Image

സുന്ദരിമാരുടെ ഭര്‍ത്താക്കന്മാര്‍ (ഹാസ്യ കഥ: ഷീല മോന്‍സ്‌ മുരിക്കന്‍)

Published on 26 October, 2015
സുന്ദരിമാരുടെ ഭര്‍ത്താക്കന്മാര്‍ (ഹാസ്യ കഥ: ഷീല മോന്‍സ്‌ മുരിക്കന്‍)
ജോര്‍ജ്ജുകുട്ടി ഗള്‍ഫില്‍ നിന്ന്‌ നാട്ടിലെത്തിയത്‌ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടുകൂടി മാത്രമാണ്‌.

വലിയ വീട്‌, രണ്ടേക്കര്‍ റബ്ബര്‍, മാരുതികാര്‍ തുടങ്ങി അത്യാവശ്യം സൗകര്യങ്ങള്‍ കാരണവന്മാരുടെ വക ഇഷ്‌ടദാനം കിട്ടിയിട്ടുണ്ടെങ്കിലും ഒരു ബസ്‌ സര്‍വ്വീസും ഒരു മിനി ലോറിയും സ്വന്തം അദ്ധ്വാനത്തില്‍ ജോര്‍ജ്ജുകുട്ടി സമ്പാദിച്ചിട്ടുണ്ട്‌. സദാ പ്രസന്നവദനനായ വരന്‌
മുപ്പത്തിയൊന്ന്‌ വയസ്സ്‌, കറുത്ത നിറം, പി.ഡി.സി, അഞ്ചടി നാലിഞ്ച്‌ പൊക്കം, അല്‌പം കഷണ്ടി, ഒട്ടിയ കവിളും പൊന്തന്‍ പല്ലും.

ലക്ഷണങ്ങളും ലക്ഷണപ്പിശകുകളും ജോര്‍ജ്ജുകുട്ടി ബ്രോക്കറെ നേരിട്ടു ബോധിപ്പിച്ചു. തങ്കച്ചന്‍ നാട്ടിലെ അറിയപ്പെടുന്ന മൂന്നാമനും `മെയ്‌ഡ്‌ ഫോര്‍ ഈച്ച്‌ അഥര്‍' മാര്യേജ്‌ ബ്യൂറോയുടെ സാരഥിയും കൂടിയാണ്‌.

ഗാന്ധിജി ഊറിച്ചിരിക്കുന്ന അഞ്ഞൂറുരൂപയുടെ പച്ചനോട്ട്‌ മൂന്നാമന്റെ പോക്കറ്റിലിട്ടു ജോര്‍ജ്ജുകുട്ടി തന്റെ ഡിമാന്റ്‌ വ്യക്തമാക്കി.

``പെണ്ണ്‌ എനിക്ക്‌ അനുരൂപയാകരുത്‌.''
ബ്രോക്കര്‍ കണ്ണുമിഴിച്ചു.
``എന്നെപ്പോലെ ഒരു കോന്തിയെ എനിക്കുവേണ്ട''
മൂന്നാമന്‍ അടക്കിവച്ച ശ്വാസം അയച്ചുവിട്ടു.

``പൊന്നും വേണ്ട, കാശും വേണ്ട, പഠിത്തോം വേണ്ട. പക്ഷേ, പെണ്ണ്‌ ഒരു പരമ സുന്ദരിയാ#േയിരിക്കണം. ആരുകണ്ടാലും ഒന്നു നോക്കണം''

ശാന്തനും സന്തോഷവാനും പിശുക്കില്ലാത്തവനുമായ വരന്റെ മോഹം ഒരു അതിമോഹമാണെന്നു മൂന്നാമനു തോന്നിയില്ല. അല്ലെങ്കില്‍ത്തന്നെ ഏതാണുങ്ങളാ സുന്ദരിയായ ഭാര്യ വേണമെന്ന്‌ ആഗ്രഹിക്കാത്തത്‌..

സെന്‍ട്രല്‍ ഹോട്ടലിലെ ഫാമിലി റൂമില്‍ പൊറോട്ടയും ചില്ലിച്ചിക്കനും കാത്തിരുന്ന നേരത്ത്‌, പുര നിറഞ്ഞു നില്‍ക്കുന്ന കുറേ ആണുങ്ങളെയും പെണ്ണുങ്ങളെയും അയാള്‍ തന്റെ ബാഗില്‍ നിന്നും പുറത്തെടുത്തു. കൂട്ടത്തില്‍ ഇടുക്കിക്കാരിയായ ലീനാമ്മയെ പൊക്കിയെടുത്തു ചോദിച്ചു.

``ഈ പെണ്ണ്‌ എങ്ങനെയുണ്ട്‌''

ജോര്‍ജ്ജുകുട്ടി ഫോട്ടോ അടുത്തും അകലെയും വച്ചുനോക്കി.

``കൊള്ളാം പക്ഷേ, എന്നെ ബോധിക്കണ്ടേ..?''
അയാള്‍ ആശങ്കപ്പെട്ടു.
``സാറിന്‌ എന്നാ തിരിച്ചുപോകേണ്ടേ..?''
``രണ്ടുമാസം അവധിയുണ്ട്‌''

``സാറ്‌ കല്ല്യാണത്തീയതി നിശ്ചയിച്ചോ. നാളെപ്പോയി നമ്മുക്ക്‌ ഉറപ്പിച്ചിട്ട്‌ പോരാം.''

കുറേ കാര്യങ്ങളും കുറച്ച്‌ തമാശകളും പറഞ്ഞ്‌ പ്രതീക്ഷയോടെ രണ്ടുപേരും പിരിഞ്ഞു. സരസനായ ജോര്‍ജ്ജുകുട്ടിക്ക്‌ ലീനാമ്മ നന്നായി ചേരുമെന്നു ബ്രോക്കര്‍ നിശ്ചയിച്ചു. നല്ല ദൈവവിചാരമുള്ള പെങ്കൊച്ചാ.

പെണ്ണുകാണല്‍ നടന്നു.
കല്ല്യാണവും നിശ്ചയിച്ചു.

വീട്ടുകാരറിയാതെ മുപ്പതു പവന്റെ സ്വര്‍ണ്ണം ജോര്‍ജ്ജുകുട്ടി പെണ്ണിന്റെ വീട്ടിലെത്തിച്ചു. കല്ല്യാണപ്പന്തലില്‍ വധുവിനെ കണ്ട എല്ലാവരും അന്തംവിട്ടു. നല്ല സുന്ദരിപ്പെണ്ണ്‌, കോട്ടും
സ്യൂട്ടുമിട്ട ജോര്‍ജ്ജുകുട്ടിക്കും അന്ന്‌ ഒരു ആനച്ചന്തം ഉണ്ടായിരുന്നു. മാലാഖപോലുള്ള ഒരു
മരുമകളെ കിട്ടിയതില്‍ തെയ്യാമ്മയും അഭിമാനിച്ചു.

കോഴിക്കാല്‌ കടിച്ചുപറിക്കുന്ന കൂട്ടുകാര്‍ക്കിടയിലേയ്‌ക്ക്‌ ഭാര്യയുടെ കൈ പിടിച്ചു നടന്ന ജോര്‍ജ്ജുകുട്ടി സ്വകാര്യമായി ചോദിച്ചു.

``എങ്ങനുണ്ട്‌''
``എവിടെന്നൊപ്പിച്ചളിയാ സൂപ്പര്‍ ചരക്കാണല്ലോ.''
കൂട്ടുകാരുടെ മറുപടി കേട്ട്‌ അയാള്‍ കോരിത്തരിച്ചു.

ക്യാമറാമാന്‍ ആക്ഷന്‍ - കട്ട്‌ പറയുമ്പോള്‍ കൂടുതല്‍ സുന്ദരനാവാന്‍ മികച്ച ഭാവാഭിനയം കാഴ്‌ചവച്ച്‌ ഭാര്യയെ മുട്ടിയുരുമ്മി നിന്നു. കൈകള്‍ കോര്‍ത്തും നെഞ്ചില്‍ തല ചായ്‌ച്ചും അവര്‍ പറയുംപോലെ അഭിനയിച്ചു. സ്ലോമോഷനുവേണ്ടി പള്ളിയുടെ പുറകില്‍ നിന്ന്‌ സെമിത്തേരി വരെ അരകിലോമീറ്ററോളം നടന്നു.

കല്ല്യാണത്തിന്റെ കൊട്ടും കോലാഹലങ്ങളും അവസാനിച്ചു.

അമ്പത്തഞ്ചു ദിവസം നീണ്ടു നിന്ന മധുവിധുവും കഴിഞ്ഞു.

ജോര്‍ജ്ജ്‌കുട്ടി ഇന്ന്‌ ഗള്‍ഫിലേയ്‌ക്ക്‌ മടങ്ങുകയാണ്‌. മുപ്പത്തൊന്നു വര്‍ഷത്തെ ബന്ധമുള്ള അപ്പച്ചനേയും അമ്മച്ചിയെയും പിരിയാന്‍ അയാള്‍ക്കു വിഷമം തോന്നിയില്ല.

പക്ഷേ....

അമ്പത്തഞ്ചു ദിവസമായി ഒരുമെയ്യും ഒരുകരളുമായിത്തീര്‍ന്ന തന്റെ പ്രാണപ്രേയസിയെ പിരിയുന്നത്‌ ഓര്‍ത്തപ്പോള്‍ അയാളുടെ നെഞ്ചു വേദനിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്ന്‌ വിടപറയുമ്പോള്‍ അവസാനം നോക്കിയതും ലീനാമ്മയുടെ
മുഖത്തുതന്നെയായിരുന്നു. ആദ്യം കണ്ടതിനേക്കാള്‍ അവള്‍ സുന്ദരിയായിരിക്കുന്നു. ആകെക്കൂടി ഒന്നു കൊഴുത്തിട്ടുണ്ട്‌. അയാള്‍ വേദനയോടെ മുഖം തിരിച്ചു.

വിമാനം ആകാശത്തു പറക്കുന്നതൊന്നും ജോര്‍ജ്ജുകുട്ടി അറിഞ്ഞില്ല. മനസ്സില്‍ സുന്ദരിയായ ഭാര്യ നിറഞ്ഞുനില്‍ക്കുകയാണ്‌.

``നല്ല സൂപ്പര്‍ ചരക്ക്‌, പാര്‍ട്ട്‌സും എല്ലാം സൂപ്പര്‍ അല്ലേ..''

എയര്‍ഹോസ്റ്റസ്‌ കൊണ്ടുവന്ന തണുത്ത ഡ്രിംഗ്‌സ്‌ കുടിച്ചുകൊണ്ട്‌ അടുത്തിരുന്ന ചെറുപ്പക്കാരന്‍ ഇക്കിളിപ്പെടുന്നതു കണ്ടപ്പോള്‍ ജോര്‍ജ്ജുകുട്ടിക്ക്‌ എന്തോ ഒരു അസ്വസ്ഥത.

സുന്ദരികളായ പെണ്ണുങ്ങളെ കാണുമ്പോള്‍ ആണുങ്ങള്‍ക്ക്‌ ഒന്നു മിണ്ടാനും തോണ്ടാനുമൊക്കെ തോന്നും അത്‌ സ്വാഭാവികമാണ്‌. എന്നാലും അയാളുടെ സംസാരം ജോര്‍ജ്ജുകുട്ടിക്ക്‌ തീരെ പിടിച്ചില്ല.

തന്റെ ഭാര്യയും ഒരു സൂപ്പര്‍ ചരക്കാണെന്ന്‌ ഓര്‍ത്തപ്പോള്‍ ഭൂമികുലുക്കം ഉണ്ടായതുപോലെ അയാള്‍ ഞെട്ടുകയും ചെയ്‌തു.

അവള്‍ പള്ളിയില്‍ പോകുന്ന ഇടവഴികള്‍......
ബസ്‌ സ്റ്റോപ്പിലേക്കുള്ള ഇടത്തൊണ്ടുകള്‍........
തറവാട്ടിലേക്കുള്ള ഇടുങ്ങിയ ചാലുകള്‍.......
അവളെ ആരെങ്കിലും തോണ്ടാന്‍ ശ്രമിക്കുമോ..?....
ജോര്‍ജ്ജുകുട്ടിക്ക്‌ നല്ല പരവേശം തോന്നി. ഒറ്റവലിക്ക്‌ ഡ്രിംഗ്‌സ്‌ കുടിച്ചുതീര്‍ത്തു.

ഭാര്യയുടെ സൗന്ദര്യം തന്റെ സമാധാനവും സന്തോഷവും തകര്‍ക്കുന്നതറിയാതെ അയാള്‍ കാടുകയറി ഓരോന്നും ചിന്തിച്ചുകൊണ്ടിരുന്നു.

താമസസ്ഥലത്തെത്താന്‍ മണിക്കൂറുകളുടെ ദൂരം ഇനിയും ബാക്കിയുണ്ട്‌. ചെന്നാല്‍ ഉടനെ വിളിക്കണം. അയാള്‍ വീണ്ടും അസ്വസ്ഥനായി. ``അവള്‍ പള്ളിയില്‍ പോയിട്ടുണ്ടാവുമോ..?

ടാക്‌സിയില്‍ നിന്നു ലഗേജ്‌ ഇറക്കുമ്പോള്‍ത്തന്നെ കൂട്ടുകാര്‍ ചുറ്റും കൂടി.
``അളിയാ.... ആകെ ഒന്നു ക്ഷീണിച്ചല്ലോ..?'' ലിജോ ചിരിച്ചുകൊണ്ട്‌ കളിയാക്കി.
``നിന്റെ തമാശകള്‍ ഇങ്ങെറക്കടാ മണവാളാ. രണ്ടുമാസമായി ഒന്നു ചിരിച്ചിട്ട്‌.''
സന്തോഷ്‌ ജോര്‍ജ്ജുകുട്ടിയുടെ വയറ്റിലിടിച്ച്‌ ഇക്കിളികൂട്ടി.
``ഞാന്‍ വീട്ടിലോട്ട്‌ ഒന്നു വിളിക്കട്ടെ''
ജോര്‍ജ്ജുകുട്ടിയുടെ വേവലാതി കണ്ട്‌ കൂട്ടുകാര്‍ പരസ്‌പരം നോക്കിച്ചിരിച്ചു.

``പെണ്ണുകെട്ടിയപ്പം ഈ സരസകുശ്‌മാണ്ടം സീരിയസ്സായോ?''

അസ്വസ്ഥതയോടെയാണ്‌ അയാള്‍ ഡയല്‍ ചെയ്‌തത്‌. മറുതലയ്‌ക്കല്‍ അമ്മയാണ്‌. ഹലോ എന്നു കേട്ടപ്പോള്‍ തന്നെ തിരക്കി

``ലീനാമ്മ പള്ളിയില്‍ പോയോ?''

``ഈ പാതിരാത്രീലോ. നിന്നെ യാത്രയാക്കി വന്നപാടെ കേറി കിടന്നതാ. ആദ്യമായല്ലേ അവള്‍ക്കു സങ്കടം കാണത്തില്ലേ. നിന്റെ യാത്രയൊക്കെ സുഖവാരുന്നോടാ...''

സംസാരം കേട്ട്‌ ലീനാമ്മ ഓടിയെത്തി. പ്രിയതമനോട്‌ അവള്‍ കുറേ നേരം സംസാരിച്ചു. ജോര്‍ജ്ജുകുട്ടി അവളുടെ സ്‌നേഹം അനുഭവിച്ച്‌, മനസ്സമാധാനത്തോടെ കൂട്ടുകാരുടെ അടുത്തെത്തി.

``റോയിക്കുട്ടന്‍ ഡ്യൂട്ടിയിലാണോ..?''

``അയ്യോ... അല്ലേ... അവന്‍ നമ്മുടെ ഷൈനിച്ചേച്ചിയെ കറക്കി എടുത്തളിയാ. പാവം അവരുടെ കെട്ടിയോന്‍ ലണ്ടനിലല്ലേ. സൂപ്പര്‍ ചരക്കല്ലേ. അവരേയും കൊണ്ട്‌ കറങ്ങാന്‍ പോയിരിക്കുവാ.''

തിരുവല്ലാക്കാരി ഷൈനിച്ചേച്ചി. അല്‍ അമീന്‍ ഹോസ്‌പിറ്റലിലെ സുന്ദരിയായ നേഴ്‌സ്‌. അവരോട്‌ പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്‌. നല്ലൊരു സ്‌ത്രീ. ഒത്തിരി പേര്‍ അവരെ ശല്ല്യം ചെയ്യുന്നുണ്ടെന്ന്‌ ഒരിക്കല്‍ അവര്‍ പറഞ്ഞതോര്‍ത്ത്‌ ജോര്‍ജ്ജുകുട്ടി വീണ്ടും ഞെട്ടി.

തന്റെ ഭാര്യയും സുന്ദരിയാണ്‌. നാട്ടില്‍ ധാരാളം പൂവാലന്മാരുണ്ട്‌. ചില യാത്രകളില്‍ പലരും അവളെ നോക്കുന്നുണ്ടായിരുന്നു. അഹങ്കാരമാണ്‌ അപ്പോള്‍ തോന്നിയത്‌.

ചിലര്‍ തന്നെ നോക്കി കളിയാക്കിച്ചിരിക്കുന്നതും കണ്ടു.

ഞൊറിഞ്ഞുടുത്ത മണല്‍പാടങ്ങളില്‍ അയാള്‍ സമാധാനം നഷ്‌ടപ്പെട്ട മനസ്സുമായി അലഞ്ഞു. ആകെ ഒരു ഉന്മേഷമില്ലായ്‌മ. ഒരു അലസത, പലപ്പോഴും ഉറക്കവും നഷ്‌ടപ്പെടുന്നു. വിരസമായ കുറേ ദിവസങ്ങള്‍ കടന്നുപോയി.

ജോര്‍ജ്ജുകുട്ടിയുടെ മാറ്റം കണ്ട്‌ കൂട്ടുകാര്‍ പരിഹസിച്ചു. സമയത്തും അസമയത്തുമുള്ള ഫോണ്‍വിളികളും ചോദ്യങ്ങളും ലീനാമ്മയ്‌ക്കും പിടിക്കാതെയായി. ഒരിക്കല്‍ അവളും
ദേഷ്യപ്പെട്ടു.

ഒരു ഒഴിവു വേളയില്‍ കൂട്ടുകാര്‍ കാണിച്ച തമാശ ജോര്‍ജ്ജുകുട്ടിയുടെ ഹൃദയം മുറിച്ചു. തങ്ങളുടെ വിവാഹ ഫോട്ടോയില്‍ ലീനാമ്മയോടൊപ്പം ഒരു യുവ സിനിമാ താരത്തിന്റെ
പടം ചേര്‍ത്തുവച്ച്‌ ആശംസകള്‍ എന്ന അടിക്കുറിപ്പും എഴുതി. അയാള്‍ നിരാശനായി.

ജോര്‍ജ്ജുകുട്ടി കൂടുതല്‍ വിവശനായി.

ലീനാമ്മ തനിക്ക്‌ അനുരൂപയല്ലെന്ന്‌ അയാള്‍ മനസ്സിലാക്കി. തന്റെ അസാന്നിദ്ധ്യത്തില്‍
സുന്ദരനായ ഒരു പുരുഷനെ കണ്ടാല്‍ അവളുടെ മനസ്സ്‌ പതറിപ്പോകും. അയാള്‍ അസ്വസ്ഥതയോടെ കിടക്കയില്‍ നിന്നെണീറ്റു.

കണ്ണാടിയില്‍ തന്റെ സ്വരൂപം പലതവണ നോക്കി നെടുവീര്‍പ്പെട്ടു.
ഒട്ടിയ കവിള്‍, പൊന്തന്‍ പല്ല്‌, ഒരു ചന്തോമില്ല.
അയാള്‍ ബ്രോക്കര്‍ തങ്കച്ചനെ വിളിച്ചു.
``ലീനാമ്മയ്‌ക്ക്‌ നാട്ടില്‍ സുന്ദരന്മാരായ കാമുകന്മാര്‍ ഉള്ളതായി കേട്ടിട്ടുണ്ടോ?''
ബ്രോക്കര്‍ കലിതുള്ളി.

``തന്നെപ്പോലെ ഒരു കോന്തനെ കെട്ടിയതുകൊണ്ടാണോ ഈ വേണ്ടാദീനം ചോദിക്കുന്നേ?''

കോന്തന്‍, പൊന്തന്‍പല്ലന്‍, കറുമ്പന്‍.... അയാള്‍ പിറുപിറുത്തു. കണ്ണാടിയിലെ തന്റെ
വൃത്തികെട്ട രൂപം കണ്ട്‌ അയാള്‍ ഉറക്കെ ചിരിച്ചു.

മുറിയുടെ മൂലയില്‍ കൂട്ടുകാരന്‍ ഒതുങ്ങിക്കൂടിയപ്പോഴാണ്‌ കൂട്ടുകാര്‍ സംഗതിയുടെ ഗൗരവം മനസ്സിലാക്കിയത്‌. അവര്‍ കൂട്ടുകാരനു വേണ്ടി മനശാസ്‌ത്രജ്ഞന്റെ ഉപദേശം തേടി.

``സുന്ദരികളായ ഭാര്യമാരുള്ള എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും അല്‌പം ടെന്‍ഷനുണ്ടാവും. താന്‍ സുന്ദരനല്ലെന്ന്‌ ഭര്‍ത്താവിന്‌ തോന്നിപ്പോയാല്‍ ടെന്‍ഷന്‍ കൂടുകയും ചെയ്യും. പക്ഷേ, ഈ പെണ്ണുങ്ങള്‍ ഭര്‍ത്താക്കന്മാരുടെ ശരീരസൗന്ദര്യത്തിന്‌ വലിയ വില കല്‌പ്പിക്കുന്നവരല്ല. കണ്ടിട്ടില്ലേ കണ്ണുപൊട്ടന്മാരുടെയും വികലാംഗരുടെയും കൂടെ സുന്ദരികളായ സ്‌ത്രീകള്‍ ജീവിക്കുന്നത്‌. അവര്‍ക്ക്‌ വേണ്ടത്‌ പുരുഷന്റെ സ്‌നേഹം, സംരക്ഷണം, ഉത്തരവാദിത്വം ഇതൊക്കെയാണ്‌. ഇത്‌ അവര്‍ക്ക്‌ നഷ്‌ടപ്പെട്ടാലെ ഭര്‍ത്താവിനെ അവര്‍ തള്ളിപ്പറയാറുള്ളൂ. ഭാര്യയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും ജോര്‍ജ്ജുകുട്ടിക്ക്‌ മനസ്സുള്ള കാലത്തോളം ലീനാമ്മയുടെ പ്രിയപ്പെട്ട ഭര്‍ത്താവ്‌ ജോര്‍ജ്ജുകുട്ടി മാത്രമായിരിക്കും.''

അയാള്‍ മനസ്സമാധാനം വീണ്ടെടുത്തു റൂമിലെത്തി. ഒപ്പം ഉറച്ച ഒരു തീരുമാനവും എടുത്തു.

നാട്ടിലേക്ക്‌ മടങ്ങുക.
ഭാര്യയെ സ്‌നേഹിക്കുക.
അവളെ സംരക്ഷിക്കുക.
അവളുടെ പ്രിയപ്പെട്ട ഭര്‍ത്താവാകുക.

*********************************
സുന്ദരിമാരുടെ ഭര്‍ത്താക്കന്മാര്‍ (ഹാസ്യ കഥ: ഷീല മോന്‍സ്‌ മുരിക്കന്‍)
കൊഞ്ഞാണ്ടൻ വറുഗീസ് 2015-10-26 10:38:52
"പെണ്ണുങ്ങൾക്ക്‌ അവരുടെ ഭർത്താക്കന്മാരുടെ സൗന്ദര്യത്തെക്കാൾ അവരുടെ സ്നേഹമാണ് വലുത്. അതിനു മുടക്കം വരുമ്പോൾ മാത്രമേ അവർ മറ്റു പുരുഷന്മാരെ തേടുകയുള്ളൂ "  -ഹോ ഇപ്പോഴാ സമാധാനമായത്. ഇനി സാഹിത്യ രചനയും, അസോസിയേഷൻ പ്രവർത്തനം ഒക്കെ നിറുത്തി ഭാര്യേ സ്നേഹിക്കുന്ന ഭർത്താവായി ജീവിക്കാൻ തീരുമാനിച്ചു .
മേരിക്കുട്ടി 2015-10-26 11:27:21
എന്റെ ഭര്ത്താവിനു കൊന്തപ്പല്ലും ഇല്ല, നാലുപേര് കണ്ടാൽ യോഗ്യനുമാണ്. ഞാൻ നഴ്സിംഗിൽ ഉന്നത വിജയം നേടിയ കേരളത്തിൽ ജോലി ചെയ്യുന്ന  സമയത്താണ് എന്നെക്കാണാൻ അയാൾ വരുന്നത്,  അമേരിക്കയിൽ ഏതോ ആനയുടെയോ ആമയുടെയോ പ്രസിഡനാണെന്നും അതിക സമയം ഇല്ലെന്നും ഉടനെ വിവാഹം കഴിച്ചിട്ട് പോകണം എന്നുമൊക്കെ പറഞ്ഞു.  ഒരു ബെൻസ് കാറിന്റെ പുറത്തു ചാരി നിന്ന് കൊട്ടും റ്റയ്യും ഒക്കെ കെട്ടിയ പടം കാണിച്ചു ഞങ്ങളെ പാട്ടിലാക്കി. സാമ്പാതിക ഞെരുക്കത്തിൽ നിന്ന് കര കയറുവാൻ എന്റ അപ്പച്ചനും അമ്മച്ചിയും പ്രതീക്ഷയോടെ എന്നെ നോക്കിയപ്പോൾ ഞാൻ അതങ്ങ് സമ്മതിച്ചു.  അമേരിക്കയിൽ വന്നാപ്പോലാണ് മനസിലായത് അയാള് ഇവിടുത്തെ പേരുകേട്ട ഒരു ആനയുടെ പ്രസിടെണ്ടാണെന്ന്. അയാൾ ഇവിടെ വന്നെ പിന്നെ ജോലിക്ക് പോയിട്ടില്ല.  തോഴിലില്ലായമ വേദനം വാങ്ങി പള്ളിയുടെ ഓരോ സംഘടനയുടെയും പ്രസിഡണ്ടായി കഴിയുകയാണെന്ന്.  എന്നെ അയാൾക്ക് സംശയം ആണ്. ഞാൻ ജോലി ചെയ്യുന്ന ഹോസ്പിടലിലെ ഡോക്ടർമാരെല്ലാം എന്റെ കാമുകന്മാരാണെന്നും, അവർ എന്നെ ഹഗ്ഗ് ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന് അതെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന  ഇയാളുടെ ഒരു ശിങ്കിടി മലയാളി പറഞ്ഞറിഞ്ഞുവെന്നും പറഞ്ഞു എന്നും എന്നെ പൊതിരെ തല്ലും.  അയാളുടെ പല്ല് കൊന്ത പല്ലല്ലെങ്കിലും, രാത്രി എന്നോട് വഴക്കുണ്ടാക്കുമ്പോൾ അത് നീണ്ടു നീണ്ടു വരുന്നത് ഞാൻ കണ്ടിട്ടുണ്ട്.  എനിക്ക് മതിയായി. എങ്ങനെങ്കിലും ഈ മാരണത്തിന്റെ അടുത്തു നിന്ന് രക്ഷപ്പെട്ടാൽ മതി.  ഞാൻ കാണാൻ കൊള്ളാവുന്ന ഒരു സുന്ദരിയാണ്. എന്റെ പാര്ട്ടുസുകൾക്ക് വലിയ ഉടവില്ല,  അയാൾ പല പ്രാവശ്യം ഉടക്കാൻ നോക്കിയിട്ടുണ്ടെങ്കിലും, കള്ളു കുടിച്ചിട്ട് വരുന്നത് കൊണ്ട്, ആക്കാര്യം വരുമ്പോൾ എന്റെ നിയന്ത്രണത്തിലായിരുന്നു പോക്ക്.   ഇനി ഈ ഒടംകൊല്ലി പ്രസിഡനടിന്റെ കൂടെ താമസിക്കാൻ ഞാനില്ല. അതുകൊണ്ട് കൊന്തപ്പല്ലരോ,  കാലും കയ്യും ഇല്ലാത്തോരോ,  ചെവി കേൾക്കാത്തോരോ, കണ്ണ് കാണാൻ വയ്യാത്തരോ, ഉണ്ട പക്രുമാരോ ആരായാലും വേണ്ടില്ല നിങ്ങൾ വന്നു വിളിച്ചാൽ ഞാൻ ഇറങ്ങി വരാം . ഷീല പറഞ്ഞതുപോലെ വരണ്ടു കിടക്കുന്ന എന്റെ ഹൃദയം ഒരിറ്റ് സ്നേഹത്തിനായി ദാഹിക്കുകയാണ്.  ഉത്തമ ഗീതത്തിലെ ആ സുന്ദരിയായ സ്ത്രീയെപ്പോലെ ഞാൻ നിങ്ങളെ കുന്നുകളുടെ ഇടയിലൂടെ നടത്തി അതിന്റെ താഴ്വാരങ്ങളിലെക്ക് കൊണ്ടുപോകാം.  നിങ്ങളിളുടെ സെന്ഹത്തിന്റെ ഉറവകളിൽ നിന്ന് ഒലിച്ചു വരുന്ന ആ അരുവിയിൽ ഞാൻ ഒന്ന് മുങ്ങി കുളിക്കട്ടെ 

തളന്തൻ തോമാച്ചൻ 2015-10-26 13:13:52
എന്റെ മേരിക്കുട്ടി നിന്റെ കഥ കേട്ട് എന്റെ ഹൃദയം മഞ്ഞു കട്ടപോലെ അലിഞ്ഞു പോയി. ഞാൻ വീൽ ചെയറിൽ ഇരിക്കുന്ന ഒരു തളന്തനാ.  ഒരു കോഴി തന്റെ കുഞുങ്ങളെ അതിന്റെ ചിറകിൻ കീഴിൽ പരിപാലിക്കുന്നതുപോലെ നൊക്കികൊള്ളാം.  ഞാൻ ഒരു ആമ്പുലൻസുമായി നിന്റെ ഫെന്സിന്റെ പുറത്തു കാത്തു കിടക്കും.  പ്രസിഡനട്ട് ആനപ്പുറത്തു കേറാൻ പോകുമ്പോൾ നീ ഇറങ്ങി വരണം.  ഇന്ന് രാത്രി 'അയ്യോ പോത്തോ അയ്യോ പോത്തോ' സയറൻ മുഴക്കി നമ്മൾക്ക് താഴവാരങ്ങളിളിലേക്ക് കുതിച്ചു പായണം  

വായനക്കാരൻ 2015-10-26 16:11:22
ഗുണപാഠം: ഭർത്താക്കന്മാർ കണ്ണാടിയിൽ നോക്കരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക