Image

അമ്മയും മകളും (ഡോ.ഏ.കെ.ബി.യുടെ പെണ്ണുങ്ങള്‍: കഥകള്‍-2)

Published on 05 October, 2015
അമ്മയും മകളും  (ഡോ.ഏ.കെ.ബി.യുടെ പെണ്ണുങ്ങള്‍: കഥകള്‍-2)
അമ്മയും മകളും 
“ അമ്മയ്ക്ക് എന്താണ് ഇത്ര ദുഃഖം?-
മുഖം കിനിച്ച്, വഴിയിറമ്പിലൂടെ, മെല്ലെ മെല്ലെ നടന്നു നീങ്ങുന്ന ആ മദ്ധ്യവയസ്‌ക്കയോടു അയാള്‍ ചോദിച്ചു. അവര്‍ നിന്നു-തലപൊക്കി അയാളെ നോക്കി. സ്ത്രീയുടെ ഉള്ളില്‍ നീറുന്ന വേദനകൊണ്ട്, മാംസപേശികള്‍ ഇടിഞ്ഞു വീണ  മുഖം. തന്നെക്കാള്‍ പ്രായം കൂടിയ അയാളോടു ചോദിച്ചു.
“നിങ്ങള്‍ എന്തുകൊണ്ടാണ് എന്നെ 'അമ്മ'എന്നു വിളിയ്ക്കുന്നത് ?” അയാള്‍ പറഞ്ഞു.
“അമ്മയാണെന്ന് തോന്നിയതുകൊണ്ട്-”
അവര്‍ വീര്‍പ്പുമുട്ടലോടെ പറഞ്ഞു:”എന്റെ കുഞ്ഞു പോയി-” 
“എവിടെ പോയി?”
“അവളെ ഒരാള്‍ കൊന്നു-ഗുണ്ടപ്പന്‍”
“എന്തുകൊണ്ട് ?” രണ്ടു പ്രാവശ്യം ഗുണ്ടപ്പന്‍ അവളെ ഗര്‍ഭം ധരിപ്പിച്ചു. രണ്ടാമത് അലസിപ്പിച്ചപ്പോള്‍ അവള്‍ മരിച്ചു പോയി. ആശുപത്രിയിലയക്കാതെ അയാളുടെ വെപ്പാട്ടിയായ ശന്തുവിനെക്കൊണ്ടാണ് അലസിപ്പിച്ചത്.”
“അയാള്‍ അവളുടെ കാമുകിയായിരുന്നോ?”
“അവളെ വിവാഹം കഴിയ്ക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചു.” “അവള്‍ സ്‌നേഹമയിയും നിഷ്‌ക്കളങ്കയും സുന്ദരിയും ആയ ഒരു സ്ത്രീ ആയിരുന്നു. എന്റെ ഏകമകള്‍-”
വഴിപോക്കന്‍ തെല്ലുനേരം ചിന്താനിമഗ്നനായിട്ടു പറഞ്ഞു: “ഇത് ഒരു മഹാദുഃഖമാണ്.എന്നാല്‍ ഇപ്പോള്‍ എന്തുചെയ്യാന്‍ കഴിയും?
അവര്‍ നിശ്ചയശബ്ദത്തില്‍ പറഞ്ഞു:
“ഞാന്‍ അയാളെ കൊല്ലും.”
“എങ്ങിനെ കൊല്ലും?”
അവര്‍ തോള്‍സഞ്ചിയില്‍ നിന്നും ഒരു നീണ്ട കത്തി എടുത്തു കാണിച്ചു കൊണ്ടു പറഞ്ഞു.
“ഞാന്‍ അവന്‍ വരുന്നതും പോകുന്നതും നോക്കി നടക്കുകയാണ്. ഇവിടെ കടകളില്‍ വരും.” 
വഴിപോക്കന്‍ ദാര്‍ഢ്യതയോടെ പറഞ്ഞു: “അമ്മയുടെ കയ്യ് ദുര്‍ബലമാണ്. അയാള്‍ക്കു കുത്തേല്‍ക്കാന്‍ വിഷമമാണ്. കുത്തേറ്റാലും മരിയ്ക്കണമെന്നില്ല. മരിച്ചാലും ഇല്ലേലും, അമ്മയെ പോലീസ് അറസ്റ്റ് ചെയ്യും. വളരെ കൊല്ലങ്ങള്‍ ജയിലില്‍ കിടന്ന് നരകിക്കേണ്ടി വരും-”
അവര്‍ ശ്രദ്ധിച്ചു കേട്ടു. അപ്പോള്‍ വഴിപോക്കന്‍ കൂട്ടിച്ചേര്‍ത്തു.
“അയാള്‍ക്കും ഒരമ്മ ഉണ്ടെന്ന് മനസ്സിലാക്കണം-”
അവര്‍ ആലോചിച്ചു നിന്നു. എന്നിട്ടു പറഞ്ഞു. “ഞാന്‍ പോകട്ടെ-” നാലഞ്ചടി നടന്നശേഷം തിരിഞ്ഞു നിന്നു പറഞ്ഞു.
“എന്നെ 'മാച്ചു' എന്നു വിളിച്ചാല്‍ മതി - “നിങ്ങളുടെതോ ?”
“കാത്തപ്പന്‍, ഞാന്‍ ഒരു വഴിപോക്കനാണ് - പേര് സാധാരണ ഉപയോഗിക്കാറില്ല.”
മാച്ചു , ചിന്തിച്ച് ചിന്തിച്ച്, മകളെ കൊന്നവനെ ജയിലില്‍ കയറ്റാന്‍ ഒരുവഴി കണ്ടുപിടിച്ചു. ഒരു ദിവസം ഗുണ്ടപ്പന്റെ കാറിന്റെ മുമ്പിലേയ്ക്കു ചാടി. അവര്‍ മരിച്ചില്ല. കയ്യ് കാലുകള്‍ ഒടിഞ്ഞു. അയാളെ പോലീസ് അറസ്റ്റു ചെയ്തില്ല. ജയിലില്‍ ഇട്ടില്ല, മാച്ചു ആശുപത്രിയിലായി. ദിവസവും വഴിപോക്കന്‍ കാഞ്ഞപ്പന്‍ മാച്ചുവിനെ പോയി കണ്ടു. എപ്പോഴും പഴവര്‍ഗ്ഗങ്ങള്‍ കൊണ്ടുകൊടുത്തു. വഴിപോക്കന്‍ വരുന്നത് മാച്ചുവിനു സാന്ത്വനം നല്‍കി.
വഴിപോക്കന്‍ മാച്ചുവിന്റെ മകളെ കൊന്ന ഗുണ്ടപ്പന്റെ വാസസ്ഥലവും കണ്ടുപിടിച്ചു. അഞ്ചേക്കറോളം വരുന്ന ഒരു വലിയപറമ്പില്‍ വൃക്ഷലതാദികള്‍ കൊണ്ടു മൂടിയ ഒരു കൊട്ടാരം പോലുള്ള മൂടിയ ഒരു കെട്ടിടത്തിലാണയാള്‍ താമസിച്ചത്. ഭാര്യയും മക്കളും പതിനഞ്ചുകൊല്ലം മുന്‍പ് അയാളെ വിട്ടുപോയി. അന്‍പതു കഴിഞ്ഞ അയാള്‍ പതിവായി പെണ്ണും കള്ളും നിറഞ്ഞ പാര്‍ട്ടി കള്‍ നടത്തി സുഖിച്ചു. അനേകം കാമുകിമാര്‍ മാറി മാറി വന്നു. അയാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ നോക്കാന്‍ അടിമയായി വെച്ചിരുന്ന ശാന്തു വെപ്പാട്ടിയായിരുന്നു. അയാള്‍ വെപ്പാട്ടിയെ, പട്ടിയെപോലെ അനുസരിപ്പിച്ചു. ചെറിയ അനുസരണക്കേടിനു പോലും അവരെ ക്രൂരമായി ദേഹോപദ്രവം ചെയ്യും. കുറ്റം ചെയ്തില്ലേലും ഗുണ്ടപ്പന്റെ കടുംകോപം ശന്തുവിന്റെ നെഞ്ചത്ത് ഇടിയാകും. ഈരണ്ടു പല്ലുകള്‍ അയാളുടെ അടിയേറ്റു പോയി. അയാള്‍ തല്ലി വലതു മുട്ട് ഒടിച്ചു. കാലു നേരെയായില്ല. മുടന്തിയാണ് നടക്കുന്നത്. രണ്ടുപ്രാവശ്യം ഒളിച്ചോടി പോയി എങ്കിലും ശന്തുവിനെ അയാളുടെ ഗുണ്ടകള്‍ അന്വേഷിച്ച് പിടിച്ച് ബലാല്‍ക്കാരമായി തിരിച്ചു കൊണ്ടുവന്നു. ഇടയ്ക്കിടെ അയാള്‍ ഓര്‍ക്കാപ്പുറത്ത് ശന്തുവിനെ ബലാല്‍സംഗം ചെയ്തു.
ഒരു ശനിയാഴ്ച അയാള്‍ നടത്തിയ വമ്പിച്ച പാര്‍ട്ടിയ്ക്കുശേഷം, അയാളും മദാലസയായ ഒരു കാമുകിയും മാത്രമായി - ശാലിമ, സൗന്ദര്യത്തിന്റെ ഒരു ഗോപുരമായിരുന്നു. ധനികനും ആര്‍ഭാട ജീവിതക്കാരനുമായ അയാള്‍, തന്നെ  കാണാത്തതില്‍ ഉള്ളില്‍ ശാലിമയ്ക്ക് വൈരം കൂടിക്കൂടി വന്നു. നീണ്ട ഗ്ലാസ്സില്‍ മദ്യം ഒഴിച്ചു കൊടുത്തുകൊണ്ട്, ശാലിമ അയാളോട് പറഞ്ഞു.
“ഇനി നമ്മുടെ രണ്ടുപേരുടെയും മാത്രം സ്വര്‍ഗ്ഗമാണ്.”
അവളുടെ നഗ്നമായ ശരീരത്തില്‍ അയാളുടെ എല്ലാ അവയവങ്ങളും ഉരുമ്മി ചേര്‍ന്നുകൊണ്ട് അവള്‍ അയാള്‍ക്ക് തുടര്‍ച്ചയായി ഒഴുക്കിക്കൊടുത്ത മദ്യം കഴിച്ചു. ഇടയ്ക്കിടെ മയക്കുമരുന്നും. ക്രമേണ അയാള്‍, ശ്വാസംമുട്ടി, വാ പൊളിച്ചു വിളിച്ചുകൊണ്ടു ചത്തുവീണു.
സന്തോഷവതിയായ ശാലിമ, അയാളെ മൂടിയിരുന്ന വസ്ത്രങ്ങളുടെ അംശങ്ങള്‍ എല്ലാം മാറ്റി. സ്വര്‍ണ്ണവാച്ചും രത്‌നമോതിരങ്ങളും, കിടക്കറയിലെ മേശയില്‍ നിന്നു എടുത്ത് സ്വന്തം കൈസഞ്ചിയുടെ ഉള്ളിലാക്കി. വെളിയിലറങ്ങി അപ്രത്യക്ഷമായി.
നേരം വെളുത്തപ്പോള്‍ ശാന്തു കിടക്കമുറിയില്‍ വന്നു. അയാള്‍ ചത്തു എന്നു മനസ്സിലായ. അയാളുടെ മുഖത്തേയ്ക്ക് നോക്കി ഉറക്കെ അട്ടഹസിച്ചു ചിരിച്ചു. അയാളുടെ മുഖമാകെ മലവിസര്‍ജ്ജനം ചെയ്തുകൊണ്ട് വീണ്ടും അട്ടഹസിച്ചു ചിരിച്ചു. പിന്നീട്, അയാള്‍ പണം സൂക്ഷിച്ചുവെയ്ക്കുന്ന എല്ലായിടങ്ങളില്‍ നിന്നും എടുക്കാവുന്നതൊക്കെ-സ്വര്‍ണ്ണവും, രത്‌നവും ഒരു തോള്‍സഞ്ചിയിലാക്കി. അയാളുടെ കമ്പനിയുടെ റിക്കാര്‍ഡുകള്‍, ചെക്കുബുക്കുകള്‍, മറ്റു രേഖകള്‍, ഇവയെല്ലാം കീറി, ചവറിലേയ്‌ക്കെറിഞ്ഞു. അയാളുടെ അമ്മയുടെയും ബന്ധുക്കളുടെയും പേരും നമ്പരും മറ്റു വിവരങ്ങളും ഉള്ള ബുക്ക് നശിപ്പിച്ചു. ഇടയ്ക്കിടെ ഭ്രാന്തിയെപ്പോലെ അവര്‍ അട്ടഹസിച്ചുകൊണ്ടിരുന്നു.
തോള്‍സഞ്ചിയുമായി അവരും ഒരു കാറോടിച്ച് അകലെ എവിടേയ്‌ക്കോ പോയി. ഗേറ്റില്‍ വെച്ചു കാവല്‍ക്കാരനോടു പറഞ്ഞു. 
“ആ ദുഷ്ടന്‍ മദ്യം കഴിച്ച് മരിച്ചു. നിങ്ങള്‍ ഉടനെ വീട്ടില്‍ പോയ്‌കൊള്ളുക, ഇവിടെ നില്‍ക്കുന്നത് അപകടമാണ്.” അയാളും പോയി.
ഒരാഴ്ച കഴിഞ്ഞാണ് അയാള്‍ മരിച്ച വിവരം വെളിയിലായത്. അപ്പോഴേയ്ക്കും അയാളുടെ ശരീരം ജീര്‍ണ്ണിച്ചിരുന്നു. അത് ഏറ്റുവാങ്ങാന്‍ ആരും മുന്നോട്ടു വന്നില്ല. അത് അഗതികളുടെ ശ്മശാനത്തിലെ കുഴിമാടത്തില്‍ അവസാനിച്ചു.
വഴിപോക്കന്‍ അയാള്‍ മരിച്ച വിവരം മാച്ചുവിനെ അറിയിച്ചു. മരണത്തിന്റെ ശോചനീയമായ ചുറ്റുപാടുകള്‍ പത്രങ്ങളില്‍ വന്നിരുന്നു. മാച്ചു, നിര്‍ജ്ജീവമായി, നിശ്ചലമായി, എല്ലാം കേട്ടു.
എന്നിട്ട് ക്ഷീണിതമായ ശബ്ദത്തില്‍ വഴിപോക്കനോടു ചോദിച്ചു.
“അയാളുടെ അമ്മ അറിഞ്ഞോ?”
വഴിപോക്കന്‍ പറഞ്ഞു. 
“അറിഞ്ഞുകൂടാ-”
പതിവുപോലെ മാച്ചു, വഴിപോക്കനെ രണ്ടാഴ്ച കാത്തിട്ടും കണ്ടില്ല. മാച്ചുവിന്റെ ദുഃഖം വഴിപോക്കനെ കാണാത്തതുകൊണ്ടുള്ള ദുഃഖമായി ലയിച്ചു. മകള്‍ക്കു പകരം, വഴിപോക്കന്‍ മനസ്സില്‍ പൊന്തി, പൊന്തി വന്നു. 
ഇരുപതാം ദിവസം വഴിപോക്കന്‍ ആശുപത്രിയില്‍ വന്നു. കൂടെ പതിനേഴ് വയസ്സുള്ള ഒരു യുവതിയും അവളുടെ കയ്യില്‍, നെഞ്ചിനോട് ചേര്‍ന്ന് മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞും ഉണ്ടായിരുന്നു. 
മാച്ചു  ഉറങ്ങുകയായിരുന്നു. ഉണര്‍ത്തി. അവര്‍ കണ്ണു തുറന്ന് എല്ലാവരേയും നോക്കി. യുവതിയേയും കുഞ്ഞിനേയും കണ്ട് മാച്ചു ചാടി എഴുന്നേറ്റിരുന്നു. വഴിപോക്കന്‍, കുഞ്ഞിനെ എടുത്ത് മാച്ചുവിന്റെ കയ്യിലേക്ക് കൊടുത്തു. മാച്ചുവിന്റെ വലത്തെ കൈകൊണ്ട് യുവതിയുടെ വലത്തെകൈ പിടിപ്പിച്ചുകൊണ്ട് വഴിപോക്കന്‍ പറഞ്ഞു. 
ഇവരെ സംരക്ഷിക്കാന്‍ ആരുമില്ല. സ്വീകരിച്ചുകൊള്ളുക, മാച്ചു യുവതിയേയും കുഞ്ഞിനേയും ആലിംഗനം ചെയ്തു.

%%%%%%%%%%%%%
                                 



അമ്മയും മകളും  (ഡോ.ഏ.കെ.ബി.യുടെ പെണ്ണുങ്ങള്‍: കഥകള്‍-2)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക