Image

ഏഴംകുളം സാംകുട്ടി - വ്യത്യസ്ഥനാമൊരു സാഹിത്യകാരന്‍ (രാജൂ മൈലപ്ര)

രാജൂ മൈലപ്ര Published on 03 June, 2015
ഏഴംകുളം സാംകുട്ടി - വ്യത്യസ്ഥനാമൊരു സാഹിത്യകാരന്‍ (രാജൂ മൈലപ്ര)
പ്രൊഫസര്‍ ഏഴംകുളം  സാംകുട്ടിയേയും അദ്ദേഹത്തിന്റെ സാഹിത്യരചനകളേയും അടുത്തറിയുവാന്‍ ഇടയായത് ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്-1995-ല്‍. ലോക മലയാളി കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തിയ സാഹിത്യസമ്മേളനങ്ങളുടെ ചുമതല ഭാരവാഹികള്‍ എന്നെയാണു ഏല്പിച്ചത്. അതോടനുബന്ധിച്ച് നടത്തിയ സാഹിത്യമത്സരത്തില്‍, നോവല്‍ വിഭാഗത്തില്‍ ലഭിച്ച നിരവധി കൃതികളില്‍ നിന്നും ഏറ്റവും മികച്ചതായി ജഡ്ജിംഗ് കമ്മറ്റി തിരഞ്ഞെടുത്തത് ഏഴംകുളം സാംകുട്ടിയുടെ 'പാളം തെറ്റിയ തീവണ്ടി' എന്ന നോവലാണ്. അന്നേവരെ മുഖ്യധാര സാഹിത്യമേഖലയില്‍ നിശ്ശേഷം അവഗണിക്കപ്പെട്ടിരുന്ന പെന്തക്കോസ്തു സമുദായത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ആദ്യമായി വരച്ചുകാട്ടുകയായിരുന്നു ഈ നോവലിലൂടെ സാംകുട്ടി. ഹൃദയസ്പര്‍ശിയായ രചനാരീതി, അനുഭവങ്ങളുടെ വെളിച്ചത്തില്‍ സത്യസന്ധമായ നിരീക്ഷണം കൊണ്ടു നേടിയെടുത്ത യാഥാര്‍ത്ഥ്യ പ്രതീതി, കഥാപാത്രങ്ങളുടെ അവതരണത്തില്‍ ഉളവാക്കുന്ന സത്യസന്ധത, സംഭാഷണങ്ങളിലെ സ്വാഭാവികത- അങ്ങിനെ നിരവധി ഘടകങ്ങളാണു 'പാളം തെറ്റിയ തീവണ്ടി' എന്ന ഈ നോവലിനെ വേറിട്ടു നിര്‍ത്തിയത്. 

ഈ അടുത്ത കാലത്തായി പ്രൊഫസര്‍ സാംകുട്ടി എഴുതിയ മിക്ക കൃതികളിലും പെന്തക്കോസ്തു സഭ അതിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതിലുള്ള ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നു. തനിക്കു ശരിയെന്നു തോന്നിയിട്ടുള്ള കാര്യങ്ങള്‍, ആരുടെയെങ്കിലും അപ്രീതി സമ്പാദിക്കുമോ എന്നു ഭയപ്പെടാതെ, സത്യസന്ധമായി അദ്ദേഹം തുറന്നു പറയുന്നു. വിശ്വാസത്തിന്റെ ആത്മീയ ബലത്തില്‍ അരക്കിട്ടുറപ്പിച്ച ആചാരനുഷ്ഠാനങ്ങള്‍, മാറുന്ന തലമുറകളുടെ അഭിരുചിക്കനുസരിച്ച് ലഘൂകരിച്ചാല്‍, ഭാവിയിലുണ്ടാകാവുന്ന ഭവിഷ്യത്തുകളെപ്പറ്റി ഒരു പ്രവാചകന്റെ ദൃഷ്ടിയോടു കൂടി അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

പെന്തക്കോസ്തു സഭാവിശ്വാസികള്‍ക്കുവേണ്ടിയാണ് പ്രധാനമായും ഈ കൃതികള്‍ രചിക്കപ്പെട്ടിട്ടുള്ളതെങ്കിലും, മറ്റുള്ള വിശ്വാസികള്‍ക്കും, സാഹിത്യ പ്രേമികള്‍ക്കും അറിവു പകരുവാന്‍ ഉതകുന്നവയാണിവ. ഉദാഹരണത്തിനു കണ്‍വെന്‍ഷന്‍ പന്തലുകള്‍ നിരീക്ഷിച്ചപ്പോള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ട ചില ക്രമക്കേടുകള്‍ അദ്ദേഹം അക്കമിട്ടു നിരത്തിയിരിക്കുന്നു.

ഗാനഹത്യ നടത്തുന്ന ഗായകസംഘം-ഗായകസംഘം ആരാധനാ ഗീതങ്ങള്‍ പാടിത്തുടങ്ങി-ജനം ഉത്സാഹത്തോടെ കൂടെ പാടുന്നു. നല്ല ആത്മീയാന്തരീക്ഷം. പെട്ടെന്ന് ഗായകര്‍ ഗാനത്തിന്റെ ഈണം മാറ്റുന്നു. കേള്‍വിക്കാര്‍ ഗാനാലാപത്തില്‍ പങ്കുചേരാന്‍ കഴിയാതെ വെറുതെ നോക്കി നിന്നു. ആരാധനയുടെ ഒഴുക്കു നിലച്ചു. ട്യൂണ്‍ മാറ്റിപ്പാടുന്നത് ഗാനാലാപനം അല്ല- പിന്നെയോ അത് ഗാനഹത്യയാണെന്നു ലേഖകന്‍ വിശ്വസിക്കുന്നു. (ചര്‍ച്ച് ക്വയറിന്റെ കടന്നുവരവോടെ, മനോഹരമായ പഴയ ഈണങ്ങള്‍, ആധുനികതയുടെ പേരില്‍ ട്യൂണ്‍ മാറ്റി വികലമാക്കി പാടുന്ന പ്രവണത ഇതര ക്രിസ്തീയസഭകളിലും ഇന്നു സര്‍വ്വസാധാരണം).

മറ്റൊരു ദൃശ്യം-പത്തു രണ്ടായിരം ആളുകള്‍ വന്നുകൂടിയ ഒരു യോഗത്തില്‍ സുവിശേഷകന്‍ പ്രസംഗിച്ചു കൊണ്ടു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗത്തിലെത്തിയപ്പോഴാണു മിഷനറി സായിപ്പ് കടന്നുവരുന്നത്. എല്ലാവരുടെയും ശ്രദ്ധ സായിപ്പിലേക്ക്-ദൈവസന്ദേശം അവിടെ അലങ്കോലപ്പെടുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുവാന്‍ ഭാരവാഹികള്‍ ശ്രദ്ധിക്കണം. (ആരാധന മദ്ധ്യേ ഗ്രാന്റ് എന്‍ട്രന്‍സ് നടത്തുന്നത് ചില തിരുമേനിമാര്‍ക്കൊരു ഹരമാണ്).

രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന  രാത്രിയോഗമാണ് മറ്റൊരു സന്ദര്‍ഭം. ഭാരവാഹകളില്‍ ഒരാള്‍ പന്ത്രണ്ടു തവണ സഹഇടയന്മാരുമായി കൊച്ചു വര്‍ത്തമാനം പറയുന്നതു കണ്ടു. ഏഴുതവണയെങ്കിലും പ്രസംഗപീഠത്തിന്റെ പിന്‍ഭാഗത്തു കൂടി നെടുകയും കുറയുകെയും  നടന്നു വേദിയിലിരിക്കുന്നവരുടെ ചെവി കടിച്ചു പറിക്കുന്നതു കണ്ടു. (ഇതു പെന്തക്കോസ്തു കണ്‍വെന്‍ഷന്‍ പന്തലുകളില്‍ മാത്രമുള്ള ഒരു ദൃശ്യമല്ല. മിക്കവാറും എല്ലാ സാമുദായിക, സാമൂഹിക, രാഷ്ട്രീയ സമ്മേളനങ്ങളിലും ഇത്തരം നീറുകളെ കാണാം). പ്രൊഫസര്‍ ഏഴംകുളം സാംകുട്ടിയുടെ എല്ലാ ഗ്രന്ഥങ്ങളിലും പെന്തക്കോസ്തു വിശ്വാസത്തിനു ഉലച്ചില്‍ തട്ടാതെ മുന്നോട്ടു പോകുവാനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ കാണാം. 

യൂണിവേഴ്‌സിറ്റി ഓഫ് ലൂസിയാനെയിലെയും, എം.എച്ച് കോളേജിലേയും ഇംഗ്ലീഷ് വകുപ്പുകളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ.സാംകുട്ടി , ഇപ്പോള്‍ സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വകുപ്പില്‍ പ്രൊഫസറാണ്. കഴിഞ്ഞ പത്തിരുപതു വര്‍ഷങ്ങളില്‍ മതപ്രസംഗരംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന സാംകുട്ടി, ഇപ്പോള്‍ വീണ്ടും സാഹിത്യ മേഖലയിലേക്കു മടങ്ങി വന്നിരിക്കയാണ്. മാര്‍ഗ്ഗദര്‍ശികളായ വിലപ്പെട്ട കൃതികള്‍ ഇനിയും രചിക്കുവാന്‍, സര്‍വ്വശക്തനായ ദൈവം അദ്ദേഹത്തിന്റെ കരങ്ങള്‍ക്കു ശക്തി പകരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ecsamkutty@hotmail.com എന്ന ഇ-മെയില്‍ വഴി ഡോ.ഏഴംകുളം സാംകുട്ടിയുമായി ബന്ധപ്പെടാവുന്നതാണ്.


ഏഴംകുളം സാംകുട്ടി - വ്യത്യസ്ഥനാമൊരു സാഹിത്യകാരന്‍ (രാജൂ മൈലപ്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക