Image

ഓര്‍മ്മകള്‍ തുടങ്ങുന്നതിവിടെ നിന്ന്‌ (ഓര്‍മ്മക്കുറിപ്പുകള്‍ - 2: പ്രൊഫഃ എം. ടി. ആന്റണി)

Published on 08 August, 2015
ഓര്‍മ്മകള്‍ തുടങ്ങുന്നതിവിടെ നിന്ന്‌ (ഓര്‍മ്മക്കുറിപ്പുകള്‍ - 2: പ്രൊഫഃ എം. ടി. ആന്റണി)
തൃശ്ശൂര്‍ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന എന്റെ ജന്മദേശം ത്രി ശിവ പേരൂര്‍ എന്ന മൂന്നു പദങ്ങള്‍ ലോപിച്ചുണ്ടായതാണ്‌. മൂന്നു ശിവക്ഷേത്രങ്ങളാല്‍ അനുഗ്രഹീതമായ പ്രദേശമെന്നര്‍ത്ഥം,. ശിവന്മാരുടെ അമ്പലങ്ങള്‍ ഉള്ളത്‌ കൊണ്ട്‌ ഒരു ഹിന്ദു സമൂഹ മേല്‍കോയ്‌മയൊന്നും അവിടെയില്ല. അന്നും ഇന്നും എല്ലാ ജാതി മതസ്‌ഥരും അവിടെ വാഴുന്നു.

എന്റെ കുട്ടിക്കാലത്തെ സമൂഹത്തിനെ സോദരത്വേന വാഴുന്ന എന്നു പൂര്‍ണ്ണമായി വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും സവര്‍ണ്ണരുടെ `ഹോ ഹോ' വിളികള്‍ കുറവായിരുന്നു. ഒരു ജാതിവ്യവസ്‌ഥയുടെ ദൂഷ്യഫലങ്ങള്‍ അവിടെ നിലനിന്നതായി അറിവില്ല. ഒരു പക്ഷെ താഴ്‌ന്ന ജാതിക്കാരുടെ എണ്ണക്കുറവോ അല്ലെങ്കില്‍ അവര്‍ സവര്‍ണ്ണരുടെ വഴിയില്‍ പ്രത്യക്ഷ്യപ്പെടാതിരുന്നതോ ആയിരിക്കാം കാരണം. ക്രുസ്‌തുമതത്തില്‍ ചേര്‍ന്നവര്‍ക്ക്‌ അവരുടെ പൂര്‍വ്വിക ജാതി എന്തു തന്നെയായാലും തീണ്ടലും തൊടീലും ഉണ്ടായിരുന്നില്ല. നാനാ ജാതി മതസ്‌ഥരും കുബേര-കുചേല വ്യത്യാസങ്ങളും ഉണ്ടായിരുന്നിട്ടും ശാന്തിയുടേയും സമാധാനത്തിന്റേയും സുരക്ഷിതബോധം അക്കാലത്ത്‌ എവിടെയും കാണാമായിരുന്നു. എല്ലാവര്‍ക്കും തമ്മില്‍ തമ്മില്‍ ഒരു ഭ്രാത്രുസ്‌നേഹം ഉണ്ടായിരുന്നു. ജാതിയും മതവും നോക്കാതെ ബഹുമാനപൂര്‍വ്വം മൂത്തവരെ `ചേട്ടാ` എന്ന്‌ വിളിക്കുന്നത്‌ തൃശ്ശൂരില്‍ മാത്രമായിരിക്കും. മറ്റ്‌ സ്‌ഥലങ്ങളില്‍ ഞാന്‍ മനസ്സിലാക്കുന്നത്‌ ഒരു `സാര്‍' വിളിയാണ്‌. ശ്രീ പി. കുഞ്ഞിരാമന്‍ നായരുടെ നാലു വരി കവിത ഓര്‍മ്മിച്ചുപോകുന്നു.

ക്രൈസ്‌തവ മന്ദിര പ്രാര്‍ത്ഥനാ ഗീതവും
ജോനകപ്പള്ളിതന്‍ ബാങ്കുവിളികളും
പൊന്നമ്പലങ്ങള്‍തന്‍ ശംഖനിനദവു-
മൊന്നായി വൈഭാതമംഗളഗാനമായ്‌

ഞാന്‍ എന്റെ ജന്മനാടു വിട്ടുപോന്നിട്ടു അരനൂറ്റാണ്ടിലേറെ കാലമായി.അമേരിക്കയില്‍ വരുന്നതിനു മുമ്പ്‌ ചെന്നയില്‍ (അന്നത്തെ മദ്രാശി) ചിലവഴിച്ചതുള്‍പ്പെടെ എന്റെ പ്രവാസ ജീവിതം ദീര്‍ഘമേറിയതാണ്‌. ഏവിടെയായിരുന്നാലും ജന്മനാടിന്റെ ഓര്‍മ്മകള്‍ ഒരാളില്‍ എപ്പോഴും സജീവമായിരിക്കും. കഴിഞ്ഞ കാലങ്ങളിലേക്ക്‌ ഇങ്ങനെ വെറുതെ ഒന്ന്‌ കണ്ണോടിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഉണരുകയാണു. അവ കുത്തിക്കുറിക്കുമ്പോള്‍ പോയ കാലത്തേക്ക്‌ വാസ്‌തവത്തില്‍ ഒരു യാത്ര തരപ്പെടുകയാണ്‌. തൃശ്ശൂരിനെക്കുറിച്ച്  ഏറെ പറയാന്‍ ഉണ്ടെങ്കിലും എല്ലാം വിവരിക്കുക എളുപ്പമല്ല. എല്ലാം വിശദമായി വിവരിക്കുന്നതിനെക്കാള്‍ എല്ലാം ഒന്ന്‌ സ്‌പര്‍ശിച്ചു പോകുന്നതായിരിക്കും വായനക്കാര്‍ക്ക്‌ ആസ്വാദ്യകരമാകുകയെന്ന്‌ ഞാന്‍ കരുതുന്നു.

ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു രാജാ രാമവര്‍മ്മ എന്ന ശക്തന്‍ തമ്പുരാന്‍ രാജാവായിരുന്നപ്പോള്‍ അദ്ദേഹം തന്റെ രാജധാനികൊച്ചിയില്‍ നിന്നും തൃശ്ശൂരിലെക്ക്‌ മാറ്റുകയുണ്ടായി. തന്നേയുമല്ല
തൃശ്ശൂര്‍ പട്ടണത്തിന്റെ വളര്‍ച്ചയും പുരോഗതിയും അദ്ദേഹം വളരെ ആത്മാര്‍ഥതയോടെ നിര്‍വ്വഹിച്ചു. കച്ചവടം ചെയ്യുന്നതിനായി സിറിയന്‍ കത്തോലിക്കരെ അദ്ദേഹം തൃശൂരിലെക്ക്‌ കൊണ്ട്‌ വന്നുവെന്നും അവര്‍ക്ക്‌ വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കിയെന്നും ചരിത്രം പറയുന്നു. പുരോഗതിക്ക്‌ തടസ്സമായി നില്‍ക്കുന്ന ഒരു വിശ്വാസത്തിനും അദ്ദേഹം പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. തേക്കിന്‍കാട്‌ മൈതാനം വെട്ടി തെളിച്ചത്‌ അദ്ദേഹമാണ്‌. വേലക്കാര്‍ തേക്കിന്‍മരങ്ങള്‍ അരിഞ്ഞ്‌ വീഴ്‌ത്തുമ്പോള്‍ അതില്‍ അസഹിഷ്‌ണത പൂണ്ടവര്‍ പാറമേക്കവ്‌ ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കുകയും അത്‌ കേട്ട്‌ അവിടത്തെ വെളിച്ചപ്പാട്‌ വാളും കയ്യില്‍ പിടിച്ച്‌ തുള്ളിക്കൊണ്ട്‌ അലറി വന്നു ഇങ്ങനെ കല്‍പ്പിക്കുകയും ചെയ്‌തു` ഇത്‌ അമ്മയുടെ ജടയാണ്‌, ഇത്‌ വെട്ടരുത്‌. വേലക്കാര്‍ ഭയത്തോടെ ജോലി നിര്‍ത്തി. വിവരം അറിഞ്ഞ്‌ വന്ന ശക്‌തന്‍ തമ്പുരാന്‍ വെളിച്ചപ്പാടിന്റെ തല അയാള്‍ കയ്യില്‍ പിടിച്ചിരുന്ന വാളു കൊണ്ട്‌ വെട്ടി വേര്‍തിരിച്ചതിനു ശേഷം, വേലക്കാരോട്‌ അവരുടെ ജോലി തുടരാന്‍ ആജ്‌ഞ നല്‍കിയെന്നുമുള്ള കഥകള്‍ എന്റെ കുട്ടിക്കാലത്ത്‌ ഞാന്‍ വിസ്‌മയത്തോടെ കേട്ടിരുന്നിട്ടുണ്ട്‌.

ജോസ്‌ കാട്ടൂക്കരന്‍ എന്നൊരാളാണു കേരളത്തില്‍ ആദ്യമായി ചലിക്കുന്ന ഒരു ചിത്രം പ്രദര്‍ശിപ്പിച്ചത്‌. ആ പ്രദര്‍ശനം തേക്കിന്‍ കാട്‌്‌ മൈതാനത്ത്‌ വച്ചായിരുന്നു. പിന്നീട്‌ അദ്ദേഹം ജോസ്‌ എന്ന പേരില്‍ സിനിമ തിയ്യേറ്റര്‍ സ്‌ഥാപിച്ചു. ഒരു പക്ഷെ കേരളത്തിലെ ആദ്യ ചലച്ചിത്ര പ്രദര്‍ശനശാലയായിരിക്കും അതെന്നു ഞാന്‍ വിശ്വസിക്കുന്നു. മലയാളത്തിനു വെള്ളിമെഡലും, സ്വര്‍ണ്ണമെഡലും നേടികൊടുത്ത രണ്ടു മലയാളചിത്രങ്ങളും സംവിധാനം ചെയ്‌തത്‌ തൃശ്ശൂര്‍ക്കാരനായിരുന്നു. ഏന്റെ ബാല്യ-യൗവ്വന കാലഘട്ടത്തില്‍ അതൊക്കെ വളരെ ആവേശം പകര്‍ന്ന വര്‍ത്തകളായിരുന്നു.

പ്രക്രുതി രമണീയമായിരുന്നു എന്റെ ഗ്രാമവും പരിസരങ്ങളും. ഗ്രാമീണ സൗന്ദര്യത്തിന്റെ തുടിപ്പുകള്‍ ചുറ്റിലും നിറഞ്ഞ്‌ നിന്നു. ചുമലില്‍ കരിയേന്തി കാളകളെ മുന്നില്‍ നടത്തി പോകുന്ന അര്‍ദ്ധ നഗ്നനായ കര്‍ഷകന്‍, വിശലമായ നെല്‍പ്പാടങ്ങള്‍, മരങ്ങള്‍ തിങ്ങിയ തൊടികള്‍, കാറ്റില്‍ ഉലയുന്ന തെങ്ങോലകളുടെ സംഗീതം. ഇത്തരം നിത്യദൃശ്യങ്ങള്‍ കാണുകയും അതാസ്വദിക്കുകയും ചെയ്യുമ്പോള്‍ നമ്മളില്‍ സഹൃദയത്വം വിരിയുന്നു. കലയും സാഹിത്യവും അപ്പോള്‍ കൂടുതല്‍ ആനന്ദകരമാകുന്നു. കവിയെ ഓര്‍മ്മയില്ല, പക്ഷെ വരികള്‍ ഓര്‍ക്കുന്നു. കര്‍ഷകന്റെ മുന്നില്‍ നടക്കുന്ന കാളകളുടെ ചിത്രം കവി ഭാവനയില്‍

മൂളിപ്പാട്ടും നുകവും കലപ്പയും
തോളിലേന്തും കര്‍ഷകന്റെ മുന്നിലായ്‌
പാടമെല്ലാമുഴുതുമറിക്കുവാന്‍
താടയാട്ടി നടക്കുമക്കാളകള്‍

കൊടുങ്ങല്ലൂര്‍ക്കാരനായ കവി `നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണു' എന്നെഴുതിയപ്പോള്‍ മലയാളികള്‍ അത്‌ കേരളത്തെപ്പറ്റിയാണെന്നു വിശ്വസിച്ചെങ്കിലും ഞാന്‍ അത്‌ എന്റെ തൃശ്ശൂരിനെപ്പറ്റിയാണെന്നഹങ്കരിച്ചു. അതെപോലെ പാടം പച്ചച്ച പാവാടയിട്ടപ്പോള്‍ എന്ന വരികള്‍ എന്റെ ഗ്രാമ പരിധിക്കുള്ളിലെ വിശാലമായ നെല്‍പ്പാടങ്ങളെയാണെന്നും കരുതുക എന്റെ ഒരു സ്വകാര്യ സുഖമായിരുന്നു. വികസിക്കാന്‍ വെമ്പുന്ന ഒരു കവിഹ്രുദയം എന്റെ മനസ്സിലും ഉണ്ടായിരിന്നിരിക്കണം. ഞാനും എന്റെ കുട്ടിക്കാലത്ത്‌ ` മുരുക്കും തയ്യേ നിന്നുടെ ചോട്ടില്‍ മുറുക്കി തുപ്പിയതാരാണെന്ന്‌' ചോദിച്ച്‌ അത്ഭുതം കൂറിനിന്നിട്ടുണ്ട്‌ പല വട്ടം.

യേശുനാഥന്റെ ശിഷ്യന്മാരില്‍ ഒരാളായ തോമസ്സ്‌ കൊടുങ്ങല്ലൂരില്‍ വന്നുവെന്നും അവിടെയുള്ള നമ്പൂതിരിമാരെ മതം മാറ്റി ക്രിസ്‌താനികളാക്കിയെന്നും വിശ്വസിച്ചുവരുന്നുണ്ട്‌. തൃശ്ശൂരിലെ പുരാതന കാത്തോലിക്ക കുടുംമ്പങ്ങളില്‍ വളരെ പ്രചാരമുള്ള ഒരു സംസാരമാണു ` തോമാ ശ്ലീഹ  അന്തിയുറങ്ങിയ തറവാടാണു അവരുടേതെന്നു്‌.'' തൃശ്ശൂരിലെ ജനസംഖ്യയില്‍ ഭൂരിപക്ഷം ഹിന്ദുക്കളായിരുന്നെങ്കിലും അവരില്‍ കൂടുതല്‍ ഈഴവ സമുദായക്കാരായിരുന്നു. മറ്റ്‌ ജില്ലകളെ അപേക്ഷിച്ച്‌ ഇവിടെയുള്ള ഈഴവരില്‍ ഭൂരിഭാഗവും വൈദ്യന്മാരും, വാദ്ധ്യാന്മാരും ക്രുഷിഭൂമിയുള്ളവരും ക്രുഷിക്കാരുമായിരുന്നു.

എനിക്ക്‌ ഓര്‍മ്മ വക്കുമ്പോള്‍ ക്ഷേത്ര പ്രവേശന വിളമ്പരമൊക്കെ നടന്നു കഴിഞ്ഞതിനാല്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയം ഞാന്‍ കണ്ടിട്ടില്ല. അല്ലെങ്കിലും മേലെ സൂചിപ്പിച്ചപോലെ ത്രുശ്ശൂരില്‍ അങ്ങനെയൊരു അനാചാരത്തിന്റെ കോമരങ്ങള്‍ തുള്ളി നടന്നിരുന്നില്ലെന്ന്‌ വേണം കരുതാന്‍. ത്രുശ്ശൂരിനെ കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രം എന്നു വിളിക്കുന്നത്‌ എത്രയോ ശരിയാണ്‌. ഒരു പക്ഷെ പ്രബുദ്ധരായ ഒരു ജനത അവിടെ പണ്ടു മുതല്‍ക്കെ താമസിച്ചിരുന്നത്‌കൊണ്ടാകാം അങ്ങനെയൊരു മഹിമ കൈവന്നത്‌.

 ചരിത്രത്തിന്റെ താളുകളില്‍ ത്രുശ്ശൂരിനു പ്രമുഖമായ ഒരു സ്‌ഥാനം കൊടുത്തിട്ടുള്ളത്‌ കാണുന്നു. മഹാനായ അശോക ചക്രവര്‍ത്തിയുടെ ശിലാലിഖിതങ്ങളില്‍ ത്രുശ്ശൂരിനെപ്പറ്റി പരാമര്‍ശമുണ്ട്‌. കൂടാതെ നാഗരികതയുള്ള ഒരു ജനത അവിടെ ശിലായുഗത്തിന്റെ ആരംഭം മുതല്‍ താമസിച്ചിരുന്നതിനു തെളിവുകള്‍ കാണുന്നു. സാംസ്‌കാരിക കേന്ദ്രം എന്ന പേരിനര്‍ഹമാകുംവിധം കേരള സാഹിത്യ അക്കാദമി, കേരള ലളിത കല അക്കാദമി, കേരള സംഗീത നാടക അക്കദമി എന്നിവ ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു. മതസൗഹാര്‍ദ്ദത്തിന്റെ ശിലാരൂപം പോലെ സൗത്ത്‌ ഏഷ്യയിലെ ഏറ്റവും വലിയ പുത്തന്‍പള്ളി ഇവിടെ സ്‌ഥിതി ചെയ്യുന്നു. ത്രുശ്ശൂരിലെ പാലയൂരില്‍ സ്‌ഥിതി ചെയ്യുന്ന സെന്റ്‌ തോമസ്‌ പള്ളിയാണു ഇന്ത്യയിലെ ആദ്യത്തെ ക്രിസ്‌ത്യന്‍ പള്ളി.

2013 ലെ കണക്കനുസരിച്ച്‌ ത്രുശ്ശൂരിലെ സാക്ഷരത നിരക്ക്‌ 95.5% ആയിരുന്നു. അതില്‍ പുരുഷന്മാര്‍ 97% സ്ത്രീകള്‍ 94.6% ആണു്‌. മലയാളം കൂടാതെ
 തമിള്‍, ഹിന്ദി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളും ഭാരതത്തിലെ മിക്ക പ്രാദേശിക ഭാഷകളും സംസാരിക്കാന്‍ കഴിവുള്ളവര്‍ ഇവിടെ താമസിക്കുന്നു. ജൂത മതവും, ക്രുസ്‌തു മതവും, ഇസ്ലാം മതവും ഭാരതത്തില്‍ എത്തിയത്‌ ത്രുശ്ശൂരില്‍ കൂടിയായിരുന്നു. ത്രുശ്ശൂരിനടുത്തുള്ള മുസീരസ്‌ (ഇന്നത്തെ കൊടുങ്ങല്ലൂര്‍) തുറമുഖം ഭാരതവുമായുള്ള കച്ചവടത്തിനു വിദേശികളെ ആകര്‍ഷിച്ചു. ഭാരതത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളില്‍ ത്രുശ്ശൂര്‍ പുരാതന കാലം മുതല്‍ക്കെ പ്രമുഖ സ്‌ഥാനം വഹിച്ചു പോന്നു. വാസ്‌തവത്തില്‍ ഇതെല്ലാം ഒരു പ്രവാസിയുടെ ഗ്രുഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണു. മുഖം മൂടിയണിയാത്ത ഗ്രാമസൗന്ദര്യം നഷ്‌ടപ്പെട്ടുപോയി. സസ്യ ശ്യാമള കോമള കേരളം ഇന്നുണ്ടോ? സ്വന്തം ജന്മദേശത്തിന്റെ അപദാനങ്ങള്‍ അധികം പാടാതെ കുടുംബ വിശേഷത്തിലെക്ക്‌ കടക്കട്ടെ.

എന്റെ തറവാട്ടു പേര്‌ 'മെക്കാട്ടുകുളം' എന്നാണു. ആ പേരില്‍ ത്രുശ്ശൂരില്‍ നമ്പൂതിരി കുടുംമ്പങ്ങള്‍ ഉണ്ട്‌. ത്രുശ്ശൂരിലെ പ്രസിദ്ധമായ വിഷവൈദ്യന്മരുടെ വീട്ടുപേര്‌ മെക്കാട്ടു എന്നാണ്‌. പാമ്പിന്റെ വിഷമിറക്കുന്നവരായത്‌കൊണ്ട്‌ അവരെ പാമ്പ്‌ മെക്കാട്ടു എന്ന്‌ വിളിക്കപ്പെടുന്നു. അവര്‍ നമ്പൂതിരിമാരാണ്‌. അവരുടെ ഇല്ലം കൊടുങ്ങല്ലൂരിലാണ്‌. നമ്പൂതിരി തറവാടുമായി ഒരു ബന്ധം സ്ഥാപിക്കാനല്ല ഇത്രയും പറഞ്ഞത്‌. ഞങ്ങളുടെ പൂര്‍വ്വികര്‍ ക്രുസ്‌തുമത വിശ്വാസികളായതിനു ശേഷം കുടുംബ വൃക്ഷത്തിന്റെ വേരന്വേഷിച്ച്‌ പോകാനോ അല്ലെങ്കില്‍ ഒരു സവര്‍ണ്ണ പാരമ്പര്യം അവകാശപ്പെടാനൊ പോയിട്ടില്ല. ഇടശ്ശേരിയുടെ കവിതയില്‍ പറയുമ്പോലെ ''ഇത്തറവാടിത്ത ഘോഷണത്തെപോലെ വ്രുത്തികെട്ടിട്ടില്ല  മറ്റൊന്നുമൂഴിയില്‍` എന്ന്‌ നല്ല പോലെ അറിയുന്ന ഞാന്‍ അത്തരം ഘോഷണങ്ങള്‍ക്ക്‌ ഇവിടെ മുതിരുന്നില്ല.

സമൂഹത്തില്‍ നില നിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എന്റെ പൂര്‍വ്വികര്‍ എതിരായിരുന്നു എന്ന്‌ ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ഏന്റെ വലിയ വല്യപ്പന്‍ വാറന്‍ എന്ന വാറപ്പന്‍ വളരെ ധൈര്യശാലിയും ശരിയായ തീരുമാനങ്ങല്‍ എടുക്കുന്നതില്‍ ആരേയും ആശ്രയിക്കത്ത വ്യക്‌തിത്വത്തിന്റെ ഉടമയുമായിരുന്നു. വല്യപ്പന്‍ തൃശ്ശൂരില്‍ വീട്‌ വക്കുന്ന സമയം വീടിന്റെ സ്‌ഥാനം ശരിയല്ല വീടിന്റെ ഏതൊ ഭാഗത്ത്‌ കൂടി ഒരു `തേര്‍വാഴ്‌ച്ച' (തേര്‍വാഴ്‌ച്ച എന്ന്‌ പറയുന്നത്‌ ഏതെങ്കിലും ഭൂതങ്ങളുടെ സൈ്വര്യ വിഹാരം എന്നര്‍ത്ഥം) പതിവുണ്ട്‌ അതു കോണ്ട്‌ ആ ഭാഗം ഒഴിച്ചിട്ടെ വീടു പണിയാവൂ എന്ന്‌ ആശാരിയും ചുറ്റുവട്ടത്തുമുള്ളവരും പറഞ്ഞു.

അത്തരം സംഭവങ്ങള്‍ അന്നത്തെ യാഥാസ്‌ഥികരായ മനുഷ്യരെ കിടിലം കൊള്ളിക്കുന്നവയായിരുന്നു. എന്നാല്‍ എന്റെ വല്യപ്പന്‍ -വളരെ അഭിമാനപൂര്‍വ്വം എഴുതട്ടെ -ആ വാര്‍ത്തക്ക്‌ യാതൊരു പ്രാധാന്യവും നല്‍കിയില്ലെന്നല്ല ആശാരിയോട്‌ പണി മുമ്പ്‌ നിശ്‌ചയിച്ചപോലെ തന്നെ തുടരാന്‍ കല്‍പ്പിക്കയും ചെയ്‌തു. വീടു പണി കഴിഞ്ഞിട്ടും വീട്ടിലുള്ളവര്‍ക്ക്‌ നേരിയ ഭയമുണ്ടായിരുന്നത്‌ അറിയുന്ന വല്യപ്പന്‍ അവരെ സമാധനിപ്പിക്കയും ഇത്തരം കഥകള്‍ ശുദ്ധ അസംബന്ധമാണെന്നു അവരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്‌തു.

ഏന്നാല്‍ വല്യപ്പനേയും വീട്ടിലെ മറ്റ്‌ അംഗങ്ങളേയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ വല്യപ്പന്റെ മൂത്ത മകന്റെ കുട്ടിക്ക്‌ അസുഖം വന്നു. ദേഹം നീല നിറമാകുകയും കുട്ടി ശാരീരിക അസ്വാസ്‌ഥങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്‌തു. അത്‌ വീടിരിക്കുന്ന സ്‌ഥലത്ത്‌കൂടിയുള്ള ഭൂതത്തിന്റെ വഴി മുടക്കിയതിനുള്ള ശിക്ഷയാണെന്നു വീട്ടില്‍ എല്ലാവരും കരുതി ഭയന്നു. കുട്ടിക്ക്‌ നല്ല ഡോക്‌ടര്‍മാരെ കാണിച്ച്‌ ചികിത്സ ഏര്‍പ്പെടുത്തിയ വല്യപ്പന്‍ യേശുനാഥനോട്‌ തന്റെ പ്രാര്‍ഥന തുടര്‍ന്നുകൊണ്ടിരുന്നു.

നാടന്‍ മന്ത്രവാദികളെ വരുത്തി പൂജയും ഹോമവുമൊക്കെ പലരും നിര്‍ദ്ദേശില്ലെങ്കിലും വല്യപ്പന്‍ അത്തരം തട്ടിപ്പുകളില്‍ വിശ്വസിച്ചിരുന്നില്ല. യേശുനാഥന്‍ ഭൂമിയില്‍ വച്ച്‌ കാണിച്ച ഒത്തിരി അത്ഭുതങ്ങളെ കുറിച്ച്‌ അറിയുകയും അതില്‍ ഉറച്ച്‌ വിശ്വസിക്കുകയും ചെയ്‌ത വല്യപ്പന്‍ മുട്ടിപ്പായി ദൈവത്തോട്‌ പ്രാര്‍ഥിച്ചു. ഒപ്പം ചികിത്സാ വിധികളും തുടര്‍ന്നു. വീട്ടില്‍ പലര്‍ക്കും മുറു മുറുപ്പും നീരസവും ഉണ്ടയെങ്കിലും വല്യപ്പനെ മറി കടന്നു ഒന്നും ചെയ്യാന്‍ ആര്‍ക്കും ധൈര്യം വന്നിരുന്നില്ല. വീട്ടിലെ തലമൂത്ത കാരണവരോടുള്ള ബഹുമാനം ഞങ്ങളുടെ കുടുമ്പത്തിന്റെ ഒരു ആഭരണമായിരുന്നു. ഗുരുത്വംഎന്നു ആര്‍ഷഭാരതം ഘോഷിക്കുന്ന നന്മ ഞങ്ങ
ള്‍ മെക്കാട്ടു കുടുമ്പക്കാര്‍ അക്ഷരം പ്രതി പരിപാലിച്ച്‌ വന്നു. പ്രാര്‍ഥനയും ചികിത്സയും ഒപ്പം നടന്നുകൊണ്ടിരിക്കെ കുട്ടിക്ക്‌ അസുഖം ഭേദമായി. ഏല്ലാവര്‍ക്കും സന്തോഷം ആയി. അതോടൊപ്പം വിശ്വാസം കൂടുതല്‍ ബലപ്പെടുകയും അങ്ങനെ അനാവശ്യമായ അന്ധവിശ്വസങ്ങളില്‍ കുടുങ്ങാതെ ഉത്തമ കത്തോലിക്കാ വിശ്വാസികളായി ഞങ്ങളുടെ കുടുംബക്കാര്‍ ജീവിതം തുടരുകയും ചെയ്‌തു. ആ തറവാട്ടില്‍ എന്റെ അപ്പനടക്കം എത്രയോതലമുറകള്‍ പിറന്ന്‌ വീണു.

ഏന്റെ ബാല്യ-കൗമാരങ്ങളില്‍ അമ്മയുമൊത്ത്‌ തറവട്ടില്‍ ചെല്ലുമ്പോള്‍ ആരെങ്കിലുമൊക്കെ ആ തേര്‍വാഴ്‌ചയുടെ കഥയും വല്യപ്പന്‍ അതില്‍ വിശ്വസിക്കാതെ സ്വന്തം കാര്യങ്ങള്‍ അതിന്റെ മുറ പോലെ നിര്‍വ്വഹിച്ചതും പറയുന്നത്‌ കേള്‍ക്കുമായിരുന്നു. ഏന്റെ കുഞ്ഞുമനസ്സില്‍ ആ തേര്‍വാഴ്‌ച ഒന്നു കാണണെമെന്നൊക്കെ തോന്നാറുണ്ട്‌. ഏനിക്ക്‌ അമ്മയോട്‌ വളരെ സ്‌നേഹമായിരുന്നത്‌ കൊണ്ട്‌ ആ കാര്യം ചിലപ്പോള്‍ അമ്മയോട്‌ പറയും. അമ്മ അത്‌ കേള്‍ക്കുമ്പോള്‍ ചിരിക്കുകയും പിന്നെ ശാസിക്കുകയും ചെയ്യും.

അങ്ങനെ ഓരോന്ന്‌ ആലോചിച്ച്‌ ഞാന്‍ പേടിക്കുമോ എന്ന ആശങ്കയായിരുന്നു അമ്മക്ക്‌. അത്തരം ചിന്തയുണ്ടാകുമ്പോള്‍ എന്റെ കഴുത്തിലെ കൊന്തയില്‍ പിടിച്ച്‌ ഈശോയെ മനസ്സില്‍ ധ്യാനിക്കണം എന്നു അമ്മ പറയും. ആ ഉപദേശം പിന്നീടുള്ള എന്റെ ജീവിതത്തില്‍ വലിയ സഹായകമായി. അമ്മ വളരെയധികം ദൈവ വിശ്വാസവും അപ്പനെ ആരാധനയോടെ കാണുകയും ചെയ്യുന്ന ഒരു ഉത്തമ സ്‌ത്രീ ആയിരുന്നു. വീട്ടില്‍ ഞങ്ങള്‍ ആറു സഹോദരങ്ങളായിരുന്നു. മൂന്നു ചേട്ടന്മാര്‍ രണ്ടു അനിയത്തിമാര്‍. ആണ്‍കുട്ടികളില്‍ ഇളയതായ എനിക്ക്‌ ചില പരിഗണനകളൊക്കെ അമ്മ തന്നിരുന്നു. പഠിക്കാന്‍ വളരെ സാമര്‍ഥ്യം ഞാന്‍ കാണിച്ചിരുന്നത്‌ കൊണ്ട്‌ എനിക്ക്‌ ഉയര്‍ന്ന വിദ്യാഭ്യാസം തരാന്‍ അപ്പന്‍ പ്രത്യേകം ശ്രദ്ധിച്ചു. നല്ല മാര്‍ക്കുകളുടെ മികവുകളോടെ ഞാന്‍ സ്‌കൂള്‍ ഫൈനല്‍ പാസ്സയി. തൃശ്ശൂരിലെ പ്രസിദ്ധമായ സെന്റ്‌ തോമസ്‌ കോളേജില്‍ ഞാന്‍ വിദ്യാര്‍ത്ഥിയായി. എന്റെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങള്‍ക്കും ഈ കലാലയം സാക്ഷിയായി. ശ്രീ മുണ്ടശ്ശേരി മാഷുമായുള്ള എന്റെ കൂടിക്കാഴ്‌ചയും അതിനു ശേഷം ഞങ്ങള്‍ തമ്മില്‍ ഉടലെടുത്ത ബന്ധവും അടുത്ത അദ്ധ്യായത്തില്‍ വിവരിക്കാം. (തുടരും)

അടുത്ത ലക്കത്തില്‍

മുണ്ടശ്ശേരി മാഷ്‌ എന്റെ ഗുരു

(തയ്യാറാക്കിയത്‌: സുധീര്‍ പണിക്കവീട്ടില്‍)
ഓര്‍മ്മകള്‍ തുടങ്ങുന്നതിവിടെ നിന്ന്‌ (ഓര്‍മ്മക്കുറിപ്പുകള്‍ - 2: പ്രൊഫഃ എം. ടി. ആന്റണി)ഓര്‍മ്മകള്‍ തുടങ്ങുന്നതിവിടെ നിന്ന്‌ (ഓര്‍മ്മക്കുറിപ്പുകള്‍ - 2: പ്രൊഫഃ എം. ടി. ആന്റണി)
Join WhatsApp News
വിദ്യാധരൻ 2015-08-08 17:24:07
ജീവിതത്തിൽ നിന്നും ചില ഏടുകളുടെ  (നാഴികക്കല്ലുകൾ) തുടക്കം നന്നായിരിക്കുന്നു.   ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും മുസ്ലീംപള്ളികളും മനുഷ്യസാമൂഹ്യ ജീവിതത്തിന്റെ വളർച്ചക്കായി കൈകൊർത്തു നിന്നിരുന്ന കാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, വലിയ ആർപ്പും കുരവയും  വെടികെട്ടും ഇല്ലാതെ എഴുത്തുകാരൻ വായനക്കാരെ ത്രിശൂരേക്ക് കൂട്ടികൊണ്ടുപോകുന്നു. പീ. കുഞ്ഞിരാമാനായരുടെ മനോഹരമായ  കവിത ശകലത്തിലൂടെ അവിടെ വിളയാടിയിരുന്ന മത എക്യമത്യത്തെ സാധൂകരിക്കുന്നു. കർഷകരെക്കുറിച്ച് വിവരിച്ചപ്പോൾ പണ്ടെങ്ങോ പഠിച്ചു മറന്ന കവിതയുടെ അറ്റം ഓർമ്മ വരുന്നു.

"പൂങ്കോഴിതൻ പുഷ്ക്കല കണ്ട്ഠനാദം 
കേട്ടിട്ടുണർന്നു കൃഷിവലൻ നൂനം 
സോൽസാഹമായി കാലികളെ 
തെളിക്കുമാവന്റെ താരസ്വരമുണ്ട് കേൾപ്പൂ "  (ആർക്കെങ്കിലും ഇത് ആരുടെ കവിതയാണെന്ന് അറിയാമെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു)

സ്വതന്ത്ര ചിന്താഗതിക്കാർ ഓരോ വീടുകളിലും ഉള്ളത് എപ്പോഴും നല്ലത് തന്നെ. കാരണം അവർ ഭാവി തലമുറകളുടെ വളർച്ചക്ക് വളരെ സഹായിക്കും . എന്നാൽ ഈ കാലത്ത് കൂടുതലും മറ്റുള്ളവരെ അന്ധമായി വിശ്വസിച്ചു, ആവർത്തന വിരസതയോടെ ജീവിച്ചു മരിക്കുന്നവരെയാണ് കാണുന്നത്. താങ്കളുടെ വല്യപ്പനെക്കുറിച്ച് എടുത്തു പറയാൻ കാരണം താങ്കളെ അദ്ദേഹം തീർച്ചയായും സ്വാധീനിച്ചു കാണുമായിരിക്കും . ഇടയ്ക്കു വെറ്റില യും ചുണ്ണാമ്പും ഒക്കെ തേച്ചു വായിലിട്ടു ചുവപ്പിച്ചു  (മുരിക്കും തയ്യെ നിന്നുടെ ചോട്ടിൽ മുറുക്കി തുപ്പിയതാരാണ് ) ലാളിത്ത്യത്തോടെ എഴുതിയിരിക്കുന്ന ഓർമ്മക്കുറിപ്പുകളുടെ തുടക്കം നന്നായിരിക്കുന്നു 

Sudhir Panikkaveetil 2015-08-08 19:51:22
കുറ്റിപ്പുരത്ത് കേശവൻ നായർ . നാട്യ പ്രധാനം നഗരം ദാരിദ്രം എന്ന
  വരികളുള്ള
ഗ്രാമീണ കന്യക എന്ന
 കവിതയിൽ.
വായനക്കാരൻ 2015-08-08 20:28:00

താക്കോല്‍ കൊടുക്കാതരുണോദയത്തില്‍

താനേ മുഴങ്ങും വലിയോരലാറം

പൂങ്കോഴിതന്‍ പുഷ്കലകണ്ഠനാദം

കേട്ടിങ്ങുണര്‍ന്നേറ്റു കൃഷീവലന്മാര്‍.


പാടത്തുപോയ്പ്പാംസുലപാദചാരി

കൃഷീവലൻ വേല തുടങ്ങി നൂനം

സോത്സാഹമായ് കാലികളെ ത്തെളിക്കു-

മവന്റെ താരസ്വരമുണ്ടൂ കേൾപ്പൂ.

(ഗ്രാമീണ കന്യക – കുറ്റിപ്പുറത്ത് കേശവൻ നായർ)

വിദ്യാധരൻ 2015-08-08 20:41:58
നിങ്ങളിൽ നിന്ന് ഞാൻ ഉത്തരം പ്രതീക്ഷിച്ചിരുന്നു. വളരെ നന്ദി. നിങ്ങളുടെ കയ്യിൽ 'ഓർമ്മക്കുറിപ്പുകളുടെ' സംശോധനം ഭദ്രം. 

'സാരാനർഘ പ്രകാശപ്രചുരിമ പുരളും 
            ദിവ്യരത്നങ്ങളേറെ -
പ്പാരാവാരത്തിനുള്ളിൽ പരമിരുൾ നിറയും 
             കന്ദരത്തിൽ കിടപ്പൂ ' (വി.സി.ബാലകൃഷണപ്പണിക്കർ'
വായനക്കാരൻ 2015-08-09 09:28:15
"ഏതു ദൂസര സങ്കല്പത്തിൽ വളർന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍നാ‍ാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.."
-വൈലൊപ്പിള്ളി 
G. Puthencruz 2015-08-09 19:00:24

This was part of the school curriculum ( I don't remember exactly which class.)  It is indeed a poem which evokes nostalgia

താക്കോല്‍ കൊടുക്കാതരുണോദയത്തില്‍

താനേ മുഴങ്ങും വലിയോരലാറം

പൂങ്കോഴിതന്‍ പുഷ്കലകണ്ഠനാദം

കേട്ടിങ്ങുണര്‍ന്നേറ്റു കൃഷീവലന്മാര്‍.

 

പാടത്തുപോയ്പ്പാംസുലപാദചാരി

കൃഷീവലൻ വേല തുടങ്ങി നൂനം

സോത്സാഹമായ് കാലികളെ ത്തെളിക്കു-

മവന്റെ താരസ്വരമുണ്ടൂ കേൾപ്പൂ.

 

നിശാന്തസങ്കീർത്തന ഗീതികൊണ്ട്

നിർദ്ധാര്യമായി തീർന്ന നികേതനങ്ങൾ

കാണായി ബാലാരുണ രഞ്ജിതങ്ങൾ

വൃക്ഷാന്തരാളം വഴിയങ്ങുമിങ്ങും

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക