതിഫലമാണ് എനിക്കു തരിക.... ഇത്രകാലം ചികിത്സിച്ചതിന്റെയോ? രാപകല്‍ കണ്ണിമയ്ക്കാതെന്നോണം കാത്തിരുന്നതിന്റെയോ..... ഇത്രയുംകാലം ഒരു ശയ്യയില്‍ കഴിഞ്ഞതിന്റെ പ്രതിഫലമോ?

ശരീരംവിറ്റ് ജീവിക്കുന്ന പെണ്ണുങ്ങള്‍ക്ക് വച്ചുനീട്ടുന്ന നോട്ടുപോലെ നിങ്ങളുടെ ബ്ലാങ്ക്‌ചെക്കിന്റെ ബലത്തില്‍ കെല്‍സിയെ പിടിച്ചുകെട്ടാം എന്ന് ചിന്തിക്കേണ്ട.... കുഞ്ഞുങ്ങളുടെ പിതൃത്വത്തെ നിഷേധിച്ച് എന്നെ അഴിഞ്ഞാട്ടക്കാരിയായി ചിത്രീകരിക്കാം എന്നു കരുതേണ്ട.... പക്ഷെ ഒന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും..... എസ്തപ്പാന് ഞാനുമായി ഒരവിഹിതവും ഇല്ല... അദ്ദേഹത്തിന് അദ്ദേഹം സ്‌നേഹിച്ചിരുന്ന സ്ത്രീയെ തന്നെ വൈകിയാണെങ്കിലും കിട്ടി. മറ്റൊരാളുടെ ഭാര്യയായി പോയവളെങ്കിലും അവളെ മനസിലാക്കി സ്വീകരിക്കുവാന്‍ മനസുകാട്ടിയ വിശാലമനസ്‌ക്കനാണ് എസ്തപ്പാന്‍. ആ ഒരാളെ എന്റെ പേരില്‍, നമ്മുടെ കലഹത്തിന്റെ കാരണമാക്കി വലിച്ചിഴച്ച് അപമാനിക്കരുത് എന്നൊരപേക്ഷയുണ്ട്. കെല്‍സി നിശിതമായിത്തന്നെ പറഞ്ഞു.

'കെല്‍സി ഇനി കൂടുതലൊന്നും പറയേണ്ടതില്ല. ഞാന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഇനിയും ഒരു നോക്കുകുത്തിയായി നിങ്ങളുടെ ഇടയില്‍ ഞാന്‍ നില്‍ക്കില്ല. അടുത്തദിവസം തന്നെ ഞാന്‍ എന്റെ വീട്ടിലേയ്ക്ക് പോവും.... പിന്നെ കുറച്ചുനാളുകള്‍ക്കുള്ളില്‍ സ്റ്റേറ്റ്‌സിലേയ്ക്കും...... നിനക്കതിനുള്ളില്‍ തീരുമാനം എടുക്കാം.... കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' അജി കിടക്കയില്‍ കയറി കിടന്നു. കെല്‍സി എന്തുചെയ്യണം എന്നറിയാതെ പകച്ചുനിന്നു.
ചിന്താഭാരത്തോടെ കെല്‍സി ഡ്രസിംഗ്‌റൂമിലേയ്ക്കു നടന്നു. കൈയ്യില്‍ കരുതിയിരുന്നവയെല്ലാം  ഒരു സൈഡിലേയ്ക്ക് ഇട്ടു. ഇനി എന്തുചെയ്യണം എന്നറിയാതെ വിഷണയായി നിര്‍വികാരം ഇരുന്നു. കുട്ടികള്‍ ഇതൊന്നും അറിയാതെ ഓടിച്ചാടി നടന്നു. പുറത്തുനിന്ന് മാധവമേനോന്റെയും സുഭദ്രാമ്മയുടെയും വര്‍ത്തമാനം കേള്‍ക്കുന്നുണ്ട്. തൊടിയില്‍ നിന്നിരുന്ന അവര്‍ കുട്ടികളുടെ കുസൃതിയെപ്രതി അവരെ ശകാരിച്ചു.

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:32- കൊല്ലം തെല്‍മ, ടെക്‌സാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക