MediaAppUSA

സ്വാതന്ത്ര്യദിനത്തിന് വയസ് 68 - ജോസ് കാടാപുറം

ജോസ് കാടാപുറം Published on 17 August, 2015
സ്വാതന്ത്ര്യദിനത്തിന് വയസ് 68 - ജോസ് കാടാപുറം
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിന് ഷഷ്ടിപൂര്‍ത്തി കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലാത്ത മഹാ ഭൂരിപക്ഷം ഇന്‍ഡ്യാക്കാര്‍ എല്ലാ ആഘോഷങ്ങളും അവര്‍ക്ക് നിര്‍ത്ഥകമാണ്. ലോകത്തേറ്റവും  തൊഴില്‍ അന്വേഷകരായ യുവജനങ്ങളും. ഭവനരഹിതരായ കുടുംബങ്ങളും, കടംകൊണ്ട് പൊറുതിമുട്ടി ആത്മഹത്യ ചെയ്യുന്ന കര്‍ഷകരും ഇന്‍ഡ്യയിലാണെന്ന്  വസ്തുത സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ശോഭ കെടുത്തുന്നു എന്നത് പരമാര്‍ത്ഥമാണ്.

ബ്രിട്ടീഷ്‌കാര്‍ക്കെതിരെ യുദ്ധം ചെയ്ത ഊര്‍ജ്ജം വെറുതെ കളയരുതെന്ന് ആഹ്വാനം ചെയ്തവരെ യജമാനന്‍മാരായി കണ്ട് തിളങ്ങുന്ന ഉടുപ്പിട്ട് വിദേശയാത്രകള്‍ക്ക് സുഖം കണ്ടെത്തുന്ന ഭരണകര്‍ത്താക്കള്‍ നമുക്കിവിടെയാണ് ആശ്വാസം തരിക. ഇന്‍ഡ്യയില്‍ ഇന്ന് സ്വാതന്ത്ര്യത്തിന്റെ ആകാശം കാര്‍മേഘാവൃതമാണ്. ഇപ്പോള്‍ നമ്മുക്ക് യാഥാര്‍ത്ഥ്യങ്ങളൊക്കെ കയ്പ്പുള്ളതായി മാറിയിരിക്കുന്നു. മതനിരപേക്ഷത കേവലമൊരു വാക്കു മാത്രമായി. ഇന്‍ഡ്യ സ്വാതന്ത്ര്യ രാജ്യമായി നിലനില്‍ക്കണമെങ്കില്‍ മതനിരപേക്ഷത പോറലേല്‍ക്കാതെ സംരക്ഷിക്കപ്പെടണം. നമ്മളെ ഒരു രാജ്യമാക്കി നിര്‍ത്തുന്ന മതനിരപേക്ഷ സംസ്‌കാരമാണ് വര്‍ഗീയത നമ്മെ നോക്കുന്ന ഭീമമായ കൊടുങ്കാറ്റാണ്. വര്‍ഗ്ഗീയ ചേരിതിരിവുകളും കലാപങ്ങളും നമ്മുടെ ചരിത്രത്തിലെ തീരാമുറിവുകളാണ്. മതനിരപേക്ഷതയുടെ കടയ്ക്കല്‍ കോടാലി വയ്ക്കുന്ന ഭരണകൂടങ്ങള്‍ നമ്മുക്ക് ശാപമാണ്. മതനിരപക്ഷേ ചിന്താഗതി പേറുന്നവര്‍ക്ക് ഇന്‍ഡ്യയിലെ അഭിമാന സ്ഥാപനങ്ങളില്‍ തുടരാന്‍ പറ്റാത്ത സ്ഥിതിയാണ്. നാഷ്ണല്‍ ബുക്ക്സ്റ്റാള്‍, ചിത്രരചനാ കൗണ്‍സില്‍, പൂനാഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, നളന്ദ സര്‍വ്വകലാശാല ഇവിടെ സ്ഥാനം വഹിച്ചിരുന്നവരുടെ സ്ഥാനത്ത് വര്‍ഗ്ഗീയവാദികളും കൊടുംക്രിമിനലുകളുമായ ആശാറാമും, രാംദേവും വിലസുന്നു.
വര്‍ഗീയത സംഘരൂപമായ പ്രസ്ഥാനങ്ങലെ അധികാരത്തിലെത്തിച്ചത് അഴിമതിക്ക് ലോകറിക്കാര്‍ഡ് ഇട്ട് മിടുക്കനായ സാമ്പത്തിക വിദഗ്ദനായ പ്രധാനമന്ത്രിയുടെ കാര്യശേഷികൊണ്ടാണ്. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രം അപഹരിക്കപ്പെട്ട നാളുകളായിരുന്നു. എല്ലാ ഇടപാടുകളും 2ജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത് എല്ലാം സംഘടിത മോഷണത്തിന്റെ മറക്കാനാവാത്ത അദ്ധ്യായങ്ങളാണ്. സുരേഷ് കല്‍മാഡിയും, രാജയും ഒക്കെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ലായിരുന്നു ജയിലില്‍ പോയതെന്ന് ജനം  തിരിച്ചറിഞ്ഞപ്പോള്‍ 484 അംഗങ്ങളില്‍ നിന്ന് 44 ലേക്ക് താഴെപോയവര്‍ വീണ്ടും ആവഴിയെ നടക്കുന്നതിന്റെ സൂചനകളാണ് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന് നമ്മളറിയുന്നത്. പാര്‍ലമെന്റില്‍ ഭരിക്കുന്ന കക്ഷി നേരിടുന്ന അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ ഉപയോഗിക്കുന്ന ആയുധം ഉമ്മന്‍ചാണ്ടിയെന്ന പേരാണ്. നമ്മുടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന തീവെട്ടിക്കൊള്ളയുടെ കണക്കുകള്‍ ഡല്‍ഹി ഭരിക്കുന്നവര്‍ നിരത്തുമ്പോള്‍ എവിടെയും ഉള്ള മലയാളികള്‍ക്ക് തലതാഴ്‌ത്തേണ്ടി വരുന്നു. സോളാറും, നാഷ്ണല്‍ ഗെയിംസും, ഭൂമി കുംഭകോണങ്ങളും, ബാര്‍കോഴയും, പ്ലസ്ടുകോഴയും, സര്‍വകലാശാല ഭൂമി തട്ടിപ്പും പാഠപുസ്തക അഴിമതിയും മാത്രമല്ല പുതിയവ ഓരോ ദിവസവും വരുന്നു. കോഴപ്പണം എണ്ണിതിട്ടപ്പെടുത്താന്‍ യന്ത്രമുന്ടന്ന  വിവരമാണ് കേരളവും കേന്ദ്രവും ഭരിക്കുന്നവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. സ്വാതന്ത്ര്യസമരകാഹളം അതിനു ശേഷവും സമരമുഖങ്ങളില്‍ സ്വന്തമെന്ന പദം മറന്ന് പൊരുതിയ ദേശസ്‌നേഹികളായ മുന്‍ ജവാന്മാരെ ഡല്‍ഹിയില്‍ തല്ലി ചതക്കുന്നതിന്റെ ചിത്രം നിങ്ങളില്‍ ചിലര്‍ കണ്ടു കാണും. നമ്മുടെ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് വൃദ്ധരായനമ്മുടെ ജവാന്‍മാരെ മൃഗീയമായി തല്ലിച്ചതച്ചത്. നമ്മുക്ക് എന്തെങ്കിലും അവര്‍ക്ക് നൽകണമല്ലോ?

അവസാനമായി നമ്മുടെ ചിന്തയുടെ ഓര്‍മ്മകളിലേക്ക് എത്തിനോക്കിയിട്ട് ഈ ലേഖനം അവസാനിപ്പിക്കാം... 1931 മാര്‍ച്ച് 23നാണ് ഭഗത് സിംഗ് രക്തസാക്ഷിത്വം വരിച്ചത്. രാത്രി 7 മണിക്കാണ് തൂക്കിലേറ്റാന്‍ സമയമായ വിവരം മജിസ്‌ട്രേറ്റ് അറിയിച്ചത്. അപ്പോള്‍ ആ നിസ്വാര്‍ത്ഥനായ പോരാളി സ്‌റ്റേ് ആന്റ് റവലൂഷന്‍(ഭരണകൂടവും വിപ്ലവവും)എന്ന പുസ്തകം ആര്‍ത്തിയോടെ വായിക്കുമായിരുന്നു. കുറച്ചു പേജുകള്‍ മാത്രം അവശേഷിക്കുന്നു. ഏതാനും മിനുട്ട് ക്ഷമിക്കണം ഇതൊന്നു വായിച്ചു തീര്‍ത്തോട്ടെ എന്നുള്ള ഭഗത് സിംങ്ങിന്റെ അഭ്യര്‍ത്ഥന മജിസ്‌ട്രേറ്റിനെ അത്ഭുതപ്പെടുത്തി. വായിച്ചു തീര്‍ത്ത പുസ്തകം മടക്കി വച്ച് പുഞ്ചിരി തൂകി മജിസ്‌ട്രേറ്റിനോട് പറഞ്ഞു. മിസ്റ്റര്‍ മജിസ്‌ട്രേറ്റും ഭാരതത്തിന്റെ വീരപുത്രന്മാര്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ഉന്നതാദര്‍ശങ്ങള്‍ക്കു വേണ്ടി കഴുമരത്തെ സ്വീകരിക്കുന്നതെന്ന് നേരിട്ടു കാണാന്‍ പോകുന്ന നിങ്ങള്‍ ഭാഗ്യവാന്‍ തന്നെ!!

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനത്തിന്റെ ആശംസകള്‍...

സ്വാതന്ത്ര്യദിനത്തിന് വയസ് 68 - ജോസ് കാടാപുറം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക