താതാ, നീ തന്നതീ ജീവിതം
ചേതനയുടെ പാരാവാരം,
അത്ഭുതങ്ങളുടെ ക്ഷീരപഥസ്‌മേരം!
നിന്നില്‍ വീണ്‍ടുമൊരു
ബീജ കണമായ്
തിരികെയണയും മുമ്പേ,
നിന്‍ശില്പചാതുര്യത്തിന്‍
കലവറകളിലൊന്നെത്തി
നോക്കാന്‍ പോലും
ആവാതീ നിത്യ വിസ്മയത്തിന്‍
താടിക്കു കൈയ്യുമൂന്നി തെല്ലിട...
പിന്നെ, നിന്നെ പാടിപ്പുകഴ്ത്തി തെല്ലിട…
വീണ്‍ടും നിന്‍ ശില്പങ്ങളില്‍
പൂണ്‍ടു തെല്ലിട….
പോരാ പോരാ….
രചിച്ചും രുചിച്ചും
ചരിച്ചും ചിരിച്ചും
ഉരിച്ചും അരിച്ചും
ഇരിച്ചും പൊരിച്ചും
കരിച്ചും വരിച്ചും
തരിച്ചും തിരിച്ചും
പിരിച്ചും മരിച്ചും
നിന്നില്‍ വീണ്‍ടുമൊരു
ബീജ കണമായ്
തിരികെയണയും,
നടനമിതു തുടരും.