Image

അമ്മയുറങ്ങാത്ത വീട്: ചെറുകഥ(റീനി മമ്പലം)

റീനി മമ്പലം Published on 18 August, 2015
അമ്മയുറങ്ങാത്ത വീട്: ചെറുകഥ(റീനി മമ്പലം)
സൂസന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അടുത്തുകിടക്കുന്ന ഭര്‍ത്താവിനെ നോക്കി.  അയാള്‍ സുഖമായി ഉറങ്ങുന്നു. 

പ്രീതയുടെ സംസാരം ജോസിനെയും  അപ്പോള്‍ അസ്വസ്ഥനാക്കിയിരുന്നു,'എല്ലാം നിന്റെ ഇഷ്ടം പോലെ' എന്നു പറഞ്ഞെങ്കിലും. 

'നമുക്ക് അവളോട് സഹകരിക്കാതിരിക്കാം. സഹകരിച്ചില്ലെങ്കില്‍ നഷ്ടപ്പെടുന്നത് പ്രീതയെ ആയിരിക്കും'. എന്നാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രീതയുടെ വിവാഹസമയത്തും ജോസ് സൂസനെ പറഞ്ഞ് ആശ്വസിപ്പിച്ചത്.

അവളെന്തേ വേറിട്ട് നില്‍ക്കുന്നു? വേറിട്ട് ചിന്തിക്കുന്നു? സമൂഹത്തില്‍ അഛനുമ്മയും ഒറ്റപ്പെട്ടു പോകുമെന്ന് യാതൊരു ചിന്തയുമില്ലാതെ. സൂസന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു .

ഒരു അവധിക്ക് തന്റെ അമേരിക്കന്‍ കൂട്ടുകാരിയെ വീട്ടില്‍ കൊണ്ടുവരുവാന്‍ പ്രീത അനുവാദം ചോദിച്ചപ്പോള്‍ അധികമൊന്നും ആലോചിച്ചില്ല. താന്‍ ജോലിക്കുപോവുമ്പോള്‍ അവള്‍ക്കൊരു കൂട്ട് എന്നുമാത്രം ചിന്തിച്ചു. 

അനുവാദം ചോദിക്കുവാന്‍ ആണ്‍കുട്ടികള്‍ ഒന്നുമല്ലല്ലോ എന്നായിരുന്നു തന്റെചിന്ത. അന്നാദ്യമായി ആലിസണ്‍ വീട്ടില്‍ വന്നു. സൂസന്‍ ഉണ്ടാക്കിയ ഉപ്പുമാവും ഇഡ്‌ലിയും ദോശയും പരാതികൂടാതെ ആലിസണ്‍  കഴിച്ചു.

'നല്ല കുട്ടി' സൂസന്‍ മനസില്‍ പറഞ്ഞു.

ദിവസങ്ങള്‍ ചിലങ്കയണിഞ്ഞ് നൃത്തമാടി കടന്നുപോയി. പ്രീതയോടൊപ്പം ആലിസണ്‍ പലതവണ വീട്ടില്‍ വന്നു.

പ്രീത ഗ്രാഡുവേറ്റ് ചെയ്ത്   ജോലിയായി. ജോസിന്റെയും തന്റെയും മോഹങ്ങള്‍ പൂവണിഞ്ഞു, പ്രതീക്ഷകള്‍ തളിരിട്ടു. പ്രീതയുടെ വിവാഹം, അവളുടെ ഭര്‍ത്താവായി വരുന്ന ആണ്‍കുട്ടി തങ്ങളുടെ മോനാവുന്നത്, പേരക്കുട്ടികള്‍ ഓടിക്കളിക്കുന്നത് ഇതൊക്കെ സ്വപ്നത്തില്‍ നിറഞ്ഞു നിന്നു. സ്വപ്നം കാണുന്നത് സുന്ദരമായ ഒരനുഭവം ആണന്ന് സൂസന്‍ ചിന്തിച്ചു. പ്രീതക്ക് വിവാഹാലോചനകള്‍ പലതും വന്നു. അമേരിക്കയിലേക്കുള്ള പാലമായി പലരും അവളെക്കണ്ടു. 

'അവളോടൊന്ന് ചോദിക്കേണ്ടെ? അവളുടെ ഇഷ്ടം അറിയേണ്ടെ?' വിവാഹാലോചനകള്‍ മുറുകി വന്നപ്പോള്‍ സൂസന് സംശയം.'നമ്മുടെ കുട്ടിയാണങ്കിലും ഇവിടെ വളര്‍ന്നതല്ലേ, ഒരു തമാശക്കെങ്കിലും അവള്‍ 'ഡേറ്റ്' ചെയ്യുന്നുണ്ടെങ്കിലോ?' സൂസന് പിന്നെയും സംശയം. 'ഡേറ്റ്' ചെയ്യുന്നുണ്ടെങ്കില്‍ അവള്‍ പറയാതിരിക്കുമോ, നമ്മള്‍ അറിയാതിരിക്കുമോ? സൂസന്‍  സമാധാനിക്കുവാന്‍ ശ്രമിച്ചു. 

പ്രീത  വീട്ടില്‍ വന്നപ്പോള്‍ അവര്‍  വിവാഹക്കാര്യം സൂചിപ്പിച്ചു. അവള്‍ വലിയ താല്‍പര്യം കാട്ടിയില്ല. അവള്‍ നാണിച്ച് വിരല്‍കടിച്ച് നില്‍ക്കുമെന്ന് പ്രതീക്ഷിച്ചില്ല. കതകടച്ച് മുറിയിലിരുന്നു. ചെറുപ്പം മുതലെ ഉള്ള അവളുടെ പ്രതിഷേധരീതിയായതിനാല്‍ കതകടച്ചിരുന്നതിനെക്കുറിച്ച് അധികമൊന്നും ചിന്തിച്ചില്ല. 

'ഒരുകാര്യം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട സമയമായി' പ്രീത മുറിയില്‍ നിന്നിറങ്ങി പറഞ്ഞു. 

സോഫയിലിരുന്ന സൂസനും  ജോസും ഒന്നിച്ചവളെ നോക്കി.

'ഞാന്‍ ആലിസണെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു, ഇത് നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതമാണെന്ന് അറിയാം'

സൂസനും ജോസും അവളെ മിഴിച്ചുനോക്കി. പിന്നെ വിശ്വസിക്കാനാവാതെ അന്യോന്യം നോക്കി. ഭൂമി പിളരുന്നുവെന്നും അവര്‍ ഇരിക്കുന്ന സോഫയോടൊപ്പം വിള്ളലിലേക്ക് വീഴുകയാണന്നും തോന്നി. പ്രീത പിന്നെ അധികമൊന്നും സംസാരിക്കാതെ മുറിയിലേക്ക് പോയി. 

പൂത്തുലഞ്ഞ പൂന്തോട്ടം നിമിഷനേരംകൊണ്ട് മരുഭൂമിയായി.

സൂസനെ സംബന്ധിച്ചേടത്തോളം അന്ന് ഒരു കാളരാത്രിയായിരുന്നു. നറുനിലാവ് പരത്തിനിന്ന പൂര്‍ണചന്ദ്രന്‍പോലും കഥയറിയാതെ അവളെ പകച്ചു നോക്കി. നിലാവു ബെഡ്‌റൂമില്‍ നിര്‍മ്മിച്ച ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് നിഴലുകള്‍ പോലും അവളെ ശല്യപ്പെടുത്തേണ്ടന്ന് കരുതി അനങ്ങാതെ നിന്നു.  'ഇത് പ്രീതയുടെ തീരുമാനമല്ലെന്നും പ്രകൃതിനിശ്ചയമാണെന്നും ജോസ് സൂസനെ പറഞ്ഞ്മനസ്സിലാക്കുവാന്‍ ശ്രമിച്ചു.

ഉറക്കം കണ്ണുകളില്‍ അടിഞ്ഞപ്പോഴൊക്കെ ദുഃസ്വപ്നം കണ്ടവള്‍ ഉണര്‍ന്നു. അവളുടെ പള്ളിയിലെ സ്ത്രീകളൊക്കെ ഒന്നടക്കം സ്വപ്നത്തില്‍ അവളെ പരിഹസിച്ച് ചിരിക്കുന്നു. ഉണര്‍ന്നിട്ടും അവരുടെ പരിഹാസച്ചിരി കാതുകളില്‍ മുഴങ്ങുന്നുവെന്ന് തോന്നി. ആള്‍ക്കാരോട് എങ്ങനെ വിഷയം അവതരിപ്പിക്കും എന്നതായിരുന്നു അവളുടെ ചിന്ത. പ്രീതയും ആലിസണും ഒരിക്കല്‍ വിവാഹിതരാവും. അവരെ സ്‌ളേറ്റിലെ ചോക്കുകൊണ്ടുള്ളവരപോലെ  മായിച്ചുകളയുവാനാവില്ല. എന്തു  പറഞ്ഞാണ് ആലിസണെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുക? 'എന്റെ മകളുടെ ഭാര്യയെ പരിചയപ്പെടു' അല്ലെങ്കില്‍ 'എന്റെ മകളുടെ ജീവിത പങ്കാളിയെ പരിചയപ്പെടു.'

പിറ്റെ ദിവസം സൂസന്‍ പ്രീതയോട് ഒന്നും സംസാരിച്ചില്ല. രാവിലെ പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ ജോസുമാത്രം എന്തൊക്കെയോ അവളോട് സംസാരിച്ചു. പ്രീതക്ക് കൊണ്ടുപോകാനായി പതിവുപോലെ സൂസന്‍  ഭക്ഷണം ഉണ്ടാക്കിയില്ല. മടങ്ങിപ്പോവും മുമ്പായി അവള്‍ അമ്മയോട് 'ബൈ മാം' എന്നുമാത്രം പറഞ്ഞു. 

ദിവസങ്ങളും മാസങ്ങളും മന്തുകാലില്‍ നിരങ്ങിനീങ്ങി. പ്രീതയോട് സംസാരിക്കണമെന്ന് സൂസന് തോന്നിയില്ല. കുടുഃബത്തിന് മാനക്കേട് വരുത്തിവെച്ചവള്‍ എന്നു ചിന്തിച്ചു. ജോസ് മാത്രം ഇടക്കിടക്ക് അവളോട് സംസാരിച്ചു, പ്രീത സ്വയം തിരഞ്ഞെടുത്ത വഴിയല്ല എന്നും  പ്രകൃതി പ്രീതയെ സൃഷ്ടിച്ചത് ഈ വിധത്തിലാണന്നും അയാള്‍ വിശ്വസിച്ചു. എന്തൊക്കെ ആയാലും പ്രീത തന്റെ മകള്‍ അല്ലാതാവുമോ?
        
സൂസന്‍  ക്ഷണക്കത്ത് ആവര്‍ത്തിച്ച് വായിച്ചു 'പ്രീത വെഡ്‌സ് ആലിസണ്‍.'
 
മറ്റ് മലയാളികള്‍ ചെയ്യുന്നപോലെ അഞ്ഞൂറുപേരെ വിളിച്ച് ആര്‍ഭാടമായൊരു വിവാഹമാണ് സൂസന്‍ കിനാവു കണ്ടിരുന്നത്. തന്റെ സുഹൃത്തുക്കളെയൊക്കെ വിളിക്കാന്‍ പറ്റുന്ന വിവാഹമല്ലിത്. ഒരു പക്ഷെ വിളിച്ചിരുന്നുവെങ്കിലും അവര്‍ വരില്ലായിരിക്കും. ആരും വരാതിരിക്കുന്നതിലും നല്ലതല്ലേ ക്ഷണിക്കാതിരിക്കുന്നത്.

ന്യൂസ് പള്ളിയിലും മലയാളിസമൂഹത്തിലും പടര്‍ന്നു. സൂസന്റെ  പട്ടണത്തില്‍ നിന്നൊരു മലയാളി പെണ്‍കുട്ടി പ്രീത താമസിക്കുന്ന പട്ടണത്തില്‍ താമസിച്ചിരുന്നു. അവര്‍ സൂസനെയും ജോസിനെയും  ഒറ്റപ്പെടുത്തി, പരിഹസിച്ച് ചിരിച്ചു. അവരെ പഴി ചാരി , മാതാപിതാക്കള്‍ വളര്‍ത്തിയതിന്റെ കുഴപ്പമാണന്ന് പറഞ്ഞു.

വീണ്ടും ചീവീടുകള്‍ കരയുന്ന വേനല്‍രാത്രികളും ഇലപൊഴിയും ശിശിരവും മഞ്ഞുവീഴുന്ന ശൈത്യമാസങ്ങളും കടന്നുപോയി.

തനിക്ക് വീണ്ടും കാളരാത്രി നല്‍കിയ  ആ ദിവസം കേട്ട വാര്‍ത്ത  വിശ്വസിക്കുവാന്‍ സൂസന്‍ പ്രയാസപ്പെട്ടു. പ്രീതക്ക് സ്വന്തമായിട്ട് ഒരു കുട്ടി വേണംപോലും. ഇടക്കിടെ പ്രീതയോട് സംസാരിക്കുന്ന ജോസില്‍ നിന്ന് കിട്ടിയ അറിവാണ്. ഇപ്പോള്‍ തന്നെ സൂസന്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടവളായിക്കഴിഞ്ഞു. പള്ളിയില്‍ ചെല്ലുമ്പോള്‍ എല്ലാവരും അവളെ അവഗണിക്കുന്നു, പരിഹസിച്ച് ചിരിക്കുന്നു. 

'സ്വവഗ്ഗത്തിനെ വിവാഹം ചെയ്തതുംപോര അവര്‍ക്ക് കുട്ടിയും വേണമെന്നോ? കൊച്ചിന് രണ്ട് അമ്മമാരോ? നാണക്കേട്!' സൂസന്‍ കോപംകൊണ്ട് വിറച്ചു. 

' പ്രീത പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ്, നാം എതിരുപറഞ്ഞാലും ഇല്ലെങ്കിലും അവര്‍ക്ക് വേണ്ടിയത് അവര്‍ ചെയ്യും.' ജോസ് വീണ്ടും പറഞ്ഞു.

പ്രീത ആര്‍ട്ടിഫിഷല്‍ ഇന്‍സെമനേഷനെക്കുറിച്ച് അന്വേഷിച്ചു. സ്‌പേം ബാങ്കിനെ സമീപിച്ചു. ഒരമ്മയാവാനുള്ള തയ്യാറെടുപ്പിലായിരുന്നു.

പല വെളുത്ത പകലുകളും കറുത്ത രാത്രികളും കടന്നുപോയപ്പോള്‍ സൂസന്റെ കോപം ആറിത്തണുത്തു. പ്രീതയെ കാണണമെന്ന മോഹം ഇടക്കിടെ ഉണ്ടായി. ഒരേയൊരു മോള്‍ ഉള്ളതല്ലേ? പ്രായത്തിന്റേതായ ആര്‍ദ്രത എന്നുപറഞ്ഞ് അത്തരം വികാരത്തെ സൂസന്‍ അവഗണിക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. 

അന്നൊരു അലസത നിറഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞ  സമയമായിരുന്നു. ജോസ് ടിവിയില്‍ സ്‌പോര്‍ട്‌സ് കണ്ടിരുന്നു. സൂസന്‍ ഏതോ മാസിക വെറുതെ മറിച്ചുനോക്കിക്കൊണ്ടിരുന്നു. ജോസിന്റെ സെല്‍ഫോണടിച്ചു. സംസാരത്തില്‍ നിന്ന് പ്രീതയാണെന്നുമനസ്സിലായി.  

ജോസ് സോഫയില്‍ നിന്ന് ചാടി എഴുന്നേറ്റു 'പ്രീത അമ്മയാവാന്‍ പോകുന്നു'  ജോസ് പറഞ്ഞു. 

കേട്ടമാത്രയില്‍ സൂസന്‍ കോരിത്തരിച്ചു. തന്റെ പേരക്കുട്ടി പ്രീതയുടെ വയറ്റില്‍ വളരുന്നു. ഏതൊരു സ്ത്രീയും ധന്യയാകുന്ന നിമിഷം. കണ്ണില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞു. മനസ്സില്‍ മാതൃവികാരം നിറഞ്ഞു. ജോസിന്റെ കയ്യില്‍നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി.

'നീ വീക്കെന്റില്‍ ഇവിടം വരെ വരുമോ? എനിക്ക് നിന്നെ കാണണമെന്ന് തോന്നുന്നു.' സൂസന്‍ പറഞ്ഞു. അഭിമാനം ചിറകൊതുക്കി.

പ്രീതവന്നില്ല. മമ്മിയുടെ ജീവിതം  താന്‍ നിമിത്തം ഇനി തരംഗങ്ങള്‍ ഉണ്ടായി ഉലയാന്‍ പാടില്ല, പ്രീത ചിന്തിച്ചു.

പ്രീതയുടെ വയറ്റില്‍ ഭ്രൂണം വളര്‍ന്ന് വലുതായി. അവളുടെ തൊലി മിനുത്തു. തലമുടി കറുത്ത് തിളങ്ങി.കണ്ണുകള്‍ വികസിച്ചു. സൂസന് അതുകാണാന്‍ ഭാഗ്യം ഉണ്ടായില്ല.  മാസങ്ങള്‍ കടന്നുപോയി.

പ്രീതയുടെ കുട്ടി പുറം ലോകം കാണുവാന്‍ തയ്യാറെടുത്തു. അവള്‍ക്ക് പ്രസവ വേദന തുടങ്ങി. തീരത്തെ പുല്‍കാന്‍ വെമ്പുന്ന നിലക്കാത്ത തിര പോലെ അവള്‍ക്ക് പ്രസവ വേദന വന്നു, ഒന്നിനു പുറകെ മറ്റൊന്നായി. ഹോസ്പിറ്റലില്‍ പോവും മുമ്പായി ആലിസണ്‍  ജോസിനെ വിളിച്ചു വിവരം പറഞ്ഞു. വിവരം കേട്ടപ്പോള്‍ സൂസന്റെ  അമ്മ മനസ്സ് വെമ്പി. അവള്‍ സന്തോഷം കൊണ്ട് വായുവില്‍ ഒഴുകി. താനൊരു വല്ല്യമ്മ ആകുവാന്‍ പോകുന്നു. വീട്ടില്‍ ഓടിനടക്കുന്ന പേരക്കുട്ടിയെ അവള്‍ കിനാവു കണ്ടു. 

അവര്‍ ആശുപത്രിയില്‍ ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ലോകം കണ്ട അല്‍ഭുതത്തില്‍  ആലിസണ്‍റ്റെ കയ്യിലിരുന്ന കുട്ടി കരഞ്ഞു. സൂസന്‍ കുട്ടിയെ ഏറ്റുവാങ്ങി. കുട്ടി കരച്ചിലിന്റെ ശക്തി കുറച്ചു.

സൂസന്‍ കുട്ടിയുടെ കയ്യില്‍ തലോടി.

'എന്താണ് പേരിട്ടത്' സൂസന്‍ ചോദ്യഭാവത്തില്‍ ആലിസണെ നോക്കി.

'മെലണി സൂസന്‍ ജോസ്' ആലിസണ്‍ന്റെ വാക്കുകള്‍ കാട്ടരുവി പോലെ സൂസന്റെ ചെവിയില്‍ പതിച്ചു.

എന്തോകേട്ടു മനസ്സിലായെന്നപോലെ കുട്ടി കരച്ചില്‍ നിര്‍ത്തി കൈകാലിട്ടടിച്ചു. അവളുടെ ഇളം ചൂ?!ൂടുള്ള മുഖം സൂസന്‍ മുഖത്തോടടുപ്പിച്ചു.


റീനി മമ്പലം

അമ്മയുറങ്ങാത്ത വീട്: ചെറുകഥ(റീനി മമ്പലം)
Join WhatsApp News
വായനക്കാരൻ 2015-08-18 16:22:48
അമേരിക്കൻ സ്വവർഗ്ഗ വിവാഹിതരുടെ ഇടയിൽ adoption or artificial insemination മുഖേന കുട്ടികളെ വളർത്തുകയെന്നത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവണത അമേരിക്കൻ മലയാളി സമൂഹത്തിന്റെ പടിവാതിൽക്കലെത്തി നിൽക്കുകയാണെന്നതിന് സംശയമില്ല. ഇത്തരം കാര്യങ്ങളിൽ  കണ്ണടച്ച് ഇരുട്ട് സൃഷ്ടിക്കുന്ന സമൂഹത്തിനെ ഈ യാഥാർത്ഥ്യത്തിനു നേരേ കണ്ണുതുറപ്പിക്കുന്ന കഥാകൃത്തിന്റെ ദീർഘദൃഷ്ടിക്ക് അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക