Image

സ്വപ്‌നഭൂമിക(നോവല്‍: 31- മുരളി ജെ. നായര്‍)

മുരളി ജെ. നായര്‍ Published on 26 June, 2015
സ്വപ്‌നഭൂമിക(നോവല്‍: 31- മുരളി ജെ. നായര്‍)
മുപ്പത്തിയൊന്ന്
ഒറ്റയ്ക്കായപ്പോള്‍ വലിയ ആശ്വാസം. റോസമ്മ തലയണ പൊക്കി വച്ച് ബെഡ്ഡില്‍ ചാരിയിരുന്നു.
എല്ലാവരും അടുത്തുണ്ടായിരുന്നപ്പോള്‍ വല്ലാത്ത വീര്‍പ്പുമുട്ടലായിരുന്നു. ആരുടേയും മുഖത്തു നോക്കാന്‍ പോലും മടി.
വളരെ നിര്‍ബന്ധിച്ചതിനുശേഷമാണ് അച്ചായനും അനിലും സന്ധ്യയും പോയത്. തന്റെ കണ്‍വെട്ടത്തു നിന്നു മാറിയിട്ടേ ഉണ്ടാവൂ. ഈ പരിസരത്തു തന്നെ കാണും.
ജനറല്‍ വാര്‍ഡിലേക്കു മാറ്റിയെങ്കിലും 'സൂയിസൈഡ് വാച്ചി' ലാണിപ്പോഴും.
ഇനി സഹപ്രവര്‍ത്തകരാരും സുഖവിവരം അന്വേഷിക്കാന്‍ വരാതിരുന്നാല്‍ മതിയായിരുന്നു. ചോദ്യങ്ങള്‍ക്കു മറുപടി പറയലാണ് ദുഃസഹം.
സന്ദര്‍ശകര്‍ ആരും വരില്ല. താനിപ്പോഴും ഐ.സി.യു.വിലാണെന്നേ പറയാവൂ എന്നു പ്രത്യേകം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.
ഡോക്ടര്‍ ചെറിയാന്‍ പൗലോസ് ഒരുപക്ഷേ വന്നേക്കും.
ഇന്നുരാവിലെ അദ്ദേഹം ഐ.സി.യു.വില്‍ വന്നിരുന്നു.
തനിക്ക് ബോധം തെളിഞ്ഞിട്ട് അധികസമയം ആയിരുന്നില്ല.
'എന്തൊക്കെയുണ്ട് റോസമ്മേ വിശേഷങ്ങള്‍?'
ഒന്നും സംഭവിക്കാത്ത പോലെയുള്ള ചോദ്യം.
നിസ്സഹായയായി ചിരിക്കാന്‍ ശ്രമിച്ചു.
കസേരയില്‍ ഇരുന്നു ഡോക്ടര്‍ ആകെയൊന്നു നോക്കി.
'പറയൂ, ഹൗ ഡു യു ഫീല്‍ നൗ?'
'ഫൈന്‍.'
വല്ലാത്തൊരു പേടി തോന്നി. ഈ വരവിന്റെ ഉദ്ദേശത്തെപ്പറ്റി നേഴ്‌സായ തനിക്കറിയാം.
സൈക്കിയാട്രിക് അസെസ്‌മെന്റ്. ദൈവമേ!
അപ്പോള്‍, താന്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതാണെന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുന്നു.
എങ്കിലും മനസിലൊരു പ്രത്യാശ. ഒരു പക്ഷെ താന്‍ നിഷേധിച്ചാല്‍..... ചിലപ്പോള്‍ രക്ഷപ്പെട്ടെങ്കിലോ.
ചിരിക്കാന്‍ ശ്രമിച്ചു.
'എന്തിനാ റോസമ്മ ഇതൊക്കെ?'
'ഏതൊക്കെ?'
ഒന്നും മനസിലായില്ലെന്നു നടിച്ചുകൊണ്ട് ചോദിച്ചു.
'അല്ല, വെറുതേ ചോദിക്കയായിരുന്നു.' ചെറിയാച്ചന്‍ തന്റെ കണ്ണുകളിലേക്കുറ്റു നോക്കി ചിരിച്ചു. 'ഞങ്ങളെയൊക്കെയങ്ങു പേടിപ്പിച്ചു കളഞ്ഞല്ലോ.'
'അത്.... ഡോക്ടര്‍.....'
'ലുക്ക്, ഡോക്ടറായിട്ടും സൈക്കിയാട്രിസ്റ്റും ഒന്നുമായിട്ടില്ല ഞാന്‍ വന്നിരിക്കുന്നത്്. ചെറിയാച്ചനായിട്ടാ. റോസമ്മയോട് വെറുതെ ഒന്നു സംസാരിക്കാന്‍.'
അളന്നു മുറിച്ച വാക്കുകള്‍.
'അത്.... അത്....' വാക്കുകള്‍ക്കുവേണ്ടി പരതി.
'പറയൂ. ഉം,' ചെറിയാച്ചന്റെ മുഖം നിറയെ പുഞ്ചിരി. 'എന്തെങ്കിലും പറയൂ.'
'നന്നായി ഉറങ്ങീട്ടു കുറെ ദിവസമായിരുന്നു,' ഒന്നു നിര്‍ത്തി. ചെറിയാച്ചന്റെ നേരേ നോക്കാന്‍ ധൈര്യമില്ല. 'ഡെമറോള്‍, കഴിച്ചാല്‍ നന്നായി ഉറങ്ങാന്‍ പറ്റുമെന്നു കരുതി.'
 'ഓഹോ, എന്നിട്ട്? റോസമ്മ നന്നായുറങ്ങിയോ?'
ഡോക്ടര്‍ തന്നെ കളിയാക്കുകയാണോ?
കൂടെക്കൂടെ തന്നെ പേരെടുത്തു വിളിക്കുന്നതു പ്രത്യേകം ശ്രദ്ധിച്ചു. തന്റെ ഐഡന്റി ഉറപ്പിച്ച് സെല്‍ഫ് റെസ്‌പെക്ട് ഉണ്ടാക്കിയെടുക്കാനുള്ള മനഃശാസ്ത്രപരമായ ശ്രമം തരക്കേടില്ല.
പക്ഷേ രക്ഷപ്പെടാന്‍ പഴുതില്ലല്ലോ?
'ഉറക്കം നന്നായിരുന്നോ?' ചെറിയാച്ചന്‍ വീണ്ടും.
'ഡോസു കൂടിപ്പോയെന്നു തോന്നുന്നു,' മടിച്ചു മടിച്ചു പറഞ്ഞു.
'അത്രേയുള്ളോ?' ഡോക്ടര്‍ പുഞ്ചിരിച്ചു.
'ഇപ്പോള്‍ മണിയെത്രയായി ഡോക്ടര്‍?'
'ഒമ്പതു കഴിഞ്ഞു. ഏതാണ്ട് ഇരുപത്തിനാലു മണിക്കൂറേ റോസമ്മ ഉറങ്ങിയുള്ളൂ അല്ലേ?'
ഛേ! നാണക്കേടായിപ്പോയി.
ഉറങ്ങാന്‍ ശ്രമിച്ചതാണെന്നു പറയേണ്ടിയിരുന്നില്ല.
ആദ്യത്തെ ഇന്‍സ്റ്റിങ്ക്റ്റില്‍ അങ്ങനെ പറഞ്ഞുപോയതാണ്.
'എന്തിനാ റോസമ്മ ഇതു ചെയ്‌തേ?'
എന്തുത്തരം പറയണം? അഥവാ എന്തൊക്കെ പറയാതിരിക്കണം? 
'ഞങ്ങളൊക്കെ ഇവിടെ ഉണ്ടായിരുന്നില്ലേ?' ചെറിയാച്ചന്‍ വീണ്ടും. 'ഇത്രയൊക്കെ വേണമായിരുന്നോ?'
മനസാകെ പിടയുന്നു.
കണ്ണു തുടച്ചു.
അതു കണ്ടിട്ടാകണം ഡോക്ടര്‍ മട്ടൊന്നുമാറ്റി.
'അതൊക്കെ പോകട്ടെ. കഴിഞ്ഞതു കഴിഞ്ഞു. ഇനിയുള്ള കാര്യങ്ങളിലാണ് എനിക്കു താല്‍പര്യം.'
ചെറിയാച്ചന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല.
'ഇനിയും ഉറങ്ങാനായി ഇങ്ങനെ വല്ലതും ചെയ്യുമോ?'
വിങ്ങിക്കരയാന്‍ തുടങ്ങി. ദൈവമേ, എന്തു മറുപടി പറയും?
'കരയേണ്ട,' ഡോക്ടര്‍ പതുക്കെ ചുമലില്‍ തട്ടി.
ശക്തിയായി ഏങ്ങലടിക്കാന്‍ തുടങ്ങിയപ്പോള്‍ ചെറിയാച്ചന്‍ എഴുന്നേറ്റു.
കണ്ണീര്‍ തുടച്ച് അദ്ദേഹത്തെ നോക്കി.
'ഇക്കാര്യത്തിലുള്ള എന്റെ റോള്‍ അറിയാമല്ലോ?' ചെറിയാച്ചന്‍ പറഞ്ഞു. 'പക്ഷേ ഒരു കാര്യം. എന്നെ ഒരു സൈക്കിയാട്രിസ്റ്റായിട്ടു കാണരുത്. നേരത്തെ പറഞ്ഞല്ലോ, ഞാന്‍ ചെറിയാച്ചന്‍. നിങ്ങടെയൊക്കെ സ്വന്തം ചെറിയാച്ചന്‍.'
ആ വാക്കുകള്‍ എന്തോ ധൈര്യം പകര്‍ന്നു.
'ശരി റോസമ്മ വിശ്രമിക്കൂ. അധികം താമസിയാതെ ജനറല്‍ വാര്‍ഡിലേക്കു മാറ്റും. എന്നിട്ടു ഞാന്‍ വരാം.'
അദ്ദേഹം പുറത്തേക്കു നടക്കുന്നത് നിസ്സഹായതയോടെ നോക്കിയിരുന്നു.
വീണ്ടും താന്‍ മയക്കത്തിലേക്ക്....
ജനറല്‍ വാര്‍ഡിലേക്കു മാറ്റാന്‍ നേഴ്‌സും സഹായിയും വന്നപ്പോഴാണു കണ്ണുതുറന്നത്.
രണ്ടു മണിക്കൂറോളമായി ജനറല്‍ വാര്‍ഡിലായിട്ട്. ഇതുവരെ അച്ചായനും അനിലും സന്ധ്യയും ഉണ്ടായിരുന്നു. ഈ ആശുപത്രിയില്‍ ജോലിചെയ്യുന്ന പരിചയക്കാരികള്‍ പലരും വന്നും പോയുമിരുന്നു.ഒരു കാര്യത്തില്‍ തന്റെ ആശങ്ക ബാക്കി നില്‍ക്കുന്നു. വിനോദിന്റെ കാര്യത്തില്‍. ആരും തൃപ്തികരമായ മറുപടി തരുന്നില്ല. അച്ചായനും അനിലുമൊക്കെ ഒഴിഞ്ഞുമാറുകയാണെന്നു തോന്നി.
വിനോദിന്റെ വിവരമൊന്നുമില്ലത്രെ!
മോട്ടലിലാണു ജോലിയെന്ന് ഇവര്‍ക്കൊക്കെ അറിയില്ലേ? പിന്നെയന്താ കോണ്‍ടാക്റ്റ് ചെയ്യാന്‍ വിഷമം?
അതോ ഇനി വല്ലതും....
ആ രംഗങ്ങളൊന്നും ഓര്‍മ്മയില്‍ നിന്നും മറയാറായിട്ടില്ല.
'അവനെ ഞാനൊരു പാഠം പഠിപ്പിക്കും,' അനിലിന്റെ വാക്കുകള്‍. 'അതെനിക്കു വിട്ടുതാ ഡാഡീ, അവനെ ഞാന്‍ ഹാന്‍ഡ്ല്‍ ചെയ്തു കൊള്ളാം.'
അച്ചായന്റെ ദേഷ്യമാണ് അതിലും ഭയാനകം. പണ്ടൊരിക്കല്‍ കഴുത്തിനു പിടിക്കാന്‍ ചെന്നത്്, അന്ന് താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍....
സന്ധ്യയ്ക്കാണെങ്കില്‍ ഇനി വിനോദുമായി ഒരു ജീവിതമേ വേണ്ടന്ന മട്ടാണ്.
എന്താണു സംഭവിച്ചിരിക്കുക?
വിനു എന്തായാലും ഇതൊക്കെ അറിഞ്ഞു കാണും. അതുറപ്പ്്. എല്ലാവരുടേയും പ്രതികരണം ഭയന്നാവുമോ ഇതുവരെ വരാത്തത്?
ഇക്കാര്യം ചോദിച്ചപ്പോള്‍ സന്ധ്യ വിങ്ങിപ്പൊട്ടി. പിന്നെ കുറേ നേരത്തേയ്ക്ക് ഒന്നു മിണ്ടിയതുമില്ല.
ചെറിയാച്ചന് എന്തായാലും ഇക്കാര്യത്തില്‍ സഹായിക്കാന്‍ പറ്റിയേക്കും.
അച്ചായനോടും അനിലിനോടും സന്ധ്യയോടും വേണ്ടതുപോലെ ഒന്നു സംസാരിച്ചാല്‍ ചിലപ്പോള്‍ എല്ലാം നേരെയായേക്കാം. വിലപ്പെട്ട ജീവിതം വീണ്ടും കിട്ടിയേക്കാം....
'ഹായ് റോസീ....'
ശബ്ദം കേട്ട് ഞെട്ടിപ്പോയി.
ഏലിയാമ്മ.
'ഹൗ ആര്‍ യൂ?' സഹപ്രവര്‍ത്തക പുഞ്ചിരിച്ചു.
'വെരി ഗുഡ്്.'
'യു ലൂക്ക് നൈസ്.'
സ്‌നേഹത്തില്‍ കുതിര്‍ന്ന വാക്കുകള്‍.
'താങ്ക്‌സ്.'
'ആഹാ, ഗോസിപ്പു തുടങ്ങിയോ വീണ്ടും?'
ചെറിയാച്ചന്‍ വാതില്‍ക്കല്‍.
ഏലിയാമ്മ സൈഡിലേക്കു മാറി നിന്നു.
'ഞാന്‍ വേണമെങ്കില്‍ പോയിട്ടു പിന്നെ വരാം,' ചെറിയാച്ചന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
'വേണ്ട, ഞാന്‍ പോവുകയാ,' ഏലിയാമ്മ തന്നെ നോക്കി പറഞ്ഞു.
'സീ യൂ.'
അവള്‍ പുറത്തേക്കു നടക്കുന്നതു നോക്കി ചെറിയാച്ചന്‍ അല്പ നേരം നിന്നു.
എന്നിട്ടു കസേരയിലിരുന്നു.
'സോ....' ചെറിയാച്ചന്‍ ചിരിച്ചു. 'വാട്ട്‌സ് അപ്?'
മറുപടിയായി ചിരിച്ചു.
'എല്ലാവരും എവിടെപ്പോയി?'
'ഇവിടെ എവിടെയെങ്കിലും കാണും.' ചെറിയാച്ചന്‍ നീട്ടി മൂളി.
'ഇതുവരെ ഇവിടെയുണ്ടായിരുന്നു. ഞാന്‍ നിര്‍ബന്ധിച്ചു പറഞ്ഞിട്ടാ പോയത്.'
'ഒരു വാസ്തവം പറയട്ടെ?'
'എന്തു വാസ്തവം?' ചോദ്യഭാവത്തില്‍ നോക്കി.
'റോസമ്മ മറ്റു പല മലയാളീ സ്ത്രീകളേയും പോലെയല്ല,' ചെറിയാച്ചന്റെ ശബ്ദത്തില്‍ അനുകമ്പ. 'ഈ നിശ്ചദാര്‍ഢ്യം, എന്തു കടുംകൈ ചെയ്യാനും മടിക്കാത്ത ഈ പ്രകൃതം, ഒരു കണക്കിന് അതു നല്ലതാണ്. പോസിറ്റീവ് ആയ കാര്യങ്ങളിലേക്ക് അതു തിരിച്ചു വിടണമെന്നു മാത്രം.'
'ഞാന്‍.....ഞാന്‍....' വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞു.
'കുറ്റപ്പെടുത്താന്‍ പറഞ്ഞതല്ല,' ചെറിയാച്ചന്‍ ഒന്നു നിര്‍ത്തി, 'ഇത്രയൊക്കെ ചെയ്യാന്‍ പെട്ടെന്നുണ്ടായ കാരണം എന്തായിരുന്നു? എന്നോടു പറയൂ.'
എന്തു പറയണം? കുറേ നേരം വേണ്ടിവന്നു വാക്കുകളൊന്നു ചിട്ടപ്പെടുത്തിയെടുക്കാന്‍.
'ചെറിയാച്ചനറിയാമല്ലോ ഞങ്ങടെയൊക്കെ കാര്യം. രാപകലില്ലാതെ ജോലി ചെയ്യുന്നു. എന്നിട്ടും ഒന്നും നേരെയാക്കിയെടുക്കാന്‍ കഴിയുന്നുമില്ല.'
'ഈ രാപകലില്ലാതെ ജോലി ചെയ്യുന്നതിന്റെ യഥാര്‍ത്ഥ ഉദ്ദശം എന്താ? കഴിയുന്നത്ര കാശുണ്ടാക്കാന്‍, അല്ലേ?' 
അല്പസമയത്തിനുശേഷം ചെറിയാച്ചന്‍ തുടര്‍ന്നു.
'കാശുണ്ടാക്കരുതെന്നല്ല ഞാന്‍ പറയുന്നത്. അത് ആരും പറയുകയില്ല. വിശേഷിച്ചും ഈ നാട്ടില്‍ കാശ് എന്ന മാനദണ്ഡത്തിലൂടെയേ മനുഷ്യന്റെ വില നിര്‍ണ്ണയിക്കപ്പെടുന്നുള്ളുവെന്നു തോന്നുന്നു. എന്നാല്‍ പണത്തെപ്പോലെ തന്നെ പ്രധാനപ്പെട്ട വേറെയും ഘടകങ്ങളുണ്ട്. ഈ പണമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സമയത്തിന്റെ ഒരംശമെങ്കിലും കുടുംബാംഗങ്ങളുമായി സ്‌നേഹം പങ്കുവെയ്ക്കാന്‍ നീക്കിവയ്ക്കാറുണ്ടോ? മക്കളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാറുണ്ടോ?'
'ഞാന്‍ പറയുന്നത് ആരും ചെവിക്കൊള്ളാറില്ല.....'
കുറ്റബോധം സ്ഫുരിക്കുന്ന വാക്കുകള്‍. 'സന്ധ്യയുടെ പ്രശ്‌നത്തില്‍ത്തന്നെ ഞാനെത്രമാത്രം തീ തിന്നു. വേറെയാര്‍ക്കും അത്ര പ്രയാസമുള്ളതായി കണ്ടില്ല.'
ചെറിയാച്ചന്‍ അല്പനേരം ചിന്താമഗ്നനായി.
'സന്ധ്യമോളുടെ പ്രശ്‌നം എങ്ങനെയുണ്ടായി എന്ന് ആലോചിച്ചിട്ടുണ്ടോ? ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതൊന്നുമല്ലല്ലോ അത്. അവളുടെ ഇഷ്ടത്തിനെതിരായി നിങ്ങള്‍ നിര്‍ബന്ധിച്ച് ഫാര്‍മസി കോഴ്‌സിന് അയച്ചു. അവള്‍ക്കു തുറന്നു സംസാരിക്കാനും ആശയവിനിമയം നടത്തുവാനും ആരും ഉണ്ടായിരുന്നില്ല..... നിങ്ങളുടെയൊക്കെ ഇഷ്ടങ്ങള്‍ അവളില്‍ അടിച്ചേല്‍പ്പിക്കയല്ലേ ചെയ്തത്? അവള്‍ക്കും ഒരു വ്യക്തിത്വമുണ്ടെന്നു നിങ്ങളൊക്കെ മറന്നു.'
പ്ലീസ് ഡോക്ടര്‍, അതേപ്പറ്റി ഇനിയൊന്നും പറയരുതേ എന്ന് അപേക്ഷിക്കണമെന്നു തോന്നി.
'അതേപ്പറ്റി എപ്പോഴെങ്കിലും തോമസിനോടു സംസാരിച്ചുണ്ടോ? അതിനെവിടെ സമയം, അല്ലേ?'
താന്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോഴത്തെ അച്ചായന്റെ മുഖഭാവം! 'വെട്ടൊന്ന് മുറി രണ്ട്' എന്ന മട്ട്!
'എനിക്കറിയാം,' ചെറിയാച്ചന്‍ തന്നെ വീണ്ടും തറപ്പിച്ചു നോക്കി, 'ഇനി എന്താണു ചെയ്യാന്‍ പറ്റുക എന്നാണു നോക്കേണ്ടത്. അക്കാര്യത്തില്‍ റോസമ്മയുടെ ഈ അറ്റംപ്റ്റ് സഹായിച്ചെന്നു തോന്നുന്നു. ഒരുതരം ശ്രദ്ധ ക്ഷണിക്കല്‍. ഞാന്‍ കരയുന്നത് ആരും കേള്‍ക്കുന്നില്ലേ എന്ന ചോദ്യം.'
മനസാകെ വിങ്ങുന്നു. ദൈവമേ!
'ഞാന്‍ എല്ലാവരോടും സംസാരിച്ചു. ഇനി ഒരു പാടു സംസാരിക്കാനുണ്ട്. ട്രസ്റ്റ് മീ, എല്ലാവരും ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ തയ്യാറാണ്.'
'വിനോദിനെ ചെറിയാച്ചന്‍ കണ്ടിരുന്നോ?'
മടിച്ചുമടിച്ചു ചോദിച്ചു. 'സന്ധ്യയുടെ ഹസ്ബന്റിനെ?'
'ഇല്ല.' ചെറിയാച്ചന്‍ ഒന്നു നിര്‍ത്തി എന്തോ ആലോചിക്കുന്ന മാതിരി, 'ഞാനുടനെ കാണുന്നുണ്ട്.'
'താങ്ക്‌സ്,'
'ലൂക്ക് റോസമ്മ, ഇവിടെ നിന്നു ഡിസ്ചാര്‍ജ് ആയി പോകുമ്പോള്‍ ഒരു പുതിയ ജീവിതത്തിലേക്കാണു പോകുന്നതെന്നു കരുതിക്കോളൂ.'
ദൈവമേ, കഴിഞ്ഞ ഇരുപതില്‍പ്പരം വര്‍ഷങ്ങള്‍. ജീവിതത്തിന്റെ വസന്തകാലം. തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ശൈത്യക്കാറ്റ് ചീറിയടിക്കുന്ന അനുഭവം!
'ഒരവസരം കൂടിത്തന്ന ദൈവത്തിനു നന്ദി പറയുക.' ചെറിയാച്ചന്റെ ശബ്ദം കരുണാര്‍ദ്രമായി.
എത്ര ശ്രമിച്ചിട്ടും വിതുമ്പല്‍ അടക്കാന്‍ കഴിഞ്ഞില്ല.
'ഐ വാണ്ട് ടു ലിവ് ഡോക്ടര്‍,'പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു. 'അച്ചായനേം മക്കളേം സ്‌നേഹിച്ച് കൊതി തീര്‍ന്നില്ല ചെറിയാച്ചാ. പ്ലീസ് സേവ് മീ..... ഐ വാണ്ട് അനദര്‍ ചാന്‍സ്!'
നിയന്ത്രണം വിട്ട് ഏങ്ങലടിക്കാന്‍ തുടങ്ങി.

സ്വപ്‌നഭൂമിക(നോവല്‍: 31- മുരളി ജെ. നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക