തൃശൂര്‍ പൊലീസ് അക്കാദമിയിലെ പരിപാടിയില്‍ ആഭ്യന്തരമന്ത്രി വന്നപ്പോള്‍
ഋഷിരാജ് സിങ് വേണ്ടത്ര ആദരവ് കാണിക്കാതിരുന്നത് വളരെ മോശമായിപ്പോയി എന്നാണ്
എന്റെ അഭിപ്രായം. ഇതില്‍ ഒരു പ്രോട്ടോക്കോളിന്റെയും പ്രശ്മില്ല. ഇത്
ജനാധിപത്യത്തോടുള്ള അവഹേളനമാണ്. രമേശ് ചെന്നിത്തല ഇന്നിടത്ത് ഇന്നയാളുടെ
മകനായതുകൊണ്ട് ആ സ്ഥാനത്ത് ഇരിക്കുന്നതല്ല. അദ്ദേഹം ഈ നാട്ടിലെ ജനങ്ങള്‍
തെരഞ്ഞെടുത്ത എംഎല്‍എയും അവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയുമാണ്.
അതുകൊണ്ട് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മന്ത്രിയാണ്. അങ്ങനെയുള്ള ഒരു
മന്ത്രിയോട് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നല്ല, ഏത് ഉദ്യോഗസ്ഥനും ബഹുമാനം
കാണിക്കുന്നത് ജനങ്ങളോടുള്ള ബഹുമാനമാണ്. അതിനര്‍ത്ഥം അവര്‍ പറയുന്നതെല്ലാം
ചെയ്യണമെന്നല്ല. അതിനുള്ള വ്യവസ്ഥകള്‍ വേറെയുണ്ട്. മര്യാദ എന്നുപറയുന്നത്
സുജനമര്യാദയുടെ ഔദ്യോഗിക ഭാഷ്യമാണ്.
ഞാന്‍ ഒരു ഉദാഹരണം പറയാം. ടിഎം ജേക്കബ് എന്റെ മന്ത്രിയായിരുന്നു. ജേക്കബ്
ആദ്യം മന്ത്രിയായപ്പോള്‍ എന്റെ മന്ത്രിയായിരുന്നില്ലെങ്കിലും പിന്നീട്
82ല്‍ എന്റെ വകുപ്പിന്റെ തന്നെ മന്ത്രിയായി. അദ്ദേഹം വളരെ
ചെറുപ്പമായിരുന്നു. ടിഎം ജേക്കബും ഞാനുമായിട്ടുള്ള വ്യക്തിബന്ധം
അടുപ്പത്തിന്റെ മാത്രമല്ല. ജേക്കബ് എന്നേക്കാള്‍ 10 വയസ്സ് ഇളയതാണ്.
ജേക്കബ് എംഎല്‍എയായപ്പോള്‍ പലകാര്യങ്ങളും എന്നോട് ചോദിച്ച് മനസ്സിലാക്കി
പഠിച്ചിട്ടുള്ള ശിഷ്യസ്ഥാനീയനായ ഒരാളണ്. ഞാന്‍ എറണാകുളം ജില്ല വിട്ട്
തിരുവനന്തപുരത്ത് താമസിക്കുന്ന ആളാണെങ്കിലും നാട്ടിലെ വേരുകള്‍
അറുക്കാത്തതുകൊണ്ട് എറണാകുളം ജില്ലയിലെ നാലഞ്ച് മണ്ഡലങ്ങളിലെങ്കിലും
എനിക്ക് ആരെയും ജയിപ്പിക്കാനൊക്കില്ലെങ്കിലും അത്യാവശ്യം ആരെയെങ്കിലും
തോല്‍പ്പിക്കാനുള്ള സ്വാധീനമുണ്ടെന്ന് ജേക്കബിനും അറിയാം.
എന്നേക്കാള്‍
പ്രായക്കുറവ്, എന്റെ സമുദായത്തില്‍ എന്നേക്കാള്‍ ജൂനിയറായ സ്ഥാനം.
രാഷ്ട്രീയത്തില്‍ എനിക്ക് സ്വല്‍പം സ്വാധീനം ഉപയോഗിച്ചാല്‍ വേണമെങ്കില്‍
ജേക്കബിനെ ഉപദ്രവിക്കാന്‍ സാധിക്കുമെന്ന് ജേക്കബിനും അറിയാം, എനിക്കും
അറിയാം. ജേക്കബ് മന്ത്രിയായതോടു കൂടി ഞാന്‍ ജേക്കബിനോട് ഉപചാരപൂര്‍വ്വമാണ്
പെരുമാറിയത്. ഞാനും ജേക്കബും മാത്രമുള്ളപ്പോള്‍ ജേക്കബ് എന്നെ ചേട്ടാ
എന്നും ഞാന്‍ ജേക്കബിനെ പേരും വിളിക്കും. പക്ഷെ, മൂന്നാമത് ഒരാള്‍ ആ
മുറിയിലുണ്ടെങ്കില്‍ ഞാന്‍ ജേക്കബിനെ ഒരിക്കലും 'ഹേ ജേക്കബേ' എന്ന്
വിളിക്കാറില്ല. മിനിസ്റ്റര്‍ എന്നേ വിളിക്കൂ. അത് ജനാധിപത്യത്തിന്
ഉദ്യോഗസ്ഥന്‍ കൊടുക്കുന്ന ബഹുമാനമാണ്.
ജേക്കബും ഞാനും ഒരുമിച്ച്
പൊതുവേദിയില്‍ നടക്കുന്നുണ്ടെങ്കില്‍, ഞാന്‍ ജ്യേഷ്ഠനാണ് എന്നൊക്കെ
പറഞ്ഞാലും, ജേക്കബ് നടക്കുന്നതിനേക്കാള്‍ ആറിഞ്ച് പുറകിലേ,
ഒരുപാടൊന്നുമല്ല, നടക്കാറുള്ളൂ. അത് മന്ത്രിയോടുള്ള, ടിഎം ജേക്കബ് എന്ന
മനുഷ്യനോടുള്ള ബഹുമാനമല്ല, ടിഎം ജേക്കബിനെ തെരഞ്ഞെടുത്ത കേരളത്തിലെ
ജനങ്ങളോടുള്ള ബഹുമാനമാണ്. ഋഷിരാജ് സിങ് ബീക്കാനീര്‍ രാജകുമാരനാണ്. അദ്ദേഹം
രാജകൊട്ടാരത്തില്‍ ജനിച്ചുവളര്‍ന്നുവന്നയാളായിരിക്കാം. പക്ഷെ
ജനാധിപത്യത്തിലെ ഒരു മന്ത്രിയെ ബഹുമാനിക്കുക എന്നത് മനസ്സിന്റെ
സംസ്‌കാരത്തിന്റെ ലക്ഷണമാണ്. അതുകൊണ്ട് ഋഷിരാജ് സിങ് ചെയ്തത് തീര്‍ത്തും
തെറ്റായിപ്പോയി എന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.
ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ ബഹുമാനിക്കുക എന്നതുകൊണ്ട് അവര്‍ പറയുന്ന
കാര്യങ്ങളൊക്കെ അതേപടി അനുസരിക്കുക എന്ന് അര്‍ത്ഥമില്ല. നിയമമനുസരിച്ച്
എതിര്‍ക്കാവുന്ന കാര്യങ്ങളെ എതിര്‍ക്കണം. ഞാനുമായിഏറ്റവുമധികം ഫയലില്‍
അഭിപ്രായവ്യത്യാസമുണ്ടായ ആളായാരുന്നു ശ്രീ കെ ചന്ദ്രശേഖരന്‍
(അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിയുണ്ടാകട്ടെ). ഞാന്‍ വിദ്യാഭ്യാസ
സെക്രട്ടറിയും അദ്ദേഹം മന്ത്രിയുമായിരുന്നപ്പോള്‍ പകുതിയലധികം ഫയലുകളില്‍
ഞങ്ങള്‍ തമ്മില്‍ വോള്‍ട്ടയുണ്ടായതാണ്. പക്ഷെ, വ്യക്തി തലത്തില്‍ എന്തൊരു
കുലീനതയാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്.
ഞാന്‍ ജേക്കബിന്റെ കാര്യത്തില്‍
കാണിച്ചു എന്നുപറയുന്നതുപോലെ ഉദ്യോഗസ്ഥരോട് മന്ത്രി കാണിക്കേണ്ട
ബഹുമാനമാണത്. ഇത്രയേറെ അഭിപ്രായ വ്യത്യാസമുണ്ടായിട്ടും എന്നോട് ഏറ്റവും
മാന്യമായി പെരുമാറിയിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ മന്ത്രിക്ക് ഒരു
സ്ഥാനമുണ്ട്, ഉദ്യോഗസ്ഥന് ഒരു സ്ഥാനമുണ്ട്. അത് തിരിച്ചറിയാതെ സുരേഷ്
ഗോപിയുടെ ഡയലോഗ് കണ്ട് കോണ്‍ടക്ട് റൂള്‍ പഠിക്കുന്ന ആളുകള്‍ രാജ്യത്തിന്
അഭിമാനമല്ല പകരുന്നത് എന്നുപറയാന്‍ എനിക്ക് ഒരു മടിയുമില്ല. ഋഷിരാജ് സിങ്
എന്തുകൊണ്ട് അത് ചെയ്തുവെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.
എനിക്ക്
തോന്നുന്നത് ആദ്യഘട്ടത്തില്‍ മന്ത്രി പുറകില്‍നിന്ന് വന്നപ്പോള്‍ അദ്ദേഹം
കണ്ടുകാണില്ല. ആ ചിത്രത്തില്‍ തന്നെ ഏതോ ഒരു ഓഫീസര്‍ പുറകില്‍നിന്ന്
ചെന്നിത്തലയെ സല്യൂട്ട് ചെയ്യുന്നത് കാണാം. അങ്ങനെയൊന്നും ചെയ്യണമെന്ന്
ഞാന്‍ പറയുന്നില്ല. പക്ഷെ യൂണിഫോം ഇട്ട ഒരു പൊലീസുകാരന് തന്നേക്കാള്‍
മുതിര്‍ന്ന ഒരാളെ എന്നുമാത്രമല്ല, മറ്റാരെയെങ്കിലും അഭിവാദ്യം
ചെയ്യണമെന്നുണ്ടെങ്കില്‍ സല്യൂട്ട് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഈ
രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രി ഒരു വേദിയിലേക്ക് വരുമ്പോള്‍
അതുപോലെ ഇരിക്കുന്നത് തെറ്റായ മാതൃകയാണ് നല്‍കുന്നത്.
ഞാന്‍ ഇടുക്കിയില്‍ കലക്ടറായി ഇരുന്നപ്പോഴുണ്ടായ വ്യക്തിപരമായി മറ്റൊരു
ഉദാഹരണം കൂടി പറയാം. ചെറുപ്പകാലത്ത് അറിവില്ലാതിരുന്നപ്പോള്‍
പുകവലിക്കുമായിരുന്നു. ഒരുഘട്ടത്തില്‍ ഞാന്‍ പൈപ്പ് ആണ് വലിച്ചിരുന്നത്.
ഒരിക്കല്‍ ഒരുപരിപാടി കഴിഞ്ഞെത്തിയപ്പോള്‍ മന്ത്രി കെജി അടിയോടൊപ്പം
വേദിയില്‍ ഞാന്‍ ഒരു പൈപ്പ് വലിച്ച് ഇരിക്കുന്ന പടം കണ്ടു. ഇത് വല്ലവരും
കണ്ടാല്‍ എന്തുമോശമാണ്, ഒരു മന്ത്രിയോട് ആദരവില്ലാതെ ഇരിക്കുന്നത് എന്ന് ആ
പടം കണ്ടപ്പോള്‍ എനിക്കുതന്നെ തോന്നി. മുമ്പിലിരിക്കുന്ന ചെറുപ്പക്കാരായ
ആളുകള്‍ക്ക് തെറ്റായ ഒരു സന്ദേശം നല്‍കുകയല്ലേ ഇത്. വാസ്തവത്തില്‍ ഞാന്‍
അതിന് ശേഷമാണ് പുകവലി നിര്‍ത്തുന്നതിനെ കുറിച്ചുപോലും ആലോചിച്ചത്. ഇതൊക്കെ
ഔചിത്യത്തിന്റെ പ്രശ്‌നമാണ്.
അഹങ്കാരം സ്വന്തം നിലയ്ക്കുണ്ടായാലും മോശമാണ്
മറ്റുള്ളവര്‍ക്കുനേരെ എടുത്താലും മോശമാണ്. അതുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട
ഒരു മന്ത്രിയോട് അവഹേളനപരമായി പെരുമാറുക, അനാദരവായി പെരുമാറുക എന്നത്
അദ്ദേഹത്തെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനും അപമാനകരുമായ പെരുമാറ്റമാണ്.
അത് ആരുമായിക്കൊള്ളട്ടെ. വിഎസ് അച്യുതാനനന്ദന് പ്രായമുണ്ടെങ്കിലും
വിദ്യാഭ്യാസമില്ലെന്ന് പറയാം, രാഷ്ട്രീയമായി അഭിപ്രായവ്യത്യാസമുണ്ടെന്ന്
പറയാം. അങ്ങനെയൊക്കെയാണെങ്കിലും മുഖ്യമന്ത്രിയാണെങ്കില്‍ മുഖ്യമന്ത്രിയെ
ബഹുമാനിക്കേണ്ടേ? അത് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ? എന്തൊരു
അബദ്ധമാണ് ഈ ചെറുപ്പക്കാരന്‍ കാണിച്ചത് എന്ന് എനിക്ക് അത്ഭുതം തോന്നുന്നു.
പൊതുപരിപാടിയില്‍ അദ്ദേഹം ക്ഷിണിക്കപ്പെട്ട അതിഥിയാണോ എന്നത് പ്രശ്മല്ല.
യൂണിഫോം ഇടാതിരിക്കുകയാണെങ്കില്‍ എഴുന്നേറ്റ് നിന്നാല്‍ മതി. യൂണിഫോം
ഇട്ടിരിക്കുകയാണെങ്കില്‍ എഴുന്നേറ്റ് സല്യൂട്ട് ചെയ്യണം. രമേശ് ചെന്നിത്തല
മാത്രമല്ല, അദ്ദേഹത്തിന്റെ മുന്നില്‍ വര്‍ത്തമാനം പറയാന്‍ ഒരു
പൊലീസുകാരന്റെ ഭാര്യ വന്നാല്‍ പോലും സല്യൂട്ട് ചെയ്യണമെന്നാണ്
പ്രോട്ടോക്കോള്‍. യൂണിഫോം ഇട്ട പൊലീസുകാരന് അഭിവാദനം ചെയ്യാന്‍
അംഗീകരിക്കപ്പെട്ട മാര്‍ഗമാണ് സല്യൂട്ട്.
അതുകൊണ്ട് ഒരു മന്ത്രി,
അദ്ദേഹത്തിന്റെ വകുപ്പിന്റെ മന്ത്രി വരുമ്പോള്‍, അദ്ദേഹം ഒരു മഹാരാജാവിനെ
പോലെ ഇരിക്കുക എന്നുപറയുന്നത് കേരളത്തില്‍ നടക്കേണ്ട കാര്യമല്ല,
രാജസ്ഥാനില്‍ നടക്കുമായിരിക്കും. ജനാധിപത്യബോധമുള്ള ഒരു സംസ്ഥാനത്ത്
ചെയ്യാന്‍ കൊള്ളുന്ന കാര്യമല്ല. ജനങ്ങളോടുള്ള അധിക്ഷേപമാണ് അത്. കേരളത്തിലെ
ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മന്ത്രിയാണ് രമേശ് ചെന്നിത്തല. നാളെ അദ്ദേഹം
മന്ത്രിയല്ലാതിരിക്കാം. അപ്പോള്‍ എഴുന്നേറ്റ് നില്‍ക്കുകയും സല്യൂട്ട്
ചെയ്യുകയും വേണ്ട. സത്യപ്രതിജഞ ചെയ്ത് അധികാരത്തിലിരിക്കുന്ന ആള്‍ ആ
കസേരയില്‍നിന്ന് പുറത്തുപോകുന്നതുവരെ അദ്ദേഹത്തോട് കാണിക്കേണ്ട ബഹുമാനം
വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കേണ്ടതല്ല. നേരെ മറിച്ച്
ജനാധിപത്യത്തില്‍ ഒരു മന്ത്രിയോടുള്ള ബഹുമാനം അദ്ദേഹത്തെ തെരഞ്ഞെടുക്കുന്ന
ജനങ്ങളോടുള്ള ബഹുമാനമാണ്.
ആദരണിയ കേരള ആഭ്യന്തിരമന്ത്രി ശ്രീ . രമേശ് ചെന്നിത്തല അവർകൾക്ക് ,
ഇന്നലെ തൃശൂരിൽ നടന്ന പോലീസ് ചടങ്ങിൽ വെച്ച് ആദരണിയ നും ജനപ്രിയനുമായ ശ്രീ . ഋഷി രാജ് സിംഗ് അങ്ങയോടു അനാദരവ് കാട്ടിയതായി അങ്ങക്ക് തോന്നിയിട്ടുണ്ടെങ്കിൽ കേരള ജനത മനസ്സറിഞ്ഞു ഇഷ്ട്ടപ്പെടുന്ന ശ്രീ . ഋഷിരാജ് നു വേണ്ടി ഞാൻ മാപ്പ് പറയുന്നു ഒപ്പം നിഷ്പക്ഷമായി ഞാൻ ചില കാര്യങ്ങൾ അങ്ങയോടു ചോദിയ്ക്കാൻ ആഗ്രഹിക്കുന്നു .
1. ജനങ്ങൾ ഈ ഓഫീസറെ കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങുന്നത് സർക്കാർ ( LDF) വ്യാജ C D പിടിക്കാൻ ചുമതല നല്കി അദേഹം ആ പണി വൃത്തിയായി ചെയ്യാൻ തുടങ്ങിയത് മുതലാണ് . C D വിഷയം ഉന്നതരിലേക്ക് എത്തിയപ്പോൾ അവിടെ നിന്ന് അദ്ധേഹത്തെ മാറ്റി .
2. മൂന്നാർ കൈയേറ്റം പിടിക്കാൻ പോയ 3 പടത്തലവൻ മമാരിൽ ഒരാൾ ഋഷി രാജ് ആയിരുന്നു . അവിടെയും ഇതാണ് നടന്നതെന്ന് നമ്മൾ കണ്ടു
3. പിന്നീടു വ്യാജ മദ്യം പൊക്കാൻ ചുമതലപ്പെടുത്തി . വമ്പന്മ്മാരെ മൂടോടെ പിടിക്കാൻ തുടങ്ങിയപ്പോൾ അവിടെ നിന്നും അദ്ധേഹത്തെ വലിച്ചുമാറ്റി .
4. സഹികെട്ടാകാം അദ്ദേഹം കേന്ദ്ര തലത്തിലേക്ക് മാറി തുടർന്ന് ബോംബെ പോലുള്ള മഹാനഗരത്തിൽ ഇരുന്നു മയക്കു മരുന്ന് വേട്ടക്കു ചുക്കാൻ പിടിച്ചു . ഒരു നിശ്ചിത കാലയളവ് അവിടെ ഇരുന്നു വൃത്തിയാക്കി അദേഹം അവിടെ . നിരവധി പുരസ്കാരങ്ങളും അതുവഴി അദ്ധേഹത്തെ തേടി എത്തി എന്നാണ് ഞാൻ അറിഞ്ഞത് .
5. വീണ്ടും കേരളത്തിലേക്ക് . പിന്നീടു കുറെ കാലം കാര്യമായ ഒരു തസ്തിക കിട്ടാതെ ഇരുന്നപ്പോഴാണ് ഗതാഗത വകുപ്പിന്റെ ചുമതല നല്കുന്നത് . പൊതുജന പ്രതിബദ്ധത ഉള്ള , ജന സ്നേഹമുള്ള , കർമധീരനായ ഒരു പൊതുജന സേവകനെ ജനം തിരിച്ചറിയുകയായിരുന്നു . അങ്ങ് മന്ത്രി ആയി കുറച്ചു നാളിനു ശേഷം ആണ് ഋഷിരാജ് ഗതാഗത വകുപ്പിൽ നിന്നും മാറ്റപ്പെട്ടത് . അന്ന് അങ്ങ് പറഞ്ഞു ഇദ്ദേഹം മിടുക്കനായ ഓഫീസർ ആണ് ആ തസ്തികയിൽ തുടരുകയാണ് വേണ്ടതെന്നു .
6 ഗതാഗത വകുപ്പിൽ നിന്നും മാറ്റിയപ്പോൾ അദ്ധേഹത്തെ ക്രമസമാധാന പാലനത്തിന്റെ ചുമതല നല്കും എന്ന് ജനം പ്രതിക്ഷിച്ചു കിട്ടിയില്ല . ഇടയ്ക്കു പറഞ്ഞു കേട്ടു OPERATION KUBERA യുടെ തലപ്പത്ത് കൊണ്ടുവരാൻ പോകുന്നു എന്ന് പക്ഷെ നടന്നില്ല പിന്നെ കേട്ടു നിർഭയയുടെ തലപ്പത്ത് വരുന്നു എന്ന് അതും നടന്നില്ല . അവസാനം K S E B യിൽ ഇപ്പോൾ അവിടെ നിന്നും പുറത്തു ഒപ്പം അപ്രധാന തസ്തിക ആയ പോലീസ് ട്രെയിനിംഗ് മേധാവി ആക്കി നിയമനം .
സർ , ഇതല്ല പൊതുജനം ആഗ്രഹിക്കുന്നത് . ഋഷിരാജ് ഒരു ചിരംജീവിയല്ല . 60-70 വയസ്സ് വരെ അദ്ദേഹത്തിന് ജോലിയിൽ ഇരിക്കാനും കഴിയില്ല . ഇനിയും ചുരുങ്ങിയ കാലം മാത്രം സർവീസ് മുന്നിൽ . ക്രമസമാധാന പാലനത്തിന്റെ ചുമതല അദ്ദേഹത്തിന് ലഭിക്കാനും അതുവഴി പോലീസ് സേനയെ സുശക്തവും അഴിമതി മുക്തമാക്കുകയും ചെയ്തു കാണാൻ ഓരോ പൌരനും ആഗ്രഹിക്കുന്നു . ഇന്ന് കൊച്ചുകുട്ടികളുടെ പോലും ഒരു ഹീറോ ആണ് ഋഷിരാജ് സിംഗ് . അങ്ങയെ പോലെ കരുത്തനായ ഒരു മന്ത്രിക്ക് ഇദ്ദേഹത്തെ പോലെ ശക്തനായ ഒരു പടത്തലവനെ കിട്ടിയാൽ ഏതു രാജ്യമാണ് അങ്ങക്ക് കീഴടക്കാൻ പറ്റാത്തത് ?????
പൊതുജനത്തെ മാനിക്കുക എന്നതാണ് സർ ജനാധിപത്യം . ജനങ്ങള്ക്കും സത്യസന്ധമായും നീതിയുക്തമായും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ ഉദ്യോഗസ്ടനും വേണം ഋഷിരാജ് സിംഗ്നെ . അങ്ങയിൽ നിന്നും നീതിയുക്തമായ ഒരു നടപടി പ്രതീക്ഷിച്ചു കൊണ്ടും ആയസ്സും ആരോഗ്യവും നല്കി അങ്ങയെ അനുഗഹിക്കേണമേ എന്ന് ഈശ്വരനോട് പ്രാർഥിച്ചു കൊണ്ടും ....
സ്നേഹപൂർവ്വം
ബാലു ശ്രീകുമാർ
12/07/2012
The above is my view too.