Image

ജീവനോടെ തിരിച്ചെത്തി; നന്ദി, വീണ്ടും വരണോ? (സാം നിലമ്പള്ളില്‍)

സാം നിലമ്പള്ളില്‍ Published on 05 August, 2015
ജീവനോടെ തിരിച്ചെത്തി; നന്ദി, വീണ്ടും വരണോ? (സാം നിലമ്പള്ളില്‍)
നാട്ടില്‍ പോകുന്നവര്‍ ജീവനോടെ തിരിച്ചെത്തിയാല്‍ ദൈവത്തന് നന്ദിപറയാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഒരു സാഹസികയാത്രക്ക് ശേഷം തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ഞാന്‍. കേരളത്തില്‍ പോയിട്ട് വരുന്നവര്‍ക്കെല്ലാം എന്റേതുപോലുള്ള ആശ്വാസം അനുഭവപ്പെടാറുണ്ടെന്ന് അനുമാനിക്കട്ടെ. എന്തെല്ലാം അപകടങ്ങളെയാണ് ദൈനംദിനജീവിതത്തില്‍ ഒരു കേരളീയന്‍ അഭിമുഖീകരിക്കേണ്ടിവരുന്നത്. ഒന്നാമത്തേത് ഭക്ഷണംതന്നെ. മാരകവിഷം അടങ്ങിയിട്ടില്ലാത്ത ഒറ്റ ഭക്ഷണസാധനവും വാങ്ങാന്‍ കിട്ടില്ല. നാട്ടിലായിരുന്നപ്പോള്‍ മനോരമയില്‍ തുടര്‍കഥപോലെ പ്രസിദ്ധീകരിച്ച 'മലയാളിയുടെ തീന്‍മേശയിലെ വിഷം' എന്ന പരമ്പര വായിക്കുകയുണ്ടായി. തമിഴ്‌നാട്ടുകാരന്‍ പച്ചക്കറികളില്‍ കലര്‍ത്തിവിടുന്ന വിഷം കറിവേപ്പില മുതല്‍ മുരിങ്ങക്കയില്‍വരെ ഉണ്ടത്രെ. മാരകവിഷം അടങ്ങാത്ത ഒറ്റ പച്ചക്കറിപോലുമില്ല. ബീഫിലും കോഴിയിറച്ചിയിലും മീനിലുംവരെ വിഷാംശമുണ്ട്. പലകാര്യങ്ങളിലും ഇന്‍ഡ്യയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളീയന്‍ ബീഫ് കഴിക്കുന്നതിലും ഒട്ടും പിന്നോട്ടല്ല. മാടിനെ കശാപ്പുചെയ്യുന്ന സ്ഥലം ഒരിക്കല്‍ കണ്ടാല്‍പിന്നെ നിങ്ങളാരും ബീഫ് കഴിക്കില്ല. അത്രക്ക് വൃത്തികെട്ട സാഹചര്യങ്ങളിലാണ് കൃത്യം നടക്കുന്നത്. ശുദ്ധജലം അപൂര്‍വ വസ്തുവാണ്. ടാങ്കറില്‍ വിതരണംചെയ്യുന്ന കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്ജ്യം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടിരിക്കുന്നു. ഒരുതരം വിഷ്യസ് സര്‍ക്കിള്‍. പട്ടിണികിടക്കാന്‍ വയ്യാത്തതുകൊണ്ട് ഇതെല്ലാം കഴിക്കുകയും കുടിക്കുകയും ചെയ്തല്ലേ പറ്റു.

ഇനി നമുക്ക് റോഡിലേക്ക് ഇറങ്ങാം; മരണം കള്ളനെപ്പോലെ പതുങ്ങിയിരിക്കന്ന സ്ഥലങ്ങളാണ് തെരുവീഥികള്‍. ജനവാസകേന്ദ്രങ്ങളില്‍പോലും മരണപ്പാച്ചില്‍ പായുന്ന ടിപ്പര്‍ ലോറികളും കാറുകളും. വളയം കയ്യില്‍ കിട്ടിയാല്‍ പബ്‌ളിക്ക് റോഡ് അവന്റെ അപ്പന്റെ വകയാണെന്നാണ് ചില യുവഡ്രൈവര്‍ന്മാരുടെ വിചാരം. അമേരിക്കയില്‍ ജീവിക്കുന്ന നമ്മള്‍ക്ക് അംഗീകരിക്കാന്‍ വയ്യാത്ത കാര്യങ്ങളാണ് റോഡില്‍ കാണുന്നത്. വാഹനങ്ങള്‍ നമ്മെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പാഞ്ഞുപോകുന്നു. അമേരിക്കയില്‍ കാല്‍നട യാത്രക്കാരനെ കണ്ടാല്‍ വാഹനങ്ങള്‍ എത്രത്തോളം ഒഴിഞ്ഞുമാറാമോ അത്രക്കധികം ദൂരത്തുകൂടിയാണ് കടന്നുപോകുന്നത്. പരശുരാമന്‍ സൃഷ്ടിച്ച കേരളത്തിലെ അന്നത്തെ അതേ റോഡുകളാണ് ഇന്നും ഉള്ളതെന്നുള്ളത് വേറൊരു സത്യം. രാവിലെയും വൈകിട്ടും നടക്കാന്‍ പോയിരുന്ന ഞാന്‍ തിരികെ വീട്ടിലെത്തുന്നത് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ്; നാളത്തെ പത്രത്തിലെ ചരമകോളത്തില്‍ പേരില്ലാത്തതിന്റെ പേരില്‍. 'അമേരിക്കന്‍ മലയാളി കാറിടിച്ചു മരിച്ചു', എന്ന വാര്‍ത്ത മനോരമയില്‍ നിങ്ങള്‍ക്ക് വായിക്കേണ്ടി വന്നില്ലല്ലോ. ഭാഗ്യം.

എറണാകുളം നഗരവീഥികളില്‍ ഇരുപതിനായിരം തെരുവുനായ്ക്കള്‍ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ മൊത്തം എത്രയാണാവോ? എന്തായാലും ജനസംഘ്യയെ കവച്ചുവെയ്ക്കുകയില്ലെന്ന് അനുമാനിക്കാം. നായ്ക്കള്‍ കടിച്ചുകീറിയ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയും പാവപ്പെട്ട സ്ത്രീകള്‍ ഉപജീവനമാര്‍ഗമായി വളര്‍ത്തുന്ന ആടുകളേയും കോഴികളെയും തെരുവുനായ്ക്കള്‍ കൊന്നുതിന്ന വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍വേണ്ടിയും മനോരമ ദിവസവും ഒരുപേജ് മാറ്റിവെച്ചിട്ടുണ്ട്. ഇതെല്ലാം വായിച്ചിട്ടും കേട്ടിട്ടും അധികാരികള്‍ക്ക് സഹതാപം പേപ്പട്ടികളോടാണ്. പേപ്പട്ടിയെപ്പോലും കൊല്ലാന്‍ പാടില്ലെന്നാണ് കേന്ദ്രത്തിലെ ഒരു മന്ത്രിണിയിടെ അഭിപ്രായം. കുഞ്ഞുങ്ങളെ മാട്ടിറച്ചി വാങ്ങാന്‍ അയക്കുന്നതുകൊണ്ടാണ് അവരെ പട്ടികടിക്കുന്നതെന്നാണ് ആ സ്ത്രീയുടെ കണ്ടുപിടുത്തം. കാറില്‍ മാത്രം സഞ്ചരിക്കുന്ന് അവര്‍ക്ക് റോഡേ നടന്ന് സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങളുടെ ഭയപ്പാട് എന്താണെന്ന് അറിയില്ല.

ആളാകാന്‍ വേണ്ടിയും പ്രശസ്തിക്കുവെണ്ടിയും മൃഗസ്‌നേഹം പറഞ്ഞുനടക്കുന്ന ചിലരുണ്ട്. അവരില്‍ പ്രധാനിയാണ് രജ്ഞിനി ഹരിദാസ് , അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതയായ 'വനിതാരത്‌നം'. ഓര്‍ക്കുന്നുണ്ടാകുമല്ലോ. കേരളത്തിലെ തെരുവുനായ്ക്കളുടെ അംബാസിഡര്‍. ഒരു തെരുവുനായയെ ഉമ്മവച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോ മനോരമയില്‍ കാണുകയുണ്ടായി. പത്രത്തില്‍ പേരും ഫോട്ടോയും വന്നതുകൊണ്ട് പട്ടിസ്‌നേഹി അഭിമാനിക്കുന്നുണ്ടാകാം.

പട്ടികളെ തെരുവില്‍നിന്ന് പിടിച്ച് വന്ധ്യംകരിച്ചശേഷം അതേ തെരുവില്‍തന്നെ കൊണ്ടുവിടണം എന്നാണ് കേന്ദ്രത്തിലെ മന്ത്രിണി പറഞ്ഞിരിക്കുന്നത്. തെരുവുനായ്ക്കള്‍ കടിച്ചുകീറിയ കുഞ്ഞുങ്ങളോട് അവര്‍ക്ക് സഹതാപമില്ല. സ്‌കൂളില്‍ പോകുന്ന കുട്ടികളെ ഇറച്ചിവാങ്ങാന്‍ പോകുന്നവര്‍ എന്ന് അവര്‍ ആക്ഷേപിച്ചിരിക്കുന്നു. മൃഗസ്‌നേഹം പറഞ്ഞുനടക്കുന്ന ഇക്കൂട്ടര്‍ മൃഗസംരക്ഷണത്തിനുവേണ്ടി യാതൊന്നും ചെയ്യുന്നില്ല എന്നുള്ളതാണ് രസാവഹമായ മറ്റൊരുകാര്യം. എന്തുകൊണ്ട് ഇവര്‍ക്ക് തെരുവുനായക്കളെ പിടിച്ചുകൊണ്ടുപോയി കൂടുകെട്ടി നല്ല ഭക്ഷണവുംകൊടുത്ത് സംരക്ഷിച്ചുകൂടാ. അതിനൊന്നും അവരെ കിട്ടില്ല. ഘോരഘോരം സംസാരിക്കാനാണെങ്കില്‍ റെഡി. കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നെന്ന് പറഞ്ഞ് കല്‍ക്കട്ടയിലും ബാംഗ്‌ളൂരിലും ചെന്നൈയിലും സിനിമാതാരങ്ങളുടെ നേതൃത്വത്തില്‍ പ്രതിക്ഷേധപ്രകടനം നടന്നു. മനുഷ്യനെ കൂട്ടക്കൊല ചെയ്താല്‍ ഇവര്‍ക്ക് പ്രതിക്ഷേധമൊന്നുമില്ല.

നായ്ക്കളുടെ ജീവനെക്കാള്‍ മനുഷ്യജീവന് വിലയുണ്ടെന്ന് അവസാനം കണ്ടുപിടിച്ച ഹൈക്കോടതി ജഡ്ജിക്ക് അഭിനന്ദനങ്ങള്‍. മേല്‍പറഞ്ഞ അപകടങ്ങളെയെല്ലാം തരണംചെയ്ത് സുരക്ഷിതനായി തിരിച്ചെത്തിയ ഞാനും അഭിനന്ദനം അര്‍ഹിക്കുന്നില്ലേ?

കേരള രാഷ്ട്രീയത്തിലെ പേപ്പട്ടികളെപറ്റി പറയാതിരിക്കുകയാണ് ഭേദമെന്ന് വിചാരിക്കുന്നു.
Join WhatsApp News
Thomas T Oommen 2015-08-05 16:05:34
സത്യസന്ധമായ വിവരണത്തിന് നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. 
വിദ്യാധരൻ 2015-08-05 21:18:06
കേരളത്തിൽ നിന്ന് ആവശ്യത്തിലധികം വിഷം കഴിച്ചു തിരിച്ചു വന്ന നിങ്ങൾക്ക് കൂപ്പ് കൈ.  ഇനി അമേരിക്കയിലെ വിഷ ദ്രാവകങ്ങൾ തൂവിയ പച്ചക്കറികൾ കഴിച്ചാൽ താഴെ പോകാത്തവണ്ണം നിങ്ങളുടെ രോഗപ്രതിരോധന ശക്തിയും വർദ്ധിച്ചു കാണും എന്ന് വിശ്വസിക്കുന്നു. ചിലപ്പോൾ പത്തു വർഷത്തിനു ശേഷം കൊളിനോസ്കൊപ്പി ചെയ്യുമ്പോൾ നിങ്ങൾ കേരളത്തിൽ നിന്ന് കഴിച്ച പല പച്ചക്കറികളും കേടുകൂടാതെ എടുത്തു വീണ്ടും മാർക്കറ്റിൽ വിറ്റ് ഇന്ന് ചിലവാക്കിയതിന്റെ ഒരംശം എങ്കിലും തിരിച്ചു പിടിക്കാൻ സാധിച്ചേക്കും  .  അതുപോലെ ഇ-മലയാളിയിൽ വരുന്ന വിമര്ശനങ്ങൾ നിങ്ങളെ എശാതെ ഒരു ബൂമരാങ്ങുപോലെ തിരിച്ചു പോയി അതയച്ചവന്റ്റ് നെഞ്ചത്ത് കൊള്ളത്തക്ക വണ്ണം തൊലി കട്ടിയും കൂടി കാണുമെന്നു വിശ്വസിക്കുന്നു.
പാഷാണം 2015-08-06 16:52:56
ഡിയര്‍ സാര്‍ !
ജീവനോടെ തിരിച്ചു വന്നല്ലോ . പട്ടി ഇറച്ചി ഒന്നും തിന്നില്ല എന്നു കരുത്ന്നു .
കേരളത്തിലെ പട്ടി rastriyam  ഒന്ന് വിവരിച്ചു എഴുതണം കേട്ടോ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക