Image

ആണും ലെഗ്ഗിന്‍സ്സും കാന്തരേണുക്കളും (കവിത: ഷീലാജി)

Published on 21 June, 2015
ആണും ലെഗ്ഗിന്‍സ്സും കാന്തരേണുക്കളും (കവിത: ഷീലാജി)
ഭൂഗോളചലനത്തിനു നിദാനം
ആകര്‍ഷണവും
പച്ചിരിമ്പുറപ്പുള്ള
പുരുഷചലനത്തിനു നിദാനം
കാന്തരേണുക്കള്‍ പ്രസരിക്കുന്ന
പെണ്‍ദേഹവുമത്രെ !

സാക്ഷ്യം അങ്ങു സുരലോകത്തുനിന്നു തുടങ്ങുന്നു
സര്‍വ്വത്യാഗി തപോധനന്‍ വിശ്വാമിത്രന്‍
'മേനകയുടെ' കാന്തരേണുക്കള്‍ക്ക്‌ മുന്നില്‍
ഉടചിട്ടത്‌ കൊടും തപസ്സ്‌

കാന്തം പണ്ടും പച്ചിരിമ്പിനെ
ആകര്‍ഷിച്ചിരുന്നുവെന്ന്‌ കവിമൊഴി ...

ഗംഗാതീരത്തെ നീലകടമ്പുകള്‍ കുസൃതികാട്ടി
ആ വഴിവന്ന സുരവേശ്യയുടെ
വസ്‌ത്രമൂര്‍ത്തിയപ്പോള്‍
സ്‌ത്രീദേഹത്തിന്റെ
കാന്തരേണുക്കളിലിടറി
വ്രതം ചലിച്ച്‌
കണ്ടുനിന്ന മുനിവര്യനു
സ്‌ഖലനം സംഭവിച്ചെന്ന്‌
ദ്രോണര്‍ മഹാഭാരതം മുമ്പാകെ
സാക്ഷ്യം പറയുന്നു

കാന്തം തപശക്തിയുള്ള പച്ചിരുമ്പിനെയും
ആകര്‍ഷിക്കുമെന്ന്‌ വ്യാസമൊഴി

സുരലോകം വിട്ട്‌ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയാല്‍
സാക്ഷ്യങ്ങളുടെ മെഗാപരമ്പരയ്‌ക്ക്‌ വലിയ സ്‌കോപ്പ്‌
ഒന്നാം രാജ്യത്തെ ഒന്നാം പൗരന്‍ മുതല്‍
താഴോട്ട്‌ എത്രവരെ താഴാമോ അത്രയും സാക്ഷിനിര ..
'മോനിക്ക'യുടെ കാന്തരേണുപ്രസരണമേറ്റപ്പോള്‍
ഒന്നാം പൗരന്‍ വെറും പുരുഷനായതു ചരിത്ര കഥ ..

കാന്തം പച്ചിരുമ്പിനെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുമെന്നു
അന്തര്‍ദേശീയ കവിമൊഴി

കാന്തരേണുക്കളുടെ അതിപ്രസരണത്തെ
നിറങ്ങള്‍കൊണ്ട്‌ തടയാനാവില്ലെന്ന്‌
ചില നിറങ്ങളുടെ ആല്‌മീയസാക്ഷ്യം
കാന്തരേണു പ്രസരണത്തില്‍
കാലിടറി 'കാവിയും വെള്ളയും'
ചിലയിടങ്ങളില്‍ മങ്ങിതുടങ്ങുന്നു

കാന്തം നിറമുള്ള പച്ചിരുമ്പിനെയും
ആകര്‍ഷിക്കുമെന്നു കവിമൊഴി

ചില മഹാല്‌മാക്കളുടെ സത്യാന്വേഷണ പരീക്ഷണങ്ങളിലും
കാന്തപ്രസരണത്തിനു ശക്തിയുണ്ടെന്ന്‌
അക്ഷരങ്ങള്‍ സാക്ഷ്യം പറയുന്നു
മരണാസന്നനായ പിതാവിന്റെ
കാല്‍തിരുമ്മുമ്പോഴും പത്‌നിയുടെ കാന്തരേണുക്കളില്‍
മനസ്സിടറി പിതൃസന്നിധി പരിത്യജിച്ചു
ഭാര്യയെ പ്രാപിച്ച കഥ
സത്യാന്വേഷിയുടെ ജീവചരിത്രത്തിന്റെ
ഏടുകളിലെ നഗ്‌നസാക്ഷ്യം

കാന്തം സത്യഗന്ധമുള്ള പച്ചിരുമ്പുകളെയും
ആകര്‍ഷിക്കുമെന്നു കവിയുടെ വിപ്ലവസാക്ഷ്യമൊഴി

ഇപ്പോള്‍ പെണ്‍രൂപമുള്ള ജീന്‍സും ലെഗ്ഗിന്‍സ്സും
കാന്തരേണുക്കള്‍ പ്രസരിപ്പിക്കുന്നുവെന്ന
സത്യം തുറന്നു പറഞ്ഞ്‌
വര്‍ത്തമാനകാല മഹാപുരുഷന്മാര്‍
കല്ലേറുവാങ്ങുന്നു

കാന്തം ഇന്നും എന്നും പച്ചിരുമ്പിനെ
ആകര്‍ഷിക്കുമെന്ന്‌ കവിമൊഴി

രണ്ടായിരം വര്‍ഷംമുമ്പ്‌ ഒലീവുമലയിലെ
തുറന്ന കോടതിമുറിയില്‍ വിചാരണ ചെയ്‌ത്‌
വിധി പറഞ്ഞ 'കാന്തരേണുക്കേസ്‌ '
വിശ്വവിഖ്യാതമായത്‌ വിധിവാചകത്തിന്റെ
കാലാതീത പ്രസക്തികൊണ്ട്‌ മാത്രമാണെന്ന്‌
കാലം തന്നെ സാക്ഷ്യം പറയുന്നു
കാന്തരേണു പ്രസരണം മഹാപരാധം
എന്നാരോപിച്ച്‌ പച്ചിരുമ്പുകള്‍
പാപദായിനിയെ എറിഞ്ഞു കൊല്ലുവാന്‍
കല്ലോങ്ങിയപ്പോള്‍
വിധിയാളന്‍ തലകുനിച്ച്‌
പൂഴിയില്‍ എഴുതി
''ഇവള്‍ പ്രപഞ്ചത്തിന്റെ പരാഗരേണുക്കള്‍ വഹിക്കുന്ന കാന്തരേണു
ഇവളുടെ ആകര്‍ഷണത്തില്‍ വികര്‍ഷിക്കുന്നവര്‍
ആദ്യം ഇവളെ കല്ലെറിയട്ടെ ''

ആസക്തിയും അക്രമവും താഴെയിട്ടു
ജീവശാസ്‌ത്രത്തിന്റെ മൗനരേഖകളില്‍ കയ്യൊപ്പുചാര്‍ത്തി
അന്ന്‌ ഒലീവുമലയില്‍
'കാന്തരേണുക്കേസ്സ്‌ 'മടക്കിവെച്ചത്‌ ലിഖിത കഥ
രൂപവും ഭാവവും മാറി കാന്തരേണുവിപ്പോള്‍
മുഖപുസ്‌തകങ്ങളിലും കടലാസ്സുകളിലും വീണ്ടും സജീവമാകുന്നു .......

പച്ചിരുമ്പുകളുടെ പൗരുഷസഞ്ചാരം കാന്തരേണുക്കളുടെ
ആകര്‍ഷണപഥത്തിലൂടെ ഒരു പണിതെറ്റുപോലെ തുടരുമെന്ന്‌ കവിമൊഴി ...


ഷീലാജി
ഷീല മോന്‍സ്‌ മുരിക്കന്‍
ആണും ലെഗ്ഗിന്‍സ്സും കാന്തരേണുക്കളും (കവിത: ഷീലാജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക