Image

മായാമുരളി (കവിത: ബിന്ദു ടിജി)

Published on 05 October, 2015
മായാമുരളി (കവിത: ബിന്ദു ടിജി)
ഇതെനിക്കു പ്രണയ കാലം
കാല്‍ ചുവട്ടിലെ
ഒടുവിലെത്തരി മണലും
കടലെടുത്തെന്നെ കീഴ്‌മേല്‍
മറിച്ചതാം കാലം
മരുവില്‍ കനലേറ്റു
തളര്‍ന്നു വീണതാം കാലം
പെരുമഴ മിഴികളില്‍
തോരാതെ പെയ്‌തൊരാകാലം
എല്ലം മറഞ്ഞു മാഞ്ഞു പോകുന്നു
ഒരു പുത്തന്‍ പ്രണയമെന്നെ കാത്തു നില്‌ക്കുന്നു

ഗ്രീഷ്‌മാന്ത്യവര്‍ഷബിന്ദുക്കള്‍ പോല്‍
പുതുപുലരിയില്‍ വിടരുന്ന പൂവ്‌ പോലെ
വിടരാത്ത പൂവിലെ മധുകണം പോല്‍
ഒരു നനുത്ത ചിരിപോല്‍
തലോടല്‍ പോലെ
നെറ്റിയില്‍ കുളിര്‍മാലേയമമരുന്നപോല്‍
ഒരു പുത്തന്‍ പ്രേമമിങ്ങെത്തിയെന്നോ

ഇല്ലില്ല ഞാനില്ല വാതില്‍ തുറക്കില്ല
അറിയാമെനിക്കു നിന്‍ ഗന്ധവും ലഹരിയും
ആദ്യം മദിപ്പിച്ചു പിന്നെ മടുപ്പിച്ചു
മനം ചുട്ടു പൊള്ളിക്കും ദിവ്യമന്ത്രം
ഇല്ല ഞാനില്ല പടി ചാരി വേഗം
കടന്നു പോകൂ.

എങ്കിലും മെല്ലെയെന്‍ മാനസം ഉണര്‍ന്നുവെന്നോ
ഒന്നെത്തി നോക്കീടുവാനൊരുങ്ങിയെന്നോ
ഇന്നേതു രൂപത്തിലാകാം പ്രേമമിങ്ങെത്തുക
സൂര്യതേജസ്സുപോല്‍
തണുത്ത ചന്ദികാസ്‌മിതം പോല്‍
പാല പൂക്കുന്നപോല്‍
പട്ടുനൂല്‍ സ്വപ്‌നം പോല്‍
ആരു നീ മാന്ത്രിക മഞ്ചലില്‍ വന്നിറങ്ങി
ജാലക ചില്ലില്‍ നഖചിത്രങ്ങള്‍ കോറുവാന്‍

നീലകടമ്പിന്‍റെ ചോട്ടിലാരോ
ഓടക്കുഴലുമായ്‌ വന്നുനില്‌പൂ
കുഴല്‍ വിളി കേട്ടു തിരിഞ്ഞു നോക്കെ
കരുണചെയ്യാന്‍തെല്ലും വൈകാതെയാ കള്ളന്‍
അതിമധുരമെന്തോ മൊഴിഞ്ഞ പോലെ
`ഒരു പുതു കവിതയിലൊളിച്ചിരിക്കാന്‍
പ്രേമമായ്‌ ഞാന്‍ നിന്നില്‍ വിരുന്നു വന്നു'.

ഇതെന്‍ കവിതയ്‌ക്കു പ്രണയ കാലം !
മായാമുരളി (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക