Image

അഴിമതിയോ ? എന്താണത് ? ലേഖനം-ഭാഗം 2 ഡി.ബാബു പോള്‍

ഡി.ബാബു പോള്‍ Published on 14 September, 2015
അഴിമതിയോ ? എന്താണത് ? ലേഖനം-ഭാഗം 2 ഡി.ബാബു പോള്‍
കേരളത്തില്‍ പോള്‍ പി.മാണിയോടെ അസ്തമിച്ച പഴയ യുഗത്തില്‍ എമ്മെന്നും അച്യുതമേനോനും ആദരിക്കപ്പെട്ടു. എമ്മെന്‍ ലോക്‌സഭയിലേക്ക് മത്സരിച്ച അവസാനവട്ടം. ഒരു മുതലാളി ഇരുപത്തയ്യായിരം രൂപ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പ്പിച്ചു തെരഞ്ഞെടുപ്പിന്. പിന്നെയും അത്ര തന്നെ. അതും വാങ്ങി. മൂന്നാം തവണ ഇരുപത്തയ്യായിരവുമായി ചെന്നപ്പോള്‍ സെക്രട്ടറി പറഞ്ഞു. വേണ്ട, കഴിഞ്ഞ തവണ തന്നെ വഴക്ക് കിട്ടിയതാണ്. വേണമെങ്കില്‍ നേരില്‍ കൊടുക്കുക.  മുതലാളി എമ്മെനെ കണ്ടു. അവര്‍ പരിചയക്കാരും ഇഷ്ടക്കാരും ആയിരുന്നു. എന്നാല്‍, എമ്മെന്‍ പണം സ്വീകരിച്ചില്ല. ഒരു വ്യക്തിയില്‍ നിന്ന് ഇത്രയധികം തുക വാങ്ങുന്നത് ശരിയല്ല എന്നായിരുന്നു എമ്മെന്റെ പക്ഷം. അവിടെ നിന്ന് വീടുകളില്‍ നോട്ടെണ്ണല്‍ യന്ത്രം സ്ഥാപിക്കുന്നവരിലേക്ക് എത്തിച്ചേരാന്‍ മൂന്ന് വ്യാഴവട്ടം തികച്ച് വേണ്ടി വന്നില്ല.

ഇത് രാഷ്ട്രീയത്തില്‍ മാത്രം അല്ല സംഭവിച്ചത്. ഔദ്യേഗികതലത്തിലും ഇതുതന്നെ ഉണ്ടായി. 1980-ന് മുമ്പ് സര്‍വ്വീസില്‍ കയറിയ ഐ.എ.എസുകാരില്‍ രണ്ട് പേരെക്കുറിച്ച് മാത്രമാണ് അന്ന് അഴിമതി ആരോപണം ഉണ്ടായത്. ഇന്നത്തെ അവസ്ഥ പറയേണ്ടതില്ല.

ഞാന്‍ റവന്യൂ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ഒരു പഴയ സതീര്‍ഥ്യന്‍ കാണാന്‍ വന്നു. ആള്‍ വില്ലേജ് ഓഫീസര്‍ ആയിരുന്നു.പള്ളിപ്പറമ്പിലെ അപ്പൂപ്പനാലിന്റെ ചുവട്ടില്‍ ഞങ്ങള്‍ പഴങ്കഥകള്‍ പറഞ്ഞിരുന്നു. ഏറെ നേരം. അന്ന് കൃഷ്ണന്‍ നായര്‍ എന്ന ബാല്യകാല സുഹൃത്ത് പറഞ്ഞു: 'ബാബു, അവരൊക്കെ എന്നെ ഉപദേശി എന്നാണ് വിളിക്കുന്നത്, കൈക്കൂലി സര്‍വസാധാരണയായപ്പോള്‍ വാങ്ങാത്ത ആദര്‍ശവാന് വട്ടപ്പേര്!

അതായത്, കുറ്റം രാഷ്ട്രീയക്കാരന്റെയോ ഉദ്യോഗസ്ഥന്റെയോ മാത്രം അല്ല. സമൂഹത്തിന്റെ വീക്ഷണമാണ് അതിലേറെ കുറ്റം ചാര്‍ത്തപ്പെടേണ്ട പ്രതിഭാസം. പണം നേടുന്നത് നാണം കെട്ടിട്ടായാലും നാണക്കേട് പണം തീര്‍ത്തുകൊള്ളും എന്ന പ്രമാണം പുതിയതല്ല. ആ പ്രമാണണത്തിന് ഇന്ന് കിട്ടിയിട്ടുള്ള സ്വീകാര്യത വര്‍ത്തമാനകാലത്തെ നിര്‍വ്വചിക്കാന്‍ പോന്നതാണ് . എല്ലാ മേഖലയില്‍ ഈ ധര്‍മ്മച്യൂതി ദൃശ്യമാണ്.

സഭകളില്‍ സിമോണി. പള്ളികളിലും അമ്പലങ്ങളിലും കള്ളക്കണക്കുകള്‍. മതങ്ങളുടെയും സമുദായങ്ങളുടെയും മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ നിയമനത്തിന് കോഴ. ധര്‍മാശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ശമ്പളത്തിന്റെ പാതിയിലേറെ കൊടുക്കുന്നത് കള്ളപ്പണമായി.

ഇതിനിടയില്‍ മലയാളികളായ നമുക്ക് ആശ്വസിക്കാന്‍ ആകെ ഒന്നേ ഉള്ളൂ കാര്യം. ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനത്തെയും അപേക്ഷിച്ച് അഴിമതിയുടെ തോത് കേരളത്തില്‍ കുറവാണ്. രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും പൊതുപ്രവര്‍ത്തകരായാലും സഹ്യനിപ്പുറം നെടിയമല കിഴക്കും, നേരെഴാത്താഴിമേക്കും അതിരിടുന്ന ഹൈമവതഭൂമിയില്‍, ശേഷം ഭാരതീയരെക്കാള്‍ ഭേദം തന്നെ. പണ്ട് ഒരു സ്ത്രീ അമ്പതിനായിരം രൂപക്ക് പകരം കിടക്ക പങ്കിടാം എന്ന് സമ്മതിച്ചു. മുറിയിലെത്തിയപ്പോള്‍ പുരുഷന്‍ പ്രതിഫലം അയ്യായിരത്തില്‍ ഒതുക്കാന്‍ ശ്രമിച്ചു. സ്ത്രീ പൊട്ടിത്തെറിച്ചു. നിങ്ങള്‍ എന്ത് കരുതി? ഞാന്‍ വെറും തേവിടിശ്ശിയാണെന്നോ? പുരുഷന്‍ ശാന്തമായി മൊഴിഞ്ഞു. തേവിടിശ്ശിക്കാര്യം നാം നേരത്തെ ഉറപ്പിച്ചതല്ലേ? തര്‍ക്കം ഫീസിനെക്കുറിച്ച് മാത്രമല്ലേ? മലയാളിയുടെ റേററ് കുറവാണ് എന്ന ആശ്വാസത്തിനും അതിലേറെ വില കല്‍പ്പിച്ചുകൂടാ. ഈശ്വരോ രക്ഷതു.

ഒരു കാര്യം കൂടെ പരിഗണിക്കാനുണ്ട്. എന്താണ് അഴിമതി? പണം വാങ്ങുന്നത് മാത്രമാണ് അഴിമതി എന്നാണ് നാം പൊതുവെ കരുതുന്നത്. അത് തെറ്റാണ്. നമ്മുടെ ആര്‍ടി ഓഫീസുകളിലെ ഏജന്റുമാര്‍. അവര്‍ ചെയ്യുന്നത് പരോപകാരമോ അഴിമതിയോ? ഒരു സ്ഥലംമാറ്റം. വകുപ്പധ്യക്ഷന്‍ ചെയ്യേണ്ടതാണ്. അത് മന്ത്രി തന്നെ ചെയ്യും. അതിന് ശിപാര്‍ശ. ഉപകാരമോ അഴിമതിയോ ? സെക്രട്ടറിയേറ്റില്‍ ഒരു ഫയല്‍ എവിടെയോ കുരുങ്ങിക്കിടക്കുന്നു. അത് ഒന്നനക്കണം. ഫയല്‍ കൈകാര്യം ചെയ്യുന്ന ഗുമസ്തന്റെ സ്‌നേഹിതന്‍ നമ്മുടെ പരിചയക്കാരനാണ്. നാം അയാളെ ഒന്ന് സത്കരിക്കുന്നു. അയാള്‍ കൂട്ടൂകാരനോട് പറഞ്ഞ് കാര്യം നടത്തുന്നു. ആ സത്കാരം അഴിമതിയോ കേവല സൗഹൃദമോ?
സ്ഥനപരിമിതികൊണ്ട് വിസതരിക്കുന്നില്ല. 

അടുത്തകാലത്ത്, ഞാന്‍ കണ്ട ഏറ്റവും സത്യസന്ധനായ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയാണ്. അദ്ദേഹത്തിന് എന്നെ ഇഷ്ടമായിരുന്നില്ല. അത് അദ്ദേഹം പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്നതിനാലും എ.പി. വര്‍ക്കിച്ചേട്ടന് അസാരം നാട്ടുവഴക്കും വി.എസ്. അച്യൂതാനന്ദന് അസാരം വര്‍ക്കി വിശ്വാസവും ഉണ്ടായിരുന്നതിന്റെ ബാക്കിയാണ്. അത് പോകട്ടെ. തന്റെ വകുപ്പിലെ സ്ഥലം മാറ്റത്തിന് കുട്ടിസഖാക്കള്‍ കാശ് പിരിക്കുന്നതുപോലും ഫലപ്രദമായി തടഞ്ഞ മന്ത്രിയാണ് പാലൊളി. ഇടതും വലതും ഭാ ജ പായും ചേര്‍ന്ന് ഒരു പള്ളിക്കൂടം തുടങ്ങണം. രാഷ്ട്രീയത്തിലും ഭരണത്തിലും സത്യസന്ധത പാലിക്കാനുള്ള പരിശീലനം വാനര കുമാരന്മാര്‍ക്ക് നല്‍കാന്‍. പാലൊളിയെ അതിന്റെ ചാന്‍സലര്‍ ആയി അവരോധിക്കണം. നടക്കുകയില്ലെന്നറിയാം. അഴിമതി തീര്‍ത്തും ഇല്ലാതാക്കിക്കളയാം എന്ന മോഹവും നടക്കുകയില്ലല്ലോ. എങ്കിലും വെറുതെ മോഹിക്കാന്‍ മോഹം. എല്ലാ രാഷ്ട്രീയക്കാരും പാലൊളി മുഹമ്മദ് കുട്ടിമാര്‍ ആകട്ടെ. കാരണവന്മാര്‍ മതം മാറാതിരുന്നെങ്കില്‍ മറ്റൊരച്ചുതമേനോന്‍ ആകേണ്ടിയിരുന്നയാളാണ് പാലൊളി. ചീഫ് മിനിസ്റ്റര്‍ മെറ്റീരിയല്‍!

ഈ ലേഖനം ഇവിടെ അവസാനിക്കുന്നു…….


അഴിമതിയോ ? എന്താണത് ? ലേഖനം-ഭാഗം 2 ഡി.ബാബു പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക