ആരെയാണ് നിങ്ങള്‍ പഴിക്കുന്നത്? ഈ ദുഷ്‌ടഭൂമിയില്‍ ജനിച്ചുവീണ കുഞ്ഞുങ്ങളെയോ; അതോ
അവര്‍ക്ക് ജന്മംനല്‍കിയ മാതാപിതാക്കളെയോ? അതോ മതഭ്രാന്തുമൂലം മനഃസാക്ഷി നശിച്ച
ഭീകരജീവികളെയോ? നിങ്ങളും ഞാനും കുറ്റക്കാകരല്ലെന്ന് സ്വയംപറഞ്ഞ് ആശ്വസിക്കുന്നു.
അതാണോ സത്യം? ഫേസ്‌ബുക്കിലും പത്രമാധ്യമങ്ങളിലുംവന്ന ചിത്രം ഒരുനോക്കുനോക്കിയിട്ട്
രണ്ടാമതൊന്നുകൂടി കാണാന്‍ മനസില്ലാതെ നിത്യജീവിതത്തിന്റെ കര്‍മ്മങ്ങളില്‍ മുഴുകി
വേദനിപ്പിക്കുന്ന ചിന്തകള്‍ മറക്കുകയല്ലേ നമ്മള്‍ ചെയ്‌തത്? അല്ലെങ്കില്‍
നിങ്ങള്‍ക്കും എനിക്കും എന്തുചെയ്യാന്‍ സാധിക്കും? സഹായിക്കാന്‍ മനസുണ്ടെങ്കിലും
നമ്മള്‍ നിസ്സഹായരല്ലേ? പിന്നെ ചെയ്യാന്‍ സാധിക്കുന്നകാര്യം ആ
കുഞ്ഞുങ്ങള്‍ക്കുവെണ്ടി രണ്ടുതുള്ളി കണ്ണുനീര്‍ പെഴിക്കുക മാത്രം. നിങ്ങള്‍ ഒരു
കവിയാണെങ്കില്‍ അവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പിച്ചുകൊണ്ട് ഏതാനും വരികള്‍
എഴുതുക.
നല്ലൊരു ജീവിതം ആഗ്രഹിച്ചോ, മതഭ്രാന്തന്മാരുടെ ഭീകരതയില്‍നിന്ന്
രക്ഷപെടാന്‍വേണ്ടിയോ ഭാര്യയേയും രണ്ട് കുഞ്ഞങ്ങളേയുംകൊണ്ട് സാഹസികമായ
ബോട്ടുയാത്രക്ക് പുറപ്പെട്ട അഛന്‍ നിരപരാധിയല്ല. മക്കളെ അപകടത്തിന്റെ വഴിയിലൂടെ
നയിക്കുമ്പോള്‍, അത് എന്തിനുവേണ്ടിയാണെങ്കിലും, നൂറുശതമാനം സുരക്ഷിതത്വം അയാള്‍
ഉറപ്പുവരുത്തേണ്ടതായിരുന്നു. തന്റെ കൈകളില്‍നിന്നാണ് അവന്‍ വഴുതിപ്പോയതെന്ന്
പറഞ്ഞ് നിലവിളിക്കുന്ന മനുഷ്യനോട് ലോകത്തിന് സഹതാപമില്ല. നിങ്ങളുടേയും എന്റേയും
കണ്ണുനീര്‍മൊത്തം കടല്‍ത്തീരത്തെ ചുംബിച്ചുകൊണ്ട് കിടക്കന്ന മണിമുത്തിന്
വേണ്ടിയിട്ടാണ്; അവന്റെ സഹോദരനുവേണ്ടിയിട്ടും. ഒരുവിധത്തില്‍ ഈ ദുഷ്‌ടഭൂമിയില്‍
ജീവിക്കാതിരുന്ന നിങ്ങള്‍ ഭാഗ്യവാന്മാരാണ്. ലോകത്തിന്റെ കളങ്കങ്ങള്‍ ഏറ്റുവാങ്ങതേ
യാത്രപുറപ്പെട്ട നിങ്ങള്‍ക്ക് സ്വര്‍ക്ഷരാജ്യത്തില്‍ സസന്തോഷം വസിക്കാമല്ലോ.
ലോകത്തിന്റെ പലഭാഗങ്ങളില്‍ പട്ടിണിയുടേയും രോഗങ്ങളുടേയും കഷ്‌ടതകള്‍ അനുഭവിക്കുന്ന
അനേകലക്ഷം കുഞ്ഞുങ്ങളേക്കാള്‍ എത്രയോ ഭാഗ്യവാന്മാരാണ് നിങ്ങള്‍. നിങ്ങളുടെ
കുടീരത്തില്‍ എന്റെവക പനിനീര്‍പ്പൂക്കള്‍ അര്‍പ്പിക്കട്ടെ.
