ശരിത്തെറ്റുകള്‍ (കഥ: മുരളി ജെ. നായര്‍)

Published on 04 June, 2015
ശരിത്തെറ്റുകള്‍ (കഥ: മുരളി ജെ. നായര്‍)
മൂന്നു ദിവസത്തെ കോണ്‍ഫറന്‍സ്‌ കഴിഞ്ഞു പ്രിന്‍സ്‌ടണില്‍ തിരിച്ചെത്തിയതേയുള്ളൂ. തന്റെ അഭാവത്തില്‍ ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്ന ഒരു കാര്യത്തിന്റെ പുരോഗതിയേപ്പറ്റി ചോദിക്കാനാണ്‌ സഹപ്രവര്‍ത്തകയെ വിളിച്ചത്‌.

നീ അറിഞ്ഞോ സുജേ, ഡോക്ടര്‍ രവി മേനോന്‍ മരിച്ചുപോയി, ഹാര്‍ട്‌ അറ്റാക്കായിരുന്നു. ഫോണിലൂടെ വന്ന വാക്കുകള്‍ കേട്ട്‌ ലോകം കീഴ്‌മേല്‍ മറിയുന്നതായി തോന്നി.

എപ്പോള്‍?

അത്രയുമേ ചോദിക്കാന്‍ കഴിഞ്ഞുള്ളൂ.

മൂന്നു ദിവസമായി. ഇന്നാണ്‌ വ്യൂവിങ്ങും ക്രിമേഷനും.

എന്നിട്ട്‌ അവള്‍ ഫ്യൂണറല്‍ ഹോമിന്റെ പേര്‌ പറഞ്ഞു.

സത്യത്തില്‍, മരിച്ച ആള്‍, രവി മേനോന്‍ തനിക്കാരായിരുന്നു? സുഹൃത്ത്‌? ആരാധകന്‍? കാമുകന്‍? അതോ ഒരുകാലത്ത്‌ കാമപൂരണത്തിന്‌ വേണ്ടിമാത്രം താന്‍ ഉപയോഗിച്ച,, തന്നെ ഉപയോഗിച്ച,, വെറുമൊരു ആണ്‍ശരീരമോ?

തനിക്ക്‌ അദ്ദേഹത്തെ അവസാനമായി ഒന്നുകൂടി കാണണം.

എല്ലാ ജോലികളും മാറ്റിവെച്ച്‌, കാറെടുത്ത്‌ റോഡിലേക്കിറങ്ങവേ ആലോചിച്ചു. അതേ, അദ്ദേഹം തനിക്കാരായിരുന്നു?

വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‍ ഡോക്ടര്‍ മേനോനെ പരിചയപ്പെട്ടത്‌. ന്യൂയോര്‍ക്കില്‍ താമസിച്ചിരുന്നപ്പോള്‍, മലയാളി അസോസിയേഷന്റെ ഒരു ചടങ്ങില്‍വെച്ച്‌. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന ഒരു കഥാകൃത്ത്‌ കൂടിയായിരുന്നു രവി മേനോന്‍.

വായനയില്‍ കമ്പമുണ്ടായിരുന്ന താനും ഡോക്ടറും വളരെവേഗം സുഹൃത്തുക്കളായി. താന്‍ വിജയേട്ടനുമായി മാനസികമായി പിരിഞ്ഞു കഴിയുകയായിരുന്നു. ഇനി ഒരിയ്‌ക്കലും ഒരുമിച്ച്‌ ജീവിക്കാന്‍ പറ്റില്ല എന്ന ദൃഢനിശ്ച്‌ചയത്തോടെ.

ഡോക്ടര്‍ അവിവാഹിതനായിരുന്നു. പഠനത്തിനിടെ കല്യാണം കഴിക്കാന്‍ മറന്നുപോയതാണെന്ന്‌ ആദ്യം തമാശ പൊട്ടിച്ചു.. പക്ഷേ യഥാര്‍ത്ഥ കാരണം തന്റെ വേവ്‌ ലെങ്‌ത്‌ ഉള്ള ഒരാളെ കണ്ടുപിടിക്കാന്‍ കഴിഞില്ല എന്നുള്ളതായിരുന്നു എന്നു പിന്നെടൊരിക്കല്‍ പറഞ്ഞു.

തുടക്കത്തില്‍ ഫോണ്‍ സംഭാഷണങ്ങള്‍ സാഹിത്യത്തെപ്പറ്റിയായിരുന്നു, വ്യക്തിപരമായ കാര്യങ്ങള്‍ അധികം ചര്‌ച്ച ചെയ്യപ്പെട്ടില്ല.

പിന്നെ തന്റെ സ്വകാര്യ ദുഖങ്ങള്‍ അദ്ദേഹവുമായി ഫോണില്‍ പങ്ക്‌ വെക്കാന്‍ ധൈര്യമായി. അദ്ദേഹത്തോട്‌ പറയുന്ന കാര്യങ്ങള്‍ വേറെങ്ങും പോകില്ല എന്നു തനിക്കുറപ്പായിരുന്നു.

അങ്ങനെ ഒരിക്കല്‍ ലാസ്‌ വേഗാസില്‍വെച്ചു തനിക്കൊരു മാര്‍ക്കെറ്റിങ്‌ മാനേജ്‌മെന്‍റ്‌ കോണ്‍ഫറന്‍സ്‌ ഉള്ള കാര്യം താന്‍ പറഞ്ഞു.

ഞാനും വരട്ടെ? എടുത്തടിച്ചതുപോലെയുള്ള ചോദ്യം കേട്ടു ആദ്യമൊന്നു ഞെട്ടിയെങ്കിലും, താന്‍ ആഗ്രഹിച്ച കാര്യമാണല്ലോ അദ്ദേഹം ഇങ്ങോട്ട്‌ ചോദിച്ചതെന്നറിഞ്ഞപ്പോള്‍ അടുത്തക്ഷണത്തില്‍ത്തനെ ആത്മാവു കുളിരണിഞ്ഞു.

എന്തുകൊണ്ട്‌ പാടില്ല? മനസ്സിന്റെ ഒരു ഭാഗം മറുഭാഗവുമായി കുറെയധികം തര്‍ക്കിച്ചു. വിജയേട്ടനുമായി ഇപ്പൊഴും ഒരു വീട്ടില്‍ താമസിക്കുന്നു, എന്നാല്‍; ശാരീരികബന്ധം ഉണ്ടായിട്ടു മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പന്ത്രണ്ടുവയസ്സുകാരനായ ഏകമകന്റ്‌റെ കാര്യങ്ങള്‍ രണ്ടുപേരും ഒരുമിച്ച്‌ നോക്കുന്നു. നിയമപരമായി വിവാഹമോചനം നേടാന്‍ തടസ്സമായി നിന്നത്‌ മകനെ അതെങ്ങനെ ബാധിക്കും എന്നുള്ള പേടിയായിരുന്നു.

അങ്ങനെ ലാസ്‌ വേഗാസിലെ അംബരചുംബിയായ പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വീറ്റില്‍വെച്ചു ഡോക്ടര്‍ മേനോനുമായി ആദ്യത്തെ ശാരീരികബന്ധം. രക്തചങ്ക്രമണവീഥികളിലൂടെ അന്ന്‌ ചീറിയൊഴുകിയത്‌ രണ്ടുപേരുടെയും ഭോഗതൃഷ്‌ണയായിരുന്നെങ്കിലും താന്‍ അത്‌ അനുഭവിച്ചത്‌ വേറൊരു തലത്തിലായിരുന്നു. ആ അഭീഷ്ടപൂര്‍ത്തിയുടെ മലവെള്ളപ്പാച്ചിലില്‍ തന്റെ സദാചാര മൂല്യങ്ങള്‍ കടപുഴകി വീഴുന്നതറിഞ്ഞു. വളരെക്കാലത്തിനുശേഷമായിരുന്നു അന്ന്‌ ഭോഗാലസ്യതയുടെ തീരങ്ങളില്‍ തളര്‍ന്നുറങ്ങിയത്‌, ആ കരവലയത്തിലെ സുരക്ഷ ആസ്വദിച്ചുംകൊണ്ട്‌

പദ്‌മിനി!

പിറ്റെന്നു കാലത്ത്‌ അദ്ദേഹം തന്നെ വിളിച്ച പേരുകേട്ടു ഒന്നു അമ്പരന്നു. എന്താ സുജാത അല്ലെങ്കില്‍ സുജ എന്ന പേര്‌ അദ്ദേഹം മറന്നോ?
കണ്ണില്‍ സംശയത്തിന്റെ നിഴലുമായി അദ്ദേഹത്തെ നോക്കി.

ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി.

എന്താ, ഞാന്‍ വേറെ ആരുടെയോ പേരാണ്‌ വിളിക്കുന്നതെന്നോര്‍ത്തു പേടിച്ചോ?

വീണ്ടും അമ്പരന്ന തന്നെ കെട്ടിപ്പിടിച്ചു അദ്ദേഹം ചോദിച്ചു: കാമസൂത്രം വായിച്ചിട്ടില്ലേ?

ഇല്ല. മടിച്ചുമടിച്ചു പറഞ്ഞു

എന്നാല്‍ വായിക്കണം. അതില്‍പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍വെച്ചു നീയൊരു പദ്‌മിനിയാണ്‌.

`നീ' എന്ന വിളി ആദ്യമായിട്ടായിരുന്നു. എന്നാല്‍ അതിനെക്കാള്‍ ചിന്താക്കുഴപ്പം ഉണ്ടാക്കിയത്‌ പദ്‌മിനി എന്ന പേരായിരുന്നു.

അത്‌ മനസ്സിലാക്കിയിട്ടെന്നവണ്ണം അദ്ദേഹം വിശദീകരിച്ചു. കാമസൂത്രത്തെപ്പറ്റി, അതില്‍ പെണ്ണിനെ ലക്ഷണങ്ങളും സ്വഭാവങ്ങളും വെച്ചു തരം തിരിച്ചിരിക്കുന്നതിനെപ്പറ്റി, അതില്‍ ഏറ്റവും ഉത്തമമായ പദ്‌മിനി എന്ന വിശേഷണത്തിന്‌ താന്‍ എങ്ങനെ അര്‍ഹയാകുന്നു എന്നതിനെപ്പറ്റി. അതില്‍ ചില വിശേഷണങ്ങള്‍ കേട്ടപ്പോള്‍ നാണം കൊണ്ടു താന്‍ മുഖം മറച്ചുപോയി.

കോണ്‍ഫറന്‍സുകളുടെ പേരിലുള്ള യാത്രകളിലും പിന്നെ ഹോട്ടലുകളില്‍വെച്ചുള്ള രഹസ്യസമാഗമങ്ങളുമായി ആ ബന്ധം കൂടുതല്‍ തീക്ഷ്‌ണമാവുകയായിരുന്നു. അവിവാഹിതനായി ഒറ്റയ്‌ക്ക്‌ ജീവിച്ചിരുന്ന അദ്ദേഹത്തില്‍ ഇത്രയും വികാരതീവ്രത ഒളിഞ്ഞുകിടപ്പുണ്ടായിരുന്നോ? അതേപ്പറ്റി ഒരിക്കല്‍ പരിഹാസരൂപത്തില്‍ ചോദിച്ചു.

ഇത്ര കൊതിയായിരുന്നെങ്കില്‍ ഒരു കല്യാണം കഴിച്ചുകൂടായിരുന്നോ?

അതിന്നുള്ള മറുപടി: നിന്റെ ഈ സാമീപ്യമാണ്‌ എന്നില്‍ ഈ കൊതിയെല്ലാം ഉണര്‍ത്തുന്നത്‌.

വിവാഹമോചനം നേടിയാല്‍ തൊട്ടടുത്ത ദിവസം തന്നെയും മകനെയും കൂടെ കൂട്ടാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. അനേകതവണ അതെപ്പറ്റി സംസാരിക്കുകയും ചെയ്‌തു.

കാര്യങ്ങള്‍ മാറിമറിഞ്ഞത്‌ വളരെ പെട്ടെന്നായിരുന്നു. മകന്‍ സൈക്കിളില്‍നിന്ന്‌ വീണു തുടയെല്ല്‌ ഫ്രാക്‌ചര്‍ ആയി. കുറെ ദിവസങ്ങള്‍ വീട്ടില്‍ ബെഡ്‌ റസ്റ്റില്‍ ആയിരുന്നു. തന്നോടും മകനോടുമുള്ള, ആ ദിവസങ്ങളിലെ വിജയേട്ടന്‍റെ സമീപനത്തില്‍ വളരെ പ്രകടമായ വ്യത്യാസം തനിക്കനുഭവപ്പെട്ടു. മാത്രമല്ല, മകന്‍റെ ജീവിതവിജയത്തിന്‌ തങ്ങള്‍ രണ്ടുപേരും കൂടെ ഉണ്ടാകണമെന്ന വിചാരവും പൂര്‍വാധികം ബലപ്പെട്ടു.

ഏതാനും ദിവസങ്ങളിലെ അന്ത:സംഘര്‍ഷങ്ങള്‍ക്കുശേഷം, ഡോക്ടര്‍ മേനോനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തോട്‌ ഫോണില്‍ വളരെ പാടുപെട്ടാണ്‌ ആ തീരുമാനതെപ്പറ്റി അറിയിച്ചത്‌. തുടര്‍ന്നും, ബന്ധപ്പെടാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ടെലഫോണ്‍ കാളുകള്‍ എടുക്കാതെയായി. ഈമെയിലുകള്‌ക്‌ മറുപടി അയയ്‌കാതെയായി.

എന്നാല്‍ വിജയേട്ടനുമായുള്ള പുതുജീവിതത്തിനു ഒരുവര്‍ഷത്തിലധികം ആയുസ്സുണ്ടായില്ല. മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം വീണ്ടും തിരിച്ചുവന്നു. അങ്ങനെ വിജയേട്ടനും താനുമായി എന്നെന്നേക്കുമായി പിരിയാന്‍ തീരുമാനിച്ചു.

മകന്‍റെ കസ്റ്റഡി തനിക്കുവിട്ടുതന്ന കോടതിവിധി വിജയേട്ടനു വിസിറ്റേഷന്‍ അവകാശം അനുവദിച്ചുകൊടുത്തു.

അതിനുശേഷം താന്‍ പ്രിന്‍സ്‌ടണിലേക്ക്‌ തന്റെ മകനുമായി താമസം മാറി.

മടിച്ചുമടിച്ചു ഡോക്ടര്‍ മേനോനെ കോണ്‍ടാക്‌റ്റ്‌ ചെയ്‌തു. അദ്ദേഹം വിവാഹിതനായെന്ന കാര്യം ഒരു ഞെട്ടലോടെയാണ്‌ കേട്ടത്‌. പ്രിന്‍സ്‌ടണില്‍നിന്ന്‌ ഒട്ടും അകലെയല്ലാത്ത ഫ്രാങ്ക്‌ലിന്‍ പാര്‍ക്കിലേക്ക്‌ താമസവും മാറിയത്രെ!

അദ്ദേഹം പറഞ്ഞു: പെണ്ണ്‌ എന്താണെന്ന്‌ നീയാണ്‌ എനിക്കു മനസ്സിലാക്കിത്തന്നത്‌. നീ വേര്‍പെട്ടു പോയതിനുശേഷമാണ്‌ ജീവിതത്തില്‍ ഞാന്‍ എന്താണ്‌ മിസ്സ്‌ ചെയ്‌തതെന്ന്‌ മനസ്സിലായത്‌.

എങ്കിലും ഒരു സാന്ത്വനത്തിനായി താന്‍ ഫോണ്‍ വിളി തുടര്‍ന്നു. ശാരീരിക ബന്ധത്തിനു പല തവണ അദ്ദേഹത്തെ പരോക്ഷമായി ക്ഷണിച്ചു. എന്നാല്‍ മറുപടിയായി അദ്ദേഹം പറഞ്ഞത്‌ തന്റെ ഭാര്യപ്പറ്റിയുള്ള ഉദാത്തമായ അഭിപ്രായങ്ങളായിരുന്നു. അദ്ദേഹം എത്ര പെട്ടെന്നു ഇങ്ങനെ ഒരു സദാചാരവാദിയായതെന്ന്‌ ഒരിക്കല്‍ സാഹികെട്ടു ചോദിച്ചു:. നമ്മളുടെ പഴയ ബന്ധത്തിനു, അതായത്‌ വെറൊരാളുടെ ഭാര്യയായ താനുമായുള്ള ബന്ധത്തിനു ഇത്തരം സദാചാരപ്രശ്‌നങ്ങളൊന്നും ബാധകമായിരുന്നില്ലല്ലോ.

അതിനും അദ്ദേഹത്തിന്‌ മറുപടിയുണ്ടായിരുന്നു. വിവാഹേതര ബന്ധം പാപമാനെന്ന വിശ്വാസംകൊണ്ടല്ല ഞാനീ പറയുന്നതു. പാപചിന്തയോക്കെ തികച്ചും വ്യക്തിപരമായ കാര്യമാണ്‌. എന്റെ തത്ത്വശാസ്‌ത്രം വെച്ചു നോകിയാല്‍ നാം എന്തു ചെയ്യുമ്പോഴും ചില ചോദ്യങ്ങള്‍ ചോദിക്കുക: ഇത്‌ തനിക്ക്‌ ദോഷം ചെയ്യുമോ, വേറൊരാള്‍ക്ക്‌ ദോഷം ചെയ്യുമോ, തന്റെ കുടുംബത്തിന്നു ദോഷം ചെയ്യുമോ, തന്റെ സമൂഹത്തിനോ രാജ്യത്തിനോ ദോഷം ചെയ്യുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം അല്ല എന്നാണുത്തരമേകില്‍ ധൈര്യമായി മുന്നോട്ട്‌ പോകുക. പക്ഷേ ഞാന്‍ ഈ ചോദ്യങ്ങള്‍ എന്നോടു ചോദിക്കുമ്പോള്‍ എനിക്കു കിട്ടുന്ന മറുപടി അല്‌പം വ്യത്യസ്ഥമാണ്‌. ഞാന്‍ എന്റെ ഭാര്യയെ അവളറിയാതെപോലും വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്‌നേഹിക്കുക എന്നു പറഞ്ഞാല്‍ ഒരിയ്‌ക്കലും വേദനിപ്പിക്കില്ല എന്ന കമ്മിറ്റ്‌മെന്‍റാണ്‌ എന്നെ സംബന്ധിച്ചിടത്തോളം. നിന്നെ ഞാന്‍ ഇപ്പൊഴും, സ്‌നേഹിക്കുന്നു. പക്ഷേ എന്റെ ജീവിതത്തിന്റെ ഭാഗമായി എന്നോടൊപ്പമുള്ള, എന്നില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ചുകഴിയുന്ന എന്റെ ഭാര്യയെ അവളറിയാതെപോലും വേദനിപ്പിക്കുന്നതൊന്നും ഞാന്‍ ചെയ്യില്ല.

അദ്ദേഹം പറഞ്ഞതെല്ലാം ഉള്‍ക്കൊള്ളാന്‍ കുറെ കാലതാമസം എടുത്തു. എന്തോ തനിക്ക്‌ അത്തരം സ്‌നേഹവും കമ്മിറ്റ്‌മെന്‍റും കിട്ടാത്തതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ വിശദീകരണങളിലെ തീവ്രത മനസ്സിലാക്കാനിത്ര വൈമനസ്യം എന്നും തോന്നി.

പിന്നീടും താന്‍ പലതവണ അദ്ദേഹവുമായി സംസാരിച്ചിരുന്നു. പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ശാരീരികബന്ധത്തിനുള്ള ക്ഷണവും നല്‌കിയിരുന്നു. പക്ഷേ അദ്ദേഹം വളരെ വിദഗ്‌ദ്ധമായി ഒഴിഞ്ഞുമാറി.

താനും വിജയേട്ടനുമായുള്ള പ്രശ്‌നങ്ങള്‍ അറിഞ്ഞ്‌ വിജയേട്ടന്റെ സുഹൃത്തുക്കള്‍ പോലും തന്നെ മുതലെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ രവി മേനോനെ താന്‍ ക്ഷണിച്ചിട്ടും നിരസിക്കുകയാണ്‌ ചെയ്‌തത്‌.

ഒരിക്കല്‍ ഒരു ചടങ്ങില്‍വെച്ചു അദ്ദേഹത്തെയും ഭാര്യയെയും ഒരുമിച്ച്‌ കാണാനിടയായി. മേഡ്‌ ഫോര്‍ ഈച്ച്‌ അതര്‍, മനസ്സില്‍ പറഞ്ഞു.

താനൊരു വിഡ്‌ഢിയാണെന്ന്‌ സ്വയം ശപിച്ചു, എങ്കിലും ഡോക്ടര്‍ മേനോന്റ്‌റെ ഭാര്യയോടുള്ള സ്‌നേഹം അസൂയയോടെ അംഗീകരിച്ചു.

കാര്‍ ഫ്യൂനറല്‍ ഹോമിന്റെ പാര്‍ക്കിങ്‌ ലോട്ടിലേക്ക്‌ തിരിച്ചു.

പ്രതീക്ഷിച്ചതുപോലെ വ്യൂയിങ്ങിന്‌ നീണ്ട ക്യു ഉണ്ടായിരുന്നു.

ശവപ്പെട്ടിയില്‍ കിടത്തിയിരിക്കുന്ന മൃതദേഹം. മരിച്ചുകിടക്കുമ്പോഴും മുഖത്ത്‌ ഒരു ചെറുമന്ദഹാസം. ഒരുനിമിഷം കണ്ണടച്ച്‌ പ്രാര്‍ഥിച്ച്‌ നിന്നു.

തിരിഞു നടക്കാന്‍ ഭാവിക്കവേ മുന്‍ നിരയില്‍ ഏതാണ്ട്‌ മദ്ധ്യത്തായിരുന്ന സ്‌ത്രീയില്‍കണ്ണുടക്കി. അദ്ദേഹത്തിന്‍റെ ഭാര്യ. മെല്ലെ നടന്നു അടുത്തുചെന്നു. അവരുടെ വലതുകരം രണ്ടുകൈകൊണ്ടും ഗ്രഹിച്ചു. കവിളില്‍ കണ്ണീരുണങ്ങിയ പാട്‌. ആ കണ്ണുകളിലേക്ക്‌ നോക്കി മനസ്സില്‍ പറഞ്ഞു; സഹോദരീ, നിങ്ങളാണ്‌ ലോകത്തില്‍വെച്ച്‌ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കപ്പെട്ട സ്‌ത്രീ. നിങ്ങളുടെ ഭര്‍ത്താവിനേപ്പോലെയുള്ള നല്ലവരിലൂടെയാണ്‌ സ്‌ത്രീത്വം ആദരിക്കപ്പെടുന്നത്‌.

മുരളി ജെ. നായര്‍
mjnair@aol.com
ശരിത്തെറ്റുകള്‍ (കഥ: മുരളി ജെ. നായര്‍)
Ninan Mathullah 2015-06-05 11:14:02
Good story. Good style and presentation. Good moral. Please continue to write.
വായനക്കാരൻ 2015-06-05 18:40:36
എന്താണ് ശരി, എന്താണ് തെറ്റ്? എന്റെ ശരി നിങ്ങളുടെ തെറ്റാകാം. മറിച്ചും. സമൂഹത്തിന്റെ ശരികളും തെറ്റുകളും വേറെയുമാകാം. ഇന്നത്തെ തെറ്റ് നാളത്തെ ശരി ആയി മാറിയെന്നുമിരിക്കും. സമൂഹമെന്നൊന്നില്ലെങ്കിൽ ശരികളും തെറ്റുകളുമുണ്ടോ?

പ്രമേയം പുതിയതല്ലെങ്കിലും ശരികളെയും തെറ്റുകളെയും കുറിച്ചുള്ള ചിന്തകൾ ഒരിക്കൽ കൂടി ഉയർത്തിക്കൊണ്ട്  മുരളി കഥ നന്നായി പറഞ്ഞിരിക്കുന്നു. വായനാസുഖമുണ്ട്. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക