Image

സനാഥനായ ഒരു അനാഥന്‍ (അഭിസാരികയുടെ മകന്‍) കവിത- രാജശ്രീ പിന്റോ

Published on 19 June, 2015
സനാഥനായ ഒരു അനാഥന്‍ (അഭിസാരികയുടെ മകന്‍) കവിത- രാജശ്രീ പിന്റോ
ആരാണെനിക്കച്ഛന്‍
അറിയാതുഴലുന്ന ആയിരം
ചോദ്യമായി അച്ഛനെ തേടി
അലയുന്ന സനാഥന്‍
ഞാനൊരനാഥന്‍.

ഓര്‍മ്മയില്‍ നിറയുമൊരാ
ബാല്യത്തിന്‍ മരുഭൂവില്‍
നിറം മങ്ങിയ രാത്രിയും
കാമത്തിന്‍ മര്‍മ്മരവും മാത്രം.

ആരിലോ മഴയായി പെയ്‌തിറങ്ങി
വാടി തളര്‍ന്നൊരമ്മതന്‍
ചിത്രം മായാതെ നില്‍ക്കും
എന്‍ മനതാരിലെന്നും.

വിശപ്പിനാല്‍, സ്‌നേഹവായ്‌പിനായി
കരയുമെന്‍ ചാരേ
വാത്സല്യം വറ്റിയ കണ്ണുമായി
വന്നണയും നിസ്സംഗത്വമാണെനിക്കമ്മ.!

ദുഗ്‌ധം നിറയും മാറിലലസം
മാറി മറയുന്ന മനുഷ്യഗന്ധം
ഇതിലെവിടെ തിരയുമെന്‍
അച്ഛന്റെ ഗന്ധം?

കാമത്തിന്‍ ഇടവേളയില്‍
നിദ്ര പേറുമാ മിഴികളാല്‍
അമ്മ തരും അമ്മിഞ്ഞ പാലിലും
നുണയുന്ന പണത്തിന്‍ കിലുക്കമാണെനിക്കച്ഛന്‍

പ്രേമത്തിന്‍ മധു നുകര്‍ന്ന്‌
പാറി പറന്നുപോയോരാ
അച്ഛന്റെ പരാഗണത്തിന്‍
പാപമായി ഞാനും.

പരമാണുവിലും പ്രകാശമായി
പരന്നൊഴുകുമാ സൂര്യന്റെ
പുത്രനായ കര്‍ണ്ണാ...
പൈതൃകം തേടി നീ താണ്ടിയെതോ
അന്ധകാരത്തിലിന്ന്‌ അമരുന്നു ഞാനും.

അലയാഴിയായി ആടിയുലയുന്ന
ജീവിത പാതയില്‍;
തിരയുന്നു ഞാനിന്നും
അറിയാത്തൊരച്ഛനെ,

ഒഴുകുന്നു ഞാനിന്നും
അന്തമില്ലാത്തൊരു സമസ്യയായി
സനാഥനെങ്കിലും
ഞാന്‍ ഒരു അനാഥന്‍.
സനാഥനായ ഒരു അനാഥന്‍ (അഭിസാരികയുടെ മകന്‍) കവിത- രാജശ്രീ പിന്റോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക