Image

സാത്താനെ പ്രണയിച്ച മാലാഖ (മിനിക്കഥ. ഷീല മോന്‍സ്‌ മുരിക്കന്‍)

Published on 16 October, 2015
സാത്താനെ പ്രണയിച്ച മാലാഖ (മിനിക്കഥ. ഷീല  മോന്‍സ്‌ മുരിക്കന്‍)

സ്വര്‍ഗ്ഗത്തിന്റെ തീരം വിട്ടിറങ്ങുമ്പോള്‍ മാലാഖയുടെ ചിറകുകളില്‍ എഴുതിയിരുന്നു.

`നീ ഭൂമിയില്‍ കണ്ടുമുട്ടുന്ന പാപം ചെയ്യാത്തവനെ പ്രണയിക്കുക'

ചിറകുകളുടെ തൂവലുകള്‍ മനസ്സിന്റെ പടിവാതിലില്‍ പതിപ്പിച്ച്‌ മാലാഖ ഭൂമിയിലേയ്‌ക്കിറങ്ങി.

ഭൂമിയില്‍ മഞ്ഞിന്റെ നനവ്‌.

കുന്നിന്‍ ചരിവിലെ പച്ച വഴികളിലൂടെ അവള്‍ തന്റെ പ്രണയം തേടി നടന്നു.

രാത്രികളും പകലുകളും തോരാതെ പെയ്‌തു.

ദൂരം ഏറെ പിന്നിട്ടപ്പോള്‍ പ്രതീക്ഷ അസ്‌തമിച്ചു തുടങ്ങി.

വാര്‍ദ്ധക്യത്തെ ആലിംഗനം ചെയ്യാന്‍ യൗവ്വനത്തിന്റെ കൈകള്‍ക്കിനി നാലഞ്ചംഗുലത്തിന്റെ ദൂരം മാത്രം.

ഒരു കണ്ണീര്‍ പാട്ടിന്റെ ഈണം മൂളി അവള്‍ പുഴയോരത്തിരുന്നു.

ഏതോ ചക്രവാകപ്പക്ഷി ചിറകടിച്ചു.

അവളുടെ മനസ്സില്‍ നിന്നും തൂവലുകള്‍ കൊഴിഞ്ഞു തുടങ്ങി.

പ്രതീക്ഷയോടെ അവള്‍ ചുറ്റും തിരഞ്ഞു.

അകലെ വൃക്ഷച്ചോട്ടില്‍ ഒരാള്‍ ഏകനായി ഇരിക്കുന്നു.

``അങ്ങ്‌ ആരാണ്‌?''

അയാള്‍ മറുപടി പറഞ്ഞു.

``നരക വാതിലുകള്‍ തല്ലിത്തകര്‍ത്ത്‌ കടന്നു വന്നവന്‍. ഞാന്‍ നരകം വിട്ടിറങ്ങുമ്പോള്‍ നരകവാതിലില്‍ എഴുതിയിരുന്നു. ഭൂമിയില്‍ നല്ലവരായവരെ നീ പാപത്തില്‍ വീഴ്‌ത്തുക.''

``എന്നിട്ട്‌''?

മാലാഖ ആകാഷയോടെ അയാളെ നോക്കി.

``ഞാന്‍ എത്തും മുമ്പേ എല്ലാവരും പാപം ചെയ്യുന്നു. ഭൂമിയില്‍ പാപം ചെയ്യാന്‍ എനിക്കവസരമില്ല. ഭൂമിയില്‍ പാപം ചെയ്യാത്തവന്‍ ഞാന്‍ മാത്രമാണ്‌. എനിക്ക്‌ നരകവും നഷ്‌ടമായിരിക്കുന്നു.''

മാലാഖയുടെ കണ്ണുകള്‍ പ്രകാശിച്ചു.

മൃദു സ്വരത്തില്‍ അവള്‍ ചോദിച്ചു.

``പ്രണയം തേടുന്ന എന്റെ തൂവലുകളില്‍ ഞാന്‍ നിന്റെ നാമം കുറിക്കട്ടെ. വരൂ സ്വര്‍ഗ്ഗ തീരങ്ങളില്‍ നമുക്ക്‌ കൈകോര്‍ക്കാം.''

ഊര്‍ന്നു വീണ രണ്ടു മേഘപടലങ്ങളില്‍, രണ്ടു നിശ്വാസങ്ങളായ്‌ ഭൂമിയില്‍ നിന്ന്‌ അവര്‍
യാത്രയായി.

*********************************.

ഷീലമോന്‍സ്‌ മുരിക്കന്‍

സാത്താനെ പ്രണയിച്ച മാലാഖ (മിനിക്കഥ. ഷീല  മോന്‍സ്‌ മുരിക്കന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക