Image

വൈരുദ്ധ്യാത്മക വിപ്ലവം (കഥ: ജോണ്‍ മാത്യു)

Published on 29 May, 2015
വൈരുദ്ധ്യാത്മക വിപ്ലവം (കഥ: ജോണ്‍ മാത്യു)
ഭൂമി കച്ചവടം നടത്തുമ്പോള്‍ അങ്ങനെയാണ്‌, നിയമപരമായത്‌ ഒരു വശത്ത്‌. സര്‍ക്കാര്‍ രേഖകളിലെല്ലാം കൃത്യമായി എഴുതാന്‍. സ്ഥാപനങ്ങളും പൊതുജനവും അറിയാത്ത ഇടപാടുകള്‍ വേറെയും. അതുകൊണ്ട്‌ സത്യസന്ധമെന്ന്‌ കണക്കാക്കിയ പണം ആര്‍ഭാടമായിത്തന്നെ ബാങ്കിലടച്ച്‌ പാസ്‌ബുക്കില്‍ വ്യക്തമായി മുദ്രവെപ്പിച്ചു.

ഇതുകൊണ്ടുള്ള പ്രയോജനം പലതാണ്‌, ജോണി ഓര്‍ത്തു. വിജയത്തിന്റെ രേഖയായി, തെളിവായി ലിസിയമ്മയുടെ മുന്നില്‍ അവതരിപ്പിക്കാം. കൂടാതെ ഒരു സഞ്ചിനിറയെ കുത്തിനിറച്ച കടലാസിലെഴുതാത്ത `ബോണസുതുകയും' കൂടിയാകുമ്പോള്‍ അവള്‍ മറ്റൊന്നും ആവശ്യപ്പെടുകയില്ല.

അത്‌ താനും കുഞ്ഞുണ്ണിയും തമ്മിലുള്ള ഇടപാടുകള്‍!

ശേഷിച്ചതുക അവിടവിടെയായി കത്തിക്കച്ചവടങ്ങളില്‍ നിക്ഷേപിക്കാന്‍ ഇടപാടാക്കിയിട്ട്‌ ചില വലിയ കാര്യങ്ങള്‍ നേടിയ സംതൃപ്‌തിയോടെയാണ്‌ അയാള്‍ മടങ്ങിയെത്തിയത്‌, ഒപ്പം നിശ്ചയമായും കുഞ്ഞുണ്ണിയും.

ആരും ആഗ്രഹിക്കുന്നതും ആശിക്കുന്നതുമായ കച്ചവടമായിരുന്നു അത്‌. വിലപേശല്‍ ഒന്നുമില്ലാതെ. വിവിധ രാജ്യങ്ങളുടെ നാണ്യങ്ങളില്‍ക്കൂടി വിശ്വാസത്തിലര്‍പ്പിച്ച്‌ പണമിടപാട്‌ നടത്തിയതുകൊണ്ട്‌ സംഭവത്തിന്‌ ആകപ്പാടെ ഒരു ഡിജിറ്റല്‍ പരിവേഷവുമുണ്ടായി, അല്ലെങ്കില്‍ ക്രിപ്‌റ്റോക്കറന്‍സിയെന്ന അത്യാധുനികവും അതിരുകളില്ലാത്തതുമായ രൂപത്തിലോ?

കുടുംബത്തില്‍നിന്ന്‌ അവകാശമായി കിട്ടിയ പന്ത്രണ്ട്‌ ഏക്കര്‍ ഭൂമി അത്ര മനസ്സില്ലാതെ വില്‌ക്കണം. ഇരുന്നൂറു വര്‍ഷം, രണ്ടുനൂറ്റാണ്ടുകൊണ്ട്‌, പൂര്‍വ്വികന്മാര്‍ നേടിയത്‌. വെയിലിലും മഴയിലും നിന്ന്‌ നിരന്തരം അദ്ധ്വാനിച്ച്‌ നേടിയത്‌! ചെറുപ്പത്തില്‍ നേരില്‍ കണ്ടിട്ടുള്ള ചില കര്‍ഷകചിത്രങ്ങള്‍ വീണ്ടും തെളിഞ്ഞുവരുന്നു. കാളയും കലപ്പയും മുട്ടറ്റം ചേറും, ആവിനിറഞ്ഞ ഈര്‍പ്പം തിങ്ങിയ പകലുകളിലെ വിയര്‍ത്തൊഴുകുന്ന അര്‍ദ്ധനഗ്നശരീരങ്ങളും. പാടത്തെ, അദ്ധ്വാനത്തിന്റേതായ സമത്വം!

വക്കീലും എതിര്‍വക്കാലത്തുമൊക്കെയായി സ്വന്തം വീട്ടില്‍ത്തന്നെ കുറേക്കാലത്തേക്ക്‌ വാദപ്രതിവാദങ്ങള്‍ നടന്നു. വേണോ, വേണ്ടായോ?

വേണ്ടായോ, വേണാ?

അവിടെയും ഇവിടെയുമോ?

കാടാറുമാസവും നാടാറുമാസവുമോ?

വിന്റര്‍ സമ്മര്‍, മഴ വേനല്‍, എന്നിങ്ങനെ.

വിദേശത്ത്‌ കുടിയേറിയപ്പോള്‍, അവിടെ പൗരാവകാശം നേടിയപ്പോള്‍ മുന്‍പുണ്ടായിരുന്ന അവകാശങ്ങളും ആചാരങ്ങളും വഴുതിവീണുകൊണ്ടിരുന്നത്‌ അറിഞ്ഞതേയില്ല. പഴയ ഭൂമിയില്‍നിന്ന്‌ മെല്ലെ അകന്നു.

പുതിയ ലോകത്തിലേക്ക്‌ എടുത്ത്‌ എറിയപ്പെട്ടത്‌ പറിച്ചുനടുന്നതിന്റെ വേദനയില്ലാതായിരുന്നു. ചെറുപ്പത്തിന്റെ ആവേശത്തിനും സാഹസികതക്കും എന്നും പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ട്‌.

ക്രമേണ വെള്ളത്തിന്‌ ചൂട്‌ വര്‍ദ്ധിപ്പിച്ച്‌ തവളയെ കൊല്ലുന്നതുപോലുള്ള ഒരു പ്രക്രിയ! ആകര്‍ഷണീയങ്ങളായത്‌ സാവധാനം ഒന്നൊന്നായി സംഭവിച്ചുകൊണ്ടിരുന്നു, വേദനയില്ലാതെ. ടെലിവിഷന്‍, കാറ്‌, വീട്‌, ഒരിക്കലും തീരാത്ത മറ്റ്‌ ആഡംബരതകള്‍ എന്നിങ്ങനെ.

നിര്‍ബന്ധപൂര്‍വ്വങ്ങളായ മടങ്ങിപ്പോക്കുകളെല്ലാം മോഹങ്ങള്‍ അഭിനയിച്ചുകൊണ്ട്‌, അപ്പോള്‍, ഓര്‍മ്മയില്‍നിന്ന്‌ ചികഞ്ഞെടുക്കുന്ന പഴയ ഭൂമി-

മഴക്കാടുകളെ ഓര്‍മ്മിപ്പിക്കുന്ന ഭൂമി. ഈ മരങ്ങളെല്ലാം എവിടെനിന്നു വന്നു? പെരുമ്പാമ്പിനെപ്പോലെ മരത്തില്‍ ചുറ്റിയിരിക്കുന്ന വള്ളികള്‍. നിലത്ത്‌ മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ കീറിയ ചാലുകള്‍. അത്‌ നദീതീരംവരെയെത്തുന്നു.

താഴെ, താഴ്‌വരയില്‍നിന്ന്‌ നോക്കിയാല്‍ മേഘങ്ങള്‍ മാത്രം അതിര്‌. ഭൂമി മേലോട്ട്‌ കയറുന്നു, കുത്തനെ. അവിടെ ഭൂപ്രകൃതിതന്നെ മാറിയിരിക്കും. കടിച്ചുതിന്നാന്‍ മധുരമുള്ള കരിമ്പുമുതല്‍ കടിച്ചാല്‍ കട്ടുള്ള കപ്പവരെ വളരുന്നു!

മുന്‍പ്‌ നദിയായിരുന്നു പെരുവഴി. ഒരു കൊതുമ്പുവള്ളവുമായി ഇറങ്ങിയാലും മണിമലയുടെ അതിവേഗഒഴുക്കില്‍ക്കൂടി പമ്പയില്‍ക്കൂടി അങ്ങ്‌ വേമ്പനാട്ടുകായല്‍വരെയെത്തും. മേല്‍ക്കൂരതുറന്ന്‌, ഒരു റ്റൂ-സീറ്റര്‍-കാറുപോലെ, സമ്പന്നതയുടെ ആവിഷ്‌ക്കാരമായി ബന്ധുക്കളെല്ലാം തീരങ്ങളില്‍. പടികെട്ടിയിറക്കിയ കടവുകളില്‍ വള്ളം അടുപ്പിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക്‌ സമൃദ്ധിനിറഞ്ഞ കെട്ടുവള്ളങ്ങള്‍ വേറെയും.

കളരിക്കുറുപ്പന്മാരുടെ ഭൂമി കാരണവന്മാര്‍ തട്ടിയെടുത്തെന്നും അല്ലെന്നും! എന്നാല്‍ നേര്‌, നദീതീരങ്ങള്‍ക്കപ്പുറത്തും പറമ്പുണ്ടെന്ന്‌ രണ്ടുനൂറ്റാണ്ട്‌ മുന്‍പ്‌ ദേശപ്രഭുവായിരുന്ന കുറുപ്പ്‌ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട്‌ അതൊരു വല്ലാത്ത അറിവായിരുന്നു. അന്ന്‌ `കാഴ്‌ചകളിലും' കണക്കില്ലാത്ത പാട്ടവീതങ്ങളിലും ആയിരുന്നല്ലോ അവര്‍ക്ക്‌ താല്‌പര്യം. വഞ്ചിയടുപ്പിക്കുന്ന കടവിനപ്പുറത്തെ ലോകം അധികാരകേന്ദ്രങ്ങള്‍ക്ക്‌ ആവശ്യമില്ലായിരുന്നു. ആക്രമണം നടത്താന്‍ വരുന്നവര്‍ പെരുവഴിയില്‍ക്കൂടിയല്ലേ വരൂ.

വല്യപ്പൂപ്പന്മാര്‍ ഉരുണ്ടുകളിച്ചും അദ്ധ്വാനിച്ചും നേടിയത്‌ കുടുംബവഴിക്ക്‌ കാര്യമായ പ്രയത്‌നമില്ലാതെ പിന്‍തലമുറകള്‍ അനുഭവിക്കാന്‍ തുടങ്ങി. വിയര്‍പ്പൊഴുക്കിയ ജന്മിതലമുറകളില്‍ക്കൂടി നേര്‍മ്മയാക്കിയെടുത്ത ആര്‍ഭാടജീവിതം അപ്പച്ചനില്‍നിന്ന്‌ അവസാനമായി മകന്‍ ജോണിയില്‍വരെ!

ഇപ്പോള്‍ മറ്റൊരു മലക്കംമറിച്ചിലിന്‌ സമയമായിരിക്കുന്നു. എത്രയോ കാലമായി കുഞ്ഞുണ്ണിയുടെ കാരണവന്മാര്‍ അസൂയകൊണ്ടുകൊണ്ടിരുന്നത്‌ ഇന്ന്‌ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

ജന്മിത്വം അങ്ങനെയായിരുന്നു. ജന്മി കുടുംബത്തില്‍ വന്നു ജനിക്കണമെങ്കില്‍ മുന്‍ജന്മസുകൃതം പോലും. മറ്റുള്ളവര്‍ക്ക്‌ എത്ര അദ്ധ്വാനിച്ചാലും എല്ലുപൊട്ടുകയല്ലാതെ കരകയറ്റമില്ലായിരുന്നു. ജോണി അങ്ങനെ ജന്മിയായിപ്പിറന്നു, കുഞ്ഞുണ്ണിക്ക്‌ കഴിഞ്ഞില്ല. പക്ഷേ, അയാള്‍ക്കും സാമൂഹിക അംഗീകാരമുണ്ടായിരുന്നു, സമൂഹത്തില്‍ ഒപ്പം ഇരിക്കാനുള്ള അംഗീകാരം. ഇനിയും ധനംമാത്രമതി, ഒരു ഭാഗ്യമൊത്താല്‍, അല്ലെങ്കില്‍ മരുഭൂമിയിലെ സാഹസികതയിലേക്കും വാണിജ്യസംരംഭങ്ങളിലേക്കും ഒക്കെയൊന്ന്‌ തിരിഞ്ഞാല്‍, അതും ഇപ്പോള്‍ സംഭവിച്ചു!

കാലത്തിന്റെ കുത്തൊഴുക്കില്‍ സമൂഹം ഒന്നിളകി. ചിലര്‍ക്ക്‌ ഭൂമി വേണ്ടാതായി. നദിയെന്ന പെരുവഴിക്കു പകരം കരയില്‍ക്കൂടിയുള്ള വഴി പെരുവഴിയായി.

ഏറെ പണം നേടാന്‍, കൂടുതല്‍ സുഖത്തിന്‌, കെട്ടിക്കിടന്ന ജനം കടലും കടന്ന്‌ മനുഷ്യന്റെ എക്കാലത്തെയും ചരിത്രം ആവര്‍ത്തിച്ചുകൊണ്ട്‌ യാത്രയായി. പഴയ ഉദ്യാനമായ ഏദനില്‍നിന്ന്‌ കലഹിച്ചിറങ്ങിയതുപോലെ, പഴയ ആഗ്രഹാരമായ ഊരില്‍നിന്ന്‌ പ്രതീക്ഷിച്ചിറങ്ങിപ്പുറപ്പെട്ടതുപോലെ.

II

വാക്കുകള്‍ ഇടനിലക്കാരാകാന്‍ സമ്മതിക്കാതെ ജോണി കുഞ്ഞുണ്ണിയില്‍നിന്ന്‌ പണം സൂക്ഷിച്ചിരുന്ന മുഷിഞ്ഞ തുണിസഞ്ചി വാങ്ങി. ഒരു ചടങ്ങ്‌ എന്ന നിലയില്‍ ഔപചാരികമായി ഭാര്യയുടെ പക്കല്‍ കൊടുത്തിട്ട്‌ പറഞ്ഞു:

`എണ്ണിനോക്കുകയൊന്നും വേണ്ട, നമ്മുടെ കുഞ്ഞുണ്ണിച്ചേട്ടനല്ലിയോ തരുന്നത്‌...'

`വല്യതൊണ്ട്‌, ചിലപ്പോള്‍ ഇചിരെ കൂടുതലും...' കുഞ്ഞുണ്ണി അഭിമാനത്തോടെ കൂട്ടിചേര്‍ത്തു. `ഒന്നടിച്ചുപൊളിക്കാന്‍...' അയാള്‍ ഇത്രയും പറഞ്ഞുകൊണ്ട്‌ പൊട്ടിച്ചിരിച്ചു.

പൊടുന്നനെ വന്നുചേര്‍ന്ന സമ്പത്തില്‍ കുഞ്ഞുണ്ണിക്ക്‌ അല്‌പം അഹങ്കാരമുണ്ട്‌. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ജന്മിമാരോട്‌ അസൂയായിരുന്നു. ആ കുറവ്‌ പരിഹരിക്കാനാണ്‌ ചില സമര്‍ത്ഥമായ വിലപേശലുകളില്‍ക്കൂടി, ഇടപാടുകളില്‍ക്കൂടി വീണ്ടും വീണ്ടും പണം സമ്പാദിച്ചുകൊണ്ടിരിക്കുന്നത്‌. വിദേശത്ത്‌ കുടിയേറിയവര്‍ക്ക്‌ ഒരു മടങ്ങിവരവില്ലെന്ന്‌ അയാള്‍ മനസ്സിലാക്കി. അതുകൊണ്ട്‌ അവരെ സന്തോഷിപ്പിച്ചുകൊണ്ടുതന്നെ വസ്‌തുക്കള്‍ വാങ്ങിക്കൂട്ടുക, നിക്ഷേപസൗകര്യങ്ങളും സംഘടിപ്പിക്കുക. വ്വിന്‍ വ്വിന്‍!

അപ്പോള്‍ ജോണി തുടര്‍ന്നു:

`പാതി ഡിപ്പോസിറ്റ്‌ കൊടുക്കണം, മറ്റേപ്പാതി ചെലവിനും എപ്പോഴെങ്കിലും വേണ്ടിവരുന്ന അനന്തരകാര്യങ്ങള്‍ക്കും അവിടെത്തന്നെ ഏല്‌പിക്കാം.'

`ഓ, അപ്പച്ചനെ താമസിപ്പിക്കാന്‍, ആ അനന്തരം പ്രയോഗം നന്നായി, ആരും കേള്‍ക്കേണ്ട...' കുഞ്ഞുണ്ണി.

അപ്പോള്‍ അത്‌ പറയരുതായിരുന്നുവെന്ന്‌ ജോണിക്ക്‌ തോന്നി.

ഇതിനിടെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കുട്ടന്‍ മുറ്റത്തുകൂടി നടന്നുവന്നു. ചെരുപ്പില്ലാത്ത പാദം ചരലില്‍ മൃദുവായിരുന്നു, ഉറുമ്പനങ്ങുന്നതുപോലെ. കരികലപോലെ, പറന്നുനടക്കാവുന്ന ശരീരം. എങ്കിലും നിലം തൊടണമല്ലോ, അല്ലെങ്കില്‍ അത്‌ പ്രേതങ്ങള്‍ക്കുമാത്രം വിധിച്ചിട്ടുള്ളതാണ്‌.

പണ്ട്‌ ഇങ്ങനെയല്ലായിരുന്നു. കരിങ്കല്ലുപോലുള്ള പേശികള്‍,ഏതു മരത്തിലും വലിഞ്ഞുകേറാനുള്ള ധൈര്യം. അയാള്‍ക്ക്‌ ഒന്നും അസാദ്ധ്യമായിരുന്നില്ല.

കുട്ടന്‌ പ്രായം കണക്കിലെടുത്ത്‌ പഴയ നാട്ടുനടപ്പായി, ബഹുമാനമായി, ഒരു മൂപ്പന്‍ സ്ഥാനം കിട്ടേണ്ടതാണ്‌. ഇന്ന്‌ ആളുകള്‍ അതെല്ലാം മറന്നതുപോലെ. കാലം മാറിയപ്പോള്‍ ഒരു സമത്വം, എല്ലാ രംഗങ്ങളിലും.

അയാള്‍ അങ്ങനെയാണ്‌, അവിചാരിതമായി കടന്നുവരുന്നു. അതിനുള്ള സ്വതന്ത്ര്യമുണ്ട്‌, അല്ല പ്രേതംപോലെ എവിടെയും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം. അങ്ങനെയൊരാള്‍ ജീവിച്ചിരിക്കുന്നത്‌ ആരും കണക്കില്‍പ്പെടുത്താത്തതുകൊണ്ടുള്ള സ്വാതന്ത്ര്യവും.

ആ നാട്ടിന്‍പുറത്തിന്റെ മുന്‍കാലങ്ങളിലെ രീതികള്‍ക്കൊണ്ടാണ്‌, ഈ സന്ദര്‍ശനങ്ങള്‍ക്കൊണ്ടാണ്‌ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയുക. ഇന്നും പഴമക്കാര്‍ ആസ്വദിക്കുന്ന നിമിഷങ്ങള്‍.

എണ്‍പതുവയസു കഴിഞ്ഞപ്പോഴേക്കും അയാള്‍ക്ക്‌ ആഗ്രഹങ്ങള്‍ എല്ലാം നശിച്ചിരുന്നു. ഏറെ പണം കിട്ടിയിട്ടും കാര്യമൊന്നുമില്ല. ദിനംപ്രതിയുള്ള ഭക്ഷണം, അതെവിടെനിന്നെങ്കിലും. അതാതുദിവസത്തെ ഭക്ഷണത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയും ഭാരതീയചിന്തയായ വാനപ്രസ്ഥവുംകൂടിക്കലര്‍ന്ന ജീവിതമായിരുന്നു കുട്ടന്റേത്‌.

നിക്ഷേപങ്ങളെപ്പറ്റിയുള്ള ആധികാരിക ചര്‍ച്ചയ്‌ക്കാണ്‌ അവിടെ വിരാമമിടപ്പെട്ടത്‌. സമന്മാര്‍ ഉപയോഗിക്കുന്ന അര്‍ത്ഥംമുറ്റിനില്‌ക്കുന്ന, എന്നാല്‍ അര്‍ത്ഥശൂന്യമായ വാക്കുകള്‍ അപരിചിതര്‍ കേള്‍ക്കരുത്‌. ആര്‍ക്കും കച്ചവടരഹസ്യങ്ങള്‍ എറിഞ്ഞുകൊടുക്കരുത്‌.

അപ്പോള്‍ നിമിഷങ്ങള്‍ നിശ്ചലമായതുപോലെ!

കുട്ടന്റെ പഴയ ലോകവിജ്ഞാനത്തിന്‌ ഇന്നും കുറെയൊക്കെ പ്രസക്തിയുണ്ട്‌. അയാള്‍ ഒരിക്കല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു. അവര്‍ക്ക്‌ നിരന്തരമായി സ്റ്റഡി ക്ലാസുകള്‍ ഉണ്ടായിരുന്നത്രേ. മറിച്ച്‌ ഒന്നും പറഞ്ഞില്ലെങ്കിലും കേട്ടു മനസ്സിലാക്കാനുള്ള കഴിവ്‌ വികസിപ്പിച്ചിരുന്നുവത്രേ! അതിന്റെ ബാക്കിപത്രം ഓര്‍മ്മയിലെത്തുമ്പോള്‍ ചിലര്‍ക്കെങ്കിലും മനസ്സൊന്ന്‌ കാളും.

ജോണി സ്വരം താഴ്‌ത്തി: `ഒന്നു പതുക്കെപ്പറ, പുള്ളിക്കാരന്‍ കേക്കേണ്ട...' ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഒന്നും കാര്യമാക്കാത്തതുകൊണ്ട്‌ രസികത്വത്തിന്‌ ഭംഗം വന്നില്ല.

ഇതിനിടയില്‍ ജോണിയുടെ ഭാര്യ ലിസിയമ്മ നാട്ടുനടപ്പായി, മര്യാദയായി ചോദിച്ചു:

`കാപ്പി, ചായ...?'

വീണ്ടും ചോദ്യരൂപേണ: `വിത്തൗട്ട്‌...' അതായത്‌ വെള്ള ഷുഗര്‍ വേണോയെന്ന്‌, അതുമല്ലെങ്കില്‍ അസുഖത്തെപ്പറ്റി മധുരം നിറഞ്ഞ പഠനം. നാട്ടിന്‍പുറത്ത്‌ അങ്ങനെയാണ്‌. സമ്പത്തുള്ളവന്റെ ഒരു അടയാളം.

`ദൈവകൃപയാല്‍ അസുഖമൊന്നുമില്ല...' കുഞ്ഞുണ്ണിക്ക്‌ തന്റെ അരോഗാവസ്ഥ പ്രഖ്യാപിച്ചേ തീരൂ. അതിന്‌ മദ്ധ്യതിരുവിതാംകൂറിന്റെ തനതുരൂപമായ `കൃപയും' കൂടി വേണം. ദൈവവുമായി ഒരു പങ്കുവെക്കല്‍. അവര്‍ വര്‍ത്തമാനങ്ങളിലെല്ലാം ദൈവത്തെ കൂടെക്കൂട്ടുന്നവരാണ്‌. തങ്ങളുടെ നേട്ടങ്ങളെല്ലാം ദൈവത്തിന്റെ ദാനമെന്ന്‌ വിശ്വസിക്കുന്നു. അതിനു ചേരുംപടി വിവിധ വിശ്വാസവിഭാഗങ്ങളുടെ ദൈവസങ്കല്‌പങ്ങളെ ഒരുക്കി നിര്‍ത്തിയിട്ടമുണ്ട്‌.

പ്രധാന പാതയുടെ ഓരത്തുള്ള ആ ഭൂമി സ്വന്തമാക്കണമെന്നത്‌ പലരുടെയും ആഗ്രഹമാണ്‌.
വെറുതെ ജീവിക്കാന്‍ മാത്രമല്ല വീട്‌. വഴിപോക്കര്‍ അര്‍ദ്ധവിരാമമായി നിന്ന്‌ `ഇതാരുടേത്‌...' എന്ന്‌ ചോദിക്കുന്ന നിമിഷങ്ങള്‍ക്കുവേണ്ടിയാണ്‌ വീടുകെട്ടിയിട്ട്‌ കാത്തിരിക്കുന്നത്‌. ഒരു ഗുണനിരൂപണം പറയാന്‍ ജനത്തിന്‌ താല്‌പര്യം. ഉടമസ്ഥന്‌ അത്‌ കേള്‍ക്കാനും.

അതുതന്നെയായിരുന്നു കുഞ്ഞുണ്ണിയുടെയും സ്വപ്‌നം. മരുഭൂമിയില്‍ കിടന്ന്‌ അറഞ്ഞു പണിതപ്പോള്‍ ഉണ്ടായിരുന്ന സ്വപ്‌നം. തുടര്‍ന്ന്‌ കൈമാറ്റക്കച്ചവടങ്ങള്‍ നടത്തിയപ്പോഴത്തെ സ്വപ്‌നം, പാതയോരത്തെ കൊട്ടാരം, താഴെ പുഴയുടെ തീരത്തിന്റെ മനോഹാരിത നുകര്‍ന്നുകൊണ്ട്‌ വിദേശികള്‍ക്ക്‌ വാടകക്ക്‌ കൊടുക്കാന്‍ റിസോര്‍ട്ടുകള്‍.

നദിയിലേക്ക്‌ ഉന്തി നില്‌ക്കുന്ന പാറക്കെട്ടുകൊണ്ട്‌ ഒരു ഭ്രമാത്മകത സൃഷ്‌ടിക്കണമെന്ന്‌, ആരോടും പറഞ്ഞിട്ടില്ലാത്ത, ചിന്ത മനസ്സിന്റെ ഉള്ളിന്റെയുള്ളിലുണ്ട്‌.

അവിടെ മറ്റു ദേശക്കാര്‍ വന്നും പോയും ഇരിക്കുന്നതിന്റെ ചിത്രം അയാള്‍ സ്വപ്‌നത്തില്‍ വരച്ചു.

`കോണ്‍ട്രാക്‌റ്റ്‌ ആയോ, പണി തുടങ്ങാറായോ...?' സന്ദര്‍ഭത്തില്‍ ഒറ്റപ്പെടാതിരിക്കാന്‍ ലിസിയമ്മയും ഇടപെട്ടു.

`അതിനും ചില ചടങ്ങുകളൊക്കെയൊണ്ടല്ലോ, എല്ലാം അടുപ്പിച്ചിട്ടുണ്ട്‌. അച്ചന്‍വന്നൊന്ന്‌ കുരിശുവരയ്‌ക്കണം, അത്രതന്നെ... വീടിന്‌ സ്ഥാനം പുതുതായി വേണ്ട. അത്‌ നിങ്ങടെ കാര്‍ന്നോമ്മാര്‌ നേരത്തെ കണ്ടിട്ടൊണ്ട്‌. ഇവിടെത്തന്നെ...'

ജോണിക്ക്‌ ആ പ്രസ്‌താവന അഭിമാനമായി. പത്തിരുന്നൂറു വര്‍ഷംമുന്‍പ്‌ തന്റെ വല്യപ്പൂപ്പന്‍ കണ്ടെത്തിയ വീടിന്റെ സ്ഥാനം ഇന്നും അംഗീകരിക്കപ്പെട്ടിരിക്കുന്നു.

അത്‌, അങ്ങനെയാണ്‌, ശാസ്‌ത്രീയമാണ്‌, മാറ്റമില്ലാത്തതാണ്‌. അദൃശ്യശക്തികളില്‍നിന്ന്‌ രക്ഷനേടുമെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്നതാണ്‌. മൃഗങ്ങളുടെയും പക്ഷികളുടെയും കല്ലിന്റെയും കാറ്റിന്റെയും ആത്മാക്കള്‍ അന്തരീക്ഷത്തില്‍ ചുറ്റിനടക്കുകയാണ്‌. അവയെ സാന്ത്വനപ്പെടുത്തണം, അതിന്‌ ഭൂമിയുടെ ചെരിവും, കാറ്റിന്റെ ഗതിയും ദിക്കും എല്ലാം ചേര്‍ത്തുള്ള കണക്ക്‌. ഇരുന്നൂറു വര്‍ഷത്തെ ഐശ്വര്യം പൊളിച്ചുമാറ്രാന്‍ പുതുപ്പണക്കാരനായ കുഞ്ഞുണ്ണിക്കുപോലും ധൈര്യമില്ല. അല്ല, അയാള്‍ അതില്‍ അഗാധമായി വിശ്വസിക്കുന്നുമുണ്ട്‌, എല്ലാ ദേവസ്ഥാനങ്ങളിലും നേര്‍ച്ചയിടുന്ന ഒരു ശുദ്ധഗതിക്കാരനെപ്പോലെ.

തന്റെ പദ്ധതികള്‍ മറ്റാരും അത്രയൊന്നും ചര്‍ച്ച ചെയ്യാതിരിക്കനായിരിക്കാം കുഞ്ഞുണ്ണി ജോണിയിലേക്ക്‌ മടങ്ങിയെത്തിയത്‌.

`താനെന്താ ചെയ്യാന്‍ പോകുന്നെ. കാശില്ലേ കയ്യില്‍, ഒരു പടം പിടിക്ക്‌. ലോകം മുഴുവന്‍ ചുറ്റിനടന്ന്‌ അദ്ധ്വാനിച്ചിട്ടെന്താ ഗുണം. നാലു പേരറിയേണ്ടേ. പടമിറങ്ങുമ്പോള്‍ താനും തന്റെ ഭാര്യ ലിസിയമ്മേംകൂടി ആഘോഷമായിട്ട്‌ അങ്ങ്‌ നിക്ക്‌. പത്രക്കാരുവന്ന്‌ പൊലിപ്പിച്ചങ്ങ്‌ എഴുതിക്കോളും.'

ജോണി ഒന്നും മിണ്ടിയില്ല. അയാളും ആ വഴിക്കുതന്നെ ചിന്തിക്കുകയായിരുന്നു. കുഞ്ഞുണ്ണി അദ്ധ്വാനിച്ചു, ഇപ്പോള്‍ തന്റെ ഭൂമി കൈക്കലാക്കി. അവിടെ വലിയവലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, പുഴക്കരയില്‍ വിനോദത്തിന്‌ പാര്‍ക്ക്‌! താന്‍ ഇപ്പോഴും മാസച്ചെലവിന്‌, ഒരു നിമിഷം കുത്തിയിരിക്കാന്‍ നേരമില്ലാതെ പണിയെടുക്കുന്നു. കടിച്ചതുമില്ല പിടിച്ചതുമില്ല. കരിങ്കല്ലുകൊണ്ട്‌ വേണ്ടിവന്നാല്‍ ലോകാവസാനം വരെ നാശമില്ലാതെ നില്‌ക്കാവുന്ന വീട്‌ കളഞ്ഞിട്ട്‌ വീഞ്ഞപ്പെട്ടികൊണ്ടുള്ള വീട്ടിലാണ്‌ താന്‍ താമസിക്കുന്നത്‌. സര്‍വ്വ പുരോഗമന പ്രസ്ഥാനങ്ങളിലും വിശ്വസിച്ചെങ്കിലും ഒരു നിമിഷം തന്റെ ജന്മിത്വപാരമ്പര്യത്തിലേക്ക്‌ ജോണി മടങ്ങിപ്പോയി. തന്റേത്‌ ജന്മിമനസായിരുന്നു. ഏതാനും കോടി രൂപാകൊണ്ട്‌ അത്‌ അവസാനിപ്പിച്ചു. ജന്മിത്വത്തിന്റെ താങ്ങില്ലാത്ത സ്വയം കഴിവ്‌ തെളിയിക്കേണ്ട ലോകത്തിലാണ്‌ തന്റെ മകന്‍ ജീവിക്കാന്‍ പോകുന്നത്‌. മുതലാളിത്തത്തിലേക്കുള്ള ശോഭയാത്ര കണ്‍മുന്നില്‍ത്തന്നെ! ഭാവിയിലേക്ക്‌ അയാള്‍ നോക്കി. അതേ, ജന്മിത്വത്തില്‍നിന്ന്‌ മുതലാളിത്തത്തിലേക്ക്‌? തന്റെ മകനോ, കൊച്ചുമകനോ മടങ്ങി ഒരു സന്ദര്‍ശത്തിനു വരുമ്പോള്‍ കുഞ്ഞുണ്ണിച്ചേട്ടന്റെ പരമ്പരയില്‍പ്പെട്ടവരുടെ കൊട്ടാരങ്ങള്‍ നോക്കി അന്ധാളിച്ച്‌ നല്‌ക്കേണ്ടതായി വരുമോ?

ഓ, കുഞ്ഞുണ്ണിച്ചേട്ടനോ? ഇന്ന്‌ ചേട്ടന്‍ പ്രയോഗം പോയി അത്‌ അച്ചായനായി. ചേട്ടനില്‍നിന്ന്‌ അച്ചായനിലേക്കുള്ള മാറ്റം അംഗീകരിക്കാന്‍ കഴിയുന്നില്ല. ചേട്ടന്‍ ബഹുമാനമാണ്‌, അച്ചായന്‍ സ്വന്തമാണ്‌.

എത്രയോ തവണ കേട്ടിട്ടുള്ള കഥ. അഭ്യാസത്തിനം തിരുമ്മിനും തന്റെ വല്യവല്യ അപ്പൂപ്പന്മാര്‍ ഇവിടെ വരുമ്പോള്‍ അന്നത്തെ ഒരു `കുഞ്ഞുണ്ണിയപ്പൂപ്പനേം കൂട്ടിയത്രേ!'

തന്റെ അഭ്യാസികളും സമര്‍ത്ഥരുമായിരുന്ന വല്യപ്പന്മാര്‍ക്കുവേണ്ടി പച്ചമരുന്ന്‌ അരയ്‌ക്കാന്‍!

പാരമ്പര്യങ്ങള്‍ ഊതി വീര്‍പ്പിക്കാന്‍, സ്വയം ഊറ്റംകൊള്ളാന്‍ ഉണ്ടാക്കിയെടുത്തത്‌.

ജോണി കുഞ്ഞുണ്ണിയുടെ മുഖത്തേക്കുതന്നെ നോക്കി. അയാള്‍ മുഖം വിടര്‍ത്തി ചിരിക്കുന്നു. അവസാനം, ഭൂമി സ്വന്തമായതിന്റെ ഉള്ളിലൊതുങ്ങാത്ത ആനന്ദം. അയാള്‍ ജോണിയോടായി വീണ്ടും.

``ഭാര്യേം കൂട്ടി നിന്നൊരു പടം...''

അകത്ത്‌ അടുക്കളയില്‍ നിന്നിരുന്ന ലിസിയമ്മയ്‌ക്ക്‌ ഒറ്റപ്പെടാന്‍ പറ്റുകയില്ല. തന്റെ സംഭാവനകള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കിലും അറിയിക്കണം.

`വെതക്കാനൊരു കാലം കൊയ്യാനൊരു കാലം, കളയാനൊരു കാലം...'', തന്റെ വാക്കുകള്‍ ആര്‍ക്കും മനസ്സിലായില്ലെന്ന്‌ അവര്‍ക്ക്‌ അറിയാം. അത്‌ സ്വയം ആക്രോശങ്ങളായി മാറരുതല്ലോ. അതുകൊണ്ട്‌ അല്‌പംകൂടി വ്യക്തമായി തുടര്‍ന്നു: ``പിന്നെയേ, എത്രപേരുടെ മലോം മൂത്രോം കോരിയതാ... ഇപ്പോള്‍ ദൈവം തരുന്ന പ്രതിഫലമെന്ന്‌ കരുതിയാല്‍ മതി...'

ജോണിക്ക്‌ അറിയാമായിരുന്നു അത്‌ തന്റെ നേരെ എയ്‌ത ഒളിയമ്പായിരുന്നെന്ന്‌. പത്തുനാല്‌പതു വര്‍ഷം നേഴ്‌സിംഗ്‌ പ്രഫഷണനില്‍ പ്രവര്‍ത്തിച്ചവര്‍ സ്വന്തം ത്യാഗത്തെപ്പറ്റി ഉപയോഗിക്കുന്ന വാക്കുകള്‍.

`വെറുതെ കിട്ടിയതെന്ന്‌ കരുതേണ്ട, ഞാനും കഷ്‌ടപ്പെട്ടതുതന്നെയാ...' അത്‌ പറഞ്ഞില്ല, അയാള്‍ മനസ്സില്‍ ഓര്‍ത്തു. അന്യരുടെ മുന്നില്‍ ഭാര്യയുമായി ഒരു വാദപ്രതിവാദം അത്ര അഭികാമ്യമല്ല, അതുകൊണ്ട്‌ മൗനം. അവരുടെ നാക്കിനുമുന്നില്‍ താന്‍ ഒന്നുമല്ല. സത്യമല്ലേ?

അനുഗ്രഹം മടിയിലോട്ട്‌ വന്നങ്ങ്‌ വീഴുകയായിരുന്നു, തൊട്ടതെല്ലാം പൊന്നാക്കിക്കൊണ്ട്‌. അതില്‍ ഭാര്യയുടെ പങ്ക്‌ അംഗീകരിച്ചേ തീരൂ. പക്ഷേ, വീടിന്റെ മുന്നില്‍ക്കൂടി ഈ റോഡില്ലായിരുന്നെങ്കില്‍ ഏത്‌ പട്ടിയാ ഇങ്ങോട്ട്‌ തിരിഞ്ഞുനോക്കുന്നെ. മനുഷ്യര്‍ക്ക്‌ വന്നുപോകാന്‍ സൗകര്യംവേണം. എല്ല്‌ കുതിര്‍ന്നും കെടന്നു, നായ്‌ വിശന്നും നടന്നു!

റോഡിലോട്ടുനോക്കി ഈസിചെയറില്‍ ഇരിക്കാന്‍ തൊണ്ണൂറു വയസ്സു കഴിഞ്ഞ അപ്പച്ചന്‍ അപ്പോള്‍ പുറത്തേക്കുവന്നു, രണ്ടുപേരും, ജോണിയും കുഞ്ഞുണ്ണിയും, ഭവ്യത പാലിച്ച്‌ എഴുന്നേറ്റു, താഴെ പാതകത്തില്‍ ഇരുന്ന കുട്ടനും എഴുന്നേറ്റു, നാട്ടാചാരമനുസരിച്ച്‌.

പണമിടപാടുകളില്‍നിന്ന്‌ മാറ്റി നിര്‍ത്തപ്പെട്ട, വൃദ്ധന്‍ രംഗത്തേക്കുവന്നപ്പോള്‍ സംഭാഷണത്തിന്റെ ശൈലിതന്നെ മാറി, ഒരു ബ്രേക്കിട്ടതുപോലെ.

ഒരു നാടകത്തിലേതുപോലെ രംഗം മാറി. മനസ്സിലെ പൊങ്ങച്ചങ്ങള്‍ അലിഞ്ഞു. വലിയ സംഖ്യകളുടെ പൂജ്യങ്ങള്‍ അപ്രത്യക്ഷമായി അത്‌ ഒറ്റ അക്കത്തിലായി. പിന്നീട്‌ നേര്‍ത്തുവന്ന സംഭാഷണശൈലിക്ക്‌ മണ്ണിന്റെ നിറം.

III

പാതകത്തിന്‌ പല പടികളാണ്‌. കാലുവെച്ചു കേറാന്‍ മാത്രമല്ല, കുട്ടനേപ്പോലുള്ളവര്‍ക്ക്‌ ഇരിക്കാനും. കുട്ടന്‌ കൃത്യമായി അറിയാം ഏതു പടിയിലാണ്‌ ഇരിക്കേണ്ടുന്നതെന്ന്‌. അത്‌ യുഗങ്ങളായി അളന്നുകുറിച്ച്‌ വെച്ചിരിക്കുകയാണ്‌.

ഒരിക്കല്‍ കുട്ടനും വിശ്വസിച്ചിരുന്നു മാറ്റങ്ങള്‍ ഉണ്ടാകുമെന്ന്‌. എല്ലാം സംഭവിച്ചത്‌ മറ്റൊരു വഴിക്കായിരുന്നു. പ്രസംഗിച്ചും പറഞ്ഞും കേട്ടതുപോലെ ആയിരുന്നില്ല. പാരമ്പര്യത്തിന്റെ പടികള്‍ ഒന്നിനുമേലെ ഒന്നായി പഴമക്കാരുടെ മനസ്സില്‍ കോറിയിട്ടുകൊണ്ട്‌ അവിടെത്തന്നെ.

കുട്ടന്‍ ഓര്‍ത്തു, തന്റെ കൊച്ചുമോന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വന്നാല്‍ ഈ പടികള്‍ ചവുട്ടിക്കേറാം, പക്ഷേ, അവിടംവരെ മാത്രം, ജന്മികള്‍ ഇപ്പോള്‍ത്തന്നെ സമ്പത്തെല്ലാം വിറ്റിട്ട്‌ പഴയ പ്രതാപമില്ലാതെ അധികം ഉയരത്തില്‍ പറക്കുന്നു. തനിക്ക്‌ ഒരിക്കലും കയ്യെത്തിപ്പിടിക്കാന്‍ പറ്റുകേല. തനിക്ക്‌ ഒരിക്കലും മനസ്സിലാകാത്ത മാറ്റംമറിച്ചിലുകള്‍.

അപ്പച്ചന്‍ ചോദിച്ചു.

`വസ്‌തു വിക്കുകാ, അല്ലേ...?' മറുപടി പ്രതീക്ഷിച്ചില്ല, അയാള്‍ തുടര്‍ന്നു, ചുറ്റും നടക്കുന്നതെല്ലാം അംഗീകരിച്ചതുപോലെ: `ആയിക്കോട്ടെ, ആരു നോക്കി നടത്താന്‍...'

ഭാവഭേദമില്ലാതെയായിരുന്നു ആ പ്രസ്‌താവന. കാരണവര്‍ തുടര്‍ന്നു:

`ഇനിം സംഭവിക്കുന്നതൊന്നും കണക്കുകൂട്ടലില്‍പ്പെടുന്നതല്ല. നല്ലകാലത്ത്‌ വീടിനു മുന്നില്‍ക്കൂടി റോഡുവെട്ടിയതുപോലും തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ.'

അതൊരു ഭാഗ്യമായിത്തീര്‍ന്നെങ്കിലും തനിക്കത്‌ കഴിയാതിരുന്നത്‌ ഒരു പരാജയമായി. ഇന്നും അത്‌ മനസ്സില്‍നിന്ന്‌ മാറുന്നില്ല. ഈ ഇരിക്കുന്ന കുട്ടനോട്‌ തോറ്റു. ഒരു നിമിഷം കാലത്തിന്റെ ഒരു താള്‌ പിന്നോട്ട്‌ മറിച്ചു. താഴേക്കൂടി ഒഴുകുന്ന പുഴയായിരുന്നു ഐശ്വര്യം. ഭൂമിയുടെ ഉടമസ്ഥതയുടെ തിട്ടൂരം. അതേല്‍ക്കേറി ആരും അത്രപെട്ടെന്ന്‌ കളിക്കുകേലായിരുന്നു. പുഴയെന്ന പെരുവഴി വലിയ തറവാട്ടുകാരുടെ സ്വന്തം. ജന്മികളുടെ സ്വന്തം!

രാത്രി തോരാത്ത മഴ, ഇന്നലെയും അങ്ങനെയായിരുന്നു, മിനിഞ്ഞാന്നും, എട്ടുപത്തു ദിവസമായി. പടിഞ്ഞാറുനിന്ന്‌ വാലേ വാലേ വരുന്ന മേഘങ്ങള്‍, ഇരച്ചുകൊണ്ടുവരുന്നവ. ഞാറ്റുവേല! ഇന്നും മഴയുണ്ട്‌, ഞാറ്റുവേല?

മുതിര്‍ന്നവര്‍ അക്കാലത്ത്‌ പറഞ്ഞുകേട്ടത്‌:

നേരം പുലര്‍ന്നപ്പോള്‍ ചെമ്മണ്ണ്‌ നിറത്തിലുള്ള വെള്ളം താഴേപ്പുരയിടത്തില്‍ എത്തിയിരിക്കുന്നു. നദിയുടെ വളഞ്ഞുപോകുന്ന ഒഴുക്കിനനുസരിച്ച്‌ കിഴക്കുനിന്നും കടപുഴക്കിവരുന്ന മരങ്ങള്‍ പറമ്പിലേക്ക്‌ അടിച്ചുകയറി ഉടക്കിനില്‌ക്കും. വെള്ളപ്പൊക്കത്തില്‍നിന്നുള്ള അപ്രതീക്ഷിത ആദായം. പക്ഷേ, പേടിക്കണം, കിഴക്ക്‌ തലയില്‍ പൂവുള്ള പാമ്പുണ്ടത്രേ. അതു തലയുയര്‍ത്തി കൊത്താന്‍പാകത്തിനാണ്‌ വരുന്നത്‌. വിഷം ചീറ്റിയാലും മതി. തങ്ങളുടെ കൂടുപൊളിഞ്ഞതിന്റെ ദേഷ്യം തീര്‍ക്കുന്നത്‌ ആദ്യം കാണുന്ന മനുഷ്യനോട്‌.

ഇനീം സര്‍ക്കാരിന്‌ രഹസ്യസന്ദേശം കൊടുക്കുന്ന ഒറ്റുകാരും അറിയരുത്‌. അറിഞ്ഞാല്‍ അവര്‍ക്കുംവേണമൊരു പങ്ക്‌. കാട്ടുതടി സര്‍ക്കാര്‍ വകയാണ്‌.

വെള്ളം അല്‌പം താഴുമ്പോള്‍ കെട്ടുവള്ളക്കാരുടെ വരവായി, കിഴക്കിന്റെ സമൃദ്ധി പടിഞ്ഞാറെത്തിക്കാന്‍, ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍. വളഞ്ഞുകുത്തിയ കൂരയുള്ള വള്ളത്തില്‍ യാത്രയുടെ അടയാളമായി, മുന്നറിയിപ്പ്‌ നല്‍കാന്‍ റാന്തലുംതൂക്കി. മേലോട്ട്‌ പോകുന്നവര്‍ ഹോ...ഹോ...യും ഒഴുക്കിന്റെ സഹായത്തോടെ എതിര്‍ദിശയിലേക്ക്‌ തുഴയുന്നവര്‍ പോ...പോ...യും സൂചന മുഴക്കി.

കയത്തിന്റെയും ചുഴികളുടെയും മുന്നറിയിപ്പ്‌ വേറെ, അരൂപികളുടെ ഭീതിനിറഞ്ഞ കഥകള്‍ വിശ്രമവേളകളില്‍!

ആ ജീവിതമാ ഇവര്‍ നശിപ്പിച്ചത്‌. അതിന്‌ കാരണം ഈ റോഡും?

`ഈ വഴിവെച്ചാ ഇപ്പം നിങ്ങള്‍ കണക്ക്‌ കൂട്ടുന്നത്‌, അല്ലേ...?'

ജോണിയും കുഞ്ഞുണ്ണിയും മൗനമായിരുന്നു.

`ഇന്നത്തെ ഈ പെരുവഴി, ഈ റോഡ്‌...'

`അതാ അപ്പച്ചാ ഞാനും ചിന്തിച്ചെ...' കുട്ടന്‍, മറ്റൊരു ലോകത്തിലായിരുന്നു വിപ്ലവം. അയാളുടെ തലയില്‍ക്കൂടി ഒരു മുരളിച്ച. സാവധാനം തുടങ്ങിയ ചെണ്ടമേളം. കാലവര്‍ഷത്തിന്റേതുപോലുള്ള ആരവം. അടുക്കളയില്‍ പാത്രങ്ങള്‍ കിടുങ്ങുന്ന ശബ്‌ദം. ചട്ടീം കലോം.

നില്‌ക്കാത്ത കാഹളം മുഴക്കിക്കൊണ്ട്‌ റോഡില്‍ക്കൂടി വാഹനങ്ങളുടെ നിര. വാഹനങ്ങളുടെ വരവ്‌ അറിയിക്കുന്നത്‌ അങ്ങനെയാണ്‌.

അവിടെ ലോകം പലതായി പിരിഞ്ഞു!

ഓരോരുത്തരും തങ്ങളുടെ ലോകത്തിന്റെ ചിത്രം മനസ്സില്‍ വരച്ചു.

IV

കുട്ടന്‍, അയാളും കഴിഞ്ഞ കാലങ്ങളിലേക്ക്‌ മടങ്ങിപ്പോകുകയായിരുന്നു.

അന്ന്‌ സഖാവ്‌ കൃഷ്‌ണന്‍ ഓര്‍മ്മിപ്പിച്ചു. ഇത്‌ വിപ്ലവത്തിന്റെ തുടക്കമാണ്‌. ഭൂമി ജന്മിയുടേതല്ല, ജന്മിമാര്‍ കരുതുന്നത്‌ ഒരു പ്രമാണം ഉണ്ടാക്കിയിട്ട്‌ ഭൂമി തങ്ങളുടേതാണെന്ന്‌. ഭൂമി എന്നും സര്‍ക്കാരിന്റേതാണ്‌. ഇന്ന്‌ സര്‍ക്കാര്‍ നമ്മുടേതല്ല, അത്‌ നമ്മുടേതായി മാറ്റിയെടുക്കണം. അതുകൊണ്ട്‌ ജനങ്ങളുടെ അവകാശം ഒന്നുകൂടി ഊന്നിപ്പറയാനാണ്‌ നമ്മള്‍ റോഡുണ്ടാക്കുന്നത്‌. ജനത്തിന്‌, ആരുടെയും ഓചാരമില്ലാതെ എവിടെയും നടക്കാന്‍. ജനം നമ്മുടെ ഒപ്പമാണ്‌.

നാളെ ജനങ്ങളുടെ വിപ്ലവം തുടങ്ങാന്‍ സഖാവ്‌ കുട്ടനാണ്‌ ആദ്യം എത്തേണ്ടത്‌. നീളമുള്ള ഒരു കത്തിയും കരുതിക്കൊള്ളണം. കുത്താനും വെട്ടാനുമല്ല. ഒന്ന്‌ പേടിപ്പിക്കാന്‍, വിപ്ലവത്തിന്റെ പ്രതീകമായി.

പിന്നെ ഒരു ചെണ്ടക്കാരന്‍ വരുന്നു, അരമണിക്കൂറിനകം ആദ്യത്തെ ഇങ്കിലാബ്‌ മുഴങ്ങും. വര്‍ദ്ധിച്ച മേളങ്ങള്‍ക്കിടയില്‍ ഇങ്കിലാബ്‌ സിന്ദാബാദ്‌ വിളികള്‍ക്കിടയില്‍ പ്രതിഷേധം വിലപ്പോകില്ല. വൈകുന്നേരം ആകുമ്പോഴേക്കും ജന്മിയുടെ പറമ്പില്‍ക്കൂടിയുള്ള വഴി പൂര്‍ത്തിയായിരിക്കും.

അവസാനമായി സഖാവ്‌ കൃഷ്‌ണന്‍ പറഞ്ഞു:

കുട്ടനാണ്‌ നേതാവ്‌. പതറരുത്‌. ചില അവസരങ്ങളില്‍ അരയില്‍ തിരുകിയിരിക്കുന്ന കത്തിയിലേക്ക്‌ ഗൗരവപൂര്‍വ്വം നോക്കണം. അതു കാണുന്നവര്‍ ഞെട്ടും, പേടിക്കും. നമ്മുടേത്‌ സായുധ വിപ്ലവമാണ്‌. ഇപ്പോഴല്ല, അതിന്‌ സമയമാകുമ്പോള്‍. വിപ്ലവത്തില്‍ക്കൂടിയല്ലാതെ ആരും അധികാരം പിടിച്ചെടുത്തിട്ടില്ല, ചോര ചീന്താതെയും. കര്‍ഷകരും തൊഴിലാളികളും അവസാനം ജയിക്കും.

കുട്ടന്‍ ഓര്‍ത്തു അന്നത്തെ സ്റ്റഡി ക്ലാസുകള്‍. ഭംഗിയായി വെട്ടി നിറുത്തിയ ദീക്ഷയുള്ള മാര്‍ക്ക്‌സിന്റെ ചിത്രം ഓര്‍മ്മയുണ്ട്‌. പിന്നെ ഗൗരവംമുറ്റിനിന്നിരുന്ന മുഖമുള്ള സഖാവ്‌ സ്റ്റാലിന്‍.

സഖാവ്‌ കൃഷ്‌ണന്‍ വാതോരാതെ വരാന്‍പോകുന്ന നല്ല ദിനങ്ങളെപ്പറ്റി പറയും. നമ്മളാണ്‌ അദ്ധ്വാനിക്കുന്നവരെന്ന്‌ പറയും. സത്യമല്ലേ. ദമോദരപ്പണിക്കര്‍, വറീച്ചന്‍ ജന്മിമാര്‍ വരമ്പത്ത്‌ നോക്കി നില്‌ക്കുമ്പോള്‍ താനാണ്‌ കൂന്താലിയെടുത്ത്‌ കിളക്കുന്നത്‌. അത്‌ അങ്ങനെയാണെന്നായിരുന്നു ചിന്ത. വിധിപോലും. സഖാവ്‌ കൃഷ്‌ണന്‍ പറഞ്ഞു അങ്ങനെയല്ലെന്ന്‌, എല്ലാവര്‍ക്കും തുല്യ അവകാശമാണെന്ന്‌. ആ അവകാശത്തിനാണ്‌ ലെനിനും സ്റ്റാലിനും പ്രയത്‌നിച്ചത്‌.

V

ഇന്നും ഓര്‍ക്കുന്നു. നേര്‍ത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. സഖാവിന്റെ നിര്‍ദ്ദേശപ്രകാരം അതിരാവിലെതന്നെയെത്തി. രാവിലെ പാടത്ത്‌ പണിയെടുക്കാന്‍ പോകുന്ന അമ്മണി ചോദിച്ചു `എന്താ, കുട്ടന്‍ചേട്ടാ കത്തിയും തിരുകി ഇത്ര വെളുപ്പിനെ.'

വിപ്ലവം തുടങ്ങാന്‍ പോകുകയാണെന്നും പറഞ്ഞ്‌ ഒരു പ്രസംഗം ചെയ്‌താല്‍ കൊള്ളാമെന്നുണ്ട്‌. പക്ഷേ, പറഞ്ഞില്ല. ആരും അറിയരുത്‌.

`ഓ, ചുമ്മാ...'

അവളൊന്ന്‌ പുഞ്ചിരിച്ചു. അവളുടെ വര്‍ത്തമാനത്തില്‍ ഒരു കൊഞ്ചലുണ്ട്‌. `വേണ്ട, പറയേണ്ട...'

പരിഭവം.

പിണങ്ങിയോ, അവള്‍ തന്റെ സ്വന്തമാകുമെന്ന സ്വപ്‌നത്തില്‍ ഒരു കല്ലുകടിയോ. അങ്ങനെ സ്വന്തമാകുകയാണെങ്കില്‍ ഈ വിപ്ലവം അവളുംകൂടി അറിയേണ്ടതല്ലേ. തന്റെ നേട്ടങ്ങള്‍!

അന്നൊരിക്കല്‍ ഒരു നാടകം കളിക്കുന്നുണ്ടായിരുന്നു, അത്‌ മുഴുവന്‍ അവള്‍ കണ്ടു.

താനോ, അത്‌ വലിയ നാടകമാണെന്ന്‌ കേട്ടു. `നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' സ്വന്തം നാടകമല്ലിയോ. അന്നും ആ കത്തിയുമായി പുറത്തു നില്‌ക്കുകയായിരുന്നു, വലിയ ആളുകള്‍ വരുന്നതാ, അവരെ സംരക്ഷിക്കണം. അതുകൊണ്ട്‌ നാടകം കണ്ടില്ല. പക്ഷേ കഥ പറഞ്ഞുകൊടുക്കാന്‍ പഠിച്ചു, കേട്ടുകേട്ട്‌.

`വാതില്‌ക്കല്‍ ആരാ നിക്കുന്നെ...?'

`കുട്ടന്‍...' സഖാവ്‌ കുട്ടന്‍ വാതില്‌ക്കലുണ്ടെങ്കില്‍ എല്ലാം സുരക്ഷിതം.

നാടകം കഴിഞ്ഞ്‌ ജനം പുറത്തേക്ക്‌ പോകുമ്പോള്‍ കൂട്ടത്തില്‍ അമ്മിണിയും, നേരിയ പുഞ്ചിരി, ഗാനത്തിന്റെ ഈരടികള്‍ ചുണ്ടിലുള്ളതുപോലെ!

പ്രായോഗിക വിപ്ലവത്തിന്റെ തുടക്കത്തിലേക്ക്‌ മനസ്സ്‌ മടങ്ങി, ചെണ്ടക്കാര്‍ ഓരോരുത്തരായി വരും. ഒരു മുരള്‍ച്ചയോടെ വിപ്ലവം. ആദ്യത്തെ ഇങ്കിലാബ്‌ വിളിക്കുമ്പോള്‍ വറീച്ചനെന്ന ജന്മിയും ഭാര്യയും പുറത്തേക്ക്‌ നോക്കും.

പറമ്പിന്റെ ഒത്ത നടുക്കൂടെ റോഡു വെട്ടുന്നു.

`ആരെടാ, നിര്‍ത്തെടാ...' തുടങ്ങിയ അട്ടഹാസങ്ങള്‍ വിപ്ലവാരവങ്ങള്‍ക്കിടയില്‍ അലിഞ്ഞില്ലാതാവും.

കാഴ്‌ചക്കാരിയായി, സാക്ഷിയായി അമ്മിണിയും അവിടെയുണ്ടായിരിക്കണമെന്ന്‌ ആഗ്രഹിച്ചു. അവള്‍ പറയുമായിരിക്കും എന്റെ ചക്കരമാവ്‌ പെടത്തരുതേന്ന്‌. അക്കാലത്ത്‌ അങ്ങനെയായിരുന്നു, മാമ്പഴം എവിടെയാണെങ്കിലും എല്ലാവര്‍ക്കും സ്വന്തം.

പക്ഷേ, വിപ്ലവം തുടങ്ങുകയാണ്‌. അവിടെ പെട്ടന്ന്‌ വീഴുന്നത്‌ പ്രിയപ്പെട്ടതൊക്കെയാണ്‌. അദ്ധ്വാനിക്കുന്ന ജനത്തിന്റെ അധികാരത്തിനുവേണ്ടി പ്രിയപ്പെട്ടത്‌, അത്‌ എന്തായാലും ഉപേക്ഷിച്ചേ തീരൂ. അമ്മിണിയും ചക്കരമാവും എല്ലാം അതില്‍പ്പെടും. ഇതെല്ലാം സഖാവ്‌ കൃഷ്‌ണന്‍ പറഞ്ഞതാണ്‌.

സഖാവ്‌ കൃഷ്‌ണന്‌ വീടില്ല. നാട്‌, അതേതാണെന്ന്‌ ആരും ചോദിച്ചിട്ടില്ല. ഉറങ്ങുന്നത്‌ പാര്‍ട്ടി ഓഫീസില്‍ത്തന്നെ. ആര്‌ എന്ത്‌ സംഭാവന കൊടുത്താലും കണക്കെഴുതി ഉടനെ രസീത്‌ കൊടുക്കും ഒന്നും സ്വന്തമാകാന്‍ പാടില്ല. എല്ലാം സമൂഹത്തിന്റേതാണ്‌.

സഖാവ്‌ ഒരിക്കല്‍ പറഞ്ഞു.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ വരാന്‍ പോകുന്നു. ഈ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ദാമോദരപ്പണിക്കരാണ്‌. പണിക്കര്‍ ജന്മിയാണ്‌, മൂരാചിയാണ്‌.

തന്റെ നേര്‍ക്ക്‌ തിരിഞ്ഞ്‌ സഖാവ്‌ ഒരു ചോദ്യം.

സഖാവ്‌ കുട്ടന്‌ അയാളെ എതിര്‍ക്കാമോ? ചെലവിന്റെ കാര്യം മറക്ക്‌. പാര്‍ട്ടിയാണ്‌ കുട്ടന്റെ പിന്നിലുള്ളത്‌. ലോകം മുഴുവനുള്ള തൊഴിലാളികക്ഷി. എല്ലാം ഉല്‌പാദിപ്പിക്കുന്നവരുടെ കക്ഷി. ആരാ നെല്ലു വിളയിക്കുന്നെ, ഈ വറീച്ചനോ ചെറിയാച്ചനോ പണിക്കരച്ചനോ കുറുപ്പോ? അല്ലല്ലോ? അദ്ധ്വാനിക്കുന്നവര്‍ക്കെവിടെ പരാജയം? തിരിച്ചടികള്‍ ഉണ്ടാകാം, എന്തായാലും അവസാന വിജയം നമ്മുടേതാണ്‌.

കഴിവില്ല,

എന്നാല്‍ കഴിവുണ്ടായാലോ?

നേതാക്കന്മാരുടെ ഒപ്പം, ജന്മിമാരുടെ ഒപ്പം അദ്ധ്വനിക്കുന്നവരും കസേര പിടിച്ചിട്ട്‌ ഇരിക്കുന്ന കാലം വരും.

അന്ന്‌,

ഉറക്കത്തില്‍പ്പോലും സ്വപ്‌നം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പായിരുന്നു. സുഖമുള്ള സ്വപ്‌നം.

അവള്‍ നടന്നു.

അയാള്‍ നോക്കിനിന്നുപോയി. അതൊരു രസമായിരുന്നു. ഒരു നിമിഷത്തേക്ക്‌ വിപ്ലവം മറന്നു.

ചെണ്ടക്കാര്‍ എതിരെ വരുന്നുണ്ടായിരുന്നു. ശ്രദ്ധ ക്ഷണിക്കാനാണെന്ന്‌ തോന്നുന്നു ചെണ്ട ഒന്ന്‌ അനങ്ങി.

അവളില്‍ സൃഷ്‌ടിച്ച അരോചകത്വം ചെണ്ടക്കാരുടെ താളത്തിന്‌ വേഗം കൂട്ടി. പിന്നീട്‌ നടപ്പിന്റെ താളത്തിനൊത്തായി മേളം.

ഇതെങ്ങനെ മേളക്കാര്‍ക്ക്‌ കഴിയും. അവളുടെയും ചെണ്ടയുടെയും താളം ഒരുമിച്ച്‌ ശ്രദ്ധിച്ചപ്പോള്‍ തോന്നി.

VI

നാട്ടുകാര്‍ ഒത്തുകൂടിയപ്പോഴേക്കും പുതിയ വഴി തുറന്നു.

ചക്കരമാവ്‌ വീണപ്പോള്‍ ഇത്‌ വേണ്ടായിരുന്നോ എന്ന്‌ തോന്നി. പക്ഷേ, വിപ്ലവം, ദ്വന്ദ്വാത്മകഭൗതികവാദത്തിന്റെ അടിസ്ഥാനത്തിലാണ്‌ ക്രമേണ പുരോഗമിക്കുന്നത്‌, അതിനൊപ്പം നില്‌ക്കുന്നതാണ്‌ തന്റെ കടമ. ആ വാക്ക്‌ ഓര്‍മ്മയില്‍നിന്നെത്തി. സഖാവ്‌ കൃഷ്‌ണന്‍ ഉപയോഗിച്ചിരുന്നത്‌. അന്നൊക്കെ അതു പറയാന്‍ പഠിച്ചു. എന്നാല്‍ സഖാവ്‌ കുര്യാച്ചന്‍ അങ്ങനെയൊരു വാക്ക്‌ പറഞ്ഞിട്ടേയില്ല.

അന്നൊരിക്കല്‍ സഖാവ്‌ കൃഷ്‌ണന്‍ പറഞ്ഞു, നാളെ മുതല്‍ താനിവിടെ ഇല്ലെന്ന്‌. ആദ്യം അതൊന്നും മനസ്സിലായില്ല. തമാശ, പക്ഷേ, അത്‌ കാര്യമായിരുന്നു. സഖാവ്‌ കൃഷ്‌ണന്‍ പോയിക്കഴിഞ്ഞു.

പകരം സഖാവ്‌ കുര്യാച്ചന്‍ എത്തി. അയാള്‍ അധികമൊന്നും സംസാരിക്കുകയില്ല. ലേശം താടി വളര്‍ത്തി, നടക്കുമ്പോള്‍ ചട്ടുകാലുള്ള കുര്യാച്ചനെ എങ്ങനെ മറക്കും.

ഒരു ദിവസം സ്റ്റഡിക്ലാസില്‍ തേച്ചുമിനുക്കി ഉടുപ്പിട്ട ഒരു ചെറുപ്പാക്കാരനും കൂടെ വന്നു.

വിനയന്‍.

അയാള്‍ ഒത്തിരി പഠിത്തമുള്ള ആളായിരുന്നത്രേ.

കുര്യാച്ചന്‍ പരിചയപ്പെടുത്തി. വിനയന്‍ ബി.എ. ഓണേഴ്‌സ്‌. കോളജ്‌ അദ്ധ്യാപകന്‍. പഠിപ്പുള്ളവരെല്ലാം കോണ്‍ഗ്രസുകാരാന്നാ വിചാരിച്ചെ. കമ്മ്യൂണിസ്റ്റുകാര്‍ തൊഴിലാളികളും. പിന്നെ കൃഷ്‌ണനെപ്പോലെയും കുര്യാച്ചനെപ്പോലെയും പാര്‍ട്ടിയെപ്പറ്റി പറയാന്‍ കഴിവുള്ളവരും!

വിനയന്റെ പ്രസംഗം ഒന്നും മനസ്സിലായില്ല. മലയാളവും സംസ്‌കൃതവും ഇംഗ്ലീഷും കലര്‍ത്തി അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഇടയ്‌ക്ക്‌ വൈരുദ്ധാത്മകഭൗതികവാദം എന്ന്‌ പറഞ്ഞപ്പോള്‍ സംശയം തോന്നി. സഖാവ്‌ കൃഷ്‌ണന്‍ പറഞ്ഞത്‌ അങ്ങനെയല്ലല്ലോ. ചോദിക്കാന്‍ അന്ന്‌ ധൈര്യമുണ്ടായിരുന്നു. താന്‍ ഒരു വാക്കേ സംശയമായി പറഞ്ഞൊള്ളൂ. ദ്വന്ദാത്മക...''

വിനയന്‍ തുറന്നു ചിരിച്ചു. അയാള്‍ തുടര്‍ന്നു.

ഒരിക്കല്‍ അങ്ങനെയായിരുന്നു. പക്ഷേ, സഖാവ്‌ ഇ.എം.എസ്‌.അത്‌ തിരുത്തി ഇങ്ങനെയാക്കി. വൈരുദ്ധാതമ്‌...

എന്തോ ഒരു പന്തികേട്‌. രണ്ടു വാക്കും മനസ്സിലായില്ല.

പിന്നെ എല്ലാം മറന്നു. അത്‌ ഉച്ചരിക്കാന്‍പ്പോലും മറന്നു.

മനസ്സില്‍ ഓര്‍ത്തുകൊണ്ടിരുന്നത്‌. റോഡു വെട്ടിയ കഥയായിരുന്നല്ലോ.

ജന്മിയച്ചന്റെ വീട്‌ മൂകമായിരുന്നു. പ്രതീക്ഷിച്ച ശബ്‌ദകോലാഹലങ്ങളോ അലമുറയോ ഉണ്ടായില്ല. ചക്കരമാവ്‌ വീണപ്പോള്‍ സ്വന്തം മനസ്സ്‌ വേദനിച്ചോ.

പത്തുനൂറുപേരുകൂടി വീട്‌ ആക്രമിക്കുമോ എന്നായിരുന്നിരിക്കണം ജന്മിയച്ചന്റെ പേടി.

വൈകുന്നേരം പുതിയ വഴിയുടെ ഉദ്‌ഘാടനത്തിന്‌ പറഞ്ഞ്‌ ഏര്‍പ്പെടുത്തിയതുപോലെ ഏതാനും കാളവണ്ടികളെത്തി. പുതിയ വഴിയില്‍ക്കൂടി ആരവത്തോടെ ഓടിക്കാന്‍. നേട്ടം ആഘോഷിക്കാന്‍ സഖാവ്‌ കൃഷ്‌ണനും.

വിപ്ലവത്തിന്റെ വിജയം.

അന്നാണ്‌ കൃഷ്‌ണന്‍ പറഞ്ഞത്‌ ദാമോദരപ്പണിക്കര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ നില്‌ക്കണമെന്ന്‌. ഏതാണ്ടൊക്കെ സമ്മതിച്ചു, സ്വപ്‌നവും കാണാന്‍ തുടങ്ങി.

അപ്പോഴല്ലേ കുര്യാച്ചന്‍ വന്നത്‌, വിനയന്‍ വന്നത്‌.

ദാമോദരപ്പണിക്കര്‍ക്ക്‌ എതിരായി വിനയന്‍ മത്സരിച്ചു. ജാഥയുടെ മുന്നില്‍നിന്ന്‌ മുദ്രാവാക്ക്യം വിളിക്കാന്‍ താനുണ്ടായിരുന്നു.

ഇങ്കിലാബ്‌, സിന്ദാബാദ്‌.

കുറേക്കഴിഞ്ഞപ്പോള്‍ വാക്കുകള്‍ക്ക്‌ അര്‍ത്ഥമില്ലാതായി. എന്തിനാ അര്‍ത്ഥം അറിയുന്നത്‌. ശബ്‌ദത്തിന്‌ അങ്ങനെ അര്‍ത്ഥമുണ്ടോ?

കേട്ടാല്‍ മുതലാളിമാരും ജന്മിമാരും ഞെട്ടും. വാക്കുകളുടെ പിന്നിലുള്ള മുഴക്കത്തിനാണ്‌ അര്‍ത്ഥം.

പിന്നെ നല്ലകാലം വരുണമെന്ന ആഗ്രഹവും. സമത്വസുന്ദരമായ ഒരു നാളെ...

വിനയന്‍ തോറ്റു.

പാര്‍ട്ടി ഓഫീസ്‌ ആരോ ആക്രമിച്ചു. പോലീസ്‌ അറിഞ്ഞതേയില്ല. കുര്യാച്ചനെ കാണാനില്ലാതായി. സ്റ്റഡിക്ലാസുകള്‍ മുടങ്ങി.

വിനയന്‍, അയാളുടെ ജോലിയിലേക്ക്‌ മടങ്ങിപ്പോയി.

അന്നാണ്‌, ആരോടും പറയാതെ വണ്ടികേറി ഒരു സ്വയം നാടുകടത്തലായി താനും മലബാറിലേയ്‌ക്ക്‌ പോയത്‌. അമ്മിണിയോടുപോലും പറയാതെ. അല്ലെങ്കില്‍ എന്തിന്‌ പറയണം. അമ്മിണി ആരാണ്‌?

VII

ലിസിയമ്മ കാപ്പി കപ്പിലേക്ക്‌ പകരുകയായിരുന്നു. അപ്പച്ചന്‌ കട്ടന്‍. കുഞ്ഞുണ്ണിക്ക്‌ നേരെയുള്ള മധുരം, ജോണിക്കാണെങ്കില്‍ പ്രിയപ്പെട്ട സ്‌പ്ലന്‍ഡ പ്രത്യേകം കരുതിയിരുന്നു. ഒരു പ്രതിരോധം!

കുട്ടന്‌ എന്തായാലും വേണ്ടില്ലായിരിക്കാം. പരാതിയില്ല, എന്നാലും ഒരന്വേഷണം മര്യാദയാണ്‌.

പശുവിന്‍ പാല്‌ ചേര്‍ത്ത്‌ നിറംമാറ്റിയ കാപ്പി ഉയര്‍ത്തി പകര്‍ന്ന്‌ പതവരുത്തി. നാടന്‍ പൊടിക്കാപ്പിയുടെ കറുത്ത തരികള്‍ അരിപ്പയെ വെട്ടിച്ച്‌ പൊങ്ങിക്കിടന്നു. നാട്ടില്‍ വരുമ്പോള്‍ സ്വന്തം പറമ്പില്‍ വളര്‍ന്ന കാപ്പിച്ചെടിയില്‍നിന്നെടുത്തതുതന്നെയാണ്‌ രുചികരം. നാടന്‍ രീതികള്‍!

പറമ്പും വീടും കച്ചവടം നടത്തിയതിന്‌ കിട്ടിയത്‌ എത്രയെന്ന്‌ ലിസിയമ്മ ചോദിച്ചില്ല. പ്രതീക്ഷിക്കാതെ വന്നുചേര്‍ന്നതാണ്‌.

അവര്‍ മനസ്സില്‍ ഓര്‍ത്തു, തനിക്കും ചില ആവശ്യങ്ങളുണ്ട്‌. ഇല്ലെങ്കിലും അത്‌ ഉണ്ടാക്കിയെടുക്കും. അതാണ്‌ നിലനില്‌പ്‌. ആവശ്യങ്ങള്‍ വീണ്ടും വീണ്ടും പറയുമ്പോഴാണ്‌ ശ്രദ്ധ കിട്ടുന്നത്‌.

ഒന്ന്‌, മെഴ്‌സഡീസ്‌ ബെന്‍സിന്റെ ഒരു വാന്‍. പള്ളിയിലെയും മലയാളിക്കൂട്ടങ്ങളിലെയും ഏറ്റവും പുതിയ കൗതുകം അതാണ്‌.

അവിടെ ചിലരുടെ നിശബ്‌ദമായ ഡംഭ്‌, മറ്റു ചിലര്‍ക്ക്‌ പിറുപിറുക്കലും. അവരുടെ മുന്നില്‍ ഒന്ന്‌ തലഉയര്‍ത്തണം.

ജോലിയില്‍ ആയിരം കാറുകള്‍ക്കിടയില്‍ ഒന്നും ശ്രദ്ധയില്‍പ്പെടുകയില്ല. അഥവാ ഒരു ബെന്‍സ്‌ വാങ്ങിയെന്നു പറഞ്ഞാലോ `ഇറ്റീസ്‌ ഗുഡ്‌ ഫോര്‍ യൂ...' എന്നായിരിക്കും മറുപടി.

തന്റെ അഭിമാനത്തിന്റെ പ്രശ്‌നങ്ങളിലേക്ക്‌ ഒന്ന്‌ എത്തി നോക്കാന്‍ പോലും ജോണിക്ക്‌ നേരമില്ല. കമ്പനി ഓഹരികളോ മറ്റോ വിറ്റ്‌ ലാഭം കിട്ടുമ്പോള്‍ പ്രഖ്യാപിക്കും.

കൊറേ കാശുണ്ടാക്കി!

പക്ഷേ, എത്രയെന്ന്‌ പറയില്ല. ആഘോഷമായി ഒരു പീസ്സാ ഓര്‍ഡര്‍ ചെയ്യും. അതു കൊണ്ടുവരുന്നവന്‌ ടിപ്പും കൊടുക്കും. പിന്നെ ലാഭം പ്രഖ്യാപിക്കുന്നത്‌ നാല്‌ക്കവലകളില്‍ `വര്‍ക്ക്‌ ഫോര്‍ ഫുഡ്‌' എന്ന ബോര്‍ഡും പിടിച്ചു നില്‌ക്കുന്നവര്‍ക്ക്‌ ഒരു ഡോളര്‍ കൊടുക്കുമ്പോഴാണ്‌. അത്‌ വലിയ ദാനധര്‍മ്മമായിട്ടാണ്‌, പ്രച്ഛന്നവേഷക്കാരനായ ദൈവത്തിന്‌ കൊടുക്കുന്നതായിട്ടാണ്‌, കണക്കുകൂട്ടല്‍!

ഒരു ബെന്‍സ്‌, പിന്നെ ഒരു യൂറോപ്യന്‍ ടൂര്‍. അല്ലെങ്കില്‍ ചൈനായിലേക്ക്‌. റഷ്യയും ചൈനയുമാണ്‌ ഇന്നത്തെ ഫാഷന്‍. ഹോളിലാന്റും ഇറ്റലിയും പഴഞ്ചനായി. കരീബിയന്‍ ക്രൂയ്‌സ്‌ ഒരു തലമുറ മുന്‍പായിരുന്നു.

ജോണിയും കുഞ്ഞുണ്ണിയും കണക്ക്‌ പറയുന്നത്‌ ഒറ്റ സംഖ്യയിലേക്കായി. അപ്പന്‌ കേള്‍വി അല്‌പം കമ്മിയായതുകൊണ്ട്‌ പറയുന്നതുപോലും നേരെ ചൊവ്വേ മനസ്സിലാവുകയില്ല. പിന്നെ ഒറ്റ സംഖ്യകള്‍ കേട്ടാല്‍ കടങ്കഥപോലെയും തോന്നാം.

ഏഴ്‌ പോയി

രണ്ടു കിട്ടി

അഞ്ചര, അത്‌ കമ്പനിക്ക്‌ കൊടുത്തു.

ഒന്‍പത്‌ കണ്‍വേര്‍ട്ട്‌ ചെയ്യണം. ഇതെല്ലാം ആയിരമോ ലക്ഷമോ അതോ കോടിയോ?

മോര്‍ട്ടുഗേജ്‌ കൊടുത്തുതീര്‍ക്കാനുണ്ട്‌. ഡപ്പോസിറ്റിന്‌ പലിശയില്ല.

ഈ വര്‍ത്തമാനങ്ങളിലൊന്നും ലിസിയമ്മക്ക്‌ താല്‌പര്യമില്ല. നിക്ഷേപങ്ങളിലെ നഷ്‌ടവും ലാഭവും ഒന്നും കാര്യമല്ല. ചോദിക്കുന്നത്‌ കിട്ടണം. ഇല്ലെങ്കില്‍ അത്‌ വാങ്ങാനറിയാം. അല്ലെങ്കിലെന്തേ ഈ ഭാര്യയെന്നും പറഞ്ഞ്‌ ജീവിക്കുന്നത്‌.

കപ്പ്‌ കുട്ടന്റെ കയ്യിലേക്ക്‌ നീട്ടി.

ചൂടുണ്ട്‌

അയാള്‍ ലിസിയമ്മയുടെ വിരലുകളില്‍ സ്‌പര്‍ശിക്കാതെ രണ്ടുകൈകളും നീട്ടി ഭവ്യതയോട്‌ കപ്പ്‌ വാങ്ങി. അറിയാതെപോലും തൊടുന്നത്‌ ശരിയല്ല, അത്‌ അയാള്‍ക്കറിയാം.

തൊട്ടുകൂടായ്‌മ ഇന്നില്ല, പക്ഷേ, അതു പാലിച്ചേ തീരൂ. അതിനുള്ള ഒരു മുന്‍കരുതല്‍.

കപ്പിനകത്തേക്ക്‌ അയാള്‍ ഊതി. `ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌' വട്ടത്തിലുള്ള ഓളങ്ങള്‍ സൃഷ്‌ടിച്ചു. ആവി അല്‌പം മാറിയപ്പോള്‍ ചെറുചൂട്‌, കാപ്പി വലിച്ചുകുടിക്കാന്‍ ഒരു സുഖം.

VIII

അപ്പച്ചന്‍, ആ വൃദ്ധന്‍ ശൂന്യതയിലേക്ക്‌ നോക്കിയിരുന്നു.

ഒരു ദിവസം, നാളെ, അതോ മറ്റെന്നാള്‍...

മൂന്നോ നാലോ നൂറ്റാണ്ടുകളിലെ സമ്പാദ്യം കൈവിട്ടുപോകുന്നു. ഏതോ ഒരു കാലത്ത്‌ നമ്പൂതിരിയുടെ പടനായകനായ കുറുപ്പിന്റെ പക്കല്‍നിന്ന്‌ കൈവശമാക്കിയ ഭൂമി, അത്‌ തലമുറകുടേതാണെന്ന്‌ വിശ്വസിച്ചിരുന്നു. തലമുറതലമുറയായി ഞങ്ങളുടെ ദൈവം എന്ന വാക്കുകള്‍ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുമായിരുന്നു.

യഹോവയായ ദൈവം യിസ്രായേലിന്‌ കൊടുത്ത വാഗ്‌ദത്തം പോലെയാണ്‌ ഈ ഭൂമി എന്ന്‌ കരുതിയിരുന്നു.

ആ വാഗ്‌ദത്തം ഇന്ന്‌ കാറ്റില്‍ പറത്തി. ഒരു കീറിയ തുണിസഞ്ചിയില്‍ കുറേനോട്ടുകള്‍. ഇനിയും ബാങ്കില്‍ വേറെയുണ്ടെന്ന്‌ പറയുന്നു. അതിനെന്താണ്‌ വില.

പിന്നെ അവന്റെ പിള്ളേര്‌. ഒരിക്കലോ മറ്റോ കണ്ടിട്ടുണ്ട്‌. വാത്സല്യമായി തലോടണമെന്ന്‌ വിചാരിച്ചിട്ടുണ്ട്‌. അപ്പോഴേക്കും അതുങ്ങടെ ഡാഡിം മമ്മിം പറയും മെഡിസിന്‌ പോകുകാ, ഹാര്‍വാര്‍ഡിലാ, പ്രന്‍സ്റ്റനിലാ എന്നൊക്കെ.

വീടില്ല, ഭൂമിയില്ല, സ്വര്‍ണ്ണമോ? അത്‌ കമ്പനിയുടെ ഓഹരിയിലാണെന്ന്‌ പറഞ്ഞു. അതെങ്ങനാ. സ്വര്‍ണ്ണം നേരായും മഞ്ഞനിറത്തിലുള്ള കണ്ണഞ്ചിക്കുന്നതല്ലേ.

പന്ത്രണ്ടേക്കര്‍ പുരയിടവും നെലോം കാളേമ്മാരും കലപ്പേം ഉണ്ടായിരുന്ന തറവാട്ടിലെ കൊച്ചുകൊച്ചുമക്കള്‍ ആരാന്റെ കെട്ടിടത്തിലെ ഒന്നരമുറിയില്‍ ജീവിക്കാനാ വിധിച്ചിരിക്കുന്നെ.

അവന്‍ ജ്ഞാനികളുടെ ജ്ഞാനം വ്യര്‍ത്ഥമാക്കി സമ്പന്നരെ വെറുതെ വിട്ടു.

എങ്കിലും... അത്‌ ഞങ്ങളെപ്പറ്റിയായിരുന്നോ, പ്രവചനം ഞങ്ങളെപ്പറ്റിയായിരുന്നോ?

`നിന്റെ മോടെ മോന്‍, അവനിപ്പം...' വൃദ്ധന്‍ കുട്ടന്റെ നേരെ നോക്കി. കുട്ടനും പത്തുവയസു കുറവെങ്കിലും വൃദ്ധന്‍തന്നെ.

അങ്ങ്‌ വടക്കാ... പ്രവര്‍ത്തിയാരാന്നാ പറേന്നെ, ഡെപ്യൂട്ടി...

അവന്റെ തള്ളപോലും ഇവിടെ നിന്നല്ലേ വളര്‍ന്നേ... എന്റെ മറിയാമ്മയല്ലേ എല്ലാവരെയും വളര്‍ത്തിയത്‌.

`അവനും, പിള്ളാരൊക്കെ വളര്‍ന്ന വളര്‍ച്ചയേ... ഇങ്ങോട്ടൊന്നും...?'

`വേണ്ടാന്ന്‌ പറഞ്ഞിട്ടാ... സ്വന്തംദേശത്തു വന്നാലെങ്ങനാ...?'

വൃദ്ധനായ കുട്ടന്‍ ഓര്‍ത്തു

ജനങ്ങളുമായി നേരിട്ട്‌ ഇടപെടുന്ന ഉദ്യോഗസ്ഥന്‍, സ്വന്തം നാട്ടിലെങ്ങനാ ജോലിചെയ്യാന്‍ കഴിയുക. ആരാ ബഹുമാനിക്കുക. കുട്ടന്റെ കൊച്ചുമോനല്ലിയോ. നൂറുവയസ്‌ തികഞ്ഞവരും പറയും ചക്കാവ്‌ കുട്ടന്റെ, മറ്റുള്ളവര്‍ മറന്നത്‌, ഓര്‍മ്മയില്ലാത്തത്‌. അവന്‍ അവിടത്തന്നെ ഇരുന്നോട്ടെ. ഈ മണ്ണില്‍നിന്ന്‌ ഓര്‍മ്മകള്‍ തൂത്തുമാറ്റപ്പെടുമ്പോഴേക്കും ആ മനുഷ്യരും മണ്ണിനോട്‌ ചേര്‍ന്നുകഴിഞ്ഞിരിക്കും.

ഓ, അന്നത്തെ വാക്ക്‌ എന്തായിരുന്നു... ദ്വന്ദാത്മ... അതോ... വൈരുദ്ധ്യ... ഇന്ന്‌ പഠിത്തമില്ലാഞ്ഞിട്ടാണോ, അത്‌ ആരും പറഞ്ഞു കേള്‍ക്കുന്നുപോലുമില്ല. ഇനിം സ്വത്ത്‌ അവരവര്‍ക്ക്‌ ഒണ്ടേലൊണ്ട്‌, ഇല്ലേലില്ല.

അയാള്‍ വീണ്ടും ഓര്‍ക്കുകയായിരുന്നു. ആദ്യം മലബാറില്‍ പോയി. അവിടെ പന്നിം പനിം പാമ്പും. പിന്നെ കിഴക്കന്‍ മലേലും പോയപ്പോഴാണ്‌ ചിന്നക്കൊച്ചിനെ കണ്ടത്‌. അവളേം കൂട്ടി പഴയ നാട്ടിലേക്കുതന്നെ പോന്നു.

ഒരു ദിവസം പാര്‍ട്ടി ഓഫീസ്‌ ഒന്ന്‌ കാണാന്‍ പോയി.

അവിടെ വലിയ ബോര്‍ഡുണ്ടായിരുന്നു, വലിയ ചുവന്ന കൊടിയും. മിനുങ്ങിയ ഉടുപ്പിട്ട ഒത്തിരി ആളുകള്‍ കേറിയിറങ്ങുന്നു.

ആരെങ്കിലും, ആരെങ്കിലും... ഇല്ല, ആരുമില്ല, അത്‌ പേടിമാത്രം. എങ്കിലും തലയില്‍ ഒരു മുറിമുണ്ട്‌ വലിച്ചിട്ടു.

ഈ അപ്പച്ചന്റെ ഈ വീട്ടിലാ ചിന്നക്കൊച്ച്‌ ജോലിക്ക്‌ നിന്നത്‌.

ദേഷ്യമായിരിക്കുമെന്ന്‌ കരുതി.

റോഡു വെട്ടിയത്‌, ചക്കരമാവ്‌ പെടത്തിയത്‌

വല്യ കുടുംബക്കാരൊന്നും ചിന്നക്കൊച്ചിനെ വീട്ടില്‍ കേറ്റുകേല. ഇവിടെ അങ്ങനെയല്ല. തൊട്ടുകൂടായ്‌മയൊന്നുമില്ല.

അടുക്കളയിലെ കാര്യങ്ങള്‍ സാധിക്കണം അത്രതന്നെ!

സഖാക്കളോട്‌ നാട്ടുകാര്‍ക്കെല്ലാം വെറുപ്പായിരുന്നു. അതുകൊണ്ടായിരുന്നല്ലോ തരിശുനിലത്ത്‌ തിങ്ങി വളരുന്ന കാട്ടുചെടിക്ക്‌ കമ്മ്യൂണിസ്റ്റ്‌ പച്ചയെന്ന്‌ ആരോ പേരിട്ടത്‌.

ഒത്തിരി അര്‍ത്ഥമുള്ള പേര്‌.

പത്തുനൂറു പേരുകൂടി റോഡുണ്ടാക്കിയതില്‍ കുട്ടനുണ്ടായിരുന്നു. ആ കുട്ടനെ ജന്മിയപ്പച്ചന്‌ ഓര്‍മ്മയില്ലായിരിക്കാം, അറിയില്ലായിരിക്കാം. ചിന്നക്കൊച്ചാണ്‌ പറഞ്ഞത്‌ അവിടെ വീട്ടില്‍ പണിക്ക്‌ ചെല്ലാന്‍.

അങ്ങനെയും ഒരു കാലം. ഉച്ചക്ക്‌ തനിക്ക്‌ ചോറു വിളമ്പുന്നത്‌ ചിന്നക്കൊച്ചുതന്നെ. പ്രത്യേക വിഭവങ്ങള്‍ സൂത്രത്തില്‍ കൊണ്ടുവരും. ഭാര്യമാര്‍ അങ്ങനെയാണല്ലേ.

കാപ്പികുടിച്ച്‌ കപ്പ്‌ ആരും തട്ടി വീഴാതെ ഒരു തൂണിനോട്‌ ചേര്‍ത്ത്‌ വെച്ചു. മുന്‍പ്‌ അങ്ങനെയല്ലായിരുന്നു. കഴുകി കമഴ്‌ത്തിവെക്കണമായിരുന്നു. നിയമം ഉണ്ടോ, അറിയില്ല, അങ്ങനങ്ങ്‌ ചെയ്യും. അതു മാറ്റാനായിരുന്നല്ലോ വിപ്ലവം. സഖാവ്‌ കൃഷ്‌ണന്‍ പ്രസംഗിച്ചതും അതുതന്നെ മനുഷ്യര്‍ തുല്യരാണ്‌.

സഖാവ്‌ കുര്യാച്ചന്‍ അങ്ങനെയാണെന്നും അല്ലെന്നും പറഞ്ഞില്ല. ഭരണം പിടിക്കണമെന്നായിരുന്നു, അതിന്‌ ഏതു വഴിയും തേടാമെന്നും.

IX

കുഞ്ഞുണ്ണി മുറ്റത്തുകൂടി രണ്ടുമൂന്നുവട്ടം നടന്നു. വല്യപ്പനെ നാളെ എറണാകുളത്തേക്ക്‌ മാറ്റും. പഞ്ചനക്ഷത്രഹോട്ടല്‍പ്പോലുള്ള സൗകര്യം.

അയാള്‍ക്ക്‌ അറിയില്ല.

ദിവസം എണ്ണപ്പെട്ടിരിക്കുന്നു.

അവസാന അത്താഴം, അവസാന രാത്രി.

രണ്ടുനാലു ദിവസങ്ങള്‍ക്കുള്ളില്‍ ജോണിയും ലിസിയമ്മയും വിമാനത്തില്‍ക്കേറിപ്പോകും. അനന്തതയിലേക്ക്‌, ഈ നാടുമായുള്ള ബന്ധം ഉപേക്ഷിച്ച്‌.

അയാള്‍ ആകാശത്തേക്ക്‌ നോക്കി, പടിഞ്ഞാറ്‌ കടുത്ത ചുമപ്പ്‌. വെറുതെയൊന്ന്‌ പുഞ്ചിരിച്ചു. ഒരു വിഡ്‌ഢിച്ചിരി.

എത്ര കോടിയാണ്‌ കൊടുത്തതെന്ന്‌ ഓര്‍മ്മയില്ല, അത്‌ എങ്ങനെ കൊടുത്തുവെന്നും ഓര്‍മ്മയില്ല. കുറേനേരം മുന്‍പ്‌ ആധാരം എഴുത്ത്‌ നടത്തിക്കഴിഞ്ഞപ്പോള്‍ ഈ ഭൂമി തനിക്ക്‌.

കുഞ്ഞുണ്ണി ഒരു ഭ്രാന്തനെപ്പോലെ മേലോട്ട്‌ നോക്കി പൊട്ടിച്ചിരിച്ചു. ഒരു കുടിയിറക്ക്‌: `സഖാവ്‌ കുട്ടന്‍ചേട്ടാ ഒരു കുടിയിറക്ക്‌!'

കുട്ടന്‍ എന്ന വൃദ്ധന്‍ ആകാശത്തേക്ക്‌ നോക്കി. അപ്പച്ചന്‍ജന്മിയും ചോദിച്ചു അതെന്താ?

ഉത്തരം കിട്ടാന്‍ ജോണിയും ലിസിയമ്മയും ആകാംക്ഷയോടെ.

സഖാവ്‌ കുട്ടന്റെ രക്തം തിളച്ചു.

കുടിയിറക്കുപോലും? പഴയകാലം മനസ്സിലേക്ക്‌ കയറിക്കൂടി.

അയാള്‍ പുറത്തേക്ക്‌ നടക്കുകയായിരുന്നു. ഒരു പൊട്ടനാണെന്ന്‌ കരുതിക്കോട്ടെ, എന്നാലും അറ്റകൈക്ക്‌ മനസ്സുകൊണ്ടുവരുന്ന ഒരു വാക്കുണ്ടല്ലോ

`... വൈരുദ്ധ്യ...ാത്മ...'

വിപ്ലവത്തിന്റെ അവസാനത്തെ മന്ത്രം!

മടക്കിയ ഒരു നൂറുരൂപാ നോട്ട്‌ ലിസിയമ്മ അയാളുടെ കയ്യിലേക്ക്‌ വെച്ചു. നോക്കിയില്ല. വിരലുകള്‍ക്കിടയില്‍ അത്‌ ഞെരിഞ്ഞമര്‍ന്നു.

നിരസിച്ചില്ല.

ഒന്നുകൂടി തിരിഞ്ഞുനിന്നില്ല, യാത്ര പറഞ്ഞില്ല.

എത്രയോ കാലമായി മണ്ണിനോട്‌ പറ്റിക്കിടന്നിരുന്ന, ജീര്‍ണ്ണിച്ചിട്ടില്ലാത്ത, ഒരു കാശാവിന്‍ക്കമ്പ്‌ അയാള്‍ പൊക്കിയെടുത്ത്‌ വടിയായി ഉപയോഗിച്ചു, ഒരു ബലത്തിന്‌, വീഴാതിരിക്കാന്‍.
വൈരുദ്ധ്യാത്മക വിപ്ലവം (കഥ: ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക