MediaAppUSA

അല്‌പം ബാങ്കുവിചാരം (ലേഖനം:ഭാഗം 1 - രചന: സുനില്‍ എം എസ്‌)

Published on 11 October, 2015
അല്‌പം ബാങ്കുവിചാരം (ലേഖനം:ഭാഗം 1 - രചന: സുനില്‍ എം എസ്‌)
രണ്ടായിരത്തിനടുത്തു വാക്കുകളുള്ള രചന; സമയമുള്ളപ്പോള്‍ മാത്രം വായിയ്‌ക്കുക.

ഗംഗാനദിയില്‍ പണ്ടു നടന്നിരുന്നതായി കേട്ടിട്ടുള്ള മീന്‍പിടിത്തമാണോര്‍മ്മ വരുന്നത്‌. ചൂണ്ടയിട്ടു മീന്‍ പിടിയ്‌ക്കുന്നതു മിക്ക നദികളിലും പതിവാണ്‌. ഗംഗാനദിയിലും അതു നടന്നിരുന്നു. അതോടൊപ്പം അല്‌പം വ്യത്യാസമുള്ളൊരു `മീന്‍പിടിത്തം' കൂടി നടന്നിരുന്നുവത്രെ. ചൂണ്ടച്ചരടിന്റെയറ്റത്തു കൊളുത്തിനു പകരം കാന്തമായിരിയ്‌ക്കും. അതുപയോഗിച്ചു പിടിച്ചെടുക്കുന്നതാകട്ടെ, നാണയങ്ങളും. ഗംഗാനദിയില്‍ മീനുകളോടൊപ്പം ഭക്തരെറിഞ്ഞ നാണയങ്ങളും സുലഭമായിരുന്നു. പുഴയിലെ മീനുകളെപ്പിടിച്ചു വിറ്റു പണമാക്കുന്നതിലുമെളുപ്പം, പുഴയിലൂടെ ഒഴുകി വരുന്ന പണത്തെത്തന്നെ പിടിച്ചെടുക്കുന്നതാണല്ലോ. അധികൃതര്‍ `ഉണരുന്നതു' വരെ ഈ `മീന്‍പിടിത്തം' തുടര്‍ന്നു എന്നാണു കേട്ടിട്ടുള്ളത്‌.

ഏതാണ്ട്‌ ഇതേ രീതി തന്നെയാണ്‌ ഇന്ത്യയിലെ ബാങ്കിംഗ്‌ മേഖലയിലുമുള്ളതെന്നു പറയാം: സര്‍ക്കാരും റിസര്‍വ്‌ ബാങ്കും ഒത്തുചേര്‍ന്നു `മീന്‍പിടിത്തം' നടത്തുന്നു. ചൂണ്ടച്ചരടിന്റെ അറ്റത്ത്‌ കാന്തത്തിനു പകരം നിക്ഷേപം ആകര്‍ഷിയ്‌ക്കാന്‍ കഴിവുള്ള ബാങ്കുദ്യോഗസ്ഥരാണെന്നു മാത്രം. ഇതിനുള്ള തെളിവു നിങ്ങളുടെ പക്കല്‍ത്തന്നെയുണ്ടാകും: ഏതെങ്കിലുമൊരു ബാങ്കുദ്യോഗസ്ഥന്‍ `ഡെപ്പോസിറ്റ്‌, ഡെപ്പോസിറ്റ്‌' എന്നു കേണുകൊണ്ട്‌ എന്നെങ്കിലുമൊക്കെ നിങ്ങളുടെ വീട്ടില്‍ വന്നിട്ടുണ്ടാകും, തീര്‍ച്ച.

ബാങ്കുകളെ കുറ്റപ്പെടുത്താനാവില്ല. കാരണം, ഡെപ്പോസിറ്റ്‌ അഥവാ നിക്ഷേപം ആണ്‌ ബാങ്കുകളുടെ അതിജീവനത്തിന്‌ അത്യന്താപേക്ഷിതമായ ഓക്‌സിജന്‍. ഓക്‌സിജന്‍ കിട്ടാതെ വരുമ്പോള്‍ മനുഷ്യരുള്‍പ്പെടെയുള്ള ജീവികള്‍ ശ്വാസം മുട്ടുന്നു. നിക്ഷേപം കിട്ടാതാകുമ്പോള്‍ ബാങ്കുകള്‍ക്കും ശ്വാസം മുട്ടും. അതൊഴിവാക്കാന്‍ വേണ്ടി ബാങ്കുദ്യോഗസ്ഥര്‍ നിക്ഷേപം തേടി നാടു മുഴുവന്‍ ഓടിനടക്കുന്നു. പ്രത്യേകിച്ച്‌ സാമ്പത്തികവര്‍ഷാവസാനത്തില്‍.

നിക്ഷേപത്തിനു വേണ്ടി ബാങ്കുമാനേജര്‍മാര്‍ നിങ്ങളെ `ഉപ്പാ', `വല്യപ്പാ' എന്നെല്ലാം വിളിയ്‌ക്കുകയും, ഉറ്റവരെപ്പോലെ ആശ്ലേഷിയ്‌ക്കുകയും ചെയ്‌തെന്നിരിയ്‌ക്കും. ഒരിയ്‌ക്കലൊരു ബാങ്കുമാനേജര്‍ സമ്പന്നനായൊരു കാരണവരെ നിക്ഷേപത്തിനു വേണ്ടി ധൃതരാഷ്ട്രാലിംഗനം തന്നെ ചെയ്‌തെന്ന കഥ കേട്ടിട്ടുണ്ട്‌. നിക്ഷേപം നല്‍കാമെന്നു സമ്മതിയ്‌ക്കാതെ ഗത്യന്തരമില്ലെന്നു വന്നു, കാരണവര്‍ക്ക്‌. ആലിംഗനശക്തിയാല്‍ എല്ലുകള്‍ നുറുങ്ങിയതുകൊണ്ടല്ല, ബാങ്കുമാനേജരെന്ന പാവത്തിന്റെ കഷ്ടപ്പാടില്‍ മനമലിഞ്ഞ്‌!

ബാങ്കുദ്യോഗസ്ഥര്‍ ഓടിനടന്നു തങ്ങളുടെ ബാങ്കുകള്‍ക്കു നേടിക്കൊടുക്കുന്ന നിക്ഷേപങ്ങളുടെ കൃത്യം നാലിലൊന്ന്‌ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ മറ്റു ചിലര്‍ കൊണ്ടുപോകുന്നു. ആരാണിവര്‍? മറ്റാരുമല്ല, സര്‍ക്കാരും റിസര്‍വ്‌ ബാങ്കും തന്നെ. ബാങ്കുദ്യോഗസ്ഥര്‍ പലപ്പോഴും `ഭിക്ഷ യാചിച്ചെ'ന്നോണം കൊണ്ടുവരുന്ന നിക്ഷേപങ്ങളില്‍ നിര്‍ദ്ദയം `കൈയിട്ടു വാരുന്നു', സര്‍ക്കാരും റിസര്‍വ്‌ ബാങ്കും. തിരുത്ത്‌: സര്‍ക്കാരിനും റിസര്‍വ്‌ ബാങ്കിനും അതുപോലും ചെയ്യേണ്ടി വരുന്നില്ല; കാരണം അവര്‍ക്കതു ബാങ്കുകള്‍ തന്നെ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു!

ബാങ്കുകള്‍ക്കു കിട്ടുന്ന ഓരോ നൂറു രൂപ നിക്ഷേപത്തിലേയും നാലിലൊന്ന്‌, കൃത്യമായിപ്പറഞ്ഞാല്‍ ഇരുപത്തഞ്ചര ശതമാനം, സര്‍ക്കാരിനും റിസര്‍വ്‌ ബാങ്കിനും അവകാശപ്പെട്ടതാണ്‌. അതിന്റെ സിംഹഭാഗവും സര്‍ക്കാരിനാണു കിട്ടുന്നത്‌: ഇരുപത്തൊന്നര ശതമാനം. നാലു ശതമാനം റിസര്‍വ്‌ ബാങ്കിനും. അങ്ങനെ, ആകെ ഇരുപത്തഞ്ചര ശതമാനം. കരുതല്‍ ധനങ്ങള്‍ അഥവാ റിസര്‍വുകള്‍ എന്നാണ്‌ ഈ ഇരുപത്തഞ്ചര ശതമാനം അറിയപ്പെടുന്നത്‌. സര്‍ക്കാരിനു കിട്ടുന്ന ഇരുപത്തൊന്നരശതമാനത്തെ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്‌ എല്‍ ആര്‍) എന്നും, റിസര്‍വ്‌ ബാങ്കിനു കിട്ടുന്ന നാലു ശതമാനത്തെ ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ (സി ആര്‍ ആര്‍) എന്നും വിളിയ്‌ക്കുന്നു.

സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയ്‌ക്കു തത്തുല്യമായ മലയാളപദം കണ്ടെത്താനായില്ല. അതുകൊണ്ടു നമുക്കൊരു പദമുണ്ടാക്കിക്കളയാം: `നിയമാനുസൃത പണലഭ്യതാ അനുപാതം' നീണ്ട പേര്‌! നാമകരണം ചെയ്‌ത നമ്മളല്ലാതെ മറ്റാരെങ്കിലും ഈ `നിയമാനുസൃത പണലഭ്യതാ അനുപാതം' എന്തെന്നു മനസ്സിലാക്കുമോയെന്നു സംശയമുണ്ട്‌. ഈ പേരു പൊതുവില്‍ അപരിചിതമായിരിയ്‌ക്കാം. അതു തിരിച്ചറിയാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടായെന്നും വരാം. തിരിച്ചറിയല്‍ അനായാസമാക്കാന്‍ വേണ്ടി, പ്രസിദ്ധമായ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ എന്ന പദവും, അതിനേക്കാള്‍ പ്രസിദ്ധമായ എസ്‌ എല്‍ ആര്‍ എന്ന ചുരുക്കെഴുത്തും തന്നെ ഈ ലേഖനത്തിന്റെ ശേഷിയ്‌ക്കുന്ന ഭാഗത്ത്‌ ഉപയോഗിയ്‌ക്കാനുദ്ദേശിയ്‌ക്കുന്നു.

ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയ്‌ക്ക്‌, അഥവാ സി ആര്‍ ആറിനു തത്തുല്യമായ മലയാളപദം നിലവിലുണ്ട്‌: `കരുതല്‍ ധന അനുപാതം'. `പലിശരഹിത കരുതല്‍ ധന അനുപാതം' എന്നും അതറിയപ്പെടാറുണ്ട്‌. ഈ പദങ്ങള്‍ പൊതുവിലുപയോഗിച്ചു കാണാറുണ്ടെങ്കിലും സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയില്‍ നിന്നു ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയെ വേര്‍തിരിച്ചു കാണിയ്‌ക്കാനും, അവയെപ്പറ്റി `അതു താനല്ലയോ ഇത്‌' അല്ലെങ്കില്‍ `ഇതു താനല്ലയോ അത്‌' എന്നിങ്ങനെയുള്ള ആശയക്കുഴപ്പങ്ങള്‍ പൂര്‍ണമായൊഴിവാക്കാനും വേണ്ടി ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ എന്നും സി ആര്‍ ആര്‍ എന്നും തന്നെ ഈ ലേഖനത്തിന്റെ ശേഷിയ്‌ക്കുന്ന ഭാഗത്ത്‌ ഉപയോഗിയ്‌ക്കാനുദ്ദേശിയ്‌ക്കുന്നു. മലയാളപദങ്ങള്‍ക്കു പകരം ഇംഗ്ലീഷു പദങ്ങളുപയോഗിയ്‌ക്കുന്നതിനു മാപ്പ്‌!

ആദ്യം ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയെപ്പറ്റിപ്പറയാം.

ബാങ്കുകള്‍ക്കു കിട്ടുന്ന ഓരോ നൂറു രൂപ നിക്ഷേപത്തില്‍ നിന്നും നാലു രൂപ റൊക്കം പണമായിത്തന്നെ നേരേ റിസര്‍വ്‌ ബാങ്കിനെ ഏല്‌പിയ്‌ക്കേണ്ടതുണ്ടെന്നു സൂചിപ്പിച്ചുവല്ലോ. ബാങ്കുദ്യോഗസ്ഥരുടെ സ്‌നേഹപ്രകടനങ്ങള്‍ കൊണ്ടുമാത്രം നിക്ഷേപകര്‍ `വലയില്‍' വീഴുകയില്ല; ബാങ്കു നല്‍കാന്‍ പോകുന്ന പലിശനിരക്ക്‌ ഉയര്‍ന്നതു കൂടിയാണെങ്കില്‍ മാത്രമേ, ഭൂരിപക്ഷം നിക്ഷേപകരും അനുകൂലനിലപാടെടുക്കുകയുള്ളൂ. നിക്ഷേപകര്‍ക്കു ബാങ്കുകള്‍ പലിശ കൊടുത്തേ തീരൂ എന്നര്‍ത്ഥം. കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കിനായിരിയ്‌ക്കും കൂടുതല്‍ നിക്ഷേപം കിട്ടാനുള്ള സാദ്ധ്യത. ഇങ്ങനെ, പലിശവാഗ്‌ദാനത്തിന്മേല്‍ നിക്ഷേപകരില്‍ നിന്നു ബാങ്കുകള്‍ക്കു കിട്ടുന്ന നിക്ഷേപങ്ങളുടെ ഒരു വിഹിതം റിസര്‍വ്‌ ബാങ്കിനു കൈമാറുമ്പോള്‍ ആ വിഹിതത്തിന്മേല്‍ റിസര്‍വ്‌ ബാങ്ക്‌ ബാങ്കുകള്‍ക്കു നല്‍കുന്ന പലിശയെത്രയെന്നറിയണ്ടേ?

പൂജ്യം. സീറോ!

സംഗതി വാസ്‌തവമാണ്‌: നിക്ഷേപങ്ങളുടെ വിഹിതം ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കിനു കൈമാറുമ്പോള്‍, റിസര്‍വ്‌ ബാങ്ക്‌ അതിനു പലിശയൊന്നും നല്‍കുന്നില്ല. ബാങ്കുകളാകട്ടെ, നിക്ഷേപകരില്‍ നിന്ന്‌ എട്ടോ ഒമ്പതോ ശതമാനം നിരക്കിലായിരിയ്‌ക്കാം വാങ്ങിയിരിയ്‌ക്കുന്നത്‌. ഇവ ഇപ്പോഴത്തെ നിരക്കുകളാണ്‌. നിക്ഷേപങ്ങള്‍ക്കു പത്തും പന്ത്രണ്ടും ശതമാനം പലിശ നല്‍കിയിരുന്ന കാലവും ഇവിടെത്തന്നെയുണ്ടായിരുന്നു. ബാങ്കുകള്‍ നിക്ഷേപകര്‍ക്ക്‌ എത്ര ഉയര്‍ന്ന നിരക്കിലുള്ള പലിശ നല്‍കിയാലും അതൊന്നും റിസര്‍വ്‌ ബാങ്കിനു പ്രശ്‌നമല്ല. ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയിന്മേല്‍ റിസര്‍വ്‌ ബാങ്ക്‌ ബാങ്കുകള്‍ക്കു പലിശ നല്‍കുകയില്ല. പലിശ നല്‍കാനുള്ള വ്യവസ്ഥ മുമ്പുണ്ടായിരുന്നു. കുറേ നാള്‍ മുമ്പു നിയമത്തില്‍ നിന്ന്‌ ആ വ്യവസ്ഥ നീക്കം ചെയ്യപ്പെട്ടു.

ബാങ്കുകളുടെ പക്ഷത്തു നിന്നു നോക്കിയാല്‍, അനീതിയാണു റിസര്‍വ്‌ ബാങ്കും, പലിശ നല്‍കണമെന്ന വ്യവസ്ഥ നിയമത്തില്‍ നിന്നു നീക്കം ചെയ്‌ത സര്‍ക്കാരും ചെയ്യുന്നതെന്നു തോന്നാം. കുറച്ചുനാള്‍ മുമ്പ്‌, ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയ്‌ക്കു പലിശ കിട്ടണമെന്ന ആവശ്യം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഉന്നയിച്ചിരുന്നു. `ഒന്നുകില്‍ റേഷ്യോ താഴ്‌ത്തണം. അല്ലെങ്കില്‍ പലിശ തരണം', അവര്‍ പറഞ്ഞു. റിസര്‍വ്‌ ബാങ്ക്‌ അതു കേട്ട ഭാവം പോലും നടിച്ചില്ല! ബാങ്കുകളുടെ അദ്ധ്വാനത്തിന്റെ മുഖ്യ ഗുണഭോക്താവു സര്‍ക്കാരാണ്‌; കഴിഞ്ഞ ആഗസ്റ്റില്‍ റിസര്‍വ്‌ ബാങ്ക്‌ കേന്ദ്രസര്‍ക്കാരിനു നല്‍കിയ ലാഭവിഹിതം തന്നെ തെളിവ്‌: 65896 കോടി രൂപ. റിസര്‍വ്‌ ബാങ്കിന്റെ എണ്‍പതു വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ്‌ ഇത്ര വലിയ തുക സര്‍ക്കാരിനു ലാഭവിഹിതമായി നല്‍കുന്നത്‌.

റിസര്‍വ്‌ ബാങ്കിന്റെ പ്രവൃത്തികള്‍ക്കു നിലവിലിരിയ്‌ക്കുന്ന നിയമങ്ങളുടെ പിന്‍ബലമുണ്ട്‌. ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയുടെ കാര്യം തന്നെയെടുക്കാം. `റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യാ ആക്‌റ്റ്‌, 1934' എന്ന നിയമത്തില്‍ വ്യക്തമായി വ്യവസ്ഥ ചെയ്‌തിട്ടുള്ളതാണു ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ. അതിന്റെ നിരക്കെത്രയെന്നു തീരുമാനിയ്‌ക്കാനുള്ള പൂര്‍ണാധികാരം റിസര്‍വ്‌ ബാങ്കിനുണ്ട്‌. സ്വാതന്ത്ര്യലബ്ധിയ്‌ക്കു മുമ്പ്‌, ബ്രിട്ടീഷ്‌ ഭരണകാലത്തു സൃഷ്ടിയ്‌ക്കപ്പെട്ട നിയമം എന്തുകൊണ്ട്‌ ഇപ്പോഴും പ്രാബല്യത്തിലിരിയ്‌ക്കുന്നു എന്ന ചോദ്യം ഇവിടെ ഉയര്‍ന്നേയ്‌ക്കാം. ഭരണഘടനയുടെ മുന്നൂറ്റെഴുപത്തിരണ്ടാം വകുപ്പ്‌ സ്വാതന്ത്ര്യപൂര്‍വ്വനിയമങ്ങളുടെ തുടര്‍ച്ച അധികാരപ്പെടുത്തുന്നുണ്ട്‌.

ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ നിരക്ക്‌ നിലവില്‍ നാലു ശതമാനം മാത്രമാണെങ്കിലും, ആ നിരക്കുയര്‍ത്താനും താഴ്‌ത്താനും റിസര്‍വ്‌ ബാങ്കിനാകും. ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ പരമാവധി എത്രവരെ ഉയര്‍ത്താനാകും? അതിനു പരിധിയില്ല. റിസര്‍വ്‌ ബാങ്കിനത്‌ എത്ര വേണമെങ്കിലും ഉയര്‍ത്താം. ഇരുപതു ശതമാനമെന്ന പരിധി പണ്ടുണ്ടായിരുന്നു; പിന്നീടതു നീക്കം ചെയ്‌തു. 1934ലാണു റിസര്‍വ്‌ ബാങ്കുനിയമം നിലവില്‍ വന്നത്‌. റിസര്‍വ്‌ ബാങ്കു ജന്മമെടുത്തതും ആ നിയമം വഴിയായിരുന്നു. അന്നു മുതലിന്നുവരെയുള്ള ചരിത്രത്തില്‍ ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ പതിനഞ്ചു ശതമാനത്തിനു മുകളിലേയ്‌ക്കുയര്‍ന്നിട്ടില്ല. 198894 കാലഘട്ടത്തിലായിരുന്നു, പതിനഞ്ചു ശതമാനമെന്ന നിരക്ക്‌, ഇടയ്‌ക്കിടെ, നിലവിലുണ്ടായിരുന്നത്‌.

ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ മൂന്നു ശതമാനമെങ്കിലും വേണമെന്ന നിബന്ധനയും നിയമത്തിലുണ്ടായിരുന്നെങ്കിലും, പിന്നീടതും നീക്കം ചെയ്യപ്പെട്ടു. ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ പൂജ്യമായി താഴ്‌ത്താനും റിസര്‍വ്‌ ബാങ്കിനാകും. 196273 കാലത്തു മൂന്നു ശതമാനം മാത്രമായിരുന്നു അത്‌. അതിനു ശേഷമുള്ള നാല്‌പത്തിരണ്ടു വര്‍ഷക്കാലത്തെ ഏറ്റവും താഴ്‌ന്ന നിരക്കാണിപ്പോള്‍ നിലവിലുള്ള നാലു ശതമാനം. 2010 ഏപ്രില്‍ 24ന്‌ അഞ്ചേമുക്കാല്‍ ശതമാനത്തില്‍ നിന്ന്‌ ആറു ശതമാനത്തിലേയ്‌ക്കുയര്‍ന്ന ശേഷം, ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ അഞ്ചു ഘട്ടങ്ങളായി, തുടര്‍ച്ചയായി ഇറങ്ങുക തന്നെയായിരുന്നു. 2013 ഫെബ്രുവരി ഒമ്പതാം തീയതിയാണ്‌ സമീപകാലത്തെ ഏറ്റവും താഴ്‌ന്ന നിരക്കായ നാലു ശതമാനത്തിലെത്തിയത്‌. ആ നില ഇപ്പോഴും തുടരുന്നു.

ബാങ്കുകള്‍ക്കു കിട്ടുന്ന ഓരോ നൂറു രൂപാ നിക്ഷേപത്തിന്റേയും നാലു ശതമാനമാണു ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ ആയി റിസര്‍വ്‌ ബാങ്കിലേയ്‌ക്കു കൊടുക്കാനുള്ളതെന്നു പറഞ്ഞുവല്ലോ. `നിക്ഷേപത്തിന്റെ' എന്ന്‌ എളുപ്പത്തിനു വേണ്ടി പറഞ്ഞുപോയെന്നേയുള്ളു. `ബാദ്ധ്യതകളുടെ' എന്നാണു യഥാര്‍ത്ഥത്തില്‍ പറയേണ്ടിയിരുന്നത്‌. ബാങ്കുകളുടെ `ഡിമാന്റ്‌ ആന്റ്‌ ടൈം ലയബിലിറ്റി'കളുടെ നാലു ശതമാനം എന്നാണു നിയമം നിഷ്‌കര്‍ഷിയ്‌ക്കുന്നത്‌. ഉടന്‍ കൊടുക്കേണ്ട ബാദ്ധ്യതകളെയാണു `ഡിമാന്റ്‌ ലയബിലിറ്റി'കളെന്ന കൂട്ടത്തില്‍ പെടുത്തിയിരിയ്‌ക്കുന്നത്‌. കറന്റ്‌ അക്കൌണ്ട്‌, സേവിംഗ്‌സ്‌ അക്കൌണ്ട്‌ മുതലായ നിക്ഷേപങ്ങള്‍ ചോദിച്ചാലുടന്‍ കൊടുക്കേണ്ടവയാണ്‌. വേറേയും ചിലതുണ്ട്‌ `ഡിമാന്റ്‌ ലയബിലിറ്റി'കളില്‍.

?ടൈം ലയബിലിറ്റി?കളിലുള്ളതു ഫിക്‌സഡ്‌ ഡെപ്പൊസിറ്റ്‌, റെക്കറിംഗ്‌ ഡെപ്പൊസിറ്റ്‌, എന്നിവയെല്ലാമാണ്‌. ഇവയൊക്കെ ഉടന്‍ കൊടുക്കേണ്ടവയല്ല; അവയുടെ കാലാവധി തികയുമ്പോള്‍ മാത്രം കൊടുത്താല്‍ മതി. ഇങ്ങനെ, ഒരു നിശ്ചിത കാലാവധിയ്‌ക്കു ശേഷം കൊടുത്തു തീര്‍ത്താല്‍ മതിയാവുന്ന ബാദ്ധ്യതകളാണ്‌ ?ടൈം ലയബിലിറ്റി?കളിലുള്ളത്‌. വിദേശങ്ങളില്‍ നിന്നും മറ്റും ലോണുകളെടുത്തിട്ടുണ്ടെങ്കില്‍ അവയും ഇക്കൂട്ടത്തില്‍പ്പെടും. നിക്ഷേപങ്ങളിന്മേല്‍ കൊടുക്കാനുള്ള പലിശ, കൊടുത്തുതീര്‍ക്കാനുള്ള ഡിവിഡന്റ്‌, ഇങ്ങനെ പലതു കൂടിയും ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയില്‍പ്പെടുന്ന ബാദ്ധ്യതകള്‍ തന്നെ.

ചുരുക്കത്തില്‍ ബാങ്കുകളുടെ മിക്ക ബാദ്ധ്യതകളും ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയുടെ നിര്‍ണ്ണയത്തിനായി കണക്കിലെടുക്കേണ്ടതുണ്ട്‌. റിസര്‍വ്‌ ബാങ്കില്‍ നിന്നു തന്നെ എടുത്തിരിയ്‌ക്കുന്ന ലോണുകള്‍, നാഷണല്‍ ഹൌസിംഗ്‌ ബാങ്ക്‌, നബാര്‍ഡ്‌, എക്‌സിം ബാങ്ക്‌, എന്നിങ്ങനെ ചില ധനകാര്യസ്ഥാപനങ്ങളില്‍ നിന്നെടുത്തിരിയ്‌ക്കുന്ന ലോണുകള്‍, ഇവയ്‌ക്കു ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ ബാധകമല്ല. മുകളില്‍ പരാമര്‍ശിച്ചിരിയ്‌ക്കുന്ന ലിസ്റ്റുകളൊന്നും പൂര്‍ണമല്ലെന്നു കൂടി പറഞ്ഞോട്ടെ. ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയെപ്പറ്റി പൊതുതാത്‌പര്യമുള്ള, വളരെ പ്രസക്തമെന്നു തോന്നിയ കാര്യങ്ങള്‍ മാത്രമേ ഇവിടെ വിവരിച്ചിട്ടുള്ളു. വിസ്‌താരഭയം കൊണ്ടു കുറേയേറെക്കാര്യങ്ങള്‍ ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയുടെ രൂപത്തില്‍ റിസര്‍വ്‌ ബാങ്കിന്റെ പക്കല്‍ എത്ര പണം നീക്കിയിരിപ്പുണ്ടെന്നു നോക്കാം. 2014 മാര്‍ച്ചില്‍ ഇന്ത്യയിലെ ഷെഡ്യൂള്‍ഡ്‌ കമ്മേര്‍ഷ്യല്‍ ബാങ്കുകളുടെ പക്കലുണ്ടായിരുന്ന ആകെ നിക്ഷേപം 79134.43 ബില്യന്‍ രൂപയായിരുന്നു. 2015ലെ നില അറിയാനാകാഞ്ഞതിനാല്‍, 2014 മാര്‍ച്ചിലെ നില തന്നെ ഇപ്പോഴും തുടരുന്നു എന്നു നമുക്കു തത്‌കാലം കരുതുക. ഒരു ബില്യനെന്നാല്‍ നൂറു കോടി. 79134.43 ബില്യന്‍ രൂപയെന്നാല്‍ 79,13,443 കോടി രൂപ. 79 ലക്ഷം കോടി രൂപ എന്നു പറയുന്നതാകും എളുപ്പം. ഈ തുകയുടെ നാലു ശതമാനം റിസര്‍വ്‌ ബാങ്കിന്റെ പക്കല്‍ ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ ആയി നീക്കിയിരിപ്പുണ്ടാകണം. 79,13,443 കോടി രൂപയുടെ നാലു ശതമാനമെന്നാല്‍ 3,16,537 കോടി രൂപ. ബാങ്കുകള്‍ക്കു കിട്ടിയ നിക്ഷേപത്തിന്റെ വിഹിതമായി 3,16,537 കോടി രൂപ റിസര്‍വ്‌ ബാങ്കിന്റെ പക്കല്‍ ഇപ്പോഴുണ്ടാകണം.

ഈ മൂന്നു ലക്ഷം കോടി രൂപ റിസര്‍വ്‌ ബാങ്ക്‌ എവിടെയാണു സൂക്ഷിച്ചിരിയ്‌ക്കുന്നത്‌? ഇല്ല, അതു കൊള്ളയടിയ്‌ക്കാനുള്ള ഉദ്ദേശമൊന്നും നമുക്കില്ല. വെറും കൌതുകം കൊണ്ടു ചോദിച്ചുപോയെന്നേയുള്ളു. റിസര്‍വ്‌ ബാങ്കാകട്ടെ, അതൊന്നും രഹസ്യമാക്കി വച്ചിട്ടുമില്ല; തുറന്ന പുസ്‌തകം പോലെ മലര്‍ത്തി വയ്‌ക്കുകയാണു ചെയ്‌തിരിയ്‌ക്കുന്നത്‌.

റിസര്‍വ്‌ ബാങ്കിനു രാജ്യത്ത്‌ പത്തൊമ്പതു സ്ഥലങ്ങളില്‍ പണം സൂക്ഷിയ്‌ക്കുന്ന ഓഫീസുകളുണ്ട്‌. ഇന്ത്യയെപ്പോലെ വിശാലമായൊരു രാജ്യത്ത്‌ (ആകെ 33 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണം!) വിദൂരസ്ഥലങ്ങളില്‍പ്പോലും പണത്തിന്‌ ആവശ്യമുണ്ടാകും. വെറും പത്തൊമ്പതു കേന്ദ്രങ്ങള്‍ തികച്ചും അപര്യാപ്‌തം. റിസര്‍വ്‌ ബാങ്കിനും ഇക്കാര്യം നന്നായറിയാം. കൂടുതലിടങ്ങളില്‍ പണം സൂക്ഷിയ്‌ക്കാനുള്ള കേന്ദ്രങ്ങള്‍ തുടങ്ങുന്നതു റിസര്‍വ്‌ ബാങ്കിനു ദുഷ്‌കരമാണു താനും. അതുകൊണ്ടവര്‍ വാണിജ്യബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കി. ആ നിര്‍ദ്ദേശമനുസരിച്ച്‌ വാണിജ്യബാങ്കുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണം സൂക്ഷിച്ചു വയ്‌ക്കാനുള്ള സംവിധാനങ്ങളൊരുക്കി. ഈ സംവിധാനങ്ങള്‍ കറന്‍സി ചെസ്റ്റുകള്‍ എന്നറിയപ്പെടുന്നു.

4211 കറന്‍സി ചെസ്റ്റുകള്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു. ഈ സംഖ്യയിലിപ്പോള്‍ വ്യത്യാസം വന്നിട്ടുണ്ടാകാം. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ക്കെല്ലാം കറന്‍സി ചെസ്റ്റുകളുണ്ട്‌. പണം ഭദ്രമായി സൂക്ഷിച്ചു വയ്‌ക്കാനുള്ള അറകളും കര്‍ക്കശമാ!യ ബന്തവസ്സുമെല്ലാം കറന്‍സി ചെസ്റ്റുകളിലുണ്ടാകും. കറന്‍സി ചെസ്റ്റ്‌ ഏതു ബാങ്കിന്റേതായാലും അതില്‍ പണം സൂക്ഷിച്ചു വയ്‌ക്കുന്നതു റിസര്‍വ്‌ ബാങ്കിനു വേണ്ടിയാണെന്ന പ്രത്യേകതയുമുണ്ട്‌. കറന്‍സി ചെസ്റ്റുകളിലെത്തിച്ചു കൊടുക്കുന്ന പണം, റിസര്‍വ്‌ ബാങ്കിനു നേരിട്ടു കൈമാറുന്നതിനു തുല്യമാണെന്നും, കറന്‍സി ചെസ്റ്റുകളിലുള്ള പണം റിസര്‍വ്‌ ബാങ്കിന്റേതാണെന്നും ചുരുക്കം.

ഓരോ ദിവസവും ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയെന്ന നിബന്ധന ബാങ്കുകള്‍ പാലിച്ചിരിയ്‌ക്കണം. ഈരണ്ടാഴ്‌ച കൂടുമ്പോള്‍ ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കിന്‌ ഇതു സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിയ്‌ക്കണം. ഏഴു ദിവസത്തിനകം പ്രാഥമികക്കണക്കുകളും ഇരുപതു ദിവസത്തിനകം അന്തിമക്കണക്കുകളും സമര്‍പ്പിച്ചിരിയ്‌ക്കണം.

നിര്‍ദ്ദിഷ്ട ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ നിരക്കു പാലിയ്‌ക്കുന്നതില്‍ ഒരു ബാങ്കു പരാജയപ്പെടുന്നെന്നു കരുതുക: ശിക്ഷണനടപടികള്‍ ഉടന്‍ തുടങ്ങുകയില്ല. അഞ്ചു ശതമാനം ഇളവ്‌ അനുവദനീയമാണ്‌. അനുവദനീയമായ ഇളവിന്റെ സീമയും ലംഘിച്ചാല്‍, പിഴയൊടുക്കേണ്ടി വന്നതു തന്നെ. നിലവിലുള്ള `ബാങ്ക്‌ റേറ്റി' നേക്കാള്‍ മൂന്നു ശതമാനം ഉയര്‍ന്ന നിരക്കില്‍ പിഴയൊടുക്കണം. ഇപ്പോഴത്തെ ബാങ്ക്‌ റേറ്റ്‌ എട്ടേകാല്‍ ശതമാനമാണ്‌. ക്യാഷ്‌ റിസര്‍വ്‌ നിബന്ധന പാലിയ്‌ക്കുന്നതില്‍ പരാജയപ്പെടുന്നൊരു ബാങ്കു പതിനൊന്നേകാല്‍ (8.25% + 3% = 11.25%) ശതമാനം പിഴയൊടുക്കേണ്ടി വരും. മാത്രമോ, ഈ സ്ഥിതി തുടര്‍ന്നാല്‍, ബാങ്കു റേറ്റിനേക്കാള്‍ അഞ്ചു ശതമാനം കൂടുതലെന്ന, ഉയര്‍ന്ന നിരക്കിലായിരിയ്‌ക്കും തുടര്‍ന്നുള്ള ദിനങ്ങളില്‍ പിഴയൊടുക്കേണ്ടി വരിക. സ്ഥിതി വീണ്ടും തുടര്‍ന്നാല്‍ ബാങ്കിന്റെ ലൈസന്‍സു പോലും നഷ്ടമായെന്നു വരാം. ഇതൊന്നും സ്വതന്ത്രഭാരതത്തില്‍ സംഭവിച്ചിട്ടില്ല. നമ്മുടെ ബാങ്കിംഗ്‌ മേഖലയുടെ കരുത്തിന്റെ തെളിവാണിത്‌.

ബാങ്കുകളില്‍ നിന്നു ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ വഴി കിട്ടിയിരിയ്‌ക്കുന്ന പണം മുഴുവനും റിസര്‍വ്‌ ബാങ്ക്‌ പണമായിത്തന്നെ വച്ചിരിയ്‌ക്കുകയാണോ? അല്ലെന്നാണു റിസര്‍വ്‌ ബാങ്കിന്റെ 2014 ജൂണ്‍ മുപ്പതിലേയും 2015 ജൂണ്‍ മുപ്പതിലേയും ബാലന്‍സ്‌ ഷീറ്റുകള്‍ കാണിയ്‌ക്കുന്നത്‌. റിസര്‍വ്‌ ബാങ്ക്‌ ദേശീയവും അന്തര്‍ദ്ദേശീയവുമായ നിക്ഷേപങ്ങള്‍ നടത്തിയിരിയ്‌ക്കുന്നു; ലോണുകള്‍ കൊടുത്തിരിയ്‌ക്കുന്നു. റൊക്കം പണമായി ചെറിയ തുക മാത്രമേ റിസര്‍വ്‌ ബാങ്കിന്റെ പക്കലുള്ളൂ. റിസര്‍വ്‌ ബാങ്കിന്റെ പക്കല്‍ റൊക്കം പണം കുറവാണെന്ന വേവലാതിയ്‌ക്കവകാശമില്ല; കാരണം, പതിനാലേമുക്കാല്‍ ലക്ഷം കോടി രൂപയോളം വില വരുന്ന കറന്‍സി നോട്ടുകളാണു റിസര്‍വ്‌ ബാങ്ക്‌ പുറപ്പെടുവിച്ചിരിയ്‌ക്കുന്നതായി ബാലന്‍സ്‌ ഷീറ്റില്‍ കാണുന്നത്‌!

ഇന്ത്യയില്‍ നാലു ശതമാനം ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ നിലവിലിരിയ്‌ക്കുന്ന ഈ സമയത്ത്‌, ചൈനയിലേത്‌ പതിനെട്ടര ശതമാനമാണ്‌. അതിന്റെ മറുധ്രുവത്തിലാണു ബ്രിട്ടന്‍: നിരക്കു പൂജ്യം. ക്യാനഡയിലേതും അതു തന്നെ. അമേരിക്കയില്‍ ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയുണ്ട്‌. വ്യത്യസ്‌തമാണ്‌ അവരുടെ സംവിധാനം. ചില തരം നിക്ഷേപങ്ങള്‍ക്കു മാത്രമേ അതുള്ളൂ. അവയാകട്ടെ, സ്ലാബ്‌ അടിസ്ഥാനത്തിലുള്ളവയാണു താനും.

റിസര്‍വ്‌ ബാങ്ക്‌ എന്തിനു വേണ്ടി ബാങ്കുകളുടെ പക്കല്‍ നിന്നു പണം വാങ്ങി കൈയില്‍ വയ്‌ക്കുന്നു? ബാങ്കുകളുടെ പക്കലുള്ള പണത്തിന്റെ അളവു കുറയ്‌ക്കുകയാണു മുഖ്യലക്ഷ്യം. ബാങ്കുകളുടെ പക്കല്‍ പണം കൂടുമ്പോള്‍ അതു കമ്പോളത്തിലേയ്‌ക്കൊഴുകുന്നു, കമ്പോളത്തിലുള്ള പണത്തിന്റെ അളവു കൂടുന്നു. കമ്പോളത്തിലെ പണമെന്നാല്‍ ജനതയുടെ കൈവശമുള്ള പണം. ജനതയുടെ കൈവശം കൂടുതല്‍ പണമുണ്ടെങ്കില്‍ എന്തു ദോഷമാണുണ്ടാകുക? നമ്മുടെ പോക്കറ്റില്‍ ആവശ്യത്തിലേറെ പണമുണ്ടെന്നു കരുതുക. നാമെന്താണു ചെയ്യുക? കടകളിലും മാളുകളിലും മറ്റും ചെന്ന്‌, ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ നാം വാങ്ങലുകള്‍ നടത്തും. പണാധിക്യം കൊണ്ടു ജനത അനാവശ്യമായ വാങ്ങലുകള്‍ നടത്താന്‍ തുടങ്ങുമ്പോള്‍ (?ടൂ മച്ച്‌ മണി ചേയ്‌സിങ്ങ്‌ ടൂ ഫ്യൂ ഗൂഡ്‌സ്‌?) വിലകളുയരും, നാണയപ്പെരുപ്പം തലയുയര്‍ത്തും. വിലകള്‍ ക്രമാതീതമായി ഉയരുമ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ കഷ്ടപ്പെടും. ഉടന്‍ റിസര്‍വ്‌ ബാങ്ക്‌ കടിഞ്ഞാണ്‍ മുറുക്കും: ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ ഉയര്‍ത്തും. ബാങ്കിംഗ്‌ മേഖലയില്‍ നിന്നു പണം റിസര്‍വ്‌ ബാങ്കിലേയ്‌ക്കു പോകും. കമ്പോളത്തിലെ പണപ്പെരുപ്പം കുറയുമ്പോള്‍ വിലകള്‍ താഴും. സാധാരണജനത്തിന്‌ ആശ്വാസമാകും.

ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ ഇപ്പോള്‍ കാല്‍ ശതമാനം (0.25%) ഉയര്‍ത്തിയാല്‍ ബാങ്കിംഗ്‌ മേഖലയില്‍ നിന്ന്‌ എത്ര കോടി രൂപയാണു പിന്‍വലിയ്‌ക്കപ്പെടുകയെന്നു നമുക്കൊന്നു കണക്കാക്കാം: ബാങ്കുകളിലെ ആകെ നിക്ഷേപം 2014 മാര്‍ച്ചില്‍ 79,13,443 കോടി രൂപയായിരുന്നു. ഇപ്പോഴും അത്ര തന്നെയേ ഉള്ളൂ എന്നു കരുതുക. ഇതിന്റെ കാല്‍ ശതമാനമെന്നാല്‍ 19783 കോടി രൂപ. കണക്കുകൂട്ടലിന്റെ സൌകര്യത്തിനു വേണ്ടി ഇത്‌ ഇരുപതിനായിരം കോടി രൂപയെന്നു കരുതാം. ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയില്‍ കാല്‍ ശതമാനത്തിന്റെ വര്‍ദ്ധനവു വരുത്തിയാല്‍ ഇരുപതിനായിരം കോടി രൂപ ബാങ്കിംഗ്‌ മേഖലയില്‍ നിന്നു പിന്‍വലിയ്‌ക്കപ്പെടും എന്ന്‌ ഈ കണക്കുകള്‍ കാണിയ്‌ക്കുന്നു.

റിസര്‍വ്‌ ബാങ്കു നാണയപ്പെരുപ്പത്തെ നിയന്ത്രിയ്‌ക്കാനുപയോഗിയ്‌ക്കുന്ന പല വഴികളിലൊന്ന്‌ ഇതു തന്നെ. നാണയപ്പെരുപ്പത്തിനു പകരം പണക്കമ്മിയാണു കമ്പോളത്തെ ബാധിയ്‌ക്കുന്നതെങ്കില്‍ വില്‌പന കുറയും, ഉല്‌പാദനം കുറയും, വ്യവസായം തളരും, സാമ്പത്തികവളര്‍ച്ച മന്ദീഭവിയ്‌ക്കും, തൊഴിലില്ലായ്‌മയും ദാരിദ്ര്യവും വര്‍ദ്ധിയ്‌ക്കും. ഇത്തരമൊരു സന്ദര്‍ഭത്തില്‍ റിസര്‍വ്‌ ബാങ്ക്‌ ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയില്‍ കുറവു വരുത്തുന്നു; പണം റിസര്‍വ്‌ ബാങ്കില്‍ നിന്നു ബാങ്കിംഗ്‌ മേഖലയിലേയ്‌ക്കൊഴുകുന്നു, അവിടന്നു കമ്പോളത്തിലേയ്‌ക്കും. ഉടന്‍ വ്യവസായങ്ങളുണരുന്നു. നാണയപ്പെരുപ്പത്തെ തടയുന്നതോടൊപ്പം വ്യാവസായികവളര്‍ച്ച കൈവരിയ്‌ക്കുകയും ചെയ്യുകയെന്നത്‌ ഒരു ഞാണിന്മേല്‍ക്കളിയോളം തന്നെ ദുഷ്‌കരമാണ്‌.

നാണയപ്പെരുപ്പം, രൂപയുടെ മൂല്യശോഷണം, ഉല്‌പാദനത്തളര്‍ച്ച, സാമ്പത്തികമാന്ദ്യം എന്നിവ സങ്കീര്‍ണപ്രശ്‌നങ്ങളാകയാല്‍ അവ പരിഹരിയ്‌ക്കാന്‍ ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയിലൂടെ മാത്രം സാധിയ്‌ക്കുകയില്ല. മറ്റു പല നടപടികളും റിസര്‍വ്‌ ബാങ്കിനു സ്വീകരിയ്‌ക്കേണ്ടി വരും. റിസര്‍വ്‌ ബാങ്കിനു മാത്രമല്ല, സര്‍ക്കാരിനും. പ്രശ്‌നങ്ങളെപ്പോലെ തന്നെ സങ്കീര്‍ണമാകാം അവയ്‌ക്കുള്ള പരിഹാരങ്ങളും. തത്‌കാലം അവയിലേയ്‌ക്കു കടക്കുന്നില്ല. കരുതല്‍ധനങ്ങളെപ്പറ്റിയുള്ള ഈ ലേഖനത്തില്‍ അവയ്‌ക്കു വലുതായ പ്രസക്തിയുമില്ല.

ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ വേണ്ടെന്നു വയ്‌ക്കാനാകുമോ? ഈയൊരു ചോദ്യം അധികമാരും ചോദിച്ചുകാണാനിടയില്ല. നമുക്കതൊന്നു സ്വയം ചോദിച്ചു നോക്കുകയും, അതിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിയ്‌ക്കുകയും ചെയ്യാം.

വാസ്‌തവത്തില്‍ എന്തിനാണിവിടെ റൊക്കം പണം, അഥവാ ക്യാഷ്‌? ഇവിടത്തെ കച്ചവടങ്ങളില്‍ നല്ലൊരു ശതമാനം ഇന്നും റൊക്കം പണം കൊണ്ടാണു നടക്കുന്നത്‌. ഓണ്‍ലൈന്‍ പേയ്‌മെന്റ്‌ പ്രചാരത്തിലായി വരുന്നുണ്ടെങ്കിലും, കറന്‍സി നോട്ടുകളില്ലാതെ നടക്കാനിടയില്ലാത്ത ഇടപാടുകള്‍ ഇപ്പോഴും ധാരാളമുണ്ട്‌. ഇന്റര്‍നെറ്റിന്റെ വരവോടെ കടലാസിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിലും, കടലാസില്ലാത്തൊരു ലോക `പേപ്പര്‍ലെസ്‌ വേള്‍ഡ്‌' ഇന്നും ബഹുകാതമകലെയാണ്‌. അതുപോലെ തന്നെ ഓണ്‍ലൈന്‍ പേയ്‌മെന്റും. ഇന്ത്യയിലുള്ള ആറു ലക്ഷം ഗ്രാമങ്ങളില്‍ എഴുപത്തിനാലായിരത്തില്‍ മാത്രമേ ബാങ്കുകളുള്ളെന്നു രണ്ടു വര്‍ഷം മുമ്പു വന്ന ഒരു റിപ്പോര്‍ട്ടില്‍ കാണുന്നു; ശേഷിയ്‌ക്കുന്ന അഞ്ചേകാല്‍ ലക്ഷം ഗ്രാമങ്ങളില്‍ ബാങ്കുകള്‍ ചെന്നെത്തിയിട്ടില്ല. മാത്രമല്ല, ഓഹരികള്‍ ഡീമെറ്റീരിയലൈസ്‌ ചെയ്‌തതു പോലെ, എന്നെങ്കിലും കറന്‍സി നോട്ടുകള്‍ ഡീമെറ്റീരിയലൈസ്‌ ചെയ്യാനാകുമെന്നു തോന്നുന്നില്ല. കറന്‍സി നോട്ടുകള്‍ ഇനിയുമേറെക്കാലം പ്രചാരത്തിലിരിയ്‌ക്കേണ്ടി വരുമെന്നുറപ്പ്‌; അതോടൊപ്പം ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയും.

ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ പോലുള്ള കരുതല്‍ ധനങ്ങള്‍ ബാങ്കിംഗ്‌ മേഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു. ഇത്‌ അതിപ്രധാനമാണ്‌. 1960ല്‍ പാലാ സെന്‍ട്രല്‍ ബാങ്കു `തകര്‍ന്നു'. 2004ല്‍ ഗ്ലോബല്‍ ട്രസ്റ്റ്‌ ബാങ്കും. ഈ തകര്‍ച്ചകള്‍ക്ക്‌ അവയുടേതു മാത്രമായ കാരണങ്ങളുണ്ടായിരുന്നു. പിന്നീടു വാണിജ്യബാങ്കുകളൊന്നും ഇന്ത്യയില്‍ തകര്‍ന്നിട്ടില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രഥമ ദശകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ അമേരിക്കയിലുണ്ടായ സബ്‌ െ്രെപം പ്രതിസന്ധിയില്‍ പല വന്‍കിട ബാങ്കുകള്‍ പോലും തളരുകയും തകരുകയും ചെയ്‌തപ്പോള്‍ (ലീമാന്‍ ബ്രദേഴ്‌സ്‌, മെറില്‍ ലിഞ്ച്‌, മോര്‍ഗന്‍ സ്റ്റാന്‍ലി) ഇന്ത്യയില്‍ ഒരൊറ്റ വാണിജ്യബാങ്കു പോലും തകര്‍ന്നില്ലെന്ന വസ്‌തുത എടുത്തുപറയേണ്ടിയിരിയ്‌ക്കുന്നു. ഇതിനു ബാങ്കിംഗ്‌ മേഖലയില്‍ നിലവിലിരുന്നിരുന്ന കര്‍ക്കശനിയമങ്ങളോടാണു നന്ദി പറയേണ്ടത്‌; അവ പാലിയ്‌ക്കാന്‍ ബാങ്കുകള്‍ കാണിയ്‌ക്കുന്ന ശുഷ്‌കാന്തിയോടും. ഒരു ഡസനിലേറെ സഹകരണബാങ്കുകള്‍ തകര്‍ന്നെന്ന കാര്യം ഇവിടെ വിസ്‌മരിയ്‌ക്കുന്നില്ല. സഹകരണബാങ്കുകളുടെ ഭരണത്തില്‍ മറ്റു പലരും പലതും കടന്നുകൂടുന്നതായിരിയ്‌ക്കണം അവയുടെ ബലക്ഷയത്തിനുള്ള മുഖ്യകാരണം.

ആഗോളവത്‌കരണത്തെത്തുടര്‍ന്ന്‌ ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥ ആഗോളസമ്പദ്‌വ്യവസ്ഥയുമായി വേര്‍പെടുത്താനാകാത്ത വിധം ബന്ധിപ്പിയ്‌ക്കപ്പെട്ടു കഴിഞ്ഞിരിയ്‌ക്കുന്നു. ആഗോളാടിസ്ഥാനത്തിലുണ്ടായേയ്‌ക്കാവുന്ന ആഘാതങ്ങളെപ്പോലും അതിജീവിയ്‌ക്കാനുള്ള കരുത്ത്‌ ഇന്ത്യന്‍ ബാങ്കിംഗ്‌ മേഖലയ്‌ക്കു സദാ ഉണ്ടായിരിയ്‌ക്കണം. അതിനു സഹായകമാകുന്ന പല ഘടകങ്ങളിലൊന്നാണു ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ. ഈയടുത്ത കാലത്ത്‌, ഗ്രീസിലെ ബാങ്കുകള്‍ മൂന്നാഴ്‌ച അടഞ്ഞു കിടന്നത്‌ ഓര്‍ക്കാതെ നിവൃത്തിയില്ല. ഭരണതലത്തിലുള്ള കെടുകാര്യസ്ഥത ബാങ്കുകളേയും, അവയിലൂടെ ജനതയേയും പ്രതികൂലമായി ബാധിയ്‌ക്കുമെന്നതിനു വേറെ തെളിവു വേണ്ട. രാഷ്ട്രീയപ്രേരിതമായ പ്രവര്‍ത്തനങ്ങളുടെ ദൂഷ്യഫലങ്ങളില്‍ നിന്നു ബാങ്കിംഗ്‌ മേഖലയെ കഴിവതും മുക്തമാക്കി പരിരക്ഷിയ്‌ക്കേണ്ടതു ജനതയുടെ ക്ഷേമത്തിന്‌ അത്യാവശ്യമാണ്‌.

സുപ്രീം കോടതി, സെബി, ട്രായി, ഐ ആര്‍ ഡി ഏ, തെരഞ്ഞെടുപ്പു കമ്മീഷന്‍, റിസര്‍വ്‌ ബാങ്ക്‌ ഇങ്ങനെ പല മേല്‍നോട്ടസ്ഥാപനങ്ങളുമുണ്ടു നമുക്ക്‌. ഇവയില്‍ മിക്കതിനെപ്പറ്റിയും പലപ്പോഴായി പരാതികളുമുയര്‍ന്നിട്ടുണ്ട്‌. ഏതു മേല്‍നോട്ടസ്ഥാ!പനത്തിനും സര്‍ക്കാരിന്റെ സ്വാധീനവലയത്തില്‍ പെടാനെളുപ്പമാണ്‌. എന്നാല്‍ റിസര്‍വ്‌ ബാങ്കിനെപ്പറ്റി, നിയമപാലനത്തിലെ കാര്‍ക്കശ്യം ഒരല്‌പം കൂടുതലാണെന്നൊഴികെ, മറ്റു പരാതികളൊന്നും കേള്‍ക്കാനിട വന്നിട്ടില്ല. രാഷ്ട്രീയത്തില്‍ നിന്നകലം പാലിച്ച്‌, വേണ്ടപ്പോള്‍ വേണ്ടതു നിര്‍ഭയം ചെയ്‌ത്‌, രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോയിരിയ്‌ക്കുന്ന റിസര്‍വ്‌ ബാങ്കിന്റെ ഇതപ്പര്യന്തമുള്ള പ്രവര്‍ത്തനം ഇന്ത്യയ്‌ക്ക്‌ അഭിമാനകരമാണ്‌.

നിക്ഷേപത്തിന്റെ നാലു ശതമാനം ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ ആയി റിസര്‍വ്‌ ബാങ്കിലേയ്‌ക്കു കൈമാറേണ്ടി വരുമ്പോള്‍ത്തന്നെ, മറ്റൊരു ഇരുപത്തൊന്നര ശതമാനം സര്‍ക്കാരിനും കൈമാറേണ്ടതുണ്ടെന്നും, ഈ ഇരുപത്തൊന്നര ശതമാനം സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ അഥവാ എസ്‌ എല്‍ ആര്‍ എന്നറിയപ്പെടുന്നെന്നും ഈ ലേഖനത്തിന്റെ ആരംഭത്തില്‍ത്തന്നെ സൂചിപ്പിച്ചിരുന്നു. ക്യാഷ്‌ റിസര്‍വ്‌ റേഷ്യോ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യാ ആക്‌റ്റ്‌ 1934 അനുസരിച്ചുള്ളതാണെങ്കില്‍ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ ബാങ്കിംഗ്‌ റെഗുലേഷന്‍ ആക്‌റ്റ്‌ 1949 അനുസരിച്ചുള്ളതാണ്‌. സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയെപ്പറ്റി അടുത്തൊരു ബ്ലോഗില്‍ പ്രതിപാദിയ്‌ക്കുന്നതാണ്‌. റിപ്പോ റേറ്റ്‌, റിവേഴ്‌സ്‌ റിപ്പോ റേറ്റ്‌ എന്നിവ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയുമായി ബന്ധപ്പെട്ടിരിയ്‌ക്കുന്നതുകൊണ്ട്‌ അവയെപ്പറ്റിയും, ബാങ്ക്‌ റേറ്റിനെപ്പറ്റിയും ആ ബ്ലോഗില്‍ വിശദീകരിയ്‌ക്കാനുദ്ദേശിയ്‌ക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക