ലോണില്‍ തനിയെ ഇരിക്കുകയാണ് കെല്‍സി. അപ്പുവും മിന്നുവും ടിവികണ്ടുകൊണ്ടിരിക്കുകയാണ്. ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ടെക്‌സാസ് നഗരത്തില്‍ നിന്നും തങ്ങള്‍ യാത്രതിരിക്കും. ഇനി ഒരു മടക്കയാത്ര ഉണ്ടായെന്നു വരില്ല.
സന്ധ്യാസമയത്തെ ചെറുതെന്നലില്‍ മേപ്പിള്‍മരച്ചില്ലകളില്‍ ഇലയിളക്കം പഴുത്ത ഇലകള്‍ കണ്ണിലേയ്ക്ക് കൊഴിഞ്ഞു വീണു. പച്ചിലകള്‍ സ്വച്ഛന്തം തലയാട്ടി നില്‍ക്കയാണ്. അകലെ വാനില്‍ ചെമപ്പുരാശി മേഘങ്ങളില്‍ ചിത്രം രചിച്ചിരിക്കുന്നു. വലിയൊരു ക്യാന്‍വാസില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്ന ചിത്രം! ഓരോ കാഴ്ച്ചക്കാരനും വ്യത്യസ്ത വീക്ഷണകോണുകളില്‍ തെളിയുന്ന പലവിധ രൂപഭാവങ്ങള്‍ നിറഞ്ഞ ഒരു മോഡേണ്‍ ആര്‍ട്ടുപോലെ.
ജീവിതവും അങ്ങനെ തന്നെയാണ്. പലവിധ അനുഭവങ്ങളും വിലയിരുത്തലുകളും നിറഞ്ഞ വലിയൊരു ക്യാന്‍വാസില്‍ നിഴലിട്ട ചിത്രങ്ങള്‍!
രൂപഭാവങ്ങള്‍ മാറിമറയുന്നു. സുഖദുഃഖസമ്മിശ്രമായ ദിനങ്ങള്‍ക്കൊടുവില്‍ ജീവിതമെന്നും പൊതുമാനത്തില്‍ മനുഷ്യജ•ം ശ്രേഷ്ഠചിത്രം തന്നെ.
വിജയപരാജയങ്ങളുടെയും സുഖദുഃഖമിശ്രണത്തിന്റെയും ആകെത്തുകയായ കുടുംബജീവിതം ഒരു വരദാനംതന്നെ.
ഫോണ്‍ ബെല്ല് കേട്ട് കെല്‍സി ചിന്തകള്‍ വിട്ട് എഴുന്നേറ്റു. ഹാളിലെത്തി റിസീവര്‍ എടുത്ത് കതോടു ചേര്‍ത്തു.
'ഹലോ.... കെല്‍സി ഹിയര്‍'
'ഹലോ.... കെല്‍സി....' മറുതലയ്ക്കല്‍നിന്നും സരളാന്റിയുടെ ശബ്ദം....
ഹലോ....ആന്റി....'
'എന്താടി കെല്‍സി.... ഇപ്പോ കുറച്ചു ദിവസമായിട്ട് ആന്റിയെ വിളിക്കാറൊന്നും ഇല്ലല്ലോ? നീ ഞങ്ങളെ മറന്നെന്നു തോന്നുന്നു. അല്ലെങ്കില്‍ നീ വല്ലപ്പോഴും വിളിക്കുന്നതാണല്ലോ?' സരളയുടെ വാക്കുകളില്‍ പരിഭവം നിഴലിച്ചു.
'അയ്യോ! ആന്റി, വിളിക്കാന്‍ മറന്നിട്ടൊന്നും അല്ല. കുറച്ചുദിവസമായി തിരക്കിലായിരുന്നു..... എല്ലാം ട്രാന്‍സ്ഫറ് ചെയ്ത് ടിക്കറ്റൊക്കെ ഓക്കെയാക്കുന്ന തിരക്കിലായിരുന്നു.... ഇവിടുന്ന് തീര്‍ത്തൊഴിവായി പോരുന്നതല്ലേ എന്തെല്ലാം ചെയ്യാനുണ്ട്..... അതാ ആന്റി....'
'ഓ.... ഞാനങ്ങനെയൊന്നും പറഞ്ഞതല്ലെടി കെല്‍സി. ഞാന്‍ വിളിച്ചാലും ഇല്ലെങ്കിലും നീ എന്നെ മിക്കപ്പോഴും വിളിക്കാറുള്ളതല്ലേ.... അതോണ്ട് ചോദിച്ചതാ പെണ്ണേ..... പിന്നെ തിരക്കൊക്കെ ഒതുങ്ങിയോ? ഇങ്ങോട്ടേയ്ക്ക്് പോരാനുള്ള ഏര്‍പ്പാടൊക്കെ പൂര്‍ത്തിയായോടീ.... നീ തനിയെ എല്ലാം എങ്ങനെ ചെയ്തു...'
'മലയാളി അസോസിയേഷന്‍ സഹായിച്ചു. പിന്നെ പ്രഭാകരവര്‍മ്മസാറും വൈഫും എല്ലാ സഹായത്തിനും മുന്നിട്ടുണ്ടായിരുന്നു. വില്‍ക്കാനുള്ളവ വില്‍ക്കാനും മറ്റുമുള്ള ക്രമീകരണങ്ങള്‍ സര്‍ ചെയ്്തിട്ടുണ്ട്. ഡീല്‍ ഒക്കെയാക്കി അക്കൗണ്ട് സാര്‍ സെറ്റില്‍ ചെയ്‌തോളും.... അജി ഉണ്ടായിരുന്നപ്പോഴും എല്ലാകാര്യത്തിനും പ്രഭാകരവര്‍മ്മസാര്‍ കൂടെ നിന്നിരുന്നതാണ്....'
'അങ്ങനെ ഒരാളുണ്ടായത് നിക്കേതായാലും സഹായകമായി. എന്നത്തേയ്ക്കാടി നീ പോരുന്നേ?'
'ഈ തിങ്കളാഴ്ച രാവിലത്തെ ഫ്‌ളൈറ്റ് ടിക്കറ്റ് ഓക്കെയാണ്....'
'ഇനി എന്താടി നിന്റെ പ്ലാന്‍?'
'ങാ.... എനിക്ക് നേരത്തെ ഒരു പ്ലാന്‍ ഉണ്ടായിരുന്നു. സിനിമാ നിര്‍മ്മാണമേഖലയില്‍ ശ്രദ്ധിക്കണം എന്ന്. ഏതായാലും ഇനി അങ്ങനെ ഒരു സാധ്യതയെ മുന്നിലുള്ളൂ.... ഇപ്പോള്‍ അജിയുടെ വസ്തുവകകള്‍ ട്രാന്‍സ്ഫര്‍ ചെയ്ത് വലിയൊരു തുക സമ്പാദ്യമായി കിട്ടും. അതിലൊരുഭാഗം ഇന്‍വസ്റ്റ് ചെയ്യാം എന്നു കരുതുന്നു. ഇല്ല പ്രൊജ്കടുകള്‍ മാത്രം ശ്രദ്ധയോടെ തിരഞ്ഞെടുക്കും അത്രതന്നെ....'
'എല്ലാം നന്നായി വരട്ടെ.... കുട്ടികളുടെ കാര്യങ്ങള്‍ നന്നായി നടത്തി ജീവിക്കാന്‍ ശ്രമിക്കുക. സമയാസമയങ്ങളില്‍ ഈശ്വരന്‍ വേണ്ട അനുഗ്രഹങ്ങള്‍ തരും.... അല്ലാതെ കഴിഞ്ഞതൊക്കെയും ഓര്‍ത്ത് പകച്ചുനിന്നിട്ടോ....മനസുതകര്‍ന്നിട്ടോ കാര്യമില്ല..... പരാജയങ്ങളില്‍ പതറാതെ വിജയത്തിനായി യത്‌നിക്കണം..... അതാ വേണ്ടത് കെല്‍സി..... നീ ചെറുപ്പമല്ലേ പറ്റുമെങ്കില്‍ നല്ലൊരു ബന്ധം കണ്ടുപിടിക്കാനും കഴിയട്ടെ. അപ്പോഴെയ്ക്കും കാര്യങ്ങള്‍ക്കെല്ലാം ഒരു നീക്കുപോക്കുണ്ടാവും....'
'ഉം...' കെല്‍സി ഒന്ന് മൂളുക മാത്രം ചെയ്തു....
'നീ വിഷമിക്കുകയൊന്നും വേണ്ട കെല്‍സി. ജീവിതത്തില്‍ ഓരോന്ന് സംഭവിച്ചുകൊണ്ടേയിരിക്കും. എല്ലാവരുടെയും ജീവിതം ഒരേപോലിരിക്കുമോ?
'ശരിയാ ആന്റി.... എല്ലാം വരുന്നിടത്തുവച്ചു കാണാം..... അതല്ലാതെ അയ്യോ പറഞ്ഞിരിക്കാന്‍ ഞാനില്ല.'
'ങാ.... പിള്ളേരെന്തിയേടീ.... ഒച്ചയും അനക്കവും കേള്‍ക്കുന്നില്ലല്ലോ?' അവി
ടെങ്ങും ഇല്ല്യോടി കെല്‍സി....'
'അവരവിടെ ടിവിയും കണ്ടോണ്ടിരിക്കുവാ.... ഇവിടെ തന്നെയുണ്ട്.... സുഖമായിരിക്കുന്നു..... അവിടെ എന്തുണ്ട് വിശേഷം ആന്റി? എല്ലാവര്‍ക്കും സുഖംതന്നെയാണല്ലോ?'
'ഇവിടെ സുഖംതന്നെ.....ഈശ്വരകൃപയാ.... എല്ലാം നന്നായി തീര്‍ക്കുന്നു നീ ഏതായാലും മൂന്നാലു ദിവസത്തിനുള്ളില്‍ വരുമല്ലോ.... വന്നുകഴിഞ്ഞാ നീ ഇങ്ങോട്ടൊന്നിറങ്ങ്. ഒരു ദിവസം നമുക്കുവിട കൂടാം..... എന്താ?'
'ങ്ങാ.... ശരി ആന്റി....'
'എന്നാല്‍ ശരി കെല്‍സി.... വേറെ വിശേഷങ്ങള്‍ ഒന്നുമില്ലല്ലോ?'
'ഇല്ല.... ആന്റി..... വന്നിട്ടു കാണാം.....'
'ങ്ങാ....ശരി....എന്നാ വയ്ക്കുവാ.....ഓക്കെ.....ബെ.....'
'ഓക്കെ..... ബൈ....' മറുതലയ്ക്കല്‍ ഫോണ്‍ കട്ടായി. കെല്‍സി റിസീവര്‍വച്ച് തിരിഞ്ഞുനടന്നു. കുട്ടികള്‍ ടിവി ഓഫ് ചെയ്ത് എഴുന്നേറ്റു വന്നു.... രണ്ടുപേര്‍ക്കുമുള്ള ഭക്ഷണം എടുത്തു കൊടുക്കണം. നാന്‍സി കിച്ചണിലാണ്. എല്ലാം റെഡിയാക്കി ടേബിളില്‍ അറേഞ്ച് ചെയ്തിട്ടുണ്ട്. കുട്ടികളോട് കൈയ്യുംമുഖവും കഴുകി വരുവാന്‍ ആവശ്യപ്പെട്ടു. അവര്‍ രണ്ടും വാഷ്‌ബേസിനടുത്തേയ്ക്ക് ഓടി.
കെല്‍സി ഡൈനിംഗ് ടേബിളിനരുകിലെത്തി കുട്ടികള്‍ക്കുള്ള ഭക്ഷണം അവരുടെ പാത്രങ്ങളിലേയ്ക്ക് വിളമ്പി.... കൈ കഴുകി എത്തിയ അപ്പുവും മിന്നുവും അവരവരുടെ സ്ഥാനങ്ങളില്‍ ഇരുപ്പുറപ്പിച്ചു. കെല്‍സി അവര്‍ക്കരുകില്‍ ഇരുന്ന് അവര്‍ ഭക്ഷണം കഴിക്കുന്നതും നോക്കി ഇരുന്നു.
****** ****** ****** ******
വിമാനമിറങ്ങി വീട്ടിലേയ്ക്കുള്ള യാത്രയില്‍ മൂകതയ്ക്കു വിരാമമിട്ടുകൊണ്ട് എസ്തപ്പാന്‍ സംസാരിച്ചു. എസ്തപ്പാനൊപ്പം ലാസര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പുവും മിന്നുവും ലാസറും പിന്‍സീറ്റില്‍ ഒത്തുകൂടി.... കെല്‍സി മുന്‍സീറ്റില്‍ പുറത്തേയ്ക്കും നോക്കി ഇരിക്കുകയാണ്.
'ഇനി എന്താടോ തന്റെ പ്ലാന്‍?' എസ്തപ്പാന്റെ ചോദ്യം കേട്ട് കെല്‍സി ചിന്തയില്‍നിന്നുണര്‍ന്നു.
'ഇനി ഇനി ഇവിടെതന്നെ സെറ്റില്‍ഡാവണം.... ഒരു പുതിയ വീട് വാങ്ങണം.... പിന്നെ നമ്മള്‍ അന്നുപറഞ്ഞപോലെ ഒരു നിര്‍മ്മാണക്കമ്പനി ആരംഭിക്കണം എന്നുവിചാരിക്കുന്നു.'
'ങാ.... നല്ലതുതന്നെ. കെല്‍സി താനിങ്ങനെ മൂഡിയായി ഒതുങ്ങി കൂടേണ്ടടോ... ജീവിതത്തില്‍ എന്തെല്ലാം ഫെയ്‌സ് ചെയ്യാനിരിക്കുന്നു.... വരാനുള്ളതെല്ലാം അതിന്റെ വഴിക്ക് വന്നുപോകും കെല്‍സി....'
'ഉം...' കെല്‍സി നിര്‍വികാരം മൂളുകമാത്രം ചെയ്തു. താനെന്റെ കാലം ചിന്തിക്ക്.... ഓര്‍ക്കാപ്പുറത്ത് സന്തോഷകരമായ ഒരു ജീവിതം വച്ചുനീട്ടിയിട്ട്.... ദാ അവനെയും തന്നിട്ട് പോയില്ലേ അവള്.... എന്റെ സ്‌റ്റെല്ല....! ങാ ഒരു കണക്കിന് തീരുമാനം മാറ്റി എന്റെ അരികിലേയ്ക്ക് വരാന്‍ അവള്‍ക്ക് തോന്നിയതു കൊണ്ട് എനിക്ക് ഞങ്ങളുടെ മകനെ കാണാനും പൊന്നുപോലെ നോക്കാനും ഉള്ള ഭാഗ്യം എനിക്ക് കിട്ടി. അല്ലെങ്കില്‍ എന്താകുമായിരുന്നു. അവളുടെ മരണത്തിനുശേഷം ഇവന് ആരുണ്ടാകുമായിരുന്നു. ഇവന്റെ ഭാവി എന്താകുമായിരുന്നു..... എന്റെ മകന്‍ അവന്റെ അപ്പനാരെന്നറിയാതെ ഈ ലോകത്തില്‍ അലഞ്ഞുതിരിയുമായിരുന്നില്ലേ.... ഓ.... എന്തായാലും സ്‌റ്റെല്ലായ്ക്ക് അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ തോന്നിയതു നന്നായി....
അവള് പോയി ഞങ്ങള്‍ തനിച്ചായി കെല്‍സി തന്നെപ്പോലെ തന്നെയാടോ ഞാനും. ഒരു കണക്കിന് തുല്യദുഃഖിതര്‍....'
ഒരു ദീര്‍ഘനിശ്വാസം എസ്തപ്പാനില്‍നിന്നും ഉയര്‍ന്നു.
വഴിയരുകില്‍ ഐസ്‌ക്രീം പാര്‍ലറിനുചേര്‍ത്ത് വാഹനം നിര്‍ത്തി എസ്തപ്പാന്‍ എല്ലാവര്‍ക്കുമായി ഓരോ കോണ്‍ വാങ്ങിവന്നു.
'ദാ....ഇതുകഴിക്കടോ.... ഒന്നു കൂളാകട്ടേ. എല്ലാ ടെന്‍ഷനും കള കെല്‍സി....' എസ്തപ്പാന്‍ ഒരു കോണ്‍ ഐസ്‌ക്രീം എല്‍സിക്കും മറ്റുള്ളവ കുട്ടികള്‍ക്കായും കൊടുത്തു. ഒരെണ്ണം റാപ്പര്‍ പൊളിച്ച് എസ്തപ്പാനും കഴിച്ചു തുടങ്ങി.
റോഡില്‍ നല്ല തിരക്കുണ്ട്. വാഹനങ്ങള്‍ ഇരുവശത്തും ചീറിപ്പാഞ്ഞുപോയി. എല്ലാവരും അവരവരുടെ തിരക്കില്‍ പായുകയാണ്. മുകളില്‍ മദ്ധ്യാഹ്ന സൂര്യന്‍ കത്തിനില്‍ക്കുന്നു. ഇടയ്ക്കിടെ വന്നുമൂടുന്ന മേഘപാളികളില്‍ സൂര്യകിരണങ്ങള്‍ മങ്ങിമറയുന്നു എസ്തപ്പാനെയും കെല്‍സിയെയും കുട്ടികളെയുംകൊണ്ട് ആ വാഹനവും അകന്നകന്ന് തിരക്കുകളില്‍ ലയിച്ചു. അവരും ജീവിതത്തിന്റെ തിരക്കുകളില്‍ ഇഴുകിച്ചേര്‍ന്നു.... ഇരമ്പിയകലുന്ന ശബ്ദകോലാഹലങ്ങള്‍.... വീക്ഷണ കോണില്‍ തിരക്കാര്‍ന്ന നിരത്ത് ഒരു വെള്ളിത്തിരപോലെ വിശാലമായി കിടന്നു.
-ശുഭം-