Image

ഓണം ഇപ്പോള്‍ പരിധിക്കകത്താണ് (സന്തോഷ് പാലാ)

Published on 26 August, 2015
ഓണം ഇപ്പോള്‍ പരിധിക്കകത്താണ് (സന്തോഷ് പാലാ)
ചാവടിയിലിരുന്ന
സ്വര്‍ണ്ണക്കോളാമ്പി
സൂത്രത്തില്‍
പുകയിലക്കെട്ട്
മണത്തതിനാലാവുമോ
വീണ്ടും വീണ്ടും
ഇരട്ടിമധുരം ഛര്‍ദ്ദിക്കുന്നത്?

തുമ്പിയെക്കൊണ്ട്
കല്ലെടുപ്പിച്ചും
ആനയുടെ
വാലു തപ്പിയും
കണ്ടതെല്ലാം
തല്ലിപ്പൊട്ടിച്ചും
ഒരു ചാറ്റല്‍ മഴ
കുറുക്കന്റെ
കല്യാണമാഘോഷിക്കാനെത്തുന്നു.

അണ്ടാവും
അടപ്പായസവും
അണ്ടിപ്പരിപ്പും
ആര്‍ത്തിപ്പണ്ടാരങ്ങളും
ട്രാക്ക് തെറ്റാതെ
ഇഞ്ചോടിഞ്ച്
മത്സരിക്കുന്നു.

തുഴഞ്ഞ്
തുഴഞ്ഞ്
ഒരു
തുണയും
കിട്ടാത്ത
ഒരു പാട്ടിനെ
രണ്ടു തുമ്പകള്‍
കരക്കടുപ്പിക്കുന്നു.

ആലപ്പുഴ സ്‌റ്റേഷനില്‍
രഞ്ജിനി
ട്യൂണ്‍ ചെയ്തുകൊണ്ട്
കുറെ ഓണപ്പൂക്കള്‍
ഇളവെയിലിലനങ്ങിയും
അനങ്ങാതെയും
ഒരു കളം
വരച്ചദൃശ്യമാകുന്നു.

പതിവിലും നേരത്തെ
പരിപാടികള്‍ തീര്‍ത്ത
യുവദീപ്തി ആര്‍ട്‌സ് ക്ലബ്ബ്
വാമനനെ
കൈകാര്യം
ചെയ്തുകൊണ്ടിരിക്കുന്നു.

കിരീടത്തില്‍
നിന്നകന്നു പോയ
സിങ്ക്‌പേപ്പര്‍
സുലൈമാന്റെ കടയിലെ
തേയിലപ്പെട്ടിയോട്
സങ്കടം പറയുന്നു.

പെട്ടെന്ന്
തോട്ടീണ്ടിയില്‍
ആരോ
തോര്‍ത്തുമുണ്ടുലയ്ക്കുന്ന ഒച്ച.

തോട്ടില്‍ കൂടി
ഒരു രാജ്യം
നീര്‍ക്കാംകുഴിയിട്ട് നീന്തി
നീര്‍ക്കുമിളകള്‍
അവശേഷിപ്പിക്കുന്നു.

ചെളിവെള്ളം
നിറഞ്ഞ
വായനശാലഗ്രൌണ്ടില്‍
*ഒറ്റ ജയിച്ച്
*പെട്ടയിലേക്കുള്ള
ഊഴം കാത്തു നില്‍ക്കുകയാണ്
പൊടുന്നനെയെത്തിയൊരു
നനുത്ത കാറ്റ്.

മൈക്ക് ഇനി *ലൂക്കിന് കൈമാറുന്നു.

(ഒറ്റ, പെട്ട നാടന്‍പന്തുകളിയിലെ രണ്ട് വ്യത്യസ്ത ഘട്ടങ്ങള്‍
ലൂക്ക്പ്രശസ്ത വള്ളംകളി കമന്റേറ്റര്) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക